അന്യവത്കരിക്കപ്പെടുന്ന ജനതയുടെ ആദിമപ്രകാശനങ്ങള്‍

അന്യവത്കരിക്കപ്പെടുന്ന ജനതയുടെ ആദിമപ്രകാശനങ്ങള്‍

ഉമര്‍ ഖാളി എന്ന കവിയുടെ, സമൂഹ പരിഷ്‌കര്‍ത്താവിന്റെ, അതിലുപരി സ്വാതന്ത്ര്യസമരസേനാനിയുടെ രചനകളും ജീവിതവും പഠനവിധേയമാക്കി, ഇംഗ്ലീഷില്‍ ഒരു പുസ്തകമായി പ്രകാശിക്കുമ്പോള്‍ അതിന് ഇന്ത്യയുടെ ചരിത്രരചനാപാരമ്പര്യത്തില്‍ തന്നെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ചരിത്രം തന്നെ ഏറെ പക്ഷപാതിത്വപരമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. പല കാരണങ്ങളാലും പല വിഭാഗങ്ങളും ചരിത്രത്തില്‍നിന്ന് അരികുവല്‍കരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന് ചരിത്രം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും. ഈ തിരസ്‌കാരത്തില്‍ ദേശീയതക്കും കൊളോണിയലിസത്തിനും തദ്ദേശീയമായ വ്യവഹാരരൂപങ്ങള്‍ക്കും പങ്കുണ്ട്. അങ്ങനെയൊരു തിരസ്‌കരണം ആയിരിക്കണം ഇവിടെ മലയാളഭാഷ വളര്‍ന്നുവരുന്നതിനും മുമ്പേ നിലവിലുണ്ടായിരുന്ന അറബിമലയാള സാഹിത്യത്തിന്റെ തഴയപ്പെടലിന് കാരണമായിട്ടുണ്ടാവുക. ഈ പുസ്തകം, മുഖ്യധാരാ ചരിത്ര രചനകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഒരു പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ്. ഇന്ത്യയുടെ ചരിത്രം നമ്മള്‍ പരിശോധിക്കുമ്പോള്‍, കൊളോണിയല്‍ പാരമ്പര്യ ധാരയില്‍ നിന്നാണ് പിന്നീട് ദേശീയതയുടെ പാരമ്പര്യം വളര്‍ന്നുവരുന്നത്. അധിനിവേശ ചരിത്രകാരന്മാര്‍ ഭരണകൂടത്തെ ന്യായീകരിക്കാനുള്ള ചരിത്രമാണ് എല്ലാ കാലഘട്ടത്തിലും രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ആധുനികത എന്ന് പേരിട്ടുവിളിക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ വീക്ഷണങ്ങളെ ഇന്ത്യന്‍ സംസ്‌കാരത്തിലേക്ക് അടിച്ചേല്‍പ്പിക്കുക എന്നുള്ള ഉദ്ദേശ്യം ആയിരുന്നു ഈ രചനകള്‍. ഈ ചരിത്രം തന്നെയാണ് മുഖ്യധാരാ ചരിത്രം ആയിട്ട് പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ടുപോരുന്നത്. കൊളോണിയലിസ്റ്റ് രചനകളില്‍ പരാമര്‍ശിക്കപ്പെട്ട സ്റ്റീരിയോടൈപ്പുകളും മിത്തുകളും തിരുത്തി എഴുതുക എന്ന ഉദ്ദേശ്യത്തോടെയാണ് പിന്നീട് ദേശീയ ചരിത്രകാരന്മാര്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിവെച്ച വാര്‍പ്പുമാതൃകകളെ അതേപടി പിന്തുടരുകയായിരുന്നു ദേശീയവാദ ചരിത്രകാരന്മാര്‍. ഉദാഹരണത്തിന്, ഇന്ത്യയുടെ പ്രാചീനകാലത്തെ ഹിന്ദു കാലഘട്ടം എന്നും മധ്യകാലഘട്ടത്തെ മുസ്‌ലിം കാലഘട്ടം എന്നും ആധുനിക കാലഘട്ടത്തെ ബ്രിട്ടീഷ് കാലഘട്ടമായും കൊളോണിയല്‍ ചരിത്രകാരന്മാര്‍ വേര്‍തിരിച്ചത് അതേപടി സ്വീകരിക്കുകയായിരുന്നു ഇന്ത്യന്‍ ചരിത്രകാരന്മാര്‍. കൊളോണിയല്‍ ചരിത്രകാരന്മാരും ദേശീയവാദ ചരിത്രകാരന്മാരും തമ്മില്‍ പല കാര്യങ്ങളിലും ഭിന്നിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഈയൊരു ക്ലാസിഫിക്കേഷന്‍ അവര്‍ അപ്പടി അംഗീകരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ചരിത്രത്തില്‍ മുസ്‌ലിംകള്‍ വായിക്കപ്പെട്ടത് കൊളോണിയലിസ്റ്റ് ഉണ്ടാക്കിവെച്ച സ്റ്റീരിയോടൈപ്പിന്റെ അടിസ്ഥാനത്തിലാണ്. മധ്യകാലഘട്ടത്തെ മതഭ്രാന്തിന്റെയും മതാന്ധതയുടെയും കാലഘട്ടമായിട്ടാണ് കൊളോണിയലിസ്റ്റുകളെപ്പോലെത്തന്നെ ദേശീയ ചരിത്രകാരന്മാര്‍ ചിത്രീകരിച്ചത്.

