പുരാവസ്തു ശേഖരങ്ങള്‍

പുരാവസ്തു ശേഖരങ്ങള്‍

ഖമീസ് മുഷെയ്തിലെ സൂക്കിലൂടെ നടക്കുമ്പോള്‍ പരിചയപ്പെട്ട ബദര്‍ എന്ന സഊദി അറേബ്യക്കാരനാണ് അല്‍സുദ താഴ്‌വരയിലെ മ്യൂസിയത്തെപ്പറ്റി പറഞ്ഞത്. യാത്രികനായ എന്നെക്കുറിച്ച് കേട്ടപ്പോള്‍ അയാള്‍ക്ക് കൗതുകം തോന്നിക്കാണണം. ചുറ്റി നടക്കാന്‍ ഞങ്ങള്‍ക്കൊപ്പമുള്ള ടെസ്സിറോണിയുടെ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിക്കുന്നു. ലേഡീസ് സൂക്കില്‍ വെച്ച് ഒരു വില്‍പനക്കാരി ടെസ്സിയോട് പറഞ്ഞത് നിനക്കാവശ്യമുള്ളതൊക്കെ എന്റെ കടയില്‍ നിന്നെടുത്തോ എന്നാണ്. പകരമായി നിന്റെ സ്‌നേഹം മാത്രം മതി എന്നും.
ഏറെ പൗരാണികമായ വാസ്തുശില്‍പങ്ങള്‍കൊണ്ട് സമ്പന്നമാണ് അല്‍സുദ താഴ്‌വര. കോട്ടകളുടെ അവശിഷ്ടങ്ങള്‍ ഉണ്ടവിടെ. വിദൂരതയില്‍ നിന്ന് അപൂര്‍വമായ ദൃശ്യാനുഭവങ്ങള്‍ ആ കോട്ടകള്‍ പകര്‍ന്നു നല്‍കും. ഒട്ടോമന്‍കാലത്തെ കോട്ടകള്‍ മിക്കതും ടര്‍ക്കിഷ് ശൈലിയിലുള്ളതാണ്. വെളിച്ചം ധാരാളമായി കടന്നു വരികയും അതേസമയം ശൈത്യത്തെ ചെറുക്കുകയും ചെയ്യുന്ന രീതിയിലുള്ളതാണ് കോട്ടയുടെ ജാലകങ്ങള്‍. ജ്യാമിതീയമായ സൗന്ദര്യാനുഭവങ്ങളുടെ അസാധാരണത്വം.

അല്‍സുദ താഴ്‌വരയിലെ പൗരാണിക മ്യൂസിയവും ഒരു കോട്ടക്കകത്താണ്. ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മ്യൂസിയമാണത്. അസീറിലെ ഗോത്ര സംസ്‌കൃതിയെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും വിലപ്പെട്ട അറിവുകള്‍ നല്‍കും ഈ മ്യൂസിയം. ആയിരത്താണ്ടുകളിലൂടെ രൂപപ്പെട്ടു വന്ന നാള്‍വഴികള്‍ ഒരുക്കിവെച്ചിട്ടുണ്ടിവിടെ. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വെയ്ക്കാനും വിളമ്പാനുമുള്ള പാത്രങ്ങള്‍ എല്ലാം ഇവിടെയുണ്ട്.

കാര്‍ഷികോപകരണങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. അടിസ്ഥാപരമായി കാര്‍ഷിക മേഖല തന്നെയാണ് അസീര്‍. ധാന്യങ്ങളും പരിപ്പുവര്‍ഗങ്ങളുമൊക്കെ കൃഷിചെയ്യുക മാത്രമല്ല, അവ സൂക്ഷിക്കുകയും വേണം. അതിനുള്ള സാങ്കേതികവിദ്യയൊക്കെ ഗോത്രവര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. കാര്‍ഷിക ഉപകരണങ്ങളും മറ്റ് വീട്ടുപകരണങ്ങളുമൊക്കെ പ്രാദേശിക വിഭവങ്ങള്‍കൊണ്ട് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള ഇരുമ്പിന്റെ ലഭ്യതക്കുറവാണ് മരങ്ങള്‍കൊണ്ടുള്ള ഉപകരണങ്ങളുടെ നിര്‍മിതിക്ക് ഗോത്രവര്‍ഗങ്ങളെ പ്രേരിപ്പിച്ചിരിക്കുക. കൃഷി ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ അവര്‍ ആശ്രയിച്ചത് മരുമരങ്ങളെയാണ്. മരുവൃക്ഷങ്ങള്‍ പലതും കടുപ്പമേറിയവയാണ്. നിലം ഒരുക്കിയെടുക്കാനുള്ള ധാരാളം ഉപകരണങ്ങള്‍ അതുകൊണ്ട് നിര്‍മിക്കാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവയ്ക്ക് കേടുപറ്റിയില്ല എന്നത് മരത്തിന്റെ സവിശേഷതകൊണ്ടാണ്. ഈന്തപ്പനയും അവര്‍ നന്നായി ഉപയോഗിച്ചു. നമ്മള്‍ മലയാളികള്‍ തെങ്ങിനെപ്പറ്റി കല്‍പവൃക്ഷം എന്നു പറയുന്നത് പോലെയാണ് ഈന്തപ്പനയുടെ അവസ്ഥയും. ഇതിന്റെ തടി കൊണ്ട് വൈവിധ്യമാര്‍ന്ന ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കാം. കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാം. ഈ വിധം ഈന്തപ്പനയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയതിന്റെ മാതൃകകള്‍ ഈ മ്യൂസിയത്തിലുണ്ട്.

