പുതു ഇടങ്ങള്‍ തേടുന്ന വായനപ്പൂക്കാലം

പുതു ഇടങ്ങള്‍  തേടുന്ന വായനപ്പൂക്കാലം

അറിവിന്റെ വലിയൊരു മേഖലയെ അഭിസംബോധന ചെയ്യുന്നു എന്നുള്ളതാണ് രിസാല പോലുള്ള ഒരു പ്രസിദ്ധീകരണത്തില്‍ ഞാന്‍ കാണുന്ന പ്രധാനപ്പെട്ട ഒരു മേന്മ. അതേസമയം തന്നെ ഇസ്‌ലാമിക ജീവിതത്തിലെ ആശങ്കകള്‍, പ്രതീക്ഷകള്‍ എന്നിവ പങ്കു വെക്കുന്നുമുണ്ട്. രാജ്യത്തിന്റെ പൊതു വിഷയങ്ങളുമായി സംവാദത്തിലേര്‍പ്പെടുന്നുണ്ട്. രിസാലയുടെ ചില ലേഖനങ്ങളൊക്കെ കൗതുകത്തോടുകൂടി ഞാന്‍ നോക്കിയിട്ടുണ്ട്. ചില വാര്‍ഷിക പതിപ്പുകള്‍ റഫറന്‍സായി എടുത്തുവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും പൗരാണികമായ കച്ചവട പാതയെക്കുറിച്ചൊക്കെയുള്ള ഗവേഷണങ്ങളും പഠനങ്ങളും. മധ്യേഷ്യയിലും മറ്റു നാഗരിക പ്രദേശങ്ങളിലുമൊക്കെ ഞാന്‍ യാത്ര ചെയ്തപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടണ്ടണ്ട് ആ പൗരാണികയാത്രകള്‍. പ്രത്യേകിച്ചും ഹളര്‍മൗതിലെ ഗോത്രങ്ങളുടെ സഞ്ചാര രീതി അത്ഭുതകരമാണ്. അവരെങ്ങനെയാണ് സംസ്‌കാരത്തെ ലോകത്തിനുമുന്നില്‍ എത്തിച്ചത് എന്നൊക്കെ അത്ഭുതത്തോടുകൂടി ഞാന്‍ നോക്കിനിന്നിട്ടുണ്ട്. മാത്രവുമല്ല, മധ്യേഷ്യന്‍ രാജ്യങ്ങളിലൊക്കെ പള്ളികളോടനുബന്ധിച്ച് കാണുന്ന അസാധാരണമായ ലൈബ്രറികള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നാന്തരം ലൈബ്രറികള്‍. ഓരോ ലൈബ്രറികളിലും വലിയ പുസ്തകങ്ങള്‍. ബഹ്‌റൈനില്‍ അവിടുത്തെ ഗവണ്‍മെന്റ് കൊടുക്കുന്ന വളരെ പ്രധാനപ്പെട്ട പുരസ്‌കാരങ്ങളിലൊന്ന് ഏറ്റവും മികച്ച യാത്രാ പുസ്തകത്തിനുള്ള പുരസ്‌കാരമാണ്. ഇത്തരത്തിലുള്ള ഒന്നാന്തരം യാത്രാ പുസ്തകങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇങ്ങനെ എല്ലാ തരത്തിലും വളരെ പുഷ്‌കലമായിട്ടുള്ള ഒരു വായനാ ലോകം ഉണ്ട്. അതേസമയം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്താണെന്നുവെച്ചാല്‍ നാം ഇന്ന് നേരിടുന്ന വായനയുടെതായിട്ടുള്ള പ്രതിസന്ധിയാണ്. നിരൂപണങ്ങളും സൈദ്ധാന്തിക ഗ്രന്ഥങ്ങളും വില്പനയില്‍ വളരെ കുറഞ്ഞു വരികയാണ്. ഇത് ആശങ്കാജനകമായ ഒരു കാര്യം തന്നെയാണ്. പുസ്തകങ്ങള്‍ ധാരാളമുണ്ട്. ഒരു നിരൂപണ ഗ്രന്ഥത്തേക്കാള്‍ പത്തിരട്ടിയോ നൂറിരട്ടിയോ ഒരു പാചക പുസ്തകം പോകുന്നുണ്ടാവും. അതൊക്കെ ശരിയാണ്. ഈ സ്ഥിതിയില്‍ നിരൂപകരൊക്കെ എഴുത്ത് നിര്‍ത്തുകയാണ്. ഇതൊന്നും അത്ര നല്ല കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. തോമസ് മാത്യു സാറിന്റെ പുസ്തകങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച ഒരു കാലഘട്ടം എനിക്കുണ്ടായിരുന്നു.

