ശൈഖ് അക്തര്‍ രിളാഖാന്‍(റ) തെളിച്ചമുള്ള വഴിയൊരുക്കി വിട

ശൈഖ് അക്തര്‍ രിളാഖാന്‍(റ) തെളിച്ചമുള്ള വഴിയൊരുക്കി വിട

അറിവുകൊണ്ടും ആത്മീയത കൊണ്ടും ദശലക്ഷക്കണക്കിനാളുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയ ആത്മീയഗുരു, വിജ്ഞാനത്തിന്റെ പ്രൗഢികൊണ്ട് അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റി ആദരിച്ച വിശിഷ്ട വ്യക്തി, ലോക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രഥമ ഗണനീയരായ ആദ്യത്തെ അന്‍പതുപേരില്‍ ഇടം നേടിയ പ്രതിഭാത്വം, രാഷ്ട്രാതിര്‍ത്തികള്‍ക്കപ്പുറം ശിഷ്യ സമ്പത്തുള്ള വ്യക്തിത്വം. എല്ലാത്തിലുമപ്പുറം സുന്നി പ്രസ്ഥാനത്തിന്റെ അത്യുന്നത മേല്‍വിലാസം; വിടപറഞ്ഞ അക്തര്‍ രിളാഖാന്‍ ബറേല്‍വിയെ(റ) ഓര്‍ക്കുമ്പോള്‍ മനസില്‍ നിറയുന്നത് ഇതൊക്കെയാണ്.

കര്‍മ നിരതമായ എട്ടുപതിറ്റാണ്ടിനെ എന്നെന്നേക്കും ഓര്‍മിക്കാനുതകുന്നതാക്കിയാണ് ശൈഖ് യാത്രയായത്. അവിടുത്തെ ജീവചരിത്രവും വ്യക്തിത്വവും ഏറെയൊന്നും മലയാളികള്‍ക്ക് വായിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ കേരളത്തിലും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട് ശൈഖിന്. ശൈഖിന്റെ ജീവിതം ലളിതമായെങ്കിലും നാം അടുത്തറിയേണ്ടതുണ്ട്.

വിജ്ഞാനം കൊണ്ടും ആത്മീയ സാരഥ്യം കൊണ്ടും സുന്നി പ്രസ്ഥാനത്തിന് നവോന്മേഷം നല്‍കിയ മുജദ്ദിദേ മില്ലത്ത് അഹ്മദ് രിളാഖാന്‍ ബറേല്‍വിയുടെ(റ) മകന്‍ ഹാമിദ് രിളാഖാന്റെ മകന്‍ മുഫസ്സിറേ അഅ്‌ളം എന്നറിയപ്പെട്ടിരുന്ന ഇബ്‌റാഹീം രിളാഖാന്റെ മകനായാണ് 1942ല്‍ ബറേല്‍വി ശരീഫില്‍ അക്തര്‍ രിളാഖാന്‍(റ) ജനിക്കുന്നത്. മാതാപിതാക്കള്‍ അഖീഖയുടെ അന്ന് നല്‍കിയ പേര് മുഹമ്മദ് എന്നും പിന്നീട് ഇസ്മാഈല്‍ രിളാ എന്നും ആയിരുന്നെങ്കിലും അറിയപ്പെട്ടിരുന്നത് അക്തര്‍ രിളാ എന്ന പേരിലാണ്.

