കൊള്ളലാഭത്തിന് അമിതമായ ആന്റിബയോട്ടിക്കുകള്‍

കൊള്ളലാഭത്തിന് അമിതമായ ആന്റിബയോട്ടിക്കുകള്‍

ഇന്ത്യയില്‍ മൃഗങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗം അണുബാധയുടെ ചികിത്സയില്‍ മാത്രം ഒതുങ്ങുന്നതല്ല. കാലിത്തീറ്റയില്‍ വളര്‍ച്ച പോഷിപ്പിക്കുന്ന ഘടകമായും അണുബാധ തടയാനുള്ള മുന്‍കരുതലായും ആന്റിബയോട്ടിക്കുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ കുത്തിക്കയറ്റിയ ഇറച്ചിക്കോഴികള്‍ ചന്തയില്‍ നിറഞ്ഞതിനാല്‍ അടുത്തിടെ മണിപ്പൂരിലെ കോഴിക്കച്ചവടക്കാരും കോഴിഫാമുകാരും സംസ്ഥാന സര്‍ക്കാരിനോട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യപരവും സാമ്പത്തികവുമായ കാരണങ്ങളാണ് അവരതിനു ചൂണ്ടിക്കാണിച്ചത്. സെപ്തംബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തില്‍ മണിപ്പൂരിനെ ‘മൃഗങ്ങളിലെ മരുന്നുകളോടുള്ള ചെറുത്തുനില്‍പ്പിന്റെ’ ഹോട്ട് സ്‌പോട്ടായി എടുത്തുപറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ ചൈനയിലും വടക്കന്‍ പാകിസ്ഥാനിലും ഇറാനിലും തുര്‍ക്കിയിലും ബ്രസീലിന്റെ തെക്കന്‍ തീരത്തും നൈല്‍ നദീതടത്തിലും വിയറ്റ്‌നാമിലും മെക്‌സിക്കോ നഗരത്തിലും ജോഹനാസ് ബര്‍ഗിലും ഇത്തരം ഹോട്ട് സ്‌പോട്ടുകളുണ്ട്. കെനിയയിലും മൊറോക്കോയിലും ഉറുഗ്വേയിലും തെക്കന്‍ ബ്രസീലിലും മധ്യഇന്ത്യയിലും തെക്കന്‍ ചൈനയിലും ഇത്തരം ഹോട്ട് സ്‌പോട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.
മൃഗങ്ങളിലെ ആന്റിബയോട്ടിക്കുകളോടുള്ള ചെറുത്തുനില്‍പ്പ് ഏറ്റവും കൂടുതല്‍ ഇന്ത്യയിലും ചൈനയിലുമാണെന്ന് വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്‌സ് ആന്റ് പോളിസിയുടെ ഡയറക്ടര്‍ രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു. മാംസത്തിന്റെ ഉപഭോഗം വര്‍ധിച്ചതോടെയാണ് മൃഗങ്ങളിലെ ആന്റിബയോട്ടിക് അതിപ്രസരത്തെക്കുറിച്ച് പഠനങ്ങള്‍ വന്നുതുടങ്ങിയത്. വികസ്വര രാജ്യങ്ങളിലെ ഫാമുകളില്‍ വളരുന്ന മൃഗങ്ങളില്‍ മനൂഷ്യന്മാരെക്കാള്‍ മൂന്നിരട്ടി ആന്റിബയോട്ടിക്കുകളുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയിലും ചൈനയിലും അടിയന്തിരമായി ഇടപെടല്‍ വേണ്ടതുണ്ട്. ഇറച്ചിമൃഗങ്ങളിലെ ആന്റിബയോട്ടിക്കുകളുടെ അമിതമായ വര്‍ധനവ് മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്പാദനത്തെയും ആത്യന്തികമായി മനുഷ്യന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

”മൃഗങ്ങളുടെ ശരീരത്തിലെ ആന്റിബയോട്ടിക്കുകളുടെ അതിപ്രസരം കാലികളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവരുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കും. അത്തരം കാലികളില്‍ മരുന്ന് പ്രവര്‍ത്തക്കില്ല. രോഗം സുഖപ്പെടാതെ കാലികള്‍ ചത്തൊടുങ്ങുകയും കര്‍ഷകര്‍ക്ക് വന്‍നഷ്ടമുണ്ടാകുകയും ചെയ്യും,” സൂറിച്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയോണ്‍മെന്റ് ഡിസിഷന്‍സിലെ ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞു.

