എന്തേ പട്ടേലിന് ജനനത്തീയതി ഇല്ലാതെ പോയത്?

എന്തേ പട്ടേലിന് ജനനത്തീയതി ഇല്ലാതെ പോയത്?

ഒക്‌ടോബര്‍31 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ പ്രതിമ’ അനാച്ഛാദനം ചെയ്യും. ഉത്തരേന്ത്യയിലെ ശൂദ്രന്മാരുടെ മുകള്‍പ്പാളിയിലുള്‍പ്പെട്ട പട്ടേലന്മാരും ജാട്ടുകളും ഗുജ്ജാറുകളും മറാത്തകളും-സര്‍ദാര്‍ പട്ടേല്‍ ഈ പാളിയുടെ ഭാഗമായിരുന്നു-സര്‍ക്കാര്‍ സംവരണം ലഭിക്കാനായി പിന്നോക്കവിഭാഗപദവിയ്ക്കായി പോരാടുമ്പോഴാണ് ഇതു സംഭവിക്കുന്നത്. അവര്‍ ആ പോരാട്ടത്തില്‍ വിജയിക്കുകയാണെങ്കില്‍, ഇന്ത്യയിലെ ശൂദ്രന്മാര്‍ ഒരൊറ്റ സാമൂഹിക, രാഷ്ട്രീയ കള്ളിയ്ക്കുള്ളില്‍ ഒന്നിക്കുകയും അത് രാജ്യത്തിന്റെ സാമൂഹിക ബന്ധങ്ങളില്‍ വന്‍ അഴിച്ചുപണിക്കു കാരണമാകുകയും ചെയ്യും. ഈ അവസരത്തില്‍, ഹിന്ദുമതത്തിലും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥയിലും പട്ടേലന്മാരുടെയും ശൂദ്രന്മാരുടെയും പദവി വിലയിരുത്തുന്നത് പ്രധാനമാണ്.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയോടും ജവഹര്‍ലാല്‍ നെഹ്‌റുവിനോടും താരതമ്യം ചെയ്യുന്നതിലൂടെ പട്ടേലിനെ ഏറ്റവും നന്നായി വിലയിരുത്താം. അദ്ദേഹത്തോടൊപ്പം സ്വാതന്ത്ര്യപ്രസ്ഥാനത്തിലും പിന്നീട് സ്വതന്ത്ര ഇന്ത്യയിലും പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട രണ്ടു നേതാക്കന്മാരാണല്ലോ അവര്‍. പട്ടേലിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കഥകള്‍ ഇന്ത്യയിലെ ശൂദ്രന്മാരുടെയും ബനിയകളുടെയും ബ്രാഹ്മണന്മാരുടെയും പദവിയുടെ ദൃഷ്ടാന്തകഥകളാണ്.

പട്ടേല്‍ ഗുജറാത്തില്‍ നിന്നുള്ള ശൂദ്രനായിരുന്നു. ഗാന്ധി അതേ സംസ്ഥാനത്തില്‍ നിന്നുള്ള ബനിയയും. നെഹ്‌റുവാകട്ടെ ഇന്ന് ഉത്തര്‍പ്രദേശെന്നു വിളിക്കുന്ന സ്ഥലത്തു നിന്നുള്ള, കാശ്മീര്‍ വേരുകളുള്ള ബ്രാഹ്മണനും. ഹിന്ദുമതത്തിലെ അവരുടെ പദവിക്ക് കാര്യമായ വ്യത്യാസമുണ്ടായിരുന്നു. പട്ടേലിന്റെ പൂര്‍വികര്‍ വേദകാലഘട്ടത്തില്‍ അടിമകളില്‍ നിന്നുത്ഭവിച്ചവരാണ്. ഗാന്ധിയുടെ മുന്‍ഗാമികള്‍ മധ്യവര്‍ണത്തിലുള്‍പ്പെട്ട കച്ചവടക്കാരും. നെഹ്‌റുവിനുള്ളത് പുരോഹിതന്മാരുടെ വേരുകളാണ്. ഗാന്ധിക്കും നെഹ്‌റുവിനും പൂണൂല്‍ ധരിക്കാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ പട്ടേലിന് അതില്ലായിരുന്നു. ഹിന്ദുമതത്തിന്റെ ഭാഗമാണെങ്കിലും ഇന്നും ശൂദ്രന്മാര്‍ക്ക് പൂണൂല്‍ ധരിക്കാനുള്ള അവകാശമില്ലല്ലോ.