അഹ്മദ് രിളാഖാന്റെ(റ) പ്രിയപ്പെട്ട മകനായ മുഫ്തി അഅ്‌ളമേ-ഹിന്ദ് എന്ന് അറിയപ്പെട്ടിരുന്ന, കര്‍മശാസ്ത്രത്തില്‍ വിവിധ രാഷ്ട്രങ്ങളിലെ വിശ്വാസികള്‍ക്ക് അവലംബമായിരുന്ന മൗലാനാ ഷാ മുസ്തഫ രിളാഖാന്‍ എന്നവര്‍ അക്തര്‍ രിളാഖാന്റെ മാതാവിന്റെ വലിയുപ്പയാണ്. നാലു വര്‍ഷവും നാല് മാസവും പ്രായമായപ്പോള്‍ തന്നെ കുട്ടിയെ ഔദ്യോഗിക മതവിജ്ഞാന പാഠശാലയിലേക്ക് ചേര്‍ത്തിട്ടുണ്ട്. മുസ്തഫ രിളാഖാന്റെ(റ) താവഴിയിലുള്ള മാതാവ് കൃത്യമായ ചിട്ടകളോടെയാണ് മകനെ വളര്‍ത്തിയത്. പണ്ഡിത തറവാടായിരുന്നതിനാല്‍ കുടുംബ പരിസരത്ത് നിന്ന് അടിസ്ഥാന ആദര്‍ശ വിജ്ഞാനങ്ങള്‍ കൂടി കുട്ടിയെ നല്ല നിലയില്‍ വളരാന്‍ സഹായിച്ചിരുന്നു. മതഗ്രന്ഥങ്ങളുടെ പ്രാഥമിക പാഠങ്ങള്‍ പിതാവ് മൗലാനാ ഇബ്‌റാഹീം രിളാഖാനില്‍ നിന്ന് പഠിച്ചു. അഹ്മദ് രിളാഖാന്‍ ശൈഖിന്റെ ദര്‍ഗയോട് ചേര്‍ന്ന് നടന്നുകൊണ്ടിരുന്ന ദാറുല്‍ഉലൂം മന്‍സിറേ ഇസ്‌ലാമില്‍ നിന്ന് ഉന്നത പണ്ഡിതന്മാരുടെ ശിഷ്യത്വം ലഭിക്കുകയും ചെയ്തു. ഇരുപതാമത്തെ വയസ്സില്‍ 1962 ജനുവരി 15ന് മുഫ്തി അഅ്‌ളമേ-ഹിന്ദ് ആത്മീയ മാര്‍ഗത്തിന്റെ ഖിലാഫത്ത് നല്‍കി ശൈഖിനെ ആദരിച്ചു. ശംസുല്‍ ഉലമ ശംസുദ്ദീന്‍ അഹ്മദ് ബുര്‍ഹാനുല്‍ മില്ലത്ത് ബുര്‍ഹാനുല്‍ ഹഖ് എന്നവരുടെ സാന്നിധ്യത്തില്‍ അത് അറിയിക്കുകയും ചെയ്തു.

‘ഈ കുട്ടിയില്‍ എനിക്കൊരുപാട് പ്രതീക്ഷകളുണ്ട്’ എന്ന് പറഞ്ഞാണ് മുഫ്തി അഅ്‌ളം ശൈഖിന് ഖിലാഫത്ത് നല്‍കിയത്. അതുമാത്രമല്ല, മുഫ്തി അഅ്‌ളമേ ഹിന്ദ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍ തയാറാക്കാനും രേഖകള്‍ കൈമാറാനും ശൈഖ് അക്തര്‍ റസാഖാനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 1984 നവംബര്‍ 14,15 തീയതികളില്‍ അക്തര്‍ രിളാഖാന്‍(റ) മര്‍ഹല ശരീഫില്‍ എത്തിയപ്പോള്‍ അന്നത്തെ ഉന്നത പണ്ഡിതനും ആത്മീയ ഗുരുവുമായ മൗലാനാ സയ്യിദ് ഹസന്‍ മിയാന്‍ ബറകാത്തി അദ്ദേഹത്തെ സ്വാഗതം ചെയ്തത് ‘ഖാഇം മഖാം ഹുസൂര്‍ മുഫ്തി അഅ്‌ളം അല്ലാമാ അസ്ഹരി സിന്ദാബാദ്’ എന്ന് പറഞ്ഞായിരുന്നു. മുഫ്തി അഅ്‌ളമേ ഹിന്ദിന്റെ സ്ഥാനത്ത് നിലകൊള്ളുന്ന അസ്ഹരി മിയാന്‍ എന്ന് വിളിച്ചാണ് അഭിവാദ്യം ചെയ്തത്. ‘ശ്രേഷ്ഠ ഗുരുവര്യന്മാര്‍ക്ക് അല്ലാഹു നല്‍കിയ ഉന്നതനായ പിന്മുറക്കാരനാണ്’ എന്ന് പറഞ്ഞാണ് അവിടുത്തെ വിശേഷിപ്പിച്ചിരുന്നത്.

