എസ്.എഫ്.ഐക്കാര്‍ ശ്രദ്ധിക്കുക, നിക്‌സണ്‍ വീണത് വാട്ടര്‍ഗേറ്റിലല്ല

എസ്.എഫ്.ഐക്കാര്‍ ശ്രദ്ധിക്കുക, നിക്‌സണ്‍ വീണത് വാട്ടര്‍ഗേറ്റിലല്ല

‘വിദ്യാഭ്യാസം എന്തിനുള്ളതാണ്? പണമുണ്ടാക്കുന്നതിനോ? കച്ചവടത്തിനോ? ഇതു രണ്ടിനുമല്ലാതെ സമൂഹത്തിന്റെ സര്‍വതോമുഖമായ നന്മ ഉദ്ദേശിച്ചുകൊണ്ട് വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യുവാക്കളാണ് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടത്. കാരണം അവര്‍ക്ക് കുടുംബപരമായ കെട്ടുപാടുകളില്ല.നമ്മള്‍ ആദ്യത്തെ ചുവടുവച്ചു. പക്ഷേ ഏറെനാള്‍ നാം ഒറ്റക്കുപോകുകയില്ല. മുന്‍തലമുറ നമ്മോടൊപ്പം ചേര്‍ന്നുതുടങ്ങിയിരിക്കുന്നു. അതിക്രമവും സ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കലും പൊലീസിനെ ആക്രമിക്കലും ഒന്നും ഞങ്ങളുടെ നയവുമല്ല.’
-കാമില വലേജോ ഡൗളിങ്

കാമില നിങ്ങളില്‍ പലര്‍ക്കും അപരിചിതയല്ല. ചിലിയിലെ അതിശക്തയായ വിദ്യാര്‍ത്ഥി നേതാവ്. ഒന്നാം തരം പോരാളി. ‘നിങ്ങള്‍ അര്‍ജന്റീനയിലും ബ്രസീലിലും ചിലിയിലും എന്താണ് നടക്കുന്നതെന്നതിനെപ്പറ്റി സംസാരിക്കേണ്ടിയിരിക്കുന്നു. അവിടെ ഒരു ചെറുപ്പക്കാരിയാണ് യുവജനങ്ങളെ ഒരു അതിശക്തമായ മുന്നേറ്റത്തിലേക്ക് നയിക്കുന്നത്.നിങ്ങള്‍ ചിലിയിലെ കാമിലയെ കണ്ടുപഠിക്കുക. അസമത്വവും അഴിമതിയും ഇല്ലാതാക്കാന്‍ കാമില നടത്തുന്ന സമരങ്ങള്‍ നിങ്ങള്‍ക്ക് മാതൃകയാകട്ടെ.’ എന്ന് ബൊളീവിയന്‍ വൈസ് പ്രസിഡന്റ് അല്‍വാരോ ഗാര്‍സിയ ലിനേറയെക്കൊണ്ട് പറയിപ്പിച്ച കാമില. കാമിലയെയും അവരുടെ പോരാട്ടവഴികളേയും കുറിച്ച് പിന്നാലെ പറയാം.

കാമിലയേക്കാള്‍ നിങ്ങള്‍ക്ക് റിച്ചാര്‍ഡ് നിക്‌സണെ അറിയാം. അമേരിക്കയുടെ മുപ്പത്തിയേഴാമത്തെ പ്രസിഡന്റ്. അതിലുപരി രാജിവെച്ച ഏക അമേരിക്കന്‍ പ്രസിഡന്റ്. നിക്‌സനെ അധികാരഭ്രഷ്ടനാക്കിയത് എന്താണ്? ജുഡീഷ്യല്‍ സര്‍വീസിലേക്കോ അധോതല ഗുമസ്തരെ തിരഞ്ഞെടുക്കാനുള്ള പി.എസ്.സി പരീക്ഷക്കോ വേണ്ടി മാത്രം ചരിത്രം പഠിക്കുന്ന കുട്ടി ആണ് നമ്മളെങ്കില്‍ ഉത്തരം സിംപിളാണ്. വാട്ടര്‍ ഗേറ്റ്. പക്ഷേ, ചരിത്രം ഒരു പി.എസ്.സി ചോദ്യമല്ലല്ലോ? ചരിത്രം ഒരു ജുഡീഷ്യല്‍ വിഷയവുമല്ല. അതിനാല്‍ നമ്മള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട് നിക്‌സണെ വീഴ്ത്തിയത് വാട്ടര്‍ഗേറ്റ് മാത്രമല്ലെന്ന്. ആ വീഴ്ചതുടങ്ങുന്നത് 1970 മെയ് നാലിനാണെന്നും.
