ഈ കുറ്റാഘോഷങ്ങള്‍ കൊടുംകുറ്റമാണ്

ഈ കുറ്റാഘോഷങ്ങള്‍ കൊടുംകുറ്റമാണ്

ആള്‍ക്കൂട്ടമനസ്സിന്റെ നിഗൂഢാഹ്ലാദം മനോവിജ്ഞാനീയത്തിലെ സവിശേഷമായ ഒരു പ്രമേയമാണ്. പുറമേ രോഷാകുലമെന്ന് തോന്നിപ്പിക്കാന്‍ കഠിനമായി പ്രയത്‌നിക്കുകയും അകമേ അമിതാഹ്ലാദത്തിന്റെ പതഞ്ഞൊഴുകലാല്‍ വിഭ്രമിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യമനോനിലയാണത്. ‘ണല മൃല മഹഹ രമുമയഹല ീള യലരീാശിഴ ീൊലവേശിഴ ാീിേെൃീൗെ’ എന്നവാക്യം ഈ മനോനിലയുടെ ഒരു കാരണത്തെ പ്രകാശിപ്പിക്കുന്നുണ്ട്. അതിനാല്‍ നാം കുറ്റകൃത്യങ്ങളോട് രോഷാകുലമായി രമിക്കുന്നു എന്ന് ചൈനീസ് പഴമൊഴി. കുറ്റകൃത്യം അതിവേഗം സ്ഥലനാമത്താല്‍ രേഖപ്പെടുന്നതിന് പിന്നിലും ഈ മനോനിലയാണെന്ന് വ്യാഖ്യാനങ്ങളുണ്ട്. പറയാനും തിരിച്ചറിയാനും എളുപ്പം എന്ന നിലയിലല്ല കുറ്റകൃത്യത്തെ അത് സംഭവിച്ച സ്ഥലങ്ങളുമായി അതിവേഗത്തില്‍ അന്വയിക്കുന്നത്. ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം ഒരു സ്ഥലനാമമായി നിങ്ങള്‍ ഓര്‍ത്തുവെക്കുന്നതിനെ ഓര്‍ക്കുക. സൂര്യനെല്ലിയെന്നോ വിതുരയെന്നോ ആകാം. എങ്ങനെയാണ് കുറ്റകൃത്യത്തെ സ്ഥലനാമവുമായി ഇഴചേര്‍ത്ത് ഓര്‍മിക്കുന്നത്. മനോവിജ്ഞാനീയത്തില്‍ അതിനും ഉത്തരങ്ങളുണ്ട്. അതിലൊന്ന് ആ ദേശത്തിന് പുറത്തുള്ള മുഴുവന്‍ ദേശക്കാരും ആ സ്ഥലനാമവല്‍കരണത്തില്‍ അനുഭവിക്കുന്ന നിഗൂഢാനന്ദം എന്നാണ്. അതിവാദം എന്നാണോ? അങ്ങനെ തോന്നാം. പക്ഷേ, ദേശപരമായ അപരത്വം എന്ന പ്രമേയം ഉണ്ട്. വിശദമാക്കാം.
ഒരു കുറ്റകൃത്യത്തിന്റെ വാര്‍ത്ത അഥവാ വിശദാംശങ്ങള്‍ നിറഞ്ഞ ഒരു വര്‍ത്തമാനപത്രത്തെ സങ്കല്‍പിക്കുക. ഇത്തരം സങ്കല്‍പിക്കലുകള്‍ മനോവിജ്ഞാനീയത്തിന്റെ പ്രാഥമിക പഠനഘടകമാണല്ലോ? ആ വാര്‍ത്തകളിലൂടെ നിങ്ങള്‍ നടത്തുന്ന വായനായാത്രയെ പരിഗണിക്കുക. കുറ്റകൃത്യത്തിന് ഇരയായവരോടുള്ള സഹാനുഭൂതിയാണോ കുറ്റവാളിയോടുള്ള വിദ്വേഷമാണോ അതോ കുറ്റം സംഭവിച്ച വഴികളിലുള്ള നാടകീയത സൃഷ്ടിക്കുന്ന അമ്പരപ്പാണോ നിങ്ങളെ സ്വാധീനിക്കുക? ഈ ചോദ്യത്തിന്റെ സത്യസന്ധമായ ഉത്തരം ഈ കുറിപ്പിന്റെ ആദ്യവാചകത്തിലേക്കുള്ള താക്കോലാണ്. കുറ്റം നടന്ന പരിസരങ്ങളുടെ സാമ്പത്തികനില, കുറ്റവാളിയുടെ ശരീരം ഉള്‍പ്പെടെ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യനില എല്ലാം കുറ്റകൃത്യവാര്‍ത്തകളുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്നതും ഇപ്പോള്‍ ഓര്‍ക്കാം. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും പ്രതിയുടെ സാമൂഹികനിലയും ആ വാര്‍ത്തയുടെ ഒഴുക്കിന് വരുത്തിയ ക്രൂരമായ വിഘാതങ്ങളെ മറക്കരുത്. ഇരയുടെയും ്രപതിയുടെയും സാമൂഹികനില വാര്‍ത്തകളുടെ വര്‍ണാഭതയെ തടഞ്ഞത് നിങ്ങള്‍ കണ്ടതാണ്. ഇരയുടെ അമ്മയുടെ ജീവിതം പില്‍ക്കാല വാര്‍ത്തയായപ്പോള്‍ പ്രയോഗിച്ച ഭാഷയുടെ വിധ്വംസകനിലയും ഓര്‍ക്കുക. പറഞ്ഞുവന്നത് നിഷ്‌കളങ്കമോ ഉത്തരവാദിത്തപൂര്‍ണമോ ആയി നമ്മളാരും ഒരു കുറ്റകൃത്യത്തെ വായിക്കുന്നില്ല, അഥവാ അങ്ങനെ വാര്‍ത്തകള്‍ വിളമ്പുന്നില്ല എന്നാണ്.

