അകല്‍ച്ചയോട് ലാല്‍സലാംഅകല്‍ച്ചയോട് ലാല്‍സലാം

അകല്‍ച്ചയോട് ലാല്‍സലാംഅകല്‍ച്ചയോട് ലാല്‍സലാം

കലണ്ടര്‍ വില്‍പന ഒരു കലയാണ്! മിക്കവാറും മതകലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഈ കലാഭ്യാസം ചെയ്യിക്കാറുണ്ട്, സ്ഥാപനാധികൃതര്‍. നല്ലതെന്നോ അല്ലെന്നോ ഉള്ള അഭിപ്രായം ഇപ്പോള്‍ അതേപറ്റി പറയുന്നില്ല. അണ്ടിക്കാടന്‍ കുഴി വഴി കലണ്ടര്‍ വിറ്റ് വിറ്റ് വരികയാണ് പാലക്കാട് ശരീഫും ഞാനും. കവിയാണ് ശരീഫ്. മനോഹരമാണ് അവന്റെ ഭാഷയും ഭാവനയും. ഇന്നവന്‍ ഓസ്‌ട്രേലിയയില്‍ അധ്യാപകനാണ്. അതാ കണ്‍മുന്നില്‍ ഫാറൂഖ് കോളജ് നിവര്‍ന്ന് പരന്ന് കിടക്കുന്നു, വായില്‍ വെള്ളമൂറി! റെഗുലര്‍ കാമ്പസില്‍ പഠിക്കുന്നതിന്റെ ഉന്‍മത്തമായ ലഹരി മേലാകെ നുരഞ്ഞ് പൊന്തി. റെഗുലര്‍ കാമ്പസില്‍ പഠിച്ചാലേ പഠിപ്പ് പഠിപ്പാവൂ എന്നോ മറ്റു കാമ്പസുകളില്‍ പഠിച്ചാല്‍ എന്തോ ഒരു കമ്മി മുഴച്ചു തൂങ്ങും എന്നോ ഒന്നുമില്ല. എങ്കിലും നമ്മുടെയൊക്കെയുള്ളില്‍ നമ്മുടെതായ ചില സ്വകാര്യ അഭീഷ്ടങ്ങള്‍ ഉറങ്ങുന്നുണ്ടാവില്ലേ? ചെറുപ്പത്തില്‍ ദര്‍സില്‍ പഠിക്കാന്‍ പോയി ലീവിന് നാട്ടില്‍ വരുമ്പോള്‍ സമപ്രായക്കാരായ കൂട്ടുകാര്‍ ബുക്കും കുടയുമെടുത്ത് ബസ്റ്റോപ്പിലെ ചീനിമരച്ചോട്ടില്‍ ബസ് കാത്ത് നില്‍ക്കുന്നത് കാണുമ്പോഴും ‘എനിക്കും ഇങ്ങനെ പോവണമായിരുന്നു’ എന്ന് തോന്നിയിട്ടുണ്ട്.കാലങ്ങള്‍ കഴിഞ്ഞ്, ഒടുക്കം എത്തിയത് ഫാറൂഖ് കോളജില്‍ തന്നെ! വര്‍ഷങ്ങള്‍ക്ക് മുമ്പ് കലണ്ടര്‍ വില്‍ക്കാന്‍ കൂടെ വന്ന ശരീഫ് കഴിഞ്ഞകൊല്ലം പഠിച്ചിറങ്ങിയ അതേ ക്ലാസ്സില്‍. ഒരു പക്ഷേ, ശരീഫ് ഇരുന്ന അതേ ബഞ്ചില്‍ അതേ ഉപരിതല വിസ്തീര്‍ണത്തില്‍ ആയിരിക്കും ഞാനും ആസനസ്ഥനായിരിക്കുന്നത്? എത്രയോ തലമുറകള്‍ പഠിച്ചിറങ്ങി, മറ്റെത്രയോ തലമുറകളെ പഠിപ്പിക്കുന്നവരായി മാറിയവരുടെ നിശ്വാസവായുവും ചൂരുപശിമകളും പടര്‍ന്നിരിക്കാവുന്ന ഇടം. പക്ഷെ, മാഷമ്മാരും ടീച്ചര്‍മാരുമാവാന്‍ പോവുന്നതിന്റെ ‘കാര്യപ്പിരാന്തും’ ‘അതിപക്വതയും’ കുഴഞ്ഞ് കലങ്ങിയ കോഴ്‌സാണിതെന്ന് തെളിഞ്ഞുവന്നു. അതിന് റെഗുലര്‍ കാമ്പസിന്റെ അരാജകത്വമോ അരാഷ്ട്രീയത്വമോ ഒന്നുമില്ല. ഫ്‌ളക്‌സിബിലിറ്റി തൊട്ടു തീണ്ടിയിട്ടില്ല. പട്ടാളച്ചിട്ടയിലുള്ള വര/കുറി/തറി/മുറി, ചാര്‍ട്ടുകീറ്, തുന്നിക്കെട്ട്, തെര്‍മോകോള്‍ വെട്ട്, സ്‌പൈറല്‍ ബൈന്‍ഡിംഗ്, ലെസ്സന്‍ പ്ലാന്‍, റെക്കോഡ് സബ്മിഷന്‍, കമ്മീഷന്‍ വരവ്-കുലുമാലിന്റെ ആപ്പീസ്!!! പക്ഷെ അവക്കിടയില്‍ ഒരുപാട് പുതിയ മനുഷ്യരെ പരിചയപ്പെടാനായി. രഞ്ജിത്തും നിസാര്‍ തങ്ങളും, സുബ്രമണ്യനും, മജീദ് ബുഖാരിയും അസ്‌ലമും ഹാരിസുമൊക്കെ കൂട്ടുകാരായി കിട്ടി. കൂട്ടത്തില്‍ ഞാനേറ്റം ശ്രദ്ധിച്ചത് ഹാരിസിനെയാണ്. അവന്റെ പല സംസാരങ്ങളിലും ഭാഷയുടെയും സാഹിത്യത്തിന്റെയും വീര്‍പ്പും വിയര്‍പ്പും എനിക്ക് രുചിക്കാനാകയാല്‍ ഞാനവനോട് ചേര്‍ന്ന് നിന്നു. അവന്റെ വീട്ടിലെ ഒരു സ്ഥിരാതിഥിയായി മാറിയ ഞാന്‍, നേരം പുലരുവോളം കണ്ണിമ വെട്ടാതെ ദെറീദയും ഡീകണ്‍സ്ട്രക്ഷനും ഗുന്തര്‍ഗ്രാസും പൗയ്‌ലോ കൊയ്‌ലോയും എല്ലാറ്റിനുമുപരി ബി. എഡ് കോഴ്‌സ് അന്നന്ന് സ്രവിക്കുന്ന മലിനമായ അസൈന്‍മെന്റുകളുടെ ആത്മാവില്ലായ്മയെപ്പറ്റിയുള്ള ഗീബത്ത് പറച്ചിലുകളുമായി കഴിച്ചു കൂട്ടി. ഡിഗ്രിക്കും പീ. ജിക്കും ഫാറൂഖ് കോളജില്‍ പഠിച്ച, ഒരു ടിപ്പിക്കല്‍ റെഗുലര്‍ സ്റ്റുഡന്റായിരിക്കണം ഈ ഹാരിസ് എന്ന് ഞാന്‍ കണക്ക്കൂട്ടുകയാല്‍  എനിക്ക് നഷ്ടപ്പെട്ട ആ സാഹിത്യമസ്മരമായ റെഗുലര്‍ ജീവിതം ഹാരിസാകുന്ന ഈ സിറിഞ്ച് വഴി ഔട്ട്‌ജെക്റ്റ് ചെയ്‌തെടുത്ത് എന്നിലേക്ക് പടര്‍ത്തിയാലോ എന്നൊരാലോചന എന്നില്‍ സജീവമായി. (ഡിക്ഷ്ണറി പരതിയാല്‍ ഔട്ട്‌ജെക്റ്റ് എന്നൊരു പദം നിങ്ങള്‍ കണ്ടെന്ന് വരില്ല. സിറിഞ്ചിലൂടെ കുത്തിക്കയറ്റി ഒട്ടാകെ പരത്തുന്നതിന് ഇന്‍ജെക്റ്റ് എന്ന് പറയാമെങ്കില്‍, അതുപോലൊരു കുഞ്ഞിപ്പീപ്പയിലൂടെ എല്ലാം വലിച്ചൂറ്റി പുറത്തെടുക്കുന്നതിന് ഔട്ട്‌ജെക്‌റ്റെന്ന് പറയാന്‍ ഒരാളുടെ അടിയാധാരവും നികുതിചീട്ടും ആവശ്യമില്ല!!)