ആക്ചുറിയല്‍ സയന്‍സ് പഠിക്കാം, ഇന്‍ഷുറന്‍സ് രംഗത്ത് തിളങ്ങാം

ആക്ചുറിയല്‍ സയന്‍സ് പഠിക്കാം, ഇന്‍ഷുറന്‍സ് രംഗത്ത് തിളങ്ങാം

ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുക നാട്ടില്‍ നമ്മളെ പിടികൂടാനായി വട്ടമിട്ടു നടക്കുന്ന എല്‍.ഐ.സി. ഏജന്റുമാരാണ്. ജീവിച്ചിരിക്കുമ്പോള്‍ കിട്ടുന്ന ബോണസിനെക്കുറിച്ചും മരിച്ചാല്‍ കിട്ടുന്ന ‘ഡെത്ത് ബെനഫിറ്റിനെയും’ പറ്റി വാതോരാതെ പറഞ്ഞ് ആളുകളെ ഇന്‍വെസ്റ്റ് ചെയ്യിക്കാന്‍ മിടുക്കരാണവര്‍. വീട്ടിലൊരു പ്രവാസിയുണ്ടെങ്കില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരും അവിടെ സ്ഥിരം സന്ദര്‍ശകരാകും.
പുതിയകാലത്ത് ഇന്‍ഷുറന്‍സ് എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാത്രമല്ല. അടിയന്തരസാഹചര്യങ്ങളില്‍ വൈദ്യസഹായം ഉറപ്പുവരുത്താനും തീപ്പിടുത്തം പോലുളള മനുഷ്യനിര്‍മിത അത്യാഹിതങ്ങളില്‍ നിന്നും വെളളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്നും നമ്മുടെ വസ്തുവകകള്‍ കാത്തുസൂക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് സാധിക്കും. ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ പോലും ഇപ്പോള്‍ ഇന്‍ഷുര്‍ ചെയ്യുന്നവരുണ്ട്. മഴ പോലുളള അപ്രതീക്ഷിത കാരണങ്ങളാല്‍ പരിപാടി മാറ്റിവെക്കേണ്ടി വന്നാല്‍ ചെലവായ തുക മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. കമ്പനികളൊക്കെ അവരുടെ ജീവനക്കാര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുന്നു. പ്രമുഖ പത്രങ്ങള്‍ വരിക്കാര്‍ക്ക് വരെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു. കോടികള്‍ മറിയുന്ന വമ്പന്‍ വ്യവസായമേഖലയായി ഇന്‍ഷുറന്‍സ് രംഗം മാറിക്കഴിഞ്ഞു.
ഓരോ ഇടപാടുകാരനും/ഇടപാടുകാരിയും എത്ര രൂപ അടയ്ക്കണമെന്നും കാലാവധിയെത്തുമ്പോള്‍ അവന്/അവള്‍ക്ക് എത്ര രൂപ ബോണസായി നല്‍കണമെന്നും തീരുമാനിക്കുന്നത് ആരാണെന്നറിയുമോ? ആ ജോലി ചെയ്യുന്നയാളുടെ പേരാണ് ആക്ചുറി. അയാളാണ് ഇന്‍ഷുറന്‍സ് റിസ്‌കും പ്രീമിയവും കണക്കുകൂട്ടുന്നത്. നടക്കാനിരിക്കുന്ന ഒരു പരിപാടി വിജയമാകുമോ പരാജയപ്പെടുമോ എന്ന് മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് അനുസൃതമായ പ്രീമിയം ഇടപാടുകാരനോട് വാങ്ങുക എന്ന ഉത്തരവാദിത്തവും ആക്ചുറിക്ക് തന്നെ. ഓരോരുത്തരുടെയും പ്രായം, ജോലി, സാമ്പത്തിക പശ്ചാത്തലം എന്നിവയ്ക്ക് ആനുപാതികമായിട്ടാണ് അയാളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തീരുമാനിക്കുക. ഇത്തരം കാര്യങ്ങളില്‍ ആക്ചുറിയുടെ തീരുമാനം നിര്‍ണായകമാവും.
സ്റ്റാറ്റിസ്റ്റിഷ്യന്റെയും ഇക്കണോമിസ്റ്റിന്റെയും ഫിനാന്‍ഷ്യറുടെയും കഴിവുകള്‍ ഒരേ സമയം ഉപയോഗപ്പെടുത്തിയാലേ നല്ല ആക്ചുറിയാകാന്‍ സാധിക്കൂ. കോംപൗണ്ട് ഇന്ററസ്റ്റ്, നിയമം, മാര്‍ക്കറ്റിങ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലൊക്കെ അടിസ്ഥാന ധാരണയെങ്കിലും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കണം.

