ശൈഖ് രിഫാഈ ആധ്യാത്മികതയുടെ ജ്ഞാനപ്രഭാവം

ശൈഖ് രിഫാഈ ആധ്യാത്മികതയുടെ ജ്ഞാനപ്രഭാവം

ഇറാഖിലെ ബത്വാഇഹിലെ ഹസന്‍ എന്ന ഉള്‍പ്രദേശമാണ് ഇമാം രിഫാഈയുടെ ജന്മനാട്. പണ്ഡിതനും ഖ്വാരിഉമായിരുന്ന അബുല്‍ഹസന്‍ അലിയുടെയും(റ) പത്‌നി ഉമ്മുല്‍ ഹസന്‍ ഫാത്തിമ അന്‍സ്വാരിയ്യയുടെയും മകന്‍. ഹിജ്‌റ വര്‍ഷം 512 അബ്ബാസിയ്യ കാലത്തായിരുന്നു അത്. മാതൃസഹോദരനായ ശൈഖ് മന്‍സൂര്‍ ബത്വാഇഹിയുടെ ബന്ധുവും ഉസ്താദുമായിരുന്ന അബൂമുഹമ്മദ് ശംബകി(റ) ഒരിക്കല്‍ തന്റെ മജ്‌ലിസില്‍ തബറുകിന്റെ വെള്ളം വിതരണം ചെയ്തുകൊണ്ടിരിക്കെ ഫാത്തിമ അന്‍സാരിയ്യയെ കണ്ട് എഴുന്നേറ്റ് നിന്ന് ആദരിച്ചു. ശൈഖ് രിഫാഈയുടെ ഉമ്മയെന്ന കാരണത്താലാണ് ഉസ്താദ് ശംബകി മഹതിയോട് ആദരവ് പ്രകടിപ്പിച്ചത്. ഇടത് കൈ കൊണ്ട് ഗുഹ്യം മറച്ചുപിടിച്ചിരുന്നത്രെ ശൈഖ് പിറന്നുവീണത്. ആ കൈ വേര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഏഴാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. തുടര്‍ന്ന് മാതൃസഹോദരന്‍ മന്‍സൂര്‍ ബത്വാഇഹിന്റെ സംരക്ഷണത്തില്‍ വളരുകയും പ്രാഥമിക അറിവുകള്‍ നേടുകയും ചെയ്തു.
ശൈഖ് മന്‍സൂര്‍ ബത്വാഇഹിന്റെ സംരക്ഷണത്തില്‍ വളരുന്ന കാലത്ത് തന്നെ ശൈഖ് അബുല്‍ഫ്‌ളല്‍ അലിയ്യുല്‍ വാസിത്വിയില്‍നിന്നും പിതൃവ്യന്‍ അബൂബക്കര്‍ അല്‍വാസ്വിതിയില്‍നിന്നും അബ്ദുല്‍മാലിക് ഖര്‍ബൂനിയില്‍നിന്നും അറിവുനേടി. ഭൗതികമായ കാര്യങ്ങളില്‍ നിന്ന് മനസിനെയും മസ്തിഷ്‌കത്തെയും പൂര്‍ണമായി അടര്‍ത്തിയെടുത്തു. ജീവിതത്തെ സ്രഷ്ടാവിന്റെ ചിന്തയില്‍ തളച്ചിടുകയും തസവ്വുഫിന്റെ സോപാനങ്ങള്‍ കയറുകയും ചെയ്തു. ശൈഖ് രിഫാഈയുടെ പ്രധാന ഗുരു ശൈഖ് അലിയ്യുല്‍ വാസിത്വി ഇരുപതാം വയസില്‍ തന്നെ ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും എല്ലാ വിജ്ഞാന ശാഖകളിലും ശിഷ്യന് ഇജാസത്ത് നല്‍കി ആത്മീയ പട്ടം(ഖിര്‍ഖ) ധരിപ്പിച്ച് ആദരിച്ചു. പന്ത്രണ്ട് വര്‍ഷക്കാലം ഖിള്‌റിന്റെ(അ) വിജ്ഞാന സദസില്‍ അംഗമായി. അഗാധമായ അറിവന്വേഷണത്തിന്റെയും ബോധോദയത്തിന്റെയും ആഴക്കടലില്‍ ഊളിയിട്ടു. വര്‍ഷത്തിലൊരിക്കല്‍ ആത്മീയഗുരു ശൈഖ് ഖര്‍ത്വൂബിയെ(റ) സന്ദര്‍ശിക്കുകയും ഉപദേശം തേടുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഖുര്‍തൂബി ശൈഖ് രിഫാഈ തങ്ങളെ വാത്സല്യത്തോടെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ‘മോനേ, അഹ്മദ്… നീ ശ്രദ്ധയോടെ കേള്‍ക്കണം. തിരിഞ്ഞുനോക്കുന്നവന്‍ ലക്ഷ്യപ്രാപ്തി നേടിയിട്ടില്ല. സംശയാലു വിജയം പുല്‍കിയിട്ടുമില്ല. സമയനഷ്ടത്തെക്കുറിച്ച് അജ്ഞനായവന്റെ പൂര്‍ണ സമയവും നഷ്ടമത്രേ… മോനേ… ബുദ്ധിമാന് വിവരക്കേടും, വൈദ്യന് രോഗവും സ്‌നേഹിതന് പിണക്കവും എത്രമേല്‍ മോശമാണ്.’ ആത്മീയ ഔന്നത്യത്തില്‍ തന്നെക്കാള്‍ മുന്നിലെത്തിയ ശിഷ്യനെ ആ ഗുരു ബഹുമാനിച്ചു.

