കോടതികളില്‍ എന്താണ് സംഭവിക്കുന്നത്?

കോടതികളില്‍ എന്താണ് സംഭവിക്കുന്നത്?

ദുര്‍ബലന്റെ അവസാനത്തെ ആശ്രയമാണ് കോടതി എന്ന് പറയാറുണ്ട്. വ്യവസ്ഥയും അധികാരവും അടിച്ചേല്‍പിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ നാട്ടിലെ നിയമം മാത്രമാണ് സാധാരണക്കാരന്റെ മുന്നിലുള്ള വഴി. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ നീതിനിര്‍വഹണം ഏതുരാജ്യത്തെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. എന്നാല്‍ ഇന്ത്യന്‍ ജുഡീഷ്യറി ഈ ദൗത്യം എത്രമാത്രം ഫലപ്രദമായി നിറവേറ്റുന്നുണ്ട്? നീതിയുടെ തുലാസ് മിക്കപ്പോഴും അധികാരശക്തികള്‍ക്കും വരേണ്യവിഭാഗങ്ങള്‍ക്കും അനുകൂലമായി ചാഞ്ഞുനില്‍ക്കുന്നു. കോടതികളില്‍ ദീര്‍ഘകാലം കേസുകള്‍ കെട്ടിക്കിടക്കുന്നു. താങ്ങാനാവാത്ത വക്കീല്‍ ഫീസും കോടതിച്ചെലവുകളും കാരണം സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആളുകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നു. പണവും അധികാരവുമുപയോഗിച്ച് സ്ഥാപിതതാല്‍പര്യക്കാര്‍ നീതിനിര്‍വഹണം അട്ടിമറിക്കുന്നു, പരമോന്നത കോടതികളില്‍ പോലും ന്യായാധിപന്മാര്‍ അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. ഭരണവര്‍ഗം നീതിനിര്‍വഹണത്തിലിടപെടുകയും ജഡ്ജിമാരെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവുകയും അത് സ്വതന്ത്രവും സുതാര്യവുമായ നീതിനിര്‍വഹണത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി അഴിച്ചുപണിയേണ്ടതുണ്ട് എന്ന അവസ്ഥയാണ് നിലവിലുള്ളത്. സമൂഹമധ്യത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറി പലപ്പോഴും പ്രതിക്കൂട്ടിലാണ്. ഈ പശ്ചാതലത്തിലാണ് ബൂര്‍ഷ്വാ കോടതി എന്ന സങ്കല്‍പത്തിന് വേരോട്ടമുണ്ടാകുന്നതും നോക്കുകുത്തികളായി നില്‍ക്കുന്ന കോടതികളെ നിരാകരിച്ച് ബദല്‍വഴികള്‍ തേടാനുള്ള ശ്രമങ്ങള്‍ പൊട്ടിമുളക്കുന്നതും. ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തമാവുന്നതിന് ഒരുകാരണം നീതിന്യായ വ്യവസ്ഥയുടെ അപചയമാണെന്ന ആലോചന സാമൂഹ്യചിന്തകര്‍ക്കിടയില്‍ പ്രബലമാണ്. ചുരുക്കത്തില്‍ പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും പറയുവാനില്ലേ എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു എന്നത് സത്യം.

ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അപകടപ്പെട്ടിട്ടുള്ള പരിതാപകരമായ അവസ്ഥയെക്കുറിച്ചുള്ള ആലോചനകളാണ് അരുണ്‍ ഷൂരിയുടെ ‘അനിത ഗെറ്റ്‌സ് ബെയില്‍’ (ANITA GETS BAIL) എന്ന പുസ്തകം. നമ്മുടെ കോടതികള്‍ എന്താണ് പറയുന്നത്; അവയുടെ കാര്യത്തില്‍ നാമെന്താണിനി ചെയ്യേണ്ടത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഗ്രന്ഥകാരന്റെ ശ്രമം. ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിത്തറയിലേറ്റ വിള്ളലുകള്‍ അദ്ദേഹം നിരത്തിവെക്കുന്നു. ജനാധിപത്യവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളിലൊന്നായ നീതിന്യായവ്യവസ്ഥ അതിന്റെ സ്വതന്ത്രസ്വഭാവവും വിശുദ്ധിയും എക്കാലത്തും നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ കീഴ്‌ക്കോടതികള്‍ തൊട്ട് പരമോന്നത കോടതിയായ സുപ്രീംകോടതി വരെ ഇക്കാര്യത്തില്‍ വരുത്തുന്ന അക്ഷന്തവ്യമായ പിഴവുകളാണ് അരുണ്‍ഷൂരി പഠനവിധേയമാക്കുന്നത്.

