കേരള സലഫിസത്തെ ജിന്ന് ചികിത്സിക്കുന്നു

കേരള സലഫിസത്തെ ജിന്ന് ചികിത്സിക്കുന്നു

‘ഇവിടുത്തെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമനുസരിച്ച് ജീവിച്ചിരുന്ന സുന്നികളുമായി നവ ഇസ്ലാമിക ശുദ്ധവാദികള്‍ മതപരമായ വിശ്വാസങ്ങളിലും കര്‍മശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ആശയസംവാദങ്ങളിലും സംഘട്ടനങ്ങളിലും ഏര്‍പ്പെട്ടു. ഈ ‘ശുദ്ധ ഇസ്ലാമിസ്റ്റുകള്‍’ മതവേദികളിലും പൊതുഇടങ്ങളിലും സുന്നികളെ അനിസ്‌ലാമികത വച്ചുപുലര്‍ത്തുന്നവര്‍ എന്നു പരസ്യമായി വിമര്‍ശിക്കുകയും ചെയ്തുപോന്നു. നൂറ്റാണ്ടുകളോളം ഒരു സാമുദായിക സംസ്‌കാരം ഉള്‍ക്കൊണ്ട് മലബാറില്‍ വളര്‍ന്നുവികസിച്ച മുസ്‌ലിംകളുടെ ഇടയില്‍ യഥാര്‍ത്ഥത്തില്‍ മത- സാംസ്‌കാരിക ധ്രുവീകരണത്തിന്റെ വിത്തുപാകിയത് ഇത്തരത്തിലുള്ള ‘നവശുദ്ധ’ ഇസ്‌ലാമിസ്റ്റുകളായിരുന്നു. ഇത് പൊതുമണ്ഡലങ്ങളില്‍ മതധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.’

ദിനേശന്‍ വടക്കിനിയില്‍, അബ്ദുള്ള അഞ്ചില്ലത്ത് എന്നിവര്‍ ചേര്‍ന്നെഴുതിയ, ‘ഇസ്ലാമും കേരളവും- സംസ്‌കാരം രാഷ്ട്രീയം’ എന്ന പുസ്തകത്തില്‍ നിന്നുള്ളതാണ് മേല്‍വരികള്‍. സലഫി, മൗദൂദി തുടങ്ങിയ ധാരകളെയാണ് നവശുദ്ധ ഇസ്ലാമിസ്റ്റുകള്‍ എന്ന് പുസ്തകം വിശേഷിപ്പിക്കുന്നത്. ഈ വിഭാഗത്തിന്റെ മതധ്രുവീകരണ പ്രവര്‍ത്തനങ്ങളെയാണ് പില്‍ക്കാലത്ത് നവോത്ഥാനമെന്ന പേരില്‍ പലരും കൊണ്ടാടിയത് എന്നാലോചിക്കുമ്പോഴാണ് മുസ്‌ലിം സമുദായകത്തിനകത്തെ ഉള്‍പിരിവുകളെകുറിച്ച് മലയാളി പൊതുമണ്ഡലം എത്രത്തോളം അജ്ഞരാണ് എന്ന് ബോധ്യപ്പെടുക.

കൊട്ടിഘോഷിക്കപ്പെട്ട ആ നവോത്ഥാന കഥകളില്‍ ഉത്തരം കിട്ടാതെ ഒഴിഞ്ഞുകിടക്കുന്ന ശൂന്യസ്ഥലികളെ എങ്ങനെ പൂരിപ്പിക്കും എന്ന കാര്യത്തില്‍ നവോത്ഥാനത്തിന്റെ നടത്തിപ്പവകാശം കയ്യേറ്റുവാങ്ങി എന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഇന്നും ചെറുതല്ലാത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. മാഹിന്‍ ഹമദാനി, സനാഉല്ല മക്തി തങ്ങള്‍, വക്കം മൗലവി, കെ എം മൗലവി തുടങ്ങി എണ്ണിപ്പറയുന്ന നേതാക്കള്‍ക്ക് മുസ്ലിം ജനസാമാന്യത്തിലുണ്ടായിരുന്ന സ്വീകാര്യത എത്രത്തോളമായിരുന്നു എന്ന അന്വേഷണം നവോത്ഥാന നാടകത്തിലെ അണിയറക്കാരുടെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരും.
