കരിനിയമം തട്ടിപ്പറിച്ച കാല്‍നൂറ്റാണ്ടിന്റെ ജീവിതം

കരിനിയമം തട്ടിപ്പറിച്ച കാല്‍നൂറ്റാണ്ടിന്റെ ജീവിതം

2019 ഫെബ്രുവരി 27, നാസിക്കിലെ ടാഡ പ്രത്യേക കോടതി. ഇരുപത്തിയഞ്ച് വര്‍ഷത്തെ നിരന്തരവും നിരാശാജനകവുമായ നീണ്ട നിയമപോരാട്ടങ്ങളുടെ അതിനിര്‍ണായകമായ ഒരു വിധി പ്രതീക്ഷിച്ച് പതിനൊന്നു പേര്‍ കോടതിയില്‍ ക്ഷമയോടെ നില്‍ക്കുന്നു; ജമീല്‍ അഹമ്മദ് ഖാന്‍, മുഹമ്മദ് യൂനുസ്, യൂസുഫ് ഖാന്‍, ഹാറൂണ്‍ അന്‍സാരി, വസിം ആസിഫ്, അയ്യൂബ് ഇസ്മായില്‍ ഖാന്‍, ഷെയ്ഖ് ശാഫി, ഫാറൂഖ് അഹ്മദ് ഖാന്‍, അബ്ദുല്‍ ഖാദര്‍ ഹബീബി, സയ്യിദ് അഷ്ഫാഖ് മിര്‍, മുംതാസ് നിര്‍ത്താസ മിര്‍. പതിനൊന്നു പേരുടെയും കുടുംബങ്ങള്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിന്റെ കദനഭാരവും പേറി വിധിക്ക് കാതോര്‍ത്തിരിക്കവേ ജസ്റ്റിസ് എസ് സി ഖാട്ടി വിധി പ്രസ്താവിക്കുന്നു. ടാഡ ചുമത്തപ്പെട്ട് ഇരുപത്തിയഞ്ചുവര്‍ഷം വിചാരണ തടവുകാരായി കഴിഞ്ഞ പതിനൊന്നുപേര്‍ക്കെതിരെയും തെളിവുകളില്ല എന്ന് കണ്ടെത്തി കോടതി അവരെ മോചിപ്പിക്കാന്‍ ഉത്തരവിടുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തെ ഇരുള്‍മൂടിയ ജീവിതത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെ പൊലിവ് തിക്കിത്തിരക്കുന്നതായി ആ പതിനൊന്ന് പേര്‍ക്കും അനുഭവപ്പെട്ടു. കാല്‍നൂറ്റാണ്ടു കാലം ശൂന്യത ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്തതോര്‍ത്ത്, അക്കാലമത്രയും നഷ്ടപ്പെട്ട വസന്തമോര്‍ത്ത് അവര്‍ക്ക് കരച്ചില്‍ തള്ളിവന്നു. പലരുടെയും കുടുംബങ്ങള്‍ വാവിട്ട് കരഞ്ഞു.

