ഈ മരണവും കടന്ന്

ഈ മരണവും കടന്ന്

”എന്നാല്‍ എഴുതാനും വയ്യ. എഴുതാതിരിക്കാനും വയ്യ. രണ്ടുവികാരങ്ങളുടെ നടുവിലാണ് ഞാന്‍. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലാണെന്നല്ല, മന്ദഹാസത്തിന്റെയും വേദനയുടെയും നടുവില്‍. സത്യം അതല്ല. നാശത്തിന്റെ വക്കില്‍ ഒരു തമാശ കേട്ടോളൂ; മരണത്തിന്റെ നിഴലില്‍. ഈ ലോകം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നു നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?”

(മരണത്തിന്റെ നിഴലില്‍, വാള്യം 1, പുറം 597)

ഭീതിതമായ ദിനങ്ങളെക്കുറിച്ചും അന്ധകാരങ്ങളെക്കുറിച്ചും എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുകയും സര്‍വനാശത്തിന്റെ വക്കിലാണ് ലോകം തന്നെയെന്ന് താക്കീതു നല്‍കുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ബഷീര്‍ രചനകളില്‍ കാണുന്നു. മരണത്തെയും സര്‍വനാശത്തെയും വ്യക്തിയിലേക്ക് ചുരുക്കുന്ന അസ്തിത്വവാദ രീതിയെ ബഷീര്‍ അവലംബിക്കുന്നില്ല. പുരോഗമനപക്ഷവും ദേശീയ പ്രസ്ഥാനങ്ങളും നവോത്ഥാനവും കേരളത്തിലുണ്ടാക്കിയ സാഹിത്യപരമായ അന്തരീക്ഷം ബഷീര്‍ രചനകളില്‍ നിഴലിക്കുന്നുണ്ട്. സരസ്വതീദേവിയുമായി പുരോഗമനസാഹിത്യത്തെക്കുറിച്ച് ഒരു സംവാദം തന്നെ നടക്കുന്നുണ്ട്. പുരോഗമന- നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാമൂഹിക കേന്ദ്രിത ചിന്തകളും പ്രവര്‍ത്തനങ്ങളും ഉണ്ടാക്കിയ അന്തരീക്ഷം സ്വയം അകപ്പെട്ട ഭയാശങ്കകളെ സാമൂഹിക ഊര്‍ജമാക്കിമാറ്റാന്‍ ബഷീറിനെ സഹായിച്ചു എന്നും കാണാന്‍ കഴിയും. ഏകാന്തതയെക്കുറിച്ച് നിരന്തരം സംസാരിക്കുമ്പോഴും വിപുലമായ സൗഹൃദം സാഹിത്യരചയിതാക്കളുമായി സൂക്ഷിച്ചതും ദേശീയ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തതും ബഷീറിന്റെ രോഗാതുരമായ വേവലാതികളെ അഥവാ ഉല്‍കണ്ഠാവസ്ഥയെ ഉല്ലംഘിക്കാന്‍ വലിയ പരിധിവരെ സഹായിച്ചതായി കരുതാം.

1951-ലാണ് ‘മരണത്തിന്റെ നിഴലില്‍’ ആദ്യമായി പ്രസിദ്ധീകരിച്ചത്. അതായത് മരിക്കുന്നതിന് നാല്‍പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്നുതന്നെ ബഷീര്‍ മരണത്തെ പ്രതീക്ഷിക്കുകയോ ഭയപ്പെടുകയോ ചെയ്തിരുന്നു.

