ഈ ആത്മീയ മണ്ഡലത്തില്‍ ചെറുജീവികളുടെ ഇടം

ഈ ആത്മീയ മണ്ഡലത്തില്‍ ചെറുജീവികളുടെ ഇടം

ഇരുട്ടില്‍ ചെറിയൊരു വെളിച്ചം കത്തിക്കുമ്പോള്‍ അവിടെയും പ്രാണികളുടെ ആധിക്യം! ആവശ്യം കഴിഞ്ഞാല്‍ നാമുടനെ ആ വെളിച്ചം തന്നെ കെടുത്തിക്കളയാനാണ് ശ്രമിക്കുക. പരകോടി ജീവികളുടെ കൂടി ആവാസകേന്ദ്രമാണ് ഈ ഭൂമി എന്ന സത്യം മറന്നു പോയിരിക്കുന്നു. പ്രകാശവും വെള്ളവും വായുവുമെല്ലാം തന്റെ മാത്രം കുത്തകയാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. പുതുമഴ പെയ്തു നനഞ്ഞ ഭൂമിയില്‍ ധാരാളം പ്രാണികളുണ്ടാകുമെന്ന കാരണത്താല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചെരുപ്പിടാതെയായിരുന്നു നടന്നിരുന്നത്. ഇന്ന് എത്ര ബഷീറുമാരുണ്ടാവും? വാഷ്ബേസിനില്‍ കുമിഞ്ഞുകൂടിയ ഉറുമ്പിന്‍ പറ്റങ്ങള്‍ ഒരിറ്റു പാനജലമാണ് അന്വേഷിക്കുന്നതെന്ന കരുണാര്‍ദ്രമായ മനസുപോലുമില്ലാതെ കയ്യും മുഖവും കഴുകി ഫ്രഷാകുന്ന നാം എത്ര അമൂല്യമായ ജീവനുകളാണ് കൊന്നതെന്ന് ഓര്‍ക്കാറുണ്ടോ?
ഒരര്‍ത്ഥത്തില്‍ ഭൂമിയുടെ ഏറ്റവും വലിയ അവകാശികള്‍ ഈ കൊച്ചു പ്രാണികളാണ്. 5.5 ദശലക്ഷം പ്രാണി വര്‍ഗങ്ങളുണ്ട് നമ്മുടെ ഈ ഭൂമിയിലെന്നാണ് ജന്തു ശാസ്ത്രജ്ഞന്മാരുടെ കണക്ക്. ഇതിലെ ഓരോ വര്‍ഗവും എത്രയെണ്ണമുണ്ടാകുമെന്ന് ആര്‍ക്കറിയാം. പക്ഷേ വേദനാജനകമായ വസ്തുത ഇതൊന്നുമല്ല. ഇതില്‍ നാല്‍പതു ശതമാനം പ്രാണി വര്‍ഗങ്ങളും അപ്രത്യക്ഷമാവുകയോ അടുത്തുതന്നെ അപ്രത്യക്ഷമാകാനിരിക്കുകയോ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അഥവാ രണ്ടു ദശലക്ഷം പ്രാണി വര്‍ഗങ്ങള്‍ ഭൂമുഖത്തുനിന്നും നാമാവശേഷമാകുന്നു. ആരാണ് ഉത്തരവാദികള്‍? മനുഷ്യര്‍ തന്നെ. പ്രാണികളെ അടിച്ചു കൊല്ലാനും തട്ടിമാറ്റാനും അവഗണിക്കാനും എടുത്തെറിയാനും മാത്രമേ മനുഷ്യര്‍ ശീലിച്ചിട്ടുള്ളു. ചെറിയവരോടുള്ള വലിയവരുടെ ക്രൂരമായ അഹങ്കാരമെന്നു ഇതിനെ വിശേഷിപ്പിക്കാം.

