സ്വതന്ത്ര ചിന്തകരെ വെറുതെ വിട്ടേക്കുക രാജ്യം പുരോഗമിക്കട്ടെ

സ്വതന്ത്ര ചിന്തകരെ വെറുതെ വിട്ടേക്കുക രാജ്യം പുരോഗമിക്കട്ടെ

ചില യുദ്ധങ്ങള്‍ ഒഴിവാക്കാനാകാത്തതാണ്. അത് നടന്നേ പറ്റൂ. മഹാഭാരതം വായിച്ചുതുടങ്ങുമ്പോഴേ അറിയാം ഇതൊരു സംഘര്‍ഷത്തിലേ അവസാനിക്കൂ എന്ന്. ജെ.എന്‍.യുവിന്റെയും ബി.ജെ.പിയുടെയും കാര്യം അതാണ്. ബി.ജെ.പി എന്ന രാഷ്ട്രീയപാര്‍ട്ടിയും ജെ.എന്‍.യു എന്ന സര്‍വകലാശാലയും രണ്ട് വ്യത്യസ്ത ആശയധാരകളുടെ, ലോകവീക്ഷണങ്ങളുടെ പ്രതിനിധാനങ്ങളാണ്.
ഇന്ത്യാ മഹാരാജ്യത്ത് ആശയപരമായി വലിയ സ്വാധീനം ചെലുത്തുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഇന്ത്യയിലെ ഏറ്റവും താഴെത്തട്ടില്‍ തന്നെ സ്വാധീനമുള്ള ബി.ജെ.പി എന്ന രാഷ്ട്രീപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയും തമ്മിലുള്ള സംഘര്‍ഷം എന്നെങ്കിലും സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം, ഒന്നിന് ബഹുജനാടിത്തറയാണെങ്കില്‍ മറ്റേത് ശാസ്ത്രബോധത്തിന്റെ ഈറ്റില്ലമാണ്.

ഭരണഘടന വിഭാവനചെയ്തിട്ടുള്ള ശാസ്ത്രീയ അവബോധം വളര്‍ത്തിയെടുക്കുക എന്ന പരമപ്രധാനമായ ലക്ഷ്യത്തോടെ യൂറോപ്യന്‍ സര്‍വകലാശാലയുടെ അതേ മാതൃകയില്‍ ഇന്ദിരാഗാന്ധി സ്ഥാപിച്ച ജെ.എന്‍.യു അനിവാര്യമായ ഏറ്റുമുട്ടലിന്റെ നിര്‍ണായക ഘട്ടത്തിലാണിപ്പോള്‍. ഇന്ദിരാഗാന്ധി സ്വേഛാധിപതിയായിരുന്നെങ്കിലും, പിതാവായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും വ്യക്തിജീവിതവും വിയോജിപ്പുകള്‍ അര്‍ഹിക്കുന്നെങ്കിലും ശാസ്ത്രാവബോധം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ലോകത്തെ നിര്‍ണയിച്ചിട്ടുള്ള പടിഞ്ഞാറന്‍ കേന്ദ്രീകൃത ശാസ്ത്രബോധത്തിന്റെ വളരെ കൃത്യമായ പ്രതിനിധാനമായിരുന്നു ദേശീയപ്രസ്ഥാനത്തിലും ലോകതലത്തിലും അന്ന് ജവഹര്‍ലാല്‍ നെഹ്‌റു. അതുകൊണ്ടാണ് മറ്റൊരു മൂന്നാംലോക രാഷ്ട്ര നേതാവിനും കിട്ടാത്ത സ്വീകാര്യത അന്താരാഷ്ട്രതലത്തില്‍ നെഹ്‌റുവിന് ലഭിച്ചത്. സോവിയറ്റ് റഷ്യ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങി യൂറോപ്പ് കേന്ദ്രീകൃതമായ വന്‍ശക്തികളുമായി സംവദിക്കാനും അവരെ തിരുത്താനും കഴിഞ്ഞുവെന്നത് നെഹ്‌റുവിന്റെ പ്രത്യേകതയാണ്.

