ഡല്‍ഹിയിലെ നോമ്പുകാലം

ഡല്‍ഹിയിലെ നോമ്പുകാലം

ഡല്‍ഹിയിലെ വേനല്‍ കാലത്താണ് ഇത്തവണയും നോമ്പ്. പതിനാല് മണിക്കൂറാണ് നിലവില്‍ നോമ്പിന്റെ ഇവിടുത്തെ ദൈര്‍ഘ്യം. ഒടുവിലെ പത്താകുമ്പോഴേക്കും ഇത് പതിനാറ് മണിക്കൂറൊക്കെ കടക്കും. അതും ഉഷ്ണം കടുക്കുന്ന വേളയില്‍. ചൂടുകാറ്റും ഇടയ്ക്കിടക്ക് വീശിക്കയറുന്ന പൊടിക്കാറ്റുമെല്ലാം നോമ്പുകാലത്തെ പുറം ജീവിതം ദുസ്സഹമാക്കും. എന്തെങ്കിലും ശീതീകരണ സംവിധാനങ്ങളില്ലെങ്കില്‍ അകവും തഥൈവ! ദില്ലിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന സമയമാണിത്. ഏകദേശം അന്‍പതോടടുക്കും. ഡല്‍ഹിയുടെ കാലാവസ്ഥയും ഇവിടുത്തെ ജീവിത യാഥാര്‍ത്ഥ്യങ്ങളെപോലെ എപ്പോഴും തീവ്രവും തീക്ഷണവുമാണ്. ശൈത്യം വന്നാല്‍ ആളെകൊല്ലുന്ന തണുപ്പാണ്. വേനലായാല്‍ ചുട്ടെടുക്കുന്ന പോലെയാണ് സാഹചര്യം. പകലുമുഴുവന്‍ വെള്ളം കുടിച്ചുനടന്നാലും തിരികെ മുറിയിലെത്തുമ്പോഴേക്കും നിര്‍ജലീകരണം വന്ന് തളര്‍ന്നുപോകുന്നതാണ് സാധാരണ സ്ഥിതിയെങ്കില്‍ നോമ്പുകാലത്ത് പറയേണ്ടല്ലോ.

