കവി, കാലം, കേരളം

കവി, കാലം, കേരളം

മാ നിഷാദ ആദ്യ കവിതയെന്ന് പുരാണം. അഥവാ കവിതക്ക് പിറക്കാനുള്ള ഉജ്വലമുഹൂര്‍ത്തവും അത് തന്നെയാണല്ലോ? എത്രത്തോളമുണ്ട് സമകാലിക കവിതയില്‍ മാനിഷാദ? അരുതെന്ന് പറയുന്നുണ്ടോ നമ്മുടെ സമകാല കവിതകള്‍?

കവിയുടെ -ഏതു കലാകാരന്റെയും- പ്രാഥമികമായ കര്‍ത്തവ്യം അധികാരത്തോട് നിര്‍ഭയമായി സത്യം പറയുകയാണ്. പഴയ യു.എസ്.എസ്.ആറിലെ പ്രധാനമന്ത്രി ക്രൂഷ്‌ചെവ്, നീസ്സ്വെസ്റ്റ്‌നി എന്ന ശില്‍പിയുടെ പ്രദര്‍ശനം കാണാന്‍ വന്നു ചില നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ തുടങ്ങിയപ്പോള്‍ ശില്‍പി പറഞ്ഞു: ‘ഇവിടെ താങ്കള്‍ പ്രധാനമന്ത്രിയും ഞാന്‍ പ്രജയുമല്ല, നാം തുല്യരാണ്, ഞാന്‍ കലാകാരന്‍, താങ്കള്‍ ആസ്വാദകന്‍.’ പിക്കാസോയുടെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ ബാസ്‌ക് ബോംബിംഗ് അടിസ്ഥാനമാക്കിയുള്ള ചുവര്‍ചിത്രമായ ‘ഗുയര്‍ണിക്ക’യ്ക്കു മുന്‍പില്‍ ചെന്ന് ‘ഇത് താങ്കള്‍ ചെയ്തതാണോ?’ എന്ന് ചോദിച്ച ഏകാധിപതിയായ ഫ്രാങ്കോവിനോട് പിക്കാസോ പറഞ്ഞു, ‘അല്ല, ഇത് ചെയ്തത് താങ്കളാണ്.’ ജര്‍മന്‍ നാടകകൃത്തായ ബര്‍തോള്‍ഡ് ബ്രെഹ്തിനോട് ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാരീസ് കമ്മ്യൂണ്‍ വിഷയമാക്കി ഒരു നാടകം എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ ബ്രെഹ്ത് പറഞ്ഞു: ‘ തീര്‍ച്ചയായും. പക്ഷേ വാക്കുകള്‍ ഞാന്‍ തിരഞ്ഞെടുക്കും.’ കവികള്‍ ഒരു ‘സൗവര്‍ണ്ണ പ്രതിപക്ഷം’ ആണെന്ന് വൈലോപ്പിള്ളി പറഞ്ഞത് വെറുതെയല്ല. ഏതു വ്യവസ്ഥയിലും അവര്‍ ഭരണകൂടത്തിന്റെ അനീതികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കും. അതിനു മരണം വരെയുള്ള ശിക്ഷ ഏറ്റുവാങ്ങിയവരുണ്ട്- പഴയ ഗ്രീസും റോമും മുതല്‍ നാസി ജര്‍മനിയും ഫാഷിസ്റ്റ് ഇറ്റലിയും ഫ്രാങ്കോയുടെ സ്‌പെയിനും ചൗഷേസ്‌ക്യുവിന്റെ റോമാനിയയും പോള്‍ പോട്ടിന്റെ കംപൂചിയയും പിനോഷേയുടെ ചിലിയും സ്റ്റാലിന്റെ റഷ്യയും വര്‍ഗാസിന്റെ ബ്രസീലും എര്‍ദോഗാന്റെ തുര്‍ക്കിയും വിക്തോര്‍ ഒര്‍ബാന്റെ ഹംഗറിയും ട്രംപിന്റെ അമേരിക്കയും സിറിയയും സൗദി അറേബ്യയും പോലുള്ള സമഗ്രാധിപത്യ രാജ്യങ്ങളും ഒരേപോലെയാണ് കവികളോടും കലാകാരന്മാരോടും പെരുമാറിപ്പോന്നിട്ടുള്ളത്: തങ്ങളുടെ സ്തുതിപാഠകരെ പ്രോത്സാഹിപ്പിച്ചും വിമര്‍ശകരെ സെന്‍സര്‍ഷിപ്പും തടവറയും തൂക്കുകയറും വിഷവാതകപ്പുരകളും നേരിട്ടുള്ള കൊലപാതകവും കൊണ്ട് നേരിട്ടും. പ്രത്യയശാസ്ത്രങ്ങള്‍ മൗലികവാദങ്ങളായി മാറുകയും വിദ്വേഷവും അപരവത്കരണവും ദേശീയവാദരാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യുമ്പോള്‍, വിമര്‍ശകര്‍ രാജ്യദ്രോഹികളാകുന്നു. ഇതാണ് ഇന്ന് ഇന്ത്യയിലും കാണുന്നത്. അതുകൊണ്ട് അനന്തമൂര്‍ത്തിയും നന്ദിതാ ദാസും നസിറുദ്ദീന്‍ ഷായും ഷാരൂഖ് ഖാനും അമീര്‍ ഖാനും കമലും എം ടി യും രാമനുണ്ണിയും കുരീപ്പുഴയും ഹബീബ് തന്‍വീറും റൊമീലാ ഥാപ്പറും ഇര്‍ഫാന്‍ ഹബീബും പോലെ എത്രയോ പേര്‍ ദിനം പ്രതി നോട്ടപ്പുള്ളികളാകുകയും പരിഹാസത്തിനും അക്രമത്തിനും പാത്രങ്ങളാകുകയും ചെയ്യുന്നു. കല്‍ബുര്‍ഗിയും പന്‍സാരെയും ധാബോല്‍ക്കറും ഗൗരി ലങ്കേഷും കൊല്ലപ്പെടുന്നു. തീസ്തയെയും ശബ്‌നം ഹഷ്മിയെയും മേധയെയും പോലുള്ള ആക്റ്റിവിസ്റ്റുകള്‍ പല രീതികളില്‍ വേട്ടയാടപ്പെടുന്നു, സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും പോലും സ്ഥലം മാറ്റപ്പെടുകയും തരം താഴ്ത്തപ്പെടുകയും ചെയ്യുന്നു. കലയ്ക്കുമപ്പുറം അഖ്‌ലാഖ് ഖാന്‍, പഹ്‌ലൂഖാന്‍ തുടങ്ങിയവര്‍ കപടമായ ആരോപണത്തിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെടുന്നു, നജീബിനെപ്പോലെ ചിലരെ കാണാതാകുന്നു. എന്നും തല്ലിക്കൊലകളെക്കുറിച്ചും ദളിത്- മുസ്‌ലിം- സ്ത്രീ പീഡനങ്ങളെക്കുറിച്ചുമുള്ള കഥകള്‍ നാം കേള്‍ക്കുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു, മന്ത്രിമാര്‍ വിദ്വേഷപ്രസ്താവനകള്‍ ഇറക്കുന്നു. ഭരണഘടന , കാശ്മീര്‍ കാര്യത്തിലടക്കം, തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. ഗോഡ്‌സേ തൂക്കിക്കൊല്ലപ്പെട്ട ദിവസം ‘ബലിദാന്‍ ദിവസ്’ ആയി ആചരിക്കപ്പെടുന്നു. ഈ മാരകമായ അവസ്ഥയോട് പ്രതികരിക്കാത്തവര്‍ ശരിയായ പൗരരോ എഴുത്തുകാരോ അല്ല.
ശരിയാണ്, വേണ്ടത്ര പ്രതികരണം ഉണ്ടാകുന്നില്ല. കലാകാരന്മാരുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയാനും സര്‍ക്കാരിനെ, ചില സമ്മാനങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കുമായി സ്തുതിക്കാനും കലാകാരന്മാരുണ്ടായി എന്ന് നാം കണ്ടു. സാഹിത്യ അക്കാദമിയിലെ കലാപം പോലും പരിമിതമായിരുന്നു. ലിബറല്‍ സ്ഥാപനങ്ങള്‍ ( നെഹ്റു മ്യൂസിയം, അക്കാദമികള്‍, ഐ സി എച്ച് ആര്‍, ഐ സി എസ് എസ് ആര്‍, ഐ സി പി ആര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് …) ഒന്നൊന്നായി കോളണികളാക്കപ്പെടുമ്പോള്‍, ഏറെപ്പേരും മൂകസാക്ഷികളായിരുന്നു. സര്‍വകലാശാലകള്‍ പിടിച്ചെടുത്തപ്പോള്‍ വളരെക്കുറച്ചു ബുദ്ധിജീവികളേ പ്രതികരിച്ചുള്ളൂ. കരിയറിസം ചെറുപ്പക്കാരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നവലിബറല്‍ വിദ്യാഭ്യാസം അവരെ അരാഷ്ട്രീയവത്കരിക്കുന്നുണ്ട്.

