ആ രാത്രി പുലരാന്‍ ഇനിയെത്ര ആണ്ടുകൾ

ആ രാത്രി പുലരാന്‍ ഇനിയെത്ര ആണ്ടുകൾ

ഈസ്റ്റ് ഇന്ത്യാ കമ്പനിയായെത്തിയ ബ്രിട്ടീഷ് രാജാധികാരമായ ആധിപത്യത്തെ ഇല്ലാതാക്കിയതാണ് ഇന്ത്യന്‍ യൂണിയന്റെ ചോരവാര്‍ന്ന സ്വാതന്ത്ര്യം. നമ്മുടെ പ്രദേശത്തിന്റെ നല്ലതും ചീത്തയും നമുക്ക് തന്നെ തീരുമാനിക്കാനുള്ള അധികാരം കൈകളിലേക്ക് കിട്ടിയെന്ന് ചുരുക്കം. സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അത്രത്തോളം വിശാലമാകാതിരുന്ന കാലത്ത്, സ്വന്തം കാര്യം തീരുമാനിക്കാനുള്ള ഒരു ജനതയുടെ അധികാരമെന്നത് ഒരു പരിധിവരെ ചൂഷണത്തില്‍ നിന്നുള്ള മോചനമായിരുന്നു. ഇന്ത്യന്‍ യൂണിയനായും പാകിസ്ഥാനായും 1947 ആഗസ്റ്റ് 14 മുതല്‍ അറിയപ്പെട്ട വലിയ പ്രദേശത്തെയും അവിടുത്തെ വിഭവങ്ങളെയും ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കിയിരുന്നവര്‍ ഇല്ലാതായി. കച്ചവടത്തിന്റെ പേരിലും അധികാരമുറപ്പിക്കലിന്റെയും അതിന്റെ നിലനില്‍പിന്റെയും പേരിലും നടത്തിയ കൊടിയ ക്രൂരതകളില്‍ നിന്നുള്ള മോചനമായി. ആധിപത്യമുറപ്പിക്കുന്നതിന്, മതത്തിന്റെ പേരില്‍ ജനത്തെ ഭിന്നിപ്പിച്ച് നിര്‍ത്തുക എന്ന തന്ത്രം വിജയിക്കുകയും രാജ്യം രണ്ടാകുകയും ചെയ്ത സ്വാതന്ത്ര്യം.

