സിഫ്‌നെറ്റില്‍ നോട്ടിക്കല്‍ സയന്‍സ് ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

സിഫ്‌നെറ്റില്‍ നോട്ടിക്കല്‍ സയന്‍സ് ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ എന്‍ജിനിയറിംഗ് ട്രെയിനിംഗ് (സിഫ്‌നെറ്റ്) നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യോഗ്യതയാണീ ബിരുദം. ഇംഗ്ലീഷിന് 50 ശതമാനം, മാത്തമാറ്റിക്‌സിന് 50 ശതമാനം, മറ്റു ശാസ്ത്രവിഷയങ്ങള്‍ക്കു മൊത്തം 50 ശതമാനം എന്നിങ്ങനെ നേടി പ്ലസ് ടു ജയിച്ചവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പട്ടികജാതി വര്‍ഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. പ്രായം 2019 ഒക്ടോബര്‍ ഒന്നിന് 17-20 വയസ്. ശാരീരികക്ഷമതയും നല്ല കാഴ്ചശക്തിയും ഉണ്ടാകണം. ജനറല്‍ വിഭാഗത്തില്‍ ആകെ 33 സീറ്റുകളാണുള്ളത്.
ഇതിനായുള്ള പ്രവേശന പരീക്ഷ ജൂണ്‍ എട്ടിന് നടത്തും. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ് പ്രവേശന പരീക്ഷ. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക് ലഭിക്കും. തെറ്റിന് 0.25 മാര്‍ക്ക് കുറയ്ക്കും. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫീസ് 500 രൂപ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 250 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷാ ഫീസിന്റെ ഡിഡി സഹിതം ഡയറക്ടര്‍, സിഫ്‌നെറ്റ്, ഫൈന്‍ആര്‍ട്‌സ് അവന്യു, എറണാകുളം 682016 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കണം. അപേക്ഷയുടെ പ്രിന്റൗട് അനുബന്ധ രേഖകള്‍ സഹിതം മേയ് 16നകം അയച്ചു കൊടുക്കണം.

സിഫ്‌നെറ്റ് നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ കോഴ്‌സാണിത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം സെന്ററുകളിലാണു കോഴ്‌സ് നടത്തുന്നത്. മൂന്നിടത്തുമായി ഓരോ കോഴ്‌സിനും 48 സീറ്റുകള്‍ വീതമാണുള്ളത്. കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാനനഗരങ്ങളില്‍ ജൂണ്‍ 22നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,500 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2019 ഓഗസ്റ്റ് ഒന്നിന് 16നും 20നും മധ്യേ. പട്ടികജാതിവര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cifnet.gov.in എന്ന വെബ്‌സൈറ്റ് കാണുക.

മറൈന്‍ എന്‍ജിനിയറിംഗില്‍ ബി.ടെക് പഠനം
പുണെയിലെ മഹാരാഷ്ട്ര അക്കാദമി ഓഫ് നേവല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗില്‍ മറൈന്‍ എന്‍ജിനിയറിംഗില്‍ ബി.ടെക്, നോട്ടിക്കല്‍ സയന്‍സില്‍ ബി.എസ്‌സി. കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മേയ് 26ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
പ്രവേശന പരീക്ഷയ്ക്കു കൊച്ചി പരീക്ഷാ കേന്ദ്രമാണ്. മേയ് 23നകം അപേക്ഷിക്കണം. ഓഗസ്റ്റ് ഒന്നിനു ക്ലാസുകള്‍ ആരംഭിക്കും. ബിടെക്കിന് 200 സീറ്റും നോട്ടിക്കല്‍ സയന്‍സിന് 120 സീറ്റുകളുമാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

മറൈന്‍ എന്‍ജിനിയറിംഗില്‍ കപ്പലിന്റെ എന്‍ജിനുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണു പഠിപ്പിക്കുന്നത്. നാവിഗേഷന്‍, കാര്‍ഗോ എന്നിവ കൈകാര്യം ചെയ്യാനും പഠിപ്പിക്കന്നു. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫീസ് 1,000 രൂപ. ബിടെക് കോഴ്‌സിന്റെ കാലാവധി നാലുവര്‍ഷവും ബിഎസ്‌സിയുടേതു മൂന്നു വര്‍ഷവുമാണ്. അഡ്മിഷന്‍ നടത്തുന്ന വര്‍ഷം 25 വയസ് കവിയരുത്. ബിടെക് കോഴ്‌സിനു നാലുവര്‍ഷത്തേക്കും കൂടി 13,10,890.00 രൂപ ഫീസ്. ബിഎസ്‌സി കോഴ്‌സിനു ഫീസ് 9,82,985.00 രൂപ. മാതൃകാ ചോദ്യ പേപ്പര്‍ വെബ്‌സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.manetpune.edu.in എന്ന വെബ്‌സൈറ്റ് കാണുക.