കോടതി വളപ്പില്‍ നിന്നിറങ്ങുമ്പോള്‍ ഇനിയുള്ള ദിവസങ്ങളിലെ ദിനചര്യകളോര്‍ത്ത് അവരില്‍ പലര്‍ക്കും ആധിയുണ്ടായി. എന്നെന്നേക്കുമായി നഷ്ടമായി എന്ന് തോന്നിയ ഇടങ്ങളിലേക്ക് പറിച്ചുനടാന്‍ കെല്പുള്ള ജീവിതം തങ്ങള്‍ക്കിനി ബാക്കിയില്ലെന്നോര്‍ത്ത് അവര്‍ക്ക് ദുഃഖം തികട്ടി. കാലമിത്രയും കേട്ടുകൊണ്ടിരുന്ന തീവ്രവാദിവിളികളില്‍, ഒറ്റുകാരന്‍ എന്ന നോട്ടങ്ങളില്‍, ഭീകരനെന്ന മുദ്രകളില്‍ നഷ്ടപ്പെട്ടുപോയ അഭിമാനബോധം തിരിച്ചുകിട്ടാതെ തലകുനിച്ചു കൊണ്ടുതന്നെ അവര്‍ പടിയിറങ്ങി തുടങ്ങി. അന്നേരം, തീവ്രവാദികളെന്ന് ചാപ്പകുത്താന്‍ മത്സരിച്ച മാധ്യമങ്ങളെ നോക്കി അവര്‍ നിസ്സഹായതയുടെ നോട്ടമെറിഞ്ഞു. ചിലരെങ്കിലും പുഞ്ചിരിച്ചു. അഭ്യൂഹങ്ങളുടെ, അതിവായനയുടെ, മുന്‍ധാരണകളുടെ പ്രചാരകരായി ജീവിതം നശിപ്പിച്ചവര്‍ക്കു നേരെയുള്ള ദഹിപ്പിക്കുന്ന നോട്ടങ്ങളും നെടുവീര്‍പ്പുകളുമായി അവര്‍ നടന്നകന്നു.

മഹാരാഷ്ട്രയില്‍ താപ്തി നദിയുടെ തീരത്ത് ജാല്‍ഗാവോണ്‍ ജില്ലയിലാണ് ഭുസ്വാള്‍ എന്ന നഗരം. ഈ ജില്ലയില്‍ ജനസാന്ദ്രതയേറിയ ഏറ്റവും വലിയ നഗരമാണിത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ പലയിടങ്ങളിലും ഉണ്ടായ വര്‍ഗീയ അസ്വാരസ്യങ്ങളും സംഘട്ടനങ്ങളും കലാപങ്ങളും മഹാരാഷ്ട്രയെയും കാര്യമായി ബാധിച്ചിരുന്നു. മുംബൈ നഗര പ്രാന്തങ്ങളിലും ചേരികളിലുമുണ്ടായ വര്‍ഗീയമായ വിഭജനം ഭീതിദമായിരുന്നു. കലാപവും ബോംബ് സ്‌ഫോടനങ്ങളുമുണ്ടായി. രാഷ്ട്രീയക്കാരും, പൊലീസും, ഭൂമാഫിയകളും അധോലോകവും ഇന്ത്യയിലെ ഒരു വന്‍നഗരത്തിന്റെ സ്വസ്ഥത പങ്കിട്ടെടുത്തു.

മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും വന്‍തോതില്‍ മുസ്‌ലിംകളെ പോലീസ് തടവിലാക്കുന്നു. കലാപശ്രമങ്ങള്‍, സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യല്‍, തീവ്രവാദ ബന്ധം എന്നിങ്ങനെ ഒരേ ഭാവവും രീതിയുമുള്ള കേസുകള്‍ അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടു. അങ്ങനെയിരിക്കെ ഭുസ്വാളിലും മുസ്‌ലിം ചെറുപ്പക്കാരെ തേടി പൊലീസും കരിനിയമവുമെത്തി.

