ഗേറ്റ് ഫെബ്രുവരിയില്‍;അപേക്ഷ സെപ്തംബര്‍ ഒന്നുമുതല്‍

ഗേറ്റ് ഫെബ്രുവരിയില്‍;അപേക്ഷ സെപ്തംബര്‍ ഒന്നുമുതല്‍

എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനുള്ള യോഗ്യതാപരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിംഗ് (ഗേറ്റ്) 2019 ഫെബ്രുവരിയില്‍ നടത്തും. സ്‌കോളര്‍ഷിപ്പോടെയുള്ള എം.ടെക്ക് പഠനത്തിനും ചില പൊതുമേഖലാസ്ഥാപനങ്ങളില്‍ ഉദ്യോഗത്തിനും ഗേറ്റ് സ്‌കോറാണ് മാനദണ്ഡം.

മൂന്നു വര്‍ഷമാണ് ഗേറ്റ് സ്‌കോറിന്റെ സാധുത. നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിന് ഗേറ്റ് സ്‌കോര്‍ ഉപയോകുന്നുണ്ട്.

എന്‍ജിനിയറിംഗ്/സയന്‍സ് മേഖലകളില്‍ 24 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഒരാള്‍ക്ക് ഒരു വിഷയത്തിലെ പരീക്ഷയേ അഭിമുഖീകരിക്കാനാകൂ. എഴുതേണ്ട പേപ്പര്‍ ഏതെന്ന് അപേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവര്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ്, ജോലിമേഖല, അതിനു വേണ്ട യോഗ്യത /അര്‍ഹത, അവരുടെ യോഗ്യതാ പരീക്ഷയുടെ വിഷയം എന്നിവയൊക്കെ ഇതിലേക്ക് പരിഗണിക്കാം.

പേപ്പറുകള്‍: പരീക്ഷയ്ക്കുള്ള പേപ്പറുകളും കോഡുകളും: ഏറോസ്‌പേസ് എന്‍ജിനിയറിംഗ് (AE), അഗ്രിക്കള്‍ച്ചറല്‍ എന്‍ജി. (AG), ആര്‍ക്കിടെക്ചര്‍ & പ്ലാനിംഗ് (AR), ബയോടെക്‌നോളജി (BT), സിവില്‍ എന്‍ജി. (CE), കെമിക്കല്‍ എന്‍ജി. (C-H), കംപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (CS ), കെമിസ്ട്രി (CY), ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജി. (EC), എലക്ട്രിക്കല്‍ എന്‍ജി. (EE), ഇക്കോളജി & ഇവല്യൂഷന്‍ (EY), ജിയോളജി & ജിയോഫിസിക്‌സ് (GG), ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജി. (IN), മാത്തമാറ്റിക്‌സ് (MA), മെക്കാനിക്കല്‍ എന്‍ജി. (ME), മൈനിംഗ് എന്‍ജി. (MN), മെറ്റല്ലര്‍ജിക്കല്‍ എന്‍ജി. (MT), പെട്രോളിയം എന്‍ജി. (PE), ഫിസിക്‌സ് (PH), പ്രൊഡക്ഷന്‍ & ഇന്‍ഡസ്ട്രിയല്‍ എന്‍ജി. (PI), സ്റ്റാറ്റിസ്റ്റിക്‌സ് (ST), ടെക്‌സ്‌റ്റൈല്‍ എന്‍ജി. & ഫൈബര്‍ സയന്‍സ് (TF), എന്‍ജിനിയറിംഗ് സയന്‍സസ് (XE), ലൈഫ് സയന്‍സസ് (XL).
ഇവയില്‍, എന്‍ജിനിയറിംഗ് സയന്‍സസ് (XE), ലൈഫ് സയന്‍സസ് (XL) എന്നീ പേപ്പറുകള്‍ പൊതു സ്വഭാവമുള്ളവയാണ്. ഓരോന്നിലും വിവിധ വിഷയങ്ങളിലെ ചോദ്യങ്ങളുണ്ടാകും. അതില്‍ ഒരു നിശ്ചിത വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് എല്ലാവരും ഉത്തരം നല്‍കണം. കൂടാതെ, മറ്റു വിഷയങ്ങളിലെ രണ്ടെണ്ണത്തിലെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം.