അല്പം ചരിത്രം
ഇന്‍ഷുറന്‍സ് രംഗത്തോളം ചരിത്രമുണ്ട് ആക്ചുറിയല്‍ എന്ന തൊഴില്‍ശാഖയ്ക്കും. 1848ല്‍ തന്നെ ലണ്ടനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുറീസ് എന്ന സംഘടന സ്ഥാപിക്കപ്പെട്ടിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നപോലെ 1944ല്‍ ഇന്ത്യയില്‍ ദി ആക്ചുറിയല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (എ.എസ്.ഐ.) എന്ന സംഘടന രൂപം കൊണ്ടു. രാജ്യത്തെ ഇന്‍ഷുറന്‍സ് രംഗം പൊതുമേഖലാസ്ഥാപനങ്ങള്‍ കൈയടക്കിവച്ചതുകൊണ്ടാകാം ഇന്ത്യയില്‍ ആക്ചുറിയല്‍ ജോലിക്ക് വലിയ പ്രാധാന്യമൊന്നും തുടക്കത്തില്‍ ലഭിച്ചിരുന്നില്ല. തൊണ്ണൂറുകളില്‍ ആരംഭിച്ച ആഗോളീകരണത്തിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം വന്നുതുടങ്ങിയതോടെയാണ് ആക്ചുറിയല്‍ എന്ന ജോലിയെക്കുറിച്ച് ഇന്ത്യക്കാര്‍ കാര്യമായി അറിഞ്ഞുതുടങ്ങിയത്. ഇന്നിപ്പോള്‍ നൂറിനടുത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊക്കെ ആയിരക്കണക്കിന് ആക്ചുറിമാര്‍ ജോലി ചെയ്യുന്നു.

എങ്ങനെ ആക്ചുറിയാകാം?
ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും കോസ്റ്റ് അക്കൗണ്ടന്റിനെയും പോലെ പ്രത്യേക പരീക്ഷയെഴുതി പാസായവര്‍ക്കേ ആക്ചുറി ആയി പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഏതെങ്കിലുമൊരു സ്ഥാപനമല്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുറീസ് ഓഫ് ഇന്ത്യ, യു.കെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുറീസ് എന്നീ സ്വയംഭരണ സംവിധാനങ്ങളാണ് ഇതിനായുളള പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. സര്‍ട്ടിഫിക്കറ്റ്, അസോസിയേറ്റ്ഷിപ്പ്, ഫെലോഷിപ്പ് എന്നീ മൂന്ന് ഘട്ടങ്ങള്‍ പാസായാല്‍ മാത്രമേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ ഷിപ്പ് ലഭിക്കൂ. അങ്ങനെയുള്ളവര്‍ക്ക് റജിസ്‌റ്റേഡ് ആക്ചുറി ആയി പ്രവര്‍ത്തിക്കാനും പേരിനൊപ്പം എ.എ.എസ്.ഐ. എന്ന സ്ഥാനപ്പേര് ചേര്‍ക്കാനും അനുവാദം ലഭിക്കും. പഠനം തുടരുകയും ഉന്നത പരീക്ഷകള്‍ പാസാവുകയും ചെയ്യുന്നവര്‍ക്ക് സൊസൈറ്റിയില്‍ ഫെലോ മെമ്പര്‍ പദവി ലഭിക്കും. അങ്ങനെയുള്ളവര്‍ എഫ്.എ.എസ്.ഐ. എന്ന ചുരുക്കെഴുത്ത് പേരിനൊപ്പം ചേര്‍ക്കും. ആക്ചുറിയന്‍ പഠനത്തിനുള്ള യോഗ്യതകള്‍ ഇനി പറയാം. കണക്കിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ ചുരുങ്ങിയത് 85 ശതമാനം മാര്‍ക്ക് നേടിയുള്ള പ്ലസ്ടു അല്ലെങ്കില്‍ കണക്കിലോ കംപ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനിയറിങ് ബ്രാഞ്ചുകളിലോ 55 ശതമാനത്തോടെ നേടിയ ബിരുദം/പി.ജി.