ഹിജ്‌റ 539ല്‍ മന്‍സൂര്‍ ബത്വാഇഹ് രിഫാഈ ശൈഖിനെ ഉമ്മു അബീദയിലേക്ക് വിളിക്കുകയും ഖിലാഫത്ത് ഏല്‍പിച്ച് നല്‍കുകയും ചെയ്തു. വിജ്ഞാനത്തോടുള്ള അടങ്ങാത്ത ദാഹം കാരണം ജനങ്ങളില്‍ നിന്നകന്നുനില്‍ക്കെ തിരുനബി സര്‍വ അറിവുകളും നല്‍കി സമൂഹമധ്യത്തിലേക്കിറക്കി. പണ്ഡിത- പാമര വ്യത്യാസമില്ലാതെ എല്ലാവരെയും പരിഗണിച്ചു. ഭരണാധികാരികളടക്കം അവിടുത്തെ സന്നിധിയില്‍ ഉപദേശം തേടിയെത്തി. അവിടുന്ന് സ്രഷ്ടാവിന്റെ ഉണ്മയെ അറിയുന്നതില്‍ സദാവ്യാപൃതനാവുകയും അവന്റെ മാര്‍ഗത്തില്‍ സ്വത്വത്തെയും സമഷ്ടിയെയും സമര്‍പ്പിക്കുകയും ചെയ്തു.

ശൈഖ് രിഫാഈയുടെ ജീവിതം തിരുസുന്നത്തിന്റെ സൂക്ഷ്മമായ പിന്തുടരലായിരുന്നു. ശൈഖ് മകിയ്യുല്‍ വാസ്വിത്വി പറയുന്നു: ‘ശൈഖ് രിഫാഈയുടെ കൂടെ ഞാന്‍ ഒരു രാത്രി പൂര്‍ണമായി താമസിച്ചു. തിരുനബിയുടെ സുന്നത്തുകളില്‍നിന്ന് നാല്‍പതോളം ആ ഒരൊറ്റ രാത്രിയില്‍ ഞാന്‍ ശൈഖില്‍ നിന്ന് മനസിലാക്കി.’

