കഥാകാരനിറങ്ങിപ്പോയ നാട്ടില്‍

കഥാകാരനിറങ്ങിപ്പോയ നാട്ടില്‍

തിരുനെല്‍വേല്‍യിലെ റഹ്മാന്‍പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മുഹമ്മദ് മീരാനെന്ന വലിയ എഴുത്തുകാരന്‍ നിത്യനിദ്രയിലാണ്. കല്ലറക്ക് മീതെ ആരോ സമര്‍പ്പിച്ച പുഷ്പചക്രം തണലിടാന്‍ ഒരുമരം പോലുമില്ലാത്തതിനാല്‍ കൊടുംചൂടേറ്റ് വാടിക്കരിഞ്ഞിരിക്കുന്നു. തിരിച്ചറിയാന്‍ മീസാന്‍കല്ലുകളോ ചെടികളോ ഇല്ലാത്തതിനാല്‍ രണ്ടടിയോളം പൊക്കത്തിലുളള മണ്‍കൂന മാസങ്ങള്‍ കഴിഞ്ഞാല്‍ മണ്ണ് നീങ്ങി സാധാരണ നിലമായി മാറും. അതോടെ പ്രിയപ്പെട്ട കഥാകാരന്റെ ഖബറിടവും കാഴ്ചയില്‍ നിന്ന് മാഞ്ഞുപോകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് ഹൃദയത്തെ ശാന്തമാക്കിയ പള്ളിയുടെ ശ്മശാനത്തില്‍ അദ്ദേഹം ശാന്തമായുറങ്ങട്ടെ. അക്ഷരങ്ങളിലൂടെ തന്റെ കാലത്തെയും ദേശത്തെയും സമ്പന്നമാക്കിയ പുസ്തകങ്ങളിലൂടെ വായനക്കാരുടെ മനസില്‍ തോപ്പില്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും. തമിഴ്‌നാട്ടുകാരനായിരിക്കെ മലയാള ഭാഷയെയും മലയാളികളെയും അടുത്തറിഞ്ഞ തോപ്പില്‍ 2019 മെയ് 10ന് പുലര്‍ച്ചെ 1.18നാണ് തൂലിക മടക്കി തിരികെ വരാത്ത യാത്ര പോയത്. ഇനി അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മാത്രമാണ് ഓര്‍മ്മക്കായി ബാക്കിയുള്ളത്. തിരുനെല്‍വേലി പേട്ട വീരബാഹു നഗറിലെ ബി 26 / 17ലെ അദ്ദേഹത്തിന്റെ ചെറിയ മുറി ഇനി ഗ്രന്ഥശേഖരമായി മാറും. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഇവിടെയെത്തി മീരാന്‍ രചനകളെ അടുത്തറിയുകയും തമിഴ്-മലയാള-അറബി മലയാള-അറബിത്തമിഴ് സാഹിത്യബന്ധങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്യാം. പുസ്തകങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവെച്ച അദ്ദേഹത്തിന് ഇവ സൂക്ഷിക്കാന്‍ കൊച്ചുവീട്ടില്‍ നല്ലൊരു ഇടംപോലുമുണ്ടായിരുന്നില്ല. കിട്ടിയ സ്ഥലത്തെല്ലാം പുസ്തകങ്ങള്‍ അടുക്കിവെച്ചു. കുറെയേറെ പുസ്തകങ്ങള്‍ ചിതലുകള്‍ക്ക് ഭക്ഷണമായി. ഇതോടെ കുറെ പുസ്തകങ്ങള്‍ അടുത്തുള്ള ലൈബ്രറിക്ക് കൈമാറി. ബാക്കിയുള്ളവ ചിതലിനെ തോല്‍പിക്കാന്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളുടെ സ്ഥിതിയും ഇതു തന്നെയായിരുന്നു. പൂമുഖത്തെ ചുമരിലെ ചെറിയ ചില്ലുകൂട്ടില്‍ നിറം മങ്ങിയ ഏതാനും പുരസ്‌കാരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. തൊട്ടടുത്ത അദ്ദേഹത്തിന്റെ മുറിയിലെ മേശയിലും ചെറിയ ഷോക്കേസിലുമെല്ലാം അഭിനന്ദനപത്രങ്ങളും ഫലകങ്ങളും സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ വീര്‍പ്പുമുട്ടി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പോലും ക്ലാവ് പിടിച്ച് നിറം മങ്ങിയിട്ടുണ്ട്. ഇവയെല്ലാം പുതിയ തലമുറക്കായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മക്കളായ ശമീം അഹമ്മദും മിര്‍സാ അഹമ്മദും.