പട്ടേലിന്റെ പൂര്‍വികര്‍ക്ക് വിദ്യ നേടാനുള്ള അവകാശമില്ലായിരുന്നു. വേദദൈവങ്ങളെ ആരാധിക്കാനുമാകില്ല. ഇതെല്ലാം ഹിന്ദുമതത്തിന്റെ വിശുദ്ധഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പൂര്‍വികര്‍ക്ക് വേദകാലത്തെ ഹിന്ദുമതത്തിന്റെ പ്രാരംഭം മുതലേ അതിനുള്ള അവകാശമുണ്ട്. സംസ്‌കൃതത്തിലും മറ്റു ഭാഷകളിലും വിദ്യ നേടാനുള്ള അധികാരവുമുണ്ട്.

പട്ടേലിന്റെ പൂര്‍വികര്‍ നിലം ഉഴുന്നവരും കന്നുകാലികളെ മേയ്ക്കുന്നവരും വിള കൊയ്‌തെടുക്കുന്നവരുമായിരുന്നു. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ വിവിധ ഭരണാധികാരികളുടെ കീഴില്‍ അവര്‍ സൈനികരുമായിരുന്നു-രാജഭരണം,മുഗള്‍ ഭരണം,കോളനിഭരണം. ഗ്രാമത്തെയും രാജ്യത്തെയും കാത്തു സൂക്ഷിക്കാനുള്ള ചുമതല ശൂദ്രന്മാരുടേതായിരുന്നു. തൊട്ടുകൂടാത്തവരെന്നു മാറ്റി നിര്‍ത്തുമ്പോഴും ഈ രണ്ടു ചുമതലകളും ദളിതര്‍ക്കുമുണ്ടായിരുന്നു.

ഗാന്ധിയുടെയും നെഹ്രുവിന്റെയും പൂര്‍വികര്‍ ഒരിക്കലും ഒന്നും ഉല്പാദിപ്പിച്ചില്ല- കാര്‍ഷികവും ശാരിരീകവുമായ അധ്വാനം തരംതാണതായി കണക്കാക്കപ്പെട്ടിരുന്നു. ബനിയകളും ബ്രാഹ്മണന്മാരും സൈനികസേവനം ചെയ്തതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തിലില്ല. സസ്യഭക്ഷണശീലവും അഹിംസയിലുള്ള വിശ്വാസവും സൈന്യത്തില്‍ ചേരുന്നതില്‍ നിന്ന് അവരെ തടഞ്ഞു. പക്ഷേ, അവര്‍ നിലനില്‍പിനായി ശൂദ്രന്മാരെ ആശ്രയിക്കുകയും ശൂദ്രന്മാര്‍ എല്ലായ്‌പോഴും അവരെ സേവിക്കുകയും ചെയ്തു.

പട്ടേല്‍ ഇതേ രീതിയിലാണ് നെഹ്‌റുവിനെയും ഗാന്ധിയെയും സേവിച്ചത്. ഈ അര്‍ത്ഥത്തിലാണ് അദ്ദേഹം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ‘ഉരുക്കുമനുഷ്യനാ’ യത്. ഗാന്ധി ‘മഹാത്മ’യും നെഹ്‌റു ‘പണ്ഡിറ്റും’ ആയത്. പട്ടേലിന്റെ വിശേഷണപദം അപകീര്‍ത്തികരവും അതുണ്ടാക്കിയവരുടെ കണ്ണില്‍ ശൂദ്രന്മാരുടെ ബൗദ്ധികവും ആത്മീയവുമായ അപകര്‍ഷതയുടെ പ്രഖ്യാപനവുമാണ്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്കു വരുന്നതു വരെ പട്ടേലിന്റെ പൂര്‍വികര്‍ക്ക് വിദ്യ നേടാനുള്ള അവകാശമുണ്ടായിരുന്നില്ല. അവര്‍ അവരെക്കുറിച്ച് എഴുതുകയോ മറ്റുള്ളവര്‍ അവരെക്കുറിച്ച് എഴുതുകയോ ചെയ്തില്ല. പട്ടേലും അദ്ദേഹത്തിന്റെ സഹോദരന്‍ വിതല്‍ഭായിയുമാണ് അവരുടെ കുടുംബത്തില്‍ ആദ്യമായി സ്‌കൂളില്‍ പോയവര്‍. പതിനെട്ടാം നൂറ്റാണ്ടില്‍ മാത്രമാണ് ശൂദ്രന്മാരുടെ നിരക്ഷരത തകര്‍ക്കപ്പെട്ടത്. അതുകൊണ്ടാണ് പട്ടേലിന്റെ യഥാര്‍ത്ഥ ജനനത്തീയതി ഒരിക്കലും രേഖപ്പെടുത്തപ്പെടാതെ പോയത്. ഒക്‌ടോബര്‍ 31, അദ്ദേഹത്തെ സ്‌കൂളില്‍ ചേര്‍ക്കാനായി കണ്ടെത്തിയ തീയതിയാണ്. അതുകൊണ്ടാണ് മോഡി ഒക്‌ടോബര്‍ 31 ന് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.

