ഹൂസ്റ്റണിലെ ആര്‍പ്പുവിളികള്‍ തീര്‍ന്നപ്പോള്‍

ഹൂസ്റ്റണിലെ ആര്‍പ്പുവിളികള്‍ തീര്‍ന്നപ്പോള്‍

അമേരിക്കയിലെ ഹൂസ്റ്റണില്‍ നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഒരു വലിയ കെട്ടുകാഴ്ച തന്നെയൊരുക്കി. അമ്പതിനായിരം പേരുള്‍പ്പെട്ട പടുകൂറ്റന്‍ റാലി ഇരുനേതാക്കള്‍ക്കും ആര്‍പ്പു വിളിച്ചു. രണ്ടു നേതാക്കന്മാരും പരസ്പരം പുകഴ്ത്തുകയും ‘ഇസ്‌ലാമിക തീവ്രവാദത്തെയും’ പാകിസ്ഥാനെയും വിമര്‍ശിക്കുകയും ചെയ്തു. ദക്ഷിണേഷ്യയും പശ്ചിമേഷ്യയും ഭീകരതയെന്ന അര്‍ബുദത്താല്‍ അസ്വസ്ഥമാണെന്നതു ശരി തന്നെ. പക്ഷേ അമേരിക്കയുടെ നയങ്ങള്‍ തന്നെയാണ് ഭീകരവാദത്തിന്റെ വിത്തുകള്‍ വിതച്ചതെന്ന കാര്യം ‘ഇസ്‌ലാമിക തീവ്രവാദ’ ത്തെ കുറിച്ചുള്ള ഉന്മാദത്തില്‍ നാം മറന്നുപോകുന്നു. അമേരിക്ക മുസ്‌ലിംകള്‍ക്കിടയിലെ പിന്തിരിപ്പന്‍ വിഭാഗത്തെ ഉപയോഗിച്ച് മുസ്‌ലിം യുവാക്കളെ മയക്കാനുള്ള പാഠ്യപദ്ധതി തയാറാക്കുക മാത്രമല്ല ചെയ്തത്. എണ്ണായിരം ദശലക്ഷം ഡോളറും ഏഴായിരം ടണ്‍ ആയുധങ്ങളും അവര്‍ അതിനായി ഉപയോഗിച്ചു. അഫ്ഗാനിസ്ഥാനെ ഉപരോധിച്ച റഷ്യന്‍ പട്ടാളത്തെ തുരത്താനാണ് അവര്‍ ശ്രമിച്ചതെങ്കിലും അതിനിടയിലൂടെ അമേരിക്ക നടത്തിയ കള്ളക്കളികളാണ് ആഗോളതലത്തില്‍ തന്നെ ഭീകരവാദത്തെ കെട്ടഴിച്ചു വിട്ടത്.

മോഡിയുടെയും ട്രംപിന്റെയും കെട്ടുകാഴ്ച ഗംഭീരമായിരുന്നു. മാധ്യമങ്ങള്‍ മോഡിക്ക് സ്തുതി പാടുന്ന തിരക്കില്‍ പലതും മൂടി വെക്കുകയും ചെയ്തു. അമേരിക്കയിലെ വ്യത്യസ്ത സംഘങ്ങളുടെ പ്രതിഷേധവും ഇന്ത്യയിലെ മോഡിനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവും മാധ്യമങ്ങള്‍ സൗകര്യപൂര്‍വം മറന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ മോഡി ഭക്തരും ഹൈന്ദവ ദേശീയതയെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെ ആരോഗ്യത്തിന്റെയും സ്ഥിതിയെക്കുറിച്ച് വേവലാതിപ്പെടുന്നവരും അവര്‍ക്കിടയിലുണ്ട്. മതസ്വാതന്ത്ര്യത്തിനെതിരെയും മനുഷ്യാവകാശങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ കാണാതെ ട്രംപ് മോഡിയെ പിന്തുണയ്ക്കുന്നതിനെതിരെ ഡെമോക്രാറ്റ് നേതാവായ ബേര്‍ണി സാന്റേഴ്‌സ് ട്വീറ്റു ചെയ്യുകയുണ്ടായി. ഇതരമതങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെയും ഉപദ്രവിക്കുന്നതിനെതിരെയും ട്രംപ് നിശബ്ദനായിരിക്കുമ്പോള്‍ ‘മുമ്പോട്ടു പോകൂ, ഒരു കുഴപ്പവുമില്ല’ എന്ന അപകടകരമായ സന്ദേശമാണ് ലോകത്തെമ്പാടുമുള്ള സേച്ഛാധിപതികള്‍ക്ക് ലഭിക്കുന്നതെന്ന് ബെര്‍ണി സാന്റേഴ്‌സ് എഴുതി.

തന്റെ നീണ്ട പ്രസംഗത്തില്‍ മോഡി ഊന്നിപ്പറഞ്ഞ കാര്യം ഇന്ത്യയില്‍ കാര്യങ്ങളെല്ലാം ‘നേരെയാണെന്നതാണ്.’ കശ്മീരിലേതടക്കമുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ മോഡിക്ക് അതെങ്ങനെ പറയാനാകും? ഗാന്ധിജി ഊന്നല്‍ നല്‍കിയ ആ ‘അവസാനത്തെ മനുഷ്യ’നല്ല മോഡിയുടെ പ്രാഥമിക പരിഗണന. അമേരിക്കയിലെ പടുകൂറ്റന്‍ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഏതാണ്ടെല്ലാവരും തന്നെ മോഡിയുടെ ഓരോ വാക്കിനും കയ്യടിച്ചെങ്കിലും മോഡിയുടെ ഭരണത്തിനെതിരെ പ്രതിഷേധങ്ങളുമുണ്ടായിരുന്നു.