നെഹ്‌റുവിന്റെ ക്യാബിനറ്റില്‍ പോലും അദ്ദേഹത്തോട് യോജിക്കാന്‍ കഴിയാത്ത ജനസംഘം നേതാവായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജി, ഗാന്ധിജിയുമായും നെഹ്‌റുവുമായും അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടായിരുന്ന അംബേദ്കര്‍, തുടങ്ങിയവരുണ്ടായിരുന്നു. വ്യത്യസ്ത ധാരകളിലുള്ളവരെയും അവരുടെ ആശയങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനും ഇടംനല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഗാന്ധിയുടെ രണ്ടുകണ്ണുകളായിരുന്നു പട്ടേലും നെഹ്‌റുവും. ഗാന്ധിയുടെ ഇന്ത്യാകേന്ദ്രീകൃത വീക്ഷണങ്ങളുടെ വക്താവായിരുന്നു പട്ടേല്‍. എന്നാല്‍ ഗാന്ധിജിയുടെ ചിന്താബോധത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു നെഹ്‌റുവിന്റേത്. ഗ്രാമസ്വരാജിന് പകരം യൂറോപ്യന്‍ മുതലാളിത്തവത്കരണമാണ് നെഹ്‌റു മുന്നോട്ടു വെച്ചത്. സോഷ്യലിസ്റ്റ് ചായ്‌വും ക്യാപിറ്റലിസ്റ്റ് ലിബറല്‍ കാഴ്ചപ്പാടുമായിരുന്നു അദ്ദേഹത്തിന്റേത്. ഇവ രണ്ടിനും ഗാന്ധിജി എതിരായിരുന്നു. ഇത്തരം വിയോജിപ്പുകളുണ്ടായിട്ടും പട്ടേലിനെക്കാളും ഗാന്ധിജിക്ക് താത്പര്യം നെഹ്‌റുവിനോടായിരുന്നു. ഇതിനുകാരണം, ഗാന്ധിജിയുടെ ആത്മാവിനെ സൂക്ഷ്മമായി തൊട്ടറിയാന്‍ നെഹ്‌റുവിന് സാധിച്ചു എന്നതായിരുന്നു. അതിരുകളില്ലാത്ത മനുഷ്യസ്‌നേഹമായിരുന്നു ഗാന്ധിജിയുടേത്. ഇതുകൂടുതല്‍ ഗാന്ധിജി കണ്ടത് നെഹ്‌റുവിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടുതല്‍ പരിശ്രമിച്ചത്. സുഭാഷ് ചന്ദ്രബോസിനെതിരെ പോലും നെഹ്‌റുവിനെ തുറന്ന് പിന്തുണക്കാന്‍ ഗന്ധിജി തയാറായത് ഇതുകൊണ്ടാണ്. നെഹ്‌റുവിന്റെ പക്ഷമാണ് ഗാന്ധിയുടെ പ്രാക്ടിക്കല്‍ പക്ഷമെന്ന് നമുക്ക് പറയേണ്ടി വരും. ഇതുകൊണ്ടെല്ലാമാണ് ഇന്ദിരാഗാന്ധിയോട് വിയോജിപ്പുകളുണ്ടായിട്ടും അടിയന്തിരാവസ്ഥാകാലത്തു പോലും ജെ.എന്‍.യുവിനെ ഒരു പ്രശ്‌നവും ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചത്.

