വ്യാപാരം ചാലിയത്തും കൊടുങ്ങല്ലൂരിലും

വ്യാപാരം ചാലിയത്തും കൊടുങ്ങല്ലൂരിലും

ഇന്നത്തെ ബേപ്പൂര്‍ ഉള്‍ക്കൊള്ളുന്ന ചാലിയത്തെ റോമക്കാര്‍ ഫോഹാര്‍ എന്ന് വിളിച്ചു.ബതൂത ഷാലിയത്തിനെ മനോഹരമായ നഗരം എന്നാണ് വര്‍ണ്ണിച്ചത്. അബുല്‍ ഫിദ ഇതിനെ മലബാറിലെ ഒരു പട്ടണമായിട്ടാണ് പരാമര്‍ശിച്ചത്. ഇവിടെ വസ്ത്ര നിര്‍മാണത്തിന്റെ കേന്ദ്രമായിരുന്നു. യഹൂദരും മുസ്‌ലിംകളും ഇവിടെ താമസിച്ചിരുന്നു. ബേപ്പൂര്‍ തേക്കിന്റെ വിപണന കേന്ദ്രമായിരുന്നു. തണ്ടിയൂര്‍ (കടലുണ്ടി) ചെറിയ തുറമുഖവും മത്സ്യബന്ധന ഗ്രാമവുമാണ്. ഇത് ടോളമി പരാമര്‍ശിച്ച ടിണ്ടീസ് ആണെന്ന് ചിലര്‍ കരുതുന്നു. സഞ്ജലി (കൊടുങ്ങല്ലൂര്‍) പെരിയാര്‍ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. സഞ്ജലിയെ സഞ്ചാരികളും ഭൂമിശാസ്ത്രഞ്ജരും പ്രധാന തുറമുഖമായി വിശേഷിപ്പിക്കുന്നു. മുയിരിക്കോട്, മക്കോട്ടി, ജിന്ഗിപലി, ഷിങ്കിലി, സിംഗൂഗിളി, ഷെനകല തുടങ്ങിയവ മറ്റു പേരുകളാണ്. ഇബിന്‍ ഖുര്‍ദാദ് ബീഹ്, ഇദ്‌രീസി, ദിമിഷ്ഖി, അബുല്‍ ഫിദ എന്നിവര്‍ സഞ്ജലി വലിയ വ്യാപാര കേന്ദ്രമാണെന്ന് പറയുന്നു. മാലിക് ബിന്‍ ദീനാര്‍ കൊടുങ്ങല്ലൂരില്‍ കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പള്ളി പണിതു. മദ്രാസിലെ അരിക്കമേടില്‍ നിര്‍മ്മിച്ച മുത്തുകള്‍ പാലക്കാട് വഴി ഈ തുറമുഖത്തെക്ക് കൊണ്ട് വന്ന് കയര്‍, കുരുമുളക് എന്നീ ഉല്പന്നങ്ങളോടൊപ്പം കയറ്റുമതി ചെയ്തു. കൊടുങ്ങല്ലൂരില്‍ യഹൂദന്മാരും ക്രിസ്ത്യാനികളും അറബികളും മറ്റ് ദേശങ്ങളില്‍ നിന്നുള്ളവരും താമസിച്ചിരുന്നു. 1314 വരെ പെരുമാള്‍ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു അത്. പെരിയാറിലെ വലിയ വെള്ളപ്പൊക്കത്തിനു ശേഷം നദിയില്‍ നങ്കൂരമിടാന്‍ പ്രയാസമായതിനാല്‍ കച്ചവടം കൊച്ചാസി (കൊച്ചി) യിലേക്ക് മാറ്റി.

കൂലം (കൊല്ലം)
അറബിക്കടലിന്റെയും അഷ്ടമുടിക്കായലിന്റെയും ഇടയില്‍ ഉള്ള കൊല്ലം ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ട് തന്നെ മധ്യകാല കേരളത്തിന്റെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായി അറിയപ്പെട്ടു. അഷ്ടമുടി കായലിലെ വിവിധ ശാഖകള്‍ ഈ തുറമുഖത്തിന്റെ ആന്തരിക വിപണികളുമായി ബന്ധപ്പെടാന്‍ സഹായിച്ചു. ഇബ്‌നു ഖുര്‍ദാദ്ബീഹ്, സുലൈമാന്‍, ഇബ്‌നു ഫഖിഹ്, ഇദ്‌രീസി, യാഖൂത്, ദിമിഷ്ഖി, അബുല്‍ ഫിദ, ഇബ്‌നു ബതൂത തുടങ്ങിയ അറബി സഞ്ചാരികള്‍ ഈ തുറമുഖത്തെകുറിച്ച് വിവരിച്ചിട്ടുണ്ട്. ഇബ്‌നു ബതൂത പറയുന്നു: ‘ചൈനയിലെക്ക് മലബാറിലെ ഏറ്റവും അടുത്ത തുറമുഖമാണ് ഇത്. ചൈനീസ് വ്യാപാരികളുടെ വരവ് ഇവിടെ വളരെ കൂടുതലാണ്. അതിന് മികച്ച അങ്ങാടികളുണ്ട്, വ്യാപാരികള്‍ അങ്ങേയറ്റം ധനികരുമാണ്.’