അപേക്ഷിക്കാനുള്ള യോഗ്യത: (i) നാലു വര്‍ഷത്തെ എന്‍ജിനിയറിംഗ് /ടെക്‌നോളജി ബാച്ചലര്‍ ബിരുദം (ii) അഞ്ചു വര്‍ഷ ബാച്ചിലര്‍ ഓഫ് ആര്‍ക്കിട്ടെക്ചര്‍ ബിരുദം (iii) 4 വര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം (i്) സയന്‍സ്/മാത്തമാറ്റിക്‌സ് / കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് /തത്തുല്യ മാസ്റ്റേഴ്‌സ് ബിരുദം. ഈ നാലു കോഴ്‌സുകളുടെയും അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. (v) ബി.എസ്‌സിക്കു ശേഷം എന്‍ജിനിയറിംഗ് /ടെക്‌നോളജിയില്‍ നാലു വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലോ ഉയര്‍ന്ന ക്ലാസിലോ പഠിക്കുന്നവര്‍ (vi)എന്‍ജിനിയറിംഗ് / ടെക്‌നോളജിയില്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ കോഴ്‌സിന്റെ നാലാം വര്‍ഷത്തിലോ ഉയര്‍ന്ന ക്ലാസിലോ പഠിക്കുന്നവര്‍ (vii) പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം/ഇന്റഗ്രേറ്റഡ് ബാച്ചലര്‍ മാസ്റ്റര്‍ ഡ്യുവല്‍ ഡിഗ്രി അല്ലെങ്കില്‍ കോഴ്‌സിന്റെ അഞ്ചാം വര്‍ഷത്തില്‍ പഠിക്കുന്നവര്‍ (viii) ബി.ഇ /ബി.ടെക് യോഗ്യതയ്ക്കു തുല്യമെന്ന് UPSC/AICTE എന്നിവ അംഗീകരിച്ച, പ്രൊഫഷണല്‍ സൊസൈറ്റികള്‍ നടത്തുന്ന, തത്തുല്യ പരീക്ഷ; അങഹഋ/തത്തുല്യ പ്രൊഫഷണല്‍ കോഴ്‌സുകളുടെ ‘എ’ സെക്ഷന്‍ ജയിച്ചവര്‍.
പരീക്ഷ ഫെബ്രവരി 2,3,9,10 തീയതികളില്‍ നടത്തും. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പയ്യന്നൂര്‍, തൃശൂര്‍, വടകര. അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക്, 3 പരീക്ഷാ കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കാം.
ഗേറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസിംഗ് സിസ്റ്റം വഴിയാണ് അപേക്ഷാ സമര്‍പ്പണം മുതല്‍, ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. അപേക്ഷ നല്‍കല്‍, ഫോട്ടോ / ഒപ്പ് / മറ്റു രേഖകളുടെ അപ്‌ലോഡിംഗ്, അപേക്ഷാ ഫീസടയ്ക്കല്‍, അപേക്ഷാ നില പരിശോധിക്കല്‍, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡിംഗ്, രേഖപ്പെടുത്തിയ ഉത്തരങ്ങളുടെ പരിശോധന, സ്‌കോര്‍കാര്‍ഡ് സൗണ്‍ലോഡിംഗ് എന്നിവയെല്ലാം ഇതുവഴിയായിരിക്കും.
അപേക്ഷ: അപേക്ഷ, ഓണ്‍ലൈനായി, സപ്തംബര്‍ 1 മുതല്‍ 21 വരെ http://gate.iitm.ac.in എന്ന സൈറ്റ് വഴി നല്‍കാം. അതിനു ശേഷം, ലേറ്റ് ഫീസടച്ച് ഒക്ടോബര്‍ ഒന്ന് വരെയും നല്‍കാം.
പെണ്‍കുട്ടികള്‍ക്കും, പട്ടിക വിഭാഗക്കാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും അപേക്ഷാഫീസ് 750 രൂപയും മറ്റുള്ളളവര്‍ക്ക് 1500 രൂപയുമാാണ്. ലേറ്റ് ഫീസോടെയെങ്കില്‍ ഇത് യഥാക്രമം 1250, 2000 രൂപയാണ്. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് കേന്ദ്രത്തിനനുസരിച്ച് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷാഫീസ്, നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴിയോ അടയ്ക്കാം.

അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിശദമായ മാര്‍ഗനിര്‍ദേശം വെബ്‌സൈറ്റിലും ബ്രോഷറിലും നല്‍കിയിട്ടുണ്ട്.
പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് 2019 ജനവരി 4 മുതല്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്ത് എടുക്കാന്‍ കഴിയും.
ഫലപ്രഖ്യാപനം മാര്‍ച്ച് 16 നു പ്രതീക്ഷിക്കാം. യോഗ്യത നേടുന്നവര്‍ക്ക്, അവരുടെ ഗേറ്റ് 2019 സ്‌കോര്‍ കാര്‍ഡ്, മാര്‍ച്ച് 20നും മെയ് 31 നും ഇടയ്ക്ക് വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. അതിനു ശേഷം സ്‌കോര്‍ കാര്‍ഡിന്റെ സോഫറ്റ് കോപ്പി വേണ്ടവര്‍ക്ക്, 500 രൂപ അടച്ച് 2019 ഡിസംബര്‍ 31വരെ അത് വാങ്ങാം. സ്‌കോര്‍ കാര്‍ഡിന്റെ ഹാര്‍ഡ് കോപ്പി നല്‍കാന്‍ വ്യവസ്ഥയില്ല.