ഇതിന്റെ ഫലമായി കേരള ചരിത്ര രചനാശാസ്ത്രത്തിലും ഇത്തരത്തില്‍ മുസ്‌ലിംകളോടുള്ള വേര്‍തിരിവ് കൃത്യമായി കാണാന്‍ സാധിക്കും. ഇത് വ്യക്തമാകണമെങ്കില്‍ ഇന്ന് കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലും പഠിപ്പിക്കുന്ന സിലബസുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. സ്വാതന്ത്ര്യസമര വേളയില്‍ രചിക്കപ്പെട്ട അറബിയിലും അറബി മലയാളത്തിലുമുള്ള പല കൃതികളും രചിക്കപ്പെട്ടത് ആ ഭാഷയിലായി എന്നതുകൊണ്ടുമാത്രം മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ മുസ്ലിം സമുദായത്തിനകത്ത് തന്നെ വളര്‍ന്നുവന്ന നവോത്ഥാനപ്രസ്ഥാനങ്ങള്‍, നമ്മുടെ തന്നെ ഈ സമരപാരമ്പര്യവും സാഹിത്യരൂപങ്ങളും അവഗണിച്ചു എന്നതാണ് മറ്റൊരു വസ്തുത. മാത്രമല്ല ഇത്തരം പ്രസ്ഥാനങ്ങള്‍ നമ്മുടെ സമൂഹത്തെ നോക്കിക്കാണാനും ചരിത്രത്തെ അന്വേഷിക്കാനും ശ്രമിച്ചത്, ആധുനികതയുടെ വീക്ഷണത്തിലൂടെയാണ്. മതപണ്ഡിതന്മാര്‍ കൊളോണിയല്‍ കാലഘട്ടത്തിലും അതിനുമുമ്പും മുന്നോട്ടുവച്ച പരിഷ്‌കരണത്തിന്റെ പാഠങ്ങള്‍ നമ്മള്‍ വേണ്ടരീതിയില്‍ പഠനവിധേയമാക്കിയില്ല.