മനുഷ്യേതര ജീവജാലങ്ങളോട് പോലും ശൈഖ് കരുണയില്‍ വര്‍ത്തിച്ചു. സര്‍വ ജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ ഇടപെടല്‍ അല്ലാഹുവിന്റെ കോടതിയില്‍ ചോദ്യഹേതു തന്നെ. ഒരിക്കല്‍ ഗ്രാമത്തില്‍ കഠിനമായ രോഗത്താല്‍ ശരീരം മുഴുവന്‍ വ്രണം പൊട്ടിയലിക്കുന്ന ഒരു നായയെ കണ്ടു. അസഹ്യമായ ദുര്‍ഗന്ധം മൂലം നായയെ നാട്ടുകാര്‍ ആട്ടിപ്പായിച്ചു. ഇതറിഞ്ഞ ശൈഖ് വല്ലാതെ വേദനിച്ചു. അദ്ദേഹം നായയെ അടുത്തുള്ള പ്രദേശത്ത് കൊണ്ടുപോയി ഒരു കൂടാരം നിര്‍മിച്ച് അവിടെ താമസിപ്പിച്ചു. ദിവസവും ഭക്ഷണവും മരുന്നും നല്‍കി നായയെ ശുശ്രൂഷിച്ചു. നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം നായ പൂര്‍ണ ആരോഗ്യം പ്രാപിക്കുകയും അതിനെ പഴയ സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്തു. ഒരു നായയെ ഇത്രമേല്‍ ശുശ്രൂഷിക്കേണ്ടതുണ്ടോ? എന്ന് അത്ഭുതം കൂറിയ നാട്ടുകാരോട് ശൈഖ് പറഞ്ഞു: ‘നാളെ, പാരത്രിക ലോകത്ത് ദൈവസമക്ഷത്തില്‍ ഈ നായ കാരണം ചോദ്യം ചെയ്യപ്പെടലിനെ ഞാന്‍ ഭയക്കുന്നു.’

സമൂഹത്തില്‍നിന്ന് അരികുവത്കരിക്കപ്പെട്ടിരുന്ന വെള്ളപ്പാണ്ട്, കുഷ്ഠ രോഗികളെയും ശുശ്രൂഷിക്കുന്നതിനും അവര്‍ക്ക് ഖിദ്മത് ചെയ്യുന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും ശൈഖ് നേരം കണ്ടെത്തി. അവിടുന്ന് പറയുമായിരുന്നു: ‘ഇത്തരത്തില്‍ സമൂഹമധ്യത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട രോഗികളെ സന്ദര്‍ശിക്കല്‍ ഒരു നല്ല കാര്യം എന്നതിലുപരി നമ്മുടെ മേല്‍ നിര്‍ബന്ധം കൂടിയാണ്.’ ചെറിവയവരെയും വലിയവരെയും വിനയപുരസ്സരം ‘യാസയ്യിദീ’ എന്നായിരുന്നു ശൈഖ് അഭിസംബോധന ചെയ്തിരുന്നത്.

തന്റെ ഊര്‍ജവും സമയവും സദാ ദൈവപ്രീതിയിലായിരിക്കണമെന്ന് നിഷ്‌കര്‍ഷ കാട്ടി. ഇക്കാര്യം നാലകത്ത് കുഞ്ഞുമൊയ്തീന്‍ മുസ്‌ലിയാര്‍ രിഫാഈ മാലയിലൂടെ വിവരിക്കുന്നുണ്ട്.
‘ഞാന്‍ ഒരു ബീര്‍പ്പ് പശുദെ ഒരിക്കലും
യോക്കിയം കൂടാതെ വിട്ടില്ലയെന്നോവര്‍’

താന്‍ ഒരു സേവകനെന്നും തന്നിലേക്ക് ഒരു സേവകന്റെ ആവശ്യമില്ലെന്നുമായിരുന്നു ശൈഖ് പറയാറുള്ളത്. വീട്ടിലുള്ള സമയം ഭാര്യയുടെ കൂടെ വീട്ടുജോലികളില്‍ മുഴുകും. ജീവിത ചിട്ടയിലും ഭക്ഷണത്തിലും മിതത്വം പുലര്‍ത്തി. ഒരുദിവസം ഭക്ഷണവുമായി എത്തിയ തന്റെ ശിഷ്യനോട് ശൈഖ് പറഞ്ഞു: ‘ദുനിയാവ് വന്നു.’ ഭക്ഷണം കഴിക്കലും ദുന്‍യാവിനോടുള്ള പ്രേമമാണോ എന്ന് വ്യാകുലപ്പെട്ട ശിഷ്യനോട് ശൈഖ് പ്രതികരിച്ചു: ‘അല്ലാഹുവിനെ ഓര്‍ക്കുന്നതിന് വിഘ്‌നമാകുന്നതെന്തും ഭൗതിക പ്രേമമാണ്.’ ഒരിക്കല്‍ ഒരാള്‍ ശൈഖിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. ശൈഖ് പറഞ്ഞു: ‘എന്റെ പക്കല്‍ ഒരുദിവസത്തേക്കും കൂടിയുള്ള ഭക്ഷണമുണ്ട്. ആരുടെയെങ്കിലും അടുത്ത് അധികമായൊരു ദിവസത്തേക്കുള്ള ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ അവരുടെ പ്രാര്‍ത്ഥന നാഥന്‍ കേള്‍ക്കുകയില്ല. എന്നാണോ ഈ ഭക്ഷണം ബാക്കി വരാതിരിക്കുന്നത് അന്ന് ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.’

