ഇന്ത്യക്ക് ഇസ്‌ലാമിക് ഇക്കോണമി

ഇന്ത്യക്ക് ഇസ്‌ലാമിക് ഇക്കോണമി

നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ച വിവരം നിര്‍ഭാഗ്യവശാല്‍ ഞാനറിയുന്നത് പിറ്റേന്ന് രാവിലെ എല്ലാവരുംകൂടി ചായകുടിക്കുന്ന സമയത്തായിരുന്നു. പ്രധാനമന്ത്രിയുടെ ധീരതയെ പൊക്കിപ്പറയാന്‍ ഓരോരുത്തരും മത്സരിക്കുമ്പോള്‍ കൂടെയിരിക്കുന്നവരോട് ഞാനൊരു ചോദ്യം ചോദിച്ചു: നമ്മുടെ സാമ്പത്തിക വ്യവസ്ഥിതി 58 ദിവസത്തേക്ക് മരവിപ്പിക്കുന്നത് പോകട്ടെ, ഒരുമണിക്കൂര്‍ മരവിപ്പിച്ചാല്‍ എന്തായിരിക്കും നഷ്ടമെന്ന് ഊഹിക്കാനാകുമോ?
കോടാനുകോടി ജനങ്ങള്‍ ഒരു മണിക്കൂര്‍ അവരുടെ എല്ലാ സാമ്പത്തിക പ്രവര്‍ത്തങ്ങളും നിര്‍ത്തിവെച്ചാല്‍ ഇന്ത്യാ മഹാരാജ്യത്ത് നടക്കാനിരിക്കുന്ന അനന്തരഫലം മാത്രം ചര്‍ച്ച ചെയ്താല്‍ മതി ഇന്ന് രാജ്യമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കണ്ടെത്താന്‍. സാമ്പത്തിക വ്യവസ്ഥിതി പോലെ അതി സങ്കീര്‍ണമായ ഒരു സംവിധാനത്തെ തകിടം മറിക്കാന്‍ ലോകത്ത് ഒരു ബുദ്ധിശൂന്യത മതി. എന്നാലതു നേരെ നിര്‍ത്താന്‍ ആയിരം അതിബുദ്ധി ഒരുമിച്ച് ശ്രമിച്ചാലും നടന്നുകൊള്ളണമെന്നില്ല. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഈ വസ്തുതയാണ് ഏറ്റവും വലിയ പാഠം. കഴിഞ്ഞ ഭരണ കാലഘട്ടത്തില്‍ പരിഷ്‌കാരങ്ങളായി അവതരിപ്പിക്കുകയും സമൂഹത്തിന്റെ നട്ടെല്ല് ഒടിക്കുകയും ചെയ്ത മോഡി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളൊക്കെ തിരിഞ്ഞുകുത്തുന്ന അതിദയനീയമായ അന്തരീക്ഷമാണിന്നുള്ളത്. സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠം അറിയുന്നവരെ പോലും അമ്പരപ്പിക്കും വിധമുള്ള ‘പരിഹാര നടപടികളുമാണ്’ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നതെന്ന സത്യം അതിലേറെ ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്.

സാധാരണക്കാരുടെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ധനമന്ത്രി പതിനായിരക്കണക്കിന് കോടി രൂപ പത്രസമ്മേളനം വിളിച്ച് ഔദാര്യം നല്‍കുന്ന ദുരവസ്ഥയെ അക്ഷരങ്ങള്‍ കൊണ്ട് വിവരിക്കാനാവില്ല. ഇന്ത്യ കേവലം കോര്‍പറേറ്റുകളുടെത് മാത്രമാണെന്ന ഈ കോര്‍പറേറ്റ് ബുദ്ധിതന്നെയാണ് നമ്മുടെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണവും. നവ ലിബറലിസവും ചൂഷണാത്മക ക്യാപിറ്റലിസവും സമൂഹത്തിനു ചൊല്ലിപ്പഠിപ്പിച്ച അധ്യായങ്ങളുടെ ബാക്കിപത്രവുമായി മാത്രം വേണം ഇത്തരം നീക്കങ്ങളെ കാണാന്‍. അഭിമാനപ്രശ്‌നമായത് കൊണ്ട് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ നിര്‍മല സീതാരാമന് ആഗ്രഹമോ അഭിലാഷമോ ഇല്ലാതിരിക്കില്ല. എന്നിട്ടും കോര്‍പറേറ്റുകളോട് കാണിക്കുന്ന രാജഭക്തി തന്നെയാണ് നാം വീണ്ടും പഠനവിധേയമാക്കേണ്ടത്. നമ്മുടെ സാമ്പത്തിക വിദഗ്ധന്മാര്‍ കാലങ്ങളായി ടെക്സ്റ്റ് ബുക്കുകളില്‍ പകര്‍ത്തിവെച്ച സിദ്ധാന്തങ്ങളുടെ പരിമിതിയായി കൂടി ഇതിനെ വിലയിരുത്തണം.