പണ്ഡിതനും പത്രപ്രവര്‍ത്തകനും മുന്‍ ബി ജെ പി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അരുണ്‍ഷൂരിയുടെ നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ ചില മുന്‍വിധികളുടെ പശ്ചാതലത്തില്‍ പോലും പ്രസക്തമാകുന്നത്, അവയിലെ കൃത്യത മൂലമാണ്. ജുഡീഷ്യറിയുടെ അടിത്തറക്ക് ഏറ്റ വിള്ളലുകള്‍ ഓരോന്നോരോന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുമ്പോള്‍ മഹത്തായ ഈ ഭരണഘടനാസ്ഥാപനം നേരിടുന്ന തകര്‍ച്ചയുടെ വ്യാപ്തി തീര്‍ച്ചയായും വായനക്കാര്‍ക്ക് ബോധ്യപ്പെടും.

ഹൃദയമില്ലാത്ത കോടതി
വ്യക്തിപരമായി അരുണ്‍ഷൂരിക്കുണ്ടായ ദുഃഖകരമായ ഒരു കോടതിയനുഭവത്തില്‍നിന്നാണ് ‘അനിതയ്ക്ക് ജാമ്യം കിട്ടി’ എന്ന പുസ്തകത്തിന്റെ പേര് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. അരുണ്‍ഷൂരിയുടെ ഭാര്യയാണ് അനിത. പാര്‍ക്കിന്‍സണ്‍ രോഗബാധിതയായി അവശനിലയില്‍ കഴിയുന്ന സ്ത്രീ. 2013ലാണ് ഒരുദിവസം അനിതയ്ക്ക് ഫരീദാബാദ് കോടതിയില്‍ നിന്ന് ഒരു അറസ്റ്റ് വാറണ്ട് ലഭിക്കുന്നത്. ഡല്‍ഹിയിലെ അരാവലിയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഫാംഹൗസ് സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങളുമായി ബന്ധപ്പെട്ട കേസിലായിരുന്നു വാറണ്ട്; 1990ല്‍ അനിതയുടെ പേരില്‍ അനുവദിച്ചുകിട്ടിയ അരാവലി റിട്രീറ്റിലെ പ്ലോട്ട് അവര്‍ 2008ല്‍ തന്നെ വിറ്റിരുന്നു; യാതൊരു നിര്‍മാണപ്പണിയും അവര്‍ നടത്തിയിരുന്നില്ല. എന്നിട്ടും പരിസ്ഥിതിവിരുദ്ധമായ നിര്‍മാണപ്പണികള്‍ നടത്തി എന്ന കേസില്‍ അവര്‍ പ്രതിയായി; അവര്‍ സമര്‍പ്പിച്ച രേഖകളൊന്നും പരിഗണിക്കപ്പെടാതെ കോടതി എതിര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരുന്നു. ഓരോ തവണയും രോഗിണിയായ ഈ സ്ത്രീ നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ ശാഠ്യം. ഒടുവില്‍ അനിത കുറ്റവിമുക്തയാക്കപ്പെട്ടു. അപ്പോഴേക്കും രണ്ടുകൊല്ലം കഴിഞ്ഞിരുന്നു. ഈ രണ്ടുകൊല്ലത്തിനിടയില്‍ രോഗിണിയായ ഒരു സ്ത്രീ കോടതിമുറികളിലും വരാന്തകളിലുമുള്ള അകാരണമായ കാത്തുകെട്ടിക്കിടക്കലുകളിലൂടെ അനുഭവിച്ച യാതനകളിലേക്കും പ്രയാസങ്ങളിലേക്കുമാണ് ആദ്യ അധ്യായത്തില്‍ വിരല്‍ ചൂണ്ടുന്നത്; അനിത സമര്‍പ്പിച്ച രേഖകള്‍ പ്രാഥമികമായി പരിശോധിച്ചിരുന്നുവെങ്കില്‍ തല്‍ക്ഷണം തള്ളിക്കളയാമായിരുന്ന ഒരു കേസിനെ കോടതി നടപടികളുടെ സങ്കീര്‍ണതകളിലൂടെ വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോയതിനെപ്പറ്റിയാണ് ഗ്രന്ഥകര്‍ത്താവ് പ്രതിപാദിക്കുന്നത്. വായനക്കാര്‍ക്ക് അദ്ദേഹം ഒരു ഉപദേശവും നല്കുന്നു: കഴിയുമെങ്കില്‍ ഒരിടത്തും സ്ഥലം വാങ്ങാതിരിക്കുക, വീട് പണിയാതിരിക്കുക.
നമ്മുടെ നാട്ടിലെ നീതിന്യായക്കോടതികളുടെ പ്രവര്‍ത്തനത്തെ അധികാര താല്പര്യങ്ങളും അഴിമതിയും എപ്രകാരമാണ് സ്വാധീനിക്കുന്നതെന്ന് അരുണ്‍ഷൂരി വിശദമായി ചര്‍ച്ച ചെയ്യുന്നു, രണ്ടാം അധ്യായത്തില്‍. അവിഹിത മാര്‍ഗങ്ങളിലൂടെ അളവറ്റ ധനം സമ്പാദിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെയും തോഴി ശശികല നടരാജന്‍ അടക്കമുള്ള കൂട്ടുപ്രതികളെയും മൈക്കേല്‍സികുഞ്ഞ എന്ന ജഡ്ജി ആറുകൊല്ലത്തെ തടവിനും നൂറുകോടി പിഴയടയ്ക്കാനും ശിക്ഷിച്ചു. ഈ വിധിയെ മറികടക്കാനും ജയലളിതയെ കുറ്റവിമുക്തയാക്കാനും ഭരണവര്‍ഗവും വികലമായ നീതിബോധവും ചേര്‍ന്നുനടത്തിയ ഒത്തുകളികളുടെ വിശദാംശങ്ങള്‍ ഗ്രന്ഥകാരന്‍ അനാവരണം ചെയ്യുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അപഥസഞ്ചാരം എത്രത്തോളമാണ് എന്ന് ആര്‍ക്കും ബോധ്യപ്പെടും. കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജി സി. ആര്‍ കുമാരസ്വാമിയാണ് ജയലളിതക്കേസിലെ പ്രധാന വില്ലന്‍. തികഞ്ഞ സൂക്ഷ്മതയോടെയും കൃത്യമായ യുക്തിചിന്തയോടും കൂടിയുള്ള ഒന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. സുപ്രീം കോടതി പ്രസ്തുത വിധി ഉര്‍ത്തിപ്പിടിച്ചുവെങ്കിലും കുമാരസ്വാമി എന്ന ന്യായാധിപന്‍ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് ജയലളിതയെ ദീര്‍ഘകാലം സംരക്ഷിച്ചുനിര്‍ത്തുകയായിരുന്നു. ജയലളിത അതിന്നിടയില്‍ ചരമമടഞ്ഞു. കുമാരസ്വാമി വിരമിക്കുകയും ചെയ്തു. എങ്കിലും അധികാര ബലമുപയോഗിച്ച് ശിക്ഷയില്‍നിന്ന് എങ്ങനെയൊക്കെ ഒഴിഞ്ഞുമാറാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജയലളിതയുടെ അഴിമതിക്കേസ്.