ഇന്ത്യയുടെ കാലിസമ്പത്ത് ലോകത്തില്‍വെച്ചു തന്നെ വലുതാണ്. ലോകത്താകെയുള്ള കാലികളുടെ 11.6 ശതമാനവും ഇന്ത്യയിലാണ്. ഇറച്ചി ഉല്പാദനത്തിന് 2000 മുതല്‍ ഏഷ്യയില്‍ അറുപത്തിനാലു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പ്രോട്ടീന്‍ അധികമുള്ള ആഹാരരീതിയിലേക്കുള്ള മാറ്റം തന്നെ ലോകവ്യാപകമായി മൃഗസംരക്ഷണമാര്‍ഗങ്ങളിലുണ്ടായ മികവിന്റെ ഫലമാണ്. എന്നാല്‍ മൃഗങ്ങളുടെ ആരോഗ്യവും ഉല്പാദനക്ഷമതയും നിലനിര്‍ത്താന്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചത് അമിതമായാണ്. ഇറച്ചി മൃഗങ്ങളിലെ ആന്റിബയോട്ടിക്കുകളുടെ അളവ് 2000 ത്തിനും 2018 നുമിടയില്‍ അമ്പതു ശതമാനത്തിലുമധികം വര്‍ധിച്ചിട്ടുണ്ട്. മരുന്നുകളോടുള്ള ചെറുത്തുനില്‍പ്പ് ഇനിയും ഉരുത്തിരിഞ്ഞു വരുന്ന പ്രദേശങ്ങളില്‍ സുസ്ഥിരമായ കാലി/കോഴി വളര്‍ത്തു രീതികളിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

