അല്‍അസ്ഹര്‍; ചിന്തയെ മുറിച്ചുകടക്കുമ്പോള്‍

അല്‍അസ്ഹര്‍;  ചിന്തയെ മുറിച്ചുകടക്കുമ്പോള്‍

ഈജിപ്തിലേക്ക് വിമാനം കയറിയപ്പോള്‍ നൈല്‍നദിയേക്കാളും പിരമിഡുകളേക്കാളും മനസ്സില്‍ നിറഞ്ഞത് അല്‍അസ്ഹര്‍ സര്‍വകലാശാലയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഐനുശ്ശംസ് യൂണിവേഴ്‌സിറ്റിയിലെ രണ്ടുദിവസത്തെ വിദ്യാഭ്യാസ കോണ്‍ഫറന്‍സ് കഴിഞ്ഞതിനു ശേഷമാണ് അസ്ഹറിലേക്ക് തിരിക്കാന്‍ സാധിച്ചത്. അതിനുമുമ്പേ ആ സൗധസമുച്ചയം പുറമേനിന്ന് കണ്‍നിറയെ കണ്ടിരുന്നു.

അസ്ഹര്‍ മസ്ജിദിന്റെ പഴയ മിഹ്‌റാബിനടുത്തിരുന്നപ്പോള്‍ ആത്മാവിനു ചിറക് മുളച്ചു. ചരിത്രത്തിലൂടെ ബഹുദൂരം പറന്നു. വര്‍ത്തമാനത്തിലേക്ക് തിരികെ വരാന്‍ അതിന് ഏറെ സമയം വേണ്ടിവന്നു. ചരിത്രത്തിന്റെ ഈടുവെപ്പെന്നോണം ഒരു പണ്ഡിതന്‍ പൊതു ജനങ്ങള്‍ക്കു വേണ്ടി ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്നു, തൊട്ടടുത്ത്. ആള്‍ രസികനാണെന്ന് തോന്നുന്നു. ഉറക്കെ ചിരിച്ചുകൊണ്ടാണ് ക്ലാസ്. ശ്രോതാക്കളും ഇടക്കിടെ ആ ചിരിയില്‍ പങ്കുചേരുന്നുണ്ട്.

എത്രയെത്ര തലമുറകള്‍ ഈ പള്ളിക്കത്ത് ഇങ്ങനെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് മനസ്സില്‍ കണക്കുകൂട്ടിനോക്കി. പത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഫാത്വിമികളാണ് കൈറോവില്‍ അല്‍ജാമിഉല്‍അസ്ഹര്‍ സ്ഥാപിച്ചത്. നബി തിരുമേനിയുടെ പുത്രി ഫാത്വിമ(റ)യുടെ സന്താനപരമ്പരയില്‍ പെട്ടവരെന്നവകാശപ്പെടുന്ന ഉബൈദുല്ല ഖൈറുവാനില്‍ ഹിജ്‌റ 297(ക്രി. വ 909)ല്‍ തുടക്കമിട്ട ഫാത്വിമീ ഭരണവംശം ഈജിപ്ത് കീഴടക്കുന്നത് ഹിജ്‌റ 358(ക്രി. വ 970)ലാണ്. അല്‍മുഇസ്സ് ലിദീനില്ലാഹിയാണ് ഈജിപ്ത് പിടിച്ചടക്കിയ ഫാത്വിമീ ഭരണാധികാരി. ഫുസ്താതിനു സമീപം അദ്ദേഹം പണിതതാണ് ആയിരം മിനാരങ്ങളുടെ നഗരമായ കൈറോ. ‘ജാമിഅ ഖാഹിറ’ എന്നായിരുന്നു പള്ളിയുടെ ആദ്യത്തെ പേര്. പിന്നീട് അത് മാറ്റി അല്‍അസ്ഹര്‍ എന്നാക്കി. തിരുദൂതരുടെ മകള്‍ ഫാത്വിമതുസ്സഹ്‌റാഇന്റെ പേരില്‍ നിന്നു സ്വീകരിച്ചതാണ് അല്‍അസ്ഹര്‍(പ്രശോഭിതം). ഫാത്വിമീ കാലഘട്ടത്തില്‍ ഇസ്മാഈലീ ശിയാക്കളുടെ കേന്ദ്രമായിരുന്നു കൈറോ നഗരവും അല്‍അസ്ഹറും. പ്രഥമ ഖാളി നുഅ്മാനുബ്‌നു മുഹമ്മദിനായിരുന്നു ഇസ്മാഈലീ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ചുമതല. അല്‍മുഇസ്സ് ലിദീനില്ലാഹിയുടെ കൊട്ടാരത്തില്‍ വെച്ചും അല്‍അസ്ഹറില്‍ വെച്ചും ക്ലാസുകള്‍ നടന്നു. ഖലീഫ അല്‍അസീസി(ക്രി. വ 975- 996)ന്റെ കാലത്ത് പള്ളി വിപുലീകരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