ജാമിഅ മില്ലിയയിലെ നോമ്പനുഭവം ഡല്‍ഹിയിലെ സ്ട്രീറ്റ് ഫുഡുകളുടെ കഥയൊന്നുമല്ല. ഈ ചൂടിലും നോമ്പിന്റെ ക്ഷീണത്തിലും പരീക്ഷയെഴുതുന്നതിന്റെ കഷ്ടമാണ്. ഹോസ്റ്റല്‍ മുറിയില്‍ ചൂട് പെരുത്ത് വെന്തുരുകാന്‍ തുടങ്ങുമ്പോള്‍ എല്ലാവരും കാമ്പസിലെ ലൈബ്രറി അന്നെക്‌സുകളിലെ റീഡിങ് ഹാളുകളിലേക്ക് വരും. നേരത്തേ വന്നാല്‍ മര്യാദക്ക് കസേരയിലിരുന്ന് എഴുത്തും വായനയുമൊക്കെ നടക്കും. അതും നിസ്‌കരിക്കാനോ മറ്റോ ഒന്നെഴുന്നേറ്റു പോന്നാല്‍ പിന്നെ തിരിച്ച് ആ ഇരിപ്പിടം അന്വേഷിച്ചു പോകേണ്ടി വരില്ല. ഹാളുകളിലും അതിനോട് ചേര്‍ന്നുള്ള വരാന്തകളിലും നിലത്തിരുന്നും വായിക്കുന്നവരുണ്ടാകും.
കഴിഞ്ഞ വര്‍ഷം മെയ് മാസം പകുതിക്ക് റമളാന്‍ തുടങ്ങും മുന്‍പേ മിക്ക ഡിപ്പാര്‍ടുമെന്റുകളും സെന്ററുകളും പരീക്ഷകള്‍ തീര്‍ത്ത് കുട്ടികളെ പറഞ്ഞയച്ചു. മാസ് കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ അപ്പോഴും പ്രൊഡക്ഷനും മറ്റും പറഞ്ഞ് പരീക്ഷ തുടങ്ങിയിട്ടേയില്ലായിരുന്നു. അധികം വൈകിക്കാതെ ഇതൊക്കെ ഒന്ന് തീര്‍ത്തുതരണമെന്ന് പറഞ്ഞ് കുറച്ച് ഒപ്പുശേഖരണവും നടത്തി ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ ഡയറക്ടറെ ചെന്ന് കണ്ടു. നോമ്പും പിടിച്ച് പഠിക്കുന്നതിന്റെയും പരീക്ഷ എഴുതുന്നതിന്റെയും കൂലിക്കൂടുതലും പറഞ്ഞ് മൂപ്പര്‍ വഅളു പറയാന്‍ തുടങ്ങി. അതോടെ തൃപ്തിയായി. ഇത്തവണ നോമ്പ് മുഴുവന്‍ പരീക്ഷക്കാണ്. അല്ല, പരീക്ഷ മുഴുവന്‍ നോമ്പിനാണ്. പിന്നെയൊരു ആശ്വാസം ഇത്തവണ റമളാന്‍ മെയ്മാസം തുടക്കത്തിലേ വന്നതുകൊണ്ട് എല്ലാവരുടെയും അവസ്ഥ ഇതാണല്ലോ എന്നതാണ്.
ഞങ്ങളുടെ ബാച്ച് ജാമിഅയിലെ എന്‍ട്രന്‍സുകള്‍ക്ക് വന്ന സമയത്താണ് ആര്‍ എസ് എസിന്റെ നോമ്പുതുറ ജാമിഅയില്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടക്കുന്നത്. മുസ്‌ലിം മഞ്ചിന്റെ പരിപാടി സര്‍വകലാശാലയെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. സര്‍വകലാശാലാ പ്രോക്ടാര്‍ക്കും മൂപ്പരുടെ ‘പട്ടാളത്തിനും’ ഒതുങ്ങുന്നതായിരുന്നില്ല വിദ്യാര്‍ത്ഥി രോഷവും അവരുടെ ‘ഈമാനും.’ ഒടുവില്‍ ഡല്‍ഹി പൊലീസെത്തി. ഇഫ്താറിനുള്ള സമയമായിട്ടും നോമ്പുതുറക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ അകത്തേക്ക് കയറ്റിവിടാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടാക്കിയില്ല. നോമ്പുതുറയും നിസ്‌കാരവുമൊക്കെ റോട്ടില്‍ തന്നെയാകാമെന്നുറച്ചാണ് വിദ്യാര്‍ത്ഥികള്‍. ഒടുവില്‍ പൊലീസ് അസ്സലായി ലാത്തി വീശി. കുട്ടികളുടെയും അതിഥികളുടെയും നോമ്പുതുറ അങ്ങനെ പെരുവഴിയിലെ കലാപത്തില്‍ തീര്‍ന്നു. പിന്നെയത് ആര്‍ എസ് എസിന്റെ നോമ്പുതുറ നടന്ന വര്‍ഷം എന്നൊരു കണക്ക് തന്നെ ഉണ്ടായി.

