തലയുയര്‍ത്തി നിന്ന സച്ചിദാനന്ദന്‍

തലയുയര്‍ത്തി നിന്ന സച്ചിദാനന്ദന്‍

ഒരു കാലത്ത് കേരളത്തിനു പുറത്ത്, ഇന്ത്യക്കു പുറത്തു തന്നെ അറിയപ്പെട്ട എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. ടി.എസ് പിള്ള എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനുശേഷം അറിയപ്പെട്ടതും ലോകത്തെ മഹാസാഹിത്യകാരന്മാരുമായി വ്യക്തിബന്ധങ്ങളുണ്ടായികുന്ന കവിയായിരുന്നു അയ്യപ്പപ്പണിക്കര്‍. അതുകഴിഞ്ഞ് നമ്മളെത്തി നില്‍ക്കുന്നത് സച്ചിദാനന്ദനിലാണ്.
ഏറെക്കുറെ രാജ്യങ്ങളില്‍ വ്യക്തിബന്ധമുള്ള ആളായതിനാല്‍ മറുനാട്ടില്‍ നിന്ന് ഒരു സാഹിത്യകാരനെക്കൊണ്ട് എന്തെങ്കിലും സാധിക്കണമെങ്കില്‍ സച്ചിദാനന്ദനുമായാണ് ബന്ധപ്പെടാറുള്ളത്. അദ്ദേഹമൊരു കവിയെന്ന നിലയില്‍ ഇന്ത്യക്കുപുറത്ത് ധാരാളം അറിയപ്പെട്ടു. ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, സച്ചിദാനന്ദന്‍ മാഷ് കൈവെക്കാത്ത വല്ല സാഹിത്യവിഭാഗവുമുണ്ടോ? കവിത, ലേഖനം, നിരൂപണങ്ങള്‍ എല്ലാം എഴുതിയിട്ടുണ്ട്. അനേകം ജേര്‍ണലുകളില്‍ എഡിറ്ററായിട്ടുണ്ട്. ഇത്രയധികം കലകളുമായി ബന്ധമുള്ള ഒരു സാഹിത്യകാരന്‍, നമുക്കൊരു പുതിയ അനുഭവമാണ്.

സച്ചിദാനന്ദന്റെ പത്രാധിപത്വം എടുത്തു പറയേണ്ടതാണ്. സാധാരണ പത്രപ്രവര്‍ത്തകര്‍ സര്‍ക്കുലേഷന്‍, പരസ്യം എന്നിവയില്‍, പത്രാധിപരുടെ ജോലിയില്‍ പെട്ട കാര്യങ്ങളല്ലെങ്കില്‍ പോലും, വലിയ ജാഗ്രതയുള്ളവരായിരിക്കും. സര്‍ക്കുലേഷനില്ലാതെ എന്ത് പത്രപ്രവര്‍ത്തനം? പരസ്യങ്ങളില്ലാതെ എന്തുനിലനില്‍പ്? ഇതു രണ്ടും അവഗണിച്ച് കേരളത്തില്‍ പത്രം നടത്തിയ രണ്ടുപേരേ എനിക്കറിയൂ. ഒന്ന് എം ഗോവിന്ദന്‍, പിന്നെ സച്ചിദാനന്ദനും. രണ്ടുപേരും ഒന്നിലേറെ മാസികകള്‍ നടത്തിയിരുന്നു. ഇവരുടെ വീക്ഷണത്തില്‍ സാമ്യതകളുമുണ്ടായിരുന്നു. സച്ചിദാനന്ദന്‍ പന്ത്രണ്ടു ലക്കമേ ഇറക്കൂ. അതുകഴിഞ്ഞാല്‍ മാസിക ഉണ്ടാവില്ല. സ്ഥാപനവത്കരണത്തോടുള്ള എതിര്‍പ്പുകൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്. ആ പന്ത്രണ്ടുമാസവും സച്ചിദാനന്ദന്‍ ഓരോലക്കവും ഓരോ പതിപ്പുകളാക്കി ഇറക്കും. അവസാനം ഒരു മരണപ്പതിപ്പായിരിക്കും. അതോടെ നിര്‍ത്തും.

ഗോവിന്ദനാണെങ്കില്‍ ഒരുപടികൂടി കടന്നിരുന്നു. ഒന്നുകില്‍ 12 ലക്കമിറക്കും, അല്ലെങ്കില്‍ അഞ്ഞൂറ് കോപ്പിയിറക്കും. ഇതിലേതാണോ ആദ്യം സംഭവിക്കുന്നത് അന്ന് നിര്‍ത്തും. ഒരു പ്രസിദ്ധീകരണത്തിന് അഞ്ഞൂറ് കോപ്പിയിലേറെ ഉണ്ടായാല്‍ എന്തോ അപകടം പിടിച്ച പണിയാണെന്നായിരുന്നു അവരുടെ സങ്കല്പം.

