വെട്ടിപ്പിടിക്കുന്നതാണോ ഒരാളിന്‍റെ മഹത്വം?


അമേരിക്കയെയും ഒബാമയെയും കുറിച്ച് ശാഹിദ് എഴുതിയത് വായിച്ചു; ലക്കം 1014.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര രാജ്യങ്ങള്‍ക്ക് പുതിയ നേതൃത്വം കടന്നുവന്നു? ഭരിക്കുന്നവര്‍ തന്നെ വീണ്ടും തിരഞ്ഞെടുത്തു. രാഷ്ട്രാന്തരീയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്ന സംഭവങ്ങള്‍ തന്നെ രൂപം കൊണ്ടു? എന്തിനേറെ പറയണം. 193-ാമത്തെ ഒരു രാജ്യം തന്നെ രൂപം കൊണ്ടു. ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നിരീക്ഷണ വിശകലനങ്ങള്‍ക്കും ഉണ്ടാകാത്ത പ്രാധാന്യം ഒബാമക്ക് കൊടുത്തത് ഏതായാലും മാധ്യമപാതകം തന്നെ. അമേരിക്കയെ ഇപ്പോഴും വേറിട്ടു നിര്‍ത്തുന്നത് അനേകം മരണങ്ങള്‍ സാധ്യമാക്കിയതും കീഴടക്കലുകള്‍ തുടര്‍ച്ച നഷ്ടപ്പെടാതെ തുടരുന്നതുമാണ്. അത്തരമൊരു നരമേധങ്ങള്‍ക്ക് യാതൊരു സങ്കോചവും കൂടാതെ നേതൃത്വം വഹിക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉയര്‍ത്തിക്കാണിക്കുക വഴി മഹത്വത്തിന്റെ മാനദണ്ഡം വെട്ടിപ്പിടിക്കലാണെന്ന അപകടകരമായ വക്ര മനോഭാവം ലോകത്തിനു മുമ്പാകെ മാധ്യമങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു.

                         എട്ടു വര്‍ഷത്തെ ബുഷിന്റെ കിരാത ഭരണത്തോളം ഇല്ലെങ്കിലും അക്രമത്തിന്റേയും സാമ്രാജ്യത്വ അവതരണത്തിന്റെയും വ്യത്യസ്ത മുഖങ്ങളെ അര്‍ഹിച്ച ജാഗ്രതയോടെ കാണാതിരുന്നതിനു പിന്നിലെ വലിയൊരു രഹസ്യം ഒബാമ കറുത്ത വര്‍ഗ്ഗക്കാരനായി എന്നതു തന്നെയാണ്. വെള്ളക്കാരന്റെ വിദേശ നയങ്ങളിലെ പഴുതുകള്‍ക്കു നേരെ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി നേരിടുന്ന ലോക ജനത കറുത്ത വര്‍ഗ്ഗക്കാരന്റെ ഭീമാബദ്ധങ്ങളെയും അധിനിവേശ പേക്കൂത്തുകളേയും ‘ഞാനറിഞ്ഞില്ല’ എന്ന മട്ടില്‍ മൌനം ദീക്ഷിക്കുകയാണ്. ഒബാമയെ സുശക്തനായ ഭരണാധികാരിയായി അത്യുന്നതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ മാനദണ്ഡമാക്കുന്നത് ഹിറ്റ്ലറോടും മോഡിയോടും ചേര്‍ത്തു വായിച്ചാല്‍ എന്താവും സ്ഥിതി? ഹിറ്റ്ലറെ അപേക്ഷിച്ച് മോഡി ‘നല്ലവന്‍’ തന്നെ. പക്ഷേ, മാറ്റത്തിന്റെ പ്രവാചകനായി മോഡിയെ മാധ്യമങ്ങള്‍ പര്‍വ്വതീകരിച്ചാല്‍ അത് ശുദ്ധ ഭോഷ്ക് തന്നെ.

അനസ് കെ കൊളത്തൂര്‍

You must be logged in to post a comment Login