കൊറൊമാണ്ടല്‍ തീരം (മഅ്ബര്‍)
അറബികള്‍ കൊറൊമാണ്ടല്‍ തീരത്തെ ‘മഅ്ബര്‍’ എന്നു വിളിച്ചു. കൊറൊമാണ്ടല്‍ തീരം അറബികളുടെ ക്രോസിംഗ് ജംഗ്ഷന്‍ ആയിരുന്നു. അവര്‍ ഈ തീരത്തുനിന്നാണ് അവരുടെ യാത്രയുടെ ദിശ ബംഗാള്‍ തീരത്തേക്കും, കിഴക്കന്‍ ദ്വീപുകളിലേക്കും ചൈനയിലേക്കും മാറ്റിയിരുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ കൊറൊമാണ്ടല്‍ തീരത്തും മധുരയിലും നിരവധി അറബ് സ്ഥാപനങ്ങള്‍ ഉണ്ടായി. ഒരു തമിഴ് കോപ്പര്‍ തകിട് എഡി 875 ല്‍ മധുര രാജാവ് അറബികള്‍ക്ക് നല്‍കിയ സൗകര്യങ്ങളെക്കുറിച്ച് വിവരിക്കുന്നു. ചോളന്മാരുടെ കാലത്ത് കൊറൊമാണ്ടല്‍ തീരം, മധുര എന്നീ പ്രവിശ്യകളില്‍ അറബികള്‍ സ്ഥിരതാമസമാക്കി. ചോള ഭരണാധികാരികളുടെ വര്‍ധിച്ചു വന്ന അറേബ്യന്‍ കുതിരകളുടെ ആവശ്യകത കൊറൊമാണ്ടല്‍ തീരത്ത് അറബികളുടെ വാസത്തിന് കാരണമായി. പതിനൊന്നാം നൂറ്റാണ്ടോടെ അറബികള്‍ക്ക് ദക്ഷിണേന്ത്യയില്‍ സാമൂഹ്യ- രാഷ്ട്രീയ സ്വാധീനം കൈവന്നു. മുഖ്യമന്ത്രിയായും, ഗവര്‍ണര്‍ ആയും പാണ്ഡ്യ രാജാവ് മുസല്‍മാന്മാരെ ചുമതലപ്പെടുത്തിയിരുന്നു. മാപ്പിളമാരെപ്പോലെ കൊറൊമാണ്ടല്‍ തീരത്ത് മുസ്‌ലിംകള്‍ പ്രത്യേകിച്ചും മരയ്ക്കാര്‍ വംശജര്‍ സമ്പന്നരായ കടല്‍ വ്യാപാരികളും കപ്പക്കാരുമായിരുന്നു. മരയ്ക്കാര്‍മാര്‍ മരൈക്കാര്‍, കായലര്‍ എന്നീ പേരുകളിലും അറിയപ്പെട്ടു. കൃഷിക്കാര്‍, നെയ്ത്തുകാര്‍, വ്യാപാരികള്‍ എന്നിങ്ങനെ ഗ്രാമങ്ങളിലെ ഹനഫി മുസ്‌ലിംകളില്‍ നിന്നും വ്യത്യസ്ത സമൂഹമായി അവര്‍ മാറി. അവരുടെ കീഴില്‍ കായല്‍പട്ടണം, അദീരംപട്ടണം, കീളക്കരൈ, നാഗപട്ടണം എന്നിവ വലിയ വ്യാപാരകേന്ദ്രങ്ങളായി. മരയ്ക്കാര്‍, ലബ്ബയ് കച്ചവടക്കാര്‍ക്ക് തദ്ദേശ്ശീയ സഹായം ലഭിച്ചതോടെ കോറൊമാണ്ടലിലെ ചോളന്മാരും, മധുരയിലെ നായക്മാരും, സമ്പന്നരായിത്തീര്‍ന്നു, അതോടെ അവരുടെ വ്യാപാരം ജാവ, സുമാത്ര, മലയ് ദ്വീപുകളിലേക്ക് വ്യാപകമാക്കി. ലബ്ബയ് വ്യാപാരികള്‍ക്ക് രത്‌നത്തിലും മുത്തുപ്പണിയിലും പ്രത്യേക പാഠവം ഉള്ളതിനാല്‍ ലബ്ബയ് എന്ന പദത്തിന് ആഭരണക്കാരന്‍ എന്നൊരു പര്യായം കിട്ടി. ഈ രണ്ട് വിഭാഗങ്ങളും അവരുടെ വ്യാപാരം മലായ്, ഇന്തോനേഷ്യന്‍ ദ്വീപുസമൂഹത്തിലും വിപുലീകരിച്ചു. ഇത് ഇസ്‌ലാമിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് കാരണമായി. ദക്ഷിണേന്ത്യയിലെ പടിഞ്ഞാറന്‍ തീരവുമായി താരതമ്യം