ഗാന്ധിജിയുടെ ആത്മാവ് ആഗ്രഹിച്ചതു പോലെ, നെഹ്‌റു കാണിച്ച വഴിയില്‍ മുന്നോട്ടു പോകണമെന്നായിരുന്നു ഇന്ദിരാഗാന്ധി സ്വപ്‌നംകണ്ടത്. വ്യത്യസ്താഭിപ്രായമുള്ളവരെ ഉള്‍കൊള്ളാനുള്ള അവരുടെയും കോണ്‍ഗ്രസ് സര്‍ക്കാറുകളുടെയും സന്നദ്ധത ഫാക്കല്‍ടി നിയമനത്തില്‍ കാണാവുന്നതാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ജെ.എന്‍.യു വിലെ പ്രധാന ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ഇടതുപക്ഷ ചിന്താഗതിയുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ അറച്ചുനിന്നില്ല! രാഷ്ട്രീയത്തിനുപരിയായി ഇവരുടെ കാഴ്ചപ്പാടുകള്‍ ശാസ്ത്രീയവും യുക്ത്യാധിഷ്ഠിതവുമാണെന്നും ഇതിനനസരിച്ച് വളര്‍ത്തികൊണ്ടുവന്നാലേ രാജ്യം വികസിക്കുകയുള്ളൂവെന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍. കോണ്‍ഗ്രസിനെ അന്ന് ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഇടതുപക്ഷമായിരുന്നു. എന്നിട്ടും റോമില ഥാപ്പര്‍, പ്രഭാത് പട്‌നായിക്, തനിയ സര്‍ക്കാര്‍, മൃദുല മുഗ്തി, ആദിത്യ മുഗ്തിയെ പോലുള്ള ഓര്‍ത്തഡോക്‌സ് ലെഫ്റ്റുകാരോ ലിബറല്‍ ലെഫ്റ്റുകാരോ ആയിട്ടുള്ള പണ്ഡിതരാണ് ജെ.എന്‍.യുവിലെ ഡിപ്പാര്‍ട്ടുമെന്റുകളിലുണ്ടായിട്ടുള്ളത്.

ബലഹീനമായ  വാദങ്ങള്‍
ബി.ജെ.പിയുടെ ആശയധാരയുടെ അടിസ്ഥാനം ആര്‍.എസ്.എസിന്റെ ഹിന്ദുത്വയാണ്. ഇതിന്റെ പ്രത്യേകത യുക്തിയില്‍ അധിഷ്ഠിതമല്ല, മറിച്ച് വൈകാരികമാണ്. യുക്തിയെ പോലും വൈകാരികമായി നോക്കിക്കാണാനും വ്യാഖാനിക്കാനുമാണ് ഹിന്ദുത്വയുടെ ശ്രമം. ആധുനികചിന്തകളില്‍ പ്രധാനപ്പെട്ടതെല്ലാം തന്നെ യൂറോപ്പിന്റെ നിര്‍മിതിയായിട്ടാണ് അവര്‍ കാണുന്നത്. മാര്‍ക്‌സിസം, സോഷ്യലിസം, ക്യാപിറ്റലിസം, ലിബറലിസം എല്ലാം വൈദേശികമാണെന്നാണ് അവരുടെ വാദം. വൈദേശികമായ രീതിശാസ്ത്രത്തോട് അവര്‍ക്ക് എതിര്‍പ്പാണ്. ഇന്ത്യയെ ക്രൈസ്തവവത്കരിക്കുക എന്ന പടിഞ്ഞാറന്‍ അജണ്ടയാണ് ഇതിനു പിന്നിലെന്നാണ് അവര്‍ പറയുന്നത്. ഈ അജണ്ടയെ പ്രതിരോധിക്കണമെങ്കില്‍ ഇന്ത്യന്‍ കേന്ദ്രീകൃതമായ സാമൂഹിക ശാസ്ത്ര ചിന്താഗതി വളര്‍ത്തിക്കൊണ്ടു വരണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.
ഇത്തരമൊരു ചിന്താഗതി യെ ആരും എതിര്‍ക്കുന്നില്ല. പക്ഷേ, അത്തരം ചിന്തകളെ വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ യുക്തിസഹമായി തുടര്‍ച്ച ലഭിക്കേണ്ടതുണ്ട്. അല്ലാതെ, വൈകാരിതകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. ഇവരുടെ വാദങ്ങളിലെല്ലാം ഈ പ്രശ്‌നം കാണാവുന്നതാണ്. തങ്ങളുടേത് ദേശീയമായ കാഴ്ചപ്പാടാണെന്നും നിങ്ങള്‍ക്കത് മനസ്സിലാകില്ലെന്നും പറയുന്നത് പരിഹാസ്യമാണ്!