”കുഞ്ഞമ്മക്ക് എന്തെങ്കിലും കൊടുത്താല്‍ കൊള്ളാമെന്ന് എനിക്കാഗ്രഹമുണ്ട്. പൂച്ചട്ടികള്‍ നാലും അവള്‍ക്ക്. ഷെല്‍ഫിലുള്ള പുസ്തകങ്ങളും അവള്‍ എടുത്തോട്ടെ. എന്റെ പെട്ടിയും കിടക്കയും പെട്ടിക്കകത്തു ഞാന്‍ എഴുതിവെച്ചിരിക്കുന്ന നോവലും എന്നെ മറവുചെയ്യുന്നവര്‍ എടുക്കുന്നതില്‍ എനിക്ക് വിരോധമില്ല. ഈ ചാരുകസേരയും സ്റ്റൂളും ഈ കെട്ടിടത്തിന്റെ ഉടമസ്ഥന് കൊടുക്കാന്‍ വിചാരിക്കുന്നു. ഞാന്‍ എഴുതുന്ന ഈ പേന ആര്‍ക്കും കൊടുപ്പാന്‍ ഇപ്പോള്‍ ഇഷ്ടം തോന്നുന്നില്ല. ഇത് എന്റെ കൂടെ മറവ് ചെയ്യണം”(മരണത്തിന്റെ നിഴലില്‍ 609). നാല്‍പത്തിഒന്ന് വര്‍ഷത്തിന് ശേഷം അവതരിപ്പിച്ച ‘ചെവിയോര്‍ക്കുക അന്തിമകാഹള’ത്തിലും ബഷീര്‍ മരണത്തെ മുന്നില്‍ നിര്‍ത്തി മരണാനന്തര ക്രിയകളെക്കുറിച്ച് സംസാരിക്കുന്നു.
എഴുത്ത് ഒരു രോഗപ്രതിരോധവും ചികിത്സയുമാണെന്ന മനശാസ്ത്രപരമായ നിരീക്ഷണം ബഷീറിന്റെ കാര്യത്തില്‍ ശരിയായി മാറുകയാണ്. എല്ലാ ഭീതികളും അകറ്റാനും സ്വയവും മറ്റുള്ളവര്‍ക്കും രക്ഷ പ്രാപിക്കാനും ആ എഴുത്തുപകരണം കൈവിടാതെ കൊണ്ടുനടക്കാനുള്ള തീരുമാനം ബഷീറിനെ രക്ഷിച്ചു എന്നും പറയാം.

ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ഒരാള്‍ റയിലില്‍ തലവെക്കുക; വണ്ടി വരുമ്പോഴുണ്ടാകുന്ന ഭീകരശബ്ദങ്ങള്‍ കേള്‍ക്കുക; എല്ലാം അവസാനിക്കുകയാണെന്ന് ഉറപ്പിക്കുക. ”ചെവിക്കല്ലുകള്‍ തകര്‍ന്നുപോകുന്നു. ആകാശവും ഭൂമിയും പാഞ്ഞുവരികയാണ്! വണ്ടി പാഞ്ഞുവരികയാണ്. ഞാന്‍ കണ്ണുകള്‍ അടച്ചു. എന്റെ ശ്വാസം നിന്നു. ഞാന്‍ ആകെ വിയര്‍ത്തു. തലയ്ക്കകം വേവുകയാണ്. ദൈവമേ! കഴുത്തുഞെരിഞ്ഞറ്റുപോകുന്ന ഒടുവിലത്തെ മുഹൂര്‍ത്തവും പ്രതീക്ഷിച്ചു ഞാന്‍ കിടന്നു. വണ്ടി ഘനത്തോടെ, ഭയങ്കര ശബ്ദാരവത്തോടെ കുടുങ്ങിച്ചീറി കടന്നുപോയി!”(പു 462).

ഭയങ്കരമായ ശബ്ദങ്ങളാണ് ബഷീര്‍ സങ്കല്‍പിക്കുന്നതും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ശബ്ദം കേട്ടോ എന്നതില്‍ പ്രസക്തിയില്ല. കാരണം രചയിതാവിന്റെ ആവിഷ്‌കാരം സ്വയം അകപ്പെട്ടതോ ആന്തരികമായി രൂപപ്പെട്ടതോ ആയ ഒരവസ്ഥയാണ്. ചെവികള്‍ കേട്ടാലും ഇല്ലെങ്കിലും മനസിലേക്ക് ആ പാളങ്ങളിലെ ഇരച്ചുപായുന്ന തീവണ്ടി ചക്രങ്ങളുടെ ഘോരശബ്ദം ആണ്ടിറങ്ങുകയാണ്. സ്വപ്‌നത്തിലെന്നപോലെ ശരീരം സ്തംഭിക്കാനും വിയര്‍ക്കാനും വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കാനും ഇത് ധാരാളം മതി. റെയിലുകള്‍ മുഴങ്ങുന്നത് കേട്ടുകൊണ്ടും സമൂഹത്തിന്റെ ശരീരം അഴുകി വൃത്തികേടാവുന്നത് നേരില്‍ കണ്ടും മനസ്സാക്ഷി മരവിച്ചുപോയ മനുഷ്യരുടെയും ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങളുടെയും രോദനങ്ങള്‍ക്കിടയില്‍ ബഷീര്‍ സ്വപ്‌നത്തിലെന്നപോലെ ഒരു പൂന്തോട്ടം പണിയുകയാണ്.