ഹിജ്‌റ 379/ ക്രി.വ 989ല്‍ 35 പണ്ഡിതന്മാരെ അല്‍അസ്ഹര്‍ മസ്ജിദില്‍ അധ്യാപകരായി നിയമിച്ചു. അങ്ങനെ ജാമിഅ അല്‍സ്ഹര്‍ പള്ളിദര്‍സ് ഫെസിലെ ഖൈറുവാന്‍ പോലെ മുസ്‌ലിം ലോകത്തിലെ മികച്ച രണ്ടാമത്തെ സര്‍വകലാശാലയായി വളര്‍ന്നു. 1005ല്‍ ആയിരക്കണക്കിന് കയ്യെഴുത്ത് ഗ്രന്ഥങ്ങളുള്ള ഗ്രന്ഥശാല ജാമിഉല്‍അസ്ഹറില്‍ ആരംഭിച്ചു.
ഫാത്വിമികളുടെ പതനത്തോടെ അല്‍അസ്ഹര്‍ ശീഈ സ്വാധീനത്തില്‍ നിന്ന് മുക്തമാവുകയും സുന്നീ ധാരയിലേക്ക് ഉള്‍ചേര്‍ക്കപ്പെടുകയും ചെയ്തു. ക്രി. വ 1171ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് ഫാത്വിമീ ഭരണത്തിന് അന്ത്യം കുറിച്ചത്. അയ്യൂബികളുടെ കാലത്ത് മറ്റു മതപഠന കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നതിനാല്‍ അല്‍അസ്ഹറിന്റെ പ്രാധാന്യത്തിന് മങ്ങലേറ്റു. സര്‍ക്കാര്‍ സഹായമില്ലാതെ സ്വകാര്യ അധ്യയനം അസ്ഹറില്‍ തുടര്‍ന്നു. അറബി ഭാഷാ പഠനത്തിന്റെ ഏറ്റവും മികച്ച കേന്ദ്രം എന്ന ഖ്യാതി അപ്പോഴും അസ്ഹര്‍ നിലനിര്‍ത്തി. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍ പ്രഗത്ഭനായ ഒരു പണ്ഡിതനെ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഉയര്‍ന്ന ശമ്പളം നല്‍കി അല്‍അസ്ഹറില്‍ നിയമിച്ചതായി ചില ചരിത്രരേഖകളിലുണ്ട്. ക്രമേണ, ഈജിപ്തിലുടനീളം അയ്യൂബികള്‍ സ്ഥാപിച്ച സ്വാലിഹിയ്യാ വിദ്യാകേന്ദ്രത്തിന്റെ ശൃംഖലയിലേക്ക് അസ്ഹറും ഉള്‍ചേര്‍ക്കപ്പെട്ടു. അതുവരെ പഠിപ്പിക്കപ്പെടാതിരുന്ന തര്‍ക്കശസ്ത്രം, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിത്തീരുകയും ചെയ്തു.

അയ്യൂബികള്‍ക്ക് ശേഷം ഈജിപ്ത് ഭരിച്ചത് മംലൂക്കികളാണ്. സംറുദ്ദീന്‍ ഐബക് എന്ന അടിമ സ്ഥാപിച്ച ഈ ഭരണം അല്‍അസ്ഹറിന് അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സഹായകമായി. ഒരു നാട്ടില്‍ ഒരു ഓത്തുപള്ളിയിലേ ജുമുഅ പാടുള്ളൂ എന്ന് നിഷ്‌കര്‍ശയുള്ളവരായിരുന്നു അയ്യൂബികള്‍. അതിനാല്‍ ജാമിഉല്‍അസ്ഹറിലെ ജുമുഅ അവര്‍ നിര്‍ത്തലാക്കിയിരുന്നു. മംലൂക്കികള്‍ ഇത് പുനഃസ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപെന്റും അധ്യാപകര്‍ക്ക് ശമ്പളവും നല്‍കി. ആറു വര്‍ഷമായി അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്ന പള്ളിയുടെ നവീകരണത്തിന് നല്ല തുക ചെലവഴിച്ചു.