ദാറുല്‍ ഉലൂം മന്‍സിറേ ഇസ്‌ലാമില്‍ നിന്ന് പ്രാഥമിക പഠനം കഴിഞ്ഞ് ശൈഖ് ഉപരിപഠനാര്‍ത്ഥം ജാമിഅ അസ്ഹറിലെത്തി. അസ്ഹറിലെ എല്ലാ പരീക്ഷകളിലും ശൈഖ് ഒന്നാം സ്ഥാനം നേടി. ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം വാങ്ങിയപ്പോള്‍ അസ്ഹറിലെ മാഗസിന്‍ ശൈഖിനെ പേരെടുത്ത് പ്രശംസിച്ചു.

വിജ്ഞാനത്തിന്റെ വിശാലതകൊണ്ടും ഹദീസ് വിജ്ഞാനത്തിലുള്ള അവഗാഹം കൊണ്ടും ശൈഖിന് പ്രത്യേകമായി പ്രസിഡന്റ് ജമാല്‍ അബ്ദുല്‍ നാസര്‍ അല്‍ അസ്ഹര്‍ അവാര്‍ഡ് സമ്മാനിച്ചു. അതോടൊപ്പം ഹദീസിലെ പ്രത്യേക പരിജ്ഞാനത്തിന് പ്രശസ്തി പത്രവും നല്‍കി. 24 വയസ്സായപ്പോള്‍ അല്‍ അസ്ഹറിലെ ബിരുദ പഠനം പൂര്‍ത്തിയാക്കി ശൈഖ് വീട്ടില്‍ മടങ്ങിയെത്തി. വന്ന ദിവസം നാട്ടില്‍ എല്ലാവര്‍ക്കും അതൊരു ആഘോഷമായിരുന്നു. ജന നിബിഢമായ റെയില്‍വേ സ്‌റ്റേഷനിലെ സ്വീകരണങ്ങളുടെ ആരവങ്ങളിലേക്കാണ് ശൈഖ് എത്തിച്ചേര്‍ന്നത്. ശൈഖ് അഹ്മദ് രിളാഖാന്റെ ഒരു പിന്‍ഗാമി ലോകത്തറിയപ്പെട്ട ഒരുന്നത പണ്ഡിതനായതിന്റെ എല്ലാ ആവേശവും സ്വീകരണത്തിനുണ്ടായിരുന്നു.
പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ശൈഖ് 1968 നവംബര്‍ മൂന്നിന് മൗലാനാ ഹസനൈന്‍ രിളായുടെ മകളെ വിവാഹം ചെയ്തു. ആ ദാമ്പത്യ വല്ലരിയില്‍ അഞ്ചു പെണ്‍കുട്ടികളും ഒരാണ്‍കുഞ്ഞും പിറന്നു. അസ്ജദ് മിയ എന്ന പേരില്‍ മകന്‍ ഇന്ന് വൈജ്ഞാനിക രംഗത്തുണ്ട്. 1967ല്‍ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ദാറുല്‍ ഉലൂം മന്‍സിറേ ഇസ്‌ലാമില്‍ അധ്യാപകനായി പ്രവേശിച്ചു. 1968ല്‍ അവിടെ പ്രിന്‍സിപ്പലായി നിയുക്തനായി. ദാറുല്‍ അസ്ഹരിയ്യ വൈജ്ഞാനിക കേന്ദ്രത്തിലെ ഫത്‌വകളുടെ തലവനായും നിയോഗിക്കപ്പെട്ടു.