അന്നായിരുന്നു കെന്റ് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിക്‌സന്റെ പട്ടാളം വെടിയുതിര്‍ത്തത്. നൂറും നൂറ്റമ്പതും മീറ്റര്‍ മാത്രം ദുരെ നിന്ന് ഒഹിയോ നാഷണല്‍ ഗാര്‍ഡ് ഉതിര്‍ത്ത വെടിയുണ്ടകള്‍ നാല് വിദ്യാര്‍ത്ഥികളുടെ ജീവന്‍ കവര്‍ന്നു. അലിസണ്‍ ക്രൗസ് എന്ന പെണ്‍കുട്ടി 330 അടി അകലെ നിന്ന് ഇടനെഞ്ചില്‍ വെടിവെച്ച് വീഴ്ത്തപ്പെട്ടു. സാന്ദ്രാ ഷ്യൂര്‍, ജെഫ്രി മില്ലര്‍, വില്യം ഷ്‌റോഡര്‍ എന്നിങ്ങനെ നാല് കൊലപാതകങ്ങള്‍. അമേരിക്ക അക്ഷരാര്‍ഥത്തില്‍ ഇളകിമറിഞ്ഞു. സ്വന്തം പൗരാവകാശത്തിന് രാജ്യത്തേക്കാള്‍ വിലമതിക്കുന്ന രാഷ്ട്രമാണ്. പ്രക്ഷോഭം കനത്തു. വാട്ടര്‍ ഗേറ്റിലേക്ക് നിക്‌സണെ തള്ളിയിട്ടത് കെന്റ് വെടിവപ്പെന്ന് പില്‍ക്കാല പഠനങ്ങള്‍. നിക്‌സന്റെ വലംകൈ ആയിരുന്ന എച്ച്.ആര്‍ ഹാള്‍ഡ്മാന്‍ 1978-ല്‍ അക്കാര്യം തുറന്നും പറഞ്ഞു.

എന്തിനാണ് കെന്റ് സര്‍വകലാശാലയിലെ ആ കുട്ടികളെ നിക്‌സന്റെ പട്ടാളം കൊന്നുതള്ളിയത്? അവര്‍ പ്രക്ഷോഭത്തിന്റെയും പ്രതിഷേധത്തിന്‍േറയും പാതയിലായിരുന്നു. എന്തിനായിരുന്നു ആ പ്രതിഷേധം? വായനക്കാരായ നിങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരോ മുന്‍ പ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ ശ്രദ്ധിച്ച് കേള്‍ക്കണം. അവര്‍, കെന്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. എന്തിനെന്നോ? അമേരിക്കയുടെ വിയറ്റ്‌നാം അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ. അതെ. ഒരു രാഷ്ട്രത്തിന്റെ, തങ്ങളുടെ രാഷ്ട്രത്തിന്റെ നയപരമായ തെറ്റിനെതിരെ. നിസ്സഹായരും നിരാലംബരുമായ ഒരു ജനതയോട് തങ്ങളുടെ രാഷ്ട്രം അനീതി പ്രവര്‍ത്തിക്കുന്നു; അത് നിര്‍ത്തൂ എന്നായിരുന്നു ആ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ആവശ്യം. വിയറ്റ്‌നാം പ്രശ്‌നം പരിഹരിക്കാം എന്നായിരുന്നല്ലോ നിക്‌സന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇന്ത്യയിലെന്നപോലെ അമേരിക്കയിലും പ്രായപൂര്‍ത്തയായ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശമുണ്ടല്ലോ? നിക്‌സണ്‍ ആ വാഗ്ദാനം പാലിച്ചില്ലെന്ന് നമുക്കറിയാം. വിയറ്റ്‌നാമിലെ അധിനിവേശം നിര്‍ത്തുമെന്ന സൂചന തുടക്കത്തില്‍ നല്‍കിയെങ്കിലും പിന്നീട് കംപോഡിയ കീഴടക്കി വിയറ്റ്‌നാമിനെ ശ്വാസംമുട്ടിക്കുകയായിരുന്നു നിക്‌സണ്‍. ഇതാണ് അമേരിക്കന്‍ വിദ്യാര്‍ത്ഥിലോകത്തെ പ്രക്ഷോഭത്തിലേക്ക് തള്ളിയിട്ടത്. ആ രക്തസാക്ഷിത്വങ്ങള്‍ പാഴായില്ല. രണ്ട്മാസങ്ങള്‍ക്കപ്പുറം ജൂലായ് 22-ന് അമേരിക്ക കംപോഡിയ വിട്ടു. ലോകവിദ്യാര്‍ത്ഥിമുന്നേറ്റത്തിന്റെ ചരിത്രത്തിലെ അതിപ്രധാനമായ ഒന്നാണ് അലിസണ്‍ ക്രൗസിന്‍േറയും സഹപോരാളികളുടേയും രക്തസാക്ഷിത്വം. അവര്‍ കൊല്ലപ്പെട്ട അതേവര്‍ഷമാണ് ഇന്ത്യയില്‍ എസ്.എഫ്.ഐ പിറവിയെടുക്കുന്നത്.

