അതു കൊണ്ട് ചരിത്രത്തിന്റെ പുറത്തുകയറി അവര്‍ വരുമ്പോള്‍ സൂക്ഷിക്കണം

അതു കൊണ്ട് ചരിത്രത്തിന്റെ പുറത്തുകയറി അവര്‍ വരുമ്പോള്‍ സൂക്ഷിക്കണം

Nationalism requires too much
belief in what is patently not so.
As Renan said: ‘Getting its history
wrong is part of being a nation.’
എറിക് ഹോബ്‌സ്ബാം

ചരിത്രത്തെക്കുറിച്ചാണ് വീണ്ടും. അതുകൊണ്ടാണ് ചരിത്രവും ദേശരാഷ്ട്രവും തമ്മിലെന്ത് എന്ന് മാര്‍ക്‌സിയന്‍ വെളിച്ചത്തില്‍ അന്വേഷിച്ച, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്രകാരനെ തലക്കുറിയാക്കിയത്. ഇല്ലാത്തതിനെ സങ്കല്‍പിക്കലാണ് അല്ലെങ്കില്‍ ബോധപൂര്‍വമായ ഭാവനയാണ് ദേശീയത എന്ന് സമര്‍ഥിക്കാന്‍ ഹോബ്‌സ്ബാം ഉദ്ധരിക്കുന്നത് ഏണസ്റ്റ് റെനാനെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനായ ജോസഫ് ഏണസ്റ്റ് റെനാനെ. ഒരു രാജ്യമായിരിക്കാന്‍, അല്ലെങ്കില്‍ ഒരു രാജ്യത്തെ ഉണ്ടാക്കിയെടുക്കാന്‍ തെറ്റായ ചരിത്രം ഉണ്ടാക്കണമെന്ന്. ആ ഉദ്ധരണി സാധാരണഗതിയില്‍ ചരിത്രം വായിക്കുന്നവരെ കുഴക്കും. കാരണം അടിസ്ഥാനപരമായി നമ്മള്‍ ചരിത്രം എന്ന് ധരിച്ച് വച്ചിരിക്കുന്ന ഒരു ആശയത്തെ അത് തലകീഴ് മറിക്കുന്നുണ്ട്. എങ്ങനെയെന്നല്ലേ? ചരിത്രം പാഠപുസ്തകത്തില്‍ പഠിക്കുന്നവരില്‍ ആദ്യം ഉറപ്പിക്കപ്പെടുന്ന ധാരണ ചരിത്രമെന്നത് സംഭവിച്ച കാര്യങ്ങള്‍ എന്നും കുറേക്കൂടി പഠിക്കുന്നവരിലാകട്ടെ സംഭവിച്ച കാര്യങ്ങളുടെ വിശകലനം എന്നുമാണ്. അങ്ങനെ നമ്മള്‍ ചരിത്രം പഠിക്കുന്നു. പ്രാഥമികമായി നമ്മള്‍ ജീവിക്കുന്ന ദേശത്തിന്റെ, ദേശരാഷ്ട്രത്തിന്റെ, രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നു. അവിടെ സംഭവിച്ച കാര്യങ്ങള്‍ അതെല്ലാമാണെന്ന് ധരിക്കുന്നു. രാജ്യത്തെ പറ്റി ഒരു അവബോധം ഉണ്ടാക്കുന്നു. ശരി. അപ്പോള്‍ അടുത്ത ചോദ്യം വരുന്നു. എന്തിനാണ് അത് പഠിക്കുന്നത്. ഉത്തരവും ആ ചരിത്ര പുസ്തകങ്ങള്‍ ഉപസംഹാരമായി പറയാറുണ്ട്. ഭൂതകാലത്തെ മനസിലാക്കി ഭാവിയെ നിര്‍മിക്കുക. അക്കാദമികമായി ഇപ്പോള്‍ നടന്നുവരുന്ന ചരിത്ര പഠനങ്ങളുടെ ഒരു സ്വഭാവം ഇതാണെന്നതില്‍ തര്‍ക്കമില്ലെന്ന് കരുതുന്നു. അപ്പോഴാണ് റെനാന്‍ പറഞ്ഞത് നമ്മെ കുഴപ്പിക്കുന്നത്. തെറ്റായ ചരിത്രമാണ് രാഷ്ട്രത്തെ ഉണ്ടാക്കുന്നത് എന്ന്. അതായത് ഉണ്ടായ രാഷ്ട്രത്തിന്റെ ചരിത്രമല്ല നമ്മള്‍ പഠിക്കുന്നത് എന്ന്. മറിച്ച് നമ്മള്‍ പഠിച്ച ചരിത്രമാണ് രാജ്യത്തെ ഉണ്ടാക്കിയതെന്ന്. 1892-ല്‍ മരിച്ചുപോയി റെനാന്‍.

