ആളില്ലാതെ പറന്ന സ്വപ്‌നങ്ങള്‍

ആളില്ലാതെ പറന്ന സ്വപ്‌നങ്ങള്‍

ഒന്നാം തരത്തില്‍ വീടിനടുത്ത് പുളക്കോട് ഗവ. എല്‍ പി സ്‌കൂളിലാണ് പഠിച്ചത്. രണ്ട് മുതല്‍ ഏഴ് വരെ ഉമ്മയുടെ നാടായ പുത്തൂരില്‍ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പഠിച്ചു. ഹൈസ്‌കൂള്‍ പഠനം കാരന്തൂര്‍ മര്‍കസ് ഹൈസ്‌കൂളില്‍. മര്‍കസിലെ സ്‌കൂള്‍ കാലമാണ് ജീവിതത്തിന് അടുക്കും ചിട്ടയും നല്‍കിയത്. ഗണിതമായിരുന്നു ഇഷ്ട വിഷയം. മര്‍കസിലെ ഗണിത ശാസ്ത്ര അധ്യാപകന്‍(പിന്നീട് അദ്ദേഹം ഹെഡ്മാസ്റ്റര്‍ ആയി) അബ്ദുല്‍ഖാദര്‍ സാറിന്റെ ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്. വ്യക്തിപരമായും അല്ലാതെയും അദ്ദേഹം നല്‍കിയ ഉപദേശങ്ങളും ശാസനകളുമാണ് വിദ്യാര്‍ഥി ജീവിതത്തിന് ലക്ഷ്യബോധം നല്‍കിയത്. മുഴുസമയ കളിയും വിനോദവും നിയന്ത്രിക്കാനും സമയബന്ധിതമായി പഠിക്കാനുമെല്ലാം തുടങ്ങിയത് അക്കാലത്താണ്. എന്റെ പി എച്ച് ഡി വരെയുള്ള പഠനങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായ കാര്യം മാത്‌സിലുള്ള താത്പര്യവും കൃത്യമായ അറിവുമാണ്. അതിന്റെ ക്രെഡിറ്റ് ഹൈസ്‌കൂള്‍ കാലത്തെ അധ്യാപകര്‍ക്കും പഠന ജീവിതത്തിനും അവകാശപ്പെട്ടതാണ്. എസ് എസ് എല്‍ സിയില്‍ ഡിസ്റ്റിംഗ്ഷനോടെയാണ് പാസായത്. ഇന്നത്തെ പോലെയല്ല, അന്ന് ഡിസ്റ്റിംഗ്ഷന്‍ ഒരപൂര്‍വ നേട്ടം തന്നെയാണ്. 1200ല്‍ 1000 മാര്‍ക്കാണ് എനിക്ക് കിട്ടിയത്. കോഴിക്കോട് ജില്ലയില്‍ 25 മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമാണ് അക്കൊല്ലം 960 എന്ന ഡിസ്റ്റിംഗ്ഷന്‍ കടമ്പ കടന്നത്. മര്‍കസ് ഹൈസ്‌കൂളില്‍ ഒന്നാം റാങ്കും എനിക്കായിരുന്നു.

ദേവഗിരിക്കാലം
അന്ന് പ്രീഡിഗ്രിയാണ്, പ്ലസ്ടുവല്ല. ദേവഗിരി സെന്റ് ജോസഫ് കോേളജിലാണ് ആ രണ്ട് വര്‍ഷം പഠനം നടത്തിയത്. അക്കാലത്തെ എടുത്തുപറയേണ്ട സ്വാധീനങ്ങളിലൊന്നാണ് സഹപാഠികള്‍. എല്ലാവരും നല്ല പ്രതിഭകളായിരുന്നു. പഠന മേഖലയിലെ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എപ്പോഴും ഞങ്ങളുടെ സംസാരത്തില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകള്‍ അതിവേഗം ചര്‍ച്ചകളില്‍ കയറിവരും. പഠനരീതികള്‍ നവീകരിക്കാനും പുതിയ സ്വപ്‌നങ്ങള്‍ കാണാനും ഈ പ്രതിഭാധനരായ സഹപാഠികള്‍ ഊര്‍ജം നല്‍കി.