ഇപ്പേള്‍ എന്താണ് ഇത്ര ലോകചരിത്രം പറയാന്‍? അലിസണ്‍ ക്രൗസിനെയും സഹപോരാളികളെയും ഓര്‍മിക്കാന്‍? കാമില വലേജയെ ഉദ്ധരിക്കാനും പരിചയപ്പെടുത്താനും? കാര്യമുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചാണ് പറയേണ്ടത്. ഇവിടത്തെ ഏറ്റവും വലിയ സംഘടനയായ എസ്.എ്ഫ്.ഐയെയാണ് മുഖ്യമായും ചില കാര്യങ്ങള്‍ തെര്യപ്പെടുത്തേണ്ടത്. സാര്‍വദേശീയം, ദേശീയം, പ്രാദേശികം എന്ന ഒരു പരിശുദ്ധ ത്രിത്വമുണ്ട് എല്ലാക്കാലത്തും എസ്.എഫ്.ഐയുടെ സംഘടനാ റിപ്പോര്‍ട്ടിങ്ങില്‍. അതുകൊണ്ട് അതേ ക്രമത്തില്‍ ചിലത് പറയേണ്ടതുണ്ട്. കെന്റിലെ രക്തസാക്ഷികളെയും നിക്‌സന്റെ പതനത്തെയും കണ്ടുവല്ലോ? ഇനി 2016 മാര്‍ച്ച് മൂന്നിലേക്ക് വരാം.

മറക്കാനിടയില്ല ഒരു ജനാധിപത്യ വിശ്വാസിയും ആ രാത്രി. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ജ്ഞാനമകുടങ്ങളിലൊന്നായ ജെ.എന്‍.യു കാമ്പസിലാണ് നമ്മുടെ ഓര്‍മയിപ്പോള്‍. അവരുടെ യൂണിയന്‍ പ്രസിഡന്റിനെ രാജ്യദ്രോഹം ചുമത്തി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹി പൊലീസ് എന്നാല്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പൊലീസ്. നരേന്ദ്രമോഡിയുടെ, രാജ്‌നാഥ് സിംഗിന്റെ പൊലീസ്. ചിന്തകള്‍ക്ക് മേല്‍ വിലങ്ങില്ലാത്തതാവണം കാമ്പസ് എന്ന് ഇന്ത്യയെ പഠിപ്പിച്ച ഒരു മനുഷ്യന്റെ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള സര്‍വകലാശാലയാണ് എന്നോര്‍ക്കണം. എല്ലാ രാഷ്ട്രീയത്തിനും ഇടമുള്ള സ്ഥലം. അനീതിയെന്ന് ഭാവി ചരിത്രം വിലയിരുത്തുമെന്ന് ഉറപ്പുള്ള ഒരു വധശിക്ഷയുടെ പശ്ചാത്തലത്തില്‍ വധശിക്ഷക്കെതിരെ പ്രസംഗിച്ചതായിരുന്നു കനയ്യയുടെ കുറ്റം. ദേശീയത ഒരു രോഗമാണ് എന്നും ദേശീയതയിലല്ല തന്റെ അന്തിമ അഭയം മറിച്ച് അഗാധമായ മനുഷ്യത്വത്തിലാണ് എന്ന് എഴുതിവെച്ച ടാഘോറിനെ മുഖദാവില്‍ പ്രതിഷ്ഠിച്ച സര്‍വകലാശാലയാണ് എന്നുമോര്‍ക്കണം. അവിടെ നിന്നാണ് കനയ്യയേയും സഹപ്രവര്‍ത്തകരേയും പൊലീസ് പിടിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ജ്ഞാനകേന്ദ്രത്തിന്റെ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റായിരുന്ന ആ ചെറുപ്പക്കാരനെ അഭിഭാഷക വേഷം ധരിച്ച ്‌സംഘ്പരിവാറുകര്‍ ചവിട്ടിവീഴ്ത്തിയതും രാജ്യം കണ്ടിരുന്നു. ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ അന്തിക്രിസ്തുവായി പ്രതിഷ്ഠിക്കപ്പെട്ട അര്‍ണാബ് ഗോസാമിയാല്‍ കനയ്യയും കൂട്ടരും വേട്ടയാടപ്പെട്ടതും രാജ്യം കണ്ടു.

ജാമ്യം ലഭിച്ച് കനയ്യ കുമാര്‍ കാമ്പസിലേക്ക് വരികയാണ്. അക്ഷരാര്‍ഥത്തില്‍ തിളകടലാവുകയാണ് ആ രാത്രിയിലെ ജെ.എന്‍.