ജോളി എന്ന മധ്യവയസ്‌കയായ സ്ത്രീ, മധ്യ ഉപരിവര്‍ഗത്തിന്റെ പ്രതിനിധാനങ്ങളെ ശരീരത്തിലും കുടുംബത്തിലും വഹിക്കുന്ന ഒരു സ്ത്രീ, പ്രതിയായ പരമ്പരക്കൊലപാതകത്തിന്റെ വാര്‍ത്തകളിലേക്ക് പോകാനാണ് ആമുഖമായി ഇത്രയും പറഞ്ഞത്. പ്രതിയായ എന്ന വാക്കിനെ ശ്രദ്ധിക്കണം. കുറ്റം ചെയ്ത ആള്‍ എന്നല്ല പ്രതി എന്ന വാക്കിന്റെ നിയമാര്‍ഥം. മറിച്ച് കുറ്റം ആരോപിക്കപ്പെട്ട ആള്‍ എന്നാണ്. കുറ്റം തെളിയുന്ന നിമിഷം മുതല്‍ പ്രതി എന്ന വാക്ക് കുറ്റവാളി എന്ന വാക്കിലേക്ക് കൂടുമാറും. അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ് ഈ വാക്കുമാറ്റം.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കൂടത്തായി എന്ന ദേശത്ത് പൊന്നാമറ്റം എന്ന് പേരുള്ള, പ്രശസ്തിയും സമ്പത്തും ആള്‍ബലവുമുള്ള ഒരു കുടുംബത്തിനകത്തും കുടുംബവുമായി ബന്ധപ്പെട്ടും നടന്ന മരണങ്ങളാണ് വിഷയം. ആ മരണങ്ങളില്‍ ദുരൂഹതയുണ്ട് എന്ന് കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക്, റോജോ എന്ന യുവാവിന് പ്രത്യേകിച്ചും തോന്നുന്നു. അദ്ദേഹം ആ സംശയം പൊലീസിന് രേഖാമൂലം കൈമാറുന്നു. പൊലീസ് രഹസ്യമായി ചില അന്വേഷണങ്ങള്‍ നടത്തുന്നു. കുറ്റാന്വേഷണത്തിലെ സര്‍വസാധാരണവും ലളിതവുമായ ഉസാഘ പ്രയോഗിക്കപ്പെടുന്നു. ഉത്തമ സാധാരണ ഘടകം. അത് ജോളി എന്ന സ്ത്രീ ആയിരുന്നു. സ്വാഭാവികമായും അന്വേഷണം ആ വഴിക്ക് നീണ്ടു. അത്ര സൂക്ഷ്മബുദ്ധിയായ കുറ്റവാളിയുടെ ഒരു ലക്ഷണവും ജോളിയില്‍ പൊലീസ് കണ്ടെത്തുന്നില്ല. തെളിവിലേക്കുള്ള വാതില്‍ അവര്‍ തുറന്നിട്ടിട്ടുണ്ടായിരുന്നു. ജോളി അറസ്റ്റ് ചെയ്യപ്പെടുന്നു. പൊലീസ് അന്വേഷണം തുടരുന്നു. കുറ്റപത്രം തയാറായിട്ടില്ല. കേസ് കോടതിയില്‍ എത്തിയിട്ടില്ല. ഓരോ ഘട്ടത്തിലും ഓരോ വിവരങ്ങളുടെ മുക്കും മൂലയും പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. പൊന്നാമറ്റം കുടുംബവും അയല്‍ക്കാരും ജോളി തന്നെയും അജ്ഞാതരോ നിഗൂഢജീവിതം പുലര്‍ത്തിയവരോ അല്ല എന്നതിനാല്‍ അവരില്‍ നിന്നും പലതരം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നു. പല മാധ്യമങ്ങള്‍ക്കും പല വിവരങ്ങള്‍. ഇത്രയുമാണ് ജോളി പ്രതിയായ കേസില്‍ സംഭവിച്ചത്.