എന്‍ ഐ ടിയില്‍
കോഴിക്കോട് എന്‍ ഐ ടിക്കടുത്താണ് എന്റെ വീട്. വീട്ടില്‍ നിന്ന് രണ്ടോ മൂന്നോ മിനുട്ട് കൊണ്ട് നടന്നെത്താം. അന്ന് ആര്‍ ഇ സിയാണ്. പിന്നീടാണ് എന്‍ ഐ ടിയായി അപ്‌ഗ്രേഡ് ചെയ്യുന്നത്. എന്റെ മേല്‍വിലാസത്തിലും അതുണ്ടായിരുന്നു; സലീം ആര്‍ ഇ സി. ഞാനതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇതെന്നും പല ദിക്കുകളില്‍ നിന്ന് വന്ന പ്രതിഭകള്‍ മാത്രമാണ് ഇവിടെ അധ്യയനം നടത്തുന്നത് എന്നും അറിയാമായിരുന്നെങ്കിലും വലിയ മതില്‍ക്കെട്ടിനപ്പുറം എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് എനിക്കറിവില്ലായിരുന്നു. അതറിയാനും കാമ്പസിന്റെ അകം കാണാനുമുള്ള ആഗ്രഹം നന്നേ ചെറുപ്പത്തില്‍ തന്നെയുണ്ടായി. പിന്നീട് എപ്പോഴോ അത് അവിടെ പഠിക്കാനുള്ള ആഗ്രഹമായി മാറി. ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ അത് വലിയ സ്വപ്‌നമായി എന്നെ വന്നുപൊതിഞ്ഞു.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ ഒന്നു കൂടി സജീവമായി. അതിന് കാരണമുണ്ടായിരുന്നു. പിതൃസഹോദരന്‍ അബൂബക്കര്‍ ആര്‍ ഇ സിയില്‍ ലൈബ്രേറിയനായി. അദ്ദേഹം വഴി അവിടുത്തെ ചില പ്രൊഫസര്‍മാരെ പരിചയപ്പെട്ടു. സംശയങ്ങള്‍ ചോദിച്ച് തീര്‍ക്കാന്‍ മാത്രം ആ പരിചയം വളര്‍ന്നു. മാത്‌സിനോടുള്ള താത്പര്യവും ആര്‍ ഇ സിയില്‍ ചേരാനുള്ള ആഗ്രഹവുമെല്ലാം തിരിച്ചറിഞ്ഞ അവരും നന്നായി പ്രോത്സാഹിപ്പിച്ചു. അവിടെ ചേര്‍ന്നേ പറ്റൂ എന്ന ഒരു മാനസികാവസ്ഥയിലേക്ക് ഞാനെത്തിച്ചേര്‍ന്നു.
പ്രീഡിഗ്രി കഴിഞ്ഞ് ഒരു മാസം തൃശൂര്‍ പി സി തോമസ് കോച്ചിംഗ് സെന്ററില്‍ പഠിച്ച ശേഷമാണ് എന്‍ട്രന്‍സ് എക്‌സാം എഴുതുന്നത്. അന്ന് കേരളാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് എക്‌സാം വഴി തന്നെ ആര്‍ ഇ സിയില്‍ പ്രവേശനം ലഭിക്കുമായിരുന്നു. ഫലം വന്നപ്പോള്‍ 2981-ാം റാങ്ക് ലഭിച്ചു.
കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗിലാണ് എനിക്ക് താത്പര്യമുണ്ടായിരുന്നത്. എന്നാല്‍ അഡ്മിഷന്‍ കിട്ടിയത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിനാണ്. 60 സീറ്റാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിനുളളത്. അതില്‍ മുപ്പതെണ്ണം കേരളാ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പാസായി വന്നവര്‍ക്ക് ഉണ്ടായിരുന്നു. അതിലൊന്ന് സ്വന്തമാക്കാന്‍ എനിക്കായി.
നാഥന്റെ അനുഗ്രഹത്താല്‍ അങ്ങനെ എന്റെ ആഗ്രഹം സഫലമായി. കമ്മ്യൂണിക്കേഷന്‍ ലാംഗ്വേജ് ഇംഗ്ലീഷായിരുന്നു എന്നത് തുടക്കത്തില്‍ ചെറിയ പ്രയാസമുണ്ടാക്കി എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അഗാധ ജ്ഞാനമുള്ള അധ്യാപകരായിരുന്നു അവിടെ. അറിവ് മാത്രമല്ല വിദ്യാര്‍ഥികളുടെ പുരോഗതിയില്‍ അതിയായ താത്പര്യവുമുണ്ടായിരുന്നു അവര്‍ക്ക്. ഒ ടി ജോര്‍ജ് എന്ന അധ്യാപകനെ അക്കൂട്ടത്തില്‍ പ്രത്യേകം സ്മരിക്കുന്നു. വളരെയധികം അസൈന്‍മെന്റുകള്‍ നല്‍കുക ജോര്‍ജ് സാറിന്റെ ഒരു രീതിയായിരുന്നു. അതില്‍ നിന്നുണ്ടായിത്തീര്‍ന്ന ചില ശീലങ്ങള്‍ പി എച്ച് ഡിയുടെ സമയത്ത് വളരെ ഉപകാരപ്രദമായി. നാല് വര്‍ഷങ്ങള്‍ ബി ടെകിന് വേണ്ടി ചെലവഴിച്ചു.