കേരളത്തിലെ സമരപാരമ്പര്യം ആരംഭിക്കുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടിയാണ്. ഇന്ത്യയെ പോലെയുള്ള വിഭവസമൃദ്ധമായ ഉപഭൂഖണ്ഡത്തിലെ വിഭവങ്ങള്‍ കൊള്ളയടിക്കുക എന്നുള്ളതായിരുന്നു പ്രധാനമായും ഇവരുടെ ഉദ്ദേശ്യം. ആദ്യമായി വാസ്‌കോഡിഗാമ കേരളത്തില്‍ വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി പോര്‍ച്ചുഗലിലേക്ക് തിരിച്ചുചെന്ന് ഇമ്മാനുവല്‍ രാജാവിനോട് കോഴിക്കോട്ടുള്ള മുസ്‌ലിംകളെ നാടുകടത്താതെ നമുക്ക് അവരുടെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പ്രത്യേകം പറയുന്നുണ്ട്. പോര്‍ച്ചുഗലിന്റെ അടുത്ത പ്രതിനിധിയായി ഇന്ത്യയിലേക്ക് വരുന്ന കബ്രാളിനോട് രാജാവ് ഇക്കാര്യം പിന്നീട് സൂചിപ്പിക്കുകയും, കബ്രാള്‍ കേരളത്തിലെത്തി സാമൂതിരി യോട് വ്യാപാരകാര്യങ്ങളില്‍ തലപ്പത്തുള്ള മുസ്‌ലിംകളെ ആ സ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സാമൂതിരി അത് പാടേ തള്ളി. അവിടെ നിന്നാണ് പറങ്കികളും സാമൂതിരിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങുന്നത്. അത് യുദ്ധത്തിലെത്തുകയും പോര്‍ച്ചുഗീസുകാര്‍ കണ്ണൂരിലും കൊച്ചിയിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് സാമൂതിരിയുടെ നായര്‍ പടയാളികളും മാപ്പിളമാരും ഒന്നുചേര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം നയിക്കുകയും അക്കാലഘട്ടത്തില്‍ സമര കാവ്യങ്ങളും സാഹിത്യരചനകളും ഉണ്ടാവുകയും ചെയ്തു. ഇവയെയാണ് അധിനിവേശ വിരുദ്ധ സമര സാഹിത്യരൂപങ്ങള്‍ ആയി കണക്കാക്കുന്നത്. 1520കളില്‍ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ‘തഹ്‌രീളി’ല്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരായി സമര ആഹ്വാനം കാണാം. അതിനെത്തുടര്‍ന്നാണ് ശൈഖ് സൈനുദ്ദീന്റെ രചനകള്‍ വരുന്നത്. ഇത് നാടുനീളെ പ്രചരിക്കുകയും ഒരുപാട് യുവാക്കള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധത്തിനിറങ്ങുകയും ചെയ്തു. 1571 ല്‍പറങ്കികള്‍ ചാലിയം കോട്ട പിടിച്ചടക്കുകയും നായര്‍ പടയാളികള്‍ക്കൊപ്പം മാപ്പിളമാരും സാമൂതിരിയുടെ കീഴില്‍ യുദ്ധത്തിനിറങ്ങുകയും വിജയിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ‘ഫത്ഹുല്‍ മുബീന്‍’ രചിക്കപ്പെട്ടത്. പിന്നീട് മാലകളുടെ രൂപത്തില്‍ പല കൃതികളും രചിക്കപ്പെടുകയുണ്ടായി. പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളും മറ്റും ഈ കൃതികളില്‍ വ്യക്തമാണ്. മര്‍ദ്ദിതരുടെ ഭാഗത്തുനിന്നും വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഇത്തരം കൃതികള്‍ക്ക് പകരമായി നമുക്ക് മറ്റു കൃതികള്‍ കണ്ടെത്താനാവില്ല എന്നതാണ് സത്യം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ബ്രിട്ടീഷുകാര്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തി മലബാറില്‍ അധിനിവേശ ഭരണം സ്ഥാപിക്കുകയാണ് ഉണ്ടായത്.

കാര്‍ഷിക സമൂഹമായിരുന്നു മലബാറിലേത്. എല്ലാ മതസ്ഥര്‍ക്കും ഒരുപോലെയാണ് കൊളോണിയല്‍ വാഴ്ചയുടെ ദൂഷ്യങ്ങള്‍ അനുഭവിക്കേണ്ടിവന്നത്. ജന്മിത്വ വ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ കേരളത്തില്‍ പില്‍ക്കാലത്ത് ഫ്യൂഡലിസം വളരാന്‍ കാരണമാവുകയും അത് കേരള സമ്പദ്ഘടനയില്‍ വന്‍ആഘാതം ഉണ്ടാക്കുകയും ചെയ്തു. അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കാണക്കാരെയും അവര്‍ക്ക് താഴെയുള്ള ചെറുകിട കര്‍ഷകരായ കുടിയാന്മാരെയുമാണ്. കുടിയന്മാരില്‍ നല്ലൊരു ശതമാനവും മുസ്ലിംകളായിരുന്നു. അവര്‍ക്കു ഭൂഅവകാശം തീരെ കുറവായിരുന്നതിനാല്‍ മുസ്‌ലിംകള്‍ പാട്ടം കൃഷിയിലും കുടിയാന്മാരായും കച്ചവടക്കാരായുമൊക്കെയാണ് അക്കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇങ്ങനെ ജീവിച്ചുകൊണ്ടിരുന്നവര്‍ക്ക് കുടിയൊഴിപ്പിക്കലും പുതിയ കരിനിയമങ്ങളും കൃഷി ചെയ്യാനും ജീവിതച്ചെലവിന് വഴി കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാക്കി. ഈയൊരു സാഹചര്യത്തിലാണ് കൊളോണിയല്‍ വാഴ്ചയ്ക്കും കരിനിയമങ്ങള്‍ക്കുമെതിരെ കേരളത്തില്‍ ചെറുത്തുനില്‍പ് ആരംഭിക്കുന്നത്.