ഹോസ്റ്റലിലെ നോമ്പ് വിഭവങ്ങള്‍ക്ക് ഒരു ഡല്‍ഹി ചായ്വുമില്ല. അതേതോ ബിഹാറിലെയോ യു പിയിലെയോ നോമ്പ് പോലെയാണ്. അത്താഴത്തിനു ഉരുളക്കിഴങ്ങു കണ്ടിട്ടില്ലാത്ത ‘ആലു പൊറോട്ട’ ഉണ്ടാകും. പിന്നേം കാണും ഉരുളക്കിഴങ്ങിന്റെ തന്നെ കറിയും. കൂടെ ഒരുതവി പായസം കാണും. അതാണ് ആകെയുള്ള ആശ്വാസം. പക്ഷേ, അതുകൊണ്ടുമാത്രം നോമ്പാവില്ലല്ലോ. നോമ്പുതുറക്കാന്‍ എന്തൊക്കെയോ പക്കോടകള്‍ കാണും. ഒരു ദിവസം തന്നെ കുറെ വിഭവങ്ങളെന്ന് തെറ്റിദ്ധരിക്കണ്ട. ഏതോ ഒരു ഐറ്റം പക്കോഡ ഒരു ദിവസം. രൂപമോ, കോലമോ, ഭാവമോ മാറി അടുത്തദിവസവും ഏതാണ്ട് അത് തന്നെ. വെള്ളം പോലും നമ്മള്‍ കരുതണം. ഒടുവിലെ സെമസ്റ്ററായതുകൊണ്ട് പുറത്തുചെന്ന് ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള വകുപ്പില്ലാത്ത വിധം കീശ കാലിയായിക്കാണും. ഇത്തവണ, മലയാളി മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് മലയാളികളുടെ നോമ്പുതുറ നടത്താനുള്ള ഒരുക്കത്തിലാണ്. അതുപോലെ മറ്റൊരാശ്വാസം ഡല്‍ഹിയിലുള്ള മലയാളി മുസ്‌ലിം കൂട്ടായ്മയുടെയും ഇഫ്താര്‍ വിരുന്നുകളാണ്. എസ്.എസ്.എഫ്, ഡല്‍ഹി മര്‍കസ്, കെ എം സി സി, മലയാളി ഹല്ഖ, കെ എം ഡബ്‌ള്യു എ, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മലയാളി നഴ്സുമാരുടെ സംഘം, മജ്ലിസ് എന്നിങ്ങനെ കുറെ നല്ല സംഗമങ്ങളുണ്ടാകും. എല്ലായിടത്തും കാണും വിപുലമായ ഭക്ഷണ വിരുന്നുകള്‍.

ഫട് ഫട് എന്നത് ഈ മെട്രോ നഗരത്തിലെ കുറെയേറെ പഴക്കമുള്ള ഒരു സമാന്തര ഗതാഗത സംവിധാനമാണ്. ചുവന്ന നിറത്തിലുളള നീണ്ട വണ്ടികളില്‍ പരമാവധി ആളുകളെയും കുത്തിനിറച്ചാണ് ഫട് ഫട് നടക്കുന്നത്. ബസ് സര്‍വീസ് കാര്യാമായിട്ടില്ലാത്ത പ്രാദേശങ്ങളിലൊക്കെ നമ്മുടെ നാട്ടിലുമുണ്ടായിരുന്നല്ലോ ജീപ്പ് സര്‍വീസുകള്‍. ഏതാണ്ട് അതുപോലെയൊക്കെയാണ് ഇതും. ഈ ഫട് ഫട് സംവിധാനം ബന്ധിപ്പിക്കുന്ന രണ്ട് മുസ്‌ലിം ഗെട്ടോകള്‍ എന്ന നിലക്ക് മാത്രമല്ല ബട്‌ല ഹൗസും ജുമാ മസ്ജിദും തമ്മിലുള്ള ബന്ധം. വിഭജനം മുതല്‍ക്കുള്ള ബന്ധമാണത്. ഇന്നും ഈ രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ വിവാഹബന്ധങ്ങള്‍ സജീവമാണ്. വിഭജനത്തിന്റെ തിക്കിലും തിരക്കിലും പെട്ട് രണ്ടറ്റത്തായി പോയ ഉടയവരാണ് ഈ പ്രദേശത്തുകാര്‍. അതുകൊണ്ടുതന്നെ ഇവര്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങള്‍ സമാനമാണ്. പ്രത്യേകിച്ചും ജീവിതരീതിയും സംസ്‌കാരവും. ഭക്ഷണത്തിലും, ഉടുക്കുന്നതിലും, സംസാരിക്കുന്നതിലും, എന്തിന് വാഹനം ഓടിക്കുന്നതില്‍ വരെ കാണും ഈ സാമ്യതകള്‍.

