ആരാണ് മഹാന്മാരായ എഴുത്തുകാര്‍?

ആരാണ് മഹാന്മാരായ എഴുത്തുകാര്‍?

പുണ്യനബിയുടെ(സ) മഹത്വവും ഔന്നത്യവും പോലെ തന്നെ നബി ചരിത്ര പഠനങ്ങള്‍ക്കും ഔന്നത്യം കാണാനാവും. നബിയെ(സ) രേഖപ്പെടുത്താനുള്ള പ്രയത്‌നം നബിയുടെ(സ) കാലഘട്ടത്തില്‍ തന്നെ തുടക്കം കുറിച്ച ഒരു മഹാ പ്രസ്ഥാനമാണ്. ഹദീസ് രേഖപ്പെടുത്തുന്ന പതിവ് അന്നുണ്ടല്ലോ. നബി വചനങ്ങള്‍ മാത്രമല്ലല്ലോ ഹദീസുകള്‍; നബിയുടെ(സ) ജീവിതത്തിലെ വിവിധങ്ങളായ സന്ദര്‍ഭങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ്, ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിലെ മൂല പ്രമാണമായ, കടലുപോലെ പരന്നുകിടക്കുന്ന ഹദീസുകളെ നമുക്ക് കാണാന്‍ കഴിയുക. പുണ്യനബിയെ(സ) പഠിച്ച് പകര്‍ത്തുക എന്നതാണ് അന്നുമിന്നും പ്രവാചക സ്‌നേഹികളുടെ ഏറ്റവും വലിയ തിടുക്കവും തേട്ടവും. മാനവരാശിക്ക് അതുല്യനായ മാര്‍ഗദര്‍ശിയും മാര്‍ഗദര്‍ശിയുടെ മാതൃകാ ജീവിതവുമാണ് പുണ്യനബിയും(സ) അവിടുത്തെ ജീവിതവും.

ഓരോ അണുവിലും ആ മഹദ്ജീവിതത്തെ എത്രകണ്ട് പിന്‍പറ്റാം എന്നു മത്സരിക്കുകയായിരുന്നു പ്രിയപ്പെട്ട ശിഷ്യന്മാര്‍. നബിയുടെ(സ) ചരിത്ര പഠനത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ അവസ്ഥാവിശേഷവും എടുത്തുപറയേണ്ടതാണ്. ആയിരത്തി അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിട്ടുള്ള ആ ജീവിതം പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടു എന്നത് നബി ചരിത്ര മേഖലക്കും ആ മേഖലയില്‍ പ്രവര്‍ത്തിച്ച മഹത്തുക്കള്‍ക്കും ലഭ്യമായ ഏറ്റവും വലിയ ഭാഗ്യം. ലോക ചരിത്രത്തില്‍ അതൊരു അസാധാരണ പ്രക്രിയയാണ്. ആധുനിക കാലത്തെ സര്‍വ വാര്‍ത്താവിനിമയ ഉപാധികളും വിവര സാങ്കേതിക വിദ്യയും നിലനില്‍ക്കേ ഈ അടുത്തായി കഴിഞ്ഞുപോയ നേതാക്കളുടെ ജീവിതം പോലും സൂക്ഷ്മമായി രേഖപ്പെട്ടിട്ടില്ലെന്നതാണ് സത്യം.
രഹസ്യം- പരസ്യം, പൊതുകാര്യം- സ്വകാര്യം എന്നില്ലാതെ പുണ്യനബിയുടെ ജീവിതം നമുക്കുമുന്നില്‍ ഇന്നുണ്ട്. നബിയുടെ(സ) വ്യക്തി ജീവിതത്തിലേക്ക് കടന്നാല്‍ അത് രേഖപ്പെടുത്തി വയ്ക്കുന്നതില്‍ അവിടുത്തെ സഹധര്‍മിണിമാര്‍ വരെ പങ്കാളികളായി എന്നതാണ് സത്യം. ഏറ്റവും കൂടുതല്‍ ഹദീസ് രിവായത്ത് ചെയ്ത പത്ത് പ്രമുഖരില്‍ ഒരാള്‍ നബിയുടെ(സ) പത്‌നി സയ്യിദത് ആഇശയാണ്(റ). ഇത്രയധികം വിശാലവും ഇന്നും തുടരുന്നതുമായ നബിചരിത്ര മേഖലയെ പുണ്യനബിയുടെ(സ) ഒരു മുഅ്ജിസത്തായി(അസാധാരണ അനുഭവം) തന്നെ നമുക്ക് എണ്ണാം. പുണ്യനബിയുടെ(സ) ജീവിതകാലത്ത് തുടങ്ങിയ ആ പ്രക്രിയ ഇന്നും ധന്യമായി, സജീവമായി, പ്രൗഢമായി, അനുസ്യൂതം, അഭംഗുരം അതങ്ങനെ എല്ലാ ഭാഷകളിലും എല്ലാ ദേശങ്ങളിലുമായി തുടരുകയാണ്.

