എഴുത്തിലെ കലാത്മകത

എഴുത്തിലെ കലാത്മകത

കലോസ്(Kallos), ഗ്രാഫൈന്‍(Graphein) എന്നീ പദങ്ങളില്‍ നിന്നാണ് കാലിഗ്രഫി ഉത്ഭവിച്ചത്. കലോസ് എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം മനോഹരം എന്നാണ്. ഗ്രാഫൈന്‍ എന്നാല്‍ എഴുത്ത് എന്നുമാണ്. അക്ഷരങ്ങള്‍ കൂടുതല്‍ മനോഹരമായും കലാത്മകമായും ക്രമീകരിക്കുന്നതിനാണ് കലിഗ്രഫിയെന്ന് പറയുന്നത്. ഇന്ന് എല്ലാ ഭാഷയിലും കലിഗ്രഫിയുണ്ടെങ്കിലും അറബി ഭാഷയിലാണ് കലിഗ്രഫിയുടെ തുടക്കം. അറബി ഭാഷയുടെ സൗന്ദര്യം കലിഗ്രഫിയിലും പ്രകടമാണ്. ഏറ്റവും ആകര്‍ഷകവും സൗന്ദര്യാത്മകമായ രൂപത്തില്‍ അക്ഷരങ്ങള്‍ വിന്യസിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും ഈ സാങ്കേതികവികാസത്തിന്റെ കാലത്ത് പറഞ്ഞറിയിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ അറബികളുടെ കഴിവും താല്‍പര്യവും പ്രസിദ്ധമാണ്. മനോഹരമായ വിധത്തില്‍ അക്ഷരങ്ങള്‍ വിന്യസിക്കുന്നതിനെ നബി(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മുആവിയ(റ) പറയുന്നു: ഖുര്‍ആന്‍ എഴുതുന്നതിന്റെ നിയമങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: ഓ മുആവിയ, വളരെ കൃത്യമായ രൂപത്തില്‍ മഷിക്കുപ്പിയില്‍ മഷി നിറക്കുക. പേനയുടെ അഗ്രം മൂര്‍ച്ച കൂട്ടുകയും ചെയ്യുക. ബിസ്മില്ലാ എന്നതിലെ ബി പ്രാധാന്യത്തോടെ എഴുതുക. സീന്‍ന്റെ അഗ്രങ്ങള്‍ മനോഹരമാക്കുകയും മീമിന്റെ കണ്ണുകള്‍ തെറ്റിക്കാതിരിക്കുകയും വേണം. അല്ലാഹു എന്ന പദം ഭംഗിയോടെ എഴുതുക. അര്‍റഹ്മാന്‍ എന്നതിലെ നൂനിനെ നീട്ടിവരക്കുക. റഹീം എന്ന പദവും മനോഹരമാക്കുക. പേന ഓര്‍മിക്കത്തക്കവിധം നിങ്ങളുടെ വലത്തെ ചെവിയുടെ പിന്നില്‍ വെക്കുക(കന്‍സുല്‍ജമാല്‍ പേ. 486).

ഒരിക്കല്‍ അലി(റ) ബിസ്മില്ലാഹ് എന്നെഴുതുന്ന വ്യക്തിയെ ഉപദേശിച്ചു. ഏറ്റവും മനോഹരമായി മാത്രം എഴുതുക. അതു കാരണമായി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ താങ്കളുടെ മേല്‍ ഉണ്ടാകുകയും നിങ്ങള്‍ക്ക് തെറ്റുകള്‍ പൊരുത്തപ്പെടുകയും ചെയ്യുന്നതാണ്(കന്‍സുല്‍ജമാല്‍). ഈ ഹദീസ് വാക്യങ്ങള്‍ സൂചിപ്പിക്കുന്നത് കലിഗ്രഫിക് രചനയുടെ മതപരമായ പ്രാധാന്യവും പ്രസക്തിയുമാണ്. പ്രശസ്തനായ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ ത്വാഹാ ഹുസൈന്റെ വാക്കുകള്‍ ഇങ്ങനെയാണ്: വായനയുടെ രീതിശാസ്ത്രത്തെ കുറിച്ച് നാം കൂടുതല്‍ പഠിക്കേണ്ടതുണ്ട്. മനോഹരമായി എഴുതപ്പെട്ടത് കൂടുതല്‍ വായിക്കപ്പെടുന്നു.