റെഗുലര്‍ കാമ്പസിന്റെ അഭാവത്തില്‍ എനിക്ക് എന്തൊക്കെയോ നഷ്ടപ്പെടുകയാല്‍ ഞാനൊരപൂര്‍ണ ജീവിയാണ് എന്ന എന്റെ ഇന്‍ഫീരിയോരിറ്റിയെ, ഹാരിസിന്റെ പങ്കുവെപ്പുകള്‍ ഉടച്ചുപാറ്റി. എന്നാല്‍, ഗൈഡ് വായിച്ചും, സമ്മറി കോരിക്കുടിച്ചും പാരഫ്രൈസ് കുറുക്കിസേവിച്ചും പരീക്ഷ പാസ്സാവുന്നതിനപ്പുറം, ചില ബുജിസാറന്‍മാരുടെ ക്ലാസിലിരുന്നാല്‍ പ്രത്യേകമായ ചിലതു കിട്ടുമായിരുന്നില്ലേ എന്ന എന്റെ ഖേദപ്പാടിനെ ഹാരിസ് കനപ്പെടുത്തി. പക്ഷെ നമ്മളൊന്നാഗ്രഹിക്കുന്നു, നമുക്ക് മുകളിലുള്ളവന്‍ മറ്റൊന്നുദ്ദേശിക്കുന്നു. നല്ലതേതെന്നറിയുന്നവന്‍ അവന്‍മാത്രം. നമുക്ക് നന്നെന്ന് തോന്നുന്നത് ചീത്തയാവാം. നമുക്ക് ചീത്തയെന്ന് തോന്നുന്നത് നല്ലതുമാവാം.ഏതായാലും ട്രൈനിംഗ് കോളജ്,  അധ്യാപനശാസ്ത്രത്തില്‍ വേറിട്ടതും വൈവിധ്യമാര്‍ന്നതുമായ അവബോധങ്ങളുടെ ജാലകം തുറന്നുതന്നു. പഠിപ്പ് പ്രയാസകരമായ കാര്യമാണ,് പഠിതാവിന്റെ കണ്‍കോണില്‍. പഠിക്കുന്നോന്‍ നല്ലോണം കഷ്ടപ്പെടുകയും വേണം. എന്നു കരുതി പഠിപ്പിക്കുന്നവന്‍ പഠിക്കുന്നവനെ കഷ്ടപ്പെടുത്തിയേ തീരൂ എന്നില്ല. പഠിക്കുന്നവന്‍ പലവിധത്തില്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ‘ആ അങ്ങനെ വേണം, ഞാനൊക്കെ അങ്ങനെ പഠിച്ച് വലുതായതാണ്, അനുഭവിക്ക്’! എന്ന് നിരീക്ഷിച്ച് ആ പാവത്തിന്റെ അസ്വസ്ഥതയെ നുണച്ചിറക്കരുത്. എന്നല്ല, പഠനം അനായാസകരവും, ആസ്വാദ്യകരവും/പഠനത്തിനിടെ മുറുകി വരുന്ന വിരസതകളെ രസകരമായി അലിയിക്കുന്ന തന്ത്രവിദ്യകളും, പഠിപ്പിക്കുന്നവന്റെ മായാവലയം കൊണ്ട് ആ വിഷയത്തെയും പള്ളിക്കൂടത്തെ തന്നെയും തുടര്‍പഠനത്തെ പോലും വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്ന’ടിപ്‌സ് ആന്റ് ടെക്‌നിക്‌സ്’ പഠിപ്പിക്കുന്നവന് ഉണ്ടായിരിക്കണം. ആ അര്‍ത്ഥത്തില്‍, തികച്ചും വ്യത്യസ്തമായ ചില ചക്രവാളങ്ങളെയാണ് ട്രെയിനിങ്ങ് കോഴ്‌സ് തുറന്നു തന്നത് എന്നു തന്നെ പറയാം.  