സ്വതന്ത്ര മതവ്യാഖ്യാനങ്ങളാണ് പ്രശ്‌നം

സ്വതന്ത്ര മതവ്യാഖ്യാനങ്ങളാണ് പ്രശ്‌നം

ഒരുനല്ല മതവിശ്വാസിയായിരിക്കുക എന്നത് നല്ല മനുഷ്യനാകാനുള്ള വഴിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മാനവനന്മയാണ് മതങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന തിരിച്ചറിവാണ് അങ്ങനെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. മതങ്ങള്‍ മനുഷ്യനെ ഭ്രാന്തനാക്കുന്നില്ല. മറിച്ച് അവന്റെ ആസക്തികളാണ് കുഴപ്പം. അധികാരവും സമ്പത്തും കൈക്കലാക്കാന്‍ മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്ന അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് മതം; ഒരുപക്ഷേ, ഏറ്റവും ഗൗരവതരമായ കാര്യം. അത്തരത്തില്‍ മതത്തെ ദുരുപയോഗം ചെയ്യുന്ന തത്പര കക്ഷികള്‍ക്കെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ നമ്മുടെ ബഹുസ്വര സാമൂഹികതയില്‍ ഒരു മതപണ്ഡിതന്റെ മാതൃകാപരമായ നീക്കമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ മതം ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയക്കാരുടെ മുന്‍കയ്യില്‍ സംഭവിക്കുന്നതാണ്. മതവും രാഷ്ട്രീയവും ഒന്നാണെന്ന അബദ്ധ വിചാരമാണ് പലര്‍ക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിസംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും. അവിടെ നിരക്ഷരരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയക്കാരുടെ വാക്കുകളാണ് മതം. വിഷം തുപ്പുന്ന പ്രസംഗങ്ങള്‍ മാത്രം ശീലിച്ച അവിടുത്തെ സംഘപരിവാര്‍ ജനപ്രതിനിധികളും പ്രദേശിക നേതൃത്വവും അക്രമിക്കൂട്ടങ്ങളെ ഇളക്കിവിടുകയാണ് ചെയ്യുന്നത്.

ഈയിടെയായി പ്രബുദ്ധ കേരളത്തിന്റെ സാമൂഹികതയിലും മതങ്ങളെയും ഇസങ്ങളെയും അപകടകരമായ വിധം ദുരുപയോഗം ചെയ്യുന്ന ഒരു പ്രവണത പ്രകടമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വര്‍ഗീയ ധ്രുവീകരണത്തില്‍ നിന്ന് ഇവിടത്തേതിനുള്ള വ്യത്യാസം സാമൂഹിക മാധ്യമങ്ങളുടെ വലിയ തോതിലുള്ള പങ്കാളിത്തമാണ്. ഉത്തരേന്ത്യയില്‍ സമീപകാലത്ത് കിംവദന്തികള്‍ പ്രചരിപ്പിച്ച് അക്രമി സംഘങ്ങളെ ഒരുമിച്ചുകൂട്ടാന്‍ വാട്‌സാപ്പ് ഗ്രൂപ്പുകളെയും ആക്രമണങ്ങള്‍ ലൈവ് നല്‍കാന്‍ ഫെയ്‌സ്ബുക്കുമൊക്കെ ഉപയോഗിച്ചുതുടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ കുപ്രചാരണങ്ങള്‍ നടക്കുംമുമ്പേ അവിടെ അതിതീവ്രമായ വര്‍ഗീയ ചേരിതിരിവ് അവരുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. ഇവിടെ സാമൂഹിക മാധ്യമങ്ങളിലാണ് വര്‍ഗീയ ധ്രുവീകരണം ആദ്യം നടക്കുന്നത്. ആര്‍ എസ് എസിന്റെ ശാഖകളിലും പോപ്പുലര്‍ ഫ്രണ്ടുകാരുടെ അതുപോലെയുള്ളതോ സമാനമായതോ ആയ സംവിധാനങ്ങളിലും കൈമാറുന്ന വര്‍ഗീയവിഷം സാമൂഹികമാധ്യമങ്ങളില്‍ പരന്നൊഴുകുന്നത് കാണാം.