പത്രത്തില്‍ കണ്ടത് തോപ്പിലിനെ തന്നെ
‘നമ്മുടെ കടയില്‍ വന്നിരിക്കാറുള്ള ആളെ പോലെ തന്നെയുള്ള ഒരാളുടെ ഫോട്ടോ ഇന്ന് പത്രത്തിലുണ്ട്…ടിവിയിലും കാണിച്ചിരുന്നു..’ തോപ്പില്‍ മുഹമ്മദ് മീരാനെന്ന വലിയ എഴുത്തുകാരന്റെ ചിത്രം തന്നെയായിരുന്നു അതെന്ന് സാധാരണക്കാരനായ തമിഴന്‍ തിരിച്ചറിയുമ്പോഴേക്കും തിരുനെല്‍വേലിയിലെ റഹ്മാന്‍പേട്ട പള്ളിയുടെ ഖബര്‍സ്ഥാനിലെ ആറടി മണ്ണോട് ചേര്‍ന്നിരുന്നു അദ്ദേഹം. തോപ്പില്‍ മരിച്ചതിന്റെ പിറ്റേ ദിവസം പള്ളിയില്‍ വെച്ച് സാധാരണക്കാരനായ ഒരു തമിഴന്‍ മറ്റൊരാളോട് പറയുന്നതാണ് രംഗം. എഴുത്തിന് രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരം ലഭിച്ചിട്ടും അക്ഷരാഭ്യാസം കുറവുള്ള ജനങ്ങളായതിനാല്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ ആരായിരുന്നുവെന്നത് അദ്ദേഹത്തിന്റെ നാട്ടുകാര്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല. വൈകുന്നേരങ്ങളില്‍ പള്ളിയിലേക്കായി വടിയും കുത്തി വീട്ടില്‍ നിന്നിറങ്ങും. വഴിയില്‍ കാണുന്നവരോടെല്ലാം മിണ്ടിയും പറഞ്ഞുമായിരിക്കും നടത്തം. സമീപത്തെ അപ്‌സര മെഡിക്കല്‍ ഷോപ്പിന് മുന്നിലുള്ള കസേര തോപ്പിലിനായി എന്നും ഒഴിച്ചിട്ടിരിക്കും. ഇവിടെയാണ് മണിക്കൂറുകളോളം ചെലവഴിക്കുന്നത്. കടയില്‍ നില്‍ക്കുന്ന പെണ്‍കുട്ടി ചായ വാങ്ങികൊടുക്കും. അവിടെ വരുന്നവരോടും പോകുന്നവരോടുമെല്ലാം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ഇതൊരു വലിയൊരു എഴുത്തുകാരനാണെന്ന് മിക്കവരും അറിഞ്ഞിരുന്നില്ല. ചിലര്‍ക്ക് എന്തൊക്കെയോ എഴുതുമെന്ന് മാത്രം അറിയാം. എന്നാല്‍ കേരളത്തിലും വിദേശങ്ങളില്‍ പോലും മീരാന്റെ എഴുത്തുകളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. ജര്‍മ്മന്‍ ഗവേഷകനായ ടോര്‍സണ്‍ പാഷര്‍ മുസ്‌ലിം പൈതൃകത്തെ പറ്റിയുള്ള പഠനത്തിന് മീരാന്റെ വീട്ടിലെത്തിയിരുന്നു. മൂന്ന് ദിവസം ഇവിടെ താമസിച്ച അദ്ദേഹത്തെ ഒരു ദിവസം മുണ്ട് ധരിപ്പിച്ച് പള്ളിയിലേക്ക് പറഞ്ഞയച്ചു. മീരാന്റെ വിയോഗമറിഞ്ഞ് ഫേസ്ബുക്കില്‍ അദ്ദേഹം കുറിപ്പിട്ടിരുന്നു. കാനഡയില്‍ നിന്നുള്ള ഒരു എഴുത്തുകാരി മീരാന്റെ നില്‍ക്കാതെ കാല്‍ എന്ന ചെറുകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതിന് വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ പിന്നീട് അദ്ദേഹത്തിന്റെ മറ്റു ചില കഥകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് മീരാന്‍ സമ്മതം നല്‍കിയിരുന്നു. നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഥാകാരന്‍ തന്നെ കഥ മുഴുവനായി വായിച്ച് റെക്കോര്‍ഡ് ചെയ്ത് കൊടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ രോഗത്തിന്റെയും പ്രായത്തിന്റെയും അവശതകള്‍ കാരണം അദ്ദേഹത്തിന് പൂര്‍ണമായി വായിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കാതെ പോയി.