ഒന്നിന് പിറകെ ഒന്നായി, രാഷ്ട്രങ്ങള്‍ക്ക് പിറകെ രാഷ്ട്രങ്ങളെയായി സാമ്പത്തിക പ്രതിസന്ധി വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ ജീവിതസന്ധാരണം തുടങ്ങിയത് മുതല്‍ സാമ്പത്തിക വ്യവസ്ഥിതിയും ലോകത്തുണ്ട്. ബാര്‍ട്ടര്‍ സിസ്റ്റം മുതല്‍ കമ്മ്യൂണിസം വരെ പലതും പരീക്ഷിച്ച പാരമ്പര്യവും മനുഷ്യ കുലത്തിനുണ്ട്. ഇത്തരം പരാജയങ്ങളെ ചൂണ്ടി, ജനങ്ങളെ വക്രീകരിച്ച് മുതലാളിമാരുടെ കീശവീര്‍പ്പിക്കുക മാത്രമാണ് സാധാരണക്കാരന്റെ അടുപ്പ് കത്താനുള്ള ഏകവഴിയെന്ന കുരുട്ടുബുദ്ധില്‍ നിന്നാണ് മുതലാളിത്തം ലോകത്തെ ‘ശുശ്രൂഷിച്ചു’ തുടങ്ങുന്നത്. പണത്തിന്റെ പിന്‍ബലത്തില്‍ മുതലാളിത്തം ആദ്യം നമ്മുടെ സമ്പത്തിനെയല്ല കൊള്ളയടിച്ചത്; മസ്തിഷ്‌കങ്ങളെയായിരുന്നു. മുതലാളിമാരെ മാത്രം സഹായിക്കുന്ന സിദ്ധാന്തങ്ങള്‍ മാത്രമാണ് സാമ്പത്തിക വ്യവസ്ഥിതിയെന്ന പേരില്‍ ലോകത്തിന് മുന്നില്‍ വന്നത്. മുഴുവന്‍ സാമ്പത്തിക നിയന്ത്രണങ്ങളും മുതലാളിമാരുടെ ലാഭത്തെയോ പലിശയെയോ ആശ്രയിച്ചിരിക്കുന്നുവെന്ന് കണ്ടെത്താന്‍ ഓരോ സാമ്പത്തിക വിദഗ്ധനും അറിഞ്ഞോ അറിയാതെയോ മത്സരിക്കുന്ന പ്രവണത ലോകത്ത് മുതലാളിത്തം സൃഷ്ടിച്ചെടുത്തു. നിര്‍മല സീതാരാമന്‍ പഠിച്ച ടെക്സ്റ്റ് ബുക്കുകളും മറ്റൊരാശയമല്ലല്ലോ നല്‍കിയിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ അറുപത് ശതമാനം വരുന്ന കര്‍ഷകരെ ബൂസ്റ്റ് ചെയ്യുന്നതിന് പകരം മന്ത്രിയുടെ തലമുഴുവനും കോര്‍പറേറ്റുകളുടെ ‘കഷ്ടപ്പാട്’ തീര്‍ക്കുന്നതിന് വിനിയോഗിച്ചതില്‍ ഒരത്ഭുതവുമില്ല.

