മമ്പുറം തങ്ങളും മതമൈത്രിയും

മമ്പുറം തങ്ങളും മതമൈത്രിയും

മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ദേശാഭിമാനത്തിന്റെയും മഹനീയ മാതൃകയായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍ (1753 1844). മുസ്‌ലിംകളുടെ ആത്മീയ നേതാവ്, സ്വാതന്ത്ര്യസമര നായകന്‍, മതസൗഹാര്‍ദ വക്താവ് തുടങ്ങിയ വിശേഷണത്താല്‍ പുകള്‍പെറ്റ അദ്ദേഹം മുസ്‌ലിം ഉന്നതിക്കും വിമോചനത്തിനും അധഃസ്ഥിത വിഭാഗത്തിന്റെ പുരോഗതിക്കും തീവ്രയത്‌നങ്ങള്‍ നടത്തി. ഹൈന്ദവ സഹോദരന്മാരെ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ പൊതു ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കി.

അവശതയനുഭവിക്കുന്നവരെ ജാതിമത ഭേദമന്യേ തങ്ങള്‍ അകമഴിഞ്ഞ് സഹായിച്ചു. ദൈനംദിനം ആവലാതികളുമായി സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചും പൈദാഹം തീര്‍ത്തും ആശ്വാസമേകി. അവരുടെ കല്യാണ നിശ്ചയങ്ങളില്‍ പോലും തങ്ങള്‍ സാന്നിധ്യമറിയിച്ചു. ഹിന്ദുക്കളിലെ അധഃസ്ഥിത വിഭാഗത്തിന്റെ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ശക്തിയുക്തം വാദിച്ചു. ഹൈന്ദവ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു.

ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരായിരുന്നു തങ്ങളുടെ മുഖ്യകാര്യസ്ഥന്‍. അവശത അനുഭവിച്ചിരുന്ന ഹിന്ദു മുസ്‌ലിം സഹോദരങ്ങളെ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചു.

ആചാരം, വിശ്വാസം, കീഴ്‌വഴക്കം തുടങ്ങിയവകൊണ്ട് ഹിന്ദുക്കളിലെ ദളിത് വിഭാഗത്തിന് അയിത്തവും തീണ്ടലും കല്‍പിച്ചിരുന്ന കാലത്ത് ഏറ്റവും താഴ്ന്ന സ്ഥാനം കല്‍പിച്ചിരുന്നത് പുലയര്‍ക്കാണ്. നെല്ല് വിതയ്ക്കുന്നതും കൊയ്യുന്നതും കറ്റ മെതിക്കുന്നതും പതമളക്കുന്നതും അവരാണ്. നെല്ല് കൊയ്ത കറ്റകള്‍കെട്ടി കൂട്ടിയിട്ട് അന്യോന്യം പിണച്ചുകെട്ടിയ മുളങ്കാലുകള്‍ക്കിടയില്‍ ഒരു വലിയ മുള നീളത്തില്‍ ബന്ധിച്ച് അതില്‍പിടിച്ചു വരിവരിയായി ചവിട്ടിമെതിച്ചായിരുന്നു നെല്ലും വയ്‌ക്കോലും വേര്‍തിരിച്ചെടുത്തിരുന്നത്.

ജാതീയത കൊടികുത്തി വാണിരുന്ന അക്കാലത്ത് ദളിതര്‍ കഷ്ടപ്പെട്ട് വേര്‍തിരിച്ചെടുക്കുന്ന നെല്‍മണികള്‍ സവര്‍ണ ഭവനങ്ങളിലെ പത്തായത്തില്‍ നിറയ്ക്കുന്നതിനും, അവര്‍ണര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങളിലെ പറയെടുപ്പിനും, മറ്റനുഷ്ഠാനങ്ങള്‍ക്കും അവരെ ഉപയോഗിക്കുന്നതിന് സവര്‍ണര്‍ക്ക് അയിത്തമുണ്ടായിരുന്നില്ല. മറിച്ച് സവര്‍ണ ഭവനങ്ങളിലും ക്ഷേത്രത്തിലും പ്രവേശിക്കുന്നതിനെയാണ് അവര്‍ കര്‍ശനമായി എതിര്‍ത്തത്.