മക്കളറിയാത്ത ബാപ്പ
പ്രശസ്ത എഴുത്തുകാരനാണ് തന്റെ പിതാവെന്ന് തോപ്പിലിന്റെ മൂത്ത മകന്‍ ശമീം അഹമ്മദ് എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മാത്രമാണ് അറിയുന്നത്. അതിന് കാരണവുമുണ്ടായിരുന്നു. സ്‌കൂളിലെ ഏറ്റവും കണിശക്കാരനായ അധ്യാപകന്‍ ഒരു ദിവസം ക്ലാസിലെത്തി അപ്പ എഴുത്തുകാരനാണോ എന്ന് ചോദിച്ചു. അറിയില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ സ്വന്തം അപ്പയെ കുറിച്ച് തമ്പിക്ക് തിരിയാതാ എന്നായി അദ്ദേഹം. നാളെ പോയിട്ട് അപ്പയുടെ പുസ്തകവുമായി വരാന്‍ പറഞ്ഞു. വീട്ടിലെത്തി ബാപ്പയോട് വിവരം പറഞ്ഞപ്പോള്‍ പുസ്തകത്തിന് കാശ് വേണമെന്നും ഓസിന് തരാന്‍ പറ്റില്ലെന്നും ബാപ്പ വാശി പിടിച്ചു. മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ പുസ്തകം സൗജന്യമായി നല്‍കി. പിറ്റേ ദിവസം ഇത് മാഷിന് കൊണ്ടു പോയി കൊടുത്തു. പിന്നെയുള്ള ദിവസങ്ങളില്‍ അധ്യാപകന്‍ ഇടക്കിടെ ശമീം അഹമ്മദിനെ നോക്കി പോകും. കാര്യമറിയാതെ ശമീം ആശങ്കപ്പെട്ടു. പുസ്തകത്തില്‍ വല്ല തെറ്റുമുണ്ടോ എന്നായി സംശയം. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. അപ്പ തമിഴ് പ്രൊഫസറാണോ എന്നായി ചോദ്യം. അല്ല, ബാപ്പക്ക് മുളക് കച്ചവടമാണെന്ന് പറഞ്ഞതോടെ അധ്യാപകന് അത്ഭുതമായി. സ്റ്റാഫ് റൂമിലുണ്ടായിരുന്ന മറ്റു അധ്യാപകരെയെല്ലാം അദ്ദേഹം വിളിച്ചു വരുത്തി പുസ്തകം പരിചയപ്പെടുത്തി. തമിഴ് പഠിക്കാത്ത ഒരാള്‍ക്ക് എങ്ങനെ ഇത്ര മനോഹരമായി എഴുതാന്‍ സാധിക്കുന്നുവെന്നതായിരുന്നു അവര്‍ക്ക് സംശയം. പുസ്തകത്തിലെ ചില പദപ്രയോഗങ്ങളും ശൈലിയുമെല്ലാം ചര്‍ച്ചയായി. വിശപ്പ് വയറ്റില്‍ ചെണ്ടമേളം അടിച്ചുകൊണ്ടിരുന്നു എന്ന പ്രയോഗം അദ്ദേഹം എടുത്തുപറയുകയും ചെയ്തു. ഉത്സവങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തിലാണ് ചെണ്ടമേളം കൊട്ടുന്നത്. വിശപ്പിന്റെ കാഠിന്യത്തെ ചെണ്ടമേളത്തോടുപമിച്ച ബാപ്പയുടെ രചനാവൈഭവം അദ്ദേഹത്തിന് ഇഷ്ടമായി. ഒരു തമിഴ് പ്രൊഫസര്‍ക്ക് പോലും ഇത്ര മനോഹരമായി എഴുതാന്‍ സാധിക്കില്ലെന്നും തന്റെ അപ്പാക്ക് ദൈവം വലിയ കഴിവ് നല്‍കിയിട്ടുണ്ടെന്നും പറയുമ്പോള്‍ അധ്യാപകന്റെ കണ്ണ് നിറഞ്ഞിരുന്നു. അപ്പോള്‍ മാത്രമാണ് ബാപ്പ ഇത്ര വലിയൊരു എഴുത്തുകാരനാണെന്ന് ശമീം മനസിലാക്കുന്നത്.