വക്കം അബ്ദുല്‍ഖാദര്‍ മൗലവിയെ ഉദാഹരിക്കാം. കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ആള്‍പൊക്കമായി ആഘോഷിക്കപ്പെടാറുള്ളത് തിരുവിതാംകൂറില്‍ നിന്നുള്ള ഈ മൗലവിയാണ്. ഒരു പത്രവും (മുസ്ലിം എന്നായിരുന്നു അതിന്റെ പേര്) ഒരു വാരികയും (സ്വദേശാഭിമാനി) രണ്ടു മാസികകളും (ദീപികയും അല്‍ ഇസ്ലാമും)- ഇത്രയുമാണ്. ‘വാഴ്ത്തപ്പെട്ട നവോത്ഥാന ചരിത്ര’ത്തില്‍ വക്കം മൗലവിയുടേതായി പരിചയപ്പെടുത്തപ്പെട്ട പ്രസിദ്ധീകരണങ്ങള്‍. ഇതില്‍ അല്‍-ഇസ്ലാം അറബിമലയാളത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വക്കം മൗലവിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കേരളത്തിലെ സലഫി ഗ്രൂപ്പുകള്‍ അറബിമലയാളത്തോട്, ആ ഭാഷയില്‍ നിര്‍വഹിക്കപ്പെട്ട ധൈഷണികവും സര്‍ഗാത്മകവും വൈജ്ഞാനികവുമായ വ്യവഹാരങ്ങളോട് എന്ത് നിലപാട് സ്വീകരിച്ചു എന്നത് കൗതുകമുണര്‍ത്തുന്ന അന്വേഷണമാണ്. വക്കം മൗലവിയുടെ കാലത്ത് മുസ്ലിം മുഖ്യധാര (പാരമ്പര്യ മുസ്ലിംകളും അവരുടെ നേതൃത്വവും) എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വാതില്‍ തുറക്കുമെന്നതിനാലാകണം മൗലവിയെ കൂടെകൂട്ടിയവര്‍ അറബിമലയാളത്തെ വഴിയിലുപേക്ഷിച്ചത്.
ഫ്രഞ്ച് ദാര്‍ശനികനും ഓറിയന്റലിസ്റ്റുമായിരുന്ന ഗുസ്താവ് ലെ ബോണിന്റെ സമുദായ പരിവര്‍ത്തന രഹസ്യം എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ തന്റെ മാസികയില്‍ (ദീപിക) സ്വയം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് വക്കം മൗലവി (എപി അഹമ്മദ് -മുസ്‌ലിം നവോത്ഥാനം:കേരളീയ ചിത്രങ്ങള്‍). മറ്റ് ഓറിയന്റലിസ്റ്റ് ചിന്തകരില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമിനെയും പ്രവാചകരെയും കുറേക്കൂടി സത്യസന്ധമായി സമീപിച്ചയാളെങ്കിലും ഇസ്ലാമിന്റെ ആത്മീയവും സത്തപരവുമായ ഉള്ളടക്കം അടിമുടി മാറേണ്ടതുണ്ട് എന്ന കാര്യത്തില്‍ ഗുസ്താവിനും മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തില്‍ പരിവര്‍ത്തനവിധേയമല്ലാത്ത ഒന്നുമില്ല എന്ന് സ്ഥാപിക്കാനാണ് ഗുസ്താവ് ബോണിനെ ദീപികയില്‍ അവതരിപ്പിക്കുന്നതിലൂടെ മൗലവി ലക്ഷ്യമിട്ടത്. പ്രപഞ്ചത്തിലെ എല്ലാം പരിവര്‍ത്തനവിധേയമാണ് എന്ന് പറയുമ്പോള്‍ ഇസ്ലാം അതില്‍ നിന്ന് പുറത്തല്ലല്ലോ. വ്യക്തമായി പറഞ്ഞാല്‍ ഇസ്ലാമിനെ പരിഷ്‌കരിക്കാന്‍ വക്കം മൗലവി ഉപയോഗിച്ച ടൂള്‍ ഓറിയന്റലിസ്റ്റുകളുടേത് തന്നെയായിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിള എന്നിവരിലേക്ക് മൗലവി ചെന്നുചേരുന്ന വഴിയേതാണ് എന്ന് മനസിലാക്കാനുള്ള മാര്‍ഗം കൂടിയാണിത്.