ഒട്ടകത്തോലുകൊണ്ടുണ്ടാക്കിയ വൈവിധ്യമാര്‍ന്ന ഉപകരണങ്ങളാണ് മറ്റൊരു സവിശേഷത. പണ്ടുകാലങ്ങളില്‍ ഒട്ടകത്തിന്റെ തോല് നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. വെള്ളം ശേഖരിക്കാനും അത് സൂക്ഷിച്ചുവെക്കാനും ഒട്ടകത്തോലുകൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിച്ചു. ഒട്ടക പരിപാലനവും ഒട്ടക അലങ്കാരവുമായി ബന്ധപ്പെട്ട ധാരാളം സാധനങ്ങള്‍ ഒട്ടകത്തോലുകൊണ്ട് ഉണ്ടാക്കി. ഒട്ടകപ്പാല് സൂക്ഷിക്കാനും സഞ്ചികള്‍ ഉണ്ടാക്കി.
ഗോത്രസമൂഹത്തിന്റെ കലാപരമായ കഴിവുകള്‍ മുഴുവന്‍ വെളിപ്പെടുന്നത് ആഭരണ നിര്‍മിതിയിലാണ്. ആഭരണം, വസ്ത്രം എന്നിവയുടെ കാര്യത്തില്‍ അപാരമായ വൈവിധ്യമുണ്ട് അസീറിലെ ഗോത്രജീവിതത്തിന്. മികച്ച ആഭരണ നിര്‍മാതാക്കള്‍ അവിടെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ആഭരണം, വസ്ത്രം എന്നിവയുടെ കാര്യത്തില്‍ ഞാന്‍ മറ്റൊന്നു കൂടി ശ്രദ്ധിച്ചു. ഡക്കാനിലെ നാടോടി ഗോത്രങ്ങള്‍, ജമ്മുകശ്മീരിലെ ഗുജാറുകള്‍, ഗുജറാത്തിലെ കച്ച് പ്രവിശ്യയിലുള്ള ഗോത്രങ്ങള്‍ ഇവരുടെയൊക്കെ ആഭരണം, വസ്ത്രം എന്നിവയുമായി അത്ഭുതപ്പെടുത്തുന്ന സാദൃശ്യം അസീറിലെ ഗോത്രങ്ങളുടെ കാര്യത്തിലും കാണാം. ഭക്ഷണം വിളമ്പാനുള്ള തളികകള്‍ക്കുമുണ്ട് സവിശേഷത. അതും അലങ്കാര സമൃദ്ധം. വീടും പരിസരവും അലങ്കാരങ്ങള്‍കൊണ്ട് സമ്പന്നമാക്കി അവര്‍.