ബാപ്പയെ ഇത്രയധികം ആളുകള്‍ സ്‌നേഹിച്ചിരുന്നു എന്നത് മരണശേഷമാണ് മക്കള്‍ പോലും അറിയുന്നത്. വീട്ടിലിരുന്ന് പലതും എഴുതുകയും വായിക്കുകയും ചെയ്യുന്നത് കാണാറുണ്ടായിരുന്നെങ്കിലും അതിനെ കുറിച്ച് മക്കള്‍ രണ്ടു പേരും കൂടുതലറിഞ്ഞിരുന്നില്ല. ഭാര്യയോടോ മക്കളോടോ എഴുത്തിനെ കുറിച്ച് സംസാരിക്കുന്ന പതിവ് അദ്ദേഹത്തിനുമില്ലായിരുന്നു. പിന്നീട്, സന്ദര്‍ശകരോട് സംസാരിക്കുന്നത് കേട്ടാണ് ബാപ്പയുടെ സാഹിത്യബന്ധങ്ങളും രചനാശൈലിയുമെല്ലാം അവര്‍ മനസിലാക്കിയിരുന്നത്. നല്ല കഥകള്‍ വായിച്ചാല്‍ ആ പുസ്തകം വായിക്കണമെന്ന് മക്കളായ ശമീം അഹമ്മദ്, മിര്‍സാ അഹമ്മദ് എന്നിവരോട് നിര്‍ദേശിക്കും. ആ പുസ്തകത്തെ കുറിച്ചായിരിക്കും പിന്നീട് പല വേദികളിലും പറയുക.

ജീവിത വേഷങ്ങള്‍
നാഗര്‍കോവിലിലെ എസ്.ടി ഹിന്ദു കോളജില്‍ ബി എ സാമ്പത്തിക ശാസ്ത്രത്തിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. എങ്കിലും എഴുത്തിനോടുള്ള പ്രണയം കൈവിട്ടില്ല. കുടുംബത്തിലെ ദരിദ്രാവസ്ഥ തന്നെയായിരുന്നു പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിന് കാരണം. പിന്നീട് ചെെന്നയിലേക്ക് ജോലി അന്വേഷിച്ചുള്ള യാത്രകള്‍. സിനമാനടന്‍ കരമന ജനാര്‍ദനന്‍ നായരെ പോലുള്ളവരെ അന്ന് അവിടെ വെച്ച് കണ്ടുമുട്ടി. അതോടെ ഇരുവരും സൗഹൃദമാവുകയും പിന്നീട് കരമനയും കുടുംബവും പലപ്പോഴായി തോപ്പിലിന്റെ വീട്ടില്‍ വരികയും ചെയ്യാറുണ്ടായിരുന്നു. എണ്ണയുടെ മൊത്തകച്ചവടം സ്വന്തമായി തുടങ്ങി. ഏറെ വൈകാതെ ഇതു പൂട്ടി. പിന്നീടാണ് വറ്റല്‍മുളക് വില്‍പനയിലേക്ക് തിരിഞ്ഞത്. തിരുനെല്‍വേലി ടൗണ്‍ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. തിരുവനന്തപുരം ചാലയിലും പോത്തംകോട് മാര്‍ക്കറ്റിലെ കടകളിലും മുളക് എത്തിച്ചിരുന്നു. അങ്ങനെ ഇടയ്ക്കിടെ കേരളത്തിലേക്ക് വരികയും പോവുകയും ചെയ്തിരുന്നു. മുളകിന് കൂടുതല്‍ ഓര്‍ഡര്‍ കിട്ടിയാലും ഒറ്റക്കായതിനാല്‍ ഓര്‍ഡര്‍ മറ്റുള്ളവര്‍ക്ക് നല്‍കും. കൂടുതല്‍ കച്ചവടം നടത്തി വലിയ വ്യാപാരിയാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ജീവിക്കാനുളള ചെറിയ വരുമാനം മാത്രം മതിയെന്ന നിലപാടുകാരനായിരുന്നു മീരാന്‍. വലിയ എഴുത്തുകാരനായിട്ടും ഇല്ലായ്മകളോട് പൊരുതി തന്നെയായിരുന്നു ജീവിതം. ഇതിനിടെ ലഭിക്കുന്ന ഇടവേളകളിലായിരുന്നു