റെനാനിലേക്ക് ഒടുവില്‍ വരാം. ആധുനിക ഇന്ത്യയിലെ ചരിത്രവിജ്ഞാനീയം വലിയതോതില്‍ കടപ്പെട്ടിരിക്കുന്ന ഒരു ചരിത്രകാരനിലേക്ക് പോകാം. അത് ബിപന്‍ ചന്ദ്രയാണ്. 2014-ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാകരമേല്‍ക്കുകയും കോര്‍പറേറ്റ് ഫാഷിസത്തിന്റെ ഭരണനടത്തിപ്പ് പ്രത്യക്ഷമായി ആരംഭിക്കുകയും ചെയ്ത് മൂന്നാം മാസം ആഗസ്ത് 30 ന് മരിച്ചുപോയ ബിപന്‍ ചന്ദ്ര. അതുവരെയുള്ള ഇന്ത്യയെ മാറ്റി നിര്‍മിക്കും എന്നായിരുന്നു ബി.ജെ.പിയുടെ ഇലക്ഷന്‍ മാനിഫെസ്‌റ്റോ. അതായത് ഒരു തുടര്‍ച്ചയല്ല തുടക്കമാണ് പദ്ധതിയെന്ന്. ആ തുടക്കം എങ്ങനെ വേണമെന്ന് സംഘപരിവാറിന് നിശ്ചയമുണ്ടായിരുന്നു. നിങ്ങള്‍ കാണുന്നതും ആഘോഷിക്കുന്നതുമല്ല യഥാര്‍ത്ഥ ഇന്ത്യയുടെ ചരിത്രമെന്ന് സ്ഥാപിക്കലായിരുന്നു പ്രഥമ അജണ്ട. പുതിയൊരു രാഷ്ട്രത്തെ നിര്‍മിക്കണം. റെനാനെ ഓര്‍ക്കുക. അതെ. ഗെറ്റിംഗ് ഇറ്റ്‌സ് ഹിസ്റ്ററി റോങ്. ചരിത്രത്തെ, ചരിത്ര രചനയെ അടിമുടി മാറ്റുക. ചെറിയ പദ്ധതിയൊന്നുമായിരുന്നില്ല. ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള പൊളിച്ചു പണിയല്‍. അതിന് ആദ്യം വേണ്ടത് ചരിത്ര കൗണ്‍സിലിനെ വരുതിയിലാക്കലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിനെ. വലിയ പാരമ്പര്യമുള്ള സംഘടനയാണത്. രാജ്യത്തെമ്പാടും നടക്കുന്ന ചരിത്ര ഗവേഷണങ്ങളുടെ ഗതി നിര്‍ണയിക്കുകയും മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്യുന്ന സംഘടന. ചരിത്രകാരന്‍മാരുടെ പരസ്പര വിനിമയത്തിനുള്ള വേദിയാണത്. ചരിത്രമെഴുത്തിലെ ശാസ്ത്രീയതയും വസ്തുനിഷ്ഠതയും പ്രാതിനിധ്യവും എല്ലാം ഉറപ്പുവരുത്തുന്ന സംഘടന. ആര്‍. എസ്. ശര്‍മ, ഇര്‍ഫാന്‍ ഹബീബ്, നമ്മുടെ എം.ജി.എസ്. നാരായണന്‍ ഉള്‍പ്പെടെയുള്ള മഹാരഥന്‍മാരായ ചരിത്രകാരന്‍മാര്‍ അധ്യക്ഷ പദം അലങ്കരിച്ചിരുന്ന സംഘടന. അതിനെ ആദ്യം പൊളിച്ചു. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ് കൃത്യം ഒരു മാസത്തിനകം പുതിയ അധ്യക്ഷന്‍ വന്നു. യെല്ലപ്രഗഡ സുദര്‍ശന്‍ റാവു എന്ന വൈ.എസ്. റാവു. ആര്‍.എസ്.എസിന്റെ ഉപസംഘടനകളില്‍ ഒന്നായ അഖില ഭാരതീയ ഇതിഹാസ് സന്‍കലന്‍ യോജനയുടെ അധ്യക്ഷനായിരുന്നു. ആര്‍.എസ്.എസ് കാഴ്ചപ്പാടില്‍ ഇന്ത്യാചരിത്രമെഴുതുക, പുനരെഴുതുക എന്നിവ ലക്ഷ്യമായി പ്രഖ്യാപിച്ച സംഘടനയാണത്. ഇനി വിശദീകരിക്കുന്നതില്‍ കാര്യമില്ലല്ലോ?