”എനിക്കിതുവരെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടില്ല… ജീവിതം, അതിന്റെ പരമകോടിയില്‍ പരാജയമാണെന്ന് വയ്ക്ക്. ജനിച്ചാല്‍ മരിക്കും എന്നുള്ള സത്യം വച്ചുകൊണ്ടാണ് ഞാനിപ്പറയുന്നത്. എന്നാല്‍ മരിക്കുന്നതുവരെ ജീവിക്കുക. ധീരതയോടെ തന്നെ ജീവിക്കുക. ബോധമുള്ള ഒരു മനുഷ്യനായിത്തന്നെ ജീവിക്കുക.”(പുറം 460).

എഴുതാനുള്ള ത്വരകൊണ്ട് ജീവിതം വീണ്ടും തിരിച്ചുപിടിക്കാനാണ് ബഷീര്‍ ശ്രമിച്ചത്. ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിച്ച് അതിന്റെ പൂവും കായും കാണുക എന്ന ആഹ്വാനം വാസ്തവത്തില്‍ സ്വയം അകപ്പെടുന്ന ഹതാശമായ അവസ്ഥകളെ മറികടക്കാനുള്ള ആഹ്വാനമാണ്. എന്തെങ്കിലും ഒരു പുതിയ സാധനം ഉണ്ടാക്കുക, ദാഹിച്ചുവരുന്ന പട്ടിക്കു വെള്ളം കൊടുക്കുക, വിശന്നുവരുന്ന മനുഷ്യന് ആഹാരം കൊടുക്കുക, ഇങ്ങനെ എപ്പോഴും സമഷ്ടിയുടെ ഭാഗമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്ത് ഹിംസയില്ലാതെ ജീവിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് എന്നും ബഷീര്‍ ചോദിച്ചുകൊണ്ടിരുന്നത്. എല്ലാ ആശയങ്ങളും സന്ദിഗ്ധതയോടെ അവതരിപ്പിക്കുന്ന സ്വയം പ്രകാശനക്ഷമത രചനകളുടെ സവിശേഷതയാണ്. മരിക്കാനോ മരണത്തെ ആഘോഷിക്കാനോ ആയിരുന്നില്ല ബഷീര്‍ നിരന്തരം മരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. പകരം മരണത്തെ ഉല്ലംഘിച്ചുകൊണ്ട് ക്രിയാത്മക ജീവിതം ആവിഷ്‌കരിക്കാനായിരുന്നു. പാളത്തില്‍ തലവെച്ചുകിടന്നാല്‍ മാത്രം നമുക്ക് കേള്‍ക്കാന്‍ കഴിയുന്ന ആ മുഴക്കം നമ്മളില്‍ ഭീതിയുണ്ടാക്കാന്‍ മാത്രമല്ല; സ്വയം അകപ്പെട്ട ഭീതിയെ അകറ്റാനും കൂടിയാണ്.

”ഒന്നും സ്വയം നശിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും… എങ്കിലും നശിക്കാത്തതായി ഒന്നും ഇല്ലെന്നുമുള്ള സംഗതിയും മറക്കുക. ചുരുക്കത്തില്‍ നിങ്ങളും ഞാനും, എന്തിന് ഈ ഭൂലോകം തന്നെ സദാ മരണത്തിന്റെ നിഴലിലാണെന്നുമുള്ള പരമസത്യവും മറക്കുക. എന്നാലും നമ്മള്‍ ധീരരാണ്. നമ്മള്‍ ഈ ഭൂലോകത്തെ വസന്താരാമമായി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവിടം മനോഹരങ്ങളായ ഗാനങ്ങളാല്‍ മുഖരിതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.” (വാള്യം 1, പുറം 614).