പിന്നീട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് എം ടെക് ചെയ്യുന്നത്. കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകനായിരിക്കെയാണ് എം ടെകിന് വേണ്ടി എന്‍ ഐ ടിയില്‍ ചേരുന്നത്. ഗവണ്‍മെന്റ് അധ്യാപകരുടെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമി(ഝകജ)ന്റെ ഭാഗമായാണ് അതിന് അവസരമുണ്ടായത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിന് മെഷീന്‍, പവര്‍, കണ്‍ട്രോള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഇതില്‍ കണ്‍ട്രോള്‍ എന്‍ജിനീയറിംഗിലാണ് എം ടെകിന് ഞാന്‍ സ്‌പെഷ്യലൈസ് ചെയ്തത്. മനുഷ്യസഹായമില്ലാതെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെ കുറിച്ചാണ് ഇക്കാലത്ത് മുഖ്യമായും പഠിച്ചത്.

ഗവേഷണവും അവതരണവും
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എന്‍ജിനീയറിംഗ് കാമ്പസായ ബെംഗളൂരു ഐ ഐ എസ് സിയിലാണ് ഗവേഷണത്തിന് ഭാഗ്യം ലഭിക്കുന്നത്. എയറോസ്‌പെയ്‌സിലായിരുന്നു ഗവേഷണം. ആ മേഖലയുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ കണ്‍ട്രോള്‍ എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട് ഞാന്‍ പഠിച്ച മാതമറ്റിക്കല്‍ ടൂള്‍സ് എവിടെയും ഉപയോഗിക്കാം. ആദ്യ വര്‍ഷം എയറോസ്‌പെയ്‌സുമായി ബന്ധപ്പെട്ട അഞ്ച് വിഷയങ്ങള്‍ പഠിച്ചു. അതിന് ശേഷം എന്റെ ഗൈഡായിരുന്ന രാജസ്ഥാന്‍ സ്വദേശി ഡോ. അശ്വിനി രത്‌നുവുമായി കൂടിയാലോചിച്ച് ഗവേഷണത്തിന്റെ ഏരിയ നിര്‍ണയിച്ചു.