സമകാലത്തോടുള്ള വലിയ പ്രതികരണങ്ങളായിരുന്നു ആധുനികതയുടെ, അല്ലെങ്കില്‍ സച്ചിദാനന്ദന്‍ തന്നെ മറന്നേക്കൂ എന്ന് പറഞ്ഞ എഴുപതുകളിലെ കവിതകള്‍. നെഹ്‌റുവിയന്‍ വികസന സങ്കല്‍പങ്ങളുടെ തകര്‍ച്ച, ഇടത് ചേരിയുടെ ബലക്ഷയം തുടങ്ങി അക്കാല ഇന്ത്യയുടെ സ്പന്ദനങ്ങളോട് താങ്കളടക്കമുള്ളവരുടെ കവിതകള്‍ പ്രതികരിച്ചിരുന്നു. അതിനേക്കാള്‍ ഭയനാകമാണ് ഇന്ന് ദേശീയ രാഷ്ട്രീയവും ഇടതിന്റെ ബലക്ഷയവും കോണ്‍ഗ്രസിന്റെ അസ്തമയവും. പക്ഷേ, കവിതകള്‍ പ്രതിരോധമായി ഉയരുന്നില്ല; സച്ചിദാനന്ദന്‍ അടക്കമുള്ള എഴുപതുകളിലെ യുവാക്കളാണ് ഇപ്പോഴും എന്തെങ്കിലും എഴുതുന്നത്.

പ്രതിരോധം ഇല്ലെന്നു പറഞ്ഞു കൂടാ. ഹിന്ദി, ഉര്‍ദു, മറാത്തി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ വര്‍ത്തമാനാവസ്ഥയെക്കുറിച്ചു കഥകളും കവിതകളും നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് , ഹൈദരാബാദ് – ഡല്‍ഹി- ജെ എന്‍ യു സര്‍വകലാശാലകള്‍ ഇവിടങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ മുതല്‍ എഴുത്തുകാരുടെ കൊലകളും കാശ്മീര്‍ പ്രശ്‌നവും വരെയുള്ള ഭീഷണതകളോട് കുറെ കലാകാരന്മാരും എഴുത്തുകാരുമെങ്കിലും പ്രതികരിച്ചിട്ടുണ്ട്. (ഒരുപക്ഷെ എല്ലാകാലവും ഏറ്റവും കുറവ് സാമൂഹ്യപ്രതികരണശേഷി കാണിച്ചിട്ടുള്ളത് ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍ തുടങ്ങിയവരാണ് – അവിടെ ഒരു ടി എം കൃഷ്ണ, ഒരു ശുഭാ മുദ്ഗല്‍ തുടങ്ങിയവരേ കാണൂ; എം എഫ് ഹുസൈനുണ്ടായ അവമതിയില്‍ പോലും വളരെ കുറച്ചു ചിത്രകാരന്മാരേ പ്രതികരിച്ചുള്ളൂ, എഴുത്തുകാരാണ് അവിടെയും മുന്നില്‍ നിന്നത്. എഴുത്തുകാരെക്കാള്‍ കൂടുതലായി അവര്‍ പാട്രനേജിനു വേണ്ടി ഭരണകൂടത്തെ ആശ്രയിക്കുന്നതാകാം കാരണം). പ്രതിഷേധങ്ങളുടെ മുന്നിലുള്ളത് ദളിത് എഴുത്തുകാരാണ്, പിന്നെ ന്യൂനപക്ഷങ്ങളും ഇടതുപക്ഷവും. ഹിന്ദിയിലെ മംഗലേഷ് ദബ്രാല്‍, ഉര്‍ദുവിലെ ഗൗഹാര്‍ റാസ, മറാതിയിലെ (ഇയ്യിടെ അന്തരിച്ച) നീരവ് പട്ടേല്‍ തുടങ്ങിയവര്‍ അത്തരം കവികളില്‍ ചിലരാണ്. കേരളത്തില്‍ ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും പ്രതികരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഞങ്ങള്‍ കുറെ പേര്‍ ‘ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം’ എന്ന ഒരു സംഘടനയ്ക്ക് ആറു വര്‍ഷം മുന്‍പേ രൂപം നല്‍കി. എന്നെക്കൂടാതെ റൊമീലാ ഥാപ്പര്‍, ഗീതാ ഹരിഹരന്‍, ശ്യാം മേനോന്‍, (അംബേദ്കര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു), അനുരാധാ കപൂര്‍(മുന്‍ ഡയറക്ടര്‍, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ) എന്നിവരാണ് ട്രസ്റ്റികള്‍. ഞങ്ങള്‍ എന്നും അപ്‌ഡേറ്റ് ചെയ്യുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം എന്ന വെബ്‌സൈറ്റ് (www.indianculturalforum.in)) , ‘ഗുഫ്ട്ടുഗു’ എന്ന ഓണ്‍ലൈന്‍ ത്രൈമാസികം (www.guftugu.in) ഇവ നടത്തുന്നുണ്ട്. അവ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതികരണവേദികളാണ് ഇന്ന്. നൂറു കണക്കിന് എഴുത്തുകാര്‍ എഴുതുന്നു, പതിനായിരക്കണക്കിനു വായനക്കാര്‍ വായിക്കുന്നു. ഞങ്ങള്‍ക്ക് ഒരു ഫേസ്ബുക്ക് പേജും ഉണ്ട്. മോഡിയുടെ ഇരുണ്ട കാലത്തിന്റെയും പ്രതികരണത്തിന്റെയും ഒരു വലിയ ആര്‍ക്കൈവ് ആയി അത് വളരുകയാണ്.