ഒറ്റ ക്ലാസ്സ് കൊണ്ട് മനസ്സിലെ ഹെക്ടര്‍ കണക്കിന് വനഭൂമികള്‍ അക്വയര്‍ ചെയ്‌തെടുത്ത് പൂങ്കാവനമാക്കി മാറ്റിയ, കുട്ടികള്‍ ക്ലാസുകളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ സഹിഷ്ണതയോടെ സ്വീകരിച്ച് നിങ്ങളും ഇങ്ങനെയാവണവമെന്ന് പറയാതെ പഠിപ്പിച്ച അവിടത്തെ ഗുരുമാനസങ്ങള്‍ നമ്മെ ഒട്ട് മാറ്റിപ്പണിതിരിക്കണം.എങ്കിലും, അറിവു കൊണ്ടും അദബ് കൊണ്ടും ചതുര്‍ മതിലുകള്‍ തീര്‍ത്ത മതകലാലയത്തില്‍ നിന്നും,  അതിരുകളില്ലാ സ്വാതന്ത്ര്യത്തിന്റെ കോളജ് കാമ്പസിലേക്കെത്തിയപ്പോള്‍ പലേപ്പാഴായി ഞെട്ടിപ്പോയിട്ടുണ്ട്. ഇഹ്‌യാഉസ്സുന്നയിലായിരിക്കുമ്പോള്‍, സുലൈമാന്‍ ഉസ്താദ് സുബ്ഹിക്ക് മുമ്പ് മൂന്ന് മണിക്കെണീക്കുന്നത് കണ്ട് അതുപോലെ ചെയ്യാന്‍ ഉത്സാഹിക്കുന്ന കൊച്ചഹ്‌സനിമാരെ കണ്ട് പരിചയിച്ച എനിക്ക്, ‘സര്‍!  ഞാനൊക്കെയടച്ച ഫീസില്‍ നിന്നാണ് നിങ്ങള്‍ക്ക് ശമ്പളം കിട്ടുന്നതെന്നോര്‍മിച്ചോ’ എന്ന് ഒരു ഗസ്റ്റ്‌സാറോട് ഒരു വിദ്വാന്‍ പറഞ്ഞതറിഞ്ഞ് എന്റെയുള്ളില്‍ ലാവ തിളച്ചു. ഫള്‌ലുസ്താദിന്റെയോ അബ്ദുല്ല ഉസ്താദിന്റെയോ നിഴല്‍ കണ്ടാല്‍ മാറിയും മറഞ്ഞും നിന്ന് ഗുരുവാദരത്തിന്റെ പാരമ്യത പ്രകടിപ്പിക്കുന്നത് കണ്ട് ശീലിച്ച എനിക്ക്, ‘മിസ്സിന്റെ ഔദാര്യമൊന്നും വേണ്ട, എനിക്ക് കിട്ടേണ്ട ഇന്റേണല്‍ എത്രയാന്ന്ച്ചാ അത് തന്നാല്‍ മതി, അത് തന്നിരിക്കുകയും വേണം, ഇല്ലെങ്കില്‍ വിവരമറിയും’ എന്ന് മുഖത്ത് നോക്കിപ്പറയുന്ന സഹപാഠിയെ കണ്ട് ഉള്ളു കാളി! ഇതെന്തൊരു ടീച്ചറും കുട്ടിയും ബാപ്പാ…! വിരൂപിണിയായ വൃദ്ധയുടെ തലനാര് പോലും പുറത്ത് കാണിക്കരുതെന്ന നിഷ്ഠാപാഠം പഠിച്ചിറങ്ങിയ ഞാന്‍ ഇസ്‌ലാമിന്റെ യാതൊരു ശിആറുമില്ലാതെ മാപ്ലച്ചിക്കുട്ടികള്‍ ക്ലാസില്‍ വരുന്നത് കണ്ട് കണ്ണ് പൊത്തി.ഒരുഭാഗത്ത് ആത്മീയ സൂക്ഷ്മതയുടെ വേദമീമാംസ. മറുഭാഗത്ത് വിദ്യാഭ്യാസമെന്ന് പേരിട്ട അദബുകെട്ട കാട്ടിക്കൂട്ട്.  