അഭിമാനകരമായിരുന്നു ആ 12 വര്‍ഷം. ദാറുല്‍ ഇഫ്തയും മന്‍സിറേ ഇസ്‌ലാമും ആ നേതൃസാന്നിധ്യത്തില്‍ പുളകം കൊണ്ടു. അതിനിടയില്‍ ധാരാളം പ്രബോധനയാത്രകള്‍. വിദേശികളായ നിരവധി പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും അവിടുത്തെ സൗഹൃദ വലയത്തിലും ശിഷ്യശ്രേണിയിലുമെത്തി. 1986-87ല്‍ പ്രൗഢഗംഭീരമായ ഖത്മുല്‍ ബുഖാരി റാംപൂരില്‍ വെച്ച് നടന്നു. പാണ്ഡിത്യത്തില്‍ ശൈഖ് സമുന്നത ശീര്‍ഷനായി. ശൈഖിന്റെ സ്വഹീഹുല്‍ ബുഖാരി ദര്‍സ് പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും നിറഞ്ഞ സദസ്സായി മാറി. അറബിയിലും ഇംഗ്ലീഷിലും ഉറുദുവിലുമായി ആ ക്ലാസുകള്‍ ജ്ഞാന കുതുകികളെ ആകര്‍ഷിച്ചു.
ചെറിയ പ്രായത്തില്‍ തന്നെ ദാറുല്‍ ഇഫ്താഇന്റെ മേധാവിയായി മാറിയ ശൈഖ് ആധുനിക കാലത്തെ മതവീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു. അവിടുന്ന് നല്‍കിയിരുന്ന ഓരോ ഫത്‌വകള്‍ക്കും പിന്നില്‍ ഉന്നതരായ പിന്‍ഗാമികളുടെ ആത്മീയ പിന്തുണയും ബലവും ഉണ്ടായിരുന്നു. നൂറ്റി അറുപത്തിമൂന്ന് വര്‍ഷത്തെ ഫത്‌വാ വൈജ്ഞാനിക പാരമ്പര്യം ബറേല്‍വിയില്‍ നിന്ന് വായിച്ചെടുത്താല്‍ 1831 മുതല്‍ 1865 വരെ ഹസ്‌റത്ത് മൗലാനാ അലിഖാന്‍, 1869 മുതല്‍ 1921 വരെ അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്മദ് രിളാഖാന്‍, 1895 മുതല്‍ 1942 വരെ ഹസ്‌റത്ത് മൗലാനാ ഹാമിദ് രിളാഖാന്‍, 1910 മുതല്‍ 1981 വരെ മുസ്തഫ രിളാഖാന്‍ തുടങ്ങിയവരിലൂടെയാണ് കടന്ന്‌പോകുന്നത്. ഇവര്‍ക്കു ശേഷം ഈ വൈജ്ഞാനിക പാരമ്പര്യത്തിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായി കടന്നുവന്നത് അക്തര്‍ രിളാഖാന്‍ ശൈഖായിരുന്നു.