ശത്രുസൈന്യത്തിന്റെ കപ്പലിനു നേരെ ഒരു മിസൈല്‍ തൊടുത്തുവിട്ടാല്‍ അത് പ്രതിരോധിച്ച് നശിപ്പിക്കുന്ന സംവിധാനം കപ്പലില്‍ ഉണ്ടാകും. എന്നാല്‍ ഒരേ സമയം ഒന്നിലധികം മിസൈലുകള്‍ കപ്പലിനു നേരെ വന്നാല്‍ പ്രതിരോധിക്കാനാകില്ല. അപ്പോള്‍ മിസൈലുകളുടെ സമയവും ദിശയും സഞ്ചാരപാതയും ക്രമീകരിച്ച് ഒരേ സമയം എത്തിക്കാനാവണം. അങ്ങനെയായാല്‍ കപ്പല്‍ തകര്‍ക്കാം. ഈ സമയവും ദിശയും പാതയും എങ്ങനെ ക്രമീകരിക്കാം എന്നതായിരുന്നു എന്റെ ഗവേഷണ വിഷയം. ഇതിനെ കുറിച്ച് പഠനമാരംഭിച്ചു. ഈ വിഷയത്തില്‍ മുമ്പ് നടത്തിയിട്ടുള്ള പഠനങ്ങള്‍ പരിശോധിച്ചു. കൊറിയന്‍ സ്വദേശിയായ താക്ക് (ഠമവസ) എന്ന ആളാണ് ഈ വിഷയത്തില്‍ മുമ്പ് പഠനം നടത്തിയിട്ടുള്ളത്. അദ്ദേഹം ആവിഷ്‌കരിച്ച സമവാക്യം പ്രായോഗികമായി സങ്കീര്‍ണമാണ്. ലളിതമായ സമവാക്യവും പ്രവര്‍ത്തന രീതിയുമാണ് അവലംബിക്കാന്‍ നല്ലത്.

മുഷിഞ്ഞിരുന്ന് അന്വേഷിക്കാന്‍ തുടങ്ങി. ഫോര്‍മുല രൂപപ്പെടുത്തും. കമ്പ്യൂട്ടറില്‍ ചെയ്ത് നോക്കും. തെറ്റും. വീണ്ടും പരിശോധിക്കും, തെറ്റും. അങ്ങനെ ദീര്‍ഘമായ അധ്വാനം. സഹികെട്ട് ഇട്ടേച്ച് പോകാന്‍ തോന്നിയ നിമിഷങ്ങള്‍. അവസാനം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്തു.
അടുത്ത ഘട്ടം അത് ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. തിസീസിന്റെ ഇവാല്വേഷന്‍ ലളിതമാകാന്‍ അത് അനിവാര്യമാണ്. രണ്ട് മാര്‍ഗങ്ങളായിരുന്നു അതിനുണ്ടായിരുന്നത്. ഒന്ന് അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധമവതരിപ്പിക്കുക. രണ്ടാമത്തേത് ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തുക. ഇത് രണ്ടിനും ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ നല്ല ഭാഷയില്‍ എഴുതണം. എഴുത്തില്‍ ഞാനല്‍പം പിന്നിലാണ്. ഈ വിഷയത്തില്‍ മാത്രമാണ് ഗൈഡ് അശ്വിനി രത്‌നുവില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ടിവന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ നല്ല പിന്തുണയോടെ ആ പ്രതിസന്ധിയും മറികടന്നു.