കച്ചവടത്തിനും സാമ്പത്തിക അധികാരത്തിനും വേണ്ടിയുള്ള അധിനിവേശ ശ്രമങ്ങള്‍, വര്‍ഗ – വംശ ചേരിതിരിവുകളെ മൂര്‍ച്ഛിപ്പിച്ച് അധിനിവേശത്തിന് അരങ്ങൊരുക്കുന്ന കാഴ്ച, അതിക്രൂരമായ ആക്രമണങ്ങളിലൂടെ ആയിരങ്ങളുടെ ജീവന്‍ പൊലിച്ച് നേടിയെടുക്കുന്ന ആധിപത്യം ഒക്കെ പലകുറി ആവര്‍ത്തിച്ചത്, സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്കിടെ നമ്മള്‍ കണ്ടു. അത്തരം അധിനിവേശങ്ങളെ അംഗീകരിക്കാത്ത ജനാധിപത്യത്തില്‍ നിന്ന്, അതില്‍ വലിയ തെറ്റില്ല എന്ന ജനാധിപത്യത്തിലേക്ക്, അധിനിവേശങ്ങള്‍ പലതും അംഗീകരിക്കപ്പെടേണ്ടതാണെന്ന ജനാധിപത്യത്തിലേക്ക് നമ്മള്‍ വളര്‍ന്നു. ചൂഷണത്തിന് ഇരയാകുന്നവരോട് അനുഭാവമുണ്ടെന്ന തോന്നലുളവാക്കുമ്പോള്‍ തന്നെ ചൂഷകരായ അധിനിവേശക്കാരുടെ തോളില്‍ കൈയിടുന്നതാണ് ജനാധിപത്യമെന്ന കാപട്യത്തിലേക്ക് വൈകാതെ ചാഞ്ഞു. ആഭ്യന്തര അധിനിവേശത്തിലൂടെ ഭൂരിപക്ഷ വിഭാഗത്തിന്റെ ഇംഗിതങ്ങള്‍ അടിച്ചേല്‍പിക്കുന്നതാണ് ജനാധിപത്യമെന്ന വ്യാഖ്യാനം ശരിവെക്കുന്ന കാലത്തിലേക്ക് എത്തി. ഭൂരിപക്ഷ വിഭാഗത്തിന്റെ ഇംഗിതങ്ങള്‍ എന്ന പേരില്‍, അവരെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വര്‍ഗീയ – ഫാഷിസ്റ്റ് ആശയക്കാരുടെ നിര്‍ണയങ്ങളെ ചോദ്യംചെയ്യാന്‍ മടിക്കുന്ന ജനാധിപത്യം സ്വീകാര്യമായി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തെ ചോദ്യംചെയ്ത ജനതക്ക്, ഭരണകൂടത്തിന്റെ നടപടികളെ ചോദ്യംചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് ബോധ്യപ്പെടുന്ന ജനാധിപത്യം പുലര്‍ന്നു.
എഴുപതാണ്ട് പൂര്‍ത്തിയാകുമ്പോള്‍, നമ്മള്‍ തെരഞ്ഞെടുക്കുന്ന നമ്മുടെ ഭരണസംവിധാനം നമുക്ക് ഉറപ്പാക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചതൊന്നും ഫലം കണ്ടില്ലെന്ന് വിലയിരുത്തേണ്ടിവരും. എല്ലാവര്‍ക്കും സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പത്ത് വര്‍ഷത്തെ കാലപരിധിയാണ് ഭരണഘടന വെച്ചത്. പതിനാല് വയസ്സുവരെ വിദ്യാഭ്യാസം അവകാശമാക്കി നിയമം കൊണ്ടുവരാന്‍ സ്വാതന്ത്ര്യത്തിന് അറുപത് വയസ്സാകേണ്ടിവന്നു. നിയമം ഇപ്പോഴും പൂര്‍ണ തോതില്‍ പ്രാബല്യത്തിലായിട്ടില്ല. ദാരിദ്ര്യ നിര്‍മാര്‍ജനം പലകുറി ലക്ഷ്യമായി. ദാരിദ്ര്യത്തിന്റെ സര്‍ക്കാര്‍ നിര്‍വചനം മാറ്റിയും തിരുത്തിയും എണ്ണം കുറക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിട്ടൊടുവില്‍ ദരിദ്രരുടെ, ഭവനരഹിതരുടെ, ഭൂരഹിതരുടെ എണ്ണമെത്ര എന്ന് പോലും അറിയാതെ നില്‍ക്കുന്നു എഴുപതാണ്ട് പിന്നിടുന്ന സ്വതന്ത്ര രാജ്യം.

നാട്ടുരാജ്യങ്ങളുമായി കച്ചവടത്തിന് കരാറുണ്ടാക്കിയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തുടക്കം. കമ്പോളത്തിലെ അധികാരം, രാജ്യാധികാരമായി മാറാന്‍ അധികം വര്‍ഷങ്ങള്‍ വേണ്ടിവന്നില്ല. കമ്പോളത്തിന്റെ അധികാരം കുത്തകകള്‍ക്ക് കൈമാറുന്ന ദല്ലാളുമാരായി അധികാരം കൈയാളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുകയും അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ നിയമവ്യവസ്ഥകള്‍ മാറുകയും അവരുടെ ചൂഷണത്തിന് പാകത്തില്‍ ജനത്തിന്റെ അവകാശങ്ങള്‍ പരിമിതപ്പെടുകയും ചെയ്യുന്നു സ്വാതന്ത്ര്യത്തിന് എഴുപത് വയസ്സാകുമ്പോള്‍. 1943ല്‍ 30 ലക്ഷം പേരുടെ ജീവനെടുത്ത കൊടിയ ക്ഷാമത്തിലേക്ക് ബംഗാളിനെ നയിച്ചത് കമ്പോളത്തില്‍ നിന്ന് കൊള്ളലാഭമെടുക്കാന്‍ മാത്രം തുനിഞ്ഞ ഭരണകൂടത്തിന്റെ നടപടികള്‍ കൂടിയായിരുന്നു. സംഭരിച്ച ഭക്ഷ്യവസ്തുക്കളുടെ, സമതുലിതമായ വിതരണം ഉറപ്പാക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാറിന് തോന്നിയില്ല. ഉത്പന്നങ്ങള്‍ ശേഖരിച്ച് പൂഴ്ത്തിവെച്ചാല്‍ കൊള്ളലാഭമുണ്ടാക്കാമെന്ന് കുത്തകകള്‍ തീരുമാനിച്ചു. പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോഴും ഇളക്കമുണ്ടായില്ല ഇവര്‍ക്ക്. അതേ മനോഭാവമുണ്ട് ഇപ്പോഴത്തെ ഭരണകൂടങ്ങള്‍ക്കും കമ്പോളത്തെ നിയന്ത്രിക്കുന്ന കുത്തകകള്‍ക്കും. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കൂടുമ്പോള്‍, അന്നന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്നവരുടെ എണ്ണം കുറയാതിരിക്കുമ്പോള്‍, ചെറുകിട – ഇടത്തരം വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ ഇല്ലാതാകുകയും ലക്ഷങ്ങള്‍ തൊഴില്‍ രഹിതരാകുകയും ചെയ്യുമ്പോള്‍ ഭരണകൂടത്തിന് മനസ്സിളകാതിരിക്കുന്നത് അതുകൊണ്ടാണ്, ഇതാണ് ലാഭമുണ്ടാക്കാനുള്ള അവസരമെന്ന് കുത്തക കമ്പനികള്‍ തീരുമാനിക്കുന്നത് അതുകൊണ്ടാണ്.

സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടിന് ശേഷവും ഉച്ചനീചത്വവും അയിത്തവും തുടരുന്നു. ജാത്യാഭിമാനം സംരക്ഷിക്കാന്‍ ജീവനെടുക്കാന്‍ തീരുമാനിക്കുന്ന പ്രാകൃത ‘ഖാപ്’ കോടതികള്‍ തുടരുന്നു പലേടത്തും. അതിനെ എതിര്‍ക്കാന്‍ ത്രാണിയില്ലാതെ പതറി നില്‍ക്കുന്നു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഈ വ്യവസ്ഥയില്‍ മനംനൊന്ത് ജീവനൊടുക്കേണ്ടി വരുന്നു രോഹിത് വെമുലമാര്‍ക്ക്. സ്വയം തീരുമാനമെടുക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം നല്‍കിയത് എന്ന് ആഘോഷിക്കുമ്പോഴും സ്വയം തീരുമാഠനമെടുക്കാന്‍ അധികാരമുണ്ടാകുമെന്ന വാഗ്ദാനം നിരാകരിച്ച് ഒരു ജനതയെ മുഴുവന്‍ ഭീകരവാദികളോ അവരെ പിന്തുണക്കുന്നവരോ ആക്കി രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ സൈന്യത്തെ നിയോഗിക്കുന്നു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കി ജനതയെ അടിച്ചമര്‍ത്തുന്നു. പ്രത്യേക അധികാരം പ്രയോജനപ്പെടുത്തി സൈന്യം നടത്തിയ കൊലയും ബലാത്സംഗങ്ങളും നിയമവിധേയമാണെന്ന് വാദിക്കാന്‍ മടി കാട്ടുന്നില്ല ഭരണകൂടം. നിരപരാധികളെ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയും അതിന് വഴിയൊരുക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുകയും ചെയ്യുന്നു സ്വതന്ത്രരാജ്യം.
മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് അധികാരം ഉറപ്പിച്ച സാമ്രാജ്യത്വം, സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങിയവരില്‍ കൂടി മതത്തിന്റെ അണുബാധയുണ്ടാക്കി. അതിന്റെ തുടര്‍ച്ചയെന്നോളം സ്വാതന്ത്ര്യ പ്രസ്ഥാനം തീവ്ര – മൃദു ഹിന്ദുത്വ വാദികളുടെ താവളമാകുകയും അവര്‍ തന്നെ ദ്വിരാഷ്ട്ര വാദം ഉയര്‍ത്തുകയും ചെയ്തപ്പോള്‍ പ്രത്യേക രാഷ്ട്രമെന്ന വാദം അന്നത്തെ മുസ്‌ലിം ലീഗ് സജീവമാക്കി. അന്നുമുതലിന്നോളം വിഭജനത്തിന്റെ ഉത്തരവാദിത്തം രാജ്യത്തെ മുസ്‌ലിംകളുടെ മാത്രം ബാധ്യതയായി. വിഭജനനാന്തരം ഇന്ത്യയില്‍ ഉറച്ചുനിന്ന മുസ്‌ലിംകളെ വിഭജനത്തിന്റെ ഉത്തരവാദികളായി നിര്‍ത്താന്‍ ഹിന്ദുത്വ ശക്തികള്‍ ബോധപൂര്‍വം ശ്രമിച്ചു. വോട്ടുറപ്പിക്കാന്‍ മൃദുഹിന്ദുത്വം കളിച്ച കോണ്‍ഗ്രസ് ഹിന്ദുത്വ ശക്തികളുടെ പ്രചാരണത്തിന് പരോക്ഷ സാധൂകരണവും നല്‍കി. എണ്ണ സമ്പത്തില്‍ കണ്ണുവെച്ച് അമേരിക്കന്‍ സാമ്രാജ്യത്വം ‘മുസ്‌ലിം ഭീകരത’ സൃഷ്ടിച്ച് വളര്‍ത്തിയപ്പോള്‍ അതിന്റെ ചുവടുപിടിക്കാനും ഇന്ത്യന്‍ യൂണിയനുണ്ടായി. ഭീകരരെന്ന സംശയത്തിന്റെ നിഴലിലേക്ക് മുസ്‌ലിംകളെയാകെ നീക്കി നിര്‍ത്തി, ആ വലിയ പ്രചാരണം. കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച വര്‍ഗീയ കലാപങ്ങള്‍- അതില്‍ തന്നെ ചിലത് വംശഹത്യാശ്രമത്തോളം വളര്‍ന്നു- രാജ്യത്തിന്റെ പൊതുധാരയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ അകറ്റിനിര്‍ത്തപ്പെടുകയോ സ്വയം അവര്‍ അകലുകയോ ചെയ്തു. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഈ അന്യവത്കരണത്തിന്റെ ആക്കം കൂട്ടി. ഇതെല്ലാം തീവ്ര ഹിന്ദുത്വ വാദികളുടെ അധികാരത്തിലേക്കുള്ള പാത സുഗമമാക്കിയപ്പോള്‍, ഹിന്ദു രാഷ്ട്ര സ്ഥാപനം വൈകില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ, മതേതര, റിപ്പബ്ലിക്കെന്ന ഭരണഘടനാ വാഗ്ദാനം തിരുത്തിയെഴുതപ്പെടുന്ന കാലം അകലെയല്ലെന്നത് ഭീതി മാത്രമല്ലാതായിരിക്കുന്നു.