ശൈഖിന്റെ മേല്‍നോട്ടത്തില്‍ ആയിരക്കണക്കിന് ഫത്‌വകളാണ് ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യയില്‍ നിന്ന് പുറത്തുവന്നത്. മുപ്പത് വര്‍ഷത്തെ ഫത്‌വാ സമാഹാരത്തില്‍ ശ്രദ്ധേയമായ അയ്യായിരം ഫത്‌വകള്‍ ശൈഖിന്റെ ഒപ്പോട് കൂടി ദാറുല്‍ ഇഫ്താഇല്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്.

1984 ഓഗസറ്റ് 18ന് താജുല്‍ ഇസ്‌ലാം എന്ന് ആദരിക്കപ്പെട്ട ശൈഖ് ഫഖീഹുല്‍ ഇസ്‌ലാം, താജുശ്ശരീഅഃ, മന്‍ജഉല്‍ ഉലമ തുടങ്ങി വിവിധ അപരനാമങ്ങളില്‍ അറിയപ്പെട്ടു. 1983ലാണ് ആദ്യത്തെ ഹജ്ജ് കര്‍മത്തിന് വേണ്ടി പുറപ്പെടുന്നത്. പിന്നീട് 1986ലും ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. 1986ലെ യാത്രയില്‍ ആദര്‍ശപരമായി ശൈഖിനോട് വിയോജിപ്പുള്ള ആളുകള്‍ സഊദി ഗവണ്‍മെന്റില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ശൈഖ് അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. 1986 ഓഗസ്റ്റ് 31 രാത്രിയില്‍ മദീനയിലെ താമസസ്ഥലത്ത് വെളുപ്പിന് മൂന്ന് മണിക്ക് ഉദ്യോഗസ്ഥര്‍ റൂമിലേക്ക് കടന്നുവന്നുകൊണ്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശൈഖ് തന്നെ ആ അനുഭവം പങ്കുവെക്കുന്നുണ്ട്. ‘ഞാനും ഭാര്യയും ഒപ്പമുള്ളവരുമായി മദീനയിലെ റൂമില്‍ കഴിയുകയാണ്. സുബ്ഹിക്ക് മുമ്പ് ഒരു മൂന്ന് മണിയായിട്ടുണ്ടാകും. എന്റെ കൂടെയുള്ളത് മുഹമ്മദ് അലവി മാലികിയുടെ ഗ്രന്ഥങ്ങളും ശൈഖ് അഹ്മദ് രിളാഖാന്റെ രചനകളും ദലാഇലുല്‍ ഖൈറാത്ത് എന്ന സ്വലാത്തിന്റെ ഏടുമായിരുന്നു. കടന്നുവന്ന പോലീസുകാര്‍ ഉടനെ ലഗേജുകള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. ഞാന്‍ ഭാര്യയോട് ബുര്‍ഖയിട്ട് ബാത്ത്‌റൂമിന്റെ ഭാഗത്തേക്ക് മാറി നില്‍ക്കാന്‍ പറഞ്ഞു. റൂമില്‍ തന്നെ പല ചോദ്യോത്തരങ്ങളും നടന്നു. തീര്‍ത്തും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ബറേല്‍വി എന്ന ഒരു മതവിഭാഗത്തിന്റെ നേതാവായാണ് എന്നെ അവിടെ പരിചയപ്പെടുത്തപ്പെട്ടിരുന്നത്. ഞാന്‍ പറഞ്ഞു: ‘ബറേല്‍വി എന്നത് ഒരു മതവിഭാഗമല്ല. സുന്നി വിശ്വാസാചാരങ്ങളിലൂടെയാണ് ഞങ്ങള്‍ നീങ്ങുന്നത്. റസൂലും അടുത്ത നൂറ്റാണ്ടിലുള്ളവരും ഏതൊരു മാര്‍ഗമാണോ പഠിപ്പിച്ചത് അതാണ് ഞങ്ങളുടെയും മാര്‍ഗം. പിന്നീട് വാഗ്വാദങ്ങളുടെ പതിനൊന്ന് നാളുകള്‍ ജയിലില്‍ കഴിഞ്ഞു. അതിനിടയില്‍ വിശ്വാസപരമായ കാര്യങ്ങള്‍, ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍, തന്റെ വിദേശയാത്രകള്‍ എന്നിവയെല്ലാം ചോദ്യം ചെയ്യലിന് വിധേയമായി. എല്ലാത്തിനും കൃത്യമായി മറുപടി കൊടുത്തു. അവസാനം ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ‘ഞാന്‍ അക്തര്‍ രിളാഖാന്‍, ഞാന്‍ ഇന്ത്യയിലെ ബറേല്‍വി വിശ്വാസക്കാരുടെ നേതാവാണ്’ എന്ന് എഴുതിക്കൊണ്ട് വന്നിട്ട് എന്നോട് അതില്‍ ഒപ്പുവെക്കാന്‍ പറഞ്ഞു. ഞാന്‍ ഒപ്പുവെച്ചില്ല. അവരോട് ഞാന്‍ പറഞ്ഞു: അങ്ങനെയൊരു മതവിഭാഗമില്ല. വീണ്ടും വിശദീകരണങ്ങള്‍ നല്‍കി. അവസാനം പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷം ഒരുന്നത ഉദ്യോഗസ്ഥന്‍ ‘നിങ്ങളുടെ വിജ്ഞാനത്തെയും നിങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയെയും ഞാനംഗീകരിക്കുന്നു’ എന്ന് പറഞ്ഞു മദീനാ സന്ദര്‍ശനത്തിനും, അന്നത്തെ ളുഹ്ര്‍ നിസ്‌കാരത്തിനു പോലും സൗകര്യം നല്‍കാതെ നേരെ ജിദ്ദാ എയര്‍പോര്‍ട്ടിലെത്തിച്ചു. അതിനിടയിലും സംഭാഷണങ്ങള്‍ നടന്നിരുന്നു. പിന്നെ നേരെ നാട്ടിലേക്കും.’