നോമ്പുകാലമായാല്‍ ഡല്‍ഹിയില്‍ ഏറ്റവും സജീവമാകുന്ന ഇടങ്ങള്‍ ബട്‌ലാ ഹൗസും ജുമാ മസ്ജിദും പിന്നെ നിസാമുദ്ദീനുമാണ്. സാധാരണതന്നെ എപ്പോഴും തിരക്കുള്ള ഈ തെരുവുകള്‍ റമളാന്‍ ആകുന്നതോടെ തിരക്കിരട്ടിച്ച് ശ്വാസംമുട്ടാന്‍ തുടങ്ങും. പക്ഷേ, എല്ലായിടത്തും ആഘോഷങ്ങളുടെ പ്രതീതിയായിരിക്കും. ആര്‍ക്കും മടുപ്പുണ്ടാക്കാത്ത തിരക്കുകളായി ഇവ മാറുന്നതും റമളാനിന്റെ പ്രത്യേകത തന്നെ. വൈകുന്നേരങ്ങളിലാണ് ഈ തെരുവുകളുടെ തിരക്കും രസങ്ങളും. നോമ്പുതുറക്ക് കുറച്ചുമുന്‍പ് വരെ ഈ തിരക്കുകളുണ്ടാകും. പഴങ്ങളും, സര്‍ബത്തുകളുമാണ് പ്രധാനമായും ഈ സമയത്തുള്ള കച്ചവടം. റൂഹ് ഹഫ്സ എന്ന ഒരു യൂനാനി ടോണിക്ക് വേനല്‍കാലത്ത് ഡല്‍ഹിയിലെ ഒരു പ്രധാന വിഭവമാണ്. നമ്മുടെ നാട്ടിലെ നന്നാറിയുടെയൊക്കെ ഒരു വകഭേദം. പക്ഷേ, ആയുര്‍വേദ പീടികയില്‍ പോയി നന്നാറിക്കിഴങ്ങുകള്‍ വാങ്ങിവന്ന് വീട്ടില്‍ തന്നെയുണ്ടാക്കാന്‍ പറ്റുന്നതല്ല ഈ റൂഹ് ഹഫ്സ എന്നതാണ് മാറ്റം. ഹംദര്‍ദ് എന്ന യൂനാനി മരുന്ന് നിര്‍മാതാക്കളാണ് റൂഹ് ഹഫ്സ നിര്‍മിക്കുന്നത്. 1906ല്‍ ഗാസിയാബാദില്‍ ജീവിച്ചിരുന്ന ഒരു വൈദ്യനാണ് ഇത് വികസിപ്പിച്ചെടുത്തതത്രെ.

പിന്നെ, ഇഫ്താറിന് ശേഷം വീണ്ടും പ്രവാഹം തുടരും. എവിടെനിന്നോ എങ്ങോട്ടോ പോകുന്ന ആയിരങ്ങള്‍ പ്രകാശമാനമായ, അനേകം രുചികളുടെ സുഗന്ധം തങ്ങിനില്‍ക്കുന്ന തെരുവുകളിലൂടെ ഒഴുകുകയായിരിക്കും. പക്കോഡകളും, സമൃദ്ധമായ വിഭവങ്ങളുമായി വിപണി സജീവമാകും. ജുമാ മസ്ജിദ് പരിസരത്തുള്ള അല്‍ജൗഹറിലെ നഹാരിയാണ് പേരുകേട്ട ഒരു വിഭവം. ബട്‌ലാ ഹൗസിലെ സാകിര്‍ നഗറിലും നഹാരിക്ക് പ്രസിദ്ധമായ സ്ഥലങ്ങളുണ്ട്. ഇവിടെ തന്നെ പുരാണി ദില്ലി റെസ്റ്റോറന്റിലെ മട്ടണ്‍ ഹലീമാണ് രുചികരമായ ഒരു വിഭവം. ജുമാ മസ്ജിദിന്റെ തെരുവുകളില്‍ ഏറ്റവും തിരക്ക് കാണുന്ന ഒരിടം ഹാജി മുഹമ്മദ് ഹുസൈന്റെ കോഴി പൊരിച്ചത് കിട്ടുന്നിടത്താണ്. ചൗരി ബസാറിലെ ഉസ്താദ് മൊയിനുദ്ദീന്റെ കബാബുകളും ദരിയ ഗഞ്ചിലെ ചിക്കന്‍ ചങ്കേസികളും തേടി നഗരത്തിന്റെ മറ്റു ദിക്കുകളില്‍ നിന്നുകൂടി ആളുകളെത്തും. സുഭിക്ഷമായി ഭക്ഷണം കഴിച്ചിറങ്ങുന്നവരെ കാത്ത് മധുരമുള്ള ഷാഹിടുകടയും, ഹല്‍വയും, ഗുലാബ് ജാമൂനുകളും ഉണ്ടാകും.