സ്വാതന്ത്ര്യമെന്നത് ഹിന്ദു രാഷ്ട്ര വാദികളുടേത് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതാണ് നിലവിലെ സാഹചര്യം. ഭക്ഷണത്തിന്, ഉപജീവന മാര്‍ഗം തേടുന്നതിന്, വസ്ത്രധാരണത്തിന്, സഞ്ചരിക്കുന്നതിന് ഒക്കെയുള്ള സ്വാതന്ത്ര്യം അവരുടെ സൗജന്യമായി മാറിയിരിക്കുന്നു. മൗലികാവകാശങ്ങളൊക്കെ റദ്ദാക്കിക്കൊണ്ട് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം സിഖുകാര്‍ ആവശ്യപ്പെട്ടത് വിഘടനവാദമായി ചിത്രീകരിച്ച്, നിയമവിരുദ്ധമായ കൊലകള്‍ നടത്തിയും കേന്ദ്ര ഭരണത്തിന്റെ ഇംഗിതങ്ങളാണ് രാജ്യത്ത് നടക്കേണ്ടത് എന്ന സന്ദേശം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തന്നെ രാജ്യത്തിന് നല്‍കിയിരുന്നു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അരങ്ങേറിയ സിഖ് വംശഹത്യയും അതേച്ചൊല്ലിയുണ്ടായ കേസുകളുടെ അട്ടിമറിയും അത്തരം ശ്രമങ്ങള്‍ക്ക് രാജ്യത്ത് സാധ്യതയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായി മാറി. വന്‍മരം വീഴുമ്പോള്‍ അതിന് താഴെയുള്ള പുല്‍ക്കൊടികള്‍ ഇല്ലാതാകുക സ്വാഭാവികമെന്ന സിദ്ധാന്തം അവതരിപ്പിച്ച കോണ്‍ഗ്രസ്, പിന്നീട് ഹിന്ദുത്വവാദികളുടെ തേര്‍വാഴ്ചക്ക് ഉതകുന്ന സിദ്ധാന്തം ഒരുക്കിക്കൊടുക്കുകയായിരുന്നു.