1994 മെയ് 28 താനെ:ക്ലാസ് മുറിയില്‍നിന്ന് ജയിലിലേക്ക്
അധ്യാപനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുകയായിരുന്ന ഫാറൂഖ് അഹ്മദ് ഖാനെ പൊലീസ് വിളിപ്പിക്കുന്നു. വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ടൊക്കെ ശരിയാക്കിയിരുന്നു ഫാറൂഖ്, തന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട എന്തോ വെരിഫിക്കേഷനാണ് പൊലീസ് വിളിപ്പിക്കുന്നതെന്നേ കരുതിയുള്ളൂ. പക്ഷേ, സ്റ്റേഷനിലെത്തിയ ഉടനെ ഫാറൂഖിനെ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് കൊണ്ടുപോയി. അവിടേക്കുള്ള യാത്രയില്‍ തന്നെ എല്ലാം കീഴ്‌മേല്‍ മറിയുന്ന പ്രതീതിയുണ്ടായി. കമ്മീഷണറുടെ ഓഫീസില്‍ വെച്ച് ജമീല്‍ അഹ്മദ് ഖാനെ അറിയുമോ എന്ന് ചോദിച്ചു. ജമീല്‍ തന്റെ മാതുലനാണെന്ന് ഫാറൂഖ് അവരോട് മറുപടി പറഞ്ഞു. എങ്കില്‍ ആഷിഖ് ഹുസൈന്‍ ഖാണ്ഡേയ് എന്നൊരാളെ അറിയുമായിരിക്കുമല്ലോ എന്നായി ചോദ്യം. അങ്ങനെയൊരാളെ പറ്റി കേട്ടിട്ട് തന്നെയില്ല എന്ന് ഫാറൂഖ് പറഞ്ഞു. മുംബൈ പൊലീസ് തേടിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളിയാണിയാളെന്നും ഇയാളുമായി ചേര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ നഗരങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്തതിനും ഹിന്ദു പ്രദേശങ്ങളില്‍ കലാപത്തിന് കോപ്പുകൂട്ടിയതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഫാറൂഖിനോട് വിശദീകരിച്ചു. പൊലീസിന് ആളു മാറിയതാകാമെന്നും ഹുസൈന്‍ ഖാണ്ഡേയ് എന്നൊരാളെ കുറിച്ചോ ഇപ്പറഞ്ഞ കുറ്റങ്ങളെ പറ്റിയോ തനിക്കൊന്നും അറിയില്ലെന്ന് ഫാറൂഖ് കരഞ്ഞുകേണു. ഫാറൂഖിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന അതേസമയം തന്നെ ജമീല്‍ അഹമദ് ഖാന്‍ അടക്കം മറ്റു പലരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഐ പി സി 120(ആ), 153 ടാഡ 3(3)(4)(5), 4(1)(4) എന്നീ വകുപ്പുകള്‍ ചുമത്തപ്പെട്ടു. പൊലീസ് പീഡനങ്ങളും, ചോദ്യം ചെയ്യലുകളും, ‘തെളിവെടുപ്പുകളും’ തുടര്‍ന്നു പോന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവര്‍ക്കതില്‍ താല്പര്യം കുറഞ്ഞതുപോലെ. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തീവ്രവാദിയെന്ന് മുദ്രകുത്തപ്പെടുകയും കേസുകളില്‍ ഒരു തീര്‍പ്പുമില്ലാതാവുകയും ചെയ്യുന്നത് അസഹനീയമായിരുന്നു. അങ്ങനെയിരിക്കെ ജംഇയ്യതുല്‍ ഉലമ ഹിന്ദിന്റെ നിയമസഹായം അവര്‍ക്ക് തുണയായി എത്തി. ഒന്നുകില്‍ ചുമത്തപ്പെട്ട കേസുകള്‍ ഫയല്‍ ചെയ്തതനുസരിച്ച് വിചാരണ നടത്തണം, അല്ലെങ്കില്‍ എല്ലാം ഒഴിവാക്കി ഇവരെ മോചിപ്പിക്കണം; അവര്‍ മേല്‍ക്കോടതികളെ സമീപിച്ചു. അങ്ങനെ മരവിച്ചു തുടങ്ങിയ കേസുകള്‍ക്ക് അനക്കമുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടു. പക്ഷേ, ടാഡ റിവ്യൂ കമ്മിറ്റി കേസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടെ എന്നായിരുന്നു സര്‍ക്കാരിന്റെ വിജ്ഞാപനം. വീണ്ടും ഒരു എട്ട് വര്‍ഷം കൂടി കേസങ്ങനെ പൊടിപിടിച്ചു കിടന്നു; അവരുടെ ജീവിതങ്ങളും അതോടൊപ്പം ചിതലരിച്ചു തീരുകയായിരുന്നു.