കെ.ജി.ടി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.ടി.ഇ. പ്രീപ്രസ് ഓപറേഷന്‍/കെ.ജി.ടി.ഇ. പ്രസ് വര്‍ക്ക്/കെ.ജി.ടി.ഇ. പോസ്റ്റ്പ്രസ് ഓപറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി./മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതത് സെന്ററില്‍ നിന്ന് നേരിട്ടും 125 രൂപ മണിഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റംഗ് ആന്‍ഡ് ട്രെയിനിംഗ, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 24 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 10.

ടാറ്റാ മെമ്മോറിയല്‍ സെന്ററില്‍ എം.എസ്‌സി. നഴ്‌സിംഗ് പഠനം
മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ഡെന്റല്‍, എം.എസ്‌സി. നഴ്‌സിംഗ് കോഴ്‌സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ കീഴില്‍, കേന്ദ്ര ആറ്റമിക് എനര്‍ജി വകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 10 സീറ്റാണുള്ളത്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബി.എസ്‌സി. നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിംഗ് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ സര്‍വകലാശാലയില്‍നിന്ന് ബി.എസ്‌സി. നഴ്‌സിംഗ് 55 ശതമാനം മാര്‍ക്കോടെ നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാര്‍ത്ഥിക്ക് നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കൂടാതെ ഒരു ആശുപത്രി/നഴ്‌സിംഗ് സ്ഥാപനം/കമ്യൂണിറ്റി ഹെല്‍ത്ത് വിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

മേയ് 28ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 100 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് ഓങ്കോളജി നഴ്‌സിംഗ് (30 മാര്‍ക്ക്), ജനറല്‍ നഴ്‌സിംഗ് (20), ജനറല്‍ ഇംഗ്ലീഷ് (15), മാത്തമാറ്റിക്‌സ് (15), ജനറല്‍ നോളജ് (20) എന്നീ വിഷയങ്ങളില്‍നിന്നും മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. പ്രവേശന പരീക്ഷാമാര്‍ക്ക്, ഗ്രൂപ്പ് ഡിസ്‌കഷന്‍, വൈവ എന്നിവയിലെ മാര്‍ക്ക് പരിഗണിച്ചായിരിക്കും അന്തിമറാങ്ക്പട്ടിക തയാറാക്കുക.
വനിതകള്‍, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. മറ്റുള്ളവര്‍ അപേക്ഷാഫീസായ 2000 രൂപ, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുവഴി അപേക്ഷാസമര്‍പ്പണവേളയില്‍ അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ https://tmc.gov.in എന്ന വെബ്‌സൈറ്റ് വഴി മേയ് 3 വൈകീട്ട് 5.30 വരെ നല്‍കാം. പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും മേയ് 10നകം ഓഫീസ് ഓഫ് ദി ഡയറക്ടര്‍, അക്കാദമിക്‌സ്, ഹോമിഭാബ ബ്ലോക്ക് ബില്‍ഡിംഗ്, 13ാം നില, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പരേല്‍, മുംബൈ-400012 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം ഇപ്പോള്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ്പ്രവേശനത്തിനുള്ള അപേക്ഷ അതാത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ സമര്‍പ്പിക്കാം.
മേയ് മൂന്നിനു ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ നോളജ്, മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.

പഠനമാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ലഭിക്കും.

ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നും പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ പ്രവേശനത്തിനായി 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രയോഗിക പരിശീലനം നല്‍കുന്നതിനുള്ള ആധുനിക സൗകര്യങ്ങളുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും അതാത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ബന്ധപ്പെടണം.

റസല്‍

You must be logged in to post a comment Login