ചോര വാര്‍ന്നുകൊണ്ട്, ഇന്ത്യന്‍ യൂണിയന്‍ സമ്പാദിച്ച സ്വാതന്ത്ര്യം പലമുഖങ്ങളില്‍ ചോരവാര്‍ത്തുകൊണ്ട് പരിമിതമായെങ്കിലും നിലനില്‍ക്കുന്നുവെന്നതാണ് എഴുപതാണ്ടിന്റെ ചരിത്രം. പരിമിതമായ ആ സ്വാതന്ത്ര്യം പോലും ഇല്ലാതാക്കും വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ സമര സേനാനികളൊക്കെ തങ്ങളുടെ സ്വന്തമായിരുന്നുവെന്ന് വരുത്തിത്തീര്‍ത്ത്, 1947ലെ സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വം പോലും തങ്ങള്‍ക്കാണെന്ന മിഥ്യാധാരണ സൃഷ്ടിച്ച് ചരിത്രം തിരുത്തിയെഴുതാനും അതിനെ ആധാരമാക്കി, തങ്ങള്‍ മുന്നോട്ടുവെക്കുന്നത് മാത്രമാണ് ദേശീയതയും രാജ്യസ്‌നേഹവുമെന്ന് വരുത്താനും ശ്രമം നടക്കുന്നു. അതിനെ ചെറുക്കാനോ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഇതല്ലെന്ന് പറയാനോ ത്രാണിയില്ലാത്തവരായി ജനതയില്‍ ഭൂരിപക്ഷം മാറിയിരിക്കുന്നു.
മുപ്പത് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ബംഗാള്‍ ക്ഷാമത്തിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അതിലെ പങ്കാളിത്തത്തെക്കുറിച്ചും ആര്‍ എസ് എസ് നേതാവ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ”സമൂഹത്തിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയില്‍ ആരെയും കുറ്റപ്പെടുത്താന്‍ സംഘം തയ്യാറല്ല. ജനം മറ്റുള്ളവരെ പഴിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് തന്നെയാണ് അടിസ്ഥാന പ്രശ്‌നമെന്ന് മനസ്സിലാക്കണം. ദുര്‍ബലര്‍ നേരിടേണ്ടിവരുന്ന അനീതിക്ക് കരുത്തരെ പഴിക്കുന്നത് വിഡ്ഢിത്തമാണ്…. വലിയ മത്സ്യം ചെറുതിനെ വിഴുങ്ങുന്നതിന് വലിയ മത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ഭ്രാന്താണ്.”

എഴുപതാം വയസ്സില്‍ നമ്മുടെ സ്വാതന്ത്ര്യം എത്തിനില്‍ക്കുന്നത് ഗോള്‍വാള്‍ക്കറുടെ ഈ വാക്കുകളിലാണ്. കരുത്തരെ പഴിക്കുന്നത് വിഡ്ഢിത്തമാണെന്ന ബോധ്യം ഏറെക്കുറെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വലിയ മത്സ്യങ്ങള്‍ ചെറുതിനെ വിഴുങ്ങുന്നതും സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിയുന്ന കാലം. അര്‍ഹിക്കുന്നത് അതിജീവിക്കുമെന്ന ഫാഷിസ്റ്റ് സിദ്ധാന്തമാണ് പ്രയോഗത്തിലാകേണ്ടത് എന്ന് വിചാരിക്കുന്ന ഭരണകൂടം വലിയ പ്രയാസം കൂടാതെ ആധിപത്യമുറപ്പിക്കുന്ന കാലം. അതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് പ്രചരിപ്പിക്കപ്പെടുകയും ആ പ്രചാരണം തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്യുന്ന കാലം.

1947 ആഗസ്റ്റ് 14ന് അര്‍ധരാത്രി ഇന്ത്യന്‍ യൂണിയന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടുമ്പോള്‍ ആ വാക്കിനുണ്ടായിരുന്ന അര്‍ത്ഥമല്ല ഇപ്പോഴുള്ളത്. അത് പല രൂപത്തില്‍ വിശാലമായിരിക്കുന്നു. അതുപോലെ തന്നെ പരിമതപ്പെടുത്തപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ആ രാത്രി പുലരാന്‍ 70 ആണ്ട് പോരാതെ വന്നിട്ടുണ്ട് ഇന്ത്യന്‍ ജനതയെ സംബന്ധിച്ച്, വെളിച്ചം വീഴാതിരിക്കാനുള്ള ശ്രമങ്ങളാണ് എഴുപതാം വയസ്സില്‍ നടക്കുന്നത്.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login