ഇക്കാലത്തും പുതുതാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ആത്മഗതം. ഉറങ്ങുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്ന ശാസന ഓര്‍ക്കുന്നു. കാമ്പസുകളില്‍ നിന്ന് എന്താണിപ്പോള്‍ പുറത്തുവരുന്നത്?

ക്യാമ്പസുകളില്‍ പ്രതിരോധം ഉണ്ട്, പക്ഷെ അത് ചില കോളേജുകളിലും സര്‍വകലാശാലകളിലുമായി ഒതുങ്ങുകയാണ്. ജെ എന്‍ യു ഇപ്പോഴും പ്രതീക്ഷ നല്‍കുന്നു, ഇപ്പോളത്തെ തിരഞ്ഞെടുപ്പ് ഫലം തന്നെ ഉദാഹരണം. അവര്‍ കീഴടങ്ങിയിട്ടില്ല. ഡല്‍ഹി സര്‍വകലാശാലയിലും ഇത് ആവര്‍ത്തിക്കും എന്ന് ഞാന്‍ കരുതുന്നു. എന്റെ ഏറ്റവും വലിയ നൈരാശ്യം കേരളത്തിലെ ക്യാമ്പസുകളെക്കുറിച്ചാണ്. എഴുപതുകളില്‍ ഉണ്ടായ പോലെ തെരുവ് നാടകങ്ങളും ചര്‍ച്ചകളും കവിയരങ്ങുകളും മറ്റും കൊണ്ട് ഇപ്പോള്‍ ഇരമ്പിമുഴങ്ങേണ്ട കാമ്പസുകള്‍ ശ്മശാനങ്ങള്‍ പോലെ തോന്നിക്കുന്നു. ലോകത്ത് എവിടെ അനീതി നടന്നാലും പ്രതികരിച്ചിരുന്ന വിദ്യാര്‍ഥിലോകത്തിന്റെ ഭാഗമായാണ് എന്റെ തലമുറ വളര്‍ന്നു വന്നത് . എന്നാല്‍ സ്വന്തം രാജ്യം അഴിമതിയിലും തെമ്മാടിത്തത്തിലും മുങ്ങിമരിക്കുമ്പോള്‍, നിരപരാധികള്‍ കൊല ചെയ്യപ്പെടുമ്പോള്‍, ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ക്കും തുരുമ്പു പിടിക്കുമ്പോള്‍ അവര്‍ ഇടതു-വലതു ഭേദമില്ലാതെ മൂകസാക്ഷികള്‍ ആയിരിക്കുന്നു. കരീറിസവും സെമെസ്റ്റര്‍ സമ്പ്രദായവും മുതലാളിത്ത പ്രലോഭനങ്ങളും ചേര്‍ന്ന് അവരെ നിശ്ശബ്ദരാക്കിയിരിക്കുന്നു. അതേ സമയം നിസ്സാരമായ വഴക്കുകള്‍ ഉണ്ടാക്കി പരസ്പരം കൊല ചെയ്യാന്‍ വരെ അവര്‍ക്ക് മടിയും കാണുന്നില്ല. എനിക്ക് ഈ തലമുറയെ മനസ്സിലാകുന്നില്ലെങ്കില്‍ ക്ഷമിക്കുക. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഒരു ‘വിഷനും’ അവരില്‍ ഭൂരിപക്ഷത്തിനും ഉള്ളതായി കാണുന്നില്ല. ഒരു നാടിന്റെ പ്രതീക്ഷയാകേണ്ടത് ഈ തലമുറയാണ്. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും മറ്റും മറന്നുകൊണ്ടല്ല ഞാന്‍ പറയുന്നത്. മറ്റൊരു രക്തപ്രളയം അവര്‍ കാണാതെ പോകുന്നതിനെക്കുറിച്ചാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ ചില ഇടപെടലുകള്‍ നടത്താറുണ്ടല്ലോ? പ്രതിരോധങ്ങളെ പെരിഫറലാക്കുന്ന ഒന്നാണോ കേരളത്തിലെങ്കിലും ഫേസ്ബുക്ക്?

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ പ്രതികരണമാധ്യമങ്ങള്‍ കൂടിയാണ്. എന്നാല്‍ പ്രവര്‍ത്തനത്തിന് പകരം നില്‍ക്കുന്നവയല്ല. അവയ്ക്ക് പ്രവര്‍ത്തനത്തെ സഹായിക്കാന്‍ കഴിയും. ഡല്‍ഹിയില്‍ പല പ്രതിഷേധപ്രകടനങ്ങളും സാധ്യമായത് അവയിലൂടെയുള്ള പ്രചാരണം മൂലമാണ്. വലതുപക്ഷം ഈ മാധ്യമങ്ങളെല്ലാം നുണകള്‍ പ്രച്ചരിപ്പിക്കാനും മോഡിയുടെ കപട ഇമേജ് സൃഷ്ടിക്കാനും സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്, അവയെ നേരിടാന്‍ നാമും സത്യം തുറന്നുകാട്ടുക തന്നെ വേണം. ആ രീതിയിലാണ് ഞാന്‍ സൈബര്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഞാന്‍ ഡല്‍ഹിയിലും കേരളത്തിലും പ്രതിഷേധങ്ങളിലും പ്രഭാഷണങ്ങളിലും പങ്കുകൊള്ളുകയും സംഘടിപ്പിക്കുകയും ചെയ്യുക വഴി ആ പ്രവര്‍ത്തനങ്ങളെ പൂരിപ്പിക്കുന്നുണ്ട്. പൗരനും കലാകാരനും രണ്ടാണ് എന്ന രീതിയിലുള്ള ശുദ്ധകലാവാദികളുടെ സമീപനങ്ങളോട് ഞാന്‍ യോജിക്കുന്നില്ല . അത്ഒരു തരം വിഭക്തവ്യക്തിത്വമാണ്. എന്റെ രാഷ്ട്രീയവിശ്വാസങ്ങളും പലതരം അനുഭവങ്ങളും വികാര-വിചാരങ്ങളുമെല്ലാം എന്റെ സര്‍ഗ്ഗരചനകളിലും പ്രതിഫലിക്കുക സ്വാഭാവികവും സത്യസന്ധവുമാണ്. ഒരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും ഇത് തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്, അന്‍വര്‍ അലി, അനിതാ തമ്പി, കെ ആര്‍ മീര, സന്തോഷ് ഏച്ചിക്കാനം , പ്രമോദ് രാമന്‍, റിയാസ് കോമു, സദാനന്ദന്‍, കബിതാ മുഖോപാധ്യായ തുടങ്ങിയവരുടെ (ഞാന്‍ ചില പേരുകള്‍ പറഞ്ഞു എന്നേയുള്ളൂ- മുന്‍പേ സാമൂഹ്യപ്രതിബദ്ധത കാണിച്ചിട്ടുള്ള സാറാ ജോസഫ്, കെ ജി ശങ്കരപ്പിള്ള, അംബികാസുതന്‍ മാങ്ങാട്, കെ പി രാമനുണ്ണി, പി എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവരുടെ പേര് ഞാന്‍ പറയേണ്ടതില്ലല്ലോ) സമീപകാല രചനകള്‍ കാണുക. വേറെയും എത്രയോ പേര്‍ ഉയര്‍ന്നുവരുന്നുണ്ട്. പലരും പ്രസ്താവനകളില്‍ ഒപ്പുവെയ്ക്കുന്നുണ്ട്. എങ്കിലും പോരാ എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ കാലം മറ്റുള്ളവരെയും പ്രതികരിക്കാന്‍ നിര്‍ബന്ധിക്കും – നാം എം ടി, അടൂര്‍ മുതലായവരില്‍ കണ്ടതുപോലെ.

പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ഭാഷാസമരത്തിന് താങ്കളുടെ പിന്തുണയുണ്ട്. പി.എസ്.സിക്ക് പോലും ഇമ്പമുള്ള ഒരു മലയാളപദം പകരമില്ല എന്നുമോര്‍ക്കണം. ഭാഷാവാദം സംബന്ധിച്ച നിലപാട് എന്താണ്?

ഞാന്‍ എല്ലാത്തരം പരിശുദ്ധിവാദങ്ങള്‍ക്കും എതിരാണ്- അവയാണ് പലതരം ഫാഷിസങ്ങളുടെ അടിസ്ഥാനം. മലയാളഭാഷ അനേകം ഭാഷകളില്‍ നിന്ന് പദങ്ങള്‍ സ്വീകരിച്ചാണ് വളര്‍ന്നത്- സംസ്‌കൃതം, തമിഴ്, അറബി, പോര്‍ത്തുഗീസ്, ഡച്ച്, ഫ്രഞ്ച്, ലാറ്റിന്‍, ചൈനീസ്, ഹിന്ദുസ്ഥാനി ഇങ്ങിനെ എത്രയോ ഭാഷകള്‍ നമ്മുടെ ഭാഷയ്ക്ക് വാക്കുകള്‍ ദാനം ചെയ്തു. അവ മലയാളമായിത്തന്നെ നാം സ്വീകരിക്കുകയും ചെയ്തു- അവയുടെ മൂലം പോലും നാം മറന്നുകഴിഞ്ഞു. മേശ, കസേര, ജനാല, കക്കൂസ് (പോര്‍ത്തുഗീസ്), കഞ്ഞി (ചൈനീസ്), ഖല്‍ബ്, ഇഷ്‌ക് (അറബി), ബെഞ്ച്, ഡെസ്‌ക്, സ്‌കൂള്‍ ( ഇംഗ്ലീഷ് )ഇങ്ങിനെ എത്രയോ പദങ്ങള്‍. അറബി മലയാളം എന്നൊരു ഭാഷാഭേദം തന്നെയുണ്ട്. മാനകമലയാളത്തിനു പുറത്തു മറവരുടെയും മുക്കുവരുടെയും പല ആദിവാസിവിഭാഗങ്ങളുടെയും ഭാഷകളുണ്ട്. കണ്ണൂരും കോഴിക്കോടും കാസര്‍ഗോടും തിരുവനന്തപുരത്തും മാത്രം ഉപയോഗിക്കുന്ന വാക്കുകളുണ്ട്. അവയില്‍ ചിലതിന്റെ പദകോശങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഈ മലയാളങ്ങളെ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് എന്റെ ബൃഹത്തായ മലയാളഭാഷാസങ്കല്പം. എല്ലാ ഭാഷകളെയും അവയിലെ സാഹിത്യങ്ങളെയും ഞാന്‍ ആദരിക്കുന്നു . പക്ഷേ അവയെ ഒന്നും മലയാളത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല. അത് ഒരുതരം കോളനിവത്കരണം ആണ്. നമുക്ക് പല രീതികളില്‍ പുതിയ വാക്കുകള്‍ ഉണ്ടാക്കാം, അല്ലെങ്കില്‍ പഴയ പോലെ കടമെടുക്കാം. പബ്ലിക് സര്‍വീസ് കമ്മീഷന്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ തന്നെ ആയിരുന്നു കൊള്ളട്ടെ, അല്ലെങ്കില്‍ പൊതുസേവന നിയമനസ്ഥാപനം ആയിക്കൊള്ളട്ടെ. കടം വാങ്ങിയും പദങ്ങള്‍ പല രീതികളില്‍ കൂട്ടിച്ചേര്‍ത്തും പുതിയ വാക്കുകള്‍ ഉണ്ടാക്കിയും ചിലത് അന്ത്യമോ ആദ്യമോ മാറ്റി ദത്തെടുത്തുമൊക്കെയാണ് ഭാഷകള്‍ വളരുന്നത്. അതിനു ഉദ്യോഗപരീക്ഷകളും കോടതിനിയമങ്ങളും അവിടത്തെ വാദങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ഒക്കെ മലയാളത്തില്‍ ആകണം. കേരളത്തിന് പുറത്തുപോകേണ്ട കാര്യങ്ങള്‍ ഇംഗ്ലീഷില്‍ ആകാം. മലയാളത്തിനുവേണ്ടിയുള്ള വാദം മറ്റൊരു ഭാഷയ്ക്കും എതിരായ വാദമല്ല. അങ്ങിനെ കാണുന്നവര്‍ ഹിന്ദു ആകാന്‍ മുസ്‌ലിമിനെ വെറുക്കണം എന്ന് കരുതുന്നവര്‍ തന്നെയാണ്, അഥവാ മുസ്‌ലിം ആകാന്‍ ക്രിസ്തുമതത്തെ വെറുക്കണം എന്ന് കരുതുന്നവര്‍. അവര്‍ക്ക് ആധുനിക ജനാധിപത്യസമൂഹത്തില്‍ സ്ഥാനമില്ല.

മാധ്യമങ്ങള്‍ക്ക് മീതെ ജാതി-മൂലധന ശക്തികളുടെ പ്രതിലോമകരമായ ഇടപെടലുകള്‍ ഇപ്പോള്‍ ശക്തമാണ്. ഈ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ആവിഷ്‌കാരങ്ങള്‍ക്ക് കഴിയുമോ? അഥവാ എന്തുതരത്തിലുള്ള പ്രതിരോധമാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന പ്രമേയം ഇന്ന് ആവശ്യപ്പെടുന്നത്?