ബിപന്‍ ചന്ദ്രയിലേക്ക് മടങ്ങാം. പുതുതായി രൂപീകരിച്ച ഐ.സി.എച്ച്. ആര്‍ നല്ല നിലയില്‍ പണിതുടങ്ങി. രാജ്യത്തെ സംഘ് അനുകൂല ചരിത്രകാരന്‍മാരുടെ ഒരു പട വിവിധ സര്‍വകലാശാലകളില്‍ തലപൊക്കി. എന്തായിരുന്നു പ്രഥമ പരിപാടി എന്ന് അറിയണ്ടേ? അത് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള അശ്വമേധമായിരുന്നു. എന്തുകൊണ്ട് ആധുനിക ഇന്ത്യ? പറയാം. സ്‌കൂള്‍ തലം തൊട്ട് സര്‍വകലാശാല വരെ നീളുന്ന പഠനക്രമത്തില്‍ ചരിത്രം പ്രാചീനമെന്നും മധ്യകാലമെന്നും ആധുനികമെന്നും വ്യവഛേദിച്ചിട്ടുണ്ട്. പുരാവസ്തുവ്യാഖ്യാനങ്ങളിലൂടെയും പുരാതന രചനകളിലൂടെയുമാണല്ലോ ്രപാചീന ചരിത്രം. മധ്യകാലം കുറേക്കൂടി തെളിഞ്ഞതാണ്. സാമഗ്രികള്‍ ലഭ്യമാണ്. വ്യാഖ്യാനമേ വേണ്ടൂ. അത് അധികാരമുറപ്പിക്കലിന് തല്‍ക്കാലം ആവശ്യമില്ല. കാരണം കൊളോണിയല്‍ ചരിത്ര രചനയുടെ ദുഷ്ഫലങ്ങള്‍ ഗര്‍ഭത്തില്‍ ധരിച്ച ആ ചരിത്രങ്ങള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഉറപ്പിക്കലിന് തല്‍കാലം തടസ്സമില്ല. എണ്‍പതുകളില്‍ രാമാനന്ദ്‌സാഗറിന്റെ രാമായണം മുതല്‍ പ്രബലമായിതുടങ്ങിയ കെട്ടുകഥകളെ ചരിത്രമാക്കല്‍ വിജയകരമായി നടപ്പായ മേഖലയാണത്. പിന്നാലെ പറയാം. പക്ഷേ, ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം അങ്ങനെയല്ല. അവിടെ ബി.ജെ.പി ഭരണത്തെ രാഷ്ട്രീയമായി സാധൂകരിക്കാന്‍ അടിയന്തിരമായ തിരുത്തല്‍ അനിവാര്യമാണ്. കാരണം എഴുതപ്പെട്ട ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ അത്ര ഭദ്രമല്ല ഹിന്ദുത്വയുടെ നില. എന്തെന്നാല്‍ ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ അസ്തിത്വം കെട്ടപ്പെട്ടു കിടക്കുന്നത് ദേശീയ സ്വാതന്ത്ര്യസമരത്തിലാണ്. ദേശരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയെ ഉറപ്പിച്ച് നിര്‍ത്തുന്ന സകല മൂല്യങ്ങളുടെയും, ജനാധിപത്യത്തിന്റെ തന്നെയും അടിത്തറ ആ ദേശീയ പ്രസ്ഥാനമാണ്. ആ ദേശീയ പ്രസ്ഥാനത്തിന്റെ നായക പദവി ഗാന്ധിജിയിലാണ്. ആ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന മൂല്യങ്ങളിലൊന്ന് ആധുനികതയും ജനാധിപത്യവും മതേതരത്വവുമാണ്. ഗാന്ധിയാവട്ടെ തീവ്ര മതേതരത്വത്തിന്റെ വക്താവുമാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ പാകിസ്ഥാന് വാഗ്ദാനം ചെയ്ത പണം കൊടുക്കാന്‍ നിരാഹാരമിരുന്നയാളാണ് ഗാന്ധി. നിങ്ങള്‍ വായിച്ചിട്ടുള്ളതുപോലെ ഇന്ത്യാ വിഭജനം ഒഴിവാക്കാന്‍ മുഹമ്മദലി ജിന്നയെ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ശിപാര്‍ശ ചെയ്തയാളാണ് ഗാന്ധി. ദേശീയ പ്രസ്ഥാനത്തിലെമ്പാടും ഈ ഗാന്ധിയന്‍ മൂല്യ വ്യവസ്ഥയുടെ പ്രതിഫലനങ്ങള്‍ ഉണ്ടായിരുന്നു. മുസ്‌ലിം എന്നത് ആ പ്രസ്ഥാനത്തില്‍ അപരമായിരുന്നില്ല. മതാതീതമായ ഒരു ദേശീയതയാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനം ഇവിടെ സൃഷ്ടിച്ചത്.

എന്നാല്‍ ഹിന്ദുത്വവാദികളോ? കഷ്ടമായിരുന്നു നില. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്ക ദശാബ്ദത്തില്‍ അപ്പര്‍ ക്ലാസ് ഹിന്ദുക്കള്‍ക്ക് മതപരവും ജാതീയവുമായ മേല്‍കൈ ഉണ്ടായിരുന്ന ദേശീയ പ്രസ്ഥാനത്തെ ഗാന്ധിയുടെ വരവ് അട്ടിമറിച്ചത് നിങ്ങള്‍ ഓര്‍ക്കുക. അതോടെ ഹിന്ദുത്വക്ക് അതില്‍ റോള്‍ ഇല്ലാതായി. എന്താണ് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുത്വ ശക്തികളുടെ, അല്ലെങ്കില്‍ ഇപ്പോഴത്തെ സംഘപരിവാരത്തിന്റെ അക്കാല രൂപത്തിന്റെ പങ്ക്? ഒന്നുമില്ല എന്നുമാത്രമല്ല അത് ഒറ്റുകാരുടെ പണി എടുക്കുകയും ചെയ്തു. മരുന്നിന് പോലും ഒരു പോരാളി ആ പക്ഷത്ത് നിന്ന് ഉണ്ടായില്ല. ഉണ്ടായിരുന്നത് സവര്‍ക്കര്‍. കാരുണ്യത്തിന്റെ പരമാവതാരമെന്ന് ബ്രിട്ടനെ വിശേഷിപ്പിച്ച് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറാകട്ടെ പേരുദോഷവുമാണ്. ചരിത്രമാണ് ദേശരാഷ്ട്രത്തെ സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞല്ലോ? അപ്പോള്‍ ആ ചരിത്രത്തില്‍ കാഴ്ചക്കാര്‍ പോലുമല്ലാത്ത സംഘപരിവാറിന് ഈ ദേശരാഷ്ട്രത്തില്‍ എന്തുകാര്യം എന്ന ചോദ്യം അവരെ നടുക്കുന്നത് സ്വാഭാവികം. ആ നടുക്കത്തില്‍ നിന്നാണ് തിരുത്തലിന് വേഗം കൂടിയത്. ആദ്യം പിടിച്ചതാകട്ടെ ബിപന്‍ ചന്ദ്രയെ.