ക്രി. വ 1302ല്‍ ഭൂകമ്പം അസ്ഹറിന് സാരമായ കേടുപാടുകള്‍ പറ്റുന്നതിന് കാരണമായി. അമീര്‍ സാലാറിനായിരുന്നു പുതുക്കിപ്പണിയുന്നതിനുള്ള ചുമതല. ഏഴു വര്‍ഷത്തിനു ശേഷം പള്ളിയുടെ വടക്കുപടിഞ്ഞാറന്‍ ചുമരിനോട് ചേര്‍ന്ന് ഒരു മദ്‌റസ പണിതു. 1332- 1333 കാലത്ത് മറ്റൊരു മദ്‌റസയും പള്ളിയോടനുബന്ധിച്ച് പണിയുകയുണ്ടായി. ഓരോ മദ്‌റസക്കും വ്യത്യസ്ത കവാടങ്ങളും ആരാധനാലയങ്ങളും നിര്‍മിക്കപ്പെട്ടു. മംലൂക്ക് സുല്‍താന്മാരെല്ലാം അല്‍അസ്ഹറിന് പ്രത്യേക പരിഗണന നല്‍കുകയും തങ്ങളുടെ പ്രതാപം വിളിച്ചറിയിക്കാനെന്നോണം പുതിയ മിനാരങ്ങള്‍ കൊണ്ട് അസ്ഹറിനെ അലങ്കരിക്കുകയും ചെയ്തു. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മധ്യപൗരസ്ത്യ ദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അസ്ഹറിലേക്ക് ഒഴുകി. ആറു വര്‍ഷമായിരുന്നു ശരാശരി പഠനകാലയളവ്. മംലൂക്കുകളുടെ വാഴ്ച അവസാനിക്കുന്ന പതിനാലാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക ലോകത്തെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രങ്ങളില്‍ ഒന്നായി അല്‍അസ്ഹര്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു.

1517ലാണ് ഈജിപ്ത് ഉസ്മാനിയാ ഖിലാഫതിന്റെ ഭാഗമാകുന്നത്. ഈജിപ്തിലെ ആദ്യത്തെ ഉസ്മാനിയ്യാ ഖലീഫയായ സലീം ഒന്നാമന്‍ അല്‍ അസ്ഹറില്‍ ജുമുഅക്ക് കൂടിയിരുന്നെങ്കിലും പള്ളിയുടെ പരിപാലനത്തിന് സംഭാവനയൊന്നും നല്‍കിയിരുന്നില്ല. പില്‍കാല ഉസ്മാനീ അമീറുമാര്‍ വല്ലപ്പോഴും വല്ലതും നല്‍കി എന്നതല്ലാതെ അസ്ഹറിന്റെ പുരോഗതിക്കുവേണ്ടി കാര്യമായൊന്നും ചെയ്തില്ല. എന്നാല്‍ ഉസ്മാനികളുടെ കാലത്തും മംലൂക്കുകള്‍ക്ക് നഗര ഭരണത്തില്‍ അപ്രധാനമല്ലാത്ത പങ്കുണ്ടായിരുന്നു. മംലൂക്കുകളെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഈജിപ്ത് ഭരിക്കുക ഉസ്മാനികള്‍ക്ക് എളുപ്പമായിരുന്നില്ല. സാമ്പത്തികമായും സൈനികമായും വലിയ ക്ഷീണത്തിലായിരുന്നിട്ടും മംലൂക്കുകള്‍ അസ്ഹറിന്റെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടോടെ പ്രതാപം തിരിച്ചുപിടിച്ച അവര്‍ പുതിയ ഹോസ്റ്റലുകള്‍ പണിതു. അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള പ്രത്യേത സൗകര്യവും അവര്‍ ഒരുക്കി. 1735ലായിരുന്നു ഇത്.
ഉസ്മാനികള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ അസ്ഹറിലെ പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. ഭരണകര്‍ത്താക്കളോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോവുന്ന നയമാണ് അസ്ഹര്‍ സ്വീകരിച്ചത്. ജനാഭിപ്രായം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും അസ്ഹറിനു സാധിച്ചു.