പശുവിന്റെ കാര്യം തന്നെയെടുക്കാം. പശുവിന്റെ ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ലോകത്തെ ഒരു സര്‍വകലാശാലയിലും ഇതിന് സ്ഥിരീകരണമില്ല. ഗുജറാത്തില്‍ പ്രത്യേക ഇനം പശുവിന്റെ മൂത്രത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്ന ഗുജറാത്തിലെ ഒരു സര്‍വകലാശാല കണ്ടെത്തിയെന്ന പത്രവാര്‍ത്തക്കും ലോകത്തുള്ള മറ്റൊരു സര്‍വകലാശാലയുടെയും പിന്തുണയില്ല. പരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് തെളിയിക്കാന്‍ കഴിയുമ്പോഴാണ് ശാസ്ത്രസിദ്ധാന്തങ്ങളെ അംഗീകരിക്കാനാവുക. ഇത്തരത്തില്‍ ശാസ്ത്രീയമായ അടിത്തറയുണ്ടെന്ന് തെളിയിക്കാന്‍ ഇവരുടെ വാദങ്ങള്‍ക്ക് കഴിയില്ല. പുരാണങ്ങളിലേക്ക് പോകുകയാണെങ്കില്‍ ഇവരുടെ പല വാദങ്ങളും അടിസ്ഥാനവുമില്ലാത്തതാണ്. മാംസം കഴിക്കാമെന്ന് വേദങ്ങളില്‍ പലയിടത്തുമുള്ളതിന് ധാരാളം തെളിവുകളുണ്ട്. എന്നാല്‍, അവയ്‌ക്കെല്ലാം വ്യത്യസ്തമായ അര്‍ഥങ്ങളുണ്ടെന്ന് പറഞ്ഞ് സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. നേരിട്ട് സംവദിക്കുന്നതിനും സമര്‍ഥിക്കുന്നതിനും പകരം ബഹളമുണ്ടാക്കുകയാണ് ചെയ്യുന്നത്. വാദിച്ച് തെളിയിക്കാന്‍ കഴിയുന്നില്ല.

കശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പലര്‍ക്കുമുണ്ടാകും. ജനാധിപത്യത്തില്‍ അത്തരം അഭിപ്രായങ്ങള്‍ ഉണ്ടാകണം. വകുപ്പുകള്‍ റദ്ദാക്കിയത് ഗുണകരമാണെന്ന് പറയുമ്പോള്‍ വസ്തുതകളുമായി ഒത്തുപോകുന്നതാണോ എന്നുകൂടി പരിശോധിക്കണം. കശ്മീരിനെ സുഖകരമായി ഭരിക്കാന്‍ മുന്‍രീതി തന്നെയായിരുന്നു എളുപ്പം. മറ്റു സംസ്ഥാനങ്ങളില്‍ ഇടപെടുന്നതിനെക്കാള്‍ കശ്മീരില്‍ കേന്ദ്രസര്‍ക്കാറിന് ഇടപെടാന്‍ അന്ന് കഴിഞ്ഞിരുന്നു. കേരളത്തില്‍ ഒരു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ എളുപ്പമാണ് കശ്മീരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍. കശ്മീരില്‍ അഴിമതിക്ക് കാരണം ഈ വകുപ്പാണെന്നാണ് പറയുന്നത്. അതു തെറ്റാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ അഴിമതി നടക്കുന്നുണ്ട്. നാഗാലാന്റ് പോലെയുള്ള സംസ്ഥാനങ്ങള്‍ക്കും പ്രത്യേകപദവി കൊടുത്തിട്ടുണ്ട്. എന്നാല്‍ അതിനെകുറിച്ചൊന്നും പറയുന്നേയില്ല. രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കാനാണെങ്കില്‍ പദവികളെല്ലാം ഒരുമിച്ച് എടുത്തുമാറ്റുകയാണ് ചെയ്യേണ്ടിയിരുന്നത്.

റോമില ഥാപ്പറോട് യോഗ്യത ചോദിക്കുമ്പോള്‍
വാജ്‌പേയിയുടെ നേതൃത്വത്തില്‍ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഏക സിവില്‍കോഡിലും 370-ാം വകുപ്പിലും കാണിക്കാത്ത തിടുക്കമാണ് ജെ.എന്‍.യുവിലും വിദ്യാഭ്യാസ മേഖലയിലും ഇടപെടാന്‍ കാണിച്ചത്.