യു കാമ്പസ്. ഒരു വംശത്തിന്റെ ചോരയില്‍ ചവിട്ടി ബൃഹദാകാരം പൂണ്ട് ഞാന്‍ ഞാന്‍ എന്ന് ജല്പിച്ചിരുന്ന ഒരു ഭരണാധികാരിയേയും അയാളുടെ മാധ്യമ ശിങ്കിടികളേയും നേര്‍ത്തതും സാന്ദ്രഗംഭീരവുമായ ശബ്ദത്തില്‍ കനയ്യകുമാര്‍ വെല്ലുവിളിക്കുകയാണ്. താണ്ടിവന്ന ജീവിതത്തിന്‍േറയും പിന്നിട്ട് വന്ന കാലത്തിന്‍േറയും ദുരിതമയമായ ദേശത്തിന്‍േറയും ആത്മസത്തയുണ്ടായിരുന്നു ആ ചെറുപ്പക്കാരന്റെ രൂക്ഷമായ വാക്കുകള്‍ക്ക്. ഓരോ വാക്കും കൈയ്യടികളാലും ആര്‍പ്പുവിളികളാലും മുഖരിതമായി. പ്രതിഷേധം നെഞ്ചിലൊളിപ്പിച്ച ഒരു വലിയ സമൂഹം ചാനലുകളില്‍ ആ ്രപഭാഷണം തല്‍സമയം കണ്ടു. ലക്ഷത്തോളം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് ഒറ്റ നിമിഷം കൊണ്ട് കനയ്യ പ്രൊൈഫല്‍പ്പടമായി. പിറ്റേന്നത്തെ തെരുവുകളില്‍ കനയ്യയുടെ ആസാദി മുഴങ്ങി. അന്ന് കനയ്യയുടെ പിന്നില്‍ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍, മുഹ്‌സിന്‍, കനയ്യ പ്രഭാവം ഒന്നുകൊണ്ടുമാത്രം കേരളത്തിലെ നിയമസഭാംഗമായി. ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരു ദിശാപരിണാമത്തിന്റെ ചൂടും ചൂരുമറിഞ്ഞു. ലാല്‍സലാമും നീല്‍സലാമും ൈകകോര്‍ത്തു. സംഘ് രാഷ്ട്രീയവും സംഘ്പരിവാറും മാത്രമാണ് ശത്രു എന്ന വിവേകമുണ്ടായിരുന്നു അന്നുയര്‍ന്ന ആ ഉണര്‍വിന്. മറ്റ് തര്‍ക്കങ്ങള്‍ മാറ്റിവെക്കൂ, പ്രളയമാണ് വരുന്നത് ഈ പേടകത്തില്‍ കയറൂ എന്ന ആഹ്വാനമുണ്ടായിരുന്നു ആ മുന്നേറ്റത്തില്‍. രോഹിത് വെമുലയുടെ മരണമുണങ്ങാത്ത ഹൈദരാബാദിലേക്ക്, ഗജേന്ദ്രചൗഹാനെ നിലം തൊടീക്കാത്ത പൂനയിലേക്ക്, ഫാസിസ്റ്റുകള്‍ അഴിഞ്ഞാടിയിരുന്ന ദല്‍ഹി സര്‍വകകലാശാലയിലേക്ക് ആ ചലനങ്ങള്‍ പടര്‍ന്നു. കുട്ടികളോട് കളിക്കരുതെന്ന് ഭരണകൂടമറിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കൊടും വിജയത്തില്‍ മതിമറന്നിരുന്ന മോഡി സര്‍ക്കാര്‍ ആദ്യമായി പരിഭ്രാന്തമായി. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനും പിടിച്ചുകെട്ടാനാവില്ല ഈ ശക്തിയെ എന്ന് അവരറിഞ്ഞു. മാനവശേഷി വികസന വകുപ്പ് പട്ടും പാവാടയും മുറുക്കി രംഗത്തിറങ്ങി. കാമ്പസുകളെ വരിഞ്ഞുകെട്ടാന്‍ തുടങ്ങി. തോല്‍ക്കുമെന്നാകുമ്പോള്‍ ആഗോള ഫാഷിസം എന്നും ചെയ്തുപോന്ന നുണബോംബു സ്‌ഫോടനങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. കുട്ടികള്‍ തോറ്റില്ല. നജീബ് എവിടെ എന്ന ചോദ്യം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. നമ്മള്‍ സംസാരിക്കുന്ന ഈ സമയത്തും കനയ്യ ഭൂകമ്പത്തിന്റെ തുടര്‍ ചലനങ്ങള്‍ നിലച്ചിട്ടില്ല. അടിച്ചമര്‍ത്തലുകളോട് സന്ധിവേണ്ടെന്ന് പലയിടത്തേയും കുട്ടികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ ഓര്‍ക്കാം. ക്ലാസുകള്‍ ബഹിഷ്‌കരിക്കാന്‍ അന്നുയര്‍ന്ന ആഹ്വാനം ഗാന്ധിജിയുടേതായിരുന്നല്ലോ? ബഹിഷ്‌കരിച്ചു. ഇറങ്ങിയവര്‍ തിരിച്ചുപോകാതെ സമരത്തില്‍ ലയിച്ചു. കാണ്‍പൂരിലും ഫരീദാബാദിലും പഞ്ചാബിലും തമിഴ്‌നാട്ടിലും വിദ്യാര്‍ത്ഥികള്‍ അഹിംസാപരമായി കലാപം ചെയ്തു. ബ്രിട്ടണെന്ന സര്‍വാധികാരിയെ നേര്‍ക്ക് നേര്‍ക്കുനേര്‍ വെല്ലുവിളിച്ചു. ബയണറ്റുകള്‍ക്ക് മുന്നിലേക്ക് പാട്ടുകള്‍ എറിഞ്ഞു. സമാനമാണ് ഇപ്പോഴത്തെ ഉണര്‍വ്. അതേതരം സര്‍വാധികാരി. അതേതരം രാഷ്ട്ര വഞ്ചന. അതേതരം കൊള്ള. അതേതരം അടിച്ചമര്‍ത്തല്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം സ്വാതന്ത്ര്യ സമരകാലത്തിന് ശേഷം കടന്നുപോവുന്ന ഏറ്റവും ഉജ്വലമായ ഘട്ടമായി ഇക്കാലം ചരിത്രത്തിലേക്ക് ്രപവേശിക്കുകയാണ്.

