ഇടിമിന്നലുകളുടെ പ്രമേയം

ഇടിമിന്നലുകളുടെ പ്രമേയം

ബഖറ പതിനേഴിലുള്ള ഒരുപമ ശ്രദ്ധിക്കൂ: ഒരാള്‍ തീ കൊളുത്തി. കൂരിരുട്ടാകെ അകന്നുപോയി. ഇരുട്ടില്‍ തപ്പിയവര്‍ക്കൊക്കെയും വഴികള്‍ തെളിഞ്ഞു. ആര്‍ത്തിയോടെ അവര്‍ യാത്രക്കൊരുങ്ങി. അതോടെ വെളിച്ചമണഞ്ഞു. ഇരുട്ട് പടര്‍ന്നു. അവരെ അല്ലാഹു ഇരുട്ടിലലയാന്‍ വിട്ടു. അവര്‍ അന്ധരും ബധിരരും മൂകരുമായി.

മറ്റൊരുപമ പറയുന്നു: കൂരാകൂരിരുട്ട്. ഇടിമിന്നലുകള്‍ തിമിര്‍ത്താടുന്നു. മരണഭയം കൊണ്ട് ചെവികളില്‍ വിരലുകയറ്റി നടക്കുകയാണ്. പക്ഷേ ഇരുട്ടില്‍ ഒരടിവെക്കാനാവുന്നില്ല. മിന്നല്‍ വെളിച്ചത്തില്‍ അല്‍പം മുന്നോട്ട് നീങ്ങുന്നു. മിന്നലടങ്ങിയാല്‍ നടത്തം അതോടെ നില്‍ക്കുന്നു. കണ്ണടിച്ചുപോകുമാര്‍ ശക്തമാണ് മിന്നല്‍പിണറുകള്‍. പക്ഷേ അല്ലാഹു അത് ചെയ്തില്ല. അവനെല്ലാത്തിനും കഴിവുള്ളവനാണ്.

കപടവിശ്വാസികളെയാണ് ഇവിടെ ഖുര്‍ആന്‍ വരച്ചിടുന്നത്. പരാജിത ജന്മമാണ് അവരുടേത്. ഇരുട്ടില്‍ തപ്പുന്നവര്‍. എത്ര മുനയുള്ള ഉപമയാണിത്. ഇതുപോല്‍ അനേകം ഉപമകളിലൂടെ കാര്യങ്ങള്‍ തെര്യപ്പെടുത്തിയാണ് ഖുര്‍ആന്‍ സന്മാര്‍ഗനേട്ടം വിവരിക്കുന്നത്.
തിരുനബിയുടെ(സ്വ) കാലത്തെ കപടനേതാവായിരുന്നു അബ്ദുല്ല ബിന്‍ ഉബയ്യ് ബിന്‍ സലൂല്‍. നേതാവിന്റെ കുപ്പായം തുന്നി കാത്തിരിക്കുകയായിരുന്നു അയാള്‍. വലിയ ജനശ്രദ്ധ കിട്ടി. അപ്പോഴാണ് തിരുനബിയുടെ(സ്വ) ആഗമനം. സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരുനബി പകല്‍ വെളിച്ചം പോലെ തുറന്നുകാട്ടി. അതോടെ അബ്ദുല്ലക്ക് പണിപാളി. സത്യം നബിക്കൊപ്പമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നു. ഈര്‍ഷ്യതയോടെ കപട നേതൃപ്രമുഖന്‍ വിശ്വാസത്തെയും നബിയനുയായികളെയും ചതിക്കാന്‍ നോമ്പുനോറ്റിരുന്നു.

കപടവിശ്വാസം ഏതൊരാളെയും അന്ധനും ബധിരനും മൂകനുമാക്കിക്കളയുന്നുവെന്നാണ് ഈ ഉപമയുടെ അര്‍ത്ഥം. നേരായ വഴി കാണാനോ അതേ കുറിച്ച് കേള്‍ക്കാനോ പറയാനോ ഭാഗ്യമില്ലാത്തവനാണ് മുനാഫിഖ്.