പിന്നീട് കോണ്‍ഫറന്‍സുകള്‍ അന്വേഷിച്ചു. ലോകത്തിലെ തന്നെ ഇവ്വിഷയകമായ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനമായ ചിക്കാഗോയിലെ അമേരിക്കന്‍ കണ്‍ട്രോള്‍ കോണ്‍ഫറന്‍സിന് തിസീസ് അയച്ചു. അവര്‍ നിപുണരെ കൊണ്ട് പരിശോധിപ്പിച്ച് യോഗ്യത വിലയിരുത്തി. സമവാക്യത്തിന്റെ ലാളിത്യവും ഭാഷയുടെ ഭംഗിയും പ്രത്യേകമായി പരാമര്‍ശിക്കുകയും ചെയ്തു.
പിന്നീട് ചിക്കാഗോ യാത്രയുടെ കടമ്പ കടക്കാനുള്ള ശ്രമങ്ങളിലായിരുന്നു. 1.25 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു യാത്രക്ക്. കേരള സര്‍ക്കാറിനോട് ധനസഹായം തേടി. ‘ഫണ്ടില്ല’ എന്നായിരുന്നു മറുപടി. ഒടുവില്‍ ഐ ഐ എസ് സി തന്നെ സഹായിച്ചു. അങ്ങനെ ചിക്കാഗോയില്‍ ചെന്ന് പ്രബന്ധമവതരിപ്പിച്ചു. അവര്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. പിന്നീട് കാലിഫോര്‍ണിയയിലും ബെംഗളുരുവിലും നടന്ന കോണ്‍ഫറന്‍സുകളിലും എന്റെ പ്രബന്ധങ്ങളവതരിപ്പിക്കാന്‍ അവസരമുണ്ടായി. ബെംഗളുരുവില്‍ ഞാന്‍ തന്നെ അവതരിപ്പിച്ചപ്പോള്‍ കാലിഫോര്‍ണിയയില്‍ ഗൈഡാണ് അവതരിപ്പിച്ചത്.
അമേരിക്കയിലെ എ ഐ എ എ എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേര്‍ണല്‍ ഓഫ് ഗൈഡന്‍സ് കണ്‍ട്രോള്‍ ആന്‍ഡ് ഡയനാമിക്‌സ് എന്ന ജേണലിലും പ്രബന്ധം പ്രസിദ്ധപ്പെടുത്തി. അങ്ങനെ എല്ലാ കടമ്പകളും കടന്ന് പി എച്ച് ഡി സ്വന്തമാക്കാനായി.

ഡ്രോണ്‍: യുദ്ധം/ സമാധാനം
യുദ്ധവുമായി ബന്ധപ്പെട്ട ഒരു പ്രോബ്ലത്തില്‍ നിന്നാണ് ഞാന്‍ വിഷയം സ്വീകരിച്ചത്. എന്നാല്‍ അത് ആളില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളിലും ഉപയോഗപ്പെടുത്താവുന്ന സമവാക്യമാണ്. യുദ്ധഭൂമിയിലെ ചാരപ്രവര്‍ത്തനം, ബോംബിംഗ് പോലെയുള്ള കാര്യങ്ങള്‍ കൂടാതെ ജനകീയമായ പല ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ഉദാഹരണത്തിന് ഒരിടത്ത് ഭൂകമ്പമുണ്ടായാല്‍ ഡ്രോണയച്ച് ചിത്രങ്ങളെടുക്കാനും സഹായമെത്തിക്കാനും മുമ്പ് ഉപയോഗിച്ചതിലേറെ ലളിതമായ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. അതുപോലെ ഈ സാങ്കേതിക വിദ്യ സജ്ജമാക്കിയ കാറുമായി പാര്‍ക്കിംഗ് ഏരിയയിലെത്തി ഒരാള്‍ ഡ്രൈവിംഗ് അവസാനിപ്പിച്ചാല്‍ ഒഴിവുള്ള സ്ഥലം കണ്ടെത്തി കാര്‍ സ്വയം പാര്‍ക്കിംഗ് നിര്‍വഹിച്ചോളും. ഈ ഗവേഷണഫലം റോബോട്ടുകളില്‍ പരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചില ആലോചനകളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