നായര്‍ നമ്പൂതിരിയെ സ്പര്‍ശിച്ചാല്‍ നമ്പൂതിരിക്ക് ശുദ്ധിദോഷം സംഭവിക്കും. ഈ ദോഷം മാറണമെങ്കില്‍ ഉടുവസ്ത്രത്തോടെ മുങ്ങികുളിക്കണം. മരണത്തെ തുടര്‍ന്നുള്ള പുല വാലായ്മയുള്ളവരെ തൊട്ടാല്‍ ബ്രാഹ്മണര്‍ക്ക് മാത്രമല്ല ഇതര വിഭാഗക്കാര്‍ക്കും അയിത്തമാകും.
തീണ്ടാരി സംഭവിച്ച സ്ത്രീ സ്വന്തം മക്കളെപ്പോലും തൊടാന്‍ പാടില്ല. നിശ്ചിത ദൂരപരിധിക്ക് ഇപ്പുറത്ത് അയിത്തജാതിക്കാരന്‍ നിന്നാല്‍ തന്നെ മേല്‍ജാതിക്കാര്‍ക്ക് അശുദ്ധി ദോഷമുണ്ടാകും. ശൂദ്രര്‍ക്ക് ആറടി ദൂരത്തിനപ്പുറവും, തച്ചന്‍, കൊല്ലന്‍, മൂശാരി, തട്ടാന്‍ എന്നിവര്‍ക്ക് ഇരുപത്തിനാലടിയും, നായാടി, പറയര്‍, വേടന്‍ എന്നിവര്‍ എഴുപത്തിരണ്ടടി ദൂരവും, കണിയാന്‍ മുപ്പത്തിയഞ്ചടി ദൂരവും നില്‍ക്കണമെന്നായിരുന്നു അവരുടെ പ്രമാണം. സവര്‍ണരുടെ ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

ഇത്തരം ദുരാചാരങ്ങള്‍ തേര്‍വാഴ്ച നടത്തിയിരുന്ന കാലത്ത് സവര്‍ണ വിഭാഗത്തിന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുനിന്ന് ഭക്തയായ ഒരു ദളിത് സ്ത്രീ മമ്പുറത്തെത്തി തങ്ങളോട് അഭയം ചോദിച്ചു. കളിയാട്ടമുക്കില്‍ കാവുണ്ടാക്കി ധ്യാനിക്കാന്‍ അവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തതും അവിടത്തെ ഉത്സവ ദിവസം ഇടവമാസത്തിലെ വെള്ളിയാഴ്ചയായി നിശ്ചയിച്ചു കൊടുത്തതും തങ്ങളാണെന്നാണ് ചരിത്രഭാഷ്യം. ഉത്സവ ദിവസം കളിയാട്ടക്കാവിലമ്മയുടെ അനുയായികള്‍ പൊയ്കുതിരകളുമായി മമ്പുറത്ത് വരികയും തങ്ങളുടെ അനുഗ്രഹം വാങ്ങുകയും പതിവായിരുന്നു.

പൂര്‍വകാല സ്മരണ ഉണര്‍ത്തി വര്‍ഷംതോറും മൂന്നിയൂരില്‍ ഹരിജന വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള കോഴിക്കളിയാട്ടത്തിന് കാവിലെ കളിയാട്ട പൊയ്‌ക്കോലങ്ങള്‍ ഭക്തിയില്‍ ഉറഞ്ഞുതുള്ളി മമ്പുറം മഖാം മഖ്ബറ സന്ദര്‍ശിച്ചുള്ള ക്ഷേത്രത്തിലേക്കുള്ള യാത്രയും വാര്‍ഷിക ചന്തയും ഇന്നും തുടര്‍ന്നുവരുന്നു.

