ഹിന്ദി, ഹിന്ദുത്വം, ദേശീയത

ഹിന്ദി, ഹിന്ദുത്വം, ദേശീയത

മതം യോജിപ്പിച്ച രാജ്യങ്ങളെ ഭാഷ വിഭജിച്ചതിന്റെ ചരിത്രം മറക്കാവുന്നതല്ല. പാകിസ്ഥാനും ബംഗ്ലാദേശുമാണ് മികച്ച ഉദാഹരണം. ജാതി- മത വികാരങ്ങള്‍ പോലെ ഭാഷയെയും വിദ്വേഷത്തിന്റെ ഉപകരണമാക്കി മാറ്റുകയാണിപ്പോള്‍. സാധാരണ മനുഷ്യര്‍ വ്യത്യസ്ത ഭാഷകളിലൂടെ സംവേദനം നടത്തുമ്പോള്‍ ജനവിരുദ്ധ ശക്തികളുടേത് ഒരേ ഭാഷയാണ്. രക്തസാക്ഷിയായ കുര്‍ദിഷ് പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അപെ മുസ മാതൃഭാഷയെക്കുറിച്ച് എഴുതിയത് തത്വചിന്താപരമായിരുന്നു. ”നിങ്ങളുടെ ഭരണകൂടത്തിന്റെ അടിത്തറ എന്റെ മാതൃഭാഷ ഉലയ്ക്കുന്നുവെങ്കില്‍ അതിന്റെ അര്‍ഥം അത് പണിതത് എന്റെ ഭൂമിയിലാവുമെന്ന” അതിലെ ഊന്നല്‍ ഗൗരവതരമാണ്. വിദ്യാര്‍ഥിയായിരിക്കേ മധ്യവേനല്‍ അവധിക്കാലത്ത് സിറിയയിലേക്ക് പോയ അപെ കുര്‍ദിഷ് ദേശീയവാദികളുമായി ബന്ധപ്പെട്ടു. 1990 ജൂണില്‍ പീപ്പിള്‍സ് ലേബര്‍ പാര്‍ടി രൂപീകരിക്കുന്നതില്‍ നേതൃത്വം നല്‍കി. 1992 സപ്തംബര്‍ 20ന് ടര്‍ക്കിഷ് ഭീകര ഭരണകൂടം അദ്ദേഹത്തെ വധിക്കുകയായിരുന്നു. പതിനായിരങ്ങളെ കൊന്നുതള്ളിയതിന്റെ തുടര്‍ച്ച. 1976 ജൂണില്‍ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ കുട്ടികളുടെ മനസ്സില്‍ ഒരു പ്രക്ഷോഭചിന്ത കുടിയേറി. പതിമൂന്നുകാരന്‍ ഹെക്റ്റര്‍ പീറ്റേഴ്‌സണ്‍ ഓരോ വീടും സന്ദര്‍ശിച്ച് സഹപാഠികളെ സമരത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി. അപ്പോള്‍ മുതിര്‍ന്നവര്‍ നെറ്റി ചുളിച്ചു. ഭരണകൂടം ആഫ്രിക്കന്‍ഭാഷ ഒരു ജനതക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രാദേശികഭാഷ സംസാരിക്കുന്ന കുട്ടികള്‍ തെരുവുകളിലേക്ക് ഇരമ്പി. അപ്പോഴേക്കും അധ്യാപകര്‍ ക്ലാസ്മുറികള്‍ വിട്ട് പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ തങ്ങള്‍ സ്ഥലംവിടേണ്ടവരല്ലെന്നും നിങ്ങളുടെ ഭാഷയാണ് ക്ലാസ്മുറി വിട്ട് പോകേണ്ടതെന്നും കുട്ടികള്‍ ശാഠ്യംപിടിച്ചു. വെള്ള അധിനിവേശത്താല്‍ ആയിരത്തിലേറെ ഭാഷകളും അവയില്‍ പുഷ്പിച്ച സാഹിത്യവും കൈമോശംവന്ന തലമുറയിലെ ഇങ്ങേയറ്റത്തെ കുട്ടികളുടെ പോരാട്ടത്തിനാണ് പിന്നീട് സാക്ഷ്യംവഹിച്ചത്. ജൂണ്‍ 16 ന് പട്ടണത്തിലെ സ്റ്റേഡിയത്തിലേക്ക് അവര്‍ മാര്‍ച്ച് ചെയ്തു. സമാധാനപരമായ ആ സഹനസമരത്തെ ഭരണകൂടം ക്രൂരമായാണ് നേരിട്ടത്. നൂറോളം വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു. ധീരതയുടെ കൊടിയടയാളമായി മുന്‍നിരയില്‍ തലയുയര്‍ത്തിനിന്ന ഹെക്റ്റര്‍ പീറ്റേഴ്‌സണ്‍ വെടിയേറ്റ് മരിച്ചു. ഭാഷാപ്രക്ഷോഭ ചരിത്രത്തിലെ ജ്വലിക്കുന്ന ആ പേരിനെ കറുത്തനാട് സംഭാവന ചെയ്തത് അന്നാണ്. കഠിനാധ്വാനത്തിലൂടെ ഒരു ജനത ഊടുംപാവും നെയ്ത സാമ്പത്തികാവസ്ഥയെ ഒരുവിധം നശിപ്പിച്ച ശേഷമാണ് ഭാഷാവിവാദം ഇളക്കിവിട്ടത്. പീറ്റേഴ്‌സനോടുള്ള രക്തസാഹോദര്യവും ഐക്യദാര്‍ഢ്യവും തുളുമ്പിയ കവിത രചിച്ച ബെഞ്ചമിന്‍ മൊളോയ്‌സിനെ വെള്ളഭരണം തൂക്കിലേറ്റി. ഫാക്ടറി തൊഴിലാളിയായി ജീവിതം തുടങ്ങിയ അദ്ദേഹം കഴുമരത്തില്‍ അഗ്നിയുതിര്‍ത്ത വിപ്ലവകവിയായി മാറി. ”അടിച്ചമര്‍ത്തലിന്റെ കൊടുങ്കാറ്റിനു ശേഷം എന്റെ ചോര മഴയായ് പെയ്തിറങ്ങും. എനിക്ക് അഭിമാനമേയുള്ളൂ എന്റെ ജീവിതം നല്‍കാന്‍, എന്റെ ഒരേയൊരു ജീവിതം” എന്നായിരുന്നു മൊളോയ്‌സിന്റെ നിശ്ചയദാര്‍ഢ്യം സ്ഫുരിച്ച മരണമൊഴി. പിറന്ന നാടിന്റെ വിമോചനത്തിന് ശബ്ദമുയര്‍ത്തിയതിനാല്‍ ബോത്തേ ഭരണം കഴുവിലേറ്റിയ അദ്ദേഹം അവസാനമായി കോറിയിട്ട വരികള്‍. മൊളോയ്‌സ് ഏകനാമമല്ല; തൂക്കുമരത്തിന്റെ അവ്യക്തമായ നിഴലിന്‍ കീഴെനിന്ന് കുറിച്ചിട്ട വരികള്‍ അക്ഷരങ്ങള്‍ വിലക്കപ്പെട്ട പതിനായിരങ്ങളുടെ ഉള്ളില്‍ ഉറവപൊട്ടിയ പ്രതിഷേധമായിരുന്നു. മാതൃഭാഷയ്ക്കുവേണ്ടിയുള്ള അനുരഞ്ജനമില്ലാത്ത പോരാട്ടമായിരുന്നു പല മനുഷ്യരെയും കവികളാക്കിയത്.

എം ടിയുടെ തീക്ഷ്ണ പ്രതികരണങ്ങള്‍
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന നിര്‍ദേശം പൂര്‍ണമായും ഏകാധിപത്യപരമാണെന്നും അതോട് ഒരിക്കലും യോജിക്കാനാവില്ലെന്നുമുള്ള എം ടി വാസുദേവന്‍ നായരുടെ പ്രസ്താവന തീക്ഷ്ണമായിരുന്നു. ഹിന്ദിയടക്കം നിരവധി ഭാഷകള്‍ രാജ്യത്തുണ്ട്. എല്ലാം നിലനില്‍ക്കണം. ഒരു ഭാഷ മാത്രം, ഒരു ദേശം മാത്രം, ഒരു ഭാഗം മാത്രം തുടങ്ങിയ വാദങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഹിന്ദി വളരെ വലിയ ഭാഷയാണ്. എന്നാല്‍, ഇന്ത്യയില്‍ അതിനു പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകള്‍ സജീവമായുണ്ട്. ഓരോന്നിലും മികച്ച എഴുത്തുകാരും. പ്രേംചന്ദിനെപ്പോലുള്ളവര്‍ ഉത്തരേന്ത്യന്‍ ഗ്രാമജീവിതവും സംസ്‌കാരവുമാണ് രചനകളില്‍ പകര്‍ത്തിയത്. കേരളത്തിലെ ഗ്രാമീണത, പരിസ്ഥിതി, ആചാരം, സാമൂഹികഘടന എന്നിവയാണ് ഇവിടുത്തെ എഴുത്തിലേക്ക് വരിക. ഓരോ സംസ്ഥാനത്തും അവിടുത്തെ പ്രാദേശികഭാഷയാണ് ഭരണഭാഷ. കേരളത്തില്‍ മലയാളവും. അതിനാലാണ് മലയാളത്തില്‍ ചോദ്യങ്ങളൊരുക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് ബാധ്യതയുണ്ടെന്ന് പറയുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം ഇന്നു ഭാഷാടിസ്ഥാനത്തില്‍ സര്‍വകലാശാലകളുണ്ട്. ഈ സാഹചര്യത്തില്‍, പ്രാദേശികഭാഷയും സംസ്‌കാരവും ഇത്രത്തോളം വികസിതമായ ഇന്ത്യപോലൊരു രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ഹിന്ദിക്കേ സാധിക്കൂവെന്ന വാദത്തിന്റെ നിരര്‍ഥകത തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂട്ടണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാഗാന്ധിയും കിനാവുകണ്ട രാജ്യത്തെ ജനത ഒരു ഭാഷ എന്ന ലക്ഷ്യത്തിന് മുന്നിട്ടിറങ്ങണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതിനാല്‍ ഹിന്ദി ദേശീയഭാഷയാവണമെന്ന വാദമുയര്‍ന്നപ്പോള്‍ അണ്ണാദുരൈ പ്രതികരിച്ചത് അങ്ങനെയെങ്കില്‍ മയിലിനു പകരം കാക്കയെ ദേശീയ പക്ഷിയാക്കണമെന്നാണ്. അതായത് ഈ വഴി പിന്തുടര്‍ന്നാല്‍ പലതിനെയും സ്ഥാനഭ്രഷ്ടമാക്കണം. താമരയെ മാറ്റി കാട്ടുപൂക്കളിലൊന്നിനെ ദേശീയ പുഷ്പ സിംഹാസനത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടിവരും. കടുവയ്ക്കു പകരം പൂച്ചയും.