മലയാളത്തിലിറങ്ങിയ ‘മുസ്‌ലിം’ മാസിക വരിക്കാരെ കിട്ടാതെ പൂട്ടിപ്പോയപ്പോഴാണ് വക്കം മൗലവി അറബി മലയാളത്തില്‍ അല്‍ ഇസ്ലാം എന്ന മാസിക പ്രസിദ്ധീകരിക്കുന്നത്. അതിന്റെ ആമുഖലേഖനത്തില്‍ എന്തുകൊണ്ട് അറബിമലയാളം മാസിക എന്ന് മൗലവി വിശദീകരിക്കുന്നത് ”മലയാള അക്ഷരദ്വാരാ പുറപ്പെടുന്ന ശബ്ദം സമുദായത്തിന്റെ മുന്‍ഭാഗത്ത് നില്‍ക്കുന്ന ഏറ്റവും ചെറിയ ഒരു സംഘത്തില്‍ മാത്രം എത്തുന്നതല്ലാതെ സമുദായത്തിന്റെ ഉള്ളില്‍ കടന്നുചെല്ലുന്നില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു” എന്നാണ്. ആ ഏറ്റവും ചെറിയ സംഘമായിരുന്നു മൗലവിയെ കേള്‍ക്കാന്‍ താല്പര്യപ്പെട്ടത്. ആ ചെറുസൂക്ഷ്മ ന്യൂനപക്ഷമാകട്ടെ സമുദായത്തിലെ സമ്പന്നരുമായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് മൗലവി പ്രസിദ്ധീകരണങ്ങള്‍ നടത്തിയത്. അവരെ തൊട്ടാണ് മൗലവി സംസാരിച്ചത്. ഹിന്ദു സമുദായത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോധ്യമാകുന്ന സംഗതി, അവരിലെ കീഴാള വിഭാഗങ്ങളെ തൊട്ടാണ് ശ്രീനാരായണനും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും സംസാരിച്ചത്. അതുകൊണ്ട് തന്നെ അത്തരം നവോത്ഥാന സംരഭങ്ങളോട് വക്കം മൗലവിയെ ചേര്‍ത്തുവെക്കണമെങ്കില്‍ അത്യഗാധമായ അജ്ഞത ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിവരും.!

മൗലവി തുടരുന്നു: ”മലയാള അക്ഷരത്തില്‍ നടത്തപ്പെടുന്ന മാസികകളോ പത്രങ്ങളോ കൊണ്ടുമാത്രം സമുദായത്തിലുള്ള എല്ലാതരം ആളുകളുടെയും ശ്രദ്ധയെ ഉണര്‍ത്തുവാന്‍ കഴിയുകയില്ലെന്ന് അനുഭവം കൊണ്ടുതന്നെ നിശ്ചയമായി. അറബിമലയാള അക്ഷരമാണെങ്കില്‍ അതില്‍ എഴുതപ്പെടുന്ന ഏതും വായിക്കുന്നതിന് ആര്‍ക്കും വിരോധമില്ലെന്ന് മാത്രമല്ല, അക്ഷരത്തിന്റെ രൂപസാമ്യം കൊണ്ട് അറബി ഭാഷയോടുള്ള ബഹുമാനം ഏതാണ്ട് അതിനോടുമുണ്ട്. അധികമാളുകളും വിശേഷിച്ച് സ്ത്രീകളും കൂടി അത് വായിക്കാന്‍ ശീലമുള്ളവരാണ്.”