ഇന്ത്യയിലെ ഭൂരിഭാഗം മാധ്യമങ്ങളും ഇന്ന് കോര്‍പ്പറേറ്റുകളുടെ കയ്യിലാണ്. അവരാകട്ടെ മൂലധനത്തെ സേവിക്കുന്നവരും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ എല്ലാ ദുര്‍നയങ്ങളെയും പിന്തുണയ്ക്കാന്‍ പ്രതിജ്ഞ എടുത്തവരുമാണ്. അധികാരത്തോട് സത്യം പറയുക എന്ന മാധ്യമധര്‍മ്മം അതിനാല്‍ തന്നെ അവര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല . ചില ചെറിയ മാധ്യമങ്ങള്‍, ഓണ്‍ ലൈന്‍ പ്രസിദ്ധീകരണങ്ങള്‍, ഇന്ത്യന്‍ എക്‌സ്പ്രസ് , ടെലെഗ്രാഫ്, ഔട്ട് ലുക്ക് തുടങ്ങിയ അല്‍പ്പം ചില വന്‍പ്രസിദ്ധീകരണങ്ങള്‍, ചില പ്രാദേശിക ആനുകാലികങ്ങളും പത്രങ്ങളും- ഇവയാണ് വല്ലപ്പോഴും സത്യം പുറത്തുകൊണ്ടുവരുന്നത്. സമാന്തരപത്ര പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തിയും തിയേറ്റര്‍, തെരുവുനാടകം, സിനിമ, ജനകീയ സംഗീതം തുടങ്ങിയ രൂപങ്ങളെ പ്രതിഷേധത്തിന് ഉപയോഗിച്ചും മാത്രമേ പ്രതിരോധം വളര്‍ത്താന്‍ കഴിയൂ. സാഹിത്യത്തിനു ഇതില്‍ ഒരു ചെറിയ പങ്കേ വഹിക്കാനാകൂ. അത് കുറച്ചാളുകളുടെ പക്കല്‍ മാത്രമല്ലേ എത്തുന്നുള്ളൂ? സൈബര്‍ മാധ്യമങ്ങള്‍ ജനശത്രുക്കള്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്, അതുകൊണ്ട് ആ രംഗത്തും പ്രതിപക്ഷപ്രവര്‍ത്തനം തുല്യശക്തമാകേണ്ടതുണ്ട്. ഇതെല്ലാം ശരിയായ സാമൂഹ്യപ്രവര്‍ത്തനത്തിന് പകരം ആകുന്നില്ല, അനുബന്ധമേ ആകുന്നുള്ളൂ. അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദളിത്- ബഹുജന വിഭാഗങ്ങള്‍, വികേന്ദ്രീകരണത്തിനും ഫെഡറലിസത്തിനും അവഗണിതരുടെ താത്പര്യ സംരക്ഷണത്തിനും പരിസ്ഥിതി നശിപ്പിക്കാത്ത വികസനത്തിനും വേണ്ടി നിലകൊള്ളുന്ന ജനാധിപത്യവാദികള്‍ എന്നിവരുടെ മഹാസഖ്യത്തിന്റെ സാധ്യതയെയും അവരുടെ പ്രവര്‍ത്തനങ്ങളെയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

കേരളത്തില്‍ ഇന്ന് ഏറെ വായനക്കാരുണ്ട് നക്‌സല്‍ ഭൂതകാല സ്മൃതികള്‍ക്ക്. ഒരു കാമ്പില്ലാ കാലമായിരുന്നു അക്കാലമെന്ന് തോന്നുന്നുണ്ടോ? ഇപ്പോഴത്തെ നക്‌സല്‍ ഓര്‍മക്കുറിപ്പുകളില്‍ പലതിലും ഒരു മിഥ്യാനുഭവത്തിന്റെ സാന്നിധ്യം കാണുന്നു എന്നതിനാലാണ് ചോദ്യം.

സാംസ്‌കാരികമായ വലിയ ഉണര്‍വിന്റെ കാലമായിരുന്നു അതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. കവിയരങ്ങുകള്‍, ‘നാടുഗെദ്ദിക’ ഉള്‍പ്പെടെയുള്ള തെരുവുനാടകങ്ങള്‍, ‘സ്പാര്‍ട്ടക്കസ്സും” ‘അമ്മ’യും ‘ശക്തന്‍ തമ്പുരാനും’ പോലുള്ള , സ്റ്റേജ് നാടകങ്ങള്‍, നെരൂദയുടെയും ബ്രെഹ്തിന്റെയും – ഒപ്പം മലയാള കവികളുടെയും- കവിതകള്‍ ഉപയോഗിച്ചുള്ള ചുവരെഴുത്തുകള്‍, തെരുവുയോഗങ്ങള്‍, ചര്‍ച്ചകള്‍, ‘ഇന്ന്’ പോലുള്ള ക്യാമ്പസ് മാസികകള്‍, ‘സ്ട്രീറ്റ്’, ‘യെനാന്‍ ‘പ്രേരണ’, ‘പ്രസക്തി’, ‘സമസ്യ’, ‘ഉത്തരം’ തുടങ്ങിയ ആനുകാലികങ്ങള്‍ ഇവയെല്ലാം യുവജീവിതത്തെ സമ്പന്നമാക്കിയ കാലം . എന്നാല്‍ സ്റ്റാലിനിസ്റ്റ് ആശയങ്ങളും ചൈനീസ് വിപ്ലവപാതയുടെ അന്ധമായ അനുകരണവും സവിശേഷമായ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മയും വ്യക്തികളെ ഉന്മൂലനം ചെയ്യുന്ന തന്ത്രവും മറ്റും അതിന്റെ രാഷ്ട്രീയത്തെ യാന്ത്രികവും ഹിംസാത്മകവുമാക്കി. തിരിഞ്ഞുനോക്കുമ്പോള്‍ കൂടിയ ആത്മാര്‍ത്ഥതയും തീവ്രതയും ഒഴിച്ചാല്‍ അത് മുഖ്യധാരാ മാര്‍ക്‌സിസത്തില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല എന്ന് കാണാന്‍ കഴിയും-വര്‍ണ്ണം, ജാതി, ലിംഗം തുടങ്ങിയ അസമത്വങ്ങളെ അത് വേണ്ടപോലെ കണക്കിലെടുത്തില്ല. കേരളസമൂഹത്തിന്റെ നവോത്ഥാന പാരമ്പര്യത്തെയും മനസ്സിലാക്കിയില്ല. അതുകൊണ്ട് തന്നെ കേരളീയര്‍ അതിന്റെ സാംസ്‌കാരികാവിഷ്‌കാരങ്ങള്‍ക്കായി കയ്യടിച്ചെങ്കിലും അതിന്റെ രാഷ്ട്രീയത്തെ നിരാകരിച്ചു. ഇന്ന് അത് ആവര്‍ത്തിക്കുകയല്ല, ഇന്ത്യയ്ക്ക് പറ്റിയ, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന, ഒരു പുതിയ കീഴാള -ഇടതുപക്ഷ രാഷ്ട്രീയം വികസിപ്പിക്കുകയാണ് വേണ്ടത്.

