കശ്മീരില്‍ കാര്യങ്ങളത്ര പന്തിയല്ല

കശ്മീരില്‍ കാര്യങ്ങളത്ര പന്തിയല്ല

ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതിക് സിന്‍ഹ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഹോങ്കോങ്ങിലെ ജനാധിപത്യപോരാട്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനെ പരിഹസിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി, ഇന്ത്യന്‍ ഭരണകൂടം കശ്മീരില്‍ നടത്തുന്ന അപരാധത്തെ സാധൂകരിക്കുന്ന മാധ്യമങ്ങളുടെ ഇരട്ടനയത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇന്ത്യന്‍മാധ്യമങ്ങളുടെ ജനാധിപത്യമൂല്യങ്ങള്‍ തികച്ചും വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു കശ്മീര്‍ റിപ്പോര്‍ട്ടുകള്‍. ‘ചീൃാമഹ’ അഥവാ സാധാരണഗതിയിലാണ് കാര്യങ്ങളെന്ന ഭരണകൂടത്തിന്റെ നുണ ആവര്‍ത്തിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. കടുത്ത രീതിയിലുള്ള മനുഷ്യാവകാശലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന താഴ്‌വരയെ കുറിച്ച് ഡല്‍ഹിയിലെ ശീതീകരിച്ച ന്യൂസ് റൂമുകളിലിരുന്നു കൊണ്ട് തികച്ചും സ്വാഭാവികമായ അന്തരീക്ഷം എന്ന് വിധിയെഴുതുകയായിരുന്നു മാധ്യമങ്ങള്‍. കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് അവിടുത്തെ ജനങ്ങള്‍ പറഞ്ഞത് ‘ഇന്ത്യന്‍ മാധ്യമങ്ങള്‍ കള്ളമാണ് പുറത്തുവിടുന്നത്, ഞങ്ങള്‍ക്ക് നിങ്ങളോട് സംസാരിക്കേണ്ട’ എന്നാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ ചരിത്രത്തില്‍ മാധ്യമങ്ങളുടെ അനാസ്ഥയും ഭരണപക്ഷപാതവും പ്രകടമായി കാണാന്‍ കശ്മീര്‍ വിഷയത്തില്‍ സാധിച്ചു. അന്താരാഷ്ട്രമാധ്യമങ്ങളില്‍ കശ്മീരിലെ തെരുവുകളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയിലെ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ നിശബ്ദരാവുകയാണ്. ദ ക്വിന്റിനു വേണ്ടി പൂനം അഗര്‍വാള്‍ നടത്തിയ അന്വേഷണം വളരെ പ്രസക്തമാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്മീരിന്റെ സ്വതന്ത്രപദവി നീക്കംചെയ്തതിനെ അനുകൂലിച്ചു കൊണ്ടുള്ള ബൈറ്റുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ വാസ്തവമന്വേഷിച്ച പൂനം അഗര്‍വാളിനോട് ഒരു മാധ്യമസുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്, തോക്കേന്തിയ പട്ടാളക്കാര്‍ വളഞ്ഞുനില്‍ക്കുമ്പോള്‍ ജീവനില്‍ ഭയമുള്ള കശ്മീരികള്‍ ഇന്ത്യയെ അനുകൂലിച്ചു സംസാരിക്കുന്നു. തങ്ങള്‍ക്ക് ന്യൂസ്റൂമില്‍ നിന്നും അനുകൂല പ്രതികരണങ്ങള്‍ ലഭിക്കാന്‍ സമ്മര്‍ദമുണ്ട് അതുകൊണ്ടാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. നടുക്കം സൃഷ്ടിക്കുന്ന വാസ്തവങ്ങളാണിതൊക്കെ. തങ്ങളുടെ അഭിപ്രായങ്ങളെ നിശബ്ദമാക്കി ഭരണകൂടം നടത്തുന്ന നാടകങ്ങള്‍ക്ക് കശ്മീരികള്‍ ഇരയാവുകയാണ്. ടൈംസ് നൗ തങ്ങളുടെ ‘ground report’ ലൂടെ Article 370 റദ്ദാക്കിയതില്‍ ജനങ്ങള്‍ ആഹ്‌ളാദിക്കുകയാണെന്ന് വരെ പടച്ചു വിട്ടു. വിജനമായ തെരുവുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നോക്കൂ, എത്ര പ്രശാന്തമാണ് കശ്മീര്‍, എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.