മീരാന്റെ സര്‍ഗഭാവനകള്‍ അക്ഷരങ്ങളായി രൂപാന്തരം പ്രാപിച്ചത്. കോളജില്‍ പഠിക്കുമ്പോള്‍ തന്നെ എഴുതുമായിരുന്നെങ്കിലും നാല്‍പത്തിയഞ്ചു വയസിന് ശേഷമാണ് പൂര്‍ണമായി എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തുകാരനായി മാറാന്‍ പ്രായം തടസമായില്ല. രാത്രി വീട്ടുകാരെല്ലാം ഉറങ്ങിയതിന് ശേഷമാകും എഴുതാനിരിക്കുക. ചില ദിവസങ്ങളില്‍ അതു പുലര്‍ച്ചെ വരെ നീളും. അപ്പോഴൊക്കെ പത്‌നി ജലീല ബീവി കട്ടന്‍ചായ ഒഴിച്ചുകൊടുത്ത് ഭര്‍ത്താവിന് ഉന്‍മേഷം പകര്‍ന്നു.

എഴുത്തിന്റെ വഴികളിലൂടെ
മൂന്ന് നോവലുകള്‍ എഴുതിയെങ്കിലും അവയെല്ലാം വെളിച്ചം കണ്ടത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. കൂനന്‍തോപ്പ് എന്ന നോവലാണ് ആദ്യം എഴുതിയത്. പിന്നീട് തുറൈമുഖം, ഒരു കടലോര ഗ്രാമത്തിന്‍ കഥൈ എന്നിവയും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നു. എന്നാല്‍ ഇവ പ്രസിദ്ധീകരിക്കേണ്ടത് എങ്ങിനെ എന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. ഇതിനുള്ള പണം ഉണ്ടായിരുന്നില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി. തുടക്കക്കാരനായതിനാല്‍ പ്രസിദ്ധീകരണത്തിന് ആരും തയാറായതുമില്ല. ഒടുവില്‍ സുഹൃത്തുക്കളില്‍ ചിലരുടെ നിര്‍ദേശപ്രകാരം ഒരു കടലോര ഗ്രാമത്തിന്‍ കഥൈ എന്ന നോവല്‍ സ്വന്തമായി അച്ചടിച്ചു. ഭാര്യ ജമീലയുടെ പേരില്‍ തന്നെയായിരുന്നു പ്രസിദ്ധീകരിച്ചത്. എന്നാല്‍ പുസ്തകം വാങ്ങാന്‍ ആളില്ലാതെ വീട്ടില്‍ കെട്ടിക്കിടന്നു. ഒടുവില്‍ സ്വന്തം കീശയില്‍ നിന്ന് പണം മുടക്കി സൗജന്യമായി കുറെ ആളുകള്‍ക്ക് പുസ്തകം പോസ്റ്റലായി അയച്ചു കൊടുത്തു. എന്നാല്‍ പുസ്തകത്തെ കുറിച്ച് ഒരു അഭിപ്രായം പോലും ആരും എഴുതിയില്ല. ഇതോടെ നിരാശയായി. പുസ്തകം ആര്‍ക്കും ഇഷ്ടമായിട്ടില്ലെന്ന് കരുതി വിഷമിച്ചിരിക്കുമ്പോഴാണ് മാസങ്ങള്‍ക്ക് ശേഷം ഒരു കത്ത് ലഭിക്കുന്നത്. സാധാരണക്കാരനായ ഒരു വായനക്കാരന്റെ കത്തായിരുന്നു അത്. നോവല്‍ നന്നായെന്നും അതിലെ ഭാഷ തമിഴില്‍ വലിയ മാറ്റമുണ്ടാക്കുമെന്നുമായിരുന്നു എഴുത്തിലുണ്ടായിരുന്നത്. അപ്പോഴാണ് മീരാനും ഇങ്ങനെയൊക്കെയുണ്ടോ എന്ന് ശ്രദ്ധിക്കുന്നത്. കുമരിതമിഴ് ഭാഷയിലാണ് മീരാന്‍ എഴുതിയിരുന്നത്. മലയാളം തമിഴ് അറബി ഭാഷകള്‍ കലര്‍ന്ന എഴുത്തായതിനാല്‍ മലയാളികള്‍ മലയാളമാണെന്നും തമിഴര്‍ തമിഴ്ഭാഷയാണെന്നും കരുതി. ജന്‍മനാടായ തേങ്ങാപട്ടണത്തെ സംസാരഭാഷയും ഇങ്ങനെയായിരുന്നു. പിന്നീട് തമിഴ് എഴുത്തുകാരനായ സുന്ദര്‍ രാമ സ്വാമിയും തീക്കാ ശിവശങ്കരനും പുസ്തകത്തെ കുറിച്ച് അഭിപ്രായം പറഞ്ഞു. തീക്കാ ശിവശങ്കരന്‍ മീരാന്റെ വലിയ വിമര്‍ശകനായിരുന്നു. വിമര്‍ശനം കേള്‍ക്കാന്‍ മിക്ക ദിവസവും മീരാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമായിരുന്നു. എല്ലാം തുറന്നുപറയുന്ന ആളായതിനാല്‍ മീരാന് അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. മീരാന്റെ ഒരു നോവലിന് അഞ്ചുവണ്ണം തെരു എന്ന് പേരിട്ടത് തീക്കാ ശിവശങ്കരനായിരുന്നു. മീരാന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത ചായ്‌വു നാര്‍ക്കാലി തമിഴ്‌നാട്ടില്‍ നിന്ന് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന മുസ്‌ലിം മുരശ് എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യമായി അച്ചടിച്ചു വന്നത്. കൂടാതെ സുഹൃത്തായിരുന്ന പ്രൊഫ. കെ മുഹമ്മദ് ഫാറൂഖ് നടത്തിയിരുന്ന മദീന എന്ന പുസ്തകത്തിലും മീരാന്റെ എഴുത്തുകള്‍ വെളിച്ചം കണ്ടു. ഇദ്ദേഹം ഞായറാഴ്ചകളില്‍ വീട്ടിലെത്തി മീരാന്‍ മലയാളത്തിലെഴുതിയ കഥകളെല്ലാം തമിഴിലേക്ക് മാറ്റിയെഴുതുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഏഴ് നോവലുകളാണ് അദ്ദേഹം എഴുതിയത്. കുടിയേറ്റമാണ് അവസാനമായി പ്രസിദ്ധീകരിച്ച നോവല്‍. ആറ് ചെറുകഥാ സമാഹാരങ്ങളും പുറത്തിറങ്ങി. മീരാന്റെ രചനകള്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. വിവിധ യൂനിവേഴ്‌സിറ്റികള്‍ മീരാന്റെ രചനകള്‍ പാഠ്യവിഷയമാക്കിയിട്ടുമുണ്ട്. കേരള യൂനിവേഴ്‌സിറ്റിയാണ് ആദ്യമായി തമിഴ് പാഠപുസ്തകമായി ഒരു കടലോര ഗ്രാമത്തിന്‍ കഥൈ എന്ന നോവല്‍ ഉള്‍പ്പെടുത്തിയത്. പിന്നീടാണ് തമിഴ്‌നാട്ടിലെ വിവിധ യൂനിവേഴ്‌സിറ്റികള്‍ പോലും മീരാന്റെ രചനകളെ ശ്രദ്ധിക്കുകയും പാഠഭാഗമാക്കുകയും ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ തമിഴ്‌നാട്ടിലെ പന്ത്രണ്ടാംക്ലാസില്‍ അദ്ദേഹത്തിന്റെ തലക്കുളം എന്ന ചെറുകഥ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടാകും. ശമീമിന്റെ മകളും അടുത്ത വര്‍ഷം ഈ പുസ്തകം പഠിക്കുന്നുണ്ട്. മീരാന്‍ ഇത് അവളോട് പറയുകയും ചെയ്തിരുന്നു.

