ആള്‍ക്കൂട്ടത്തില്‍ ഒറ്റക്ക്


മുരീദ്

“താങ്കള്‍ ഒരു സൂഫിയാണോ?”


“അല്ല, ഞാന്‍ എന്റെ നായയുടെ സംരക്ഷകന്‍ മാത്രമാണ്. അത് ആളുകളെ ഉപദ്രവിക്കുന്നു. അവര്‍ക്കിടയില്‍

നിന്ന് ഇപ്പോള്‍ ഞാനതിനെ ഇങ്ങോട്ട് കൊണ്ടുവന്നതേയുള്ളൂ. ഇനിയെങ്കിലും അവരുടെ ജീവിതം

സ്വച്ഛന്ദവും സുരക്ഷിതവുമായിരിക്കുന്നുമെന്ന് ഞാന്‍ കരുതുന്നു. ”

ദൈവസ്തുതിയുടെ വചനങ്ങള്‍ ഗുരുവിന്റെ സദസ്സിന്റെ അലങ്കാരമാണ്. പ്രവാചകരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലി മാത്രമാണ് ഗുരുവിന്റെ സദസ്സ് ജീവന്‍ വെക്കുന്നത്. ഭൂത വര്‍ത്തമാന കാലങ്ങളെ കോര്‍ത്തിണക്കിയുള്ള വചനോത്സവവും സഞ്ചാരവുമാണത്. വാക്കും ഉപദേശവും തങ്ങളുടെ യാത്രയിലെ അമൂല്യ പാഥേയമായാണ് ഇവിടെ ഓരോ വ്യക്തിയും ഉള്‍ക്കൊള്ളുന്നതും അനുഭവിക്കുന്നതും.