ചരിത്രകാരന്മാരാണ് സാധാരണ ചരിത്രമെഴുതാറുള്ളത്. എന്നാല്‍ ശാസ്ത്രജ്ഞര്‍, രാഷ്ട്രീയക്കാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി മതപണ്ഡിതരല്ലാത്ത പലരും പല വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണകോണില്‍ നിന്നുകൊണ്ട് പുണ്യനബിയെ വിവരിച്ചിട്ടുണ്ട്. പലമതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരു മതങ്ങളിലും വിശ്വസിക്കാത്തവരും ഈ മഹത്തായ, വിശുദ്ധമായ ജീവിതത്താല്‍ വശീകരിക്കപ്പെടുന്നു. അവര്‍ തിരുദൂതരെ കുറിച്ചെഴുതാന്‍ പേനയെടുക്കുന്നു, അവര്‍ക്ക് എഴുതാതിരിക്കാന്‍ സാധിക്കുന്നില്ല എന്നത് ഒരത്ഭുതം. മറ്റൊരത്ഭുതം, അതികഠിനാമായി വിമര്‍ശിക്കപ്പെടുമ്പോഴും അതിലേറെ വിപുലമായ പഠനത്തിനു വിധേയമാക്കപ്പെടുന്നു എന്നതാണ്. സത്യമായ, വിജയിക്കുന്ന, ഗൗരവമേറിയ എന്തിനും ഇങ്ങനെ രണ്ട് വശങ്ങള്‍ വരും. അവ നിരൂപിക്കപ്പെടും, വിമര്‍ശിക്കപ്പെടും, പഠനവിശകലനങ്ങള്‍ക്ക് വിധേയമാവും. അത്രയും ഗൗരവമായ പഠനങ്ങള്‍ക്ക് ഇസ്‌ലാം വിധേയമാക്കപ്പെടുമ്പോള്‍ ആ കൂട്ടത്തില്‍ ചിലരൊക്കെ ഇന്നും നബിചരിതം വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അതിനെയൊക്കെ ഒഴുക്കിക്കളയുന്ന വലിയൊരു വിശുദ്ധിയുടെ പ്രവാഹമായി നബിചരിത്ര പഠനങ്ങള്‍ ഉണ്ടാകുന്നു എന്നതാണ് സത്യം.

ദൂഷ്യ ചിന്തയോടെ ചിലര്‍ ഒരു നബിവിമര്‍ശനം നടത്തുമ്പോള്‍ അതിനെയെല്ലാം തുടച്ചുമാറ്റുന്ന രൂപത്തില്‍ അനേകം നബിപഠനങ്ങള്‍ പുറത്തുവരുന്നു. സത്യസന്ധമായ ജീവിത ചരിത്രമായി, അനുദിനം വികസിക്കുന്ന പ്രവാചക ചരിത്രശാഖ ലോകത്ത് ഏറ്റവും വലിയ വൈജ്ഞാനിക മേഖലയായി വളരുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അറബി ഭാഷയില്‍ സീറ എന്നു പറഞ്ഞാല്‍ ചരിത്രം എന്നേ അര്‍ത്ഥമുള്ളൂ എന്ന് നമുക്കൊക്കെ അറിയാം. പക്ഷേ ഇന്ന് സീറ എന്ന് അറബിയില്‍ പറഞ്ഞാല്‍ അത് സീറതുറസൂല്‍, സീറതുന്നബി എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. സീറ എന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതുകൊണ്ടുദ്ദേശിക്കുന്നത് നബിചരിത്രമാണ് എന്ന് പറയാന്‍ സാധിക്കുമാറ് ആശയവും അര്‍ത്ഥവും ആ വാക്കില്‍ അടങ്ങി എന്നത് ഇന്ന് നമുക്ക് കാണാനാവും. മദീന എന്നുപറഞ്ഞാല്‍ തന്നെ അത് മദീനതുന്നബി ആണെന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന പോലെ സീറയും അറിയപ്പെടുന്ന രീതിയിലേക്ക് ആ വിജ്ഞാന ശാഖ വളര്‍ന്നു.