കൊളോണിയലിസ്റ്റുകള്‍ക്കെതിരെ ആരാണ് ആദ്യമായി ശബ്ദമുയര്‍ത്തിയത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന അതിദേശീയതയുടെ കാലത്ത് ഒരു വിഭാഗം ജനങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് ഈ രാജ്യം എന്നും ബാക്കിയുള്ളവരൊക്കെ പുറത്തുനിന്ന് വന്നവരാണെന്നുമുള്ള ആഖ്യാനമാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ ദേശീയവാദികള്‍ ഇന്ത്യന്‍ ദേശീയത എന്നത് ആരുടെയും കുത്തകയല്ല എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സമരങ്ങളുടെ ആരംഭം ഇന്നു മുഖ്യധാരയില്‍ കാണുന്ന നേതാക്കളില്‍ നിന്നും തുടങ്ങിയതല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളാണ് കൊളോണിയലിസ്റ്റുകള്‍ക്കെതിരെ സമരത്തിന് തുടക്കംകുറിക്കുന്നത് എന്നത് മലബാറില്‍നിന്നുള്ള തെളിവാണ്. കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ എവിടെയാണ് എന്ന് ചോദിച്ചാല്‍ കെ എന്‍ പണിക്കരെ പോലുള്ള ചരിത്രകാരന്മാര്‍, മലബാറിലെ ഉലമാക്കളാണ് എന്നാണ് പറയുന്നത്. അവരുടെ ആശയങ്ങള്‍ ആണ് ഇവിടുത്തെ മാപ്പിളമാരെ ദേശീയബോധമുള്ളവരും അധിനിവേശ വിരുദ്ധരുമാക്കി തീര്‍ത്തത്. ഈ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത് ഇവരുടെ കൃതികളിലൂടെ ആണ്. കേവലം പണ്ഡിതന്മാര്‍ മാത്രമല്ല, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ കൂടിയായിരുന്നു ഇവരൊക്കെയും. എന്നാല്‍ മുഖ്യധാരാ ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്. ആധുനികതയുടെ കണ്ണടയിലൂടെ ഇവരെ നോക്കിക്കാണുമ്പോള്‍ നമുക്ക് പരിഷ്‌കര്‍ത്താക്കള്‍ ആയിട്ട് തോന്നുകയില്ല. കാരണം ഇവരൊക്കെയും ഒരേസമയം പരിഷ്‌കരണവാദികളും പശ്ചാത്യവിരുദ്ധരുമായിരുന്നു. സയ്യിദ് അലവി തങ്ങളും ഫള്ല്‍ തങ്ങളുമൊക്കെ മുന്നോട്ടുവെച്ച അസ്സൈഫുല്‍ ബതാര്‍, ഉദ്ദത്തുല്‍ ഉംറ തുടങ്ങിയ കൃതികളും പിന്നീട് ഉമര്‍ ഖാളിയും ചേര്‍ന്ന് കൊളോണിയസത്തിനെതിരായി അവതരിപ്പിച്ച ആശയങ്ങളും യുവാക്കളെ സമരസജ്ജരാക്കാന്‍ കെല്പുള്ളവയായിരുന്നു. സമുദായ നവീകരണം നടത്തുന്നതിനൊപ്പം തന്നെ അവര്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നുണ്ട്. താഴ്ന്ന ജാതിയില്‍ പെടുന്ന പുലയനും ചെറുമനും ഒക്കെയുള്ള വിഭാഗക്കാര്‍ നായന്മാരെ ആഭിജാത്യത്തിന്റെ പേരില്‍ അംഗീകരിക്കുകയും വണങ്ങുകയും ഉച്ഛിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ചെയ്തികളില്‍ നിന്ന് അവരോട് വിട്ടുനില്‍ക്കാനും എല്ലാവരും