ഇവര്‍ രണ്ടുപേരും ആ വെല്ലുവിളികളെ നേരിട്ടു. ഒരുപാടുജീവനക്കാരുള്ള സ്ഥാപനമാകുന്നതിന് ഇവര്‍ രണ്ടുപേരും എതിരായിരുന്നു. അങ്ങനെയാണെങ്കില്‍ ഇട്ടേച്ചു പോകാനാവില്ലായിരുന്നു.
സച്ചിദാനന്ദന്റെ ജീവിതത്തിലെ ചില നിമിത്തങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. പത്താം ക്ലാസിനപ്പുറം മലയാളം പഠിച്ചിട്ടില്ലാത്ത ആളാണ് ഇത്രയധികം കവിതകളും നിരൂപണങ്ങളും ലേഖനങ്ങളും എഴുതുന്നതെന്നത് ഒരത്ഭുതമാണ്. ഇംഗ്ലീഷ് അധ്യാപകനായതുകൊണ്ട് ഇംഗ്ലീഷ് എഴുതുന്നതില്‍ അത്ഭുതപ്പെടാനില്ല. മലയാളം പഠിച്ചതിനെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ആ നാട്ടിലെ ആസ്ഥാനഭ്രാന്തനായിരുന്ന ശങ്കരനില്‍ നിന്നു പോലും ഞാന്‍ മലയാളം പഠിച്ചുവെന്നാണ്. സ്‌കൂളിലേക്ക് പോകുമ്പോള്‍ ശങ്കരന്‍ അവിടെ ആശാന്റെ കവിതകളുടെ വ്യാഖ്യാനം പറയും, അതുകേട്ടുനില്‍ക്കും. സ്‌കൂളില്‍ ചെല്ലുമ്പോള്‍ വൈകും, അതിനുള്ള ശിക്ഷയും വാങ്ങും. ഇതുകഴിഞ്ഞുള്ളതാണ് പഞ്ച്, സച്ചിദാനന്ദന്‍ പറയാറുണ്ട്; ഭ്രാന്തനാകും മുമ്പ് ശങ്കരന്‍ മലയാളം അധ്യാപകനായിരുന്നു, അതുകൊണ്ട് പറയുന്നതെല്ലാം കൃത്യമായിരുന്നുവെന്ന്.

സച്ചിദാനന്ദന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അയ്യപ്പപ്പണിക്കര്‍. ഇവിടെ യു ജി സി ശമ്പളം വാങ്ങി കോളജില്‍ സ്വസ്ഥമായിരുന്ന അദ്ദേഹം ഇതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍, ഇതിനേക്കാള്‍ കുറഞ്ഞ സൗകര്യത്തില്‍ ജോലി ചെയ്യാനായി ഡല്‍ഹിയിലെത്തുന്നതിന്റെ നിദാനം അയ്യപ്പപ്പണിക്കരാണ്. ഡല്‍ഹിയില്‍ സാഹിത്യഅക്കാദമിയുടെ പത്രാധിപരായി സച്ചിദാനന്ദന്‍ മാഷ് പോയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം ഏതുരീതിയിലാവുമെന്ന് നമുക്ക് ചിന്തിക്കാനാവില്ല. അവിടെ എത്തിയതുകൊണ്ടാണ് ആ കവി ലോകത്തേക്ക് പടര്‍ന്നതും സാഹിത്യഅക്കാദമിയുടെ ജനറല്‍ സെക്രട്ടറിയായതും.

അടിയന്തരാവസ്ഥ കാലത്ത് താങ്കളെന്ത് ചെയ്തു എന്നു ചോദിച്ചാല്‍ മറുപടി പറയാനാവത്ത വലിയ സാഹിത്യകാരന്മാരുണ്ട്. നാട്ടില്‍ അസഹിഷ്ണുത വര്‍ധിച്ച് ആളുകളെ കൊല്ലല്‍ വരെ ഉണ്ടായപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്നുചോദിച്ചാല്‍ മറുപടി പറയാനാവാത്ത ആളുകളുമുണ്ട്. ഇത്തരം വെല്ലുവിളികളിലെല്ലാം തലയുയര്‍ത്തി നിന്നൊരാളാണ് സച്ചിദാനന്ദന്‍.

തോമസ് ജേക്കബ്‌

You must be logged in to post a comment Login