പര്‍വതശിഖരങ്ങളിലും താഴ്വാരങ്ങളിലും തന്റെ ആട്ടിന്‍പറ്റത്തോടൊപ്പമായിരിക്കുമ്പോഴും ആഴിയുടെ അഗാധതയില്‍ ഊളിയിടുമ്പോഴും പ്രാര്‍ത്ഥനാ നിരതരാവുകയും ദാനധര്‍മങ്ങള്‍ മറക്കാതിരിക്കുകയും ആരാധനാ കര്‍മങ്ങളില്‍ ബദ്ധശ്രദ്ധരാവുകയും ചെയ്തു മരണം വരെ നിലകൊള്ളുന്നവരുടെ ജീവിതമെത്ര സഫലം!1 പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗുരു സംസാരിച്ചു തുടങ്ങിയത്. ക്ഷേമത്തിലും ക്ഷാമത്തിലും ഒരുപോലെ ദൈവ സ്മരണയില്‍ മനസ്സ് കെട്ടിയിട്ടവരത്രെ വിജയികള്‍. സ്വയം സ്മരണയുടെ ജപമാലയാവുകയാണവര്‍.
ഭൌതിക വിഭവങ്ങളിലും വ്യവഹാരങ്ങളിലും ഇടപെടുകയും പങ്കാളിയാവുകയും ചെയ്യുന്നതിനൊപ്പം തന്നെ സ്വയം ഇവയില്‍ നിന്നു വിദൂരസ്ഥനായിരിക്കുകയും ചെയ്യുക എന്ന അവസ്ഥ സാധകനില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ജനസാഗരത്തിന് നടുക്കായിരിക്കുമ്പോഴും ഏകാന്തതയുടെ സ്ഥലരാശി തീര്‍ത്ത് തന്റെ രക്ഷിതാവിനെ അനുഭവിക്കുകയെന്ന ഔന്നത്യം നേടിയെടുക്കുകയാണ് സാധകന്റെ ലക്ഷ്യം. ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി പലപ്പോഴും ജ്ഞാനികള്‍ തങ്ങളുടെ സ്വത്വത്തെ നിരന്തരം ചോദ്യം ചെയ്യുകയും മറ്റു ചിലപ്പോള്‍ സ്വന്തം ശരീരത്തെ അപരനായി കണ്ട് സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നു. ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി ആരാധനയില്‍ മുഴുകി ജീവിക്കുകയായിരുന്ന ഒരു സൂഫിയോട് ഒരാള്‍ ചോദിച്ചു:
“താങ്കള്‍ ഒരു സൂഫിയാണോ?”
“അല്ല, ഞാന്‍ എന്റെ നായയുടെ സംരക്ഷകന്‍ മാത്രമാണ്. അത് ആളുകളെ ഉപദ്രവിക്കുന്നു. അവര്‍ക്കിടയില്‍ നിന്ന് ഇപ്പോള്‍ ഞാനതിനെ ഇങ്ങോട്ട് കൊണ്ടുവന്നതേയുള്ളൂ. ഇനിയെങ്കിലും അവരുടെ ജീവിതം സ്വച്ഛന്ദവും സുരക്ഷിതവുമായിരിക്കുന്നുമെന്ന് ഞാന്‍ കരുതുന്നു. ”2
തന്റെ സാന്നിധ്യം ഒരിക്കലും സഹജീവികള്‍ക്ക് ബുദ്ധിമുട്ടാവരുതെന്ന് സാധകന്‍ വിചാരിക്കണം. മനസാ പരിത്യാഗിയാവുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരമൊരു പരിത്യാഗത്തിന്റെ വഴി തെരഞ്ഞെടുക്കുമ്പോള്‍ മതശാസനകള്‍ പരിപൂര്‍ണമായി പാലിച്ചു വേണമെന്നാണ് ചട്ടം. ഓര്‍മവച്ചോളൂ, അതുകൊണ്ട് പരിത്യാഗം ഒളിച്ചോട്ടമല്ല. ഏറെ ജാഗ്രത വേണ്ടുന്ന മറ്റൊരു വഴി അന്വേഷിക്കുന്ന കര്‍മമത്രെ. സഹജീവിയുടെ അവകാശങ്ങളും അവരോടുള്ള ഉത്തരവാദിത്വവും പാലിച്ചു വേണം പരിത്യാഗത്തിന്റെ വഴിക്കു പോകാന്‍.
ആരാണ് യഥാര്‍ത്ഥ ആത്മജ്ഞാനി? എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത? ഒരു സൂഫിയോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു:
സഹജീവികളോട് ഇടപഴകി അവരുടെ അടുത്തു നില്‍ക്കുമ്പോള്‍ തന്നെ എല്ലാ ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രനായി ഒറ്റക്കു നടക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി.3
ഭക്ഷണത്തിലും വസ്ത്രത്തിലും ആള്‍ക്കൂട്ടത്തോടൊപ്പമായിരിക്കുമ്പോഴും ആന്തരികമായി വേറിട്ടൊരു യാത്ര ചെയ്യുകയെന്നാണ് പരിത്യാഗത്തിന് സൂഫീ ഗുരുവായ അബൂ അലി അദ്ദഖാഖ് നല്‍കിയ നിര്‍വചനം4. ആത്മീയമായ നേട്ടം കൈവരിക്കണമെന്നാഗ്രഹിച്ച് വിദൂര ദേശത്തു നിന്നും തന്റെ പര്‍ണശാലയിലെത്തിയ യുവാവിനോട് ഒരു സൂഫീ ഗുരു പറഞ്ഞു:
“നീ ഇത്രയേറെ പോരേണ്ടിയിരുന്നില്ല കുട്ടീ. നിന്നില്‍ നിന്ന് ഒരടി മുന്നോട്ടു നടന്നാല്‍ തന്നെ നീ ലക്ഷ്യം കൈവരിക്കും.”
പരിത്യാഗത്തിന്റെ ഉദാത്തമായ വഴി കാണിച്ചു കൊടുക്കുകയായിരുന്നു ഗുരു. ഇച്ഛയുടെയും അഭീഷ്ടങ്ങളുടെയും സ്വത്വത്തെ വിട്ട് വിദൂരസ്ഥനാവുകയെന്നത് തന്നെയാണ് പരിത്യാഗം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ചുരുക്കം.
പരിത്യാഗം ദുര്‍ബലന്റെ വഴിയല്ല, മറിച്ച് ശക്തനായ, ഇച്ഛകളെ ചങ്ങലകളില്‍ ബന്ധിച്ച വ്യക്തിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന സാധനയുടെ വഴിയാണത്. ഇത്തരമൊരു അവസ്ഥ പ്രാപിച്ചയാള്‍ ഒരിക്കലും ഏകാന്തനാവുകയില്ല എന്നതാണ് ഏറ്റവും രസകരമായ അനുഭവം. ഏറെക്കാലം ഏകാന്തനായി കഴിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന കൂഫയിലെ സൂഫീശൈഖ് മാലിക് ബ്നു മസ്ഊദിനെ കാണാന്‍ ഒരിക്കല്‍ ശുഐബ് ബിന്‍ ഹര്‍ബ് എന്നയാള്‍ ചെന്നു.
“താങ്കള്‍ ഏറെ നാളായല്ലോ ഒറ്റക്ക്? ഈ ഏകാന്തത താങ്കളെ ഭയപ്പെടുത്തുന്നില്ലേ?”
പുഞ്ചിരിച്ചു കൊണ്ട് ശൈഖ് പറഞ്ഞു:
“ഞാന്‍ ഏകാന്തനാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. അല്ലാഹുവുണ്ടെങ്കില്‍ ആരാണ് ഒറ്റപ്പെട്ടു പോവുന്നത്?
അതാനിയത്(അഹംഭാവം/ബോധം) അപ്രത്യക്ഷമാവുന്ന മനസ്സില്‍ മഈയത്ത്(ദൈവിക സാന്നിധ്യം/ദൈവം കൂടെ ഉണ്ട് എന്ന ബോധം) തെളിഞ്ഞു വരുമെന്നാണ് സൂഫീ പക്ഷം.
രണ്ടു പേര്‍ ഗുഹയില്‍ അഭയം പ്രാപിച്ചപ്പോള്‍ ഭയവിഹ്വലനായ സുഹൃത്തിനോട് സമാശ്വാസത്തിന്റെ വാക്ക് ‘ഇന്നല്ലാഹ മഅനാ'(തീര്‍ച്ചയായും അല്ലാഹു കൂടെയുണ്ട്) എന്നായിരുന്നുവെന്ന് വിശുദ്ധ വേദ ഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്. രണ്ടു പേരുടെ ഇടയില്‍ മൂന്നാമനായും മൂന്നു പേര്‍ക്കിടയില്‍ നാലാമനായും അല്ലാഹുവുണ്ടെന്ന ബോധം. ഈ ബോധമാണ് പരിത്യാഗിയുടെ ഊര്‍ജവും പ്രേരണയും സര്‍വോപരി സമാശ്വാസവും.
കുറിപ്പുകള്‍
1, 2, 3, 4 രിസാലത്തുല്‍ ഖുശൈരിയ

You must be logged in to post a comment Login