മാനവശേഷി മന്ത്രാലയത്തിന് കീഴില്‍ വിദ്യാഭ്യാസ മേഖലയില്‍ സിലബസുകളില്‍ ഹിന്ദുത്വ കാഴ്ചപ്പാട് കൊണ്ടുവരാന്‍ ശ്രമിക്കുകയും അത്തരം നിലപാടുള്ളവരെ സുപ്രധാന തസ്തികകളില്‍ നിയമിക്കുകയും ചെയ്തിരുന്നു. ജെ.എന്‍.യു ടീച്ചിംഗ് കമ്മ്യൂണിറ്റിയില്‍ ഇവര്‍ വലിയ വിഭാഗമാണ്. എന്നാല്‍ വാജ്‌പേയിയുടെ കാലത്തെ പോലെയല്ല ഇന്നത്തെ ഇന്ത്യനവസ്ഥ. ഇന്ദിരാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ എങ്ങിനെയായിരുന്നോ അതുപോലെ പോപ്പുലര്‍ ഐക്കണ്‍ എന്ന നിലയില്‍ നരേന്ദ്രമോഡി രാജ്യത്തെ ജനവിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദുജനവിഭാഗങ്ങളെ. 2004ലെ 30 ശതമാനം വോട്ടില്‍ നിന്ന് 40 ശതമാനം വോട്ടിലേക്ക് 2019ല്‍ എന്‍.ഡി.എ വോട്ടിംഗ് വിഹിതം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. വലിയ ഭൂരിപക്ഷമാണ് അവര്‍ക്ക് സ്വന്തമായത്. മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ കൈകളിലാണ് ഭരണം. ഇത്തരത്തില്‍ സുഖകരമായി ഭരിക്കുന്ന സാഹചര്യത്തില്‍ ആശയപരമായ സ്വാധീനം ചുവടുറപ്പിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. ഇതിന് ലോകം ആദരിക്കുന്ന, ശാസ്ത്രീയമായി കാര്യങ്ങളെ കാണുന്ന ചിന്തകരെയെല്ലാം അവര്‍ ഇരിക്കുന്ന പ്രധാനസ്ഥാനങ്ങളില്‍നിന്ന് മാറ്റുകയും താറടിച്ച് കാണിക്കുകയും ചെയ്യേണ്ടതുണ്ട്. റോമില ഥാപ്പര്‍ അവരുടെ നോട്ടപ്പുള്ളിയാകുന്നത് അങ്ങനെയാണ്. ചരിത്രപരമായ കാര്യങ്ങളില്‍ സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ മുനയൊടിക്കുന്നവരില്‍ പ്രധാനിയാണ് റോമില ഥാപ്പര്‍. അവര്‍ കമ്മ്യൂണിസ്റ്റായതു കൊണ്ടല്ല, ശാസ്ത്രീയമായി കാര്യങ്ങളെ കാണാന്‍ ശീലിച്ചതുകൊണ്ടാണത്. എമിറെറ്റസ് പ്രൊഫസര്‍ പദവിയില്‍ തുടരണമെങ്കില്‍ യോഗ്യത തെളിയിക്കാനാണ് സര്‍വകലാശാല അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആജീവനാന്തകാലത്തേക്കാണ് അവര്‍ക്ക് ഈ പദവി നല്‍കപ്പെട്ടത്. ഈ പദവിയില്‍ തുടരാന്‍ ഇപ്പോള്‍ തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുന്നില്ല. റോമിലാ ഥാപ്പര്‍ പറഞ്ഞതിനപ്പുറം ഇന്നുവരെ ഇന്ത്യയുടെ പുരാതനചരിത്രത്തില്‍ പുതിയ രീതിശാസ്ത്രങ്ങള്‍ ഉയര്‍ന്നുവന്നിട്ടു പോലുമില്ല. പുരാതന ഇന്ത്യന്‍ ചരിത്രത്തിന്റെ മുഖമാണ് അന്താരാഷ്ട്രതലത്തില്‍ റോമില ഥാപ്പര്‍. അവര്‍ ഇന്ത്യാവിരുദ്ധയാണെന്നാണ് പ്രചരിപ്പിച്ചിരുന്നത്. പക്ഷേ, കമ്മ്യൂണിസ്റ്റ് വിരുദ്ധതയുള്ള അമേരിക്കന്‍ സര്‍വകലാശാലകളാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ അംഗീകാരം നല്‍കിയത്. അമേരിക്കന്‍ ഫിലോസഫി അസോസിയേഷനിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

രാജീവ് മല്‍ഹോത്രയെ പോലുള്ള ആളുകളാണ് ഇവര്‍ക്കെതിരെ പട നയിക്കുന്നത്. അദ്ദേഹം അടിസ്ഥാനപരമായി ബിസിനസുകാരനാണ്. റോമില ഥാപ്പറിന്റെ വാദങ്ങളെ ഖണ്ഡിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെയുള്ളവരെയാണ് ചരിത്രകാരന്മാരായി ബി.ജെ.പി അംഗീകരിക്കുന്നത്.