പട്ടേല്‍ ജനിച്ചപ്പോഴേക്കും ബ്രാഹ്മണന്മാരും ബനിയകളും ഇംഗ്ലീഷില്‍ മികച്ച വിദ്യാഭ്യാസം നേടിക്കഴിഞ്ഞിരുന്നു. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ജനനത്തീയതികള്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ക്ക് നന്നായി രേഖപ്പെടുത്തിയ ചരിത്രങ്ങളുണ്ട്. അവര്‍ സ്വയം സൃഷ്ടിച്ച വ്യക്തികളായിരുന്നില്ല-അവര്‍ പദവിയും സവിശേഷാധികാരങ്ങളും പാരമ്പര്യമായി കൈനീട്ടി വാങ്ങിയവരാണ്.

പട്ടേലാകട്ടെ സ്വയം സൃഷ്ടിച്ച, കര്‍ക്കശക്കാരനായ വ്യക്തിയായിരുന്നു. രാഷ്ട്രീയമായ കരുത്താണ് അദ്ദേഹത്തിന്റെ ഉയര്‍ച്ചക്ക് ആധാരം. എന്നാല്‍ ബൗദ്ധികതയുടെ ‘മൃദു’ ശക്തി വികസിപ്പിച്ചെടുക്കാനുള്ള സൗകര്യം ഒരിക്കലും അദ്ദേഹത്തിനു ലഭിച്ചില്ല. അദ്ദേഹം തന്റെ പൂര്‍വികര്‍ക്ക് പതിച്ചുകിട്ടിയ അതേവേഷം ആടുകയായിരുന്നു. അതില്‍ നിന്ന് അദ്ദേഹം ഒരിക്കലും വ്യതിചലിച്ചില്ല. അദ്ദേഹം അന്ധമായി ഹിന്ദുമതത്തിലെ ബ്രാഹ്മണിക വ്യവസ്ഥയെ പിന്തുണച്ചു. അതാണ് അദ്ദേഹം ശൂദ്രന്മാര്‍ക്കു നല്‍കിയ നിര്‍ഭാഗ്യകരമായ പാരമ്പര്യം.
ഇന്നും ബ്രാഹ്മണന്മാരും ബനിയകളും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഭരണകൂടത്തിലും സമ്പദ്‌വ്യവസ്ഥയിലും അധീശത്വം പുലര്‍ത്തുകയും രാജ്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ എല്ലാ ശ്രേണികളിലും അവര്‍ക്കുള്ള മേല്‍ക്കൈയുടെ വലിയൊരു കാരണം അവര്‍ ശൂദ്രന്മാരെ അടിച്ചമര്‍ത്തുന്ന ഹിന്ദുവ്യവസ്ഥയെ നിയന്ത്രിക്കുന്നു എന്നതാണ്. ശൂദ്രന്മാര്‍ക്ക് അവരുടേതെന്നു കരുതുന്ന മതത്തില്‍ അഭിപ്രായം പറയാനുള്ള യാതൊരു അവകാശമില്ല. പുരോഹിതന്മാരാകാനോ വിശുദ്ധഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനോ അവര്‍ക്ക് അവകാശമില്ല.
തങ്ങളെ അകത്തു കടത്താത്ത വ്യവസ്ഥയില്‍ അല്പം ഇടം കിട്ടുമെന്ന പ്രതീക്ഷയോടെയാണ് പട്ടേലന്മാരും ജാട്ടുകളും ഗുജ്ജാറുകളും മറാത്തകളും മറ്റും സംവരണത്തിനായി മുറവിളി കൂട്ടുന്നത്. അവര്‍ ഇക്കാര്യത്തില്‍ ബിജെപിയെയാണ് ആശ്രയിക്കുന്നത്. ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നതിനു മുമ്പ് അദ്വാനി നടത്തിയ രഥയാത്രയ്ക്കിടയില്‍ പട്ടേലിനെ ‘അഭിനവ’ എന്നു വിശേഷിപ്പിച്ചു. പക്ഷേ, ബിജെപിയുടെ കീഴില്‍ ശൂദ്രന്മാര്‍ കൂടുതല്‍ പാര്‍ശ്വവത്‌രിക്കപ്പെട്ടു. ബനിയകളുടെയും ബ്രാഹ്മണന്മാരുടെയും അധീശത്വം രാജ്യത്തുടനീളം ഇന്നും ദൃശ്യമാണ്.