തറാവീഹ് നിസ്‌കാരത്തിന് ശേഷം കച്ചവടങ്ങളുടെ അടുത്ത ഘട്ടം തുടങ്ങുകയായി. ലോകത്തേറ്റവും രുചിയുള്ള ചായ ഡല്‍ഹിയിലേതാണെന്നാണ് വെപ്പ്. ഇവിടുത്തെ ചായ കുടിച്ചാല്‍ അത് സമ്മതിക്കുകയും ചെയ്യും. റമളാനില്‍ തറാവീഹ് കഴിഞ്ഞാല്‍ ചായയുടെ സമയമാണ്. മീനാ ബസാറില്‍ നിന്ന് കയറി സുല്‍ത്താനാ റസിയയുടെ കുടീരത്തിനടുത്തേക്ക് നടന്നാല്‍ ഒരു ഗല്ലിയില്‍ അപാര സ്‌ക്രീന്‍ പ്രസെന്‍സുള്ള ഒരു വയോധികന്‍ നടത്തുന്ന ചായക്കടയുണ്ട്. ഡല്‍ഹിയിലെ തന്നെ മുന്തിയ ഇനം ഇറാനി ചായ കിട്ടുന്നതവിടെയാണ്. തറാവീഹ് നിസ്‌കാരം കഴിഞ്ഞാല്‍ ദരിയാ ഗഞ്ചിലെ ഘട്ടാ മസ്ജിദില്‍നിന്നും ചാന്ദ്‌നി ചൗക്കിലെ ഫത്തേഹ്പുരി മസ്ജിദില്‍ നിന്ന് വരെ ആളുകള്‍ അവര്‍ സ്‌നേഹത്തോടെ ഉസ്താദ് എന്ന് വിളിക്കുന്ന ആ വയോധികനെ തേടി വരും. സൂപ്പുകളാണ് ഈ നേരത്തെ മറ്റൊരു വിഭവം. ഇവിടുത്തെ രുചിക്കൂട്ടില്‍ മുഗള്‍ പാരമ്പര്യം തന്നെയാണ് മുന്നില്‍. നിസാമുമാരുടെ രുചികളും അഫ്ഗാനികളുടെ വിഭവങ്ങളും പിന്നീട് ഡല്‍ഹിയുടെ ഭാഗമായി. ഡല്‍ഹിയുടെ സാര്‍വദേശീയ പ്രകൃതം അങ്ങനെ അനേകം സ്വീകരിക്കലുകള്‍ നടത്തിയിരുന്നല്ലോ.