പൊലീസ് പീഡനങ്ങള്‍ അസഹ്യവും ഭീകരവുമായിരുന്നു. ആ ദിനരാത്രങ്ങളെ പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഹാറൂണ്‍ അന്‍സാരിക്ക് കരച്ചില്‍ വരുന്നുണ്ട്. ദിവസങ്ങളോളം ക്രൂരമര്‍ദനത്തിനിരയാക്കി. ഭീകരവാദിയെന്ന കുത്തുവാക്കുകളാണ് തീരെ സഹിക്കാന്‍ പറ്റാതിരുന്നത്. പൊലീസിന് ആളുമാറിയതൊന്നുമല്ല, നിരപരാധികളാണെന്നറിഞ്ഞുകൊണ്ടു തന്നെ പിടിച്ചതാണ്. ‘അവര്‍ക്ക് കുറച്ചു മുസ്‌ലിംകളെ വേണമായിരുന്നു, ഞങ്ങള്‍ ചെയ്ത തെറ്റ് അതുമാത്രമായിരുന്നു. മുസ്‌ലിമായി ഇന്ത്യയില്‍ ജനിച്ചു.’ പക്ഷേ, ഈ രാജ്യം നമുക്കന്യമല്ലെന്ന് തന്നെ വിശ്വസിച്ചു. തീവ്രവാദം ചുമത്തുന്നവരാണ് ശരിക്കും രാജ്യദ്രോഹികള്‍. സ്വന്തം രാജ്യത്തെ പൗരന്മാരെ തന്നെ അപരവത്കരിക്കുകയാണവര്‍. അഖണ്ഡത തകര്‍ക്കുന്നതവരാണ്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ നിയമസഹായങ്ങള്‍ എത്തിയതോടെ പോരാടാന്‍ തന്നെ ഉറച്ചു. കുറെ കാലം ജീവിക്കണമെന്ന് അപ്പോഴും കൊതി തോന്നിയില്ല. പക്ഷേ, ‘ഞങ്ങളൊരിക്കലും രാജ്യത്തിനെതിരില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ആരെയൊക്കെയോ ബോധിപ്പിക്കണമെന്നുണ്ടായിരുന്നു.’
പ്രത്യേകിച്ചും ജനിച്ചു വളര്‍ന്ന ഗല്ലിയിലെ അയല്‍വാസികളെ, ഓര്‍മ വെച്ച കാലം മുതല്‍ക്ക് കളിച്ചുവളര്‍ന്ന കൂട്ടുകാരെ, കുടുംബക്കാരെ. പൊലീസ് പിടിയിലായതോടെ എല്ലാവരും അവഗണിച്ചുകളഞ്ഞു. ഒരു തെളിവുമില്ലാത്ത പൊലീസ് ഭാഷ്യം അവരൊക്കെയും വിശ്വസിച്ചു. കാലമത്രയും അവരുടെ കണ്‍മുന്നില്‍ വളര്‍ന്നവരെ അവര്‍ അവിശ്വസിച്ചു. ആദ്യം ബഹിഷ്‌കരിച്ചത് സ്വന്തം സമുദായം തന്നെ. ഉറ്റവര്‍ മാത്രം വിട്ടുപോയില്ല. പക്ഷേ, അവരും ഒറ്റപ്പെട്ടു. ജയിലിനകത്ത് ഒറ്റയ്ക്കായവരുടെ ഉടയവര്‍ ജയിലിനു പുറത്ത് ഒറ്റയ്ക്കായി. മാധ്യമങ്ങള്‍ക്ക് എവിടെ നിന്നൊക്കെയോ, എന്തൊക്കെയോ കഥകള്‍ കിട്ടുന്നുണ്ടായിരുന്നു. കാശ്മീരിലും പാകിസ്ഥാനിലും ഭീകരരാകാനുള്ള പരിശീലനം നേടിയതിന്റെ കഥകള്‍ മുതല്‍, കൊടുംരാക്ഷസന്മാരും നിഷ്ഠുരരുമാക്കി ചിത്രീകരിക്കുന്ന ഫീച്ചറുകള്‍ വരെ അവരുണ്ടാക്കി. ഭുസ്വാള്‍ അല്‍ജിഹാദ്, അല്‍ജിഹാദ് തന്‍സീം തുടങ്ങിയ ‘ഭീകര’ സംഘടനകളും മാധ്യമങ്ങള്‍ ഉണ്ടാക്കി. അതിനെല്ലാം പൊലീസ് സാക്ഷ്യവും ഉണ്ടായിരുന്നു.

മുഹമ്മദ് മുര്‍തസ മിര്‍ പൊലീസ് പിടിയിലാകുമ്പോള്‍ ഭാര്യക്ക് നിറവയറാണ്. ജയിലിലായിരിക്കുമ്പോള്‍ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. പൊലീസ് ഈ വിവരം മുര്‍തസയെ അറിയിച്ചതേയില്ല. ഗര്‍ഭിണിയായ ഭാര്യയെ ഓര്‍ത്തു കരയാത്ത ഒരു ദിവസവും മുര്‍തസക്ക് അവിടെയില്ലായിരുന്നു. തനിക്കൊരു ഓമന മകളുണ്ടായതറിയാതെ അയാള്‍ ജയിലഴികള്‍ക്കുള്ളില്‍ നീറിക്കൊണ്ടിരുന്നു. പൊലീസാകട്ടെ മാധ്യമങ്ങള്‍ക്ക് കൊടുത്ത വിവരം ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞ് പെണ്ണായതിനാല്‍ മുര്‍തസക്ക് കാണണ്ട എന്ന് പറഞ്ഞിട്ടുണ്ട് പോല്‍. മാധ്യമങ്ങള്‍ ഇത് ശരിക്കും ആഘോഷിച്ചു. കൊടും ക്രൂരനും കഠിന ഹൃദയനുമായ ഭീകരനാണ് മുര്‍തസയെന്ന് അവരെഴുതി. ഇസ്ലാമിലെ സ്ത്രീവിരുദ്ധത എന്ന വിഷയത്തില്‍ അധികപ്രസംഗങ്ങളുമുണ്ടായി.

കുറ്റവിമുക്തരായിമാറുമ്പോഴും ആ മാധ്യമങ്ങള്‍ക്കൊന്നും ഒരു ഖേദവും കാണില്ല. അവര്‍ക്ക് ഇതൊന്നും വലിയ വാര്‍ത്തകളേ ആകുന്നില്ല. ടാഡയും പോട്ടയും മാറി ഇപ്പോള്‍ യു എ പി എയുണ്ട്. ഈ കരിനിയമങ്ങളൊക്കെയും മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ മാത്രം ദുരുപയോഗിക്കപ്പെടുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എല്ലാ സാധ്യതയും സാധുതയും നല്‍കുന്നു ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ അധികാരങ്ങളും. കള്ളക്കേസ് ചമച്ച് കാലമിത്രയും പീഡിപ്പിച്ച പൊലീസുകാര്‍ക്കെതിരെ ഒരു നടപടിയുമില്ല. ക്രിമിനല്‍ പീനല്‍ കോഡിലെ 197 വകുപ്പ് തകര്‍ത്തുകളഞ്ഞത് വേറെയും അനേകം ചെറുപ്പക്കാരുടെ ജീവിതങ്ങളാണ്. നിരപരാധിയെന്ന് തെളിഞ്ഞതിന്റെ പേരില്‍ പൊലീസ് നഷ്ടപരിഹാരം കൊടുക്കണമെന്ന് തീര്‍പ്പുണ്ടായത് ഡല്‍ഹിയിലെ മുഹമ്മദ് ആമിര്‍ ഖാന്റെ കേസില്‍ മാത്രമാണ്. നഷ്ടപരിഹാരം പൊലീസായാലും സര്‍ക്കാരായാലും കൊടുക്കുന്നതെന്തായാലും പകരമാകാത്തത് ഇവര്‍ക്കൊക്കെ നഷ്ടമായ സമൂഹത്തിലെ അവരുടെ ഇടങ്ങളാണ്.