നിശ്ചയമായും അപൂര്‍വതകള്‍ ഏറെയുള്ള വന്‍കുറ്റകൃത്യത്തിലേക്കാണ് പുറത്തുവന്ന തെളിവുകള്‍ നീളുന്നത്. ആ തെളിവുകള്‍ തെളിയുമെങ്കില്‍ കേരളത്തിന്റെ കുറ്റകൃത്യചരിത്രത്തിലെ നടുക്കുന്ന അധ്യായമായി അത് മാറുകയും ചെയ്യും. അതിനാല്‍ ജോളി പ്രതിയായ കേസ്, കൂടത്തായി എന്ന് ഉത്തരവാദിത്ത രഹിതമായി മാധ്യമങ്ങള്‍ തലക്കെട്ടിട്ട കേസ്, വാര്‍ത്താലോകത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. പ്രധാനപ്പെട്ടതാണ് എന്നതിന് ഉത്തരവാദിത്തത്തോടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ വിലയിരുത്തി സൂക്ഷ്മമായി ൈകകാര്യം ചെയ്യേണ്ട ഒന്ന് എന്നും അര്‍ഥമുണ്ട്. നിര്‍ഭാഗ്യവശാല്‍ സംഭവിച്ചത് അതല്ല. വാര്‍ത്ത സന്ദേശമാണ് എന്നത് പഴയ സങ്കല്‍പമാണ്. പഴയ സങ്കല്‍പമാണ് എന്നതിനര്‍ഥം കാലഹരണപ്പെട്ടത് എന്നല്ല. പഴയതെല്ലാം കാലഹരണപ്പെട്ടതാണ് എന്ന ഹിംസാത്മകമായ ബോധം പ്രബലമായ ഒരിടമാണ് നമ്മുടേത്. പഴയതായതിനാല്‍ വലിച്ചെറിയുക. അത്തരം വലിച്ചെറിയലുകള്‍ സൃഷ്ടിച്ച പുതിയ അന്തരീക്ഷങ്ങളാണ് ജോളിയെ, ജോളിമാരെ സൃഷ്ടിച്ചത് എന്ന് മറക്കരുത്. അതിലേക്ക് വഴിയേ വരാം.

പത്ത് ദിവസത്തിലേറെ മുഴുവന്‍ സമയ വാര്‍ത്തയിലും ജോളി എന്ന സ്ത്രീ നിറഞ്ഞുനിന്നു. മൂന്നോ നാലോ വിഷ്വല്‍സ് മാത്രമാണ് ഈ നാളുകളില്‍ അവരുടേതായി മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. പക്ഷേ, ആ വിഷ്വല്‍സ് പല ആംഗിളുകളില്‍ പല നിറങ്ങളില്‍ പലതരം സംഗീതത്തിന്റെ അകമ്പടിയില്‍ വാര്‍ത്തയില്‍ നിറഞ്ഞു. വാര്‍ത്താധിഷ്ഠിത പരിപാടികളില്‍ കവിഞ്ഞു. കുറ്റാന്വേഷണം സിനിമകളില്‍ മാത്രം വികലമായി കണ്ട് മനസ്സിലാക്കിയ, കുറ്റാന്വേഷണം എന്ന കഠിന പരിശീലനം ആവശ്യമായ പ്രൊഫഷനെ സിനിമകളിലെ മസാലകളായി മാത്രം പരിചയിച്ച നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം കുറ്റാന്വേഷകരായി മാറി. ഒരു മുഖ്യധാരാ ചാനല്‍, തട്ടുപൊളിപ്പന്‍ സി.ബി.