2008ല്‍ അമേരിക്ക നേരിട്ട പ്രതിസന്ധി ബാങ്കുകളാണ് വലിച്ചുകൊണ്ടുവന്നതെങ്കില്‍ ലോകത്തെ മുഴുവന്‍ പ്രതിസന്ധികളും നിലവിലെ സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. 1930ല്‍ ലോകത്തെ മരവിപ്പിച്ച മഹാ പ്രതിസന്ധിയും ഈ സംവിധാനങ്ങളുടെ പ്രശ്‌നങ്ങളായിരുന്നുവെന്ന് ലോകം സമ്മതിച്ചതാണ്. നിലവിലുള്ള സംവിധാനങ്ങള്‍ ഒരര്‍ഥത്തില്‍ എല്ലാവര്‍ക്കും മടുത്തിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യത്വത്തെ അടര്‍ത്തിയെടുക്കുന്ന ഈ സംവിധാനങ്ങള്‍ ഭാവിതലമുറയെ പരിഗണിക്കുന്നില്ല എന്ന യാഥാര്‍ഥ്യം ചിന്തിക്കുന്നവരില്‍ ഭീതിജനിപിച്ചിട്ടുണ്ട്.

1988 ല്‍ നൊബേല്‍ പ്രൈസ് ലഭിച്ച ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ മോറിസ് അല്ലിയാസ് (ങമൗൃശരല അഹശമ)െ വേറിട്ട് ചിന്തിച്ച ചിലകാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഇന്ന് നടക്കുന്ന പരിഹാരക്രിയകളൊന്നും അടിസ്ഥാനപ്രശ്‌നങ്ങള്‍ ഇല്ലാതെയാക്കുന്നതല്ലെന്നും മുഖം മിനുക്കല്‍ മാത്രമാണെന്നും മോറിസ് വാദിക്കുന്നു. പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ അടിസ്ഥാനപരമായി രണ്ടുകാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിടുന്നു. ഒന്ന്: പലിശ പൂര്‍ണമായും ഇല്ലാതാക്കുക അഥവാ പൂജ്യം ശതമാനത്തിലെത്തിക്കുക, രണ്ട്: ടാക്സുകള്‍ മൊത്തം രണ്ടു ശതമാനത്തില്‍ മാത്രം നിജപ്പെടുത്തുക. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാനപാഠങ്ങളായിരുന്നു അദ്ദേഹം നടപ്പാക്കാന്‍ ആവശ്യപ്പെട്ട ഇരുകാര്യങ്ങളും. പലിശ പൂര്‍ണമായും നിഷിദ്ധമാക്കിയ ഇസ്‌ലാം, ടാക്‌സ് അഥവാ സകാത് രണ്ടര ശതമാനമായാണ് അവതരിപ്പിച്ചത്.