ഹാദിയ എന്ന യുവതിയുടെ പൗരാവകാശത്തെ പോലും കൃത്യമായ അജണ്ടകളാടെ ഹിന്ദുക്കളിലെയും മുസ്‌ലിംകളിലെയും തീവ്രചിന്താഗതിക്കാര്‍ സാമൂഹിക ധ്രുവീകരണത്തിന് ഉപയോഗിച്ചു. ഇസ്‌ലാം പേടിയുടെ കാലത്ത് ഒരു പ്രത്യേക വിഭാഗത്തിനെതിരെ വന്നേക്കാവുന്ന മുന്‍ധാരണകള്‍ക്കെതിരെ സമൂഹം കൈകൊള്ളേണ്ട ജാഗ്രതയും ആ വിഭാഗത്തിന് നല്‍കേണ്ട പിന്തുണയും ബോധ്യത്തിലുണ്ടായിരിക്കെ അനാവശ്യ ഭയവും ഇരവാദവും അസ്ഥാനത്താണെന്നാണ് എന്റെ നിരീക്ഷണം. വൈക്കത്തും സമീപപ്രദേശങ്ങളിലും ഹാദിയ വിഷയത്തെ മുന്‍നിര്‍ത്തി മുസ്‌ലിം ഈഴവ വിരോധമുണ്ടാക്കാനുള്ള ശ്രമവും സംഘപരിവാറുകാര്‍ നടത്തിയെന്ന് മനസ്സിലാക്കുമ്പോഴാണ് എത്രമേല്‍ ആഴത്തിലാണ് ഇത്തരം വര്‍ഗീയതകള്‍ വേരുപിടിക്കുന്നതെന്ന് ബോധ്യമാവുക. ഈ സംഭവം മുതല്‍ തൃപ്പൂണിത്തുറയിലെ വിവാദമായ ആശ്രമത്തെ സംബന്ധിക്കുന്ന വിഷയത്തില്‍ വരെ ഇടതുപക്ഷം കൈക്കൊണ്ട നിലപാട് സംഗതി വഷളാക്കിയെന്ന് പറയാതെ വയ്യ. അവരുടെ മതനിരാസ മതേതരത്വം ഇസ്‌ലാമിക നിരാസം മാത്രമാണെന്ന് മുസ്‌ലിംകളുടെ പേരുകളിലുള്ള വര്‍ഗീയ വാദികള്‍ക്ക് പറയാനുള്ള അവസരം കൊടുത്തു. മറ്റിടങ്ങളില്‍ നിന്ന് പാര്‍ട്ടി നേരിടുന്ന വിമര്‍ശനങ്ങള്‍ പോലെ ആരോഗ്യകരമായില്ല അത്. മറിച്ച് ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് ഇടതുപക്ഷമെന്ന് ന്യായമായും തെറ്റിദ്ധരിച്ച ഒട്ടുമിക്ക ജനങ്ങളിലും ഭീതി വിതക്കാന്‍ ഇത് കാരണമായി. അത്തരം പിഴവുകള്‍ സി പി എമ്മും കോണ്‍ഗ്രസുമടങ്ങുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കണ്ടെത്തി തിരുത്തേണ്ടത് അനിവാര്യമാണ്.