പരലോകത്ത് നാഥനില്‍ നിന്ന് ലഭിക്കാനിരിക്കുന്ന ശാശ്വതമായ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി നശ്വരമായ ദുനിയാവിനെയും ഐഹിക സുഖങ്ങളെയും നൈമിഷികമായ നേട്ടങ്ങളെയും ശൈഖ് രിഫാഈ ത്യജിച്ചു. ബനൂ സൈറഫി എന്ന കുടുംബം ഒരിക്കല്‍ ശൈഖിനെതിരെ പരാതിയുമായി ഹമാമിയ കോടതിയിലെത്തി. തങ്ങളുടെ അവകാശഭൂമി ശൈഖ് കൈവശപ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു ബനൂ സൈറഫിക്കാരുടെ വാദം. ശൈഖ് കോടതിയില്‍ പറഞ്ഞു: ‘ അവര്‍ പറയുന്നത് യാഥാര്‍ത്ഥ്യം തന്നെ. അവര്‍ അവകാശമുന്നയിക്കുന്ന ഭൂമി പൂര്‍ണമായിട്ടും അവരുടേത് തന്നെ.’ മറുപടി കേട്ട് സ്തബ്ധനായ ന്യായാധിപന്‍ ആ കുടുംബത്തോട് ചോദിച്ചു: ‘പിന്നെ എന്തിന് വേണ്ടിയാണ് നിങ്ങള്‍ പരാതിപ്പെട്ടത്? ഇദ്ദേഹം എല്ലാം സമ്മതിക്കുന്നുണ്ടല്ലോ. നിങ്ങളുടെ ഭൂമി നിങ്ങള്‍ക്ക് തന്നെ കൈവശപ്പെടുത്താം.’ തന്റെ സ്വത്തില്‍ യാതൊരു അവകാശവാദവും ഉന്നയിക്കാതെ എല്ലാം സമ്മതിച്ച ശൈഖിന്റെ വാക്കുകേട്ട് ബനൂ സൈറഫിക്കാര്‍ അത്ഭുതപ്പെട്ടു. ശൈഖവര്‍കള്‍ പറഞ്ഞു: ‘കേവലം നശ്വരമായ ശവതുല്യമര്‍ഹിക്കുന്ന ഈ ദുന്‍യാവിന് വേണ്ടി തര്‍ക്കിച്ച് സമയം കളയാന്‍ എനിക്കാകില്ല. നാഥന്‍ തന്നെ സത്യം, ഞാന്‍ താമസിക്കുന്ന ഭവനത്തിന് വേണ്ടി നിങ്ങള്‍ അവകാശവാദമുന്നയിച്ചാലും ഞാന്‍ അത് നിങ്ങള്‍ക്ക് തരാന്‍ തയാറാണ്.’ ശൈഖിന്റെ പരിത്യാഗ സമീപനം ന്യായാധിപരെയും ബനൂ സൈറഫിക്കാരെയും അമ്പരപ്പിച്ചു. അവര്‍ ശൈഖിനോട് മാപ്പപേക്ഷിക്കുകയും തുടര്‍ന്നുള്ള കാലം ശൈഖിന്റെ ഖിദ്മത്തിലായി കഴിയുകയും ചെയ്തു.