1798ല്‍ നെപ്പോളിയന്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ ഒമ്പത് അസ്ഹര്‍ ശൈഖുമാരെ ഉള്‍പെടുത്തി കൈറോവില്‍ ഒരു ഭരണനിര്‍വഹണ സഭയെ നിയോഗിച്ചു. നെപ്പോളിയന് അനുസരണ പ്രതിജ്ഞചെയ്യുന്നത് ഇസ്‌ലാമിക നിയമപ്രകാരം തെറ്റല്ല എന്ന് ഫത്‌വ നല്‍കാന്‍ അദ്ദേഹം അസ്ഹറിലെ പണ്ഡിതന്മാരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഫ്രഞ്ച് അധിനിവേശ സൈന്യത്തിനെതിരെയുള്ള കലാപത്തിന് കൊടിയുയര്‍ന്നത് അസ്ഹര്‍ കാമ്പസില്‍ വെച്ചാണ്. 1798 ഒക്‌ടോബര്‍ 21ന്. സന്ധിസംഭാഷണങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കൈറോ നഗരത്തിന് തീ വെക്കാന്‍ നെപ്പോളിയന്‍ സൈനികര്‍ക്ക് ഉത്തരവ് നല്‍കി. മുന്നൂറ് ഫ്രഞ്ചുകാരും മൂവായിരം ഈജിപ്തുകാരും കൊല്ലപ്പെട്ട ഈ സംഭവത്തില്‍ അസ്ഹറിലെ ഹോസ്റ്റലുകളും ലൈബ്രറിയും തകര്‍ത്തു. പള്ളി മിഹ്‌റാബില്‍ കുതിരയെ കെട്ടി. ഖുര്‍ആന്‍ പ്രതികള്‍ വലിച്ചുകീറി നിലത്തിട്ട് ചവിട്ടി. പണ്ഡിതന്മാരെ തുറുങ്കിലടക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്തു. 1800 മാര്‍ച്ച് മാസത്തില്‍ ഫ്രഞ്ച് ജനറല്‍ ഴാങ് ബാപിസ്‌തെ ക്ലെബറെ ഒരു അസ്ഹര്‍ വിദ്യാര്‍ത്ഥി വധിച്ചു. ഇതേതുടര്‍ന്ന് നെപ്പോളിയന്‍ അസ്ഹര്‍ പള്ളി അടച്ചുപൂട്ടി.

ഫ്രഞ്ചുകാരുടെ പിന്‍മാറ്റത്തിനു ശേഷം ഈജിപ്തിന്റെ ഭരണഭാരമേറ്റ മുഹമ്മദലി പാഷ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. ആധുനിക ഈജിപ്തിന്റെ ശില്‍പിയായി അറിയപ്പെടുന്ന മുഹമ്മദലി അസ്ഹറിനെ നവീകരിച്ചു. ചരിത്രം, ഗണിതം, ശാസ്ത്രം, യൂറോപ്യന്‍ തത്വചിന്ത എന്നിവയെല്ലാം അല്‍അസ്ഹര്‍ പാഠ്യപദ്ധതിയുടെ ഭാഗമായി. അസ്ഹര്‍ പണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നത് കുറക്കുന്നതിനായി കൂടിയാലോചനാ വേദികളില്‍ നിന്ന് അവരെ ഒഴിവാക്കി മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെ നിയമിക്കുകയാണ് മുഹമ്മദലി പാഷ ചെയ്തത്. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ ഫ്രാന്‍സില്‍ അയച്ച് പഠിപ്പിക്കാനും മുഹമ്മദലി പണം ചെലവഴിച്ചു. ഈജിപ്തിന്റെ പാശ്ചാത്യവല്‍കരണത്തിന്റെ തുടക്കമായിരുന്നു അത്. ഇസ്മാഈല്‍ പാഷ (1869- 1879) കൈറോ പട്ടണത്തെ ഒരു യൂറോപ്യന്‍ പട്ടണമായി പരിവര്‍ത്തിപ്പിക്കുന്നതിന് കഠിനപ്രയത്‌നം ചെയ്തു. വിഭവദുര്‍വിനിയോഗത്തിലൂടെ ഈജിപ്തിനെ കടക്കെണിയിലാക്കിയ ഇസ്മാഈല്‍ പാഷ ബ്രിട്ടീഷ് അധിനിവേശത്തിന് കളമൊരുക്കി.