പ്രപഞ്ചത്തിലെ ഓരോ ജീവനും മൂല്യമേറിയതും പ്രധാനപ്പെട്ടതുമാണ്. മനുഷ്യരാണവരുടെ മേല്‍നോട്ടക്കാര്‍. മനുഷ്യ-ഭൂത വര്‍ഗങ്ങളിലെക്കിറങ്ങിയ ഖുര്‍ആന്‍ സഹജീവികളെയും ജന്തുക്കളെയും പരിചയപ്പെടുത്താനുപയോഗിച്ച വാക്കുകള്‍ അത്ഭുതകരവും പഠിക്കേണ്ടതുമാണ്. ‘ഭൂമിയില്‍ നടക്കുന്ന ഏതൊരു ജീവിയും ആകാശത്തുകൂടിപറക്കുന്ന ഏതൊരു പറവയും നിങ്ങളെപ്പോലെയുള്ള സമൂഹങ്ങള്‍(ഉമ്മത്ത്) തന്നെയാണ്(അന്‍ആം/38). ഭൂമിയിലും ഭൗമോപരിതലത്തിലും ജീവിക്കുന്ന പരകോടി ചെറുതും വലുതുമായ സഹജീവികളെ മനുഷ്യര്‍ സ്വന്തം സമൂഹത്തെപ്പോലെത്തന്നെ കാണണം. ‘ഉമ്മത്ത്’ – സമൂഹം എന്ന പ്രയോഗം ചിന്തയര്‍ഹിക്കുന്ന ഒരു വാക്കാണ്. സാമൂഹ്യശാസ്ത്രമനുസരിച്ച് ധാരാളം ഘടകങ്ങള്‍ കൂടിച്ചേരുമ്പോള്‍ മാത്രമാണ് ഒരു വിഭാഗം സമൂഹമായി മാറുന്നതും രൂപപ്പെടുന്നതും.
സൂക്ഷ്മജീവികള്‍ മുതല്‍ ഭീമാകാരമായ സൃഷ്ടികള്‍ വരെ നിലനില്‍ക്കുന്ന പ്രകൃതിയിലെ ഈ ആവാസവ്യവസ്ഥയും സാമൂഹ്യ പശ്ചാത്തലവും പ്രപഞ്ചാധിപനാല്‍ സജ്ജീകരിക്കപ്പെട്ട സാമൂഹിക സംവിധാനമാണ്. പാഴ്ജന്മങ്ങളല്ല. മനുഷ്യരെപ്പോലെ ഉദ്ദേശ്യലക്ഷ്യങ്ങളോട്കൂടി തന്നെയാണ് ഇവയേയും പടച്ചതും പരിപാലിക്കുന്നതും. ഓരോ ജീവിയുടെയും ഭക്ഷണം, പാര്‍പ്പിടം, തുടങ്ങിയവയെല്ലാം അവന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. ”ഭൂമിയിലുള്ള ഏതൊരു ജീവിയുടെയും ഭക്ഷണം അല്ലാഹുവിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. അവയുടെ നിലവിലുള്ള വാസസ്ഥലവും ഇനി വരാനിരിക്കുന്ന സങ്കേതവുമെല്ലാം അവനറിയും. എല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടതുമാണ്”(ഹൂദ്/6).

അവ മറ്റാര്‍ക്കോ വേണ്ടിയുള്ളതുമല്ല, മനുഷ്യരുടെ ഉപയോഗത്തിനുവേണ്ടി തന്നെയുള്ളതാണ്. ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ പറയുന്നു: ‘നിങ്ങളുടെ ഉപയോഗത്തിന് വേണ്ടിയാണ് അവന്‍ ഭൂമിയിലുള്ള സകലതിനെയും സൃഷ്ടിച്ചത്'(അല്‍ ബഖറ). ഭൂമിയിലുള്ള മുഴുവന്‍ സഹജീവികളോടും മനുഷ്യന്റെ നിലപാട് എപ്രകാരമായിരിക്കണമെന്നു വ്യക്തമാക്കുന്ന വചനമാണിത്. മൃഗങ്ങളെ ഭക്ഷിക്കുന്നവരും മത്സ്യത്തെ ആഹാരത്തിനുപയോഗിക്കുന്നവരും പ്രാണികളെ ഭക്ഷിക്കുന്നവരും ധാരാളമാണ്. ഇവയൊന്നും മനുഷ്യര്‍ക്കു വിലക്കിയിട്ടില്ല. ഉപയോഗം ചൂഷണത്തിലേക്ക് വഴിമാറരുത്. അത് സമൂലമായ നശീകരണത്തിലേക്ക് വഴിവെക്കും. അങ്ങനെ വന്നാല്‍ ഭയാനകമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.