അന്തര്‍ദേശീയവും ദേശീയവും കഴിഞ്ഞു. ഇനി കേരളത്തിലേക്ക് വരാം. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരു പ്രതിസന്ധിയിലാണ്. അത് ഏതാണ്ട് സമ്പൂര്‍ണമായി നിരോധിക്കപ്പെടുന്നു. എത്ര നിസംഗമായാണ് ഈ വരികള്‍ ഇപ്പോള്‍ നിങ്ങള്‍ വായിച്ചതെന്ന് ഊഹിക്കാം. കേരള ഹൈക്കോടതി ഒരു കോടതിയലക്ഷ്യ ഹരജി തീര്‍പ്പാക്കവേ അസന്ദിഗ്ദമായി ആവര്‍ത്തിക്കുക്യായിരുന്നു അക്കാര്യം. കോടതിയലക്ഷ്യത്തില്‍ കക്ഷിയായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയോട് നിങ്ങള്‍ എന്തിനാണ് കോളേജില്‍ പോകുന്നത്? പഠിക്കാനോ രാഷ്ട്രീയം കളിക്കാനോ എന്ന ചോദ്യം ഉതിര്‍ക്കുകയായിരുന്നു കോടതി. കോടതിയലക്ഷ്യത്തിലെ വിധിന്യായത്തില്‍ പഠനവും രാഷ്ട്രീയവും ഒന്നിച്ച് പോകില്ല, പോകരുത് എന്ന് നിര്‍ദേശിക്കുന്നുമുണ്ട് കോടതി. 2003-ല്‍ സോജന്‍ ഫ്രാന്‍സിസ് കേസില്‍ പറഞ്ഞതിന്റെ തുടര്‍ച്ച. കാമ്പസുകളില്‍ എല്ലാത്തരം സംഘടനാ പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പാളിനും അധികാരമുണ്ടെന്നായിരുന്നു അന്നത്തെ വിധി. പാലാ സെന്റ് തോമസ് കേളേജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് സോജന്‍. കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. മതിയായ ഹാജരില്ല എന്ന് കാട്ടി മാനേജ്‌മെന്റ് സോജന് പരീക്ഷയഴുതാന്‍ അനുമതി നല്‍കിയില്ല. അതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയിലെത്തിയത്. യൂണിയന്‍ പ്രവര്‍ത്തനം മൗലികാവകാശമാണെന്നും അതിനാല്‍ അതിനായി ചിലവഴിച്ച സമയം ഹാജരായി പരിഗണിക്കണം എന്നുമായിരുന്നു ആവശ്യം. ഹരജി പരിഗണിച്ച കോടതി സോജന്റെ ആവശ്യം തള്ളി. പൊടുന്നനെ ഹൈക്കോടതിയെ കൊളമ്പിയന്‍ ഗോളി ഹ്വിഗിറ്റയുടെ ഭൂതം ബാധിച്ചു. കോടതി കയറിക്കളിച്ചു. കാമ്പസ് രാഷ്ട്രീയത്തിന്റെ വലകുലുക്കി. രാജ്യത്തെ സര്‍വീസ് നിയമങ്ങളുള്‍പ്പടെ കലക്കിയെടുത്ത് കാമ്പസ് രാ്ട്രീയം മൗലികാവകാശമല്ലെന്ന് വിധിച്ചുകളഞ്ഞു. രാഷ്ട്രീയം മാത്രമല്ല സമ്മേളനങ്ങളും സംഘടനാപ്രവര്‍ത്തനങ്ങളും വരെ നിരോധിക്കാന്‍ കോളേജ് അധികൃതര്‍ക്ക് അവകാശമുണ്ടെന്ന് തീര്‍പ്പുമാക്കി. കേരളത്തില്‍ അക്കാലത്ത് മുളച്ച് പൊന്തിയിരുന്ന സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളെ സംബന്ധിച്ച് ലോട്ടറിയായിരുന്നു ആ വിധി. ഒട്ടു മിക്ക സ്വകാര്യ കാമ്പസുകളും ഫലത്തില്‍ രാഷ്ട്രീയമുക്തമായി. ഉള്ളിടത്താകട്ടെ കനത്ത നിയന്ത്രണം സമ്മതിക്കേണ്ടിയും വന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ഇപ്പോഴത്തെ ചീഫ്ജസ്റ്റിസ് നവനീതികുമാര്‍ സിംഗിന്റെ രൂക്ഷമായ വിധി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള നവനീതികുമാര്‍ പാറ്റ്‌ന ൈഹക്കോടതിയില്‍ നിന്നാണ് കേരളത്തിലേക്ക് വന്നത്. വിരമിക്കാന്‍ ഏതാനും ദിവസങ്ങളേ ഉള്ളൂ. വെറുതേ പറഞ്ഞന്നേ ഉള്ളു.