ചെയ്യുമ്പോള്‍, മധ്യകാലത്ത് കിഴക്കന്‍ തീരത്ത് തുറമുഖങ്ങള്‍ കുറവായിരുന്നു. ദത്തന്‍ (ദേവീപട്ടണം), താണ്ടസ (തൊണ്ടി), അബ്തു (അദിരാംപാട്ടണം), കായല്‍ (കായല്‍ പട്ടണം), മണിഫത്തന്‍ (നാഗപട്ടണം), പോഡുകെ (അരിക്കമേട്), മോട്ടപ്പള്ളി എന്നിവയാണ് കൊറൊമാണ്ടല്‍ മേഖലയില്‍ മധ്യകാല വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. രാമനാട്ടില്‍ സ്ഥിതി ചെയ്യുന്ന ദത്തന്‍ (ദേവീപട്ടണം) ആണ് തീരത്തിന്റെ പ്രധാന തുറമുഖം. മാഅ്ബറിന്റെം പ്രധാന നഗരങ്ങളില്‍ ശ്രദ്ധേയമായതാണ് ദേവിപട്ടണമെന്ന് ദിമിഷ്ഖി പരാമര്‍ശിക്കുന്നു. കോലന്‍ തോണ്ടി എന്ന പേരിലും അറിയപ്പെടുന്ന താണ്ടമ ചൈനയും, അറബ് കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു മുസ്‌ലിംകളുടെ അധീനതയിലായിരുന്നു ഈ പട്ടണം. മസൂദി, യാഖൂത്ത്, ഖസ്‌വീനി, അബുല്‍ ഫിദ എന്നിവര്‍ മണ്ടര്‍ഖിന്‍ (മണ്ടര്‍ ഫിന്‍) എന്ന പട്ടണത്തെ പരാമര്‍ശിക്കുന്നുണ്ട്. മസൂദിയുടെ അഭിപ്രായത്തില്‍ മന്ദര്‍ ഫിന്‍, സാരന്‍ ദ്വീപിന് മഭിമുഖമായി സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് ചന്ദനമരം, ടബാഷിര്‍ എന്നിവ കയറ്റുമതി ചെയ്തു.

അബ്തു എന്ന് അറബികള്‍ വിളിക്കുന്ന അദിരാം പട്ടണം എന്നത് ആദിര്‍ വീര രാമപട്ടണമാണ്. പാണ്ഡ്യ രാജാവായ ആറ്റി വിര രാമന്റെ (156277) പേരിലാണിത്. അതിരാം പട്ടണം അരിയുടെയും തുണികളുടെയും ഉത്പാദക ഗ്രാമങ്ങളുള്ള ഒരു വിശാല തുറമുഖമായിരുന്നു. താമരപര്‍ണി നദിയുടെ ഡെല്‍റ്റയിലും തിരുനല്‍ വേലി ജില്ലയുടെ തീരത്തുമായി സ്ഥിതി ചെയ്യുന്ന കായല്‍ (കായല്‍ പട്ടണം) ഒരു വലിയ തുറമുഖമായിരുന്നു. മരയ്ക്കാര്‍ വ്യാപാരികളാല്‍ ഈ തുറമുഖം മദ്ധ്യകാലത്ത് പ്രശസ്തമായിരുന്നു. മാര്‍ക്കോ പോളോ ഈ തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട കച്ചവട കേന്ദ്രമായി വിശേഷിപ്പിച്ചു. ഈ പട്ടണത്തില്‍ ഹോര്‍മോസ്, കിസ്, ഏദന്‍, അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കപ്പലുകള്‍ ഈ തുറമുഖത്ത് കുതിരയും മറ്റു സാധനങ്ങളുടെയും വില്‍പ്പനയും നടത്തിയതായി പറയപ്പെടുന്നു. എക്കല്‍ മണലിന്റെ സാനിധ്യം ഉള്ളതുകൊണ്ട് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന തുറമുഖം ഇപ്പോള്‍ മണലില്‍ മറഞ്ഞു. മനിഫത്തന്‍ എന്ന ആധുനിക നാഗപട്ടണം തഞ്ചാവൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. നാഗര്‍ എന്ന വംശത്തില്‍ നിന്നാണ് നാഗപ്പട്ടണം എന്ന നാമം ഉണ്ടായത്. റഷുദുദ്ദീന്‍ ഇതിനെ മാലിഫാത്തന്‍ എന്ന് പരാമര്‍ശിക്കുന്നു. പിന്നീട് ഇത് പോര്‍ച്ചുഗീസ് കുടിയേറ്റ പ്രദേശമാവുകയും അവര്‍ ഇതിനെ കൊറൊമാണ്ടലിന്റെ നഗരം എന്ന് വിളിക്കുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടില്‍ ഇത് ബുദ്ധിസ്റ്റ് വ്യാപാരികളുടെ തിരക്കേറിയ തുറമുഖമായിരുന്നു. ബുദ്ധിസ്റ്റ് വിഹാരങ്ങള്‍ സ്ഥാപിച്ച സ്വദേശികളും വിദേശികളുമായ ബുദ്ധിസ്റ്റ് വ്യാപാരികളെ ഉള്‍ക്കൊള്ളാന്‍ ഈ നഗരത്തിന് സാധിച്ചു. പൊഡുകെ (അരിക്കമേട്) കല്ല്, ഗ്ലാസ്, മുത്തുകള്‍ എന്നിവയുടെ ഉല്‍പ്പാദന കേന്ദ്രമായിരുന്നു. ഈ പ്രദേശത്ത് നിര്‍മ്മിച്ച മുത്തുകള്‍ റോമിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി കരമാര്‍ഗത്തിലൂടെ മുസിരിസ് തുറമുഖത്തേക്ക് അയച്ചു.

മോതുപ്പള്ളി അതിവിശേഷമായ പരുത്തി ഉല്പനങ്ങള്‍ (ബക്‌റംസ്), രത്‌നങ്ങള്‍, വജ്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് പ്രസിദ്ധമായിരുന്നു. ബക്ക്‌റംസ് ഉല്പന്നത്തിന്റെ മൃദുലതയെ മാര്‍ക്കോ പോളോ ചിലന്തി വലയോട് ഉപമിക്കുന്നു. അവ ധരിക്കാന്‍ എല്ലാ രാജ്യത്തെ രാജാവിനും രാജ്ഞിക്കും സന്തോഷമായിരുന്നു. ഗണപതിദേവ മഹാരാജാവ് നല്‍കിയ മോതുപ്പള്ളി ചാര്‍ട്ടര്‍ എന്ന് അറിയപ്പെടുന്ന അഭയശാസന്‍ കാണിക്കുന്നത് പ്രാദേശിക ഭരണാധികാരികള്‍ കച്ചവടക്കാരെ ആകര്‍ഷിക്കാന്‍ ഏറെ തല്പരരായിരുന്നു എന്നതാണ്. കോറമാണ്ടല്‍ മേഖലകളിലെ പ്രധാനപ്പെട്ട ഇറക്കുമതി ഇനം കുതിരയും പ്രധാന കയറ്റുമതി ഇനങ്ങള്‍ ഗ്ലാസ്, മുത്തുകള്‍, പവിഴം, രത്‌നങ്ങള്‍, വിലയേറിയ കല്ലുകള്‍, കര്‍പ്പൂരം, കോട്ടണ്‍ എന്നിവയുമായിരുന്നു. മാര്‍ക്കോ പോളോയുടെ അഭിപ്രായത്തില്‍ കോറൊമാണ്ടല്‍ രാജാക്കന്മാര്‍ കിസ്, ഹോര്‍മുസ്, ദോഫാര്‍, സോര്‍, ഏദന്‍ എന്നീ അറബ് രാജ്യങ്ങളില്‍ നിന്നും വന്‍ തൊതിലുള്ള കുതിരകളുടെ ഇറക്കുമതി ചെയ്തത് സമ്പത്തിന്റെ ഒരു വലിയ ഭാഗം പാഴായിപ്പോകാന്‍ കാരണമായി. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കുതിരകളുടെ പ്രജനനത്തെക്കുറിച്ചും, പരിപാലനത്തെക്കുറിച്ചുമുള്ള അറിവില്ലായ്മ കുതിരകളുടെ മരണ നിരക്ക് ഉയരുന്നതിന് കാരണമാകുകയും ഇത് മൂലം കുതിരകളുടെ നിരന്തര ഇറക്കുമതി അനിവാര്യമാവുകയും ചെയ്തു.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login