ഐ സിനിമയില്‍ നിന്ന് പ്രചോദിതമായി ആള്‍മാറാട്ടം വരെ നടത്തി. നടപടിയെടുക്കും എന്ന് പൊലീസിന് രേഖാമൂലം പറയേണ്ടി വന്നു. ഓരോ ദിവസവും ജോളിക്ക് ഓരോ തൊങ്ങലുകള്‍ ചാര്‍ത്തപ്പെട്ടു. കേസുമായി ഒരു ബന്ധവുമില്ലാത്ത യുവാക്കളും യുവതികളും ക്യാമറക്ക് മുന്നില്‍ വിചാരണചെയ്യപ്പെട്ടു. ഒരു തെളിവും ഒരു മാധ്യമവും പുറത്ത് കൊണ്ടുവന്നതല്ല. മറിച്ച്, അതി ബുദ്ധിമാന്മാരായ കേരള പൊലീസ് ചൂണ്ടയിലെന്നവണ്ണം എറിഞ്ഞുകൊടുത്തതാണ്. (അങ്ങനെ പൊലീസ് ചെയ്യാറുണ്ട്. അതും അന്വേഷണത്തിന്റെ ഒരു രീതിയാണ്. ആ ബഹളങ്ങള്‍ അങ്ങനെ നീങ്ങുമ്പോള്‍ പൊലീസ് മറ്റൊരു കഥയാവും കുറ്റപത്രമായി സമര്‍പ്പിക്കുക). മധ്യവര്‍ഗത്തിന്റെ ശരീരനിലയുള്ള ഒരു സ്ത്രീ പ്രതിസ്ഥാനത്താകയാല്‍ ലൈംഗികത അവശ്യം വേണ്ട വിഭവമാണല്ലോ മാധ്യമങ്ങള്‍ക്ക്. കാണാന്‍ ആള്‍ കൂടണമെങ്കില്‍ അത് വേണമെന്നാണ് വഴക്കം. അതും സമാസമം ചേര്‍ത്തു. തെളിവുണ്ടോ, െപാലീസ് അങ്ങനെ പറഞ്ഞോ എന്നത് ചര്‍ച്ചയായില്ല. അമിതമായി കാമാസക്തയായ ഒരു സ്ത്രീ, കാമപൂര്‍ത്തീകരണത്തിന് വിഘാതമാകുന്ന ഓരോരുത്തരേയും സയനൈഡ് നല്‍കി കൊന്നൊടുക്കിയ ഒരു സാധ്യത തെളിഞ്ഞുകിട്ടാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതുപോലെ തോന്നി. അങ്ങനെയൊന്ന് തെളിഞ്ഞില്ല. സ്വത്ത് മോഹത്തിന് ശരീരമോഹത്തോളം ജനപ്രീതിയില്ലല്ലോ, അതിനാല്‍ ആ ശ്രമം ആ വഴി ബഹുദൂരം നീളുകയാണ്. സോളാര്‍ കേസിന് ശേഷം കേരളത്തിലെ മാധ്യമ ലോകം ഇത്ര ബഹളമായ മറ്റൊരു സന്ദര്‍ഭം ഇല്ല. േസാളാറില്‍ അഴിമതിയെ മറച്ച് ശരീരം തിളച്ചത് നാം കണ്ടു. എവിടെപ്പോയി അന്ന് മാധ്യമങ്ങള്‍ വലിച്ചിട്ട തെളിവുകള്‍?

നിങ്ങള്‍ ശ്രദ്ധിച്ചുവോ? അപകടകരമായ ഒരു കാണി മനോനില ജോളി പ്രതിയായ കേസിലെ വാര്‍ത്തകള്‍ക്കൊപ്പം വളര്‍ന്നുവരുന്നത്? കൊല്ലപ്പെട്ടവരും അവരുടെ ജീവിതവും ദൃശ്യങ്ങളിലില്ല എന്ന വസ്തുത ഓര്‍ക്കണം. പകരം ദൃശ്യങ്ങളില്‍ ഒരു സ്ത്രീ മാത്രമാണ്. അവര്‍ നിറയുകയാണ്. കുറ്റം എന്നത് വ്യക്തിപരമായ ഒരു പ്രവര്‍ത്തി മാത്രമല്ല എന്നത് സ്ഥാപിക്കപ്പെട്ട ആശയമാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ക്രിമിനോളജി പ്രവൃത്തിക്കുന്നതും ആ ആശയത്തിലാണ്. ജോളി പ്രതിയായ കേസില്‍ മാധ്യമങ്ങള്‍ സമ്പൂര്‍ണമായി തമസ്‌കരിച്ചത് ആ ആശയത്തെയാണ്. ആ തമസ്‌കരണം എല്ലാ കാഴ്ചകളും ജോളിയുടെ സ്വകാര്യ വ്യവഹാരങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ വഴിയൊരുക്കി. ഫലം, കുറ്റം എന്ന വലിയ പ്രമേയം, ഇല്ലാതാക്കപ്പെടേണ്ട ഒരു സാമൂഹികതിന്മ രണ്ടാമതോ മൂന്നാമതോ ആയി. സോളാറില്‍ അഴിമതി എന്ന കