മുസ്‌ലിം രാഷ്ട്രീയം കലങ്ങിമറിഞ്ഞ കാല്‍നൂറ്റാണ്ട്

മുസ്‌ലിം രാഷ്ട്രീയം കലങ്ങിമറിഞ്ഞ കാല്‍നൂറ്റാണ്ട്

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തെ രാഷ്ട്രീസാമൂഹിക ചലനങ്ങളെക്കുറിച്ച് ഇസ്ലാമിക പശ്ചാത്തലത്തില്‍ അവലോകനം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. ചര്‍ച്ച ഒരു മഹിളാകുടുംബ മാസികയുടേതാവുമ്പോള്‍ കുറച്ചുകൂടി വിശേഷഭാവം അത് ആര്‍ജിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹിളാ പരിപ്രേക്ഷ്യത്തില്‍ ഇക്കാലയളവ് പ്രാധാന്യമര്‍ഹിക്കുന്നത് നീണ്ട ഒരു കാലയളവില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിച്ചിരുന്ന ഇന്ദിരാ ഗാന്ധിയെന്ന കരുത്തുറ്റു വനിതയുടെ സാന്നിധ്യം ഒരു ഓര്‍മയായി മാറിയെന്നതാണ്. ഉത്തരേന്ത്യന്‍ പ്രാദേശിക രാഷ്ട്രീയത്തിലാവട്ടെ മായാവതിയെന്ന മറ്റൊരു വനിതയുടെ ഉയര്‍ച്ചയ്ക്കാണ് ഇക്കാലയളവ് സാക്ഷ്യം വഹിച്ചത്. അതാവട്ടെ കീഴാള മുന്നേറ്റമെന്ന പുതിയൊരധ്യായത്തിന്റെ ഭാഗമായിരുന്നുതാനും.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഇസ്ലാമിക ചലനങ്ങളെന്നു പറയുന്നത് ദേശീയവും രാഷ്ട്രാന്തരീയവുമായ തലങ്ങളില്‍ സംഭവിച്ച ഒരുപാട് മാറ്റങ്ങളുടെ സൃഷ്ടിയാണ്. 1979ലെ ഇറാന്‍ ഇസ്ലാമിക വിപ്ലവം പിന്നീട് നടന്ന പല സംഭവങ്ങളുടെയും നാന്ദിയായിത്തീര്‍ന്ന ഒന്നാണ്. ഇതിന്റെ മാറ്റൊലി കേട്ട് ഗള്‍ഫിലെ സിംഹാസനങ്ങള്‍ ഞെട്ടിവിറച്ചു.
സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും തകര്‍ന്നതോടെ ലോകം അമേരിക്കയെന്ന ഏകശക്തിക്കു ചുറ്റും കറങ്ങുന്ന അവസ്ഥ വന്നു. അതിന്റെ ധാര്‍ഷ്ട്യമായിരുന്നു 9/11 അനന്തര സംഭവങ്ങളില്‍ കണ്ടത്. ഇവയെല്ലാം നമ്മുടെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ ഇസ്ലാമിക ചലനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. സമുദായത്തില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലം ദൃശ്യമായ ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്നു പറയുന്നത് രാഷ്ട്രീയവാദവും അരാഷ്ട്രീയവാദവും തമ്മിലുണ്ടായ തുറന്ന സംഘട്ടനമാണ്. ഇതാവട്ടെ, ചരിത്രത്തില്‍ എല്ലാ സമൂഹങ്ങളിലും നടന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരുന്നുതാനും.