ബിപന്‍ ചന്ദ്ര 1987-ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യാസ് സ്ട്രഗ്ള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ് ആണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം സംബന്ധിച്ച് സര്‍വസമ്മതിയും പ്രചാരവുമുള്ള ഗ്രന്ഥം. ആ ഗ്രന്ഥത്തിനെതിരെ സംഘം രംഗത്തുവന്നു. അന്ന് ടൈംസ് നൗവിലുണ്ടായിരുന്ന അര്‍ണാബ് ഗോസാമിയാണ് പട നയിച്ചത്. ജെ.എന്‍.യു ഉള്‍പ്പടെയുള്ള ജ്ഞാനകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരുന്ന യുദ്ധത്തിന്റെ ഭാഗമായി ബിപന്‍ ചന്ദ്രയുടെ പുസ്തകം ആക്രമിക്കപ്പെട്ടു. ഭഗത് സംഗിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചു എന്നതായിരുന്നു കുറ്റം. ഇക്കണോമിക്കല്‍ ആന്റ് പൊളിറ്റിക്കല്‍ വീക്‌ലിയുടെ 2016 മെയ് 7 ലക്കത്തില്‍ സുധാ തിവാരി ആ യുദ്ധത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ദേശാഭിമാനികളെ അവഹേളിച്ചു എന്ന് പറഞ്ഞ് ബിപന്‍ ചന്ദ്രയുടെ പുസ്തകം റദ്ദാക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടന്നു. ബി.ജെ.പിയുടെ പാര്‍ലമെന്റംഗം അനുരാഗ് താക്കൂര്‍ വിഷയം പാര്‍ലമെന്റില്‍ എത്തിച്ചു.

കഴിഞ്ഞില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ പടയൊരുക്കം പലവഴിക്ക് നടന്നു. നെഹ്‌റുവിന്റെ സദാചാരമായിരുന്നു ഒരു വിഷയം. വര്‍ഗീയത എന്ന ആശയത്തെ വേരോടെ എതിര്‍ത്തയാളാണ് നെഹ്‌റു എന്നോര്‍ക്കുക. ന്യൂനപക്ഷ വര്‍ഗീയത തുടങ്ങുമ്പോള്‍ തന്നെ വര്‍ഗീയതയായി തിരിച്ചറിയപ്പെടുമെന്നും എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയത ദേശീയതയുടെ രൂപത്തിലായിരിക്കും വരികയെന്നും പറഞ്ഞയാളാണല്ലോ നെഹ്‌റു. നെഹ്‌റുവിന് ബദലായി സര്‍ക്കാര്‍ തലത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നത് ഓര്‍ക്കുക.
അതായത് തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത ഒരു ചരിത്രത്തിന്റെ സൃഷ്ടിയായ രാജ്യത്ത് തങ്ങള്‍ സാധൂകരിക്കപ്പെടില്ല എന്ന, ന്യായമായ ഭീതി ചരിത്രത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലേക്ക് അവരെ എത്തിച്ചു. ദേശീയ പ്രസ്ഥാനത്തിലെ, അക്കാലത്ത് പ്രകടമാകാതിരുന്ന ഹിന്ദു എന്ന് വിളിക്കാവുന്ന, ബ്രാഹ്മണിക് എന്ന് പറയാവുന്ന മൂല്യങ്ങളെ സ്വന്തമാക്കി അതിനെ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്ര പദവിയില്‍ പ്രതിഷ്ഠിക്കുക. ചുളുവില്‍ ചരിത്രത്തിലേക്ക് നുഴഞ്ഞുകയറുക. അധികാരത്തിന്റെ തണലില്‍ ബി.ജെ.പി സര്‍ക്കാര്‍ വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന വിവധ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമാണ് നിങ്ങള്‍ വായിച്ചത്.