അങ്ങനെ വെറുതേ പറഞ്ഞുപോകാന്‍ കഴിയുമോ ഈ കോടതി വിധി? പ്രീഡിഗ്രി നിര്‍ത്തലാക്കിയതോടെ കാമ്പസില്‍ എത്തുന്ന മഹാഭൂരിപക്ഷവും വോട്ടവകാശമുള്ള പൗരന്‍മാരായിരിക്കേ ഒരു വലിയ മനുഷ്യാവകാശ പ്രശ്‌നമില്ലേ വിധിയില്‍? ഉണ്ട്. ജനാധിപത്യത്തെ സാര്‍ഥകവും പുരോഗമനോന്‍മുഖവുമാക്കുന്നത് രാഷ്ട്രീയ ബോധമുള്ള യുവാക്കളായിരിക്കേ അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ തടയുന്നത് ശരിയാണോ? അല്ല. ‘ക േശ െവേല റൗ്യേ ീള ല്‌ലൃ്യ രശശ്വേലി മരരീൃറശിഴ ീേ വശ െയലേെ രമുമരശ്യേ ീേ ഴശ്‌ല ്മഹശറശ്യേ ീേ വശ െരീി്ശരശേീി ശി ുീഹശശേരമഹ മളളമശൃ.െ’ എന്ന്, രാഷ്ട്രീയ ബോധ്യങ്ങള്‍ പൗരന്റെ കടമയാണെന്ന് നമ്മെ ഓര്‍മിപ്പിച്ചത് മഹാ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌ൈറ്റന്‍ ആണല്ലോ? അതെ. രാഷ്ട്രീയം നിരോധിക്കപ്പെട്ട കാമ്പസുകളില്‍ നിന്ന് പുറത്തു വരുന്ന വാറത്തകള്‍ അത്ര ശുഭോദര്‍ക്കമാണോ? അല്ല. എന്നിട്ടുമെന്തുകൊണ്ടാണ് ഈ വിധിയോടുള്ള ഇപ്പോഴത്തെ പൊതുസമുഹത്തിന്റെ പ്രതികരണങ്ങളില്‍ നിരന്തരമായി പക്ഷേ, എന്ന പദം സ്ഥാനം പിടിക്കുന്നത്? വിധിയോട് പ്രതികരിച്ച മുതിര്‍ന്ന പൗരന്‍മാര്‍ കുട്ടികളുടെ രാഷ്ട്രീയത്തിന്റെ ദിശ സംബന്ധിച്ച് ഇത്രക്ക് ആശങ്കാകുലരകാന്‍ കാരണമെന്ത്?.

കാരണമുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ മുഖ്യ സംഘടനകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ചെന്നുപതിച്ച വിനാശങ്ങളടേയും അവര്‍ ഉത്പാദിപ്പിച്ച വിധ്വംസക സംസ്‌കാരത്തിന്റെയും കണക്കെടുപ്പുകളാണ് ഈ കോടതി വിധിയോടുള്ള ്രപതികരണങ്ങളെ പക്ഷേ, എന്ന വാക്കില്‍ നിരന്തരം കുടുക്കിയിടുന്നത്. കാരണം അത്ര ചെറുതല്ലല്ലോ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം. അത്ര നിറം കെട്ടതല്ല അതിന്റെ പാരമ്പര്യം. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി ഇന്ത്യയാകെ ഉയര്‍ന്ന വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ അലകളാല്‍ സമൃദ്ധമായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറുമടങ്ങിയ പഴയ കേരളം. 1882-ല്‍ ആരംഭിക്കുന്നതാണ് അതിന്റെ ചരിത്രം. അക്കാലത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ ഒത്തുചേര്‍ന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ ചൂഷണ വിരുദ്ധ സംവാദങ്ങളിലും അവരെഴുതിയ ലേഖനങ്ങളിലും തുടങ്ങുന്നു അതിന്റെ പ്രവര്‍ത്തനം. അന്ന് പതിനെട്ടുകാരനായ ജി. പരമേശ്വരന്‍ പിള്ളയായിരുന്നു മൂവരുടെ നേതാവ്. എന്‍. രാമന്‍ പിള്ളയും രംഗരായനും മറ്റ് രണ്ട് പേര്‍. രാഷ്ട്രീയ കാരണങ്ങളാല്‍ കാമ്പസില്‍ നിന്ന് ആദ്യമായി പുറത്താക്കപ്പെട്ടതും ഈ മൂവര്‍ സംഘമായിരുന്നു. കഴിഞ്ഞില്ല. 1916-ല്‍ ഹോം റൂള്‍ മൂവ്‌മെന്റിനെ തുടര്‍ന്ന് പാലക്കാട്ടെ വിക്‌ടോറിയ, തലശ്ശേരി ബ്രണ്ണന്‍ എന്നിവിടങ്ങളില്‍ ക്ലാസ് ബഹിഷ്‌കരണങ്ങള്‍ നടന്നു. 1921-ല്‍ വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരിലും നടന്നു കേരളത്തില്‍ പ്രക്ഷോഭം. ഏ.കെ.ജിയുടെ ഗുരുവായുര്‍ സത്യഗ്രഹ ജാഥയെ സ്വീകരിക്കാനെത്തിയത് 4000 ത്തിലധികം വിദ്യര്‍ത്ഥികളായിരുന്നു. 1922-ല്‍ ഫീസ് വര്‍ധനക്കെതിരെ നടത്തിയ മഹാസമരം ചരിത്രത്തിലുണ്ട്. 1930-ലെ ഉപ്പുസത്യാഗ്രഹ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായിരുന്നു കേരളത്തിലെ ആദ്യത്തെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ഥി സംഘത്തിന്റെ പിറവി. ഭഗത് സിംഗിന്റെ വധശിക്ഷക്കെതിരില്‍ അവര്‍ പയ്യന്നൂരില്‍ പ്രക്ഷോഭമുയര്‍ത്തി. 1938-ല്‍ ദിവാന്റെ ലാത്തിച്ചൂടുമറിഞ്ഞു വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍. കുട്ടികള്‍ ദിവാനെതിരില്‍ അക്കാലത്ത് കരിങ്കൊടി ഉയര്‍ത്തി. 1936-ല്‍ മലബാറിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ വിദ്യാകുസുമം എന്ന മാസിക ഇറങ്ങുന്നുമുണ്ട്. ആ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു കെ.എസ്.എഫിന്റെ പിറവിയും പിന്നീട് കെ.എസ്.യുവിന്റെ വരവും. 1970-ല്‍ എസ്.എഫ്.ഐ രൂപികരിക്കപ്പെട്ടതോടെ സമര മുഖരിതമായി കേരളത്തിന്റെ കലാലയങ്ങള്‍. വിയറ്റ്‌നാം അധിനിവേശത്തിനെതിരില്‍ പോലും പടപ്പാട്ടുകളുമായി കുട്ടികള്‍ തെരുവിലിറങ്ങിയ കാലം.