2008 ല്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടറും പിന്നീട് ഗവര്‍ണറുമായ രഘുരാംരാജന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് നല്‍കിയ വിശദമായൊരു റിപ്പോര്‍ട്ട് ഇപ്പോഴും വേണ്ടത്ര ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതെ പൂഴ്ത്തിയിരിപ്പുണ്ട്. ഇസ്‌ലാമിക ഫൈനാന്‍സ് സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുകയാണ് ദരിദ്ര ജനകോടികളെ മുഖ്യധാരാ സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള വഴിയെന്ന് വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് മന്‍മോഹന്‍ സിങ് സര്‍ക്കാരും മോഡി സര്‍ക്കാരും രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാല്‍ അവഗണിക്കുകയായിരുന്നു. പ്രതിസന്ധി നിലനില്‍ക്കത്തന്നെ മോഡി സര്‍ക്കാര്‍ ഇതിനു പകരം പിന്നീട് കൊണ്ടുവന്ന ജന്‍ധന്‍ യോജനയാവട്ടെ വിപരീതഫലം നല്‍കുകയും ചെയ്തു. രാജ്യത്തെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന രസകരമായ ആശയമാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ക്യാഷ് ഇടപാടുകളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. കോര്‍പറേറ്റുകള്‍ക്ക് പൂര്‍ണമായും ഓശാന പാടാന്‍ മാത്രമായിരുന്നു ഈ ശ്രമങ്ങളൊക്കെയും. ഇത്തരം വഴിവിട്ട പരിഷ്‌കാരങ്ങളായിരുന്നു രാജ്യത്തെ കോടിക്കണക്കിനു ചെറുകിട ഇടത്തരം കച്ചവടക്കാരെ വഴിയോരത്തേക്ക് തള്ളിവിട്ടത്. ഓണ്‍ലൈന്‍ പര്‍ച്ചേഴ്സ് ഫലത്തില്‍ ഓണ്‍ലൈന്‍ രംഗത്തെ ഭീമന്മാരെ മാത്രമേ സഹായിക്കൂവെന്ന ധാരണയുണ്ടായിട്ടും സര്‍ക്കാര്‍ നടത്തിയ ഈ ഓമന പരിഷ്‌കാരങ്ങള്‍ ആത്യന്തികമായി ജനങ്ങളുടെ പര്‍ച്ചേസിംഗ് പവറിനെത്തന്നെ ബാധിക്കുകയും ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിലെത്തിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം സ്വകാര്യ ഉപഭോഗം വളരെയേറെ കുറഞ്ഞതാണെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ തന്നെ എങ്ങനെ കുറഞ്ഞുവെന്ന് വിശദീകരിക്കാന്‍ തയാറല്ല. കാരണം നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവ മാത്രമല്ല, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ഓരോരുത്തരെയും ബാങ്കില്‍ അകൗണ്ട് എടുപ്പിച്ചതും മഹാദുരന്തം വരുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കേണ്ടി വരും. അതേസമയം പാവപ്പെട്ടവരെ മുഖ്യധാരാ സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരാനായി രഘുറാം രാജന്‍ കണ്ടെത്തിയ മാര്‍ഗങ്ങളെ അവലംബിക്കുകയും വേണം.
പുതിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഏറ്റവുംവലിയ ഭീഷണിയായിരിക്കുന്നത് വിദേശ നിക്ഷേപങ്ങളുടെ ഗണ്യമായ കുറവാണ്. എഫ്.ഡി.ഐ അഥവാ ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ക്രമാതീതമായി കുറഞ്ഞു. കാലങ്ങളായി ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താന്‍ ഇസ്‌ലാമിക ഫൈനാന്‍സ് രംഗത്തുള്ളവര്‍ മുന്നോട്ടുവെക്കുന്ന ഫോര്‍മുല സര്‍ക്കാര്‍ സ്വീകരിക്കുകമാത്രമേ ഇതിനു നിര്‍വാഹമുള്ളൂ. ഒരു രാഷ്ട്രത്തിന്റെ വികാസഗതിയെ നിയന്ത്രിക്കുന്ന വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്കു വരാന്‍ ഇസ്‌ലാമിക് ഫൈനാന്‍സ് ഇന്ത്യയില്‍ കൊണ്ടുവരണമെന്നത് വളരെ വ്യക്തമായ വസ്തുതയാണ്. കാരണം സമ്പന്നമായ ഇസ്‌ലാമിക രാഷ്ട്രങ്ങളൊക്കെയും ഇന്ത്യയില്‍ പണമിറക്കാന്‍ ഇത്തരമൊരു നടപടി സഹായിക്കും. അമേരിക്ക, യു.കെ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളൊക്കെ ഇസ്‌ലാമിക് ഫൈനാന്‍സിനു വാതില്‍ തുറന്നു നല്‍കിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. അവരുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയും ചെയ്തു. മധ്യ-പൗരസ്ത്യ രാഷ്ട്രങ്ങളില്‍നിന്നും ധാരാളം നിക്ഷേപങ്ങള്‍ ഈ രാഷ്ട്രങ്ങളിലേക്ക് ഒഴുകിയതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നായിരുന്നില്ല. മുസ്‌ലിം രാഷ്ട്രങ്ങളില്‍ എണ്ണയുത്പാദിപ്പിക്കുന്നതിന്റെ നേട്ടം ഫലത്തില്‍ ഇസ്‌ലാമിക ഫിനാന്‍സ് നടപ്പാക്കിയ രാഷ്ട്രങ്ങള്‍ക്കായിരുന്നു. പക്ഷേ നമ്മുടെ സര്‍ക്കാരുകളൊന്നും ഈ വഴിക്ക് ചിന്തിച്ചില്ലെന്ന വസ്തുത ലജ്ജാവഹമാണ്. പുതിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ വഴിക്ക് ചിന്തിക്കുന്നത് തെല്ലൊന്നുമല്ല സര്‍ക്കാരിന് ആശ്വാസമാകുക. ലോകം മൊത്തം ബഹുസ്വരത പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രിക്ക് സാമ്പത്തിക ബഹുസ്വരതയെ ശരണം പ്രാപിക്കലാണ് ഇപ്പോള്‍ കരണീയമായിട്ടുള്ളത്.