പ്രതിഷേധക്കാര്‍ക്കിടയില്‍ ‘അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി’ എന്ന കൂട്ടായ്മയുമുണ്ടായിരുന്നു. അതില്‍ അണിചേര്‍ന്നിട്ടുള്ള സംഘടനകളിലൊന്നായ ‘ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ’ അംഗമായ സുനിത വിശ്വനാഥന്‍ പറയുന്നു: ‘വസുധൈവ കുടുംബകമെന്നു പഠിപ്പിക്കുന്ന ഞങ്ങളുടെ മതത്തെ തീവ്രവാദികളും ദേശീയ വാദികളും തട്ടിയെടുത്തിരിക്കുന്നു. അവര്‍ മുസ്‌ലിംകളെ കൊല്ലുകയും വിമത ശബ്ദങ്ങളെ അമര്‍ത്തുകയും ജനാധിപത്യത്തെ ഞെരുക്കുകയും ചെയ്യുന്നു. കശ്മീരികളുടെ അവസ്ഥ പേടിപ്പിക്കുന്നതാണ്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് എന്ന പ്രഹസനത്തിലൂടെ നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട 1.9 ദശലക്ഷം ജനങ്ങളുടെ അവസ്ഥ ഭീകരമാണ്.’
കഴിഞ്ഞ ഏതാനും കാലമായി, പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, ഇന്ത്യയെന്ന രാജ്യത്തിന്റെ പോക്ക് ദയനീയമാണ്. അമേരിക്കയില്‍ പ്രകടനങ്ങളെ അഭിസംബോധന ചെയ്ത് മോഡി ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് പിരിച്ചുവിടപ്പെടുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കോട്ടം അനുഭവിക്കുന്നത് സാധാരണക്കാരാണ്. മുത്തലാഖ് നിരോധനവും അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സും കശ്മീരില്‍ 370-ാം വകുപ്പെടുത്തു കളയലും രാജ്യവ്യാപകമായി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരലുമാണ് ബി ജെ പിയെ സംബന്ധിച്ചിടത്തോളം പ്രധാനമായ കാര്യങ്ങള്‍!
നയരൂപീകരണത്തിലുള്ള ഊന്നല്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. റിപ്പബ്ലിക്കിന്റെ ആദ്യകാലത്ത് വ്യവസായമേഖലയുടെയും സര്‍വകലാശാലകളുടെയും ജലസേചനസംവിധാനത്തിന്റെയും ശക്തമായ അടിത്തറ പടുത്തുയര്‍ത്തപ്പെട്ടു. പൗരന്മാരുടെ ഉപജീവന മാര്‍ഗവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിനായിരുന്നു രാഷ്ട്രത്തിന്റെ ഊന്നല്‍. ആസൂത്രണത്തിലും നയങ്ങളുടെ നടത്തിപ്പിലും പാളിച്ചകളുണ്ടായിട്ടുണ്ടാകാം. പക്ഷേ അവയുടെ പോക്ക് നേരായ ദിശയിലായിരുന്നു. അതുകൊണ്ടു തന്നെ സാക്ഷരതയിലും ആരോഗ്യസൂചികകളിലും സാമ്പത്തികവളര്‍ച്ചയിലും കാര്‍ഷിക ഉല്പാദനത്തിലും പാലുല്പാദനത്തിനും വന്‍ നേട്ടങ്ങളുണ്ടായി. രാമജന്മഭൂമി, വിശുദ്ധ പശു, മതപരിവര്‍ത്തനങ്ങള്‍, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ അപ്രസക്തമായിരുന്നു. അടിസ്ഥാനസൗകര്യ വികസനത്തില്‍ കാലൂന്നിയതിനാല്‍ ഇന്ത്യ ആഗോളതലത്തില്‍ തന്നെ വന്‍ സാമ്പത്തിക ശക്തിയായി മാറി. അവയൊന്നും തന്നെ നയരൂപീകരണത്തെ ബാധിക്കാറേയില്ലായിരുന്നു. പൗരന്മാരുടെ അടിസ്ഥാനവകാശങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രത്തില്‍ നിന്ന് ഇന്നത്തെ ഇന്ത്യ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് വെറുതേ വാചകമടിക്കുന്ന രാഷ്ട്രമായി ചുരുങ്ങിയിരിക്കുകയാണ്. സമൂഹത്തിന്റെയും വലിയൊരു പങ്ക് ജനങ്ങളുടെയും താല്പര്യങ്ങളില്‍ നിന്ന് രാഷ്ട്രം കൈ പിന്‍വലിക്കുകയാണ്.
രാമജന്മഭൂമി പ്രക്ഷോഭത്തോടെ ബി ജെ പി മുന്‍ നിരയിലേക്കെത്തുകയും ‘വ്യത്യസ്തമായ’ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. അതു നേരാണ്. ഹൈന്ദവ ദേശീയതയെന്ന അജണ്ടയാല്‍ മുന്നോട്ടുനീങ്ങുന്ന പാര്‍ട്ടിയാണത്. മതന്യൂനപക്ഷങ്ങളോടുള്ള വെറുപ്പാണ് അതിന്റെ മുഖമുദ്ര. അത് അക്രമവും വിഭാഗീയതയുമാണ് സൃഷ്ടിക്കുന്നത്. ആ വിഭാഗീയതയാണ് അവരെ അധികാരത്തിലെത്തിച്ചത്. ദിശ തെറ്റിപ്പോയ രാഷ്ട്രത്തെ തിരികെ കൊണ്ടു വരുന്നതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത്.

കടപ്പാട്: newsclick.in
രാം പുനിയാനി

You must be logged in to post a comment Login