കശ്മീരിലെ രാഷ്ട്രീയാന്തരീക്ഷത്തെ കുറിച്ച ഷെഹ്‌ല റാഷിദ് പങ്കുവച്ച വിവരങ്ങള്‍ അവരുടെ അറസ്റ്റില്‍ കലാശിച്ചിരിക്കുകയാണ്. കശ്മീരില്‍ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശനം നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഓണ്‍ലൈന്‍ ആയി നടത്തേണ്ട അപേക്ഷകളിലെല്ലാം തന്നെ ഛഠജ നല്‍കേണ്ട ആവശ്യമുണ്ട്. എന്നാല്‍ ആശയവിനിമയ സംവിധാനത്തില്‍ തടസ്സമുള്ളത് കൊണ്ട് ഇത് സാധ്യമല്ല. സൈനികര്‍ വീടുകളില്‍ നിരന്തരം പരിശോധനകള്‍ക്കു വേണ്ടി കയറിഇറങ്ങുകയും, അവശ്യ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഒരു ഗ്രാമത്തിലെ 6 പേരെ അറസ്റ്റ് ചെയ്ത് പട്ടാളക്യാമ്പില്‍ കൊണ്ടുപോയി ചൂഷണം ചെയ്യുകയും, അവരുടെ കരച്ചില്‍ ലൗഡ് സ്പീക്കറിലൂടെ ഗ്രാമത്തെ മുഴുവന്‍ കേള്‍പ്പിക്കുകയും ചെയ്തു എന്നൊക്കെയുള്ള കാര്യങ്ങളാണ് ഷെഹ്‌ല പങ്കുവെച്ചത്. വിവിധ അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും ഷെഹ്‌ലയുടെ വാദങ്ങളെ ഏറ്റെടുത്ത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന കുറ്റമാണ് ഷെഹ്‌ലയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. എ എഫ് പി റിപ്പോര്‍ട്ട് പ്രകാരം 4000 ത്തോളം പേരെയാണ് Pubilc Safety Act പ്രകാരം അറസ്റ്റ് ചെയ്തത്. ഇത്രയും പേരെ അറസ്റ്റ് ചെയ്യാനുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളോ അറസ്റ്റ് ചെയ്യപെട്ടുവെന്ന വിവരമോ ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. പകരം സംഘപരിവാര്‍ പ്രതിനിധികളെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ച് കശ്മീരില്‍ നേടിയ വിജയത്തെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തത്. മാത്രമല്ല പാക് അധീനതയിലുള്ള കശ്മീരിനെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളെകുറിച്ച് മലയാളത്തിലെ ചില മാധ്യമങ്ങള്‍, വേണ്ടി വന്നാല്‍ ആണവായുധ ഉപയോഗത്തിലെ നയം മാറ്റുമെന്ന രാജ്നാഥ്‌സിംഗിന്റെ വാക്കുകളാണ് മുന്‍പേജില്‍ നല്‍കിയത്. ഭരണകൂടം നടത്തുന്ന അസംബന്ധ പ്രഖ്യാപനങ്ങള്‍ വാര്‍ത്തയാക്കുന്നതിനൊപ്പം അവയുടെ മറുവശങ്ങളെ പറ്റിയും പത്രങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കശ്മീര്‍ വിഷയത്തിന്റെ നിജസ്ഥിതി കേരളത്തിലുള്ള ജനങ്ങളോട് പറയേണ്ടതുണ്ട്. നേരിട്ട് റിപ്പോര്‍ട്ട്‌ചെയ്യാന്‍ കഴിയാത്ത മലയാളപത്രങ്ങള്‍ക്ക് വിഷയത്തെകുറിച്ച് അന്വേഷണം നടത്തി മറ്റുമാധ്യമങ്ങള്‍ നടത്തിയ അന്വേഷണാത്മക ലേഖനങ്ങള്‍ പരിഭാഷപ്പെടുത്താവുന്നതുമാണ്. എന്നാല്‍ അത്തരത്തിലുള്ള ലേഖനങ്ങള്‍ മലയാളപത്രങ്ങളില്‍ വിരളമായേ കാണാറുള്ളൂ.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ഷാ ഫൈസലിനെ വിമാനത്താവളത്തില്‍ തടങ്കലില്‍വച്ചത് വാര്‍ത്തയായില്ല. നീരവ് മോഡിയും വിജയ് മല്യയും നിഷ്പ്രയാസം പറക്കുമ്പോള്‍ ഷാ ഫൈസലിനെ പോലുള്ളവരെ പൂട്ടാന്‍ സര്‍ക്കാരിന് അതിവേഗം സാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത്തരത്തില്‍ തഴഞ്ഞുപോകുന്ന വിഷയങ്ങള്‍ ഭരണകൂടത്തിന് നല്ല രീതിയില്‍ പ്രയോജനപ്പെടുന്നുണ്ട്. ഞങ്ങള്‍ ചോദ്യങ്ങള്‍ക്കതീതമാണെന്ന പൊതുബോധം ഉരുത്തിരിക്കുവാന്‍ ഇതിലൂടെ ശ്രമിക്കുന്നു. സഞ്ജയ് കാക്, കവിത കൃഷ്ണന്‍ തുടങ്ങിയവര്‍ കശ്മീരിലെ സ്ഥിതിവിശേഷം മനസ്സിലാക്കാന്‍ നടത്തിയ യാത്രയെകുറിച്ച് അവര്‍ പറഞ്ഞത്, മോഡിയെ ‘ഇബ്ലീസ്’ എന്നാണ് കാശ്മീര്‍ തെരുവിലെ കുട്ടികള്‍ വിളിക്കുന്നതെന്നാണ്. റിപ്പോര്‍ട്ടിന്റെ വീഡിയോ പുറത്തുവിടാനുള്ള ശ്രമത്തെ പ്രസ് ക്ലബ് തടഞ്ഞു. ചുറ്റും പൊലീസ് വലയമുണ്ടെന്നും വീഡിയോ പ്രദര്‍ശിപ്പിക്കരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാം ശാന്തമാണെന്ന സര്‍ക്കാരിന്റെ അവകാശം എത്രമാത്രം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള ഓരോ നീക്കവും. ജനങ്ങളെ പൂട്ടിയിട്ട് നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങളെ വസ്തുതകള്‍ വെച്ച് ചോദ്യം ചെയ്യാന്‍ മാധ്യമങ്ങളില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ എത്രമാത്രം കാവിവത്കരിക്കപ്പെട്ടു എന്ന് കൂടുതല്‍ തെളിയിക്കപ്പെടുകയാണ്.