എല്ലായ്‌പ്പോഴും ബ്രാഹ്മണന്മാര്‍ നയിച്ച ആര്‍ എസ് എസ്, വര്‍ണാശ്രമത്തെ അലോസരപ്പെടുത്താത്തതു കൊണ്ടാണ് പട്ടേലിനെ അംഗീകരിക്കുന്നത്. അദ്ദേഹം ശൂദ്രന്മാര്‍ക്ക് പുരോഹിതനാകണമെന്ന് ആവശ്യപ്പെട്ടില്ല, പൂണൂല്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ടില്ല. എല്ലാ മേഖലകളിലും ബനിയകളുടെയും ബ്രാഹ്മണന്മാരുടെയും അതേ അവകാശങ്ങള്‍ ശൂദ്രന്മാര്‍ക്കും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടില്ല. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ഒരു ബ്രാഹ്മണനാകണമെന്ന് ഗാന്ധി തീരുമാനിച്ചപ്പോള്‍ പട്ടേല്‍ അനുസരണയോടെ കോണ്‍ഗ്രസിന്റെ പ്രസിഡന്റു പദവിയില്‍ നിന്ന് രാജിവെയ്ക്കുകയും അത് നെഹ്രുവിന് കൈമാറുകയും ചെയ്തു.
ഗാന്ധിയും നെഹ്‌റുവും അവരുടെ സ്വന്തം ചരിത്രങ്ങളെഴുതി. ആത്മകഥകള്‍ അവശേഷിപ്പിച്ചു പോകാന്‍ മാത്രം ബുദ്ധിശാലികളായിരുന്നു അവര്‍. പക്ഷേ, പട്ടേല്‍ അതു ചെയ്തില്ല. തന്റെയും കുടുംബത്തിന്റെയും ചരിത്രം എഴുതാന്‍ മാത്രം മൂല്യമുള്ളതല്ലെന്ന് അദ്ദേഹം കരുതിക്കാണും. ഗാന്ധിയും നെഹ്രുവും തങ്ങളുടെ മുഴുവന്‍ കൃതികളും എഴുത്തുകുത്തുകളും ക്രമീകരിച്ച് സൂക്ഷിച്ചു. പട്ടേലാകട്ടെ കത്തുകളെല്ലാം സ്വന്തം കൈ കൊണ്ടെഴുതി. അവയുടെ പ്രതികളൊന്നും തന്നെ അദ്ദേഹം സൂക്ഷിച്ചുവെച്ചില്ല.

ഇന്ന് ഗാന്ധിയും നെഹ്രുവും മഹാന്മാരായ ചിന്തകരായി അറിയപ്പെടുന്നു. അവരുടെ കൃതികള്‍ സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പഠനവിഷയമാണ്. പട്ടേലിന്റെ ജീവിതത്തെക്കുറിച്ചോ ആശയങ്ങളെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ അറിയാന്‍ അദ്ദേഹം എഴുതിയ ഒരു പുസ്തകവുമില്ല. ഇതേക്കുറിച്ചെല്ലാം മറ്റുള്ളവര്‍ എഴുതിയ പുസ്തകങ്ങളില്‍ നിന്നാണ് നാം അറിയുന്നത്. എന്നാല്‍ ഈ മറ്റുള്ളവരില്‍ മിക്കവരും ശൂദ്രരുമല്ല. തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പട്ടേലിന്റെ ചരിത്രമെഴുതാന്‍ ഇപ്പോഴും ബിജെപിക്കും ആര്‍എസ്എസിനും എളുപ്പത്തില്‍ സാധിക്കും.