കൊമ്പു മുളയ്ക്കുന്ന ദേശീയത
ജര്‍മനിയിലും ഇറ്റലിയിലും അധികാരം പിടിച്ചടക്കിയ ഫാഷിസം ഭാഷാ, വംശീയ, മതഭ്രാന്തുകള്‍ തീവ്രദേശീയതയുടെ മധുരവാക്കുകളില്‍ പൊതിഞ്ഞൊളിപ്പിച്ചാണ് വിളമ്പിയത്. ആ അര്‍ഥത്തില്‍ ഫാഷിസത്തെക്കുറിച്ചുള്ള മികച്ച പഠനങ്ങളിലൊന്നാണ് ലോറന്‍സ് ഡബ്ല്യു ബ്രിറ്റിന്റെ ‘ഫാഷിസം എനിവണ്‍’. 14 സ്വഭാവ ലക്ഷണങ്ങളാണ് അതിന്റെ പ്രധാന കണ്ടെത്തല്‍. അതേക്കാള്‍ കൃത്യതയും ജാഗ്രതയും പുലര്‍ത്തിയ നിരീക്ഷണങ്ങളായിരുന്നു തത്വചിന്തകനായ ഫൂക്കോവിന്റേത്. വ്യത്യസ്തതകളോടുള്ള അമിതഭീതിയും അതിന്റെ നിരാസവുമാണ് ഫാഷിസം. വ്യത്യസ്തങ്ങളായ ഭാഷകള്‍, സംസാര രീതികള്‍, വേഷങ്ങള്‍, മതങ്ങള്‍, ശീലങ്ങള്‍, വൈവിധ്യങ്ങള്‍, ഭക്ഷണ സ്വഭാവം, മനുഷ്യപ്രകൃതം തുടങ്ങിയവയെല്ലാം ആ പ്രത്യയശാസ്ത്രത്തിന് ചൊറിച്ചിലുണ്ടാക്കും. ഫാഷിസ്റ്റ് പകര്‍ച്ചവ്യാധിയുടെ പ്രാഥമിക ലക്ഷണങ്ങള്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ ഓര്‍മപ്പെടുത്തുകയുണ്ടായി. ദേശീയതയ്ക്ക് കൊമ്പുമുളയ്ക്കുന്നതാണ് ഫാഷിസത്തിന്റെ ലക്ഷണം. തീര്‍ത്തും മൃഗീയമായ വാസനയാണതെന്നായിരുന്നു ആ ലളിത നിര്‍വചനം. ഒരു രാജ്യം കെട്ടുറപ്പോടെ നിലനില്‍ക്കാന്‍ എല്ലാ ജനങ്ങളും ഒറ്റ ഭാഷയില്‍ മാത്രം ഒതുങ്ങിക്കൂടണമെന്നതും ഒരേ ദേശീയതക്ക് കീഴ്‌പ്പെടണമെന്നതും ഒരേ മതവിശ്വാസം പുലര്‍ത്തണമെന്നതും വികസിത സമൂഹങ്ങള്‍ ഏറെ തലപുണ്ണാക്കാതെതന്നെ തള്ളിക്കളഞ്ഞ സമീപനമാണ്. ഐറിഷ് സംസാര ഭാഷയായ അയര്‍ലണ്ടും സ്‌കോട്ടിഷ് സംസാരിക്കുന്ന സ്‌കോട്‌ലണ്ടും, ഇംഗ്ലീഷുകാരായ ഇംഗ്ലണ്ടും ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി നൂറ്റാണ്ടുകളായി സഹവര്‍ത്തിക്കുന്നു. വ്യത്യസ്ത സ്റ്റേറ്റുകള്‍ക്ക് തികച്ചും വിഭിന്നങ്ങളായ നിയമസംവിധാനങ്ങളാണ്. ധനകാര്യം, പ്രതിരോധം, വിദേശം എന്നിവയിലേ കേന്ദ്രാധിപത്യമുള്ളൂ. ബാക്കി സംസ്ഥാനങ്ങളുടെ കീഴില്‍. ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന കാഴ്ചപ്പാട് ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ദക്ഷിണേന്ത്യയെ രാജ്യത്തിന്റെ അധികാര പടവുകളില്‍നിന്ന് ആട്ടിയകറ്റാനുള്ള ആദ്യനീക്കം. ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറ വൈവിധ്യമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു, ബി ആര്‍ അംബേദ്കര്‍ തുടങ്ങിയവര്‍ക്ക് ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്‍പ്പത്തിലൂന്നിയ ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തുന്നത് വിശാല പരിപ്രേക്ഷ്യമുള്ള ഭരണഘടനയാണ്. അതിനെ പിച്ചിചീന്തിയോ നിര്‍വീര്യമാക്കിയോ ദുര്‍വ്യാഖ്യാനിച്ചോ ഹിന്ദുത്വ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ റിഹേഴ്‌സലാണ് പിന്നണിയില്‍ നടക്കുന്നത്. ഒട്ടേറെ ഭാഷകള്‍ നിറഞ്ഞ ഇടമാണ് നമ്മുടെ രാജ്യം. ഓരോ ഭാഷക്കാര്‍ക്കും ഉള്ളില്‍തന്നെ ഒട്ടേറെ വൈജാത്യങ്ങളും വൈവിധ്യങ്ങളും. ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയപദവിയുടെ തലപ്പാവ് അണിയിച്ചിട്ടില്ല. ഔദ്യോഗികഭാഷാ പദവിയേ ഹിന്ദിക്കുള്ളൂ. ഒപ്പം ഇംഗ്ലീഷിനും സ്ഥാനമുണ്ട്. സംസ്ഥാനങ്ങളുടെ ഇഷ്ടാനുസരണം ഔദ്യോഗിക ഭാഷ നിശ്ചയിക്കാം. ഇത്തരമൊരു വികസിത പരിപ്രേക്ഷ്യത്തിലേക്കാണ് ഹിന്ദി ബലപ്രയോഗത്തിലൂടെ ഇറക്കിവെക്കുന്നത്. അതിന് ഒരു ഇന്ത്യന്‍ ഭാഷയ്ക്കപ്പുറമുള്ള പദവിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനു നേരെയാണ് കൊഞ്ഞനംകുത്തല്‍. ഹിന്ദി ഔദ്യോഗിക ഭാഷയായി എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചതിനെതിരെ ആരും വിമര്‍ശനമുന്നയിച്ചിട്ടില്ല. എന്നാല്‍ അതിനുമപ്പുറം അധിനിവേശത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും സമ്മര്‍ദമായി അതിനെ മൂര്‍ച്ചപ്പെടുത്തുമ്പോഴാണ് പ്രശ്‌നമുദിക്കുന്നത്.

തകര്‍ന്നടിഞ്ഞ ഗ്രാമീണ ഇന്ത്യയുടെ പുനരുജ്ജീവനം സംബന്ധിച്ച് ഭരണനേതൃത്വത്തിന് ഒരു ധാരണയുമില്ല. ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളാണെന്ന ഗാന്ധിജിയുടെ സ്വപ്‌നം ഏടുകളില്‍ വിശ്രമിക്കുന്നു. ഉത്തരേന്ത്യയില്‍ നിവസിക്കുന്നവര്‍ക്ക് ഹിന്ദി വികാരവും തമിഴ്‌നാട് പോലുള്ള സ്ഥലങ്ങളില്‍ ഹിന്ദി വിരുദ്ധ വികാരവും ഊതിവീര്‍പ്പിക്കാനാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ തുനിഞ്ഞിറങ്ങിയത്. നാഗരികതയ്ക്കും ജനാധിപത്യത്തിനും ആധുനികവല്‍ക്കരണത്തിനും അവയെല്ലാം ഉള്‍ച്ചേര്‍ന്ന രാഷ്ട്രസങ്കല്‍പങ്ങള്‍ക്കുമെതിരായ അത്യന്തം സങ്കുചിതമായ മതരാഷ്ട്ര സങ്കല്‍പമാണ് ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന സാംസ്‌കാരിക ദേശീയത. രാഷ്ട്രത്തിന്റെ അടിസ്ഥാനം മതമാകണമെന്നും ഹിന്ദുക്കള്‍ സ്വയമൊരു രാഷ്ട്രമാണെന്നുമാണ് വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറുമെല്ലാം സമര്‍ഥിക്കാന്‍ തുനിഞ്ഞത്. ‘നാമും നമ്മുടെ ദേശീയതയും നിര്‍വചിക്കപ്പെടുന്നു’ എന്ന കൃതിയില്‍ സെമിറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്യുന്നതില്‍ ജര്‍മനിയെ മാതൃകയാക്കണമെന്ന നിലപാടാണ് ഗോള്‍വാക്കര്‍ സംശയരഹിതമായി മുന്നോട്ടുവെച്ചത്. ഭൂരിപക്ഷമതം രാഷ്ട്രത്തിന്റെ അടിസ്ഥാനമാകണമെന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തില്‍ നിന്നാണ് ‘ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയരുന്നതും. ഹിന്ദിയെയും സംസ്‌കൃതത്തെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ഗൂഢാലോചന അതിലെ ആദ്യപാഠം. ഇന്ത്യന്‍ വൈവിധ്യങ്ങളെല്ലാം ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാനാണ് കേന്ദ്രാധികാരത്തിന്റെ തണലില്‍ ബി ജെ പി ശ്രമം. ഭാഷാ-മത സംസ്‌കാര