രാജാധിപത്യത്തിനെതിരെ ലോകചരിത്രത്തില്‍ ഉടലെടുത്ത ഏറ്റവും വലിയ ജനകീയ ശക്തിയായിരുന്നു മതം. അതിനെ ഏകാധിപതികള്‍ നേരിട്ടത് പ്രത്യേക വിധത്തിലായിരുന്നു. പല്ലു കൊഴിഞ്ഞ സിംഹമാക്കി മതത്തെ മാറ്റിക്കൊണ്ടായിരുന്നു അത്. ഇറാന്‍ വിപ്ലവം കേരളത്തിലെ ഇസ്ലാമിക സാമൂഹിക ചലനങ്ങളെ നല്ല തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക ചലനങ്ങളെ പലപ്പോഴും പുറകോട്ട് പിടിച്ചുവലിക്കുന്നത് അരാഷ്ട്രീയ വാദമാണ്. സമുദായത്തില്‍ വേരൂന്നാന്‍ ശ്രമിക്കുന്ന അരാഷ്ട്രീയ വാദത്തിന് പല മുഖങ്ങളുണ്ട്. മതത്തെയടക്കം ജീവിതത്തിന്റെ എല്ലാ മേഖലകളെയും കച്ചവടമാക്കി മാറ്റുന്നത് അരാഷ്ട്രീയ വാദമാണ്. പലപ്പോഴും മതത്തിന്റെ മേലങ്കിയണിഞ്ഞാണ് അരാഷ്ട്രീയവാദം പിടിമുറുക്കുന്നത്.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ ദൃശ്യമായ മറ്റൊരു പ്രവണത സാമുദായികതയുടെ കട്ടിയുള്ള തോട് പൊട്ടിച്ചുകൊണ്ട് ഇതര കീഴാള വിഭാഗങ്ങളുമായി സഹകരിക്കാന്‍ സമുദായം തയ്യാറായി എന്നതാണ്. ഉത്തരേന്ത്യയിലുണ്ടായ ദലിത് കീഴാള മുന്നേറ്റങ്ങളുടെ അനുരണങ്ങള്‍ ചെറിയ തോതിലെങ്കിലും കേരളത്തിലുണ്ടാവുന്നത് അടുത്ത കാലത്താണ്. ഇവിടുത്തെ അവര്‍ണര്‍ക്കിടയിലെ പ്രധാനപ്പെട്ട സംഘടനകളായ എസ്.എന്‍.ഡി.പി യോഗവും കേരള പുലയ മഹാ സംഘവുമൊക്കെ അതാതു ജാതികളുടെ പ്രശ്നങ്ങളല്ലാതെ അവര്‍ണരുടെ മൊത്തം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തില്ല. വി.ടി. രാജ് ശേഖറുടെ ദലിത് വോയ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ആള്‍ക്കൂട്ടങ്ങള്‍ എണ്‍പതുകളിലുണ്ടായിരുന്നുവെങ്കിലും അവയെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. അത്തരം ആള്‍ക്കൂട്ടങ്ങളില്‍ ബി.എസ്.പി. മാത്രമാണ് പിന്നീട് പ്രധാനമായും അവശേഷിച്ചത്. മുസ്ലിംകളുടെ അവസ്ഥയായിരുന്നു ഏറെ പരിതാപകരം. സമകാലിക സമൂഹത്തെക്കുറിച്ച് ഒന്നുമറിയാത്ത മൂഢസ്വര്‍ഗത്തിലായിരുന്നു അവര്‍. ഹിന്ദുമുസ്ലിം ദ്വന്ദ്വപരികല്‍പനയാണവരെ നയിച്ചത്. പലപ്പോഴുംദാറുല്‍ ഹര്‍ബ്ദാറുല്‍ ഇസ്ലാം ദ്വന്ദ്വപരികല്‍പനയുമായി ഇത് സമീകരിക്കപ്പെട്ടു. മുസ്ലിംലീഗ് മുതല്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ഐ.എസ്.എസ്. വരെയുള്ള പ്രസ്ഥാനങ്ങളുടെ ആശയപരമായ ഭൂമിക ഇതായിരുന്നു. ഹിന്ദുമുസ്ലിം ദ്വന്ദ്വപരികല്‍പനയിലൂന്നിയതായിരുന്നു ഐ.എസ്.എസ്. കാലഘട്ടത്തിലെ മഅ്ദനിയുടെ പ്രസംഗങ്ങള്‍. ഈ സാമൂഹ്യബോധത്തെ അതിജീവിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്കു പോലുമായില്ല. മുസ്ലിം ലീഗുമായോ അതിന്റെ ഏതെങ്കിലുമൊരു കഷണവുമായോ സഖ്യമുണ്ടാക്കിയിരുന്ന കാലത്തെല്ലാം ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത പോലെ അപകടകരമല്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മുസ്ലിംലീഗുമായി തെറ്റിപ്പിരിഞ്ഞ കാലഘട്ടങ്ങളില്‍ ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ അപകടകരമായി. അതിലപ്പുറം ഇന്ത്യന്‍ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയത, ന്യൂനപക്ഷ വര്‍ഗീയത തുടങ്ങിയ സംജ്ഞകള്‍ തന്നെ വര്‍ഗവിരുദ്ധവും ചരിത്ര വിരുദ്ധവുമാണെന്ന വസ്തുത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കണ്ടില്ല.