ഡല്‍ഹിയിലെ നോമ്പനുഭവങ്ങള്‍ വെറുതെ ഭക്ഷണത്തിന്റെ വിശേഷങ്ങള്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. അറുനൂറോളം മസാറുകളും സൂഫീ കേന്ദ്രങ്ങളുമുള്ള ഡല്‍ഹിയിലെ നോമ്പുകാലം ഒരുപക്ഷേ ഇന്ത്യയില്‍ മറ്റെവിടത്തേതിനെക്കാളും ആത്മനിര്‍വൃതിയുടേതു കൂടിയാണ്. നിസാമുദ്ദീനിലെ നിസാമുദ്ദീന്‍ വലിയ്യിന്റെ മഖ്ബറയിലും മെഹ്റോളിയില്‍ ബക്തിയാര്‍ ഖാഖിയുടെ മഖ്ബറയിലും എത്തുന്ന വിശ്വാസികളുടെ എണ്ണം കൂടും. ലോകത്തുള്ള മറ്റെല്ലാ മുസ്‌ലിംകളെയും പോലെ ഡല്‍ഹിയിലും വിശ്വാസികള്‍ വ്രതശുദ്ധിയിലായിരിക്കും. എന്നാല്‍, റമളാന്‍ മാസത്തിന്റെ പ്രത്യേകതകളോ, നോമ്പ് മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണെന്നതോ ഒന്നും അറിയാത്ത പാവങ്ങളെയും ഡല്‍ഹിയുടെ ഓരങ്ങളില്‍ കാണാം.

ഡല്‍ഹിക്കു പുറത്ത്, സോനിപത്തില്‍ ഒരു നോമ്പുതുറ നടത്തിയ അനുഭവം ഉത്തരേന്ത്യയില്‍ ഒരുപാട് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശൈഖ് രിഫായി ഗുലിസ്താനി പറഞ്ഞതോര്‍ക്കുന്നു. മര്‍കസിന്റെ സന്നദ്ധ സേവന സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആര്‍ സി എഫ് ഐ ആണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. കൊടും ചൂടാണ്. മാടിനെയൊക്കെ അറുത്ത് ബിരിയാണിയെല്ലാം പാചകം ചെയ്ത് നല്ല ഒരു നോമ്പുതുറ. മഗ്രിബ് വാങ്ക് കൊടുക്കുന്നതിനും ഏകദേശം ഒരു മണിക്കൂര്‍ മുമ്പായി ഭക്ഷണം ഗ്രാമവാസികള്‍ക്ക് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സമയമായപ്പോള്‍ അങ്ങനെ ചെയ്യുകയും ചെയ്തു. ഭക്ഷണ വിതരണം തുടങ്ങിയതറിഞ്ഞ് എല്ലാവരും തിക്കും തിരക്കും കൂട്ടി ഭക്ഷണം വാങ്ങി അപ്പോള്‍ തന്നെ കഴിക്കാനും തുടങ്ങി. അക്കൂട്ടത്തില്‍ അവരുടെ ‘മൗലാന’യും ഉണ്ടായിരുന്നത്രെ. ഉത്തരേന്ത്യയിലെ സാഹചര്യങ്ങളറിയുന്നവര്‍ക്ക് ഈ സംഭവത്തിലൊട്ടും അതിശയോക്തി തോന്നില്ല.

നോമ്പുകാലവും ഡല്‍ഹിയില്‍ എപ്പോഴത്തെയും പോലെ കുറെ അനുഭവങ്ങളുടേതാകും. ജുമാ മസ്ജിദിലും നിസാമുദ്ദീനിലും അതുപോലെ അനേകം പള്ളികളിലും പാവപ്പെട്ടവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വേണ്ടിയുള്ള സമൂഹ നോമ്പുതുറകളുണ്ടാകും. വര്‍ഷം മുഴുവന്‍ പട്ടിണിയില്‍ കഴിയുന്നവര്‍ക്ക് വയറുനിറക്കാന്‍ സന്തോഷത്തോടെ ഭക്ഷണം നീട്ടിക്കിട്ടുന്ന കരുണയുടെ കാഴ്ചകളുണ്ട് ഇവിടെ. ഭക്തിയുടെയും ഭക്ഷണം കഴിക്കുന്നതിന്റെയും കഴിപ്പിക്കുന്നതിന്റെയും വിരുന്നൊരുക്കുന്നതിന്റെയും കൂടിയാണ് ഡല്‍ഹിയിലെ നോമ്പനുഭവങ്ങള്‍.

എന്‍ എസ് അബ്ദുല്‍ ഹമീദ്

You must be logged in to post a comment Login