ഫ്രഞ്ചുകാര്‍ ഈജിപ്ത് വിട്ടതിനു ശേഷം അല്‍അസ്ഹറിന് അതിന്റെ പ്രാധാന്യം പതുക്കെയാണെങ്കിലും തിരിച്ചുപിടിക്കാന്‍ സാധിച്ചു. ഇസ്മാഈല്‍ പാഷയുടെ ഭരണകാലത്ത് അല്‍അസ്ഹറിന് നല്ല പരിഗണന ലഭിച്ചു. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് പരീക്ഷകള്‍ ഏകീകരിക്കപ്പെട്ടു. 1885 മുതല്‍ ഈജിപ്തിലെ കോളജുകള്‍ അല്‍അസ്ഹറിനു കീഴിലായി. പാഠ്യപദ്ധതികളിലും പഠന-പാഠ്യേതര പ്രവര്‍ത്തന ങ്ങളിലും പരീക്ഷാ നടത്തിപ്പിലും കാലോചിതമായ പരിഷ്‌കരണങ്ങള്‍ നടന്നു.

1930ല്‍, ഫുആദ് ഒന്നാമന്‍ രാജാവിന്റെ കാലത്ത്, അസ്ഹറിന്റെ ഘടനയില്‍ മാറ്റം വന്നു. അറബിഭാഷ, ശരീഅത്, ദൈവശാസ്ത്രം എന്നിവ വ്യത്യസ്ത വകുപ്പുകളായി. കൈറോവിന്റെ പലഭാഗങ്ങളിലായി അസ്ഹറിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പരീക്ഷകള്‍ കുറേകൂടി വ്യവസ്ഥാപിതമാവുകയും ചെയ്തു.

ജമാലുദ്ദീന്‍ അഫ്ഗാനി, മുസ്തഫാ അല്‍മറാഗി, മുഹമ്മദ് അബ്ദു മുതലായവര്‍ മുന്നോട്ട് വെച്ച പരിഷ്‌കരണ ആശയങ്ങള്‍ ഒരുകാലത്ത് അസ്ഹറില്‍ ചിലരെ ചിലസന്ദര്‍ഭങ്ങളില്‍ സ്വാധീനിച്ചിരുന്നു. പക്ഷേ, നേതൃത്വം പരമ്പരാഗത പണ്ഡിതന്മാരുടെ കൈകളില്‍ തുടര്‍ന്നു. അസ്ഹര്‍ എന്നും ആശയസംഘട്ടനങ്ങളുടെ വേദിയായിരുന്നിട്ടുണ്ട്. പല മദ്ഹബുകളും അസ്ഹര്‍ കാമ്പസിലൂടെ കടന്നുപോയിട്ടുണ്ട്. മതത്തേക്കാള്‍ സാഹിത്യത്തിനും തത്വചിന്തക്കും പ്രാധാന്യം കല്‍പിച്ച ത്വാഹാ ഹുസൈനെപ്പോലുള്ള സാഹിത്യകാരന്മാരും അസ്ഹറിന്റെ തിരുമുറ്റത്ത് കളിച്ചുവളര്‍ന്നവരാണ്. നാലു മദ്ഹബുകളും അംഗീകൃത ത്വരീഖതുകളും അസ്ഹറില്‍ പ്രബലമാണ്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അല്‍അസ്ഹര്‍ പൊതുവെ മുസ്‌ലിം ബ്രദര്‍ഹുഡ്ഡിനും സൗദി സലഫിസത്തിനും എതിര്‍ചേരിയില്‍ നിലയുറപ്പിക്കുന്നു.

