എഴുത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനാണ് എനിക്ക് രാഷ്ട്രീയം

എഴുത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനാണ് എനിക്ക് രാഷ്ട്രീയം

മിക്ക സന്ദര്‍ഭങ്ങളിലും പ്രായോഗികതകള്‍ നമ്മെ പിന്നോട്ടടിപ്പിക്കാറുണ്ട്. നമ്മുടെ രാഷ്ട്രീയ പരിസരങ്ങളും വേദികളും അതിന്റെ തെളിവുകളാണ്. അത്തരം രാഷ്ട്രീയങ്ങളില്‍ നിന്ന് ഒഴുകിവരുന്ന മറ്റൊരു ചര്‍ച്ചയാണ് ‘എഴുത്തിന്റെ രാഷ്ട്രീയം’ എന്ന നവചിന്ത. ഇതിന്റെ മുന്നോടിയെന്നോളം ‘എഴുത്ത്’, ‘രാഷ്ട്രീയം’ എന്നീ രണ്ടു പ്രമേയങ്ങളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇത്തരം ചിന്തകളില്‍ കടന്നുവരുന്ന എഴുത്തിനെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരാശയമായാണ് ഞാന്‍ നിര്‍വചിക്കുന്നത്. അതില്‍ എല്ലാത്തരം സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്കും വേദി തുറന്നുകൊടുക്കുന്നുണ്ട്. അതായിരിക്കും ഏറ്റവും നീതിയുക്തവും വര്‍ണനീയവുമായ നിര്‍വചനം. അതിനാല്‍ തന്നെ ചിത്രവും ചലച്ചിത്രവും നാടകവും സാഹിത്യവുമെല്ലാം പ്രസ്തുത എഴുത്തിന്റെ വൈവിധ്യമാര്‍ന്ന ശാഖകളാണ്.

രണ്ടാം പ്രമേയമായ രാഷ്ട്രീയത്തിന്റെ നിരവധി നിര്‍വചനങ്ങള്‍ കടന്നുവരുന്നുണ്ട്. പൊതുവെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട എല്ലാത്തിനും രാഷ്ട്രീയം എന്ന് വിളിക്കപ്പെടുക എന്നത് പൊളിറ്റിക്കല്‍ സയന്‍സിന്റെ താല്‍പര്യമാണ്. പക്ഷേ, കാലദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തപ്പെടുകയും തള്ളപ്പെടുകയും ചെയ്യപ്പെട്ട നിര്‍വചനങ്ങളുള്ള കാലത്ത് പഴയ നിര്‍വചനങ്ങളില്‍ പൊരുത്തപ്പെട്ടുള്ള മുന്നോട്ടുപോക്ക് അസാധ്യമാണ്. അങ്ങനെ നിര്‍വചനങ്ങളെ ചങ്ങലകള്‍ക്കുള്ളില്‍ ബന്ധിപ്പിക്കുന്ന രാഷ്ട്രീയ കാലത്ത് എഴുത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജീവനെയാണ് ഞാന്‍ രാഷ്ട്രീയമായി മനസ്സിലാക്കുന്നത്. കാരണം ഏറെക്കാലമായി മാസികകളെല്ലാം എഡിറ്റ് ചെയ്യുമ്പോള്‍ നമുക്ക് മികച്ചതെന്ന് തോന്നുന്ന പല സൃഷ്ടികളും പ്രസിദ്ധീകരിക്കപ്പെടാറില്ല. അപ്പോള്‍ ഞങ്ങള്‍ മനസ്സിനോട് പറയാറുണ്ട്. കാലമാണ് ഏറ്റവും മികച്ച പത്രാധിപനെന്ന്. കാരണം ഒരു തരത്തിലുമുള്ള അഴിമതികള്‍ക്കോ ഗൂഢാലോചനകള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങാത്ത പത്രാധിപരുണ്ടെങ്കില്‍ അത് കാലമാണ്. രാഷ്ട്രീയം ഉള്‍ച്ചേര്‍ന്ന് പിടയ്ക്കുകയും തിളയ്ക്കുകയും ചെയ്യുന്നവരാരുണ്ടോ അവരെയായിരിക്കും കാലമാകുന്ന പത്രാധിപര്‍ തിരഞ്ഞെടുക്കുന്നത്. കാരണം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കവിതാ എഴുത്തില്‍ ഏര്‍പ്പെട്ടത് കുമാരനാശാന്‍ എന്ന കവി മാത്രമല്ല. അന്ന് മകളുടെ ട്യൂഷന്‍ ഫീസ് കൊടുക്കുന്നത് പോലും കവിതയില്‍ പറഞ്ഞ കാലമാണെന്നോര്‍ക്കണം.
ബാല ഭിക്ഷക്കലട്ടുന്നു
ബാലപുത്രി സരസ്വതി
അലട്ടു തീര്‍ത്തു വിട്ടേക്ക്
വില പിന്നെ തരാമെടോ
എന്നത് ഉദാഹരണം മാത്രം. അങ്ങനെ പലവ്യഞ്ജനത്തിന്റെ വില മുതല്‍ വിപണി വരെ കവിതയിലൂടെ ചിത്രീകരിച്ച ഒരു കാലത്ത് നിന്ന് കാലമാകുന്ന പത്രാധിപര്‍ കുമാരനാശാന്‍ എന്ന മികച്ച കവിയെ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനര്‍ഥം കുമാരനാശാന്റെ കവിതകള്‍ രചിച്ച അതിഗഹനമായ രാഷ്ട്രീയമാണ്. അതില്‍ ഒന്ന് ഞാന്‍ പറയാം.
‘പടു രാക്ഷസ ചക്രവര്‍ത്തിയെന്‍
ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ’ എന്നത് ഒരു വലിയ ചോദ്യമാണ്. മലയാള കവിതയില്‍ ഉണ്ടായ എക്കാലത്തെയും വലിയ ഒരു സ്ത്രീയുടെ ചോദ്യം. ഹിസ്ബന്റെ ഡോറ പണ്ട് വാതില്‍ വലിച്ചടച്ചുപോയ ഒരു ശബ്ദത്തെക്കുറിച്ച് പാശ്ചാത്യ സാഹിത്യം ചര്‍ച്ച ചെയ്യാറുണ്ട്. ഫെമിനിസത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളില്‍ ഒന്നായാണ് വാതില്‍ അടക്കലിനെ നിരൂപകര്‍ വിശേഷിപ്പിക്കാറ്. ഇതിന്റെ തുല്യമായ മറ്റൊരു ചോദ്യമായാണ് ‘പടുരാക്ഷസന്‍’ എന്ന വരിയിലൂടെ ഉയര്‍ത്തുന്നത്. ഇവിടെ നാം രാമനെ അറിയണം. രാമന്‍ എന്നത് ദൈവബിംബമോ ആദ്യ ആരാധ്യബിംബമോ അല്ല. മറിച്ച് ഉഗ്ര മതാധികാരം അതിന്റെ അധികാരമുറപ്പിക്കുന്നതിനു വേണ്ടി ഇന്ത്യയില്‍ എക്കാലത്തും നിയോഗിച്ച അതിരൂക്ഷമായ അധികാരത്തിന്റെ നാമമാണ് ശ്രീരാമന്‍. ആ രാമന്‍, ഗാന്ധിയും കബീര്‍ദാസും വിളിച്ച ദുര്‍ബലനും ക്ഷീണിതനുമായ രാമനല്ല. ലോകാഭിരാമനായ രാമനുമല്ല. മറിച്ച് അസുരമൂര്‍ത്തിയായ, ഒരു രാഷ്ട്രത്തിന്റെ ഭരണം കൈവശപ്പെടുത്താനായി വലിയ മതാധികാരപ്രസ്ഥാനം ആയുധമായി ഉപയോഗപ്പെടുത്തിയ ആ രാമനോടാണ് ‘പടു രാക്ഷസനെ’ന്ന അഭിസംബോധനയിലൂടെ സ്ത്രീയായ സീത ചോദിക്കുന്നത്. അതിഗംഭീരമായ ചിന്തകളെ ഉണര്‍ത്തുന്ന ഒരു ചോദ്യം. മറിച്ച് ഇക്കാലത്ത് ആ ചോദ്യം ഉണര്‍ത്തുന്ന കവിത രചിച്ചാല്‍ ആരും പ്രസിദ്ധീകരിക്കില്ല എന്ന് മാത്രമല്ല പിന്നീട് തന്റെ രചന എന്ന സമരോത്സുകമായ സര്‍ഗസപര്യയ്ക്ക് വിരാമം നല്‍കേണ്ടി വരും എന്നതാണ് പുതുകാല രാഷ്ട്രീയം തെളിയിക്കുന്നത്. ഇതിനാണ് ‘എഴുത്തിന്റെ രാഷ്ട്രീയം’ എന്നുപറയുന്നത്. രാഷ്ട്രീയം വരികളില്‍ ഇങ്ങനെ തിളച്ച് തിളച്ച് നില്‍ക്കും. ഓരോ കാലത്തിന്റെ സന്ദര്‍ഭങ്ങളിലും അത് വലിയ ശക്തിയായി ഇങ്ങനെ ജ്വലിച്ചുവരും. ആ ജ്വാലയില്‍ നിങ്ങള്‍ നിങ്ങളുടെ മുഖം കാണും. അങ്ങനെയാണ് സാഹിത്യം കാലത്തിന്റെ കണ്ണാടിയായി മാറുന്നത്. അല്ലാതെ ഉപമകളിലൂടെയൊന്നുമല്ല.

കെ സി സുബി

You must be logged in to post a comment Login