വായന, എഴുത്ത്, പ്രഭാഷണങ്ങള്‍, യാത്രകള്‍- എങ്ങനെ ക്രമീകരിക്കുന്നു സമയത്തെ? സച്ചിദാനന്ദന്റെ ദിനചര്യ വായനക്കാര്‍ കൂടി അറിയട്ടെ.

ഞാന്‍ ചെറുപ്പം മുതലേ അധ്വാനിച്ചുവളര്‍ന്ന ഒരാളാണ്. വളപ്പില്‍ കായികമായി അധ്വാനിച്ചു കൊണ്ടാണ് സ്‌കൂളില്‍ നന്നായി പഠിച്ചത്. ഞാന്‍ പഠിച്ചത് സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. ഒരിക്കലും അവിടെനിന്ന് ലഭിച്ച സാമൂഹ്യബോധവും യാഥാര്‍ത്ഥ്യബോധവും വരേണ്യവിദ്യാലയങ്ങളില്‍ നിന്നു ലഭിക്കുകയില്ല. വായനശീലം ഞാന്‍ കുട്ടിക്കാലം മുതലേ വളര്‍ത്തിയെടുത്തതാണ്. ഒഴിവുകാലങ്ങള്‍ ഉണ്ടായിരുന്ന കോളേജ് അധ്യാപനകാലത്തും, ഒഴിവു തീരെ ഇല്ലാതിരുന്ന അക്കാദമിജോലിക്കാലത്തും , തുടര്‍ന്ന് പ്രസാധനവും എഡിറ്റിങ്ങും അധ്യാപനവുമായിക്കഴിഞ്ഞ പത്തു വര്‍ഷങ്ങളിലും ഞാന്‍ ഒരേപോലെ വായനയും എഴുത്തും യാത്രയും തുടര്‍ന്നുപോന്നു, ഇന്നും തുടരുന്നു. സമയം നമ്മെ നിയന്ത്രിക്കാന്‍ അനുവദിക്കാതെ നാം സമയത്തെ നിയന്ത്രിച്ചാല്‍ എല്ലാറ്റിനും സമയം കണ്ടെത്താനാകും എന്നാണു എന്റെ അനുഭവം. ഡെഡ് ലൈനുകളെ ശപിക്കുമെങ്കിലും പലപ്പോഴും ഡെഡ് ലൈനുകളാണ് എന്നെക്കൊണ്ട് ലേഖനങ്ങള്‍ എഴുതിച്ചിട്ടുള്ളത് എന്ന് പറയാതെ വയ്യ. പ്രഭാഷണങ്ങള്‍ക്കായി തയാറാക്കുന്ന കുറിപ്പുകളാണ് പലപ്പോഴും ലേഖനങ്ങളായി മാറാറുള്ളത്- ഇംഗ്ലീഷിലും മലയാളത്തിലും. കവിതകള്‍ മാത്രം സമയം നോക്കിയല്ലാ വരാറുള്ളത് . പല കവിതകളും രാത്രി രണ്ടു മണിക്കും മറ്റുമാണ് ഉണ്ടാവുക, ചിലപ്പോള്‍ ഒരു വരി, ചിലപ്പോള്‍ ഒരു ഇമേജ്, ചിലപ്പോള്‍ ഒരു ശീര്‍ഷകം – അങ്ങിനെ. അപ്പോള്‍ അത് കുറിച്ചിടും, രാവിലെ നോക്കുമ്പോള്‍ ചിലപ്പോള്‍ അതില്‍ ഒരു കവിത കാണും, ചിലപ്പോള്‍ അങ്ങിനെ വികസിപ്പിക്കാന്‍ പറ്റാതെയും വരും. ഇപ്പോഴും കടലാസില്‍ പേന കൊണ്ടാണ് ആദ്യത്തെ ഡ്രാഫ്റ്റ് എഴുതുക. പിന്നെ ലാപ്‌ടോപ്പില്‍ പകര്‍ത്തി പലകുറി തിരുത്തും. ഇതിനെല്ലാമൊപ്പമാണ് മാസികാപ്രവര്‍ത്തനങ്ങളും പൊതുപ്രവര്‍ത്തനങ്ങളും. വായന എനിക്ക് വിശ്രമം ആണ്, വിശ്രമം വേണം എന്ന് തോന്നുമ്പോഴും, യാത്രകള്‍ക്കായി വിമാനത്താവളങ്ങളില്‍ കാത്തിരിക്കുമ്പോഴും തീവണ്ടി- വിമാന യാത്രകള്‍ക്കിടയിലുമെല്ലാം വായിക്കും. നോവല്‍, കവിത, തത്വചിന്ത, രാഷ്ട്രീയചിന്ത – ഇവയാണ് ഏറെയും വായന. നല്ല പോലെ തിരഞ്ഞെടുത്തേ വായിക്കാറുള്ളൂ, അത് ആദ്യം മുതലേയുള്ള ശീലം. ഇപ്പോള്‍ ഇനി അധികം സമയമില്ല എന്ന ബോധം തിരഞ്ഞെടുപ്പിനെ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. വായനയില്‍ എണ്‍പത് ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങളും മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലീഷ്ഭാഷയിലേക്കുള്ള തര്‍ജ്ജുമകളും ആണ്. ബാക്കി അധികവും മലയാളവും അല്‍പ്പം ഹിന്ദിയും (ദേവനാഗരിയില്‍ എഴുതിയ ഉര്‍ദു ഉള്‍പ്പെടെ). വായനയുടെ തുടര്‍ച്ച തന്നെയാണ്- അഥവാ സൂക്ഷ്മവായന തന്നെയാണ് – എനിക്ക് വിവര്‍ത്തനം. ഇപ്പോള്‍ ദിവസം എട്ടു മണിക്കൂറെങ്കിലും- യാത്രയില്‍ അല്ലാത്തപ്പോള്‍ – ഞാന്‍ എഴുതുന്നു, ഇ-മെയിലുകള്‍ക്കുള്ള മറുപടികള്‍, മറ്റു മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ക്കുള്ള പ്രതികരണങ്ങള്‍, ഫേസ് ബുക്ക് കുറിപ്പുകള്‍ ഇവയെല്ലാം എഴുത്തില്‍ പെടും. രണ്ടു മണിക്കൂറെങ്കിലും വായിക്കുന്നു. ജോലി ചെയ്യുന്ന കാലങ്ങളില്‍ രാവിലെ നേരത്തെയും രാത്രി വൈകിയും ആണ് എഴുത്ത് നടന്നിരുന്നത്. ഇപ്പോള്‍ ഡോക്ടറുടെ നിഷ്‌കര്‍ഷ പാലിച്ചു എട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുന്നു , വിദേശയാത്രകളില്‍ അത് പാലിക്കുക വിഷമമാണെങ്കിലും. യാത്രകള്‍ ഞാന്‍ കുറേശ്ശെ കുറച്ചുവരികയാണ്. ഡല്‍ഹിക്കുപുറത്ത് ഒരു മണിക്കൂര്‍ പ്രഭാഷണം നടത്താന്‍ ഒരുക്കവും യാത്രയുമായി മൂന്നര ദിവസമെങ്കിലും വേണം -ഇപ്പോള്‍ അത് സമയത്തിന്റെ പാഴ്ചിലവല്ലേ എന്ന സംശയം തോന്നുന്നുണ്ട്. പൊതുപരിപാടികള്‍ കുറയ്ക്കണം എന്ന് കരുതിയിരുന്നപ്പോളാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ദേശീയ അരങ്ങേറ്റം. പിന്നെ മിണ്ടാതിരിക്കാന്‍ പറ്റാതായി.

രണ്ട് സച്ചിദാനന്ദന്‍മാരാണ് കൊടുങ്ങല്ലൂര്‍ പരിസരത്ത് നിന്ന് ഡല്‍ഹിയിലെത്തിയത്. ആനന്ദിനെക്കുറിച്ച് പറയാമോ?

ആനന്ദ് അപൂര്‍വ്വമായ ‘ഇന്റെഗ്രിറ്റി’ പുലര്‍ത്തുന്ന എഴുത്തുകാരനാണ്. ഇക്കാലത്ത് അത്തരമാളുകളെ കണ്ടുകിട്ടുക വിഷമം. അദ്ദേഹവും കുടുംബവും എന്റെ കുടുംബമിത്രങ്ങളുമാണ്. അങ്ങോട്ടുമിങ്ങോട്ടും ഞങ്ങള്‍ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്, അദ്ദേഹവുമായി ഒരു നീണ്ടസംഭാഷണവും ഒരിക്കല്‍ നടത്തിയിട്ടുണ്ട്, അത് പുസ്തകമായി വന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പല ആശയഗതികളോടും എനിക്ക് യോജിപ്പില്ല – അത് ഞങ്ങളുടെ സൗഹൃദത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെങ്കിലും. യുക്തിവാദികളുമായി എനിക്ക് ഒരതിര്‍ത്തിയിലപ്പുറം സഞ്ചരിക്കാന്‍ പറ്റില്ല എന്നതാണ് പ്രശ്‌നം. ‘ജൈവ മനുഷ്യന്‍’ ഒരു ഭാഗത്ത് ഒരു ഹെഗേലിയന്‍ പുസ്തകമാണ്. എന്നാല്‍ അത് മതത്തോടു പുലര്‍ത്തുന്ന സമീപനം തികച്ചും തെറ്റാണ്. മതത്തെ ചില പുസ്തകങ്ങള്‍ മാത്രമായി ചുരുക്കാന്‍ പറ്റില്ല, അത് ചരിത്രത്തിലൂടെ മുന്നേറുകയും മാറ്റങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുന്ന ഒരു ജീവിതപ്രയോഗമാണ്. ഗാന്ധിയോട് ബഹുമാനമുള്ള ആനന്ദ് എന്തുകൊണ്ട് അത് മനസ്സിലാക്കാതെ പോകുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. മതത്തെ അടിമത്തമായാണ് അദ്ദേഹം കാണുന്നത്, അതില്‍ ഒരു വിമോചന സാധ്യത ഉണ്ടെന്നും പലപ്പോഴും അത് സമൂഹത്തില്‍ വിമോചകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും ആനന്ദ് കാണുന്നില്ല. തന്നെയല്ല, എല്ലാ മതങ്ങളും ആരംഭിക്കുന്നത് രണ്ടു ബിന്ദുക്കളില്‍ നിന്നാണ്: ഒന്ന് പ്രപഞ്ചരഹസ്യം അന്വേഷിക്കാനുള്ള മനുഷ്യന്റെ ത്വര; രണ്ട്, മാനുഷികമായ മൂല്യങ്ങള്‍ക്കായുള്ള അന്വേഷണം. രണ്ടും മനുഷ്യനെ മനുഷ്യനാക്കുന്ന കാര്യങ്ങളാണ്. മതങ്ങള്‍ ചിലപ്പോള്‍ പ്രതിലോമകരമായ പങ്കുവഹിച്ചിട്ടുണ്ട്, സ്ഥാപകരുടെ ലക്ഷ്യങ്ങളില്‍ നിന്ന് വഴി തെറ്റിപ്പോയിട്ടുണ്ട്, പക്ഷെ അതിനുള്ള പരിഹാരം മതത്തെത്തന്നെ തള്ളിക്കളയുകയല്ല. സ്റ്റാലിന്റെ തെറ്റുകളുടെ പേരില്‍ നമുക്ക് മാര്‍ക്‌സിനെ തള്ളിപ്പറയാന്‍ പറ്റുമോ? ഗാന്ധിയന്മാര്‍ എന്നവകാശപ്പെടുന്നവരുടെ തെറ്റുകള്‍ ഗാന്ധിയുടെ പുറത്തു കെട്ടിവെയ്ക്കാന്‍ പറ്റുമോ? അതുപോലെ ക്രിസ്തുവിന്റെയോ നബിയുടെയോ ഒക്കെ പിന്മുറക്കാര്‍ നടത്തിയ രക്തചൊരിച്ചിലുകള്‍ക്ക് ആ പ്രവാചകരെ ഉത്തരവാദികളാക്കാനാകുമോ? അംബേദ്കര്‍ എന്തുകൊണ്ട് യുക്തിവാദത്തിനു പകരം ബുദ്ധമതം തിരഞ്ഞെടുത്തു? ലാറ്റിന്‍ അമേരിക്കയില്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ പുരോഹിതര്‍ വിപ്ലവത്തിന്റെ ഭാഗത്തുനിന്നു? അഹിംസാവാദിയായ ഗാന്ധി ഗീതയില്‍ കണ്ട മഹത്വം എന്തായിരിക്കാം? ആത്മീയത മനുഷ്യാവസ്ഥയുടെ അനിവാര്യമായ അംശമല്ലേ? ഇങ്ങിനെ പലതും അദ്ദേഹത്തോട് എനിക്ക് ചോദിക്കേണ്ടി വരും.

ഇസ്‌റോ ചാന്ദ്രയാന്‍ ശ്രദ്ധിച്ചുവല്ലോ? നരേന്ദ്രമോഡിയുടെ ശരീരഭാഷ വിക്ഷേപിക്കുന്നതില്‍ മോഡി വിരുദ്ധതയുള്ള മാധ്യമങ്ങള്‍ പോലും വിജയിച്ചു. ഇന്ത്യന്‍ മനസ്സ് പൂര്‍ണമായി മാറുകയാണോ?