”ജൈവസുരക്ഷക്കായി കൂടുതല്‍ ധനസഹായം ഫാമുകള്‍ക്ക് നല്‍കി സുസ്ഥിരമായ വളര്‍ത്തല്‍ രീതികളിലേക്ക് മാറാവുന്നതേയുള്ളൂ,” പഠനം പറയുന്നു. ”നെതര്‍ലന്റും ഡെന്‍മാര്‍ക്കും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ കഠിന പരിശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന് നല്ല അടിസ്ഥാനസൗകര്യങ്ങളും ഫാമിലെ വൃത്തിയെക്കുറിച്ചും നല്ല വളര്‍ത്തുരീതികളെ കുറിച്ചും കര്‍ഷകര്‍ക്ക് പരിശീലനവും ആവശ്യമായി വന്നു,” പഠനം നടത്തിയ വാന്‍ ബോക്കല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും അതുപോലെ സര്‍ക്കാര്‍ നടത്തുന്ന നിരീക്ഷണ പരിപാടികള്‍ അടിയന്തിരമായി തയാറാക്കേണ്ടതാണ്. ഒറ്റപ്പെട്ട പഠനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യയില്‍ ഇക്കാര്യത്തില്‍ കേന്ദ്രീകൃതവും ഔദ്യോഗികവുമായ ശ്രമങ്ങളൊന്നും തന്നെ നടക്കുന്നില്ല. ”മനുഷ്യരില്‍ കാണുന്ന മരുന്നുകളോടുള്ള ചെറുത്തുനില്‍പ് മൃഗങ്ങളിലെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവുമായി എത്രമാത്രം ബന്ധപ്പെട്ടതാണെന്ന് നമുക്കറിയില്ല. അതിന് ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണ്,” ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ കാമിനി വാലിയ പറഞ്ഞു.
കാര്‍ഷികരംഗത്തെ ആന്റിബയോട്ടിക് ഉപയോഗത്തില്‍ ആഗോളതലത്തിലെ മൂന്നു ശതമാനം ഇന്ത്യയുടേതാണ്. 2030 ആകുമ്പോഴേക്കും ഈ നിരക്ക് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം ഇറച്ചിമൃഗങ്ങളുടെ വ്യവസായത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ പഠനവിധേയമായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയവും ലോകാരോഗ്യസംഘടനയും സംയുക്തമായി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ മൃഗങ്ങളിലുള്ള ആന്റിബയോട്ടിക്ക് ഉപയോഗം അണുബാധകള്‍ക്കു മാത്രമായി നിജപ്പെടുത്തിയിട്ടില്ല. അണുബാധകള്‍ വരാതിരിക്കാനും വളര്‍ച്ചയെ സഹായിക്കാനും അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ചികിത്സക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ യാതൊരു നിയന്ത്രണവും നിലവിലില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന മരുന്നുകളോടുള്ള ചെറുത്തുനില്‍പ് ഇന്ത്യയില്‍ ‘അളക്കപ്പെടാത്ത ഭാരമായി’ നിലനില്‍ക്കും.
വാന്‍ ബോക്കലും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ ടെട്രാസൈക്ലീന്‍, പെന്‍സിലിന്‍,സള്‍ഫൊണാമൈഡുകള്‍ തുടങ്ങിയ പതിവ് ആന്റിബയോട്ടിക്കുകള്‍ മൃഗങ്ങളില്‍ വര്‍ധിച്ച അളവിലുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ഇവയെല്ലാം തന്നെ മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ അത്യാവശ്യമാണു താനും. അതുകൊണ്ടുതന്നെ ഇറച്ചിവ്യവസായികള്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വിവേചിച്ചറിയേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെ കുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കേണ്ടതുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഈ പ്രശ്‌നത്തെ താമസിയാതെ പരിഗണിക്കും,” കാമിനി വാലിയ പറഞ്ഞു.
ഇറച്ചിക്കായുള്ള കാലി/കോഴി വളര്‍ത്തല്‍ സുസ്ഥിരമല്ലാത്ത രീതിയില്‍ ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയും ഇതിന്റെ ഭാഗമാണ്. ”മുട്ടയിടുന്ന കോഴികളെ കൂട്ടത്തോടെ ചെറിയ കൂടുകളില്‍ അടുക്കിവെക്കുന്നത് രോഗങ്ങള്‍ എളുപ്പത്തില്‍ പടരാന്‍ കാരണമാകും. അതുകൊണ്ടുതന്നെ അണുബാധ മുന്‍കൂട്ടിക്കണ്ട് അവയുടെ തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ഇഷ്ടം പോലെ കലര്‍ത്തും,” ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറിലെ ഒരു ഗവേഷകന്‍ പറഞ്ഞു. ബ്രോയിലര്‍ കോഴികള്‍ക്കും ഇഷ്ടം പോലെ ആന്റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. തീറ്റയുടെ ഗുണമേന്മ മെച്ചപ്പെടുത്തി രോഗം തടയുന്നതിനെക്കാള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതാണ് ലാഭകരം എന്നതാണ് അതിനു കാരണം. താല്ക്കാലികമായ ലാഭം തേടിയുള്ള കാലി/കോഴി വളര്‍ത്തു മാര്‍ഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഭയങ്കരമാണ്. ശക്തമായ നിയന്ത്രണത്തിലൂടെ മൃഗങ്ങള്‍ക്ക് സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്.
ഇന്ത്യ ഇതിനായി ഒരു ആക്ഷന്‍ പ്ലാന്‍ തന്നെ രൂപീകരിച്ചുണ്ടെങ്കിലും (2017 – 2021) മതിയായ ധനസഹായമില്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോയിട്ടില്ല. ഈ വര്‍ഷം ഇന്ത്യ ‘കൊളിസ്റ്റിന്‍’ എന്ന രാസവസ്തു കാലികളുടെയും കോഴികളുടെയും വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിരോധനം നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ശക്തമല്ല. ”സംയോജിതമായ നിരീക്ഷണത്തിനായി ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് ഇക്കാര്യവുമായി ബന്ധവും താല്പര്യവുമുള്ള എല്ലാവരുമായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അതിനായി ഡാറ്റ മാനേജ്‌മെന്റ് ടൂള്‍ വികസിപ്പിക്കുകയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറിലെ സഹപ്രവര്‍ത്തകരോട് കൂടിയാലോചിക്കുകയും ചെയ്തു. അത് ഉടനെ ഏതാനും സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കും, വാലിയ പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഹബ് സെപ്തംബറില്‍ കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എന്ററിക് ഡിസീസസില്‍ അമേരിക്കയുമായുള്ള സഹകരണത്തോടെ പ്രവര്‍ത്തനമാരംഭിച്ചു.
ആന്റിബയോട്ടിക്ക് കൊണ്ട് പൊതിയപ്പെട്ട മാംസത്തിനു പകരം സുസ്ഥിരമായ പ്രൊട്ടീന്‍ ഉല്പാദനത്തിനായി നിര്‍ദ്ദോഷമായ മാംസം ലഭ്യമാകേണ്ടതുണ്ട്. പരമ്പരാഗതമായ ഇറച്ചി ഉല്പാദനത്തെക്കാള്‍ കുറവ് സ്ഥലവും വെള്ളവും മതി ശുദ്ധമായ മാംസം ഉല്പാദിപ്പിക്കാന്‍. ഇപ്പോള്‍ ഫാമുകളിലുള്ള മോശം മാലിന്യസംസ്‌കരണ രീതികളില്‍ നിന്നുണ്ടാകുന്ന രൂക്ഷമായ പാരിസ്ഥിതിക ആഘാതങ്ങള്‍ ഇല്ലാതാക്കുന്ന പുത്തന്‍വിദ്യകള്‍ ഇന്ന് നിലവിലുണ്ട്. ഈ സാങ്കേതിക വിദ്യകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല. അവ അണുബാധയുണ്ടാക്കുന്നില്ല. മൃഗങ്ങളുടെ ക്ഷേമവും അത്തരം സാങ്കേതികവിദ്യകള്‍ ഉറപ്പുവരുത്തുന്നുണ്ട്. സുസ്ഥിരമായ കാലി/കോഴി വളര്‍ത്തലിലേക്ക് നാം മാറേണ്ടതുണ്ടെന്നാണ് ഇതിനര്‍ഥം.

ഷഹന ഘോഷ്

കടപ്പാട്: thewire.in

You must be logged in to post a comment Login