വക്കം മൗലവിയുടെ കാലത്തെ മുസ്ലിം സമുദായം നിരക്ഷരരായിരുന്നില്ല. അവര്‍ക്ക് അറിവും ഭാഷയുമുണ്ടായിരുന്നു. ആ ഭാഷ എഴുതാനും വായിക്കാനും സ്ത്രീകള്‍ക്ക് പോലും അറിയുമായിരുന്നു. ആ ഭാഷയില്‍ ഒട്ടേറെ രചനകള്‍ നിര്‍വഹിക്കപ്പെട്ടിരുന്നു. അതില്‍ പാട്ടും ചരിത്രവുമുണ്ടായിരുന്നു. കഥയും ലേഖനവുമുണ്ടായിരുന്നു. തനതുകൃതികളും വിവര്‍ത്തനങ്ങളുമുണ്ടായിരുന്നു. അവ കയ്യെഴുത്തുപ്രതികളായും അച്ചടിക്കപ്പെട്ട രൂപത്തിലും നാടൊട്ടുക്കുമുള്ള വിശ്വാസികളിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ഇത് അറബിമലയാളത്തിന്റെ കാര്യമെങ്കില്‍ മലയാളത്തിലും അവര്‍ പിന്നിലായിരുന്നില്ല. മൗലവി തന്നെ പറയുന്നതുപ്രകാരം ‘കോടതി ആവശ്യം സംബന്ധിച്ചോ, കച്ചവടം മുതലായ ജീവിതാവശ്യങ്ങള്‍ സംബന്ധിച്ചോ ഉള്ള എഴുത്തുകുത്തുകള്‍’ മലയാളത്തില്‍ തന്നെയായിരുന്നു. എങ്കിലും അവര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷ അറബിമലയാളമായിരുന്നത് കൊണ്ടാണ് വക്കം മൗലവി ആ ഭാഷയിലൊരു മാസിക പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെട്ടത്. എന്നിട്ടും അഞ്ചുലക്കങ്ങളില്‍ ആ ഉദ്യമം അവസാനിച്ചു.! കാരണമെന്തെന്നല്ലേ? വരിക്കാരുടെ അഭാവം. മാസിക നടത്തിക്കൊണ്ടു പോകാന്‍ ആവശ്യമായ എണ്ണം വരിക്കാരെ ഒപ്പിക്കാന്‍ മൗലവിക്കായില്ല. പ്രശ്നം ഭാഷയായിരുന്നില്ല, ആശയം തന്നെയായിരുന്നു. മൗലവിയുടെ ആശയങ്ങള്‍ കേരളീയ മുസ്ലിംകളില്‍ മഹാഭൂരിപക്ഷത്തിനും സ്വീകാര്യമായിരുന്നില്ല. ഭാഷ മാറ്റിപ്പരീക്ഷിച്ചിട്ടും മൗലവിക്ക് അല്‍ ഇസ്ലാം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല എന്നതില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ഏറ്റവും ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രം സ്വീകാര്യമായ, മഹാഭൂരിപക്ഷം തിരസ്‌കരിച്ച ആശയങ്ങള്‍ എങ്ങനെയാണ് നവോത്ഥാനത്തിന് അടിവളമാവുക എന്ന ചോദ്യം ഒഴിവാക്കാനാവില്ല.

മക്തി തങ്ങള്‍, വക്കം മൗലവി മുതല്‍പേരുടെ ജീവിതവും ദിനസരികളും ഇന്നത്തെ സലഫി ശാഠ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങുന്നതായിരുന്നില്ല എന്ന് ജീവചരിത്രങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. എങ്കിലും അവരുടെ ആശയങ്ങളുടെ പിന്‍തലമുറയായി സ്വയമേ അവരോധിതരായ കേരളത്തിലെ മുജാഹിദ് (സലഫി) പ്രസ്ഥാനം എങ്ങനെയെല്ലാമാണ് അവ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത് എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഈ വിഭാഗം അഭിമുഖീകരിക്കുന്ന ആത്മീയ വരള്‍ച്ചയുടെയും ആശയദാരിദ്ര്യത്തിന്റെയും ചതുപ്പുനിലങ്ങളിലേക്കായിരിക്കും.
ആത്മീയതയുടെ സകല ഉള്ളടക്കങ്ങളെയും നിഷേധിച്ചുകൊണ്ടാണ് വഹാബിസം (സലഫിസം) അതിന്റെ രഥമുരുട്ടിയത്. അതിനു വേണ്ടി അധികാരവും പണവും ആയുധവും ഉപയോഗിച്ചു. സുന്നി മുസ്ലിംകളെ അപരവത്കരിച്ചു. അവരെ മതഭ്രഷ്ടരാക്കി. അവര്‍ ബഹുമാനത്തോടെ കരുതിയതെല്ലാം അപമാനിക്കപ്പെട്ടു. പുണ്യപുരുഷന്മാര്‍ നിന്ദിക്കപ്പെട്ടു. അവരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങള്‍ ഇടിച്ചുനിരപ്പാക്കി. അധികാരമുള്ളിടത്ത് ആത്മീയവേദികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അല്ലാത്തിടങ്ങളില്‍ അതിനെതിരെ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.