2019ലെ ഗേറ്റ് മേല്‍നോട്ട സ്ഥാപനം മദ്രാസ് ഐ.ഐ.ടിയാണ്. ഗേറ്റ് സ്‌കോളര്‍ഷിപ്പ് / അസിസ്റ്റന്റ് ഷിപ്പ് ലഭിക്കാന്‍, യോഗ്യത നേടിയവര്‍, ആദ്യം, കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പ്രവേശനം നേടണം. അതിന്റെ വിശദാംശങ്ങള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് കണ്ടെത്തണം. പ്രവേശനത്തിനുള്ള അറിയിപ്പുകള്‍ സ്ഥാപനങ്ങള്‍ പുറപ്പെടുവിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://gate.iitm.ac.in എന്ന വെബ്‌സൈറ്റ് കാണുക.

കാലിക്കറ്റില്‍ വിദൂര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കേണ്ടത് ഇപ്പോള്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന 13 ബിരുദ കോഴ്‌സുകളിലേക്കും ആറ് ബിരുദാനന്തരകോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സംസ്‌കൃതം സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബി.എ. കോഴ്‌സും ബി.ബി.എ., ബി.കോം കോഴ്‌സുകളും എം.എ. അറബിക്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, സോഷ്യോളജി കോഴ്‌സുകളുമാണ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്നത്. ബി.എ. കോഴ്‌സുകള്‍ക്ക് 1260 രൂപ അഡ്മിഷന്‍ ഫീസും 1470 രൂപ ട്യൂഷന്‍ ഫീസുമുണ്ടാകും. ബി.കോമിന് 1680 രൂപയും ബി.ബി.എയ്ക്ക് 3150 രൂപയുമാണ് ട്യൂഷന്‍ ഫീസ്. അഡ്മിഷന്‍ ഫീസില്‍ മാറ്റമില്ല. പി.ജി. കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ഫീസായി 475 രൂപയും ട്യൂഷന്‍ ഫീസായി 2625 രൂപയും അടയ്ക്കണം.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫൈനോടു കൂടി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം സെപ്റ്റംബര്‍ 10 ആണ്. ഫൈനില്ലാതെ ഓഗസ്റ്റ് 31 വരെയും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കിനും വിശദവിവരങ്ങള്‍ക്കുമായി http://sdeuoc.ac.in എന്ന വെബ്‌സൈറ്റ് കാണുക.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് കോഴ്‌സ്
എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപിന്റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനിയറിംഗ് കോളജുകളില്‍ നടത്താനുദ്ദേശിക്കുന്ന കോഴ്‌സുകളുടെ പഠനസമയം 600 മണിക്കൂറായിരിക്കും.

രണ്ടാം വര്‍ഷം വരെ മാത്തമാറ്റിക്‌സില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനിയറിംഗിലോ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആര്‍ട്‌സിലോ 60 ശതമാനം മാര്‍ക്ക് ലഭിച്ച ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. 25 വയസാണു പ്രായപരിധി. 35,000 രൂപയാണ് കോഴ്‌സ് ഫീസ്. പ്രോജക്ട് പ്രസന്റേഷനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കും. സെപ്റ്റംബര്‍ അവസാനത്തോടെ കോഴ്‌സ് ആരംഭിക്കും. www.a sapkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

സിവില്‍ സര്‍വീസസ് പരിശീലനം:പരീക്ഷ സെപ്റ്റംബര്‍ ഒന്നിന്
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം ചാരാച്ചിറയിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസസ് അക്കാദമിയിലും പൊന്നാനി, പാലക്കാട്, കോഴിക്കോട് ഉപകേന്ദ്രങ്ങളിലും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് സെപ്റ്റംബറില്‍ ആരംഭിക്കുന്ന പ്രിലിംസ് കം മെയിന്‍സ് റെഗുലര്‍ ബാച്ചിലേക്ക് പ്രവേശന പരീക്ഷ നടത്തും. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം, പൊന്നാനി, പാലക്കാട്, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ. ഓഗസ്റ്റ് 29ന് വൈകുന്നേരം അഞ്ച് മണി വരെ www.ccek.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫോണ്‍: തിരുവനന്തപുരം (0471 2313065, 2311654, 8281098865), പൊന്നാനി (0494 2665489, 8281098868), പാലക്കാട് (0491 2576100, 8281098869), കോഴിക്കോട് (0495 2386400, 8281098870).

ഫൈന്‍ ആര്‍ട്‌സ് കോളജില്‍ എം.എഫ്.എ. കോഴ്‌സ്
തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ എം.എഫ്.എ. (പെയിന്റിംഗ്, സ്‌ക്ലപ്ചര്‍) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഫോമും പ്രോസ്‌പെക്ടസും കോളജ് ഓഫീസില്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 29 വരെ സ്വീകരിക്കും. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുന്നതിന് 135 രൂപയുടെ ഡിഡി പ്രിന്‍സിപ്പല്‍, കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കേരള, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ അയയ്ക്കണം.

റസല്‍

You must be logged in to post a comment Login