സംഘ്പരിവാറിന്റെ വര്‍ഗീയതയുടെ ചുവടുപിടിച്ച് ചാണിന് ചാണും മുഴത്തിന് മുഴവുമായി വളരുന്ന മുസ്‌ലിംകള്‍ക്കിടയിലെ വര്‍ഗീയ ശക്തികളെ വേണ്ട വിധം പ്രതിരോധിക്കുന്നതില്‍ മുസ്‌ലിം സമുദായ പാര്‍ട്ടി എന്ന നിലക്ക് പിഴവുണ്ടായിട്ടുണ്ടോയെന്ന് മുസ്‌ലിം ലീഗും പഠിക്കണം. സാമുദായിക സമവാക്യങ്ങളെയോ പ്രതിസന്ധികളെയോ വിഷയമാക്കി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ മതമീമാംസയുടെ ദുരുപയോഗമാണ് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതരാഷ്ട്രവാദികളുടെ ശൈലിയെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാഭാവികമായും ഉണ്ടയേക്കാവുന്ന പരിമിതികള്‍ ഒരു മതപണ്ഡിതന് ഉണ്ടാവില്ല. ആ ദൗത്യമാണ് കാന്തപുരം നിര്‍വഹിക്കുന്നത്. കേരളത്തില്‍ വളര്‍ന്നുവരുന്ന വര്‍ഗീയ വാദത്തെ ശക്തിയുക്തം എതിര്‍ക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യമാണ് ഈ ബഹുസ്വര സമൂഹത്തിന്റെ നന്മയും പ്രതീക്ഷയുമെന്ന് ഞാന്‍ പറയും.

രിസാലയിലെ അഭിമുഖത്തില്‍ ഉടനീളം കാണാനാകുന്നത് മതത്തിന്റെ അധ്യാത്മിക മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലാണ്. ഈ മതം ആദ്യാവസാനം സ്‌നേഹവും സാഹോദര്യവുമാണെന്ന യാഥാര്‍ത്ഥ്യത്തെ ഉസ്താദ് വ്യക്തമായും ഉയര്‍ത്തിപ്പിടിക്കുന്നത് എന്തുമാത്രം പ്രതീക്ഷാനിര്‍ഭരമായ കാര്യമാണ്. ഞാന്‍ അറിഞ്ഞിടത്തോളം ഇസ്‌ലാം ഗ്രന്ഥാനുബന്ധവും അവയുടെ സന്ദര്‍ഭോചിത സാംഗത്യവും കൂടിയതാണ്. എന്ത്, എങ്ങനെ, എപ്പോള്‍, ആര്, ആരോട് എന്നിങ്ങനെ മതാധ്യാപനങ്ങള്‍ക്ക് സന്ദര്‍ഭബന്ധിതമായ ഒരു കാഴ്ചപ്പാടാണുള്ളത്. ഇത് തിരിച്ചറിയാത്തവരാണ് മതത്തെ മുന്‍നിര്‍ത്തി മാനവരാശിക്ക് അപകടം വിതയ്ക്കുന്നത്. ഇസ്‌ലാമിന്റെ പേരില്‍ നിലനില്‍ക്കുന്ന തീവ്രവാദികളും അവരുടെ അക്രമങ്ങള്‍ക്ക് തെളിവ് ഉദ്ധരിക്കുന്നത് ഖുര്‍ആനിലെയും ഹദീസിലെയും വിശുദ്ധ വചനങ്ങള്‍ തന്നെയാണ്. എത്രയോ സുശക്തമായ നിയമ സംഹിതകളുള്ള ഒരു മതത്തിന്റെ കാര്യം എന്താണിങ്ങനെ എന്ന് പരിശോധിക്കുമ്പോഴാണ് വിഡ്ഡികളായ ചില ഉത്പതിഷ്ണുക്കള്‍ അവരുടെ വിവരമില്ലായ്മയുടെ ബലത്തില്‍ കണ്ടെത്തിയ സ്വന്തന്ത്ര ഗവേഷണങ്ങളാണ് പ്രശ്‌നമെന്ന് മനസിലായത്. അവര്‍ക്ക് ഖുര്‍ആന്റെയും ഹദീസിന്റെയും വാക്കര്‍ത്ഥമറിയാം. അതിന്റെ വിശാലത ഉള്‍ക്കൊള്ളാനുള്ള ആത്മീയശേഷിയില്ല. ഓരോന്നിന്റെയും അവതരണ സന്ദര്‍ഭത്തെ കുറിച്ചുള്ള ചരിത്രാവബോധമോ അവ മനസിലാക്കുന്നതിന് വേണ്ട അടിസ്ഥാന തത്വങ്ങളോ വശമില്ല. അങ്ങനെയുള്ളവരെ പ്രതിരോധിക്കാനും തിരുത്താനും ഉറച്ച ജ്ഞാനമുള്ള പണ്ഡിതന്മാരെക്കാള്‍ യോഗ്യരായി ആരുമില്ല.