വൈവിധ്യങ്ങളെ ഒരു കാലത്തും അംഗീകരിക്കാത്ത കാവിപ്പടയുടെ ഏകത്വവാദങ്ങള്‍ ശൈഥില്യത്തിലേക്കാണ് നയിക്കുക. ഉര്‍ദു വിരുദ്ധത ഇളക്കിവിട്ട, ആ ഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ വികൃത ചരിത്രമുള്ള കാവിപ്പട, ഹിന്ദിയില്‍ നിന്നും ഉര്‍ദുവിനെ വേര്‍തിരിക്കുന്നതെങ്ങനെ?. ഉര്‍ദു ഒഴിവാക്കി ഹിന്ദിയുടെ അസ്തിത്വം എന്താണ്?. ഓരോ ജനസമൂഹത്തിന്റെയും സ്വത്വത്തെയും സത്തയെയും ഉള്‍ക്കൊള്ളുന്നതിലൂടെയാണ് ബൃഹത്തായ ദേശീയത രൂപപ്പെട്ടതെന്ന ചരിത്രപാഠത്തിന് നേരെ മുഖം തിരിക്കുന്നവര്‍ രാജ്യത്തെ അപകടസന്ധിയിലേക്കാണ് തള്ളിവിടുന്നതും. അതിസങ്കീര്‍ണവും രൂക്ഷവുമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം, പ്രതിവിധി കാണാനാവാത്ത തൊഴിലില്ലായ്മ, ഭയാനകമായ പട്ടിണി, കൂട്ടആത്മാഹുതികള്‍ മാത്രം വിളയിക്കുന്ന കാര്‍ഷിക മേഖലയിലെ പ്രതിസന്ധി-തുടങ്ങി അടിസ്ഥാന പ്രശ്‌നമേതായാലും വര്‍ഗീയതയും വിഭാഗീയതയും അസഹിഷ്ണുതയും അതിക്രമങ്ങളും ചേര്‍ന്ന വിഷക്കൂട്ടാണ് സംഘപരിവാറിന്റെ പ്രതിവിധിയും ഔഷധവും, വൈവിധ്യങ്ങള്‍ തല്ലിക്കൊഴിക്കുക എന്നത് ഏകശിലാത്മകമായ കേന്ദ്രീകൃത ഫാഷിസ്റ്റ് ഒറ്റമൂലിയാണെന്നും തെളിഞ്ഞതാണ്.

26 ശതമാനത്തിന്റെ മാത്രം മാതൃഭാഷ!
ഹിന്ദുത്വ രാഷ്ട്രം പടുത്തുയര്‍ത്തുന്ന വഴിയില്‍ മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും പ്രവേശനമില്ലാതാക്കുന്നു. അമിത്ഷാ ഊറ്റംകൊള്ളുന്ന ഹിന്ദി, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര വകഭേദങ്ങളുള്ള സങ്കര ഭാഷയാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 43.63 ശതമാനം പേരേ ഹിന്ദി സംസാര ഭാഷയായി സ്വീകരിച്ചിട്ടുള്ളൂ. 2011ലെ കാനേഷുമാരി അനുസരിച്ച് തനത് ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ 26 ശതമാനം മാത്രം. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്നും അതിനാല്‍ അത് പൊതുഭാഷ ആകണമെന്നുമുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍. ഹിന്ദി സംസാരിക്കുന്നവരില്‍ 60 ശതമാനം മാത്രമാണ് തനത് ഹിന്ദി ഗ്രാമ്യഭാഷ പിന്തുടരുന്നത്. ഭോജ്പൂരിയും രാജസ്ഥാനിയുമടക്കം ഹിന്ദിയുടെ അമ്പതിലേറെ വകഭേദങ്ങളാണ് മിക്ക സംസ്ഥാനങ്ങളിലും പ്രചാരത്തില്‍. ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം 22 ഔദ്യോഗിക ഭാഷകളുണ്ട് രാജ്യത്ത്. അതില്‍ ഒന്നിന്റെ സ്ഥാനമേ ഹിന്ദിക്കുള്ളൂ. ഹിന്ദിയോ വകഭേദങ്ങളോ സംസാരിക്കാത്തവരാണ് ജനസംഖ്യയില്‍ പകുതിയിലേറെ. ഗുജറാത്ത് ഹൈക്കോടതി, 2011ല്‍ പുറപ്പെടുവിച്ച വിധിന്യായം ഗുജറാത്തുകാരനായ അമിത് ഷാക്ക് അറിയാത്തതല്ല. ഗുജറാത്തി സംസാരിക്കുന്നവരെ സംബന്ധിച്ച് ഹിന്ദി വിദേശഭാഷയാണെന്നാണ് അന്ന് വിധിച്ചത്. ഇന്ത്യ എന്ന ബൃഹദ് ആശയത്തില്‍ ഉള്‍ച്ചേര്‍ന്ന വൈവിധ്യങ്ങളെയും അത് പ്രസരിപ്പിക്കുന്ന സൗന്ദര്യത്തെയും വകവെച്ചു കൊടുക്കാതെ ‘ഹിന്ദി, ഹിന്ദു, ഹിന്ദുത്വം’ എന്ന ഏകശിലാത്മക അക്രമോത്സുക പദ്ധതിയാണ് അടിച്ചേല്‍പ്പിക്കുന്നത്. ഹിന്ദി നിര്‍ബന്ധമാക്കല്‍ ഏകഭാഷാ പരിപാടിയുടെ അഭേദ്യഭാഗമാണ്. ആ ബലപ്രയോഗത്തിലൂടെ പ്രാദേശിക ഭാഷകളെ കുഴിച്ചുമൂടുകയാണ് ലക്ഷ്യം. രാജ്യം അനുവര്‍ത്തിക്കുന്ന ത്രിഭാഷാ നയം കീഴ്‌മേല്‍ മറിച്ച് ഏകഭാഷാ തിട്ടൂരം പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമിക്കുന്നതും. ഹിന്ദിക്ക് ഇപ്പോള്‍തന്നെ അര്‍ഹിക്കുന്ന പരിഗണനയും പ്രാധാന്യവുമുണ്ടെന്നതിന്റെ സാക്ഷ്യമാണ് ത്രിഭാഷാ നയം. എല്ലാ സംസ്ഥാന ഭാഷകള്‍ക്കും തുല്യപ്രധാന്യം നല്‍കുകയാണ് അതിന്റെ മുഖമുദ്ര. അത്തരമൊരു വിശാല സമീപനത്തെ അനാഥമാക്കുകയാണ് ഹിന്ദി ഏക ഭാഷയെന്ന പുതിയ മുറവിളി.
തീവ്രവികാരങ്ങളെ മൂലധനമാക്കാനുള്ള കൗശലങ്ങള്‍ കുത്തകകള്‍ പുറത്തെടുക്കുന്നതിനും ഹിന്ദി മുദ്രാവാക്യം തെളിവു നല്‍കി. ‘ദേശസ്‌നേഹികള്‍’ക്കായി ഒരു രാജ്യം, ഒരു ഭാഷ സംവിധാനത്തിന്റെ വിജയത്തിന് ഒട്ടേറെ വാഗ്ദാനങ്ങളുമായി അന്താരാഷ്ട്ര ഭീമനായ ആമസോണ്‍ ചാടിവീണിരിക്കയാണ്. ഹിന്ദി എളുപ്പമാക്കുന്ന വിവിധ പ്രാദേശിക ഭാഷാസഹായികള്‍ക്ക് 60 ശതമാനത്തിനടുത്ത് ഇളവുകളാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെലിവറി ചാര്‍ജും ഈടാക്കുന്നില്ല. വിലക്കിഴിവിനൊപ്പം ധനകാര്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുമുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്റി തുടങ്ങിയവയും ലഭ്യമാണ്. ഭാഷാസഹായിയുടെ വില്‍പ്പന തകൃതിയാക്കാന്‍ വിവിധതരം കള്ളങ്ങളും തട്ടിവിടുകയാണ്. ഗ്രാമീണമേഖലയില്‍ ഹിന്ദി പഠിക്കാത്ത വയോധികര്‍ക്ക് അടുത്തവര്‍ഷംമുതല്‍ ഒരുവിധ പെന്‍ഷനും അനുവദിക്കില്ലെന്നും അത്തരക്കാരുടെ റേഷന്‍ പിന്‍വലിക്കുമെന്നും അടുത്തവര്‍ഷം മുതല്‍ ഹിന്ദിയില്‍ ആവശ്യപ്പെട്ടാലേ റേഷന്‍സാധനങ്ങളും മാവേലിസ്റ്റോറിലെ സബ്സിഡി വസ്തുക്കളും നല്‍കുകയുള്ളൂവെന്നുമാണ് പ്രചാരണം. അടുത്ത തിരഞ്ഞെടുപ്പില്‍ ഹിന്ദി അറിയാത്തവര്‍ക്ക് സമ്മതിദാനാവകാശം ഉണ്ടാവില്ലെന്ന ഭീഷണിയും ഉയര്‍ന്നു കഴിഞ്ഞു.

നാടുനീങ്ങുന്ന ഭാഷകള്‍
എല്ലാവരും സ്വപ്‌നംകാണുക മാതൃഭാഷയിലാണെന്ന് പറയാറുണ്ട്. ഒരാളോട് അയാള്‍ക്ക് മനസ്സിലാകുന്ന ഒരു ഭാഷയില്‍ സംസാരിച്ചാല്‍ അത് തലയിലാണെത്തുക. സംസാരം അയാളുടെ സ്വന്തം ഭാഷയില്‍തന്നെയായാല്‍ ഹൃദയത്തിലാണ് കടന്നുകയറുകയെന്ന് പറഞ്ഞത് ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രപിതാവ് നെല്‍സണ്‍ മണ്ടേലയാണ്. അങ്ങനെ മാതൃഭാഷയുടെ സ്വാധീനവും പ്രചോദനവും പ്രേരണയും അടിവരയിട്ട എത്രയോ ഉദ്ധരണികളുണ്ട്. അത് സ്വത്വബോധത്തിന്റെയും സമരസജ്ജതയുടെയും തിരിച്ചറിവിന്റെയും പ്രതീകമായതിന് ഒട്ടേറെ ദൃഷ്ടാന്തങ്ങളുമുണ്ടായി.
യുനെസ്‌കോയുടെ ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാട്ടിയതുപോലെ, ആഗോളതലത്തില്‍ ഏഴരക്കോടി കുട്ടികള്‍ സ്‌കൂളുകളുടെ പടിവാതില്‍ കാണുന്നില്ല. വിദ്യാഭ്യാസ മാധ്യമം സ്വന്തം ഭാഷയല്ലാത്തതിനാലാണ് ഈ ദുരന്തം. തുടര്‍ന്നുള്ള കൊഴിഞ്ഞുപോക്കും ഇതേ കാരണത്താല്‍. ഒരൊറ്റ പ്രധാന ഭാഷയോ അതുമല്ലെങ്കില്‍ കുറേ ആഭിജാത ഭാഷകളോ നിര്‍ബന്ധമാക്കുന്നതിനാല്‍ ദരിദ്രകുരുന്നുകള്‍ സ്‌കൂളുകളില്‍ അപരിചിതത്വത്തിന്റെ ഇരുട്ടില്‍ വീഴുകയാണ്. രണ്ടാം ഭാഷയെന്ന നിലയില്‍ മാതൃഭാഷ പഠിപ്പിക്കാത്തതും കെടുതി ഭയാനകമാക്കുന്നു. ആദ്യ അധ്യാപകര്‍ എന്ന നിലയില്‍ രക്ഷിതാക്കള്‍ ഇത്തരം സമൂഹങ്ങളില്‍ നല്‍കിവരുന്ന ശ്രദ്ധയും പാഴ്‌വേലയായിത്തീരുന്നുണ്ട്. ഹോങ്കോങ്ങില്‍ അടുത്തിടെ നടത്തിയ ഒരു ഗവേഷണം തെളിയിച്ചത്, കുട്ടികള്‍ മാതൃഭാഷയിലൂടെ കാര്യക്ഷമമായി വിഷയങ്ങള്‍ ഗ്രഹിക്കുന്നുണ്ടെന്നാണ്. അവഗണനയും അതിന്റെ ഫലമായുള്ള നാടുനീങ്ങലും പല ഭാഷകളെയും വിസ്മൃതിയിലാക്കിക്കഴിഞ്ഞിരിക്കുന്നു.

തമിഴ്‌നാട്ടിലെ പ്രക്ഷോഭങ്ങള്‍
ഗാന്ധിജിയെ ഉന്മൂലനംചെയ്ത നാഥുറാം വിനായക ഗോഡ്സെയെയല്ല അയാള്‍ക്ക് പിന്നിലുണ്ടായ ശക്തികളെയാണ് എതിര്‍ക്കേണ്ടതെന്ന് നടന്‍ സൂര്യ. പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷന്‍ പരിപാടിയിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു സൂര്യയുടെ മറുപടി. ‘ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്ത് വ്യാപക ജാതി-മത സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഗോഡ്സെയെ ശപിച്ച് ഇന്ത്യ കടന്നുപോകുമ്പോള്‍ പെരിയാര്‍ പ്രതികരിച്ചത് ഇങ്ങനെ: ‘ഗോഡ്സെയുടെ തോക്ക് കൊണ്ടുവരൂ, നമുക്ക് അത് നൂറ് കഷണങ്ങളായി നശിപ്പിച്ച് പ്രശ്നം പരിഹരിക്കാം’ എന്നാണ്. എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ ചുറ്റുമുള്ളവര്‍ സ്തബ്ധരായപ്പാള്‍ കൂട്ടിച്ചേര്‍ത്തു: ‘ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് ഈ തോക്ക് നശിപ്പിക്കുംപോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ്. പ്രേരണയായ പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ഥ കാഞ്ചി.’ പെരിയാറിന്റെ അന്നത്തെ വാക്കുകള്‍ ഇന്നും പ്രസക്തമാണെന്നും സൂര്യ വിശദീകരിക്കുകയുണ്ടായി. തമിഴ് ഭാഷയ്ക്കായുള്ള പോരാട്ടം ജല്ലിക്കെട്ട് വിഷയത്തിലുണ്ടായ പ്രതിഷേധത്തിന്റെ പതിന്മടങ്ങ് പ്രഹരശേഷിയുള്ളതാകുമെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. തമിഴ് ജനതയെ അത്തരമൊരു വഴിലേക്ക് തള്ളിയിടുന്ന സാഹചര്യം ആരും ആഗഹിക്കുന്നില്ല. രാജ്യത്താകെ ദേശീയഗാനം അഭിമാനപൂര്‍വം ആലപിക്കപ്പെടുന്നത് ബംഗാളിയിലാണ്. അതിനിയും തുടരും. ദേശീയഗാനം എഴുതിയ കവി, എല്ലാ ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ആ ഗാനത്തില്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം. നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യ ഒരു റിപ്പബ്ലിക്കാകുമ്പോള്‍ നല്‍കിയ വാഗ്ദാനമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു ഷായെയും സുല്‍ത്താനെയും സാമ്രാട്ടിനെയും അനുവദിക്കില്ല. ഞങ്ങള്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു. പക്ഷേ തമിഴ് എല്ലായ്‌പ്പോഴും മാതൃഭാഷയായിരിക്കും. സമഗ്രമായ ഇന്ത്യയെ ചിലരുടേത് മാത്രമാക്കി മാറ്റരുത്. ദീര്‍ഘവീക്ഷണമില്ലാത്ത ഇത്തരം അവിവേകങ്ങളുടെ പരിണിതഫലം എല്ലാവരും അനുഭവിക്കേണ്ടി വരും. ഇന്ത്യ സ്വതന്ത്രരാജ്യമായി തുടരുമെന്ന് തെളിയിച്ച് കാട്ടേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും പറഞ്ഞ കമല്‍, പുതിയ നിയമമോ പദ്ധതികളോ ആവിഷ്‌കരിക്കുംമുമ്പ് ജനാഭിപ്രായം ആരായണമെന്നും കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്നതിനെതിരെ ഏറ്റവും ഉജ്വലമായ ചെറുത്തുനില്‍പ്പ് അലയടിച്ചത് തമിഴ്‌നാട്ടിലാണ്. മാതൃഭാഷാവാദികളാണ് അതിന്റെ മുന്നണിയിലുണ്ടായതും. ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കുന്നതിനെ മാതൃഭാഷാ പ്രസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നില്ല. മാതൃഭാഷയെ തള്ളി ഇംഗ്ലീഷിനെ പഠനത്തിനും ഭരണത്തിനും കോടതിക്കുമുള്ള മാധ്യമമാക്കുന്നതിനെയും ഹിന്ദിയെ ഭരണഭാഷയായി അടിച്ചേല്‍പിക്കുന്നതിനെയുമാണ് നേരിട്ടത്. ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ബിരുദതലംവരെ നിര്‍ബന്ധ വിഷയമാക്കിയതും വിമര്‍ശന വിധേയമായില്ല. 1937ലാണ് തമിഴ്‌നാട്ടില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമായത്. 1937ല്‍ സ്ഥാനമേറ്റ സി രാജഗോപാലാചാരി സര്‍ക്കാര്‍ 1938 മുതല്‍ സെക്കണ്ടറി തലത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയതിനെതിരെയാണ് ആദ്യ പ്രക്ഷോഭം. നേതൃത്വം നല്‍കിയതാകട്ടെ, പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ആത്മാഭിമാന പ്രസ്ഥാനവും എ ടി പനീര്‍സെല്‍വം നേതൃത്വം കൊടുത്ത ജസ്റ്റിസ് പാര്‍ടിയും. എഴുത്തുകാരും ബുദ്ധിജീവികളും അതോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിനിടെ കസ്റ്റഡിയിലായ രണ്ടുപേര്‍ മരിച്ചു. പെരിയാര്‍ക്ക് ഒരു വര്‍ഷം തടവും ആയിരം രൂപ പിഴയും വിധിച്ചെങ്കിലും ആറു മാസത്തിനു ശേഷം വിട്ടയച്ചു. അണ്ണാദുരൈയെ നാലുമാസം ജയിലിലിട്ടു. സ്ത്രീകളുള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ ശിക്ഷിക്കപ്പെട്ടു. കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സത്യമൂര്‍ത്തിയെപ്പോലുള്ളവര്‍ ഹിന്ദി നിര്‍ബന്ധമാക്കേണ്ട, ഐച്ഛിക വിഷയമാക്കിയാല്‍മതി എന്ന അഭിപ്രായക്കാരായിരുന്നു. ഇന്ത്യയെ രണ്ടാം ലോകയുദ്ധത്തിലേക്ക് എടുത്തെറിഞ്ഞതിന്റെ പേരില്‍ രാജഗോപാലാചാരി മന്ത്രിസഭ 1939ല്‍ രാജിവെച്ചൊഴിഞ്ഞു. പ്രക്ഷോഭകരുടെ എതിര്‍പ്പ് മുഖവിലക്കെടുത്ത് 1940ല്‍ ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചു. സ്വാതന്ത്ര്യശേഷം ഹിന്ദി നിര്‍ബന്ധ വിഷയമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടപ്പോഴാണ് ഹിന്ദിവിരുദ്ധതയുടെ അടുത്ത ഘട്ടം. ദ്രാവിഡ കഴകവും ഇ വി രാമസ്വാമി നായ്ക്കരുമായിരുന്നു നേതൃത്വത്തില്‍. 1950ല്‍ ഹിന്ദി ഐഛിക വിഷയമാക്കി. തമിഴ്‌നാട്ടിലെ കല്ലക്കുടി ദാല്‍മിയാപുരം എന്നാക്കുന്നതിനെതിരായ 1953 ജൂലൈയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയുണ്ടായി. ദാല്‍മിയ എന്ന പേരിലൂടെ ഉത്തരേന്ത്യന്‍ ആധിപത്യം കൊണ്ടു വരികയാണെന്ന് ആരോപിച്ചായിരുന്നു സമരം.

അനില്‍കുമാര്‍ എ വി

You must be logged in to post a comment Login