നബിദിനാഘോഷവും പ്രവാചകപ്രകീര്‍ത്തനവും മതത്തിനു പുറത്താക്കി. മരണവീടുകളിലെ ദിക്‌റും ദുആയും വിലക്കി. മഹാന്മാരുടെ ഉറൂസുകള്‍ (നേര്‍ച്ചകള്‍) മതവിരുദ്ധമാക്കി. പള്ളി ദര്‍സുകളെ പരിഹസിച്ചു. ആത്മീയമായ ചടങ്ങുകള്‍ മുസ്‌ല്യാക്കന്മാരുടെ വയറ്റുപ്പിഴപ്പിന്റെ ഭാഗമെന്ന് താറടിച്ചു. പ്രവാചക മാതൃകകള്‍ തിരസ്‌കരിക്കപ്പെട്ടു. സ്വഹാബികളെ അധിക്ഷേപിച്ചു. ധിഷണ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ജ്ഞാനപടുക്കളെ പുച്ഛിച്ചു. സാത്വികരായ പണ്ഡിതന്മാരെ കളിയാക്കി… അങ്ങനെയങ്ങനെ മുസ്‌ലിം ജനസമൂഹത്തിലുണ്ടായിരുന്ന ആത്മീയമായ തുരുത്തുകള്‍ ഓരോന്നിനുമെതിരെ അമ്പെയ്തു. അതിനുവേണ്ടി മതപ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചു. ചിലരെങ്കിലും അത് വിശ്വസിച്ചു. ഫലമോ? ഓരോരുത്തരും തോന്നിയപടി മതത്തെ വ്യാഖ്യാനിച്ചു. പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിനെ തെറ്റുധരിപ്പിച്ചു. ആത്മീയ കേന്ദ്രങ്ങളോടും ആത്മീയ വ്യക്തികളോടുമുള്ള ബന്ധം ഇല്ലാതായതോടെ ആര്‍ക്കും എന്തുമാകാം എന്ന നിലവന്നു. ഇസ്‌ലാമിനെ ഖണ്ഡിച്ചും വക്രീകരിച്ചും അവര്‍ മതത്തില്‍ വീണ്ടും വീണ്ടും മുറിവുകളുണ്ടാക്കി. ആ പ്രചാരങ്ങളില്‍ ആകൃഷ്ടരായ ചില യുവാക്കള്‍ ‘അവിശ്വാസികള്‍ക്കെതിരായ യുദ്ധത്തില്‍ പങ്കുചേരുന്നതിന്’ സിറിയയിലേക്കും മറ്റു പലയിടങ്ങളിലേക്കും ചേക്കേറി. അതിലവര്‍ അഭിമാനപ്പെട്ടു. തങ്ങള്‍ സലഫിസത്താല്‍ പ്രചോദിതരായവരെന്ന് വെളിപ്പെടുത്തി. ഈ പുറപ്പാടുകള്‍ മുസ്ലിം സമുദായത്തിന് ദുഷ്‌പേരുണ്ടാക്കി. മുസ്ലിംകളെ അപരവത്കരിക്കാന്‍ പണിപ്പെടുന്നവര്‍ക്ക് ഇതൊരായുധമായി. തന്നിഷ്ടങ്ങള്‍ മതമായി തെറ്റിദ്ധരിപ്പിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു കേരളത്തിലെ സലഫികള്‍.