ചരിത്രമെന്നത് ഭൂതകാലത്തിലേക്കുള്ള ഒരു നോട്ടം കൂടിയാണല്ലോ? ആ നോട്ടം നിഷ്‌കളങ്കമായ ഒന്നല്ല. നിങ്ങള്‍ ചരിത്രത്തിലേക്ക് മുഴുവനായി നോക്കുകയല്ല. നിങ്ങള്‍ക്ക് ആവശ്യമുള്ളതിലേക്ക് മാത്രം നോക്കുകയാണ്. മധ്യകാല ഇന്ത്യയുടെ ചരിത്രത്തിലേക്ക് സംഘപരിവാര്‍ ചരിത്രസംഘം നോക്കുന്ന നോട്ടം ഇത്തരത്തില്‍ ആവശ്യാനുസരണമുള്ള ഒരു നോട്ടമാണ്. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ നടത്തിയ അടിത്തറയില്ലാത്ത വിഭജനങ്ങളെ ഒന്നുകൂടി ആഴത്തിലാക്കുന്ന വ്യാഖ്യാനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണിപ്പോള്‍. മുസ്‌ലിം ചക്രവര്‍ത്തിമാരുടെ ക്ഷേത്രക്കൊള്ളകളാണ് അതിലൊന്ന്. മുഹമ്മദ് ഗസ്‌നിയുടെ ക്ഷേത്രക്കൊള്ളകള്‍. അലാവുദ്ദീന്‍ ഖില്‍ജിയുടെ പടയോട്ടങ്ങള്‍. ടിപ്പുവിന്റെ യുദ്ധങ്ങള്‍. ക്ഷേത്രക്കൊള്ള എന്ന കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ അബദ്ധ വിശകലനത്തെ സോമനാഥക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ റോമില ഥാപ്പര്‍ തിരുത്തിയത് (Somanatha: The Many Voices of a History) അവഗണിച്ചാണ് അതേ കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നത്. ക്ഷേത്രം കൊള്ളയടിക്കല്‍ എന്നതിനെ സമ്പാദ്യത്തിന്റെ കെക്കലാക്കല്‍ എന്ന അന്നത്തെ യുദ്ധനീതിയായി കാണുന്നില്ല. (കശ്മീരിലെ ഹിന്ദു രാജാവായിരുന്ന ഹര്‍ഷന് ഷേത്രം കൊള്ളയടിക്കാന്‍ മാത്രമായി ഒരു ദളം ഉണ്ടായിരുന്നു എന്ന് സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണത്തില്‍ കേട്ടതോര്‍ക്കുന്നു). മുസ്‌ലിം ആക്രമണകാരി എന്ന പരിവേഷം അവതരിപ്പിക്കാന്‍ കാരണമെന്താണ് എന്നത് വിശദീകരിക്കേണ്ടതില്ല. ഫാഷിസത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍ ഇതേ പംക്തിയില്‍ നമ്മള്‍ പലവുരു പറഞ്ഞതാണ്. പ്രധാനമായും അത് അപരനെ നിര്‍മിക്കലാണ്. ഇപ്പോള്‍ ഫാഷിസ്റ്റ് ഇന്ത്യയില്‍ മുസ്‌ലിം ആണ് അപരന്‍. ആ അപരത്വത്തെ ഉറപ്പിക്കാനുള്ള അക്രമ കഥകള്‍ അതിനാല്‍ തന്നെ ചരിത്രത്തിലേക്കുള്ള ആര്‍.എസ്.എസ് നോട്ടങ്ങളാണ്. കൂടിക്കലര്‍ന്നിരുന്ന ഒരു ജീവിതം ചരിത്രത്തിലില്ല എന്ന് അവര്‍ വാദിക്കുന്നു. പുറത്തുനിന്ന് അക്രമികളായി വന്ന മുസ്‌ലിംകള്‍ എന്ന വാദം ഉറപ്പിക്കുന്നു. പലതരം വരവുകളുടെ സംഗമമാണ് ഇന്ത്യാ ചരിത്രം എന്ന തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യത്തെ അവര്‍ തമസ്‌കരിക്കുന്നു.