25 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി നേടിയെന്നത് വാര്‍ത്തകളുടെ തലവാചകത്തില്‍ മാത്രം ഭംഗി തോന്നിക്കുന്ന കാര്യമാണ്. ആ ഇരുപത്തിയഞ്ചു വര്‍ഷം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലമാണ്. ജയിലിലും, ജാമ്യത്തിലും, അപകര്‍ഷതയിലും, കുത്തുവാക്കുകള്‍ക്കിടയിലും, തന്റെ പേരില്‍ തകര്‍ന്നുപോയ ഉറ്റവരുടെയും ഉടയവരുടെയും കണ്ണീരിലുമായി കഴിയേണ്ടി വരുന്ന ഇരുപത്തിയഞ്ചു വര്‍ഷം! സയ്യിദ് അഷ്ഫാഖ് മിര്‍ ഒരു വൈദ്യനായിരുന്നു. ഈ കേസോടെ അയാള്‍ ഭ്രഷ്ടനായി. തന്റെ അരികില്‍ ചികിത്സക്ക് വന്നിരുന്ന, രോഗശമനം നേടിയതിന്റെ പേരില്‍ ഏറെ സ്‌നേഹിച്ചിരുന്നവരൊക്കെയും വെറുപ്പോടെ തന്നെ നോക്കുന്നത് കണ്ട അഷ്ഫാഖ് പലതവണ തളര്‍ന്നുപോയി. മുഹമ്മദ് യൂനുസും ഒരു ഡോക്ടര്‍ ആയിരുന്നു. അഷ്ഫാഖിന്റെ അതേ അനുഭവമായിരുന്നു യൂനുസിനും. ഹാറൂണ്‍ അന്‍സാരി അയാളുടെ പ്രദേശത്തെ കേമനായ യൂനാനി വൈദ്യനായിരുന്നു. അന്‍സാരിക്കും വേറെ അനുഭവങ്ങളൊന്നുമുണ്ടായില്ല; അവഗണനയും അവജ്ഞയും മാത്രം. വിദ്യാസമ്പന്നരായ മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടുന്നതിന്റെ പിന്നില്‍ ഒരു മനശാസ്ത്രമുണ്ട്; ഒരു സമുദായത്തെ മുഴുവന്‍ വീണ്ടും വീണ്ടും അപകര്‍ഷതയിലാഴ്ത്തുക എന്നതാണ്.

ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ അനേകമുണ്ട്. ഇനിയും മോചിക്കപ്പെടാത്ത നിരപരാധികളാണ് ഏറെയും. മതിയായ നിയമസഹായം എത്താത്തതിനാല്‍ ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചു വരാനാകില്ലെന്നതുപോലെ വീണുപോയവര്‍. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ചെയ്യുന്നതുപോലെ ഇത്തരക്കാര്‍ക്ക് നിയമ സഹായം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ഇത്തരം കേസില്‍ അകപ്പെടുന്നവരുടെ വിചാരണ വൈകിപ്പിക്കാതിരിക്കുക തന്നെയാണ് ചെയ്യേണ്ട പ്രഥമ സഹായം. അവരുടെ അപരാധിത്വവും നിരപരാധിത്വവുമെല്ലാം വഴിയേ തീരുമാനിക്കപ്പെടട്ടെ. തെറ്റു ചെയ്തവരെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടട്ടെ. ഒരു കുറ്റവും ചെയ്യാതെ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ആര്‍ക്കും നഷ്ടപ്പെടുകയുമരുതല്ലോ.

എന്‍ എസ് അബ്ദുല്‍ ഹമീദ്

You must be logged in to post a comment Login