പട്ടേലിന്റെ ‘സ്വയം മായ്ച്ചു കളയുന്ന’ സ്വഭാവം നിര്‍ഭാഗ്യവശാല്‍ ശൂദ്രന്മാരുടെ തനതു ശീലമാണ്. അവര്‍ക്ക് വാമൊഴി ചരിത്രത്തിന്റെയും കഥ പറച്ചിലിന്റെയും സമ്പന്നമായ പാരമ്പര്യമുണ്ട്. എന്നാല്‍ ശൂദ്രന്മാര്‍ വിദ്യ നേടരുതെന്ന ബ്രാഹ്മണിക നിര്‍ബന്ധബുദ്ധി മൂലം അവര്‍ ഒരിക്കലും എഴുത്തിന്റെ സംസ്‌കാരം വികസിപ്പിച്ചെടുത്തില്ല.

സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ ഒരു ശൂദ്രനേതാവും ആത്മകഥ എഴുതിയിട്ടില്ല. ശൂദ്രന്മാരെ പ്രവൃത്തികളുടെ വിഭാഗമായാണ്,ആശയങ്ങളുടെ വിഭാഗമായല്ല ഹിന്ദുമതം വാര്‍ത്തെടുത്തിരിക്കുന്നത്. ആ ബ്രാഹ്മണിക അധീശത്വത്തിനുള്ളിലാണ് പട്ടേല്‍ പ്രവര്‍ത്തിച്ചത്. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പിന്മുറക്കാരില്‍ നിന്ന് വ്യത്യസ്തമായി പട്ടേലിന്റെ പിന്മുറക്കാരാരും തന്നെ എഴുത്തുകാരോ രാഷ്ട്രീയക്കാരോ ആയില്ല. അദ്ദേഹത്തിന്റെ ഉരുക്കുസ്വഭാവം അദ്ദേഹത്തോടെ തന്നെ അവസാനിച്ചു. അങ്ങിനെത്തന്നെയാണ് അത് വാര്‍ത്തെടുക്കപ്പെട്ടിരുന്നതും.

ഹിന്ദു മഹാസഭയുടെ അടുത്ത മിത്രം എന്ന നിലയില്‍ ആര്‍ എസ് എസ് വളരെ നേരത്തെത്തന്നെ പട്ടേലിന്റെ മേല്‍ അവകാശം ഉന്നയിച്ചു. ശൂദ്രനെന്ന നിലയില്‍ അദ്ദേഹം സാമൂഹികവും രാഷ്ട്രീയവുമായ യാതൊരു പരിഷ്‌കാരവും ആവശ്യപ്പെട്ടില്ല. അങ്ങിനെ അദ്ദേഹം അവരുടെ ആളായി മാറി. പട്ടേലിനെ ഏറ്റെടുത്തെങ്കിലും ആര്‍ എസ് എസ് ഒരിക്കലും ഒരു ശൂദ്രനെ സര്‍സംഘചാലക് ആകാന്‍ അനുവദിച്ചില്ല. രാജേന്ദ്ര സിംഗ് എന്ന ക്ഷത്രിയനെ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ സര്‍സംഘചാലകുമാരും ബ്രാഹ്മണന്മാരാണ്.
തന്റെ തത്വശാസ്ത്രത്തെക്കുറിച്ചും കുടുംബത്തെയും സമുദായത്തെയും പറ്റിയുള്ള ചിന്തകളെക്കുറിച്ചും അവരുടെ നൈതികവും ആത്മീയവുമായ സംസ്‌കാരത്തെക്കുറിച്ചും പട്ടേല്‍ എഴുതിയിരുന്നുവെങ്കില്‍ ശൂദ്രസമുദായം ദേശീയ തത്വചിന്താ, രാഷ്ട്രീയസംവാദവേദിയില്‍ ഇടം നേടുമായിരുന്നു. ഗാന്ധിയും നെഹ്രുവും ആ സേവനം ബനിയകള്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ചെയ്തുകൊടുത്തു. അവര്‍ക്ക് പുതിയത് സൃഷ്ടിക്കേണ്ടി വന്നില്ല, നിലവിലുള്ള ആഖ്യാനങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുകയേ വേണ്ടിവന്നുള്ളൂ എന്നതു സത്യം തന്നെ.