ഈ രണ്ടകന്ന ധ്രുവങ്ങള്‍ക്കിടയിലെ കണ്ണെത്താ ദൂരം കണ്ട് ഞാനന്ധാളിച്ചു. സേവനം ചെയ്യുന്ന നാട്ടില്‍ എന്നും അതിഥിയായി ഏറ്റവും നല്ല ആഹാരം ഏറ്റവും ആദരവ് കലര്‍ന്ന ആമ്പിയന്‍സില്‍ കഴിക്കുന്ന ഉസ്താദുമാരെ കണ്ട് ശീലമായ എനിക്ക് കാന്റീനിലും സമീപത്തെ ചോറുമക്കാനികളിലും കുട്ടികള്‍ക്കൊപ്പം ക്യൂ നിന്ന് ചോറുണ്ണുന്ന മാഷമ്മാരെ കണ്ട്  അതിശയമായി. ഒരിക്കല്‍ ഞാന്‍ കാന്റീനില്‍ ചോറിനിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്കഭിമുഖമായി ഒരാള്‍ വന്നിരുന്നു. നോക്കുമ്പോള്‍ സാക്ഷാല്‍ കെ.ഇ.എന്‍.! കറിയില്‍ വെന്ത മത്തിയുടെ ദയനീയമായ മോന്ത കണ്ടപ്പോള്‍ ഓര്‍മയില്‍ വെറുതെ ഒരു തമാശ തുള്ളി: ‘ഇരകളുടെ മാനിഫെസ്റ്റോ’. പിന്നൊരിക്കല്‍ ഇതേപോലെ മുന്നില്‍ കിട്ടിയത് ഈ ലേഖനം എഴുതിത്തുടങ്ങുമ്പോള്‍ നമ്മോടൊപ്പമുണ്ടായിരിക്കുകയും ഇപ്പോള്‍ നമ്മെ വിട്ടുപിരിയുകയും ചെയ്ത് അഹ്മദ്  സഈദ് സര്‍. ആഖിറം വെളിച്ചമാക്കിക്കൊടുക്കണേ പടച്ചോനേ! സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു, സര്‍വീസില്‍ ആയിരിക്കെ മരണപ്പെട്ട ഇസ്ഹാഖ് സാറെ. ആ ഗുരുവര്യന്മാ രുടെ ഖബറിടത്തിലേക്ക് നമുക്ക് ചേര്‍ന്ന്‌ചൊല്ലാം, അല്‍ഫാതിഹ!  ഒരുസ്താദാണ് വിട പറഞ്ഞതെങ്കില്‍ എത്രായിരം യാസീനുകളും തഹ്‌ലീലുകളും മറ്റ് ആത്മീയ പാരിതോഷികങ്ങളും കൊടുത്തയക്കും ശിഷ്യസമൂഹം. ഇവിടെയോ, ആദരാജ്ഞലികള്‍, അനുശോചനങ്ങള്‍, ഫോര്‍മാലിറ്റികള്‍. ഇപ്പോള്‍ തിരിഞ്ഞില്ലേ രണ്ടും തമ്മിലുള്ള ധ്രുവാന്തരം കണ്ട് ഞാനമ്പരന്നു എന്ന് പറഞ്ഞത് വെറുതെയല്ലെന്ന്!ഇതിനെല്ലാമിടയില്‍, വിശ്വമാനവികതയുടെ ദാര്‍ശനിക വീക്ഷണങ്ങള്‍ വിരിയിച്ചെടുക്കേണ്ട, സമൂഹനിര്‍മിതിയുടെ ശ്രേഷ്ഠകല പഠിക്കേണ്ട കൊച്ചുടീച്ചറുമാരില്‍ നല്ലൊരു പറ്റം നുരുമ്പിച്ച എപ്പിഡയാസ്‌കോപ്പിന്റെയും, ഓട്ടവീണ സ്ലൈഡ് പ്രൊജക്ടറിന്റെയും പിന്നെ ഡയഗ്നോസ്റ്റിക് ചാര്‍ട്ട്, കാലിക്കൊ ഫയല്, ഒയെച്ച്പി ഷീറ്റ്, എസ്‌യുപിഡബ്ല്യൂ, ഹാലൊജന്‍ ബള്‍ബ്, ആക്ഷന്‍ റിസര്‍ച്ച്, പിന്നെ സ്‌കിന്നറുടെ പ്രാവ,് പാവ്‌ലോവിന്റെ പട്ടി, തൊണ്ടേയ്കിന്റെ പൂച്ച, കോഹ്‌ലരുടെ കുരങ്ങ്, (ഒലക്കന്റെ മൂട്, നെയ്യപ്പത്തിന്റെ വക്ക്!!!) എന്നിങ്ങനെയുള്ള ഇടുങ്ങിയ ചതുരക്കള്ളികള്‍ക്കുള്ളിലായി