അക്തര്‍ രിളാഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പതിനായിരക്കണക്കിനാളുകള്‍ സംബന്ധിച്ച പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ നടന്നിരുന്നു. ബോംബെയിലും ഡല്‍ഹിയിലുമായി പ്രതിഷേധങ്ങളും എംബസി ഓഫീസുകള്‍ക്ക് മുമ്പില്‍ സമരങ്ങളും നടന്നു.

പതിനൊന്ന് ദിവസത്തെ ജയില്‍വാസത്തിന് ശേഷം നാട്ടിലേക്ക് വന്ന അക്തര്‍ രിളാഖാന് ലഭിച്ചത് വന്‍ ജനാവലിയുടെ സ്വീകരണമായിരുന്നു. ഇതേ തുടര്‍ന്ന് ഏതൊരാശയത്തിലാണ് അക്തര്‍ രിളാഖാന്‍ നിലകൊള്ളുന്നതെന്നും ഇങ്ങനെ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന വിശ്വാസികളെ ദ്രോഹിക്കുന്ന നടപടികള്‍ ശരിയല്ലെന്നും അറിയിച്ചുകൊണ്ട് അന്നത്തെ സഊദി ഭരണാധികാരിയായിരുന്ന ഫഹദ് ബിന്‍ അബ്ദുല്‍ അസീസിനും തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസിനും ലണ്ടനിലെ മുസ്‌ലിം സഹോദരങ്ങളും ഇന്ത്യയില്‍ നിന്നുള്ള പണ്ഡിതന്മാരും അറബിയില്‍ എഴുത്തുകളയച്ചു കൊടുത്തു. അതേ തുടര്‍ന്നാണ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ‘Muslims from all walks of lite will be allowed to make ibadah on their way in Saudi Arabia’ എന്ന പ്രസ്താവന വന്നത്. അതിനുശേഷം അക്തര്‍ രിളാഖാന്‍ തങ്ങളുടെ സ്ഥാനപദവികള്‍ അറിയുകയും വേള്‍ഡ് ഇസ്‌ലാമിക് മിഷന്‍ ലണ്ടനില്‍ നിന്ന് തെറ്റിദ്ധാരണകള്‍ തീര്‍ക്കുന്ന രൂപത്തിലുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ 1987 മെയ് 21ന് താജുശ്ശരീഅഃ ശൈഖ് അക്തര്‍ രിളാഖാന് ഡല്‍ഹി എംബസിയില്‍ നിന്ന് ഒരു ഫോണ്‍ വന്നു. മക്കയും മദീനയും സന്ദര്‍ശിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യമൊരുക്കിക്കൊണ്ട് സഊദി ഗവണ്‍മെന്റ് നല്‍കിയ സ്‌പെഷ്യല്‍ വിസാ അറിയിപ്പായിരുന്നു അത്. സന്തോഷത്തോടെയും ആനന്ദത്തോടെയും 1987 മെയ് 27ന് ശൈഖ് സഊദി അംബാസിഡറുടെ പ്രത്യേക ബഹുമതിയോടു കൂടി പതിനാറ് ദിവസത്തെ മക്കാ-മദീന സന്ദര്‍ശനത്തിലേര്‍പ്പെട്ടു. കര്‍മങ്ങള്‍ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങിവന്നപ്പോള്‍ ആഘോഷത്തിന്റെ ആരവങ്ങളായിരുന്നു.

ഖാദിരി ത്വരീഖത്തിന്റെ മഹനീയമായ ആത്മീയ വഴിയില്‍ ശൈഖിന് ലക്ഷക്കണക്കിന് മുരീദുമാരുണ്ട്, ഇറാഖ്, പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ്, യു കെ, ഹോളണ്ട്, സൗത്ത് ആഫ്രിക്ക, അമേരിക്ക, ഇറാന്‍, തുര്‍ക്കി, മലാവി, സഊദി തുടങ്ങിയ രാഷ്ട്രങ്ങളില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വൈജ്ഞാനിക സഭകള്‍ തുടങ്ങിയ നിരവധി സംരംഭങ്ങളുടെ അമരത്ത് അദ്ദേഹമുണ്ടായിരുന്നു. ദാറുല്‍ ഇഫ്താഅ് ബറേലി ശരീഫ്, മനാമ സുന്നി ദുനിയാ മാഗസിന്‍, അക്തര്‍ രിളാ ലൈബ്രറി ലാഹോര്‍, മര്‍കസി ദാറുല്‍ ഇഫ്ത ഹോളണ്ട്, ജാമിഅ മദീനത്തുല്‍ ഇസ്‌ലാം ഹോളണ്ട്, അല്‍ ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ റാംപൂര്‍, അല്‍ ജാമിഅത്തുന്നൂരിയ്യ, അല്‍ ജാമിഅത്തുറള്‌വിയ്യ ബീഹാര്‍, മദ്‌റസ അറബിയ്യ ഗൗസിയ്യ ബൂര്‍ഹാന്‍പൂര്‍, മദ്‌റസ ഗൗസിയ്യ ഗുജറാത്ത്, മദ്‌റസ അഹ്‌ലുസ്സുന്നത്ത് ഗുല്‍ഷന്റള ബീഹാര്‍, ദാറുല്‍ ഉലൂം ബോംബെ, മദ്‌റസ തന്‍സീമുല്‍ മുസ്‌ലിമീന്‍ ബീഹാര്‍, ഇമാം അഹ്മദ് രിളാ അക്കാദമി സൗത്ത് ആഫ്രിക്ക, മുഹിബ്ബനേ രിളാ-ഇ-മുസ്തഫ സൗത്ത് ആഫ്രിക്ക തുടങ്ങിയ ഒട്ടേറെ സംരഭങ്ങളുടെ പ്രധാന നേതൃത്വമായിരുന്നു. അതോടൊപ്പം ശരീഅഃ ബോര്‍ഡ്, യു പി മുസ്‌ലിം പേഴ്‌സണല്‍ ലോ കൗണ്‍സില്‍, ആള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ വൈജ്ഞാനിക-പണ്ഡിത സഭകളുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രചനാ രംഗത്തും ഉയര്‍ന്ന സേവനങ്ങളുണ്ട്. അമ്പതോളം പ്രൗഢമായ കൃതികള്‍ അറബിയിലും ഉറുദുവിലും രചിച്ചിട്ടുണ്ട്. പല കൃതികളുടേയും ഇംഗ്ലീഷ് വിവര്‍ത്തനവും ലഭ്യമാണ്. പ്രധാനമായും സ്വഹീഹുല്‍ ബുഖാരിയുടെ പ്രൗഢമായ വ്യാഖ്യാനം രചനയിലുണ്ട്. വ്യാഖ്യാനിച്ചെഴുതിയ അല്‍ ഫര്‍ദ അറബ് ലോകത്ത് പ്രശംസ പിടിച്ചുപറ്റിയ മനോഹരമായ ഗ്രന്ഥമാണ്. ആധുനിക കര്‍മശാസ്ത്ര വീക്ഷണങ്ങളവതരിപ്പിച്ചുകൊണ്ട് രചിച്ച ഫത്‌വ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്.

റസൂലിനോടുള്ള(സ്വ) ഇഷ്ടങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന നഅ്ത് ശരീഫുകളുടെ വലിയൊരു സമാഹാരം തന്നെ രചനയായി നമുക്ക് വായിക്കാനുണ്ട്. മദീനയെ പ്രകീര്‍ത്തിച്ചുകൊണ്ടും നബിയോടുള്ള(സ) സ്‌നേഹത്തിന്റെ പ്രാധാന്യമവതരിപ്പിച്ചുകൊണ്ടും അനുരാഗിയുടെ ഹൃദയത്തില്‍ നിന്ന് വരുന്ന നഅ്ത് ശരീഫുകള്‍ നമുക്കാ സമാഹാരത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.