അധ്യാപനം, ഗ്രന്ഥരചന
ശൈഖ് രിഫാഈ വിജ്ഞാന ലോകത്തും ഉത്തുംഗസ്ഥാനം അലങ്കരിച്ചിരുന്നു. ശരീഅത്തിലെയും ത്വരീഖത്തിലെയും ജ്ഞാനികളുടെ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. ശൈഖിന്റെ വിജ്ഞാന വൈപുല്യത്തെ കുറിക്കുന്നതായിരുന്നു ‘കബീര്‍’ എന്ന സ്ഥാനപ്പേര്. ആദ്യമായി അധ്യാപകനായി നിയമിതനാകുന്നത് പ്രധാന ഗുരുവായ അലിയ്യുല്‍ വാസ്വിതിയുടെ ഇജാസത്തോട് കൂടെ അവിടുത്തെ ദര്‍സില്‍ തന്നെയായിരുന്നു. ഗുരുവര്യര്‍ക്കൊപ്പം ഇരുപത്തിയേഴ് വര്‍ഷക്കാലം വാസിത്വയില്‍ തന്നെ വിദ്യാര്‍ത്ഥിയായും അധ്യാപകനായും തുടര്‍ന്നു. വിദൂരദേശങ്ങളില്‍നിന്നെല്ലാം പരസഹസ്രം ജ്ഞാനകുതുകികള്‍ അവിടെയെത്തി. ശേഷം പിതൃസഹോദരന്‍ മന്‍സൂര്‍ ബത്വാഈയുടെ പിന്‍ഗാമിയായി ഉമ്മു അബീദയില്‍ തന്നെ പര്‍ണശാലയും ദര്‍സും ആരംഭിച്ചു. ഇവിടുന്നാണ് രിഫാഈ ത്വരീഖത്തിന്റെ ആചാര പട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ‘അറിവിന്റെയും അറിവുടയവരുടെയും നഗരം’ എന്നറിയപ്പെട്ടിരുന്ന വാസിത്വയിലേക്കൊഴുകിയിരുന്ന വിജ്ഞാന ദാഹികളുടെ വഴികള്‍ ഉമ്മു അബീദയിലേക്ക് തിരിഞ്ഞു. സാധാരണ ജനങ്ങള്‍ക്കപ്പുറം ആലിമീങ്ങളും മശാഇഖന്മാരും ശൈഖിന്റെ ശിഷ്യത്വം ആഗ്രഹിച്ചെത്തി. തന്റെ അധ്യാത്മിക സരണിയില്‍ കണ്ണിയാവാനെത്തുന്നവര്‍ക്ക് പ്രാഥമികമായി ശരീഅത്തിന്റെ വിജ്ഞാന ശാസ്ത്രം പകര്‍ന്നുനല്‍കി. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്നുമെത്തുന്ന പതിനായിരക്കണക്കിന് ശിഷ്യര്‍ക്ക് ദിവസവും ഭക്ഷണവുംതാമസ സൗകര്യവും ഒരുക്കിയിരുന്നത് ശൈഖിന്റെ കറാമത്തുകളില്‍ എണ്ണപ്പെടുന്നു.

ശൈഖിന്റെ അധ്യാപന ശൈലിയിലെ വ്യതിരിക്തത ചരിത്രകാരന്മാര്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം മതവും ആത്മീയവുമായ അറിവില്‍ ശൈഖ് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി. ശരീഅത്തിലും ത്വരീഖത്തിലും അവരെ പ്രബുദ്ധരാക്കി. സാഹചര്യാധിഷ്ഠിത ഉപദേശങ്ങള്‍കൊണ്ടും സൗഹൃദപരമായ അധ്യാപനം കൊണ്ടും ശിഷ്യന്മാരുടെ മനം കവര്‍ന്നു. വ്യക്തമായ തെളിവുകള്‍ നിരത്തി തന്റെ ഫത്‌വകളും ത്വരീഖത്തും യഥാര്‍ത്ഥ ശരീഅത്തിന്റെ മാര്‍ഗത്തിലധിഷ്ഠിതമാണെന്ന് വിദ്യാര്‍ത്ഥികളെ തര്യപ്പെടുത്തി. മതത്തിലും അധ്യാത്മികതയിലും നിപുണരായ ലക്ഷക്കണക്കിന് ശിഷ്യവ്യൂഹത്തെ ശൈഖ് രിഫാഈ സമൂഹത്തിന് സമര്‍പ്പിച്ചു.
മലയാളികള്‍ക്ക് രിഫാഈ തങ്ങള്‍ ഒരു ആത്മീയാചാര്യനായി മാത്രമായിട്ടാണ് പരിചിതമായത്. അഗാധ ജ്ഞാനിയായിരുന്നു അദ്ദേഹമെന്ന് പലര്‍ക്കും അറിയില്ല.
അധ്യാപനത്തിനും പ്രഭാഷണങ്ങള്‍ക്കും പുറമെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയായിരുന്നു ശൈഖ് രിഫാഈ(റ). തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം, തര്‍ക്കശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നിവയിലെല്ലാം ശൈഖ് രചനകള്‍ നടത്തി. ശൈഖിന്റെ ചെറുതും വലുതുമായ ഗ്രന്ഥങ്ങള്‍ ഏകദേശം 650ഓളം വരുമെന്ന് ശൈഖ് ഫഖീറുല്ല രിഫാഈ അഭിപ്രായപ്പെടുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇസ്‌ലാമിക സംസ്‌കാര ഉന്മൂലനത്തിനായുള്ള താര്‍ത്താരികളുടെ കയ്യേറ്റ കാലഘട്ടത്തില്‍ കത്തിച്ചാമ്പലാക്കപ്പെട്ട അനേകം ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ശൈഖവര്‍കളുടെ അമൂല്യനിധികളായ നിരവധി ഗ്രന്ഥസമാഹാരങ്ങളും നശിക്കുകയുണ്ടായി. മുസ്‌ലിം നാഗരികതയുടെ വൈജ്ഞാനിക മുന്നേറ്റത്തിന് തടയിട്ട ഈ കയ്യേറ്റത്തെ അതിജീവിച്ച് കുറഞ്ഞ ഗ്രന്ഥങ്ങള്‍ മാത്രമാണ് പിന്‍തലമുറക്ക് ലഭിച്ചത്.