താനൂര്‍ വടക്കേ പള്ളി, കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി, ചാപ്പനങ്ങാടി പള്ളി, കാനാഞ്ചേരി പള്ളി, മൂന്നിയൂര്‍ ഒടുങ്ങാട്ടുചിന പള്ളി, വെളിമുക്ക് പള്ളി, കുറ്റിച്ചിറ പള്ളി, പൊന്‍മുണ്ടം പള്ളി തുടങ്ങി നൂറിലേറെ മസ്ജിദുകള്‍ തങ്ങള്‍ നേരിട്ട് നിര്‍മ്മിപ്പിച്ചവയോ തറക്കല്ലിടല്‍ നടത്തിയവയോ പുനരുദ്ധാരണം നടത്തിയവയോ ആണ്. ഈ പള്ളികളില്‍ തങ്ങള്‍ വളരെ ആത്മബന്ധം പുലര്‍ത്തിയ പള്ളികളില്‍ ഒന്നാണ് തിരൂരങ്ങാടിക്കടുത്ത കൊടിഞ്ഞിപള്ളി. പലപ്പോഴും അവിടെ ചെന്ന് നിസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ചില രാത്രികളില്‍ സന്തതസഹചാരികളുമൊന്നിച്ച് അവിടേക്ക് സഞ്ചരിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.

ഹൈന്ദവ വിഭാഗത്തിലെ മണ്ണാന്‍, ആശാരി, കല്ലാശാരി, കൊല്ലന്‍ എന്നീ കുലത്തൊഴിലുകാര്‍ക്ക് പള്ളി നിര്‍മാണത്തിനോടനുബന്ധിച്ച് പള്ളിപ്പരിസര പ്രദേശങ്ങളില്‍ സ്ഥലം നല്‍കി താമസിക്കാന്‍ തങ്ങള്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. പ്രത്യുപകാരമായി പള്ളിയുടെ അറ്റകുറ്റ പണികളിലും ആണ്ടുനേര്‍ച്ചയിലും അവര്‍ സജീവമായി സഹകരിച്ചു. പള്ളിയില്‍ ചടങ്ങുകള്‍ നടന്നാല്‍ അവിടെ ലഭിക്കുന്ന പലഹാരങ്ങളുടെ ഒരു അവകാശം ഈ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചു.

നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഈ പതിവ് ഇന്നും നിലനില്‍ക്കുന്നു. റമളാന്‍ മാസത്തിലെ 27-ാം രാവിന് മഹല്ലില്‍ നിന്നുള്ള കുടുംബങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പലഹാരങ്ങളില്‍ ഒരു ഓഹരി മേപ്പടി അമുസ്‌ലിം കുടുംബങ്ങള്‍ക്ക് നല്‍കും. ബാക്കിയുള്ളവ അന്ന് പള്ളിയില്‍ ചടങ്ങുകള്‍ക്കെത്തുന്നവര്‍ക്ക് ഭാഗിച്ച് നല്‍കും. ഓഹരി വാങ്ങുന്നവര്‍ തങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക് വിതരണം ചെയ്യും. ഈ ചടങ്ങ് പുണ്യമായി കരുതി വരുന്നു.
പള്ളിയിലെ സത്യം ചെയ്യലും പ്രസിദ്ധമാണ്. ജാതിമതഭേദമന്യേ വിവിധ പ്രദേശങ്ങളില്‍ നിന്നും സത്യം ചെയ്യുന്നതിനായി ഇവിടെയെത്താറുണ്ട്. വെള്ളിയാഴ്ച ജമുഅക്ക് ശേഷമാണ് ചടങ്ങ്. റമളാന്‍ മാസത്തില്‍ പതിവില്ല.

പോലീസിലും കോടതിയിലും തീരാത്ത കേസുകളും സത്യം ചെയ്യലിലൂടെ പരിഹരിച്ചിരുന്നു. പ്രസ്തുത കര്‍മത്തിനായി എത്തുന്നവര്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്താണു പള്ളിമുറ്റത്തുനിന്ന് വിടപറയുന്നത്. പള്ളിയും അനുബന്ധ ചടങ്ങുകളും ഇപ്പോഴും പാരമ്പര്യത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

ടി വി അബ്ദുറഹ്മാന്‍കുട്ടി

You must be logged in to post a comment Login