അക്തര്‍ രിളാഖാനോടുള്ള(റ) സമ്പര്‍ക്കത്തിലൂടെയും സഹവാസത്തിലൂടെയും ജീവിതശുദ്ധി നുകര്‍ന്ന് നിരവധിയാളുകള്‍ ഇസ്‌ലാമിന്റെ മധു നുകര്‍ന്നിട്ടുണ്ട്. ജബല്‍പൂരില്‍ ജീവിച്ചിരുന്ന ‘റിയാവാര്‍’ എന്ന് പേരുണ്ടായിരുന്ന പില്‍കാലത്ത് മുഹമ്മദ് മുസ്‌ലിം റള്‌വി എന്ന നാമം സ്വീകരിച്ച സഹോദരന്‍ അദ്ദേഹത്തിന്റെ അനുഭവം വിവരിക്കുന്നത് നോക്കൂ: ‘I felt true peace after reading these books and I therefore decided to accept Islam. I then went to Bareilly Shareef. There I saw a person whose face shone like the moon. when I asked who he was, I was told that it was his Eminance. After looking at his bright face, I became even confident. I then asked his permission to recite the Kalima and then officially accepted the pure Religion of Islam. ശൈഖിന്റെ സന്നിധിയില്‍ നിന്ന് കലിമ ചൊല്ലിയ ഒരു സഹോദരന്റെ അനുഭവമാണിത്.

ഈ ലേഖകന്‍ ഒരിക്കല്‍ ബറേല്‍വി ശരീഫിലെത്തിയപ്പോള്‍ ശൈഖിനെ സന്ദര്‍ശിക്കാന്‍ ചെന്നു. നൂറുകണക്കിനാളുകള്‍ അപ്പോള്‍ അവിടെയുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ ദര്‍സ് കഴിഞ്ഞിരിക്കുകയാണ്. നിരവധി പണ്ഡിതന്മാര്‍ എഴുതി തയാറാക്കിയ ഫത്‌വ വായിച്ചു കേള്‍പ്പിക്കാന്‍ വേണ്ടി എത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് നിന്ന് ഫത്‌വ കേള്‍ക്കുന്നു. അതിന് അംഗീകാരം നല്‍കി ഒപ്പിട്ടു കൊടുക്കുന്നു. മറുഭാഗത്ത് ആളുകള്‍ക്ക് ആശ്വാസവാക്കുകളിലൂടെ സമാധാനം നല്‍കുന്നു. മറ്റൊരു ഭാഗത്ത് ആത്മീയമായ വഴിയില്‍ ചേരാന്‍ വന്നവര്‍ക്ക് മതത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.

അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ പരമാവധി അത്യാവശ്യങ്ങളില്‍ മാത്രമൊതുക്കി ബാക്കിയുള്ള സമയം വിജ്ഞാനത്തിന്റെ പ്രചരണത്തിനും പഠനത്തിനും അന്വേഷണത്തിനും വേണ്ടി വിനിയോഗിച്ചു. താജുശ്ശരീഅഃ, അഥവാ ശരീഅത്തിന്റെ കിരീടമെന്ന നാമകരണം പോലെത്തന്നെ വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും വലിയൊരു ജീവിതമാണ് വിട പറഞ്ഞത്. ജീവിതത്തില്‍ അദ്ദേഹം സമ്പാദിച്ച നന്മയുടെ ആധിക്യം കാരണമാവാം ഒരു കോടിയിലധികം പേര്‍ അവിടുത്തെ ജനാസ നമസ്‌കരിച്ചു എന്നാണ് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടു പ്രാവശ്യം മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ സന്ദര്‍ശിച്ചിട്ടുണ്ട്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും മദ്‌റസാ വ്യാപനത്തിന്റെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയുമെല്ലാം മേഖലകളില്‍ അനുഗ്രഹം നേര്‍ന്ന് നേതൃത്വം വഹിച്ചിരുന്നു ശൈഖ് അക്തര്‍ രിളാഖാന്‍. അല്ലാഹു അവിടുത്തെ പാരത്രിക ജീവിതം സ്വര്‍ഗീയ ആരാമത്തില്‍ മുത്ത്‌നബിയുടെ ചാരത്തും സഹവാസത്തിലുമാക്കട്ടെ.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login