കോഴ്‌സ് കാലം പുഴുങ്ങിത്തീര്‍ത്തു. ഒരു കൊല്ലം ഒന്നിച്ചിരുന്ന് പഠിച്ചവര്‍ പരീക്ഷയുടെ ഒടുക്കപ്പേപ്പര്‍ എഴുതിക്കഴിഞ്ഞ് ഇനി എപ്പോള്‍ എവിടെ വെച്ച് കാണും, ഓര്‍മിക്കുവാന്‍ നമ്മള്‍ പരസ്പരമെന്തവശേഷിപ്പിക്കുന്നു എന്നുള്ള ഒരു ചര്‍ച്ചയോ, ഒരു കൂടിയിരുത്തമോ പോലുമില്ലാതെ, ഏതോ പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയ പരിചയമില്ലാ ട്രെയിന്‍യാത്രക്കാരെ പോലെ പലവഴിക്ക് പിരിയുന്നതുകണ്ടപ്പോള്‍ ഇതെന്ത് മനുഷ്യരെടാ എന്ന് അകം വെന്ത് പോയി. ഇനി ഇജ്ജാതി പഠിപ്പ് പരിപാടിക്കില്ല, വേറെ പണിനോക്കട്ടെ, എന്ന് പറഞ്ഞാണ് അന്ന് ട്രൈനിംഗ് കോളേജിന്റെ പടിയിറങ്ങിയതെങ്കിലും, കുറച്ച് കാലം വാധ്യാര്‍ പണിയെടുത്ത്, പെണ്ണുകെട്ടി, കുട്ടിയായി പിന്നെയും ഒട്ടു കഴിഞ്ഞപ്പോള്‍ ഉള്ളിലെവിടെയോ കണ്ണുപൊത്തിക്കളിച്ചുറങ്ങിപ്പോയ വിദ്യാര്‍ത്ഥി വെളിയിലേക്ക് ചാടാനോങ്ങി. ബുക്കും ബേഗും തൂക്കിപ്പിടിച്ച്, കണ്‍സെഷന്‍ പാസും പോക്കറ്റിലിട്ട്, ക്ലീനറുടെ ഉന്തിമാറ്റലും കണ്ടക്ടറുടെ രൂക്ഷനോട്ടവും ഒക്കെ ആസ്വദിച്ച് വീണ്ടും കാമ്പസിലേക്ക്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ധര്‍മശാല പെഡഗോജിക്കല്‍ സയന്‍സസില്‍്. തലേന്ന് ലീവായി, ലീവ് ലെറ്റര്‍ വെക്കാതെ ക്ലാസില്‍ കയറിയതിന് സുരേഷ് സര്‍ ഞങ്ങളെ പുറത്താക്കിയ നേരം. പലര്‍ക്കും അത് കടുത്ത മാനസികാഘാതമുണ്ടാക്കിയപ്പോള്‍ എനിക്ക് ചിരിവന്ന് മറിയുകയായിരുന്നു. കാലം കൊത്തിക്കൊണ്ടുപോയ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ കോപ്രായങ്ങള്‍ തിരിച്ചു കിട്ടിയതോര്‍ത്തിട്ട്. എന്റെ മനസ്സന്നേരം പറഞ്ഞു, സുരേഷ് മാഷേ, ഇനിയും ഇനിയും ഓരോ കാരണത്തിന് പുറത്താക്കൂ,  ഇമ്പോസിഷന്‍ എഴുതിക്കൂ, ബെഞ്ചില്‍ കയറ്റി നിര്‍ത്തൂ, വിലങ്ങനെ ചെകിട് പിടിച്ച് ഏത്തമിടീക്കൂ….പള്ളീലച്ചനായ ഫാദര്‍ വില്‍സനായിരുന്നു, നാലാണ്‍തരികളില്‍ ഒരാള്‍. കൊടും ചൂടിന് ബക്കളത്തുള്ള പള്ളിയിലേക്ക് ബൈക്കില്‍ എന്നെ കയറ്റിപ്പോയതും, ഞാന്‍ നിസ്‌കരിക്കുവോളം പുറത്ത് കാത്ത് നിന്ന് തിരികെ കാമ്പസിലെത്തിച്ചതും ആ ഫാദറായിരുന്നു. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എനിക്ക് കടം തന്നതും ഫാദര്‍ തന്നെ. അധ്യാപകരുടെ കൂട്ടത്തില്‍ ‘പച്ചമനുഷ്യത്വം’ കണ്ട് കാന്തം പോലെ ഒട്ടിപ്പോയ ഒരാളാണ് വിജയന്‍ മാഷ്. അന്ന് ഞങ്ങളുടെ കൂടെയുള്ള എല്ലാവരും പരീക്ഷ കഴിഞ്ഞ് പിരിഞ്ഞ് പോയപ്പോള്‍ വിജയന്‍ മാഷെ ഞാന്‍ മാത്രം കൂടെക്കൂട്ടി. എല്ലാമുണ്ടായിരുന്നപ്പോഴും കാര്യമായ ഒരു ന്യൂനത വിജയന്‍ മാഷെ പിന്തുടര്‍ന്നു. ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ക്ക് അനിവാര്യമായും ഉണ്ടാവേണ്ട തലക്കനം തീരെയില്ലാതെ പോയി എന്നതാണാ ന്യൂനത! റെയില്‍വേ സ്‌റ്റേഷനിലും, എയര്‍പോര്‍ട്ടിലും, കോഫീ ഹൗസുകളിലെ സായാഹ്ന തേയില സൗഹൃദങ്ങളിലുമായി ആ മനുഷ്യന്‍ എന്നില്‍ തിടം വെച്ചു. എനിക്ക് ബാധ്യത വന്നപ്പോള്‍ പതിനായിരങ്ങള്‍ കടം തന്നു. ഇക്കഴിഞ്ഞ റമളാനില്‍ നോമ്പുതുറ സാധനങ്ങളും വാങ്ങിക്കെട്ടി കുടുംബസമേതം സര്‍ വീട്ടില്‍ വന്നു. ജാഡകളില്ലാ ജന്മങ്ങള്‍ അപൂര്‍വമായ കാലത്ത്, ഇത്തരമൊരു ഗുരുവിന് കീഴില്‍ റിസര്‍ച്ച് ചെയ്യാന്‍ കഴിയുന്നു എന്നത് ഭാഗ്യമായിത്തന്നെ കരുതുന്നു. ഇപ്പോള്‍ ന്യൂഡല്‍ഹി ചഇഋഞഠ യില്‍ അസിസ്റ്റന്‍് പ്രൊഫസറാണ് വിജയന്‍ മാഷ്. റിസര്‍ച്ചിന്റെ കോഴ്‌സ് വര്‍ക്കില്‍ കൂടെ പഠിച്ച ജ്യോതിസ് പോളും, ബി എഡ് കോളേജില്‍ കൂടെ ജോലി ചെയ്ത രാമന്‍ മാഷുമൊക്കെ വേറിട്ട അനുഭവങ്ങളുടെ തേന്‍മധുരം ചുണ്ടിലുരച്ചു. കലാകാരനായ രാമന്‍ മാഷ് സ്വന്തം കൈകൊണ്ട് അറബിയില്‍ ‘അല്ലാഹ്’ എന്ന് വരച്ച് ഫ്രൈം ചെയ്ത ഫോട്ടോ ആണ് ആവോലത്തുള്ള വീട്ടില്‍ കുടുംബസമേതം ചെന്നപ്പോള്‍ എനിക്ക് പാരിതോഷികമായി നല്‍കിയത്. അതാണ് ഇപ്പോള്‍ എന്റെ വീട്ടിന്റെ പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും മനുഷ്യന്‍ എന്ന ബിന്ദുവില്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്നും ആ ഒരുമക്ക് ഉരുക്കിനെക്കാള്‍ ഉറപ്പുകാണുമെന്നും ആ ഉറപ്പിനെ തകര്‍ക്കാന്‍ വര്‍ഗീയ ചിന്തയുടെ ചെള്ളുബാധകള്‍ക്കാകില്ലെന്നുമാണ്  ഈ സൗഹൃദങ്ങള്‍ ഉറക്കെപ്പറയുന്നത്. ഉള്ളിലുള്ളതൊന്നും പങ്കുവെക്കുകയോ ഒന്നിച്ചുചേരാനുള്ള ഇടങ്ങളില്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് നമുക്കിടയില്‍ അകല്‍ച്ച പുഷ്ടിക്കുന്നത.് ആ അകല്‍ച്ചയില്‍ നിന്നാണ് ആധിയുണ്ടാവുന്നത്. അടുത്തറിയുമ്പോഴും, ചേര്‍ന്നിടപഴകുമ്പോഴും, അന്യതാബോധങ്ങള്‍ അസ്ഥാനത്താവും. ഞാനതിന്റെ മറ്റൊരു തലം പറയാം. ഞാനിപ്പോള്‍ ജോലി ചെയ്യുന്ന കാമ്പസില്‍,  ജോലി ചെയ്യുന്ന ഏതാണ്ടധികം പേരും ലീഗിന്റെയും എം എസ് എഫിന്റെയും പശ്ചാത്തലത്തില്‍ വളര്‍ന്നവരാണ്. അവരുമായുള്ള എന്റെ സഹവര്‍ത്തിത്വം നാലരക്കൊല്ലമെത്തി നില്‍ക്കുന്ന ഇന്ന് വരെ അവരില്‍ ഒരാളില്‍ നിന്ന് പോലും ഒരു കുത്തുവാക്കോ, ഒരു ഇകഴ്ത്തു സമീപനമോ എനിക്കുണ്ടായിട്ടില്ല. എന്നാല്‍ ഞാനുള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിലെ ചുരുക്കം ചിലരെങ്കിലും പറയുക ലീഗുകാരെല്ലാം ഒരു ജാതിയാണെന്നാണ്. തിരിച്ച് ലീഗിലെ ചിലരെങ്കിലും പറയുക ഏപ്പിക്കാരെല്ലാം ഒരു മാതിരിയാണെന്നാണ്. നമ്മളിങ്ങനെ നമ്മളെത്തന്നെ ‘ജാത’ി’യാക്കിയും ‘മാതിരി’യാക്കിയും വെറുപ്പിന്റെ പുറ്റിനുള്ളില്‍ ജീവിച്ച് മരിക്കുന്ന ചിതലുകളായി  ഒടുങ്ങിയാല്‍ മതിയോ എന്നൊരു ചോദ്യം ഒരു ശൂലമായി നിങ്ങളുടെ ചങ്കുകളിലേക്ക് കുത്തിയിറക്കുകയാണ്! അനാവശ്യമായ അകല്‍ച്ചയും, അതിരുവിട്ട അവാന്തര സംഘട്ടനങ്ങളും നമ്മുടെയൊക്കെ എല്ലുമാന്തിയ ഒരു കാലസന്ധിയില്‍, നൂറ്റിപ്പത്തുകളായ വികാരജീവികള്‍ ഐക്യബോധത്തിന്റെ ആരാച്ചാര്‍മാരാകുമ്പോള്‍, അവരെ അരികുകളിലേക്ക് വലിച്ചിടാനുള്ള ചുണ നാം കാണിച്ചേ പറ്റൂ. അകല്‍ച്ചയോട് ലാല്‍സലാമടിച്ച് ആകാവുന്നിടത്തോളം അടുക്കുക. നല്ല സൗഹൃദങ്ങള്‍, അതാണ് മനുഷ്യരെ പൂങ്കുലയാക്കുന്നത്. ആയതിലേക്കുള്ള പൂമൊട്ടുകള്‍ വിരിഞ്ഞ് വരേണ്ടത് കാമ്പസുകളില്‍ നിന്നാണ് താനും.

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login