ശാസ്ത്രബോധത്തോട് യുദ്ധപ്രഖ്യാപനമോ?
ജെ.എന്‍.യു പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യബോധത്തെയും ഇവര്‍ ഭയപ്പെടുന്നുണ്ട്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും തട്ടകമായിട്ടുള്ള ഡല്‍ഹിയിലെ ജെ.എന്‍.യു സര്‍വകലാശാലയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി യൂനിയനുകള്‍ വിജയിക്കുന്നു. വര്‍ഗീയമായ ചിന്തകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ അവസരം നല്‍കുന്നില്ല. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് എ.ബി.വി.പി വിജയിച്ചെങ്കിലും വൈകാതെ തന്നെ പുറത്തുപോകേണ്ടി വന്നു. ജെ.എന്‍.യുവിന്റെ ശാസ്ത്രബോധത്തെയാണ് ഇവര്‍ ഭയക്കുന്നത്. ഈ ഭയമാകട്ടെ, നിരര്‍ഥകവുമാണ്. ജപ്പാന്‍ ഇന്ത്യയെ പോലെ വലിയ സംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ്. ആധുനിക ചിന്താധാരകളെ സ്വാംശീകരിച്ചു കൊണ്ടാണ് ജപ്പാന്‍ മുന്നോട്ടു പോയത്. ദേശസ്‌നേഹം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പി ശാസ്ത്രബോധത്തില്‍ നിന്ന് പിന്തിരിഞ്ഞു പോകാനും കപടശാസ്ത്ര ചിന്താഗതി വളര്‍ത്തികൊണ്ടു വരാനുമാണ് ശ്രമിക്കുന്നത്. ഇത് ഡിങ്കോയിസ്റ്റ് ദേശീയതയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഇതു പേടിപ്പെടുത്തുന്നതാണ്. ഈ രീതിയില്‍ പോയ രാജ്യങ്ങളെല്ലാം പിന്നോട്ടു പോവുകയും വന്‍ തിരിച്ചടിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.

നമ്മുടെ രാജ്യത്തിന് അങ്ങിനെ ഒരു സ്ഥിതി വരാന്‍ പാടില്ല. ബി.ജെ.പിയോടുള്ള പ്രത്യയശാസ്ത്ര എതിര്‍പ്പ് നിലനിര്‍ത്തികൊണ്ടുതന്നെ, ശാസ്ത്രീയമായ അവബോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സ്ഥാപിച്ചിട്ടുളള വൈജ്ഞാനിക സ്ഥാപനങ്ങളുടെ സ്വാതന്ത്യം നിലനിര്‍ത്താനും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിന്തകര്‍ക്ക് അവരുടെ ഇടം വിട്ടുനല്‍കാനും ബി.ജെ.പിയോട് അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്യാനുള്ളത്. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകളിലൂടെ നേടിയെടുത്തിട്ടുള്ള രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളും ഒരുസുപ്രഭാതത്തില്‍ കൂപ്പുകൂത്തുന്നത് നാം കാണേണ്ടി വരും. ജെ.എന്‍.യുവിനെതിരെ ബി.ജെ.പി യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ ഭാവി തലമുറ തീര്‍ത്തും യുക്തിരഹിതമായ ലോകത്തേക്ക് വീണുപോകാനുള്ള സാധ്യതയാണുള്ളത്. ഒരു രാജ്യസ്‌നേഹിയെ സംബന്ധിച്ചിടത്തോളം ഇതു ഭീതിപ്പെടുത്തുന്നതാണ്.

മുഹമ്മദ് ഫക്രുദ്ദീന്‍ അലി

You must be logged in to post a comment Login