സ്വയം ഒരു ജയിലില്‍ അകപ്പെട്ടിരിക്കുമ്പോള്‍ പോലും അവിടം പൂന്തോട്ടമാക്കാനും വസന്താരാമമാക്കാനും കഴിയണമെന്ന ബോധ്യം എപ്പോഴും ബഷീര്‍ നിലനിര്‍ത്തിയിരുന്നു. കലയും സാഹിത്യവും തത്വചിന്തയും സംഗീതവും മാത്രമല്ല, പ്രകൃതി ദൃശ്യങ്ങള്‍ പോലും മനുഷ്യമനസിന് സാന്ത്വനവും ഉന്മേഷവും ആവേശവും പ്രദാനം ചെയ്യുമെന്ന ചിന്ത എപ്പോഴും ആന്തരിക ഊര്‍ജമായി കൊണ്ടുനടന്നതിനാല്‍ ഒരിക്കലും ആത്മഹത്യചെയ്യാതെ ‘മുഴങ്ങുന്ന റെയിലുകളെ’ മരണത്തില്‍ നിന്നും വേര്‍പെടുത്താന്‍ ബഷീറിന് സാധിച്ചു.
ശരീരത്തിലുള്ള മുറിവിനെക്കാള്‍ മനസിലുണ്ടാവുന്ന മുറിവുകളാണ് നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുക. ഭ്രാന്തിനെക്കുറിച്ച് മനശാസ്ത്രജ്ഞനായ ആര്‍ ഡി ലെയിങ് പറയുന്നത് ‘ഒരു അയുക്തിക ലോകത്തിനുവേണ്ട കൃത്യമായ യുക്തി ഭദ്ര ക്രമീകരണം’ എന്നാണ്. ബഷീറിന്റെ കാര്യത്തില്‍ ഇത് ഏറെക്കുറെ പ്രസക്തവുമാണ്. തനിക്കുചുറ്റും അയുക്തിയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും യുദ്ധങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും സാന്നിധ്യമാണ് കണ്ടിരുന്നത്. സമൂഹത്തില്‍ നല്ലവരായ മനുഷ്യര്‍ വളരെ കുറവാണോ എന്ന ചോദ്യം ചില കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സന്ദര്‍ഭത്തില്‍ ബഷീര്‍ ചോദിക്കുന്നുണ്ട്. വിഭജിത വ്യക്തിത്വവും അതിന്റെ പ്രകാശനമായ സന്ദിഗ്ധതകളും സാഹിത്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കഥയും നോവലും കവിതയുമായി സാമൂഹികമായ സ്വീകാര്യത കൈവരിക്കുന്നു. സാഹിത്യത്തിന്റെ സാധ്യത തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ബഷീറിനെ ശബ്ദങ്ങള്‍ ശ്രവിക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാ ശബ്ദങ്ങളും അശരീരി പോലെ കേള്‍ക്കുകയും അവ വിനീതനായ ഒരു എഴുത്തുകാരനായി പകര്‍ത്തുകയും ചെയ്യുക എന്ന ദൗത്യത്തിലേക്ക് ബഷീര്‍ മുഴുകുകയായിരുന്നു.

”എവിടെയെങ്കിലും തനിച്ചുപോയിരുന്ന് സമാധാനത്തോടെ എഴുതണം”(പുറം 461).
ഭ്രമാത്മകത പോലും അലങ്കാരമാക്കി മാറ്റാന്‍ സര്‍ഗസമ്പന്നരായ രചയിതാക്കള്‍ക്ക് സാധിക്കുന്നു. അപ്പോള്‍ ഒരയുക്തിക ലോകക്രമത്തില്‍ കൃത്യമായ ഒരു ക്രമീകരണമായി മാറുന്നു. ഉന്മാദത്തില്‍ നിന്ന് ജീവിതവും സങ്കല്‍പത്തില്‍നിന്നും യാഥാര്‍ത്ഥ്യവും വ്യത്യസ്തമല്ലാതായി മാറുന്നു. ഘോരശബ്ദത്തില്‍ ഇരമ്പിപ്പാഞ്ഞു വരുന്ന വണ്ടിയുടെ ശബ്ദങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തെ ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ തെരുവിലെ നിലവിളികള്‍കൊണ്ട് സ്ഥാനാന്തരം ചെയ്യുന്നു. നാലും കൂടിയ വഴികളില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ഭാവി സ്വപ്‌നം കണ്ടുകൊണ്ട് നീലാകാശത്തിനു കീഴില്‍ ഒരു സൂര്യനുദിക്കുന്നതും കാത്ത് ജീവിതം മുന്നോട്ടുനയിക്കുന്നു. മരിക്കാതിരിക്കാനുള്ള അഥവാ സ്വയം ജീവിതം അവസാനിപ്പിക്കാതിരിക്കാനുള്ള ഒരു പ്രതീക്ഷയുടെ കിരണം എപ്പോഴും ബഷീര്‍ ബാക്കിയാക്കുന്നു.

ഡോ. പി കെ പോക്കര്‍

You must be logged in to post a comment Login