എളുപ്പവഴിയില്ല
കഠിനാധ്വാനം തന്നെയാണ് പ്രധാനം. പഠനത്തിന്റെ എല്ലാ ഘട്ടത്തിലും തടി മറന്ന് പണിയെടുക്കണം. റിസര്‍ച്ചിനിടയില്‍ ഉറക്കം വരാതെ പുലര്‍ച്ചെ വരെ ഇരുന്ന സമയങ്ങളുണ്ട്. കമ്മ്യൂണിക്കേഷന്‍ ലാംഗ്വേജ് എന്ന നിലക്ക് ഇംഗ്ലീഷ് നന്നായി പഠിക്കണം. എന്നെ കുഴക്കിയ ഒരു കാര്യം എഴുതാനുള്ള ആത്മവിശ്വാസമില്ലായ്മയാണ്. പ്രബന്ധം തയാറാക്കാന്‍ അത് കൂടിയേ തീരൂ.

ഒരധ്യാപകന്റെ അധികവായനകള്‍
ബി ടെക് കഴിഞ്ഞ ഉടനെ എട്ട് വര്‍ഷം കോഴിക്കോട് ജെ ഡി റ്റിയില്‍ അധ്യാപകനായി. പിന്നെ ഒരു വര്‍ഷം മീനങ്ങാടി കെ എസ് ഇ ബി യില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായി. ശേഷം മൂന്ന് മാസം മാനന്തവാടി ജി ഇ സിയിലും മൂന്ന് വര്‍ഷം കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലും അധ്യാപകനായി സേവനം ചെയ്തു. അതിന് ശേഷമാണ് എം ടെക് ചെയ്തത്. പിന്നീട് കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജുകളിലായി നാല് വര്‍ഷം അധ്യാപനം നടത്തി. പിന്നീടാണ് പി എച്ച് ഡി ചെയ്യാന്‍ പോയത്. ഇപ്പോള്‍ മാനന്തവാടി ജി ഇ സിയിലാണ്. അധ്യാപക ജീവിതത്തെ ഗൗരവമായി കണ്ടു എന്നതാണ് ഈ വിജയത്തിലെ പ്രധാനപ്പെട്ട ഒരു ഘടകം. കുട്ടികളെ നന്നായി പഠിപ്പിക്കാന്‍ വേണ്ടി നടത്തിയ അധിക വായനകളാണ് തുടര്‍ പഠനത്തിനുള്ള വലിയ മുതല്‍ക്കൂട്ടായി മാറിയത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍
ആര്‍ ഇ സിയിലെത്തിയപ്പോള്‍ എന്റെ പ്രഥമ പരിഗണന കമ്പ്യൂട്ടറായിരുന്നു എന്ന് പറഞ്ഞല്ലോ? അത് ലഭിക്കാത്തതിനാലാണ് ഇലക്ട്രിക്കല്‍ തിരഞ്ഞെടുത്തത്. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനെ കുറിച്ച് ബി ടെക്കില്‍ പഠിച്ചിട്ടുണ്ട്. പിന്നെ തുടര്‍പഠനങ്ങളുണ്ടായില്ല. എന്നാല്‍ കമ്പ്യൂട്ടറിനോടുള്ള അതിയായ താത്പര്യം ചില അന്വേഷണങ്ങള്‍ക്ക് പ്രേരണ നല്‍കി. അങ്ങനെ ചില സോഫ്റ്റ്‌വെയറുകളെല്ലാം നിര്‍മിച്ചു. വാണിജ്യ താത്പര്യത്തിലായിരുന്നില്ല, വ്യക്തിപരമോ സംഘടനാപരമോ ആയ ആവശ്യങ്ങളായിരുന്നു. എസ് എസ് എഫ് സാഹിത്യോത്സവുകള്‍ക്ക് വേണ്ടി നിര്‍മിച്ച സോഫ്റ്റ്‌വെയര്‍ ആ രംഗത്ത് പ്രതീക്ഷാവഹമായ നാഴികക്കല്ലായി. ഐ എ എം ഇയുടെ പുസ്തക വിതരണ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചത്, ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പരീക്ഷാ നടത്തിപ്പിന് വേണ്ടി തയാറാക്കിയത് എന്നിവ ഇക്കൂട്ടത്തില്‍ പെട്ടതാണ്. നാട്ടില്‍ സിറാജ് ദിനപത്രത്തിന് വിതരണക്കാരനില്ലാത്ത ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് ഏറ്റെടുക്കേണ്ടി വന്ന ഒരു സമയമുണ്ടായിരുന്നു. അന്ന് അതിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയിരുന്നു. കേരളത്തിലെ മത സ്ഥാപനങ്ങള്‍ക്ക് വേണ്ടി അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും പര്യാപ്തമായ ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് കൊടുക്കുക എന്നത് ഏറെ കാലമായുള്ള ഒരു സ്വപ്‌നമാണ്.