ലളിത പ്രകൃതം
അറിയപ്പെടുന്ന എഴുത്തുകാരനായിട്ടും ലളിതമായ ജീവിതമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രധാന സവിശേഷത. ദുബൈയില്‍ സിറാജ് ദിനപത്രത്തിന്റെ ബുക് ഫെയറില്‍ പങ്കെടുക്കാന്‍ ചെന്ന അദ്ദേഹത്തിന് സൗകര്യങ്ങളെല്ലാമുള്ള മുറിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതു വേണ്ടെന്നും ചെറിയ മുറി മതിയെന്നും പറഞ്ഞെങ്കിലും പണം അടച്ചതാണെന്ന് സംഘാടകര്‍ അറിയിച്ചതോടെ അവിടെതന്നെ താമസിക്കേണ്ടി വന്നു. മീരാന്‍ ദുബൈയില്‍ ഉണ്ടെന്നറിഞ്ഞ് പല സംഘടനകളും അവരുടെ പരിപാടികളിലേക്ക് ക്ഷണിച്ചെങ്കിലും എല്ലാ ചെലവും വഹിച്ച് കൊണ്ടു വന്ന സിറാജ് മാനേജ്‌മെന്റിന്റെ സമ്മതം ലഭിച്ചതിന് ശേഷം മാത്രമാണ് പങ്കെടുക്കാന്‍ തയാറായത്. കോഴിക്കോട്ടെ ഒരു പരിപാടിയില്‍ വെച്ച് സിനിമാനടന്‍ മാമുക്കോയ ഒരിക്കല്‍ മീരാന്റെ കൈപിടിച്ച് മുത്തിക്കൊണ്ടു പറഞ്ഞത് തങ്കപ്പെട്ട മനുഷ്യനാണീ നില്‍ക്കുന്നതെന്നായിരുന്നു. മീരാന്റെ ലാളിത്യമായിരുന്നു മാമുക്കോയയെ ആകര്‍ഷിച്ചത്. സാമൂഹ്യമാധ്യമങ്ങള്‍ ഒന്നു പോലും അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. ആന്‍ഡ്രോയ്ഡ് ഫോണ്‍ പലതവണ മക്കള്‍ ഗള്‍ഫില്‍ നിന്ന് അയച്ചുകൊടുത്തെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ മക്കള്‍ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി. വിക്കീപീഡിയയില്‍ ചെറിയ മകന്‍ മിര്‍സാ അഹമ്മദാണ് പിതാവിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ചേര്‍ത്തത്. സൗകര്യമുളള മറ്റൊരിടത്തേക്ക് താമസം മാറാമെന്ന് പലരും പറഞ്ഞെങ്കിലും അതിനും സമ്മതിച്ചില്ല. തന്നെ ആളുകള്‍ അറിഞ്ഞു തുടങ്ങിയതും അംഗീകാരങ്ങള്‍ ലഭിച്ചതുമെല്ലാം ഈ വീട്ടില്‍ വെച്ചാണെന്നും മരണം വരെ ഇവിടെ നിന്ന് മറ്റെവിടേക്കുമില്ലെന്ന് അദ്ദേഹം ശഠിച്ചു. വീടിന് കുറച്ചകലെയുള്ള ആറ്റില്‍ പോയി കുളിക്കാനും ചെറിയ യാത്രകള്‍ പോകാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. ഇതിനായി ആരെയെങ്കിലുമൊക്കെ അദ്ദേഹം തന്നെ കണ്ടെത്തും. നല്ലൊരു കുടുംബനാഥന്‍ കൂടിയായിരുന്നു മീരാന്‍. വീട്ടിലുള്ളപ്പോഴെല്ലാം പേരമക്കളോടൊപ്പം കൂട്ടുകൂടാനും തമാശ പറഞ്ഞിരിക്കാനുമെല്ലാം സമയം കണ്ടെത്തും. ദൂരയാത്രകളില്‍ പേരമക്കളില്‍ ആരെയെങ്കിലും കൂടെ കൂട്ടും. പെരുന്നാളിന് വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ മുന്നിലുണ്ടാവും. ഗ്യാസ് സ്റ്റൗവില്‍ പാകം ചെയ്യുന്ന ഭക്ഷണത്തോട് വലിയ താത്പര്യമില്ലാത്തതിനാല്‍ പറമ്പില്‍ നിന്ന് വിറക് കൊണ്ടു