കലിഗ്രഫി എന്ന കലയുടെ പ്രചാരകരും പ്രയോക്താക്കളും മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. മറ്റു മതസ്ഥരും ചിന്തകന്മാരും ചിത്രകാരന്മാരും കലിഗ്രഫിയുടെ പ്രചാരകരായിട്ടുണ്ട്. ഇസ്‌ലാമിക് കലയില്‍ നിന്ന് അറബി സംസാരിക്കുന്ന എല്ലാവരുടെയും കലയായി കലിഗ്രഫി മാറുകയുണ്ടായി. ഖുര്‍ആന്‍ രചനയില്‍നിന്നാരംഭിച്ച്പിന്നീട് ഒരു അക്കാദമിക് വിഷയമായി കലിഗ്രഫി മാറി. കാഴ്ചയുടെ മനോഹരമായ വിരുന്നായി പരിണമിച്ച കലിഗ്രഫിയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ചിത്ര ലോകത്തിലെ കുലപതിയായ പാബ്ലോ പിക്കാസോ അറബിക് കലിഗ്രഫിയെ ഏറെ അത്ഭുതകരമായ കലയായിട്ടാണ് വിശേഷിപ്പിച്ചത്.

ഇസ്‌ലാമിക് കലിഗ്രഫിയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ രചനാവഴിയില്‍ പ്രയാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ചിത്രകലയുടെ ഉയര്‍ന്ന പാദങ്ങളിലെത്താന്‍ ഏറെ അധ്വാനിക്കേണ്ടി വന്നിട്ടുണ്ടെന്നും പിക്കാസോ പറയുന്നു. കലിഗ്രഫിയുടെ കാലപ്പഴക്കത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഖൗൃഴലി ംമശൊ ളൗലിഴലി ന്റെ ഠവല അൗ്മ ീള അൗുവ ഠവല മൃ േീള ംൃശശേിഴ ശി കഹെമാ എന്ന ഗ്രന്ഥത്തില്‍ പിക്കാസോയടക്കമുള്ളവരുടെ കലിഗ്രഫിയുടെ നിരീക്ഷണങ്ങളും അറബി അക്ഷരവിന്യാസത്തിന്റെ മൗലികനിയമങ്ങളും വിവരിക്കുന്നുണ്ട്. 2010ല്‍ ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിച്ച ഈ പുസ്തകം അറബിക് കലിഗ്രഫിയെകുറിച്ചുള്ള ആധികാരിക രചനയാണ്.

അുുഹല കമ്പനികളുടെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും ഇസ്‌ലാമിക് കലിഗ്രഫിയെകുറിച്ച് പറയുന്നുണ്ട്. സ്റ്റീവ് ജോബ്‌സ് തന്റെ കരിയര്‍ ആരംഭിക്കുന്നത് ജോമട്രിയിലും കലിഗ്രഫിയിലും പ്രചോദനം ഉള്‍കൊണ്ടാണ്. കലിഗ്രഫി വര്‍ക്‌ഷോപ്പുകളിലെ ക്ലാസുകളാണ് അുുഹല ന് ആകര്‍ഷകമായ രൂപം നല്‍കിയത്. ഒരു കലിഗ്രഫിക് ക്ലാസും ഉപേക്ഷിക്കാതെ പങ്കെടുക്കുക എന്നത് തന്റെ ശീലമായിരുന്നുവെന്ന് പറയുന്ന ആപ്പിള്‍ സ്ഥാപകന്‍ കലിഗ്രഫിക് മേഖലയിലെ ഇസ്‌ലാമിന്റെ സംഭാവനകള്‍ ഏറെ മികച്ചതാണെന്നും വിലയിരുത്തുന്നുണ്ട്(ടലേ്‌ല ഷീയനൈക്കുറിച്ച് 2011ല്‍ ണമഹലേൃ കരമരരീെി രചിച്ച കുറിപ്പില്‍നിന്ന്).

ഇസ്‌ലാമിനെ കുറിച്ചും പ്രവാചകന്‍(സ്വ)യെ കുറിച്ചും നിരവധി രചനകള്‍ നടത്തിയ മാര്‍ട്ടിന്‍ ലിംഗ്‌സ് ഖുര്‍ആന്റെ അമാനുഷികതക്കൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഖുര്‍ആനിലെ അക്ഷരങ്ങളുടെ ക്രമീകരണ രീതിശാസ്ത്രം എന്ന് നിരീക്ഷിക്കുന്നു. ഇസ്‌ലാമിക് കലിഗ്രഫിയുടെ അനന്തമായ വ്യാപനവും അതിന്റെ അറബികള്‍ക്കിടയിലെ സ്വീകാര്യതയും അദ്ദേഹത്തിന്റെ പഠനത്തില്‍ വിഷയീഭവിക്കുന്നുണ്ട്. വായനയെ ജനകീയവത്കരിക്കുകയായിരുന്നു കലിഗ്രഫിയിലൂടെ ഇസ്‌ലാം.