അതെല്ലാം ചരിത്രത്തിലാണ്. പിന്നീടെപ്പോഴോ ചരിത്രം നമുക്ക് പരീക്ഷാപേപ്പറിലെ ചോദ്യോത്തരങ്ങളായി മാറി. സോവിയറ്റ് ചേരിയുടെ സമ്പൂര്‍ണ നിഷ്‌കാസനത്തോടെ ഇടതുപക്ഷ രാഷ്ട്രീയത്തിനും അടിയന്തിരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസിനും സംഭവിച്ച തകര്‍ച്ച ആദ്യം പ്രതിഫലിച്ചത് കേരളത്തിലെ കാമ്പസുകളിലായിരുന്നു. കരിയറിസ്റ്റുകളുടെ ഇടത്താവളാമയി വിദ്യാര്‍ത്ഥി സംഘടനകള്‍ മാറി. ചാനല്‍ വിപ്ലവത്തോടെ കരിയറിസം അതിന്റെ താണ്ഡവം തുടങ്ങി. മുഖ്യ രാഷ്ട്രീയകക്ഷികളുടെ താങ്ങില്ലാത്ത സ്വതന്ത്രഗ്രൂപ്പുകള്‍ പലവിധത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു. അവരുടെ സര്‍ഗാത്മകതകള്‍ ചവിട്ടിയരക്കപ്പെട്ടു.

നോക്കൂ. ഇതൊന്നും പെരുപ്പിക്കലല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച ഏതെങ്കിലും അനാശാസ്യത്തിനെതിരില്‍ ഏതെങ്കിലും പ്രക്ഷോഭം വിജയിക്കുക ഉണ്ടായോ? പ്രക്ഷോഭങ്ങള്‍ വിജയിക്കാന്‍ മാത്രമുള്ളതല്ല എന്ന് ഫിലോസഫി പറഞ്ഞിട്ട് കാര്യമില്ല. പഠിപ്പ് മുടക്കുക എന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായ സമര രീതി ഒന്ന് പുനപരിശോധിക്കാന്‍ ഈ സംഘടനകള്‍ തയാറായോ? നിങ്ങള്‍ക്കറിയുമോ ലാത്തിച്ചാര്‍ജുകളുടെ പിന്നിലെ നാടകങ്ങള്‍? ഒരേ തരം സമരങ്ങള്‍, ഒരേതരം മുദ്രാവാക്യങ്ങള്‍ ഒരേ തരം ഒത്തുതീര്‍പ്പുകള്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവുമൊടുവില്‍ നടന്ന നാടകത്തിന് ആദ്യ പന്തിയില്‍ കാഴ്ചക്കാരായിരുന്നു കളഞ്ഞു എസ്. എഫ്. ഐ. യു.ഡി.എഫ് അതേ നയം നടപ്പാക്കിയപ്പോള്‍ നിങ്ങള്‍ പഠിപ്പ് മുടക്കിയതെന്തിന്, തല്ലുകൊണ്ടതെന്തിന് എന്ന ചോദ്യത്തില്‍ നിന്ന് മുറിപ്പത്തല്‍ കാട്ടി ഊരി എസ്.എഫ്.ഐ. പിണറായി വിജയന്റെ കാലം നിര്‍മിച്ച ശരീരഭാഷയിലേക്ക് പരകായപ്രവേശം നടത്തുന്ന കോമാളിക്കൂട്ടങ്ങള്‍ എസ്. എഫ. ഐയില്‍ പെരുകുന്നതും നമ്മള്‍ കണ്ടു. തുറുകണ്ണന്‍ ലോകമാണ് എല്ലാം എല്ലാവരും കാണും എന്നത് അവര്‍ മറന്നുപോയി. സംഘടനാ പ്രശനങ്ങള്‍ മൂലം ദുര്‍ബലമായ കേരളത്തിലെ കെ.എസ്.യുവിന് പകരം പിടിമുറുക്കുന്ന എ.ബി.വി.