ഏറ്റവുമൊടുവില്‍ ജിന്ന് ചികില്‍സയുടെ പേരിലാണ് കേരളത്തിലെ സലഫിസം വിചാരണചെയ്യപ്പെടുന്നത്. മഞ്ചേരിയില്‍ സലഫികള്‍ നടത്തുന്ന ജിന്ന് ചികിത്സാ കേന്ദ്രത്തില്‍ കരുളായി സ്വദേശി ഫിറോസ് മരണപ്പെട്ടതോടെ സലഫി ‘പുരോഗമനവാദ’ത്തിന്റെ ‘പ്രാകൃതമായ’ വഴിത്തിരിവുകള്‍ കൂടിയാണ് ചര്‍ച്ചക്ക് വിഷയീഭവിക്കുന്നത്. യുക്തിക്ക് വഴങ്ങുന്നില്ല എന്നതുകൊണ്ടുമാത്രം, പ്രമാണബദ്ധമായി സ്ഥിരപ്പെട്ട ആത്മീയ ചികിത്സാ രീതികളെ തള്ളിപ്പറയുകയും അന്ധവിശ്വാസവും അനാചാരവുമായി അവയെ ചിത്രീകരിക്കുകയും ചെയ്തവരാണ് കേരളത്തിലെ സലഫികള്‍. ഇക്കാര്യത്തില്‍ അവര്‍ വക്കം മൗലവിയെ പോലും (അദ്ദേഹം മന്ത്രിച്ചൂതി ചികില്‍സിച്ചിരുന്നല്ലോ) നിരാകരിക്കുന്നു എന്നതില്‍ നിന്ന് തന്നെ ഈ വക ഏര്‍പ്പാടുകളോടുള്ള അവരുടെ വിരോധം വ്യക്തമാണ്. ആത്മീയമായ ചികിത്സയെ ഇസ്ലാം നിരാകരിക്കുന്നില്ല എന്നതുപോലെ തന്നെ പ്രധാനമാണ് രോഗശമനത്തിനു മതിയായ ചികിത്സ (അത് അലോപ്പതിയോ ആയുര്‍വേദമോ യൂനാനിയോ ഹോമിയോയോ ഏതുമാകാം) ഒരാള്‍ക്ക് നിഷേധിക്കപ്പെടരുത് എന്ന മതതാത്പര്യവും. മഞ്ചേരിയില്‍ അത് സംഭവിച്ചു. അതാണ് ഫിറോസിനെ മരണത്തിലേക്ക് തള്ളിവിട്ടത്. തങ്ങള്‍ ഇസ്ലാമിക ചികിത്സയാണ് പിന്തുടരുന്നത് എന്ന ന്യായം ഈ മരണത്തിന് മറുപടിയാകുന്നില്ല.

ലിവര്‍ സിറോസിസിന് ആയുര്‍വേദ മരുന്ന് കഴിച്ചുകൊണ്ടിരുന്ന യുവാവിന് മരുന്ന് നിഷേധിക്കാന്‍ അവര്‍ പറഞ്ഞകാരണം മുസ്ലിംകള്‍ക്ക് മരുന്ന് കഴിക്കാന്‍ പാടില്ല എന്നായിരുന്നു! ഫിറോസ് സുഹൃത്തിനയച്ച വാട്‌സാപ്പ് വോയ്സ് നോട്ടില്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. ഫിറോസിന്റെ വയറ്റിനുള്ളില്‍ ഗണപതിയാണെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍..! ജിന്ന് ചികിത്സക്കായി ദിനേന പതിനായിരം രൂപ ഫിറോസിന്റെ വീട്ടുകാരോട് തട്ടിയെടുക്കാനും ‘മുസ്ലിം നവോത്ഥാന’ത്തിന്റെ നടത്തിപ്പുകാര്‍ക്ക് കയ്യറപ്പുണ്ടായില്ല.

ഇതൊരു ഇന്‍സ്റ്റിറ്റിയുഷണല്‍ മര്‍ഡറാണ്. ആത്മീയതയുടെ നനവും കുളിരും അനുഭവിക്കാന്‍ അവസരമുണ്ടായിട്ടില്ലാത്ത ഒരു പ്രസ്ഥാനത്തിന് സംഭവിക്കാവുന്ന അധഃപതനത്തിന്റെ ആഴം വെളിപ്പെടുന്ന നേരവുമാണിത്. കേരളത്തിലെ എല്ലാ സലഫി ഗ്രൂപ്പുകളും മറുപടി പറയേണ്ട ചിലത് ഇതിലുണ്ട്. പരസ്പരം തള്ളിപ്പറഞ്ഞ് കൈകഴുകാനാകില്ല. ആത്മീയതയുടെ എല്ലാ കവാടങ്ങളും കൊട്ടിയടച്ച്, പ്രമാണിത്തത്തിന്റെ ഇന്‍ക്യൂബേറ്ററില്‍ വിരിയിച്ചെടുത്ത ‘മുസ്‌ലിം നവോത്ഥാനം’ ചത്തകുതിരയായിരുന്നു എന്ന് പൊതുസമൂഹത്തിന് തിരിച്ചറിവുണ്ടാകാന്‍ ഇതേക്കാള്‍ മികച്ചൊരു സന്ദര്‍ഭമുണ്ടെന്ന് തോന്നുന്നില്ല.

മുഹമ്മദലി കിനാലൂര്‍

You must be logged in to post a comment Login