സംഘടനയില്‍
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആര്‍ ഇ സി യൂനിറ്റ് സെക്രട്ടറിയായിരുന്നു. പാലപ്പറ്റ പള്ളിയുടെ മോചനവുമായി ബന്ധപ്പെട്ട സമര വിജയം വായിച്ചും വിവരിച്ച് കേട്ടും ലഭിച്ച ആവേശമാണ് എസ് എസ് എഫിലെത്തിച്ചത്. യൂനിറ്റ് ഭാരവാഹിത്വം വഹിച്ച് ബിടെകിന്റെ ഇടവേളക്ക് ശേഷമാണ് പിന്നെ നേതൃസ്ഥാനത്ത് വരുന്നത്. ചാത്തമംഗലം പഞ്ചായത്ത്, കുന്ദമംഗലം ഡിവിഷന്‍, കോഴിക്കോട് ജില്ലാ ഘടകങ്ങളില്‍ ജോ. സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. സംസ്ഥാന ഘടകത്തില്‍ സെക്രട്ടറിയായി. എസ് വൈ എസ് സോണ്‍ സെക്രട്ടറിയായിട്ടുണ്ട്. ഇപ്പോള്‍ പ്രൊഫഷണലിസ്റ്റുകളുടെ കൂട്ടായ്മയായ കെ പി എഫിന്റെ ജനറല്‍ കണ്‍വീനറാണ്.
ഓരോരുത്തരെയും എങ്ങനെ അഭിമുഖീകരിക്കണം എന്ന് സംഘടനയില്‍ നിന്നാണ് പഠിച്ചത്. പഠനത്തിനിടക്കും അല്ലാതെയും പലരെയും കണ്ടുമുട്ടിയപ്പോള്‍ ആരെയും വിഷമിപ്പിക്കാതെ സന്ദര്‍ഭോചിതമായി ഇടപെടാന്‍ എല്ലായ്‌പ്പോഴും സാധിച്ചു. സംഘടനാ പ്രവര്‍ത്തനത്തിനിടക്ക് പ്രസംഗിക്കാനും ക്ലാസെടുക്കാനും നിര്‍ബന്ധിതനായത് വലിയൊരു പരിശീലനമായിരുന്നു. അമേരിക്കയില്‍ മികച്ച ഒരു സദസിനുമുമ്പില്‍ എഴുന്നേറ്റ് നിന്നപ്പോഴും എനിക്ക് കാല് വിറച്ചിരുന്നില്ല. എഴുത്ത് എനിക്ക് ഒരു പ്രശ്‌നമായിരുന്നു. അതില്‍ അല്‍പമെങ്കിലും ആത്മവിശ്വാസം നല്‍കിയത് സംഘടനയില്‍ പേനയെടുക്കേണ്ടി വന്നതിനാലാണ്.
തയാറാക്കിയത്: എം ടി ശിഹാബുദ്ദീന്‍ സഖാഫി

You must be logged in to post a comment Login