ആറാം നൂറ്റാണ്ടിലെ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതരില്‍ ശൈഖ് രിഫാഈയുടെ സ്ഥാനം അദ്വിതീയമാണ്. അതിന് മകുടോദാഹരണമാണ് ശൈഖ് അബൂഇസ്ഹാഖിശ്ശീറാസിയുടെ ‘കിതാബുത്തന്‍ബീഹിന്റെ’ വ്യാഖ്യാനമായി ശൈഖ് രിഫാഈ രചിച്ച ആറ് വാള്യങ്ങളുള്‍ക്കൊള്ളുന്ന അല്‍ബഹ്ജ എന്ന ഗ്രന്ഥം. താര്‍ത്താരികളുടെ ബഗ്ദാദ് അക്രമണത്തില്‍ ഈ അമൂല്യഗ്രന്ഥം നമുക്ക് നഷ്ടമായി. ആത്മജ്ഞാനം മുഖ്യചര്‍ച്ചാവിഷയമാകുന്ന ശൈഖിന്റെ കിതാബാണ് ‘അന്നിളാമുല്‍ ഖാസ്- ലി അഹ്‌ലില്‍ ഇഖ്തിസ്വാസ്’ എന്നത്. അധ്യാത്മിക ജ്ഞാനത്തിന്റെ ആഴങ്ങളെ തൊട്ടറിയാവുന്ന ഗ്രന്ഥങ്ങളാണ് ‘അത്വരീഖതു ഇലല്ലാഹ്.’ ‘അല്‍അഖാഇദുര്‍രിഫാഇയ്യ’ എന്നീ ഗ്രന്ഥങ്ങള്‍. കള്ളത്വരീഖത്തുകളുടെ മാര്‍ഗങ്ങളെയും ചട്ടങ്ങളെയും ചോദ്യം ചെയ്യുന്ന ശൈഖ് രിഫാഈയുടെ കൃതിയാണ് ‘അല്‍ഹികമുര്‍രിഫാഇയ്യ’ എന്നത്. ഈ കൃതിയിലൂടെ രിഫാഇയ്യാ ത്വരീഖത്തിന്റെ രീതിശാസ്ത്രത്തെ ഖുര്‍ആനും തിരുസുന്നത്തും പിന്‍ബലമാക്കി ശൈഖ് വിവരിക്കുന്നു. യഥാര്‍ത്ഥ ശൈഖ് മുരീദ് ബന്ധത്തിന്റെ ചട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ കിതാബ് നിരവധി ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. അല്‍ഹികമുര്‍രിഫാഇയ്യയുടെ ഉറുദു പരിഭാഷയും ലഭ്യമാണ്. ഖുര്‍ആന്‍ വ്യാഖ്യാനരംഗത്തും ശൈഖിന്റെ സംഭാവനകള്‍ കാണാം. ‘തഫ്‌സീറു സൂറത്തില്‍ ഖദ് ര്‍’, ‘അസ്സ്വിറാത്തുല്‍ മുസ്തഖീം ഫീ തഫ്‌സീരി മആനി ബിസ്മില്ലാഹി റഹ്മാനിറഹീം,’ ‘ഇല്‍മുത്തഫ്‌സീര്‍’ എന്നിവ അവയില്‍ ചിലത് മാത്രം. ശൈഖ് രിഫാഈ ഉസ്താദുമാരില്‍ നിന്ന് ഗ്രഹിച്ചെടുത്ത, ആത്മീയ വഴിയില്‍ പ്രചോദനമേകിയ നാല്‍പത് തിരുമൊഴിമുത്തുകളുടെ വ്യാഖ്യാനമുള്‍പ്പെടെയുള്ള സമാഹാരമാണ് ‘ഹാലാത്തു അഹ്‌ലില്‍ ഹഖീഖ മഅല്ലാഹ്’ എന്ന ഗ്രന്ഥം.