വളരെ കൗതുകകരമായ ഗ്രന്ഥങ്ങള്‍ സീറകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്, വിവിധ ഭാഷകളില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അതില്‍ ഒന്നിനെ കുറിച്ച് എഴുതണമെന്ന് വളരെ പ്രയാസപ്പെട്ട കാര്യമാണ്. ഒന്നിനൊന്ന് മികവുറ്റ ഇമ്പമാര്‍ന്ന ഗ്രന്ഥങ്ങള്‍ എത്രയാണ്? ഓരോന്നിനും അതിന്റേതായ പ്രത്യേകതയും ഗുണവിശേഷണങ്ങളും. എന്റെ ലൈബ്രറിയുടെ ഉള്ളടക്കവും അലങ്കാരവും ആശയഗാംഭീര്യവും അഴകും സൗന്ദര്യവും അതിന്റെ പുണ്യവും എല്ലാം പുണ്യനബിയുടെ സീറാ ഗ്രന്ഥങ്ങളാണ്. വിശുദ്ധ ഖുര്‍ആന്റെ തഫ്‌സീറുകള്‍ കഴിഞ്ഞാല്‍ വലിയ ഷെല്‍ഫുകളില്‍ നിരവധി സീറാ ഗ്രന്ഥങ്ങള്‍, അറബി, ഉറുദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായി എന്റെ ലൈബ്രറിയിലുണ്ട്. വളരെ പ്രമുഖരായ, പ്രശസ്തരായ മഹത്തുക്കളുടെ ഗ്രന്ഥങ്ങള്‍ മുതല്‍ ആധുനികരായ നമ്മുടെ കാലഘട്ടത്തിലെ പുതിയ എഴുത്തുകാരുടേത് വരെ അതിലുണ്ട്. ഓരോന്നിനും ഓരോ പ്രത്യേകതകളുണ്ട്. ചിലത് ചരിത്രം മാത്രം പറഞ്ഞുപോവുന്നു. ചിലത് മഹബ്ബത്തിനും സ്‌നേഹത്തിനും മദ്ഹിനും ഊന്നല്‍ നല്‍കുന്നു. ഇവയില്‍ പലതും വായിക്കാനിരുന്നാല്‍ നമ്മുടെ കണ്ണുനീര്‍ നാമറിയാതെ ഒഴുകി ആ പുസ്തകത്തില്‍ തന്നെ ഇറ്റിവീഴും. അത്രയും വൈകാരികമായി ആത്മീയോത്കര്‍ഷം നല്‍കുന്ന വായന മറ്റേത് ഗ്രന്ഥങ്ങള്‍ക്കാണ് സമ്മാനിക്കാനാവുക!