പട്ടേലില്‍ നിന്നു വ്യത്യസ്തമായി അംബേദ്കര്‍ ഹിന്ദുമതത്തിനുള്ളിലെ അസമമായ പദവി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ആത്മീയവും സാമൂഹികവുമായ അടിച്ചമര്‍ത്തലുകളുടെ ആധാരശിലകളെ വെല്ലുവിളിക്കുകയും ചെയ്തു. ശൂദ്രന്മാര്‍ക്കു വേണ്ടി ചെയ്യാന്‍ പട്ടേലിനു കഴിയാതിരുന്നത് അംബേദ്കര്‍ കൂടുതല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് ശൂദ്രന്മാര്‍ക്കു വേണ്ടി ചെയ്തു. അദ്ദേഹം രാഷ്ട്രീയ ചിന്തയും തത്വശാസ്ത്രവും വേദങ്ങളും തര്‍ക്കശാസ്ത്രവും പഠിക്കുകയും സാമൂഹ്യ, ആത്മീയ പരിഷ്‌കരണം ഏറ്റെടുക്കുകയും ചെയ്തു.
പട്ടേല്‍ നിയമം പഠിച്ചു. പക്ഷേ, അദ്ദേഹം തത്വചിന്താസംബന്ധിയായ ചോദ്യങ്ങളില്‍ യാതൊരു താല്പര്യവും കാണിച്ചില്ല. സമൂഹത്തിലെ തന്റെ പദവിയെക്കുറിച്ച് അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആഴത്തില്‍ മനസിലായതുമില്ല. ബ്രിട്ടനിലുള്ളപ്പോള്‍ പട്ടേലിന് അവിടത്തെ വര്‍ണ, ജാതി വെറിയുടെ അടിച്ചമര്‍ത്തല്‍ മനസിലായില്ല. എന്നാല്‍ അംബേദ്കര്‍ക്ക് അമേരിക്കയില്‍ വെച്ചത് മനസിലാകുകയും അദ്ദേഹം കറുത്ത വര്‍ഗക്കാരുടെ പോരാട്ടത്തില്‍ നിന്ന് ഏറെ പാഠങ്ങള്‍ ഉള്‍കൊള്ളുകയും ചെയ്തു. അംബേദ്കര്‍ ജാതിവിരുദ്ധ ബോധമണ്ഡലം വികസിപ്പിച്ചെടുത്തു. ബ്രിട്ടീഷ് വിരുദ്ധതക്കപ്പുറം യാതൊന്നും പട്ടേല്‍ കണ്ടില്ല. ജാതിവിമോചനമില്ലാത്ത സ്വാതന്ത്ര്യം ബ്രിട്ടീഷുകാരില്‍ നിന്ന് ബനിയ, ബ്രാഹ്മണ യജമാനന്മാരിലേക്കുള്ള അധികാരക്കൈമാറ്റം മാത്രമാകുമെന്ന അംബേദ്കറിന്റെ കാഴ്ചപ്പാട് പട്ടേലിന് മനസിലായതേയില്ല.

പട്ടേല്‍ ഗാന്ധിയെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹം തനിക്കു വേണ്ടി ഒരിക്കലും ചിന്തിച്ചില്ല. ഫ്യൂഡല്‍ ജനാധിപത്യത്തിന്റെയും ഗ്രാമസ്വരാജിന്റെയും രാമസ്വരാജിന്റെയും ഗാന്ധിയന്‍ ചട്ടക്കൂടിനപ്പുറം അദ്ദേഹം തന്റെ മനസിനെ ഒരിക്കലും വികസിപ്പിച്ചില്ല. ഗാന്ധിയുടെ മറുവശം അദ്ദേഹം കണ്ടെത്തിയില്ല-ഗ്രാമീണസമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ബിര്‍ളയും ഗോയങ്കയും പോലുള്ള ബനിയവ്യവസായികളില്‍ ഗാന്ധിക്കുണ്ടായിരുന്ന അമിതവിധേയത്വം അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ പാരമ്പര്യം ഇന്നും രാജ്യത്തു കാണാം.