ഈ ജീവികളൊക്കെയും അല്ലാഹുവിനെ വഴിപ്പെട്ടും അനുസരിച്ചുമാണ് ജീവിക്കുന്നത്. അവ സ്‌തോ്രതങ്ങളും തസ്ബീഹുകളും ഉരുവിടുന്നു. ഖുര്‍ആന്‍ പറയുന്നു: ‘ഏഴു ആകാശങ്ങളും ഭൂമിയും അതിലുള്ള സകല ജീവികളും അവനു തസ്ബീഹ് ചൊല്ലുന്നു (പരിശുദ്ധിയെ വാഴ്ത്തുന്നു). അവനു സ്തുതി ചെയ്ത് സ്‌തോ്രതങ്ങള്‍ ഉരുവിടാത്ത ഒന്നും തന്നെയില്ല. അവയുടെ തസ്ബീഹുകള്‍ നിങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നുമാത്രം’ (ഇസ്‌റാഅ്, അധ്യായം: 44). അവ ശല്യങ്ങളോ അസ്വസ്ഥതകളോ അല്ല, നാമുള്‍കൊള്ളുന്ന ഈ ആത്മീയ മണ്ഡലത്തിന്റെ അവിഭാജ്യ ഘടകമാണ്.

തേനീച്ച, ഉറുമ്പ്, ചിലന്തി എന്നീ ജീവികളുടെ പേരില്‍ മൂന്നു അധ്യായങ്ങള്‍ തന്നെയുണ്ട് മുസ്‌ലിം വേദഗ്രന്ഥമായ ഖുര്‍ആനില്‍. ഇതിനു പുറമെ കൊതുക്, ഈച്ച, പേന്‍, വണ്ട് തുടങ്ങിയ ഒട്ടനേകം പ്രാണികളെയും ചെറുജീവികളെയും ഖുര്‍ആന്‍ പലവുരു പരാമര്‍ശിക്കുന്നു. പലതിന്റെയും ഉപകാരങ്ങളും ഉപദ്രവങ്ങളും ഖുര്‍ആന്‍ ബോധ്യപ്പെടുത്തി. പലതിന്റെയും ജീവിതശൈലിയെ അനുധാവനം ചെയ്യാന്‍ മനുഷ്യനോട് നിര്‍ദേശം നല്‍കി. സൂറത്തുല്‍ അഅ്‌റാഫിന്റെ നൂറ്റിപ്പതിമൂന്നാം വചനത്തില്‍ പ്രാണികളെ ദൃഷ്ടാന്തങ്ങളായാണ് പരിചയപ്പെടുത്തുന്നത്.
സുലൈമാന്‍ നബിയും(അ) ഉറുമ്പുകളും തമ്മിലുള്ള സംസാരവും ഉറുമ്പുകളെ സംരക്ഷിക്കാന്‍ സുലൈമാന്‍ നബി(അ) നല്‍കിയ പ്രത്യേക നിര്‍ദേശങ്ങളും സൂറത്തുന്നംലില്‍ പറയുന്നുണ്ട്. ഉറുമ്പുകള്‍ ധാരാളമുള്ള ഒരിടത്ത് സുലൈമാന്‍ നബിയും(അ) സംഘവും എത്തിയപ്പോള്‍ അവയെ ചവിട്ടരുതെന്ന് നിര്‍ദേശിക്കുന്നു. അതിനു വേണ്ടി വഴിമാറി സഞ്ചരിക്കാന്‍ തീരുമാനിക്കുന്നു. ഈ അധ്യായത്തിലെ പതിമൂന്നാം വചനത്തില്‍ ഒരുറുമ്പ് തന്റെ സഹോദരങ്ങളോട് നല്‍കുന്ന ആജ്ഞ ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നുണ്ട്. ജീവന്‍ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് ഈ ഉറുമ്പ് പറയുന്നത്. ഓരോ ചെറുജീവിയും സ്വന്തം ജീവന്‍ എത്രമാത്രം പരിശുദ്ധമായാണ് കാണുന്നതെന്ന് ഈ ഭാഗം വായിച്ചാല്‍ അറിയാം. ജീവനില്‍ കൊതി നമ്മെപ്പോലെ മറ്റു ജന്തുക്കള്‍ക്ക് എത്രമാത്രമുണ്ടെന്നും ഖുര്‍ആന്‍ മനസിലാക്കിത്തരുന്നു. ഓരോ പാദവും മനുഷ്യന്‍ മുന്നോട്ടു വെക്കുമ്പോള്‍ ഇത്തരം ജീവികളുടെ അമൂല്യമായ ജീവന് വിലകല്പിച്ചേ മുന്നോട്ട് നീങ്ങാവൂ.

വിശ്വാസിയുടെ സമുല്‍കൃഷ്ടമായ ഗുണങ്ങളിലൊന്ന് സ്വന്തം അതി വിശാലമായ കാരുണ്യമാണ്. പ്രപഞ്ചത്തോളം വികസിച്ച, പ്രപഞ്ചത്തെയാകമാനം ഉള്‍കൊള്ളുന്ന അതിവിശാലമായ കാരുണ്യം. നബി(സ) പ്രപഞ്ചത്തിനാകമാനം കാരുണ്യമായിരുന്നല്ലോ. ഈ വിശാലമായ കാരുണ്യഹസ്തം ചെറുജീവികള്‍ക്കും പ്രാണികള്‍ക്കും കൂടി നീട്ടുമ്പോഴാണ് ഒരാള്‍ സമ്പൂര്‍ണ വിശ്വാസിയാവുന്നത്. ഭൂമിയിലുള്ള സകല വസ്തുക്കളോടും കാരുണ്യം ചെയ്യുമായിരുന്നു നബി(സ). അങ്ങനെ ചെയ്യുമ്പോഴേ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കൂവെന്നും അവിടുന്ന് ഓര്‍മപ്പെടുത്തി.
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെയാണ്: ‘അല്ലാഹു എല്ലാ വസ്തുക്കള്‍ക്കും ഗുണം ചെയ്യല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു’. ഈ ഭൂമുഖത്തുള്ള മുഴുവന്‍ ജീവികള്‍ക്കും പ്രാണികള്‍ക്കും ഗുണം ചെയ്യണം. ഉറുമ്പുകളെ ചുട്ടെരിച്ച സ്ഥലമെത്തിയപ്പോള്‍ തിരുനബി രൂക്ഷമായി താക്കീതു നല്‍കി. ഇത് തന്നെയാവണം ഒരു മുസ്‌ലിമിന്റെ നിലപാടും. പ്രപഞ്ചം എല്ലാവരുടേതുമാണ്. എല്ലാവരും ജീവിക്കണം. മനുഷ്യനെ നശിപ്പിക്കാത്തതിനെയൊന്നും അനാവശ്യമായി നശിപ്പിക്കരുത്. മനുഷ്യന്റെ സുഖലോലുപത ഇതരജീവികളെ നശിപ്പിച്ചാവരുത്. ഇത് മനുഷ്യന് തന്നെ ആപത്ത് വിതക്കും. ഈ ചെറുജീവികള്‍ മനുഷ്യന്റെ കൂടി ആവാസ വ്യവസ്ഥിതി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണല്ലോ. ഖുര്‍ആന്‍ പറഞ്ഞത് മറക്കരുത്. ‘കരയിലും കടലിലും നാശങ്ങള്‍ പൊട്ടിമുളച്ചത് മനുഷ്യരുടെ ചെയ്തികള്‍ നിമിത്തമാണ്’. ഒരു ജീവിയും പ്രകൃതിക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ല. മനുഷ്യനാണ് ചെയ്തത്. നമുക്ക് ചുറ്റും ജീവിക്കുന്ന ഈ പറ സഹസ്രം ജീവികളെ കൂടി നാം ഉള്‍ക്കൊള്ളുക. അത് മാനുഷികവും ഇസ്‌ലാമികവുമാണ്.

ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login