വിയോഗം
ശൈഖ് രിഫാഈ ഹിജ്‌റ 578ല്‍ ജമാദുല്‍ ഊല 12 വ്യാഴാഴ്ച സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി. അണമുറിയാത്ത ജ്ഞാന പ്രഭാവവും ആത്മീയ ചൈതന്യവും പിന്‍ഗാമികള്‍ക്ക് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങിയത്. അന്ത്യനാളുകളില്‍ ശക്തമായ ഉദരവേദനയിലായിരുന്നു അദ്ദേഹം. എന്നിട്ടും തന്റെ ഇബാദത്തിലും ഉപദേശങ്ങളിലും കുറവ് വരുത്തിയില്ല. വഫാത്തിന് തൊട്ടുമുമ്പ് അവിടുന്ന് പറഞ്ഞു: ‘ഞാന്‍ വഴികാട്ടിയില്ലാത്തവന്റെ വഴികാട്ടിയാണ്. ദുന്‍യാവിന്റെ വഞ്ചനയില്‍ പെട്ട് വഴിതെറ്റിയവന് രക്ഷകനാണ് ഞാന്‍.’ മരണമടുത്തപ്പോള്‍ അംഗശുദ്ധി വരുത്തുകയും രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ശഹാദത്ത് കലിമ ഉച്ചത്തില്‍ മൊഴിയുകയും ചെയ്തു.

ശൈഖിന്റെ അന്ത്യാചാര കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുടുംബക്കാര്‍ക്കോ ശിഷ്യന്മാര്‍ക്കോ മുന്‍പരിചയമില്ലാത്ത ഏഴ് ശുഭ്രവസ്ത്രധാരികളായിരുന്നു. അവര്‍ പൂര്‍ണ ഭക്തിയോടെ കര്‍മങ്ങളെല്ലാം പൂര്‍ത്തീകരിക്കുകയും മടങ്ങുകയും ചെയ്തു. ശൈഖിന്റെ ജനാസ നിസ്‌കാരത്തിന് നാനാദിക്കുകളില്‍നിന്നും ലക്ഷക്കണക്കിന് മുഹിബ്ബീങ്ങള്‍ സന്നിഹിതരായി. മാതൃപിതാവും പണ്ഡിതനുമായിരുന്ന ശൈഖ് യഹ്‌യല്‍ ബുഖാരിയുടെ മഖ്ബറക്കടുത്ത് ഉമ്മുഅബീദയില്‍ ജനാസ നിസ്‌കരിച്ചു. ഖബ്‌റില്‍ വെക്കുന്നത് വരെ ജനാസയുടെ നാല് ഭാഗത്തും പച്ച നിറത്തിലുള്ള പക്ഷികള്‍ വലയം ചെയ്തിരുന്നു. മരണാനന്തര അത്ഭുതങ്ങള്‍ക്ക് ദൃക്‌സാക്ഷികളായ എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്‌ലാം മതം സ്വീകരിച്ചതായി ചരിത്രത്തില്‍ വായിക്കാം.
66 വര്‍ഷക്കാലത്തെ തുഛമായ ജീവിതം കൊണ്ട് ശൈഖവര്‍കള്‍ ലോക സമൂഹത്തിനുമുന്നില്‍ തനത് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ആസുരകാലത്ത് ശൈഖ് രിഫാഈയെ പോലെയുള്ള ആധ്യാത്മിക നേതാക്കളുടെ ജീവിതവഴി കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്.

യാസീൻ ഉമൈർ

You must be logged in to post a comment Login