മതമൂല്യങ്ങള്‍ അനുസരിച്ച് രാഷ്ട്രീയത്തില്‍ ചില ധര്‍മ്മങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആത്മീയമായ സാധൂകരണവുമുണ്ടെന്നിരിക്കെ തന്നെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്ന യാഥാര്‍ത്ഥ്യം കൃത്യമായി അറിയാവുന്ന ഒരു നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഈ രാജ്യത്ത് ‘ജനാധിപത്യത്തിന്റെ വഴികളുപേക്ഷിച്ച് കുറുക്കു വഴികളിലൂടെ തങ്ങളുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മുസ്‌ലിം സമൂഹം തിരിച്ചറിയണം’ എന്ന മുന്നറിയിപ്പും, ‘ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല’ എന്ന തീര്‍പ്പുമാണ് ഒരു മതപണ്ഡിതന്റെ ഉത്തരവാദിത്വപരമായ രാഷ്ട്രീയ പ്രവര്‍ത്തനം.

‘ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കാനാവില്ല’ എന്നത് ഒരു സാധാരണ വ്യക്തിയുടെ പ്രസ്താവനയല്ല. പതിറ്റാണ്ടുകളായി മതവിജ്ഞാനീയങ്ങളുമായി അതുല്യമായ സമ്പര്‍ക്കമുള്ള ഒരു പണ്ഡിതശ്രേഷ്ഠന്റെ നിലപാടാണ്. ഓരോ വിഷയങ്ങളിലും മതത്തിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാട് തുറന്നു പറഞ്ഞു ശീലമുള്ള ഒരു പണ്ഡിതന്റെ ഉറച്ച നിലപാട്. അങ്ങനെ ഒരു ശീലമുള്ളതിന്റെ പേരില്‍ യാഥാസ്ഥിതികനെന്ന് മുദ്രകുത്തപ്പെട്ട ഉസ്താദിന്റെ ഈ നിലപാടിനെ ഇപ്പോള്‍ ചിലര്‍ എതിര്‍ത്തു കാണുന്നത് ഉസ്താദിനില്ലാത്ത സംഘ്പരിവാര്‍ ബാന്ധവത്തെ അദ്ദേഹത്തില്‍ ആരോപിച്ചുകൊണ്ടാണ്. അവര്‍ ഈ പണ്ഡിതന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തോടുള്ള നിലപാടു കൂടി അറിയണം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരണത്തിനു കീഴില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെടുകയും വിദ്യാഭ്യാസ മേഖല പോലെ അത്യധികം ശ്രദ്ധയോടെ കാണേണ്ട മേഖലകളൊക്കെ തന്നെയും തകര്‍ക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ‘ജനാധിപത്യം ഭീഷണി നേരിടുന്നു’ എന്ന് ആശങ്കപ്പെടുന്ന, നിലവിലെ അപകടകരമായ സ്ഥിതി മാറാന്‍ ‘മതേതര കൂട്ടായ്മ ശക്തിപ്പെടണ’മെന്ന് പ്രത്യാശിക്കുന്ന ഒരു മതനേതൃത്വം നമ്മുടെ ബഹുസ്വര സമൂഹത്തിന് മുതല്‍ക്കൂട്ടാണ്.

ടി എന്‍ പ്രതാപന്‍ (തൃശൂര്‍ ഡി സി സി അധ്യക്ഷന്‍)

You must be logged in to post a comment Login