മാധ്യമങ്ങള്‍ ഇന്ത്യന്‍ മനസ്സിനെ ആവിഷ്‌കരിക്കുന്നു എന്ന് കരുതുന്നത് ശരിയല്ല. അവയില്‍ പലതും സ്വയം വലതുപക്ഷത്തിന്നു വിറ്റവയോ, വലതുപക്ഷം പണവും സ്വാധീനവും ഉപയോഗിച്ച് സ്വാധീനിക്കുന്നവയോ ആണ്. ചാന്ദ്രയാന്‍ അവസാനഘട്ട പരാജയത്തിനു ശേഷം അല്‍പ്പം സങ്കടത്തോടെ മാറിനിന്ന ഐ എസ് ആര്‍ ഒ ചീഫിനെ പ്രധാനമന്ത്രി ആശ്ലേഷിച്ചു കരയിച്ചത് ക്യാമറകള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടി നടത്തിയ ഒരു മെലോഡ്രാമ ആയിരുന്നു. അവിടത്തെ ഉദ്യോഗസ്ഥരുടെ ഇന്‍ക്രിമെന്റ് വെട്ടിക്കുറയ്ക്കുന്നതിലൂടെ അതിന്റെ പൊള്ളത്തരം സര്‍ക്കാര്‍ തന്നെ തെളിയ്ക്കുകയും ചെയ്തു. അവസാനനിമിഷം ഒരു പ്രശ്‌നമുണ്ടായെങ്കിലും ഇത്ര വലിയ ഒരു മിഷന്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുകയും അത് മിക്കവാറും നടപ്പാക്കുകയും ചെയ്ത ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചത് തീര്‍ച്ചയായും ഈ പ്രതികാരനടപടി ആവില്ല. ഇതാകട്ടെ മുന്‍പുണ്ടായ പല വിപരീതാര്‍ത്ഥമുള്ള പ്രകടനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു- ലോകസഭയുടെ പടി തൊട്ടു വന്ദിച്ചത് മുതല്‍ – എന്നിട്ടദ്ദേഹം ഭരണഘടനയെ തുടര്‍ച്ചയായി ലംഘിക്കുകയാണല്ലോ ചെയ്തത്. ഭരണഘടനയുടെ എല്ലാ തത്വങ്ങളും- പരമാധികാരം, മതേതരത്വം, സ്ഥിതിസമത്വം, ഫെഡറലിസം, ജഡീഷ്യറിയുടെ സ്വാതന്ത്ര്യം -ഈ സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നു.

ദീര്‍ഘമായി ഒരു ജീവിതം പഠിക്കാന്‍ തീരുമാനിച്ചാല്‍ ആരുടെ ജീവിതത്തെക്കുറിച്ചായിരിക്കും സച്ചിദാനന്ദന്‍ സമകാലിക ഇന്ത്യയില്‍ ഇരുന്ന് പഠിക്കുക?

ഗാന്ധി. തുടര്‍ച്ചയായി പരിണമിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യന്‍ . ഇന്നലത്തെ താന്‍ അല്ല ഇന്നത്തെ താന്‍ എന്നും അതാവില്ല നാളത്തെ താന്‍ എന്നും പറഞ്ഞുകൊണ്ടേയിരുന്ന ആള്‍. ഇനിയും ജീവിച്ചിരുന്നെങ്കില്‍ ഇനിയും മാറുകയും പലതും പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയുംചെയ്യുമായിരുന്ന ഒരാള്‍ . ഇന്ത്യയ്ക്ക് ചേര്‍ന്ന ഒരു സമത്വപദ്ധതി തയ്യാറാക്കാന്‍ ശ്രമിച്ച ഒരാള്‍. ആത്മീയതയെ വര്‍ഗീയതയില്‍ നിന്ന് വേറിട്ട് തിരിച്ചറിഞ്ഞ, ദൈവം സത്യമാകുന്നു എന്നിടത്തേയ്ക്ക് എത്തിച്ചേരുകയും അംബേദ്കറെ കൂടുതല്‍ കൂടുതലായി മനസ്സിലാക്കുകയും അടിത്തട്ടിലെ ജനാധിപത്യത്തെ സ്വരാജ് ആയി തിരിച്ചറിയുകയും ചെയ്ത ഒരാള്‍. ഭയം എന്തെന്നറിയാതെ സത്യം വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍. വിഭജനത്തെ അവസാനനിമിഷം വരെ ചെറുക്കുകയും അത് നടന്നപ്പോള്‍ പാക്കിസ്ഥാനോടുള്ള വാഗ്ദാനം പാലിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കാന്‍ ഉപവസിക്കുകയും അതിന്റെ പേരില്‍ ഹിന്ദുത്വതീവ്രവാദിയുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിയാവുകയും ചെയ്ത ഒരാള്‍. ഇപ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ച എല്ലാ രേഖകളുംപൊതുജനങ്ങള്‍ക്കു ലഭ്യമാണ്. സബര്‍മതി ആശ്രമത്തിന്റെ വെബ്‌സൈറ്റ് നോക്കിയാല്‍ മതി. ഞാന്‍ ആശ്രമത്തില്‍ പോയി നേരിട്ട് അദ്ദേഹത്തിന്റെ ആരും കാണാത്ത കത്തുകള്‍ ഉള്‍പ്പെടെ പല രേഖകളും കാണുകയും ചെയ്തിട്ടുണ്ട്- എന്റെ ആത്മമിത്രമായ തൃദീപ് സുഹൃദ് ആശ്രമത്തിന്റെ ഡയറക്ടര്‍ ആയിരുന്നപ്പോള്‍. അദ്ദേഹമാണ് ഗാന്ധിയുടെ സമ്പൂര്‍ണ്ണ കൃതികളും കത്തുകളും ‘ഹരിജന്‍’ ലക്കങ്ങളുമെല്ലാം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചത്.

കേരളത്തില്‍ പാര്‍പ്പുറപ്പിക്കാറായോ?
ഇന്ത്യയെ അടുത്തുകാണാന്‍ ഡല്‍ഹിയാണ് നല്ലത്. കേരളത്തില്‍ ജീവിക്കുന്നവര്‍ പലപ്പോഴും ഒരു മിഥ്യാലോകത്താണെന്ന് തോന്നിയിട്ടുണ്ട്. അവിടെ വലുതായിക്കാണുന്ന പലതിന്റെയും ചെറുപ്പം ഇവിടെ ഇരുന്നാലേ മനസ്സിലാകൂ. പിന്നെ ബന്ധങ്ങള്‍, വായനാസൗകര്യങ്ങള്‍, ചില കുടുംബസാഹചര്യങ്ങള്‍.. കേരളത്തില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ വരികയും എല്ലാ പ്രസിദ്ധീകരണങ്ങളും കിട്ടുകയും പലതിലും എഴുതുകയും കേരള സാഹിത്യോത്സവത്തിനു നേതൃത്വം നല്‍കുകയും മലയാളത്തെ ജീവനെപ്പോലെ സ്‌നേഹിക്കുകയും മലയാളികളുടെ കാര്യങ്ങളിലെല്ലാം താത്പര്യമെടുക്കുകയും ചെയ്യുന്നതിനാല്‍ എന്നും ഞാന്‍ കേരളത്തിന്റെ ഭാഗമാണ്. കേരളം ദൂരെയായി ഒരിക്കലും തോന്നിയിട്ടില്ല. തിരിച്ചുവരാനുള്ള ആലോചന തീര്‍ത്തും ഉപേക്ഷിച്ചിട്ടുമില്ല.

സച്ചിദാനന്ദന്‍/ കെ കെ ജോഷി

You must be logged in to post a comment Login