1952ലെ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ് നജീബും ജമാല്‍ അബ്ദുന്നാസറും തുടക്കം കുറിച്ച പരിഷ്‌കരണങ്ങളുടെ ഫലമായി പള്ളിയും സര്‍വകലാശാലയും വേര്‍തിരിക്കപ്പെട്ടു. 1955ല്‍ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന എടുപ്പുകള്‍ പൊളിച്ച് പുതിയ കാമ്പസിന് സ്ഥലമൊരുക്കി. അസ്ഹറിന് ‘സര്‍വകലാശാല’ എന്ന പേര് ഒദ്യോഗികമായി നല്‍കിയത് 1961ലാണ്. മെഡിക്കല്‍, എഞ്ചീനീയറിംഗ്, സാമ്പത്തിക ശാസ്ത്രം എന്നീ ഡിപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പെടുത്തി അസ്ഹര്‍ വിപുലീകരിച്ചു. 2001ല്‍ അസ്ഹര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.

1967ല്‍ ഇസ്‌റയേലിനെതിരെയുള്ള യുദ്ധത്തിന് മതപരമായി അനുമതി നല്‍കിയത് അല്‍അസ്ഹര്‍ ആണ്. പ്രസ്തുത യുദ്ധം ജിഹാദാണെന്ന് അസ്ഹര്‍ പ്രഖ്യാപിച്ചു. അന്‍വര്‍ സാദത് ഇസ്‌റയേലുമായി സൗഹൃദകരാര്‍ ഒപ്പിടുന്ന സമയത്ത് അനുരഞ്ജനത്തിനള്ള സമയമായി എന്നു പറഞ്ഞതും അസ്ഹര്‍ തന്നെ.

ഹുസ്‌നി മുബാറകിന്റെ കാലത്ത് അസഹറിന് സ്വയം നിയന്ത്രണാധികാരം ലഭിച്ചു. ജാദുല്‍ഹഖ് അസ്ഹറിന്റെ അധ്യക്ഷപദവി (ശൈഖുല്‍അസ്ഹര്‍) വഹിച്ചിരുന്ന കാലത്ത് ഭരണകൂടഇടപെടലുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഇടക്കാലത്തുണ്ടായി. ഗള്‍ഫ്‌യുദ്ധകാലത്ത് വിദേശസൈന്യങ്ങള്‍ക്ക് സൗദിയില്‍ താവളമനുവദിക്കുന്നതിന് സൗദിയിലെ ഫഹദ് രാജാവ് അല്‍അസ്ഹറിന്റെ അംഗീകാരം തേടിയത് ശ്രദ്ധേയമായിരുന്നു. ഫ്രാന്‍സിലെ മുസ്‌ലിംകള്‍ക്ക് ഹിജാബ് ധരിക്കാതെ കാമ്പസുകളില്‍ ഇരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് അസ്ഹര്‍ നല്‍കിയ ഫത്‌വ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയതും സ്മരണീയമാണ്. അന്തര്‍ദേശീയതലത്തില്‍ മതവിധികള്‍ക്കായി സമീപിക്കുന്ന കേന്ദ്രമായി വളരാന്‍ അസ്ഹറിനു സാധിച്ചു എന്നു കാണിക്കുന്നതാണീ സംഭവങ്ങള്‍.

ലോകത്തെ, ചുരുങ്ങിയത് എണ്‍പത് രാജ്യങ്ങളില്‍ നിന്നെങ്കിലുമുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അസ്ഹറില്‍ പഠിക്കുന്നുണ്ട്. മലയാളികളായ നിരവധി പണ്ഡിതന്മാര്‍ പല കാലങ്ങളില്‍ അസ്ഹറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇപ്പോള്‍ അസ്ഹറില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മലയാളി പണ്ഡിതന്മാരുടെ ആതിഥ്യം അനുഭവിക്കാന്‍ ഈ ലേഖകന് അവസരമുണ്ടായി. അറബ് വസന്തവും ഈജിപ്തിലെ പ്രശ്‌നങ്ങളും കാരണം കര്‍ക്കശമായ പരിശോധനക്കുശേഷമാണ് കാമ്പസിനകത്ത് പ്രവേശിക്കാനായത്. കടുത്ത നിരീക്ഷണങ്ങള്‍ക്കും വിധേയമാണ് കാമ്പസ്.

എ കെ അബ്ദുല്‍മജീദ്‌

You must be logged in to post a comment Login