പട്ടേലിന്റെ മനോഭാവം ശൂദ്രന്മാരുടെ അവസ്ഥയെ തന്നെയാണ് പ്രതിഫലിപ്പിച്ചത്; തുല്യമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും വര്‍ണവ്യവസ്ഥയുടെ നടുക്കെവിടെയോ പ്രതിഷ്ഠിക്കപ്പെട്ടവര്‍. എന്നാല്‍ ഏറ്റവും താഴെയുള്ള ദളിതുകള്‍ തങ്ങളെ അടിച്ചമര്‍ത്തുന്ന മേല്‍ജാതിക്കാരെ എതിര്‍ക്കാന്‍ തയാറാണ്. ശൂദ്രന്മാരാകട്ടെ തങ്ങളുടെ മിതമായ അധികാരങ്ങള്‍ ആസ്വദിച്ച് അടങ്ങിയൊതുങ്ങിക്കഴിയുന്നു. അവര്‍ തങ്ങള്‍ക്കു മുകളിലുള്ള ബനിയകളോടും ബ്രാഹ്മണന്മാരോടും ഒരിക്കലും ദേഷ്യപ്പെട്ടില്ല. ദളിതുകളെയാണ് സൂക്ഷിക്കേണ്ടതെന്ന് ബനിയകളും ബ്രാഹ്മണന്മാരും അവരെ പഠിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ഹിന്ദുമതത്തിനുള്ളിലുള്ള അസമമായ പദവിയും അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അനന്തരഫലങ്ങളും ശൂദ്രന്മാര്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല.

ബൗദ്ധികമായ നേട്ടങ്ങളുണ്ടാക്കാനുള്ള പട്ടേലിന്റെ പരാജയം അദ്ദേഹത്തിന്റെ ചരിത്രത്തിനും അധികാരത്തിനും തടസ്സമായി. അതുതന്നെയാണ് ശൂദ്രന്മാരുടെ ചരിത്രത്തിനും അധികാരത്തിനും തടസ്സമായത്. പട്ടേലിന് തന്റേതായ സാമൂഹിക,രാഷ്ട്രീയ ആശയങ്ങള്‍ ഇല്ല. അദ്ദേഹം ശൂദ്രന്മാരെ പ്രതിനിധീകരിച്ചത് പ്രതിനിധീകരണ സ്വഭാവമുള്ള പ്രത്യയശാസ്ത്രമില്ലാതെയാണ്. ശാക്തീകരണത്തിലേക്ക് വഴികാണിക്കുന്ന ആദര്‍ശമോ പ്രത്യയശാസ്ത്രമോ അദ്ദേഹം ശൂദ്രന്മാര്‍ക്ക് നല്‍കിയില്ല. ഇന്നും അതേ പ്രത്യയശാസ്ത്രവിടവാണ് ശൂദ്രന്മാര്‍ അഭിമുഖീകരിക്കുന്നത്. പട്ടേലിന്റെ പ്രതിമ, അതെത്ര വലുതായാലും, ആ വിടവ് നികത്താന്‍ പോകുന്നില്ല.

ആര്‍എസ് എസിന്റെ സര്‍സംഘചാലകും ബ്രാഹ്മണനുമായ മോഹന്‍ ഭഗവതില്‍ നിന്ന് ആജ്ഞകള്‍ സ്വീകരിക്കുന്ന ബനിയയായ മോഡി, സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഈ ബനിയ-ബ്രാഹ്മണ ഭരണം രാജ്യത്തിനും ശൂദ്രന്മാര്‍ക്കും പ്രതിമയില്‍ കവിഞ്ഞ എന്താണു നല്‍കുകയെന്ന് കാത്തിരുന്നുകാണാം.

(പട്ടേല്‍ പ്രതിമ അനാഛാദനം ചെയ്യപ്പെടുന്നതിന് മുമ്പെഴുതിയ ലേഖനം).
കാഞ്ച ഇളയ്യ

You must be logged in to post a comment Login