മുഖ്യധാരാ മാധ്യമങ്ങള്‍ കശ്മീരിലെ സംഭവങ്ങളെ വക്രീകരിക്കുമ്പോഴും, ഇന്ത്യയില്‍ ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ നീക്കത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ വരുത്തുന്ന അപാകതകള്‍ മറ്റൊരു മാധ്യമസ്ഥാപനം ചൂണ്ടിക്കാണിക്കുന്നത് വലിയ അസംതൃപ്തി ഉണ്ടാക്കും. ബി.ബി.സിയുടെ കശ്മീര്‍ നിലപാടിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ബി.ബി.സിയുടെ ‘കിറശമി ീരരൗുശലറ സമവൊശൃ’ എന്ന പ്രയോഗത്തെ പ്രതിരോധിക്കാന്‍ കാശ്മീരിനെ അയര്‍ലന്റുമായി കൂട്ടിവായിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളിലും ഉണ്ടായത് ചരിത്രത്തെ കുറിച്ചുള്ള അബദ്ധമായ ധാരണ മൂലമാണ്.
കാശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഞങ്ങള്‍ അഭിമാനിതരാണെന്ന് പറഞ്ഞ ടൈംസ് നൗവിലെയും റിപബ്ലികിലെയും അവതാരകര്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തെ കൂടുതല്‍ അഴുക്കാക്കുന്നുണ്ട്. ആര്‍ട്ടിക്ക്ള്‍ 370 ന്റെ പേരില്‍ നെഹ്റുവിനെ പഴിചാരുന്നവര്‍ ഇന്ത്യയുടെ ഭരണഘടനാനിര്‍മാണത്തെ കുറിച്ചും അജ്ഞരാണോ?