നോവല്‍ സാഹിത്യം വളര്‍ന്നത്‌കൊണ്ടൊന്നും ഭാഷ മുന്നേറുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഭാഷയില്‍ ഒന്നാന്തരം ചരിത്ര ഗ്രന്ഥങ്ങളുണ്ടാവണം, ആ ചരിത്ര ഗ്രന്ഥങ്ങള്‍, സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങള്‍, ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒക്കെയും ആളുകള്‍ വിപുലമായിട്ട് സ്വീകരിക്കുന്ന തലത്തിലേക്ക് വരുമ്പോള്‍ മാത്രമേ ഒരു ഭാഷ അതിന്റെ സമഗ്രതയില്‍ വികാസം പ്രാപിക്കുകയുള്ളൂ. ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളൊക്കെ വളരെ കുറച്ചാണ് ഇന്ന് വില്‍ക്കപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നോവലുകളുണ്ടാക്കാമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. ഒരു നോവലെഴുതാനായിട്ട് നിങ്ങള്‍ക്ക് ആത്മാനുഭവങ്ങളോ അനുഭൂതികളോ ഒന്നും ആവശ്യമില്ല. കുറച്ചു നാള്‍ ഇന്റര്‍നെറ്റിനു മുന്നിലിരുന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രത്യേക രീതിയില്‍ അറേഞ്ച് ചെയ്തു വെച്ചാല്‍ മതി. എന്നാല്‍ മുമ്പത്തെ എഴുത്ത് വേറിട്ടു തന്നെ നില്‍ക്കുന്നു. ഖസാകിന്റെ ഇതിഹാസം ഞാന്‍ മുപ്പത്തിയഞ്ചു തവണ വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും ആ നോവലെനിക്ക് തരുന്ന പുതിയ ഒരനുഭവം, രിസാലയില്‍ ഇത്തവണ വായനയെക്കുറിച്ച് പറയുന്നിടത്ത് ഞാനതു പറഞ്ഞിട്ടുണ്ട്. ഒരു കൃതി പിന്നെയും നമ്മെ വായിക്കാനായിട്ട് നമ്മെ പ്രേരിപ്പിക്കണം. പലപ്പോഴും രിസാലയില്‍ വരുന്ന ഇത്തരത്തിലുള്ള ലേഖനങ്ങള്‍ എനിക്ക് അപരിചിതമായ ഇസ്‌ലാമിന്റെ നാഗരികതയുടെ ഒരസാധാരണമായ മുഖം എനിക്ക് പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്. ഇക്കാലത്ത് നബി തിരുമേനിയെക്കുറിച്ച് മുസല്‍മാനല്ലാത്തൊരാള്‍ക്ക് ധൈര്യമായിപ്പറയാന്‍ കഴിയും എന്നുള്ളത് നമ്മുടെ സമൂഹത്തില്‍ സംവാദാത്മകമായിട്ടുള്ള ആദാനപ്രദാനങ്ങള്‍ നന്നായിട്ട് നടന്നു കഴിഞ്ഞു എന്നതിന്റെ തെളിവാണ്. അടഞ്ഞുകിടക്കുകയല്ല നമ്മുടെ സമൂഹം. കഴിഞ്ഞ നബിദിനത്തിന് എന്റെ നാട്ടിലെ മഹല്ലുകമ്മിറ്റിക്കാരുടെ ക്ഷണപ്രകാരം പള്ളിക്കകത്തുനിന്നുകൊണ്ടാണ് ഞാന്‍ നബിതിരുമേനിയെക്കുറിച്ച് സംസാരിക്കുന്നത്. ഇനി എന്നെപ്പോലുള്ള ആളുകളെ വിളിക്കാതിരിക്കാനും പറ്റില്ല, എനിക്ക് ചെല്ലാതിരിക്കാനും പറ്റില്ല. അത്തരത്തിലുള്ള ഒരു മനസ്ഥിതിയിലേക്ക് നമ്മുടെ സമൂഹത്തെ തുറന്ന് വിടുന്ന വളരെ വലിയ ഓപണ്‍ സ്‌പെയ്‌സിന്റെ യഥാര്‍ത്ഥത്തിലുള്ള ആഘോഷമാണ് രിസാല പോലുള്ള പ്രസിദ്ധീകരണങ്ങള്‍ സാധ്യമാക്കുന്നത്. എന്റെ തന്നെ ഏറ്റവും മികച്ച വായനക്കാര്‍ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നവരായിരിക്കും. പൂനൂര്‍ മര്‍കസിലെ ഒരു പരിപാടിക്ക് പോയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ നേരത്ത് നാലഞ്ച് മൊയില്യാര്കുട്ടികള്‍ ഓടി വന്ന് എന്നോട് പറഞ്ഞു: നിങ്ങളെ ശൂന്യമനുഷ്യന്‍ ഞങ്ങള്‍ വായിച്ചിട്ടുണ്ട് എന്ന്. വലിയ ആത്മവിശ്വാസത്തോടുകൂടി അവര്‍ക്കിത് പറയാനും എഴുതാനും സാധിക്കുന്നു. അതുകൊണ്ട് ഏറ്റവും പുതിയ കാലഘട്ടത്തിലെ ഏറ്റവും പുതിയ ജേണലിസ്റ്റുകളെ സൃഷ്ടിക്കുന്നത് രിസാല പോലുള്ള പ്രസിദ്ധീകരണങ്ങള്‍കൂടിയാണ്. പരമ്പരാഗതമായി നമ്മള്‍ കരുതിയിരുന്ന വായനയിടങ്ങളില്‍ പൂക്കാലം അസ്തമിക്കുകയും മറ്റൊരു ഭാഗത്തേക്ക് പൂക്കാലം കടന്നുവരികയും ചെയ്യുന്നു. കൂണ് മുളക്കുന്നതങ്ങനെയാണ്. ഒരുകൊല്ലം കൂണുമുളച്ച സ്ഥലത്ത് അടുത്തകൊല്ലം ഇടിവെട്ടുമ്പോള്‍ ചെന്നു നോക്കിയാല്‍ കൂണുണ്ടാവില്ല. അത് അപ്പുറത്തെവിടെയെങ്കിലുമായിരിക്കും. ഇതുപോലെ പുതിയ ഇടങ്ങളിലേക്ക് വായനയുടെ വസന്തം വിടരുകയാണ് എന്നതാണ്. പക്ഷികളെക്കണ്ടില്ലേ, അതിന്റെ ആവാസ വ്യവസ്ഥയില്‍ എന്തെങ്കിലും ഒരു പ്രതിസന്ധിയുണ്ടായാല്‍ മറ്റൊരു ദേശത്തേക്ക് അത് പറന്നു പോകും. അങ്ങനെ പറന്നുകൊണ്ടാണ് പുതിയ ദേശങ്ങളെ അവ കണ്ടെത്തുന്നത്. രിസാല എന്നു പറയുന്ന എഴുത്തിന്റെയും വായനയുടെയും ദേശത്തേക്കും ഒരു ദേശാടനപ്പക്ഷിയെപ്പോലെ ചിലപ്പോഴെങ്കിലും
ഞാനും പറന്ന്‌ചെന്നിട്ടുണ്ട്. അങ്ങോട്ടു പറക്കാന്‍ പ്രേരണയായത് ഇത്തരത്തിലുള്ള നിങ്ങളുടെ ചിന്തകള്‍ തന്നെയാണ്.

(വായന സംസ്‌കൃതിയുടെ സമരമുദ്ര; കോഴിക്കോട് നടന്ന ചര്‍ച്ചാ സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)
പി സുരേന്ദ്രന്‍

You must be logged in to post a comment Login