വന്ന് അടുപ്പ് കത്തിക്കും. സഹായത്തിന് മാത്രമേ ഭാര്യ ജലീല ബീഗത്തെ വിളിക്കുമായിരുന്നുള്ളു. തികഞ്ഞ പ്രകൃതിസ്‌നേഹി കൂടിയായിരുന്നു. പുറത്തേക്ക് നോക്കി പ്രകൃതിയെ കണ്ടറിഞ്ഞാണ് യാത്ര. വീട്ടിലെ മുറ്റത്തെ മരത്തിന്റെ ഇലകളൊന്നും തൂത്തുവാരാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. അതെല്ലാം അവിടെ തന്നെ കിടന്ന് പ്രകൃതിക്ക് വളമായി മാറട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കാടും മരവുമെല്ലാം ഏറെ ഇഷ്ടപ്പെട്ടു. വീട്ടില്‍ നിന്ന് ദിവസങ്ങള്‍ എടുക്കുന്ന യാത്ര പോകുമ്പോഴാണ് ഭാര്യ ജലീല ബീവി മുറ്റത്തെ ഇലകള്‍ തൂക്കുകയും കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കുകയും ചെയ്യുന്നത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഇതിന്റെ പേരില്‍ ഭാര്യയോട് ദേഷ്യപ്പെടുമായിരുന്നു അദ്ദേഹം.

അവസാന നിമിഷങ്ങള്‍
കാലിലെ വേദന അദ്ദേഹത്തെ വര്‍ഷങ്ങളായി പിന്തുടര്‍ന്നിരുന്നു. ചികിത്സയുണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം അവഗണിച്ച് അദ്ദേഹം എഴുത്തും യാത്രകളുമായി കഴിഞ്ഞുവരുന്നതിനിടെയാണ് വയറ്റില്‍ നീര്‍കെട്ട് കണ്ടെത്തിയത്. തിരുവനന്തപുരം ആര്‍ സി സിയില്‍ വെച്ച് രോഗം തിരിച്ചറിയുകയും കീമോആരംഭിക്കുകയും ചെയ്തു. മൂന്ന് കീമോ ചെയ്ത് വീട്ടിലേക്ക് തിരിച്ചു. ഭക്ഷണം കഴിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തതോടെ വിദേശത്ത് നിന്നെത്തിയ മകന്‍ ശമീം തിരികെ പോകാന്‍ ടിക്കറ്റെടുക്കുകയും ചെയ്തു. ഇതിനിടെ വൈകുന്നേരം ജോലിക്കാരിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു. രോഗം തിരിച്ചറിഞ്ഞതോടെ സന്ദര്‍ശക മുറിയിലെ ടേബിളിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം മീരാന്‍ അവിടെ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം ആര്‍ സി സിയില്‍ കിടക്കുമ്പോള്‍ ഒന്നും വായിക്കുന്നില്ലേയെന്ന് മകന്‍ ശമീം അഹമ്മദ് ചോദിച്ചപ്പോള്‍ രിസാലയും മാധ്യമവും വാങ്ങിവരാന്‍ പറഞ്ഞു. എന്നാല്‍ പ്രസിദ്ധീകരണം വാങ്ങി നോക്കിയതല്ലാതെ വായിച്ചില്ല. വീട്ടിലെത്തിയിട്ട് വായിക്കാമെന്ന് പറഞ്ഞ് എടുത്ത് വെച്ചെങ്കിലും പിന്നീട് അതിന് അവസരമുണ്ടായില്ല. എഴുതാനാഗ്രഹിച്ച അനേകം കഥകളെന്ന പോല്‍, വായിക്കാനാഗ്രഹിച്ച അനേകം കൃതികളെയും വിട്ടേച്ച് അദ്ദേഹം അനന്തതയിലേക്ക് യാത്ര പോയിരിക്കുന്നു. എഴുത്തുമേശയും കസേരയും ആ ജീവിതത്തിന്റെ സാക്ഷ്യമായി സന്ദര്‍ശകരെ വരവേല്‍ക്കുന്നു.
ജലീല്‍ കല്ലേങ്ങല്‍പടി

You must be logged in to post a comment Login