അസറ്റിനെ അറിയാം
2012 ജനുവരി മുതല്‍ ആക്ചുറിയല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (അസറ്റ്) പരീക്ഷയെഴുതി പാസായവര്‍ക്ക് മാത്രമേ ആക്ചുറിയല്‍ പഠനം തുടങ്ങാന്‍ സാധിക്കൂ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള 100 മാര്‍ക്കിന്റെ 70 ചോദ്യങ്ങളാണ് ഈ ഓണ്‍ലൈന്‍ പരീക്ഷയിലുണ്ടാവുക. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ ഇന്റപ്രറ്റേഷന്‍, ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിങ് എന്നീ വിഷയങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. രാജ്യമൊട്ടാകെയുളള 24 സെന്ററുകളില്‍ വച്ച് ഒറ്റ ദിവസമായിരിക്കും എന്‍ട്രന്‍സ് പരീക്ഷ. പരീക്ഷ പാസ്സായവര്‍ http://www.actuariesindia.org/Admission_login.aspx എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി സ്റ്റുഡന്റ് മെമ്പര്‍ഷിപ്പിന് അപേക്ഷിക്കണം. തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി ഉയര്‍ന്ന പരീക്ഷകള്‍ എഴുതിയെടുക്കുന്ന മുറയ്ക്ക് അസോസിയേറ്റ് അംഗത്വവും ഫെലോ അംഗത്വവും ലഭിക്കും. ജൂണ്‍, നവംബര്‍ മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ടുതവണയാണ് ആക്ചുറിയല്‍ പരീക്ഷകള്‍ നടത്തുക. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം.

അസറ്റ് പരീക്ഷയെഴുതാതെ ആക്ചുറിയാകാനുള്ള സൗകര്യവുമുണ്ട്. ആക്ചുറി സയന്‍സില്‍ ഡിഗ്രി, പി.ജി. കോഴ്‌സുകളില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ മതി. എങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുറീസ് ഇന്ത്യയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ പ്രത്യേക പരീക്ഷയെഴുതേണ്ടി വരും എന്ന് മാത്രം. കേരള സര്‍വകലാശാലയുടെ ഡെമോഗ്രഫി വകുപ്പ് ആക്ചുറിയല്‍ സയന്‍സില്‍ എം.എസ്‌സി., എം.ഫില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എം.ജി. സര്‍വകലാശാലയുടെ കീഴില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലും കോട്ടയം സെന്റ് ജോസഫ്‌സ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലും ആക്ചുറിയല്‍ സയന്‍സില്‍ എം.എസ് സി. പ്രോഗ്രാമുണ്ട്. കോഴിക്കോട് ഫാറൂഖ് കോളജിലെ ബി.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമിലെ ഒരു ഉപവിഷയം ആക്ചുറിയല്‍ സയന്‍സാണ്. കേരളത്തിന് പുറത്തുള്ള ചില സ്ഥാപനങ്ങളില്‍ ആക്ചുറിയല്‍ സയന്‍സില്‍ എം.ബി.എ. പ്രോഗ്രാമും നടത്തുന്നു. നോയ്ഡയിലെ അമിറ്റി സ്‌കൂള്‍ ഓഫ് ആക്ചുറിയല്‍ സയന്‍സ്, ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, തിരിച്ചിറപ്പള്ളിയിലെ ബിഷപ്പ് ഹെബര്‍ കോളജ് എന്നിവയൊക്കെ ഈ വിഷയത്തില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

അവസരങ്ങള്‍
ഇന്ത്യയില്‍ നിലവില്‍ 68 ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടുപോലും ജനസംഖ്യയുടെ 3.69 ശതമാനം പേര്‍ മാത്രമേ ഏതെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നുള്ളൂ. വലിയ വളര്‍ച്ചാസാധ്യതയുള്ള മേഖലയാണിതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ജനസംഖ്യയുടെ പത്ത് ശതമാനം പേരെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമായാല്‍ ഈ രംഗത്ത് ശതകോടികളുടെ ഇടപാടുകള്‍ നടക്കും. അപ്പോള്‍ ആക്ചുറിമാരുടെ ജോലി സാധ്യതയും പതിന്‍മടങ്ങാകും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുറീസ് ഓഫ് ഇന്ത്യ (ഐ.എ.ഐ.)യുടെ കണക്ക് പ്രകാരം രാജ്യത്താകെ പ്രൊഫഷനല്‍ യോഗ്യത നേടിയ 480 ആക്ചുറിമാരേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രമല്ല ബാങ്കിങ്, റിസ്‌ക് മാനേജ്‌മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് എന്നീ രംഗങ്ങളിലെല്ലാം ആക്ചുറിമാര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്.
പി.ഡി. സിനില്‍ ദാസ്‌

You must be logged in to post a comment Login