‘ഒരു നബി ചരിത്രപുസ്തകം വായിച്ച് തീര്‍ന്നപ്പോള്‍ അതിന്റെ പേജുകള്‍ തീര്‍ന്നുപോയല്ലോ എന്ന് സങ്കടപ്പെട്ട് ഞാന്‍ കരഞ്ഞുപോയി’ എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടല്ലോ. ഇതാണ് പുണ്യനബിയുടെ(സ) സ്‌നേഹപരത. നബി(സ) അടിമുടി സ്‌നേഹമാണ്. അടിമുടി പവിത്രവും വിശുദ്ധവുമാണ്. ലോകത്തിന് ലഭിച്ച വലിയ മാര്‍ഗദര്‍ശിയും വിമോചകനും പ്രവാചകനും എല്ലാമാണ്. ആ ജീവചരിത്രങ്ങള്‍ക്ക് അതിന്റെതായ ജീവനുണ്ട്. വിചാരമണ്ഡലത്തെ മാത്രമല്ല ഈ ഗ്രന്ഥങ്ങള്‍ സ്വാധീനിക്കുന്നത്. വായനക്കാരുടെ വികാര പ്രപഞ്ചത്തെ അഗാധമായി സ്പര്‍ശിക്കുന്നു എന്നതാണ് നബി ചരിത്ര ഗ്രന്ഥങ്ങളുടെ പ്രത്യേകത. ആ അര്‍ത്ഥത്തില്‍ നബി ചരിത്രങ്ങള്‍ എഴുതിയ ഗ്രന്ഥകാരന്മാര്‍ വലിയ പുണ്യം ചെയ്തവരാണ്. അവര്‍ വലിയ ഭാഗ്യവാന്മാരാണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം അവരെഴുതിയത് മനുഷ്യര്‍ വായിക്കുമ്പോള്‍ വളരെയേറെ അകം ഉണര്‍ന്ന്, ഉള്ളുണര്‍ന്ന് പുതിയൊരവസ്ഥയിലേക്ക് മാറുകയാണ്. അതും ഒരു പക്ഷേ പുണ്യനബിയുടെ(സ) അമാനുഷികതയുടെ ഭാഗം തന്നെയാണ്. സീറാ ഗ്രന്ഥങ്ങളുടെ ഹൃദയാലുത്തം, ഹൃദയസ്പര്‍ശിത്വം വളരെ എടുത്തുപറയേണ്ടതാണ്.
പഴയ കാലത്തെ സീറാ ഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ അതിന് അതിന്റെതായ ചില രീതികള്‍ കാണാം. പുതിയ കാല രചനകളില്‍ അറബി ഭാഷയിലൊക്കെയുണ്ടായ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതായി കാണാം. ആദ്യകാല രചനകളില്‍ നബിയുടെ(സ) യുദ്ധ അനുഭവങ്ങള്‍ കൂടുതലായി കടന്നുവരുന്നതിന് കാരണം ഉമവിയ്യ, അബ്ബാസിയ്യ കാലത്തെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് അറിയാനും രാജ്യത്തിനുവേണ്ടി രംഗത്തിറങ്ങുന്നതിനും രാജ്യത്തിനെതിരെ പ്രശ്‌നമുണ്ടാവുമ്പോള്‍ അതിനെ അതിജയിക്കുന്നതിനും വേണ്ടിയായിരുന്നു. ആ കാലത്തെ രചനകളില്‍ യുദ്ധങ്ങള്‍ക്ക്, യുദ്ധ പശ്ചാതലങ്ങള്‍ക്ക് പ്രാധാന്യമുണ്ടായത് ഇക്കാരണത്താലാണ്. അതല്ലാതെ യുദ്ധത്തിന് നബി ജീവിതത്തില്‍ പ്രാധാന്യമേറിയതിനാലല്ല. പില്‍കാലത്ത് നബിയുടെ(സ) കാരുണ്യവും സ്‌നേഹവും പ്രപഞ്ച വീക്ഷണവും പ്രകൃതിയോടും സഹജീവികളോടും ഉള്ള ബന്ധവും രാജ്യാന്തര ബന്ധങ്ങളും എല്ലാം പ്രമേയമാകുന്ന ഒട്ടേറെ രചനകള്‍ പുറത്തുവന്നു. അതെല്ലാം അനുദിനം പുതിയ പുതിയ ഉപവിഷയത്തിലേക്ക്, ശാഖോപശാഖകളായി വികസിക്കുകയാണ്.