ഗോത്രസമൂഹത്തിന്റെ കരവിരുത് പ്രകടമായ മറ്റൊരു മേഖല പെട്ടക നിര്‍മാണമാണ്. വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിക്കാനുള്ള പെട്ടകങ്ങളാണ് കൂടുതലും. മരത്തില്‍ നിര്‍മിച്ച അവയില്‍ പിത്തളകൊണ്ട് അലങ്കാരങ്ങള്‍ പണിയുന്നു. കട്ടില്‍, കസേര, മേശ എന്നിവയിലും അലങ്കാരങ്ങള്‍ ഉണ്ടാവും. പരവതാനികളുടെ വൈവിധ്യമാണ് മറ്റൊന്ന്. നിലത്തിരുന്ന് ആഹാരം കഴിക്കുന്നതാണ് ഗോത്രശീലം. സാമ്പത്തികശേഷി എത്ര കുറഞ്ഞ ആളായാലും മനോഹരമായ ചിത്രക്കമ്പളം വിരിച്ച ശേഷമേഅതിഥികളെ സല്‍കരിക്കൂ. ചരിത്രത്തിലും നരവംശ ശാസ്ത്രത്തിലും താല്‍പര്യമുള്ളവര്‍ക്ക് ഒരു ദിവസം മുഴുവന്‍ ചെലവഴിച്ചാലും കണ്ടും വായിച്ചും തീര്‍ക്കാനാവത്ത അത്രയും സമ്പന്നമാണ് ഈ മ്യൂസിയം. ഒത്തിരി നേരം ഇവിടെ ചെലവഴിച്ചു. സിവിലൈസേഷന്‍ മ്യൂസിയം എന്ന പേരില്‍ മറ്റൊന്നും അസീര്‍ മേഖലയിലുണ്ട്. അതും സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ സഊദി സര്‍ക്കാര്‍ കുറച്ചൊക്കെ ഉദാസീനരായിരുന്നു മുമ്പ്. ധാരാളം സ്മാരകങ്ങള്‍ അങ്ങനെ നശിച്ചുപോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം വന്നു. ചരിത്രസ്മാരകങ്ങളും പുരാവസ്തുക്കളും ലോകപൈതൃകത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് എല്ലാമേഖലകളിലും പ്രകടമാണ്. മ്യൂസിയങ്ങള്‍ വലിയ പ്രചാരം നേടുന്നതിന്റെ കാരണം അതാണ്. അബഹ നല്‍കുന്ന ഭൂമിശാസ്ത്രപരമായ വിസ്മയങ്ങളും നിരവധിയാണ്. അങ്ങനെ ഒരിടത്തേക്ക് മാലിക് എന്നെ കൊണ്ടുപോയി. ഒരു പര്‍വതനിരയുടെ അറ്റമാണത്. പാറക്കെട്ടുകള്‍ നിറഞ്ഞ വിശാലത. അതവസാനിക്കുന്നിടത്ത് ഭയാനകമായ താഴ്ചയും. അഗാധത്തിലേക്ക് നോക്കുമ്പോള്‍ ചെറിയ വീടുകള്‍ കണ്ടു. അതൊരു പരമ്പരാഗത അസീര്‍ ഗ്രാമമാണ്. പുരാതനകാലത്ത് പുറംലോകവുമായുള്ള വിനിമയങ്ങള്‍ അസാധ്യമാക്കുന്ന തരത്തിലുള്ളതായിരുന്നു ഇത്തരത്തിലുള്ള ഗ്രാമജീവിതം.

അല്‍സുദ താഴ്‌വരയിലെ മ്യൂസിയത്തിലേക്ക് പോകുന്ന വഴിക്ക് ഒരു അറബി നടത്തുന്ന മൃഗശാലയുണ്ട്. പൊതുവെ മരുഭൂമിയില്‍ മൃഗസമ്പത്ത് കുറവാണ്. അതുകൊണ്ടുതന്നെ ഈ മൃഗശാലയിലേക്ക് ധാരാളം സന്ദര്‍ശകര്‍ വരും. കാലത്തില്‍ വരുന്ന മാറ്റങ്ങള്‍ ജനജീവിതത്തിലും പ്രതിഫലിക്കുന്നു. പര്‍വതങ്ങള്‍ക്കിടയിലെ അഗാധമായ താഴ്‌വരയില്‍ പുറംലോകവുമായി ബന്ധമില്ലാതെ കിടന്ന ഗ്രാമങ്ങളില്‍ പോലും റോഡുകള്‍ വന്നു. ആളുകള്‍ വീടുവിട്ടിറങ്ങി യാത്ര ചെയ്യുന്നു. അവര്‍ക്ക് പാര്‍ക്കുകള്‍ വേണം. പ്രദര്‍ശന നഗരികള്‍ വേണം. മ്യൂസിയങ്ങളും മൃഗശാലകളും വേണം. പുറത്തിറങ്ങുന്നവര്‍ക്ക് കേറിച്ചെല്ലാന്‍ ധാരാളം സാംസ്‌കാരിക സ്ഥാപനങ്ങള്‍ അസീര്‍ പോലുള്ള പര്‍വത മേഖലയില്‍ പോലുമുണ്ട്.

പി സുരേന്ദ്രന്‍

You must be logged in to post a comment Login