വ്യത്യസ്ത തരം അറബി കലിഗ്രഫി രചനകള്‍കൊണ്ട് സമ്പന്നമായ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വാ നിര്‍മിക്കുന്നവര്‍ക്കും രചനകള്‍ നിര്‍വഹിക്കുന്ന അറബി കാലിഗ്രഫര്‍മാര്‍ക്കും ഏറെ വിലയേറിയ പാരിതോഷികങ്ങള്‍ ആണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക് ഭരണത്തില്‍ കലിഗ്രഫി രചനകള്‍ക്കുവേണ്ടിയും ധാരാളം പണം ചെലവഴിച്ചിരുന്നതായി കാണാം. അബ്ബാസിയ ഭരണകാലത്ത് കലിഗ്രഫിയുടെ പ്രചാരണത്തിന് വേണ്ടി മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. മുസ്‌ലിം ഭരണാധികാരികള്‍ നല്‍കിയ പ്രാധാന്യം കാരണമാണ് മറ്റു ഭാഷയിലെ കലിഗ്രഫിക് കലയെക്കാള്‍ അറബി കലിഗ്രഫി മികച്ചുനിന്നത്.

ഖുര്‍ആന്‍ എഴുതിവെക്കുന്നത് വ്യാപിക്കുന്നതോടെയാണ് അറബിക് കലിഗ്രഫിക്ക് പുതിയ മുഖം വന്നത്. ഖുര്‍ആന്‍ എഴുത്ത് ഒരു ആരാധനയായി കണ്ട മുസ്‌ലിംകള്‍ ആരാധനാലയങ്ങളുടെയും മറ്റും ചുമരുകള്‍ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. അറബിക് സ്വരങ്ങള്‍ക്ക് അറബിക് കലിഗ്രഫിയിലൂടെ ആകര്‍ഷകമായ രൂപം കൈവരുകയായിരുന്നു.

അറബിക് കലിഗ്രഫിയുടെ ഉദ്ഭവവും പ്രചാരണവും വികാസവും അറബികളുടെ സവിശേഷമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. പൊതുവെ യാത്രാപ്രിയരായ അറബികള്‍ക്ക് അവരുടെ രചനാരീതിയില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടിവന്നില്ല. ദേശാടന കാലത്ത് ഓരോ ദേശത്തുനിന്ന് ലഭിക്കുന്ന ശൈലികള്‍ തങ്ങളുടെ നിര്‍മിതികളിലേക്ക് അവര്‍ ചേര്‍ക്കുകയുണ്ടായി.

ഒന്നാമത്തെ അറബി രചനാ മാതൃകയാണ് അറബിക് മുസ്‌നദ്. ഭാഷകളും മൊഴികളും അക്ഷരങ്ങളും വ്യാപകമാവുന്നതിന് മുമ്പുതന്നെ പ്രചാരത്തില്‍വന്നതാണ് അറബിക് മുസ്‌നദ്. ദക്ഷിണ അറേബ്യന്‍ രാജ്യമായ യമനില്‍നിന്ന് ബി സി 500ല്‍ രൂപംകൊണ്ട മുസ്‌നദായിരുന്നു എ ഡി ആറാംനൂറ്റാണ്ടുവരെയുണ്ടായിരുന്നത്. കനാന്‍ ലിപിയോടും നബാത്തിയന്‍ ലിപിയോടും സാദൃശ്യമുള്ള ഈ എഴുത്തുരീതി, ആധുനിക അറബിക് മാതൃകകളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. എ ഡി ഏഴാം നൂറ്റാണ്ട് ആകുമ്പോള്‍ അറബിക് കലിഗ്രഫി വിഭിന്നമായ രൂപത്തിലേക്ക് വികസിച്ചുതുടങ്ങിയിരുന്നു. അറബി കലിഗ്രഫിക് ഘടനകള്‍ മറ്റു ഭാഷകളിലേക്ക് ഏഴാം നൂറ്റാണ്ടില്‍തന്നെ പരാഗണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ആറ് രീതിയിലുള്ള രചനാ ശൈലികളാണ് കലിഗ്രഫിക്കുള്ളത്. കൂഫിയ്യ്, തുലൂത്ത്, നസ്ഖ്, ഫാര്‍സി, ജീവാനി, റുഖഅ് എന്നീ ആറ് രീതിയില്‍ ഈ കാലിഗ്രഫിക് മാതൃകകള്‍ നിലവിലുണ്ട്. അറബിക് കാലിഗ്രഫിയുടെ പ്രസക്തിയും സൗന്ദര്യവും വ്യക്തമാക്കിക്കൊണ്ടുള്ള രചനാ മത്സരങ്ങളും ഇന്നും നടന്നുവരുന്നുണ്ട്. 2016 മുതല്‍ എസ് എസ് എഫ് സാഹിത്യോത്സവിലെ മത്സരയിനമായി അറബിക് കലിഗ്രഫി ഇടം പിടിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളിലും അറബിക് കാലിഗ്രഫി ഒരു മത്സരയിനമാക്കേണ്ടതുണ്ട്.

മുഹമ്മദ് ഹാരിസ് കൊമ്പോട്‌

You must be logged in to post a comment Login