സ്‌നേഹം മാത്രം പ്രമേയമാകുന്ന ഖാളി ഇയാളിന്റെ ‘അശ്ശിഫ’ തുടങ്ങിയ ഗ്രന്ഥങ്ങളും പുണ്യനബിയുടെ(സ) വിശേഷണങ്ങളും സ്ഥാനങ്ങളും സ്വഭാവ മഹിമയും വിശദീകരിക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങളുമുണ്ട്. ഇതില്‍നിന്നെല്ലാം ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് ‘രിസാല’യില്‍നിന്ന് ആവശ്യപ്പെട്ട സമയത്തേ ചിന്തിച്ചുതുടങ്ങിയെങ്കിലും ഞാന്‍ ശരിക്കും കുഴങ്ങി. ഒരു കിതാബെടുത്താല്‍ മറ്റ് കിതാബുകള്‍ പിണങ്ങുമോ എന്ന പേടി. ഒടുവില്‍ ഇബ്‌നുല്‍ഖയ്യിമുല്‍ ജൗസിയുടെ ‘സാദുല്‍മആദ്’ എന്ന കൃതിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. പുണ്യനബിയുടെ(സ) ജീവിതം ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത് നബിചര്യക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. അതൊരു അസാധാരണത്വമാര്‍ന്ന രചനാ ശൈലിയാണ്. നബിയുടെ(സ) ജനനം മുതല്‍ വിയോഗം വരെയുള്ള സംഭവങ്ങള്‍ വിവരിച്ചുകൊണ്ടല്ല ഇതില്‍ അവിടുത്തെ ജീവിതം പറഞ്ഞുകൊണ്ടുപോവുന്നത്. അത് നബിയുടെ(സ) ചര്യകള്‍ക്ക് പ്രാധാന്യം നല്‍കി അവിടുത്തെ പിന്‍പറ്റാന്‍, അനുധാവനം ചെയ്യാന്‍ വായനക്കാരെ പ്രേരിപ്പിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയുമാണ്. അതായത് ‘സാദുല്‍മആദ് ഫീ ഹദ്‌യി ഖൈരില്‍ ഇബാദ്’ എന്ന ഈ പുസ്തകത്തിന്റെ നാമം തന്നെ വിശ്വാസത്തിന്റെ, കര്‍മത്തിന്റെ, ആത്മീയതയുടെ പാതയില്‍ സഞ്ചരിക്കുന്ന സഞ്ചാരിക്ക് കൂടെ കൊണ്ടുനടക്കാന്‍ സാധിക്കുന്ന പാഥേയത്തെയാണ് സൂചിപ്പിക്കുന്നത്.

വിശ്വാസിയുടെ ജീവിതത്തില്‍ വേണ്ട സര്‍വതിനും തിരുനബിയുടെ(സ) ജീവിതത്തില്‍ നിന്ന് മാതൃക സ്വീകരിക്കാനാവും. തിരുനബി(സ) അംഗശുദ്ധി വരുത്തിയതും മറ്റ് ആരാധനാ കര്‍മങ്ങളും അവിടുത്തെ ഇടപാടുകളും പൊതുജന സമ്പര്‍ക്കങ്ങളും വ്യവഹാരങ്ങളും എല്ലാം നമുക്ക് ഇതില്‍നിന്ന് നേരിട്ട് അനുഭവിക്കാനാകും. ഈ ഗ്രന്ഥം വായിച്ചുതീരുമ്പോഴേക്ക് അവിടുത്തെ ജീവിതരീതികളെ പൂര്‍ണമായി മനസിലാക്കാന്‍ നമുക്ക് സാധിച്ചേക്കും.
ഇബ്‌നുല്‍ഖയ്യൂമുല്‍ ജൗസി ഈ ഗ്രന്ഥമെഴുതുന്നത് യാത്രയിലാണ് എന്നാണ് എന്റെ അറിവ്. യാത്രയില്‍ ഒരു ഗ്രന്ഥമെഴുതുക വളരെ പ്രയാസമുള്ള കാര്യമാണ്. എന്നിട്ടും ലോകത്തെ വിവിധ നബി ചരിത്ര ഗ്രന്ഥങ്ങളിലും ഹദീസിലും ഖുര്‍ആനിലും ഉള്ള ഗ്രന്ഥകാരന്റെ അഗാധജ്ഞാനവും അവ ഈ രചനയില്‍ പ്രതിഫലിപ്പിക്കാനുള്ള കഴിവും നമ്മെ അത്ഭുതപ്പെടുത്തുന്നു. സഞ്ചാരിയായ ഒരാള്‍ യാത്രാ മധ്യേ ഇത്രയും കനപ്പെട്ട ഗ്രന്ഥം രചിച്ചു എന്നത് ആരെയാണ് അതിശയിപ്പിക്കാതിരിക്കുക.