തുല്യരാണെന്നും, നായരും നമ്പൂതിരിയും നിങ്ങളെക്കാള്‍ മേലെയുള്ളവരല്ലെന്നും അവതരിപ്പിക്കുന്നത് മമ്പുറം തങ്ങള്‍മാരാണ്. കേരളത്തിലെ മുഖ്യധാരാ നവോത്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ മുസ്‌ലിം നവോത്ഥാനം ആരംഭിച്ചിരുന്നു എന്നുള്ളതാണ് വസ്തുത. പില്‍ക്കാലത്ത് രൂപപ്പെട്ടുവന്ന മലയാളഭാഷയെക്കാള്‍ എത്രയോ മുമ്പ് തന്നെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന അറബിമലയാള ഭാഷയും സാഹിത്യവും പിന്നീട് അംഗീകാരം ലഭിക്കാതെ മുഖ്യധാരയില്‍ നിന്ന് അന്യവല്‍കരിക്കപ്പെടുകയും ചെയ്തു. അത് പിന്നീട് ന്യൂനപക്ഷത്തിന്റെ ഭാഷയിലുള്ള സാഹിത്യമായി ചുരുക്കപ്പെടുകയും ചെയ്തു.

വെളിയങ്കോട് ഉമര്‍ ഖാളി, ഖാളി എന്നതിലപ്പുറം ഒരു കവിയും സാമൂഹികപരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ചരിത്രം ചികഞ്ഞു പരിശോധിച്ചാല്‍ നികുതിനിഷേധ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി ഉമര്‍ ഖാളിയെ കാണാം. അദ്ദേഹമാണ് ആദ്യമായി ബ്രിട്ടീഷ് അധികാരികളോട് താന്‍ ഇനി മുതല്‍ നികുതി അടക്കുകയില്ലെന്ന് പ്രഖ്യാപിക്കുന്നത്. അതിനുള്ള ആര്‍ജ്ജവം അദ്ദേഹത്തിന് കിട്ടുന്നത്, ദൈവമല്ലാതെ മറ്റൊന്നിനെ പേടിക്കേണ്ടതില്ല എന്നുള്ള ചിന്തയില്‍ നിന്നും, മനുഷ്യന്‍ നീതിക്ക് വേണ്ടി നിലകൊള്ളണമെന്ന ചിന്തയില്‍ നിന്നുമാണ്. അതിലുപരി ലോകത്തൊട്ടാകെയും നടക്കുന്ന ആന്റി കൊളോണിയല്‍ സമരങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഉള്ളതുകൊണ്ടുമാണ്. കേരളത്തില്‍ വളര്‍ന്നുവന്ന കൊളോണിയല്‍വിരുദ്ധ സമരങ്ങള്‍ക്ക് ഊര്‍ജ്ജം കിട്ടിയത് മത ബോധത്തില്‍ നിന്നാണ് എന്നത് കെ എന്‍ പണിക്കര്‍ അടിവരയിട്ട് പറയുന്നുണ്ട്. തറവാടിത്തത്തില്‍ ഊറ്റംകൊള്ളുന്നവര്‍ക്കെതിരെ ഇടശ്ശേരി ഇരുപതാം നൂറ്റാണ്ടില്‍ കവിതകളെഴുതിയിട്ടുണ്ട്. അതിനും എത്രയോ മുമ്പ് തന്നെ അതിനെപ്പറ്റി ഉമര്‍ ഖാളി കവിത രചിച്ചിട്ടുണ്ട്. കുടുംബമഹിമയിലും മുസ്‌ലിമാണ് എന്നുള്ളതിലും ഊറ്റം കൊള്ളേണ്ട കാര്യമില്ലെന്ന് സമൂഹത്തെ അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. തന്റെ കൃതികളിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും യുവാക്കളെ ആധുനിക കാലത്തോട് സംവദിക്കാനും കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ സമരം ചെയ്യാനും സജ്ജമാക്കുന്ന ഒരു ധര്‍മമാണ് ഉമര്‍ ഖാളി നിര്‍വഹിച്ചത്.

ഡോ. മുജീബുറഹ്മാന്‍

You must be logged in to post a comment Login