2008 ല്‍ അമേരിക്കയില്‍ മാന്ദ്യം സൃഷ്ടിച്ചത് ബാങ്കുകളാണെന്ന് പറഞ്ഞുവല്ലോ; ഇന്ത്യയിലെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. നോണ്‍ പെര്‍ഫോമിംഗ് അസറ്റ് അഥവാ കിട്ടാന്‍ സാധ്യത പോലുമില്ലാത്ത കടങ്ങള്‍ സൃഷ്ടിച്ചത് നമ്മുടെ ബാങ്കുകളാണ്. ഒരു ഉറപ്പുമില്ലാതെ ആവശ്യവും അനാവശ്യവുമായി ലക്ഷക്കണക്കിനു കോടി രൂപ ബാങ്കുകള്‍ നല്‍കി. ഇവ നല്‍കിയ ഉദ്ദേശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ എന്ന് പോലും നോക്കേണ്ട ഉത്തരവാദിത്തം നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയിലില്ല. പരമാവധി കടം കൂടുതല്‍ നല്‍കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. മൂലധനം നയിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിയിലുപരി കടം നയിക്കുന്ന സാമ്പത്തിക വ്യവസ്ഥിയിലാണ് ഇന്ന് മുതലാളിത്ത രാഷ്ട്രങ്ങളൊക്കെയും-പ്രത്യേകിച്ച് ഇന്ത്യയും. ഇക്വിറ്റി മൂലധനത്തിനും ലാഭവിഹിതത്തിനും നികുതി ഈടാക്കുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്കും പലിശക്കും നികുതി ഒഴിവാക്കുക മാത്രമല്ല ചെയ്തത്, മറിച്ച് റിബേറ്റ് കൂടി നല്‍കി. കടജന്യമായ ഒരു സാമ്പത്തിക സംവിധാനം മുതലാളിമാര്‍ സൃഷ്ടിച്ചെടുത്തത് അപ്പടി പകര്‍ത്താന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഒരു മടിയും വന്നില്ല. തദ്വാര ആവശ്യത്തിനും അനാവശ്യത്തിനും കടം കൊടുക്കാന്‍ മത്സരിക്കുന്ന ബാങ്കുകള്‍ സര്‍ക്കാരിന് ഒരു ബാധ്യതയാകുകയായിരുന്നു. ഇസ്‌ലാമിക് ഫൈനാന്‍സ് ഇവിടെ വളരെ വ്യക്തമായ മാതൃക സൃഷ്ടിക്കുന്നുണ്ട്. കടജന്യമായ ഇക്കണോമിയെ പൂര്‍ണമായും നിരുത്സാഹപ്പെടുത്തുന്ന ഇസ്‌ലാം പണം എന്തിനുവേണ്ടി വിനിയോഗിക്കുന്നുവെന്നത് കൂടി നോക്കി ഉറപ്പുവരുത്തേണ്ടത് അനിവാര്യ നിബന്ധനയായി നിര്‍ദേശിച്ചു. പൈസ വാങ്ങി എന്തും ചെയ്യാന്‍ പറ്റുന്ന ഒരുവാതില്‍പോലും ഇസ്‌ലാം തുറന്നില്ല. അഥവാ റിയല്‍ ഇക്കണോമിയെയാണ് ഇസ്‌ലാം മുന്നോട്ട് വെച്ചത്. ലോകം മൊത്തം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഈയൊരൊറ്റ ആശയംകൊണ്ടുതന്നെ ഇല്ലായ്മ ചെയ്യാനാകും. ഊതിവീര്‍പ്പിക്കുന്ന സ്റ്റോക്ക് മാര്‍ക്കറ്റും ഷെയര്‍-കടപ്പത്ര വ്യാപാരങ്ങളും സൃഷ്ടിക്കുന്ന കെണിവലകള്‍ ഇസ്‌ലാം പൂര്‍ണമായും നിരുത്സാഹപ്പെടുത്തിയത് കൊണ്ടുതന്നെ റിയല്‍ സാമ്പത്തിക വ്യവസ്ഥിതി ഇസ്‌ലാമിക സംവിധാനത്തിലൂടെ മാത്രമേ പൂവണിയൂ.

മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി വരുത്തിവെച്ച ഏറ്റവും വലിയ വിനാശം നമ്മുടെ സാമ്പത്തിക സംസ്‌കാരം മാറ്റിയെടുത്തുവെന്നതാണ്. ലാഭം മാത്രമാണ് മുതലാളിത്ത നിഘണ്ടുവിലെ ഏക പദം. ഇസ്‌ലാമാവട്ടെ ലാഭത്തോടൊപ്പം സമൂഹത്തെക്കൂടിക്കണ്ടു. എങ്ങനെ വേഗം ലാഭം കൊയ്യാമെന്ന ചിന്ത മുതലാളിത്ത കിടമത്സരം സൃഷ്ടിക്കുകയും ചെറുകിട കര്‍ഷകരെയും ഉത്പാദകരെയും വ്യപാരികളെയും നിഷ്‌കാസനം ചെയ്യുകയും ചെയ്തു. ഇന്ത്യ പോലെ ദരിദ്രര്‍ തിങ്ങിതാമസിക്കുന്ന ഒരുനാട്ടില്‍ ഇതിലപ്പുറം ക്രൂരമായ ഒരു ചിന്താഗതിയുമായി. പക്ഷേ നമ്മുടെ നിയമ നിര്‍മാതാക്കള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഇപ്പോഴും ഇതൊന്നും മനസ്സിലാക്കാനായിട്ടില്ല. സമ്പന്നര്‍ തിങ്ങി താമസിക്കുന്ന നാടുകളെ അപ്പടി കോപ്പിയടിക്കാനുള്ള ഈ വഴിവിട്ട ശ്രമം സൃഷ്ടിക്കുന്ന വിനാശം ചെറുതായിരിക്കില്ല. സമ്പന്ന രാഷ്ട്രങ്ങള്‍ തന്നെ പൂര്‍ണമായും അന്തംവിട്ടിരിക്കുകയാണെന്ന്കൂടി സര്‍ക്കാര്‍ മനസ്സിലാക്കണം.

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം അനുശാസിക്കുന്ന ഇത്തരം ധാരാളം കാര്യങ്ങള്‍ തത്വത്തിലും പ്രായോഗികതലത്തിലും അംഗീകരിക്കുകമാത്രമാണ് ഇനി ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ക്കുമുമ്പിലുള്ള ഏക പരിഹാരം. അതിനു മിനുക്ക് പണികളല്ല ആവശ്യം. അടിമുടി ഉടച്ചുവാര്‍ത്ത് പുതിയൊരു സംവിധാനം തന്നെ ലോകരാഷ്ട്രങ്ങള്‍ ചിന്തിക്കണം. ഇന്ത്യയാവട്ടെ, നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇസ്‌ലാമിക് ഫൈനാന്‍സില്‍ നിന്നും ആവശ്യമായതെല്ലാം കടമെടുത്തേപറ്റൂ.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി

You must be logged in to post a comment Login