ഞാനൊരിക്കല്‍ നബിയുടെ(സ) ഹജ്ജിനെക്കുറിച്ച് കോട്ടക്കല്‍ വെച്ച് ഒരു പഠന സംഗമം നടത്തിയിരുന്നു. നബിയുടെ(സ) ഹജ്ജിനെക്കുറിച്ച് എനിക്ക് വിശദമായ അറിവ് ഉണ്ടാവേണ്ടതുണ്ടായിരുന്നു. ഹജ്ജിന്റെ യാത്ര മുതല്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്ത് അവസാനിക്കുന്നത് വരെ തിരുനബി(സ) എപ്രകാരമാണ് ചെയ്തത് എന്ന് വിശദമായി ലഭിക്കേണ്ടതുണ്ടായിരുന്നു. ചരിത്രഗ്രന്ഥങ്ങളില്‍ ഇതത്ര സൂക്ഷ്മമായി പറയണമെന്നില്ലല്ലോ. എന്നാല്‍ ‘സാദുല്‍മആദി’ല്‍ തിരുനബിയുടെ ഹജ്ജിലെ ഓരോ കാര്യങ്ങളും സൂക്ഷ്മമായി, വസ്തുതാപരമായി രേഖപ്പെടുത്തിയതായി കാണാം. എവിടുന്ന് പുറപ്പെട്ടു, ഏത് ഒട്ടകത്തില്‍ കയറി, എവ്വിധം കാര്യങ്ങള്‍ ചെയ്തു തുടങ്ങിയവയൊക്കെ അതില്‍ വിശദമായി പറയുന്നു. നബി ചര്യയിലൂടെ നബി ചരിതം പറയുന്ന സാദുല്‍ മആദ് അന്ന് തിരുനബിയുടെ ഹജ്ജ് പരിചയപ്പെടുത്തുന്ന ആ വേളയില്‍ എനിക്ക് വലിയ ഉപകാരം ചെയ്തു. അതിങ്ങനെ പാരായണം ചെയ്യുമ്പോള്‍ നമ്മുടെ ഖല്‍ബ് തീര്‍ത്തും വൈകാരികമായി മിടിച്ചുപോവും. നമ്മുടെ മുന്നിലൂടെ നബി(സ) ഹജ്ജിന് പോകുന്ന രംഗം മനസില്‍ വരും. അത് വായിച്ച് തീരുന്ന വരെ അത് അവതരിപ്പിച്ച് തീരുന്ന വരെ, എനിക്ക് കണ്ണീര്‍ നിന്നിട്ടില്ല. മണിക്കൂറോളം തിരുനബിയുടെ(സ) ഹജ്ജ് അവതരിപ്പിക്കുമ്പോള്‍ എന്തെന്നില്ലാത്ത വൈകാരികമായ അനുഭൂതിയും ഉണര്‍വും ഞാനനുഭവിച്ചിരുന്നു.

നബിയുടെ(സ) ഹജ്ജ് വിവരിക്കുമ്പോള്‍ ലോക പണ്ഡിതന്മാരില്‍ മിക്ക പേരും സാദുല്‍ മആദില്‍ നിന്ന് ഉദ്ധരിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതൊന്നു മാത്രമല്ല; തിരുനബിയെ(സ) കുറിച്ചുള്ള അനേകം ഗ്രന്ഥങ്ങള്‍ പ്രിയപ്പെട്ടതായിട്ടുണ്ട്. നബിയോടുള്ള(സ) സ്‌നേഹത്തെക്കുറിച്ചുള്ള ഗ്രന്ഥമാണെങ്കില്‍, തിരുനബിയുടെ അമാനുഷികതയെക്കുറിച്ചുള്ള ഗ്രന്ഥമാണെങ്കില്‍, മനുഷ്യരാശിയോടുള്ള കാരുണ്യത്തെക്കുറിച്ചുള്ള ഗ്രന്ഥമാണെങ്കില്‍ എല്ലാം എനിക്ക് മറ്റു ഗ്രന്ഥങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. ഈ പ്രവാചക ചരിത്രം എഴുതിയ മഹത്തുക്കളുടെ പൊരുത്തം നേടി അവരുടെ പിന്നില്‍ നമുക്ക് നില്‍ക്കാം. അവരാണ് നമുക്കിതൊക്കെ നല്‍കിയത്. ഈ ലോകത്തെ എഴുത്തുകാരില്‍ ഏറ്റവും ഭാഗ്യമുള്ള എഴുത്തുകാര്‍ നബിചരിത്രം എഴുതുന്നവരാണെന്ന് തീര്‍ച്ച. സ്വല്ലല്ലാഹു അലൈഹിവസല്ലം.

എം പി അബ്ദുസ്സമദ് സമദാനി

You must be logged in to post a comment Login