പി ആകട്ടെ ശാഖയില്‍ പരിശീലിക്കുന്നത് ശാലയില്‍ പരീക്ഷിക്കുന്ന തിരക്കിലുമാണ്. വിധ്വംസകമായ ആള്‍ക്കൂട്ടമായല്ലാതെ അവര്‍ ചിത്രത്തിലേയില്ല. ആ രാഷ്ട്രീയം അങ്ങനെയേ സംഭവിക്കൂ എന്നതിനാല്‍ അത്ഭുതമില്ല. മധ്യവര്‍ഗ യുക്തികള്‍ക്ക് മേല്‍ക്കൈ ഉള്ള പൊതുസമുഹം ഇത്തരം അക്രമോല്‍സുക ഭാഷയും സമരവും അംഗീകരിക്കില്ലെന്നും ചുരുങ്ങിയ പക്ഷം അത്തരം സ്ഥലങ്ങളിലേക്ക് സ്വന്തം കുട്ടികളെ പറഞ്ഞയക്കില്ലെന്നും സംഘടനകള്‍ മറന്നു. ശുഭോദര്‍ക്കവും പുരോഗമനപരവുമായ ഒരിടപെടലും നടത്തുന്നില്ല എന്നല്ല പറയുന്നത്. അതുണ്ട്. പക്ഷേ, വെളിച്ചം കാണുന്നില്ല. വെട്ടും കൊല്ലും നട്ടെല്ലൂരി കൊടിമരമാക്കും തുടങ്ങിയ ഇപ്പോള്‍ ഒരു പ്രസക്തിയുമില്ലാത്ത മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നവരില്‍ ഉണ്ടാക്കുന്ന അരോചകതയെക്കുറിച്ചെങ്കിലും ആരും ചിന്തിക്കുന്നില്ല. അക്രമത്തിന്റെ ശരീര ഭാഷ ജനാധിപത്യത്തെ അശ്ലീലമാക്കും എന്നതും ആരും പരിഗണിക്കുന്നില്ല. കാമ്പസ് സംഘടനകളെ നിരോധിക്കുക പോലെ ഫാസിസത്തിനും ജാതീയതക്കും അനാശാസ്യ പ്രവണതകള്‍ക്കും വഴിവെക്കുന്ന ഒരു വിധിയോട് പൊതുസമുഹം സൂക്ഷിച്ച് മാ്രതം പ്രതികരിച്ചതിന്റെ കാരണമാണ് പറഞ്ഞത്. അത് സംഘടനകള്‍ തിരിച്ചറിയണം. പഠിപ്പുമുടക്കലിനെതിരെ ഒരു കുട്ടി കോടതിയെ സമീപിച്ചാല്‍ സംഗതി വഷളാവും എന്നുമറിയുക. അവസാനത്തെ സമരമുറ ആദ്യമേ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ വഷളത്തരമാണ്. വിപ്ലവത്തിന്റെ കാലത്തല്ലാതെ എതിരാളിയെ അക്രമിക്കുന്നത്, കൊല്ലുന്നത് ശുദ്ധമായ ക്രിമിനലിസമാണ്. അതും തിരിച്ചറിയണം.
അവസരങ്ങള്‍ അടഞ്ഞുപോകുന്നില്ല. സംവാദഭരിതവും ജനാധിപത്യപരവുമായ സംഘടനാ പ്രവര്‍ത്തനത്തെ, ചര്‍ച്ചയിലൂടെയുള്ള പരിഹാരത്തെ ഏറ്റവുമൊടുവില്‍ നടത്തുന്ന പ്രത്യക്ഷസമരത്തെ പൊതുസമൂഹം പിന്തുണക്കും. കാരണം ബോധിപ്പിക്കാന്‍ നിങ്ങള്‍ക്കാവണം. ഇവര്‍ നിശബ്ദരായിരിക്കുന്നതെന്ത് എന്ന് സമൂഹം ആശ്ചര്യപ്പെടുമ്പോഴാണ് നിങ്ങളുടെ മുദ്രാവാക്യമുയരേണ്ടത്. സഹജീവികളെ ബോധ്യപ്പെടുത്താതെ ഒരു സമരവും നീതിയാവില്ല. കാമില വലേജ് ഡൗളിംഗ് ചെയ്തുകാട്ടിയത് അതാണ്. തെരുവില്‍ അവര്‍ പാട്ടുപാടിയും നൃത്തം വെച്ചും സമരം ചെയ്തു. സന്ദേശങ്ങള്‍ ചുവരിലെഴുതി അവര്‍ ആളെക്കൂട്ടി. ഒരു കല്ലുപോലും ഉയര്‍ത്തിയില്ല. അവര്‍ പറയുന്നത് ജനം കേള്‍ക്കുന്നു എന്ന് ഭരണകൂടത്തിന് തോന്നി. അവര്‍ വിജയിച്ചു. കേരളത്തിലെ കുട്ടികളെ നിങ്ങളും തോല്‍ക്കരുത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം അത്ര വലിയ പ്രമേയമാണ്. ഓര്‍ക്കുമല്ലോ നിക്‌സണ്‍ പതിച്ചത് വാട്ടര്‍ ഗേറ്റില്‍ അല്ലെന്ന്.

കെ. കെ. ജോഷി

You must be logged in to post a comment Login