പരിഹാസ്യമായ വിധിന്യായങ്ങള്‍
നമ്മുടെ അഭിഭാഷകരുടെ ഭാഷാപ്രയോഗത്തെയും വാഗ്വിലാസത്തെയും കുറിച്ചുള്ള രസകരമായ പരാമര്‍ശങ്ങളുമുണ്ട് ഈ കൃതിയില്‍. ഒരിക്കല്‍ വി ആര്‍ കൃഷ്ണയ്യരെ കാണാന്‍ പോയ അനുഭവം ഗ്രന്ഥകര്‍ത്താവ് അനുസ്മരിക്കുന്നു. വീട്ടില്‍ ഒരു ലുങ്കിയും ഷര്‍ട്ടുമായി വരാന്തയിലിരുന്ന് സ്‌റ്റെനോഗ്രാഫര്‍ക്ക് വിധിന്യായം പറഞ്ഞുകൊടുക്കുകയായിരുന്നു കൃഷ്ണയ്യര്‍.
മേശപ്പുറത്ത് കേസുകെട്ടുകള്‍ക്ക് പുറമെ രണ്ടോ മൂന്നോ നിഘണ്ടുകളും ഒരു പര്യായ പദകോശവും. ജസ്റ്റിസ് കൃഷ്ണയ്യര്‍ വിധിന്യായത്തിലെ വാചകം പാതിപറയും, പര്യായ പദകോശമെടുത്തുനോക്കും, ചിലപ്പോള്‍ നിഘണ്ടു പരതും. എന്നിട്ട് തുടര്‍വാചകം പറയും. ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിന്യായങ്ങളുടെ ഭാഷാപരമായ ‘ഗുണമേന്മ’യുടെ രഹസ്യമിതാണ്. കൃഷ്ണയ്യരുടെ ഗദ്യത്തിലെ ദുര്‍ഗ്രഹത അദ്ദേഹത്തിന്റെ വിധിന്യായങ്ങളുടെ വ്യാഖ്യാനത്തില്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് എച്ച് എം സീര്‍വായ് പറഞ്ഞത് വെറുതെയല്ലെന്ന് സ്പഷ്ടം(എല്‍ എല്‍ ബി പഠനകാലത്ത് ഈ ലേഖകനുമനുഭവിച്ചിട്ടുണ്ട് അത്തരം ചില ബുദ്ധിമുട്ടുകള്‍. പ്രതിയെ കുറ്റക്കാരനാക്കുകയാണോ വിട്ടയക്കുകയാണോ, എന്താണ് സംഭവിച്ചത് എന്ന് വിധിന്യായം വായിച്ചിട്ട് മനസ്സിലാക്കാനാവാത്ത അവസ്ഥ).

ന്യായാധിപന്മാരുടെ ഈ ‘ഗ്രാന്‍ഡിലക്വന്‍സ്(Grandiloquence)’ സാധാരണക്കാരെ നിയമത്തില്‍നിന്ന് അകറ്റിനിര്‍ത്തും എന്നാണ് ഗ്രന്ഥകര്‍ത്താവിന്റെ സമീപനം. ജസ്റ്റിസ് ദീപക് മിശ്ര ഇത്തരം പാണ്ഡിത്യപ്രകടനത്തിന്റെ മൂര്‍ത്തീഭാവമാണ്. വാഗ്വിലാസത്തില്‍ അവസാനിക്കുന്നില്ല ജഡ്ജിമാരുടെ ഭാഷാപ്രയോഗങ്ങള്‍. പലപ്പോഴും കവിതകളും പഴങ്കഥകളും വേദേതിഹാസങ്ങളില്‍നിന്നുള്ള ഉദ്ധരണികളുമെല്ലാം പ്രയോഗിക്കപ്പെടുന്നു. ഷെയ്ക്‌സ്പിയറും രവീന്ദ്രനാഥ ടാഗോറും മഹാഭാരതവും ബൈബിളും ഖുര്‍ആനുമെന്നു വേണ്ട ആധുനിക ചിന്തകരും എഴുത്തുകാരുമെല്ലാം നിരന്തരം കടന്നുവന്ന്, കോടതിയുടെ നിരീക്ഷണങ്ങള്‍ക്കുമേല്‍ ദുര്‍ഗ്രഹതയുടെ മറയിടുന്ന അനുഭവമുണ്ട്. ഇത്തരം പാണ്ഡിത്യപ്രകടനങ്ങള്‍ പലപ്പോഴും അപകടകരമാം വണ്ണം വഴിതെറ്റിപ്പോവുന്നതിന്റെ ഉദാഹരണങ്ങളും അരുണ്‍ ഷൂരി നിരത്തിവെക്കുന്നു. 2015ല്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലെ മഹേഷ് ശര്‍മയെന്ന ജഡ്ജി ഒരു വിധിന്യായത്തില്‍ മയില്‍ ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട പക്ഷിയാണെന്നും ബ്രഹ്മചാരിയായ ആണ്‍മയിലിന്റെ കണ്ണീര്‍കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഇതേ ന്യായാധിപന്‍ തന്നെ മറ്റൊരു കേസില്‍ പശുവിന്‍ പാലിന്റെയും പശുവിന്‍ നെയ്യിന്റെയും ഗുണഗണങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ ആധുനികശാസ്ത്രത്തിന്റെ സകലമാന തത്വങ്ങളെയും നിരാകരിച്ചു. ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ ശമിക്കുമെന്നും മുജ്ജന്മപാപങ്ങള്‍ ഒഴിവായിക്കിട്ടുമെന്നും അതിനാല്‍ പശുക്കളെ സംരക്ഷിക്കണമെന്നുമൊക്കെയായിരുന്നു വിധിന്യായം. ഈ വിധിന്യായത്തില്‍ അദ്ദേഹം പല ആളുകളെയും ഉദ്ധരിച്ചിട്ടുണ്ട്. വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങള്‍. ഇത്തരം പരിഹാസ്യമായ നിരവധി വിധിയെഴുത്തുകള്‍ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനംകുത്തിക്കൊണ്ട് നില്‍ക്കുന്നതായി കാണാം. ദേശീയഗാനവുമായും മറ്റും ബന്ധപ്പെടുത്തി കോടതികള്‍ പുലര്‍ത്തുന്ന ദേശാഭിമാന പ്രചോദിത നിലപാടുകളുടെ അന്തസ്സാര ശൂന്യതയെയും അരുണ്‍ഷൂരി വിമര്‍ശവിധേയമാക്കുന്നു.

അരുണ്‍ഷൂരിയുടെ പല മുന്‍വിധികളും ഈ പുസ്തകത്തിലും കാണാവുന്നതാണ്. സംവരണത്തെ അദ്ദേഹം ഒട്ടും അംഗീകരിക്കുന്നില്ല. മെറിറ്റിലാണ് പലപ്പോഴും അദ്ദേഹത്തിന്റെ ഊന്നല്‍. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയ അസമത്വങ്ങളുടെ പശ്ചാതലത്തില്‍ പിന്നാക്കവിഭാഗക്കാര്‍ക്ക് ഉറപ്പുവരുത്തേണ്ട അവകാശങ്ങളെപ്പറ്റി അദ്ദേഹത്തിന് ആധിയേ ഇല്ല. എലീറ്റിസത്തിന്റെ നിര്‍മമത്വം, അരുണ്‍ഷൂരിയുടെ നിലപാടുകളുടെ ന്യൂനതയായി വിലയിരുത്തപ്പെടുക തന്നെ വേണം. അദ്ദേഹം ഇന്ത്യന്‍ ജുഡീഷ്യറിയെ വിലയിരുത്തുമ്പോഴും എക്കാലത്തും നമ്മുടെ നീതിന്യായ ചരിത്രത്തിലെ കറുത്ത പുള്ളിയായവശേഷിക്കുന്ന അഫ്‌സല്‍ ഗുരുവിന്റെ തൂക്കിക്കൊലയെപ്പറ്റി മൗനം പാലിക്കുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന അരുണ്‍ഷൂരിയുടെ ഈ പുസ്തകം രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന മാറ്റങ്ങളുടെ പശ്ചാതലത്തില്‍ ഏറെ പ്രസക്തമാണ്; ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും നിഷ്പക്ഷതയും കടുത്ത വെല്ലുവിളികളെ നേരിടുന്ന കാലമാണിത്. പരമോന്നതമായ ഭരണഘടനാ സ്ഥാപനങ്ങള്‍ വിലക്കെടുക്കപ്പെടുകയോ ‘കൂട്ടിലെ തത്ത’യായി രൂപാന്തരപ്പെടുകയോ ചെയ്യുന്ന കാലം. ഭരണാധികാരത്തിന്റെ തിരുവുള്ളങ്ങള്‍ക്കൊത്ത് തലയാട്ടുന്ന അവസ്ഥയിലേക്ക് അവ തരംതാഴ്ന്നുപോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ- മതേതര സ്വഭാവവും ഭരണനിര്‍വഹണത്തിലെ നിഷ്പക്ഷതയും കാത്തുരക്ഷിക്കുന്നതില്‍ കോടതികള്‍ക്ക് വലിയ പങ്കുണ്ട്. ഈ പങ്ക് ഓര്‍മപ്പെടുത്താന്‍ തീര്‍ച്ചയായും അരുണ്‍ഷൂരിയുടെ കൃതി ഉപകരിക്കും.

എ പി കുഞ്ഞാമു

You must be logged in to post a comment Login