ധിഷണയുടെ വഴികളാണ് മുനാഫിഖ് അടച്ചുപിടിച്ചിരിക്കുന്നത്. അതുകൊണ്ട് ആലോചിക്കാനൊന്നുമില്ല. ഉണക്കഭൂമിപോലെയാണവരുടെ ചിന്താമണ്ഡലം. ഇത്തരം അനേകം കാര്യങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍ പെടുത്താനാണ് ഖുര്‍ആന്‍ ഉപമകള്‍ ഉപയോഗിക്കുന്നത്. ആലോചനകള്‍ക്ക് അനേകം വാതിലുകളാണ് ഖുര്‍ആന്റെ ഓരോ ഉപമയും തുറന്നിടുന്നത്.
നേര്‍മാര്‍ഗ വെളിച്ചത്തിന്റെ മുന്നില്‍നിന്നാണ് കപടവിശ്വാസത്തിന്റെ ഇരുട്ടിലേക്ക് മുനാഫിഖുകള്‍ നടന്നത്. ഭൗതിക ലോകത്തെന്നപോലെ അവരുടെ ഉള്ളിലും ഇരുട്ട് പെയ്യുകയാണ്. വിശ്വാസ വൈകല്യമാണ് അവരെ ഹൃദയവൈകല്യമുള്ളവരാക്കിയത്.
കാരുണ്യത്തിന്റെ മഴയും ഭയവിഹ്വലതയും കപടവിശ്വാസത്തോട് ഉപമിച്ച് ബഖറയില്‍ തുടര്‍ന്നുപറയുന്നുണ്ട്. എത്ര അര്‍ത്ഥസമ്പുഷ്ടമാണ് ഈ പറച്ചില്‍. പുറത്ത് വിശ്വാസികളായിട്ടാണല്ലോ കപടരുടെ നടത്തം. അതാണ് മഴ. അകത്ത് കഠിന വെറുപ്പാണല്ലോ വിശ്വാസത്തോട്. അതാണ് ഇടിമിന്നലുകള്‍. മരണപ്പേടിയോടെ ഇടിമിന്നലുകള്‍ ആര്‍ത്തിരമ്പുമ്പോള്‍ മഴ കൊണ്ടെന്തുപകാരമാണുള്ളത്. പുറം ഈമാന്‍ കൊണ്ട് മുനാഫിഖിന് ഒരുപകാരവുമില്ല. അകമേയുള്ള കുഫ്‌റ് ഇടിമിന്നലായി അവരെ നശിപ്പിക്കുകയാണ്.
എത്ര ഖേദകരമാണ് മുനാഫിഖുകളുടെ കാര്യം! തിരുദൂതരുടെ കാലത്ത് അവര്‍ ജീവിച്ചു. നബിയെ നേരില്‍ കണ്ടു. വ്യഹാരങ്ങളിലേര്‍പ്പെട്ടു. പക്ഷേ നേരറിയാനും നേരുകൊള്ളാനും മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. സത്യത്തെ അതിന്റെ ഗര്‍ഭാശയത്തില്‍നിന്നേ അറിയാന്‍ അവസരമൊത്ത് വന്നിട്ടും ഹതഭാഗ്യര്‍ അതുപാഴാക്കിക്കളഞ്ഞു. നേര്‍വെളിച്ചം കടക്കാത്ത കണ്ണും കാതും നാവുമായി സ്വന്തം അവയവങ്ങളെ നിര്‍വികാരമായി നശിപ്പിച്ചുകളഞ്ഞു.
ഭൂമിലോകത്തെ വിജയമാണ് അവര്‍ ലക്ഷ്യം വെച്ചത്. അതിന് വേണ്ടി അവര്‍ വേഷപ്രഛന്നരായി നടന്നു. പരലോകത്തെ അവര്‍ കണ്ടതേയില്ല. അവിടെയാണ് വിജയിക്കേണ്ടതെന്നും അതിന്നുവേണ്ടിയാണ് ജീവിതവ്യവഹാരങ്ങളെ ക്രമപ്പെടുത്തേണ്ടതെന്നും അവര്‍ നിനച്ചതേയില്ല. നൈമിഷിക സുഖങ്ങള്‍ തേടി ശാശ്വത ജീവിതത്തെ നഷ്ടപ്പെടുത്തുകയായിരുന്നുവല്ലോ അവര്‍. അവര്‍ക്കാണ് നാശം. അവരോരോരുത്തര്‍ക്കുമെത്തിപ്പെട്ട അപായങ്ങളെ സൂചിപ്പിക്കുന്ന രംഗമാണ് ബഖറ ഭംഗിയായി അവതരിപ്പിച്ചത്, അഥവാ വിരലുകള്‍ കാതില്‍വെച്ച് ഓടി രക്ഷപ്പെടാനൊരുങ്ങുന്ന രംഗം. അവര്‍ക്കിനി രക്ഷാപഴുതുകളില്ല. കഠിനമായ ശിക്ഷ മാത്രം!

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login