തൊണ്ണൂറുകളിലാണ് ചെറിയ മാറ്റങ്ങളുണ്ടാകുന്നത്. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്‍റ് ആര്‍.എസ്.എസ്സിനെ നിരോധിച്ചപ്പോള്‍ ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ടാല്‍ ഐ.എസ്.എസ്. പിരിച്ചുവിടുമെന്ന് വാക്ക് പാലിച്ചുകൊണ്ട് ഹിന്ദുമുസ്ലിം ദ്വന്ദ്വപരികല്‍പനയിലൂന്നിയ ഐ.എസ്.എസ്. പിരിച്ചുവിട്ടുകൊണ്ട് വിശാല ദലിത്കീഴാള എ്യെം ഉദ്ഘോഷിക്കുന്ന പി.ഡി.പിയുണ്ടാക്കി. ഇബ്റാഹിം സുലൈമാന്‍ സേട്ട് രൂപവല്‍കരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗും താത്ത്വികമായി വിശാല ദലിത്പിന്നാക്ക എ്യെമാണ് ഉയര്‍ത്തിപ്പിടിച്ചതെങ്കിലും അമുസ്ലിം സമുദായങ്ങളില്‍ നിന്ന് അംഗങ്ങളെ ആകര്‍ഷിക്കുന്നതില്‍ അത് പരാജയപ്പെട്ടു. ഗൗരിയമ്മയുടെ ജെ.എസ്.എസ്, സി.കെ. ജാനുവിന്റെ രാഷ്ട്രീയ മഹാസഭ തുടങ്ങിയവയും ഏറെക്കുറെ ഇതേ ആദര്‍ശമാണ് ഉയര്‍ത്തിപ്പിടിച്ചത്. മുഖ്യധാരാ ജാതി സംഘടനകളിലും ഇവയുടെ അനുരണനങ്ങളുണ്ടായി. അമ്പേദ്കറൈറ്റ് ദലിത് പ്രസ്ഥാനങ്ങള്‍ ഒരു അധിക്ഷേപ സംജ്ഞയായി കണക്കാക്കിയ ഹരിജന്‍ എന്ന പദം ഏറെക്കുറെ ഉപേക്ഷിക്കപ്പെടുകയും, രാഷ്ട്രീയപ്പാര്‍ട്ടികളുടെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ പോലും ദലിത് സംജ്ഞ സ്വീകരിക്കുകയും ചെയ്തു. വെള്ളാപ്പള്ളി നടേശന്റെ പലതരം വിലപേശല്‍ തന്ത്രങ്ങളിലൊരു ചേരുവയായും ചിലപ്പോഴൊക്കെ പിന്നാക്ക വികാരം മുഴച്ചുനിന്നു. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ ചിന്താരംഗത്ത് ആഗോളതലത്തില്‍ തന്നെയുണ്ടായ ചില പുത്തനറിവുകള്‍ക്ക് അനുപൂരകമായി കേരളത്തിലെ ചില മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ ഇവിടത്തെ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മാര്‍ക്സിസ്റ്റ് ചട്ടക്കൂടില്‍ നിന്നു കൊണ്ടുതന്നെ അഭിസംബോധന ചെയ്യാനാരംഭിച്ചത്.