ഹോങ്കോങ്ങിലും മനുഷ്യരുണ്ട്
ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ലക്ഷണക്കണക്കിനു സമരക്കാര്‍ തടിച്ചു കൂടിയ ഹോങ്കോങ് തെരുവുകള്‍ ചൈനക്കെതിരെ തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയാണ്. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ഹോങ്കോങിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. ഹോങ്കോങ് പൗരന്മാരായ രണ്ടുപേര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തുകയുണ്ടായി. കൊലപാതകം തായ്‌വാനില്‍ വച്ച് നടന്നതിനാല്‍ ഹോങ്കോങ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരമില്ല. പകരം Extradition Bill നു (കുറ്റവാളിയെ മറ്റൊരു രാജ്യത്തു കൊണ്ട് പോയി ചോദ്യം ചെയ്യാനുള്ള സംവിധാനം) വേണ്ടി ആവശ്യപ്പെടുകയാണ് ചൈന. ഹോങ്കോങ് സാങ്കേതികമായി ചൈനയുടെ കൈവശമാണെങ്കിലും അഭിപ്രായസ്വാതന്ത്ര്യം പത്രസ്വാതന്ത്ര്യം എന്നിവയൊക്കെ ഹോങ്കോങിനുണ്ട്. 1997 ല്‍ ബ്രിട്ടനില്‍ നിന്നും ഹോങ്കോങ് ചൈനയുടെ അധികാരത്തിലേക്ക് വരികയായിരുന്നു. 2047 ഓട് കൂടി ഹോങ്കോംങ് പൂര്‍ണമായും ചൈനയുടെ ഭാഗമാകുമെന്നും നിരീക്ഷങ്ങളുണ്ട്. Extradition Bill ചൈനയ്ക്ക് ഹോങ്കോങിനെ അധികാരപരിധിയിലാക്കാന്‍ എളുപ്പം സഹായിക്കും. തെരുവിലെ പ്രക്ഷോഭകര്‍ വോക്‌സ് ന്യൂസിനോട് ‘ഞങ്ങള്‍ക്ക് 2047 വരെ കാത്തിരിക്കാന്‍ സമയമില്ല’ എന്നാണു പറഞ്ഞത്. One country Two system എന്ന ചൈനീസ് നയത്തോടു ഹോങ്കോങിനു വിടപറയണം. തങ്ങള്‍ക്ക് സ്വതന്ത്രമാവണമെന്നാണ് ഹോങ്കോങ് തെരുവുകളില്‍ യുവത്വം ആവശ്യപ്പെടുന്നത്. പാകിസ്ഥാനോടൊപ്പം ഇന്ത്യയിലെ കശ്മീര്‍ നടപടികള്‍ വിമര്‍ശിക്കുന്ന ചൈന, ഹോങ്കോങിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ചൈനീസ് മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പരസ്പരവിരുദ്ധമായ നയങ്ങളെ ചോദ്യം ചെയ്യാനും കഴിയുന്നില്ല. ഹോങ്കോങ് അസംബ്ലിയില്‍ ജനാധിപത്യത്തെ അനുകൂലിക്കുന്നവര്‍ക്ക് ഭൂരിപക്ഷമില്ല എന്നത് നിരാശാജനകമാണ്.

നബീല പാനിയത്ത്‌

You must be logged in to post a comment Login