കെട്ടുകഥകള്‍ ചരിത്രമാവുമോ? ആവില്ല. കാരണം ചരിത്രരചന ഒരു വിജ്ഞാന പദ്ധതിയാണ്. അതിന് സങ്കേതങ്ങള്‍ നിര്‍ബന്ധമാണ്. എന്നാല്‍ കെട്ടുകഥകളുടെ വ്യാഖ്യാനങ്ങള്‍ക്ക് ചരിത്രത്തില്‍ പങ്കുണ്ടു താനും. ചരിത്ര വിജ്ഞാനീയത്തിന്റെ ഈ പഴുതുകള്‍ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട് ബി.ജെ.പി ഭരണകൂടം. പശുവും ചാണകവും ചലനനിയമവും ഉള്‍പ്പെടെ ട്രോള്‍ തമാശകളായി നമ്മള്‍ ചിരിച്ചുതള്ളുന്ന ആ ജല്‍പനങ്ങളുണ്ടല്ലോ? അതത്ര ചിരിക്കാനുള്ളതല്ല. ആ പറയുന്നവര്‍ പമ്പര വിഢികളാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ അക്ഷയ മുകുളിന്റെ ഗീതാപ്രസ് ആന്റ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ നിര്‍ബന്ധമായും വായിക്കണം. ഗൊരഖ്പൂരിലെ ഗീതാപ്രസില്‍ നിന്ന് 1920കള്‍ മുതല്‍ പുറത്തുവന്ന നൂറ് കണക്കിന് പ്രസിദ്ധീകരണങ്ങള്‍ ‘അസംബന്ധ’ങ്ങളുടെ ആഘോഷമായിരുന്നു. ഒടുവില്‍ പതിയെപ്പതിയെ ആ അസംബന്ധങ്ങള്‍ വസ്തുതകളായി രൂപം മാറിയത് നമ്മള്‍ കണ്ടതാണ്. ഏത് ആശയവും ഭൗതിക വസ്തുവാണെന്ന് പറഞ്ഞത് മാര്‍ക്‌സ് ആണ്. അസംബന്ധവും ഒരാശയമാണല്ലോ.
‘ലോകം’ കണ്ട ഏറ്റവും വലിയ അസംബന്ധാശയമായിരുന്നു ആര്യന്‍ സുപീരിയോറിറ്റി തിയറി. ശാസ്ത്ര സത്യമെന്ന പോലാണ് ഹിറ്റ്‌ലര്‍ ആര്യന്‍ വംശമേധാവിത്വ സിദ്ധാന്തം അവതരിപ്പിച്ചത്. നൂറുകണക്കിന് ശാസ്ത്രജ്ഞന്‍മാരുടെ പിന്‍ബലമുണ്ടായിരുന്നു ആ വാദത്തിന്.

ശാസ്ത്രത്തോടൊപ്പം ചരിത്രവും ഹിറ്റ്‌ലര്‍ ആ സിദ്ധാന്തത്തിനായി ഉപയോഗിച്ചു. അതിനെ സാധൂകരിക്കാന്‍ ചരിത്രം രചിച്ചു. HE WHO KNOWS THE JEW KNOWS THE DEVIL എന്ന വാചകം ഫാഷിസ്റ്റ് വാരികയുടെ മുഖവാചകമായി എല്ലാ ആഴ്ചയും പ്രത്യക്ഷപ്പെട്ടു. അത് വിശ്വസിക്കപ്പെട്ടു. ശാസ്ത്രവും ചരിത്രവുമാണ് ഉപയോഗിക്കപ്പെട്ടത്. പുതിയ ജര്‍മനിയെ അതുവഴി ഹിറ്റ്‌ലര്‍ സൃഷ്ടിച്ചു. കാലം അയാളെ കൊന്നു. പക്ഷേ, ലക്ഷക്കണക്കിന് മനുഷ്യരെ അയാള്‍ അപ്പോഴേക്കും തുടച്ചുനീക്കിയിരുന്നു. അതു കൊണ്ട് ചരിത്രത്തിന്റെ പുറത്തുകയറി അവര്‍ വരുമ്പോള്‍ സൂക്ഷിക്കണം.

കെ.കെ. ജോഷി

You must be logged in to post a comment Login