ഇക്കാലയളവില്‍ ഇന്ത്യയില്‍ ശക്തിയാര്‍ജിച്ച മറ്റൊരു പ്രതിഭാസം ഭരണകൂട ഭീകരതയാണ്. ഭീകരത രണ്ടു തരത്തിലുണ്ട്. ഔദ്യോഗിക ഭീകരതയും അനൗദ്യോഗിക ഭീകരതയും, ഏതെങ്കിലും ഭരണകൂടം നടപ്പിലാക്കുന്ന ഭീകരതയാണ് ഔദ്യോഗിക ഭീകരത. ഇതിന് സ്റ്റൈറ്റ് ടെറ്റിസം അഥവാ ഭരണകൂട ഭീകരതയെന്നും പറയും. സ്വന്തം രാജ്യത്തിലെ വിമത ഗ്രൂപ്പുകള്‍ക്കു നേരെ സദ്ദാം ഹുസൈന്‍ നടത്തിയ രാസായുധ പ്രയോഗം ഭരണകൂട ഭീകരതയുടെ ഒരു ഉദാഹരണമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയായി ഭരണം നടത്തിയ എല്ലാ ഭരണകൂടങ്ങളും തലപ്പത്തിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ രക്ഷിക്കാനായി ഭരണകൂട ഭീകരത ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒ.വി. വിജയന്റെ പ്രവാചകന്റെ വഴി, ധര്‍മപുരാണം തുടങ്ങിയ നോവലുകള്‍ ഭരണകൂട ഭീകരതയുടെ ഉള്ളുകള്ളികളെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ഒ.വി. വിജയന്റെ നിരീക്ഷണങ്ങള്‍ വസ്തുനിഷ്ട ആധുനിക രാഷ്ട്ര മീമാംസയുടെയും നീതിന്യായ വ്യവസ്ഥയുടെയും അടിസ്ഥാന ഘടകമായ സുതാര്യതയെ മറികടക്കാനായി പ്രത്യേക സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഭരണകൂട ഭീകരത പ്രവര്‍ത്തിക്കുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപനമാണ് ഇവയിലൊന്ന്. ഇന്ത്യയില്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ കാലത്ത് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കൈയും കണക്കുമില്ലല്ലോ. കുറ്റാന്വേഷണ രംഗത്ത് ആധുനിക നീതിന്യായ വ്യവസ്ഥിതിയെ മറികടക്കാനായി ഭീകര നിയമങ്ങളുണ്ടാകുകയാണ് ഭരണകൂട ഭീകരതയുടെ പ്രവര്‍ത്തന രീതികളില്‍ മറ്റൊന്ന്. പ്രിവന്‍റീവ് ഡിറ്റര്‍ഷന്‍ ആക്ടും മിസയും ടാഡയും പോട്ടയുമെല്ലാം ഇത്തരത്തില്‍ ഇതുവരെയായി രാജ്യം ഭരിച്ചവര്‍ ഉണ്ടാക്കിയ നിയമങ്ങളാണ്. വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ചാര ഏജന്‍സികളിലൂടെ ഭരണകൂട ഭീകരത പലപ്പോഴും നടപ്പിലാവാറുണ്ട്. സി.ഐ.എയും മൊസ്സാദുമാണ് ഇത്തരത്തില്‍ ഭീകര പ്രവര്‍ത്തനത്തിന് പേരുകേട്ട ചാര സംഘടനകള്‍. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ചേരി ശക്തമായി നിലനിന്നിരുന്ന കാലത്ത് ലോകം സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വീകരിക്കുന്നത് തടയാനായി ക്രൂരമായ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളാണ് സ്വന്തം ചാര സംഘടന കാലാനുകാലമായി മറ്റും മുതലാളിത്ത രാഷ്ട്രങ്ങള്‍ നടത്തിയത്. ചെഗുവേര കൊല്ലപ്പെട്ടത് ഇവരുടെ കൈകളാലാണല്ലോ. ആള്‍കൂട്ടങ്ങളും സംഘടനകളും നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളാണ് അനൗദ്യോഗിക ഭീകര പ്രവര്‍ത്തനങ്ങള്‍. ശക്തമായ ഭീകര പ്രസ്ഥാനമായാണ് സിയോണിസം തുടങ്ങിയത്. ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമായതോടുകൂടി പ്രസ്തുത രാഷ്ട്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ഭരണകൂട ഭീകരതയുമായി അത് താദാത്മ്യം പ്രാപിക്കുകയായിരുന്നു. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ ആള്‍കൂട്ട ഭീകര പ്രസ്ഥാനം ഇന്ത്യയില്‍ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘ് പരിവാര്‍ ആണ്. മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഇറ്റലിയിലുണ്ടായിരുന്ന ഫാഷിസത്തെയും ജര്‍മനിയിലെ ഹിറ്റ്ലറുടെ നാസിസത്തെയുമാണ് ഇവ മാതൃകയാക്കുന്നത്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്ന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇവ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനങ്ങള്‍.
ആള്‍ക്കൂട്ട ഭീകരതയും ഔദ്യോഗിക ഭീകരതയും ഒന്നിച്ചുചേരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ആള്‍ക്കൂട്ട ഭീകരതയിലൂടെ നിയമം കൈയിലെടുത്തിരുന്ന ഭീകര പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും നാടിന്റെ ഭരണാധികാരികളായി മാറുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇസ്രയേല്‍ രാജ്യം രൂപവല്‍കൃതമായതോടുകൂടി സിയോണിസ്റ്റ് ഭീകരത ഇസ്രയേലി ഔദ്യോഗിക ഭീകരതയായി മാറുകയായിരുന്നുവല്ലോ. ഇന്ത്യയില്‍ ഗുജറാത്ത് വംശഹത്യ നടപ്പിലാക്കിയത് ഭരണകൂട ഭീകരതയും ആള്‍കൂട്ട ഭീകരതയും ഒന്നിച്ചു ചേര്‍ന്നുകൊണ്ടായിരുന്നു. 9/11 സംഭവത്തിനു ശേഷം ഇന്ത്യയില്‍ ദുരൂഹമായ ഒരുപാട് ബോംബ് സ്ഫോടനങ്ങളുണ്ടായി. നിരപരാധികളായ മുസ്ലിംകളായിരുന്നു ഇവയുടെയെല്ലാം പേരില്‍ പീഡിപ്പിക്കപ്പെട്ടത്. അതിനിടയില്‍ സി.പി.എം പിന്തുണ പിന്‍വലിച്ചതിനു തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജയിച്ച കാലത്ത് ഇതിനെ ചുറ്റിപ്പറ്റിയുണ്ടായ കൈക്കൂലി വിവാദത്തില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ് അപ്പോഴുണ്ടായ ബോംബ് സ്ഫോടനങ്ങളെന്ന് ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് ആരോപിച്ചിരുന്നു. ആ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാവായ സുഷമാ സ്വരാജിന്റെ ഈ പ്രസ്താവന വിരല്‍ചൂണ്ടുന്നത് വേണ്ടിവന്നാല്‍ ഇത്തരം സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനും അത് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാനും ഭരിക്കുന്നവര്‍ക്ക് സാധിക്കുമെന്നതിലേക്കാണ്. ഇതിനിടയിലാണ് മലേഗാവ് സ്ഫോടനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങള്‍ സംഘ് പരിവാര്‍ ശക്തികളുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇതുവരെ ദുരൂഹമായി അവശേഷിച്ചിരുന്നതും മുസ്ലിംകളുടെ പേരില്‍ എഴുതിത്തള്ളിയതുമായ പല ബോംബ് സ്ഫോടനങ്ങളിലും സംഘ്പരിവാര്‍ ശക്തികള്‍ക്കുള്ള പങ്കാണ് മലേഗാവ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലൂടെ ഇന്നു തെളിഞ്ഞുകൊണ്ടിരിക്കുന്നത്. സൈന്യം ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും ഇത്തരം കൃത്യങ്ങളില്‍ സംഘ് പരിവാര്‍ ഭീകരരെ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. രാജ്യം ആരു ഭരിച്ചാലും ഉന്നതങ്ങളിലിരിക്കുന്നവരുടെ സഹായത്തോടെ സംഘ് പരിവാര്‍ ഭീകരര്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്നും അതിന്റെ പേരില്‍ നിരപരാധികളായ മുസ്ലിംകളെ അധികാരികള്‍ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുമെന്നും ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. ഒ.വി. വിജയന്‍ പ്രവാചകന്റെ വഴി എന്ന നോവലില്‍ പറയുന്നതുപോലെ ജര്‍മന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് സ്വന്തം കൈകളാല്‍ തീ കൊളുത്തി അത് ജൂതന്മാരുടെമേല്‍ ആരോപിച്ച് അവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടിയ ആര്യപുത്രന്റെ ഒരു വെടിക്കു രണ്ടു പക്ഷി നയം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ത്ഥം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ സംഘ് പരിവാര്‍ ഭീകരരുടെയും ഉന്നതങ്ങളിലിരിക്കുന്നവരുടെയും ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ വെളിവാകുന്നത്. ഇവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇന്നത്തെ അധികാര വ്യവസ്ഥയില്‍ തന്നെ ഇത്രയും കാര്യങ്ങള്‍ വെളിവാകുമ്പോള്‍ ഇനിയും വെളിവാകാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബോംബ് സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും മുഖ്യ അജണ്ടയായി തിരഞ്ഞെടുപ്പിനെ നേരിടാനിരുന്ന ബി.ജെ.പിക്കേറ്റ തിരിച്ചടിയാണിത്.
ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കി വിമോചന ദൈവശാസ്ത്ര പരികല്‍പനയില്‍ വായിക്കുകയും ഇസ്ലാമിനെ പൊതു സമൂഹത്തില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നിടത്താണ് മുസ്ലിം സമുദായത്തിന്റെ ഭാവി വിജയം നിലകൊള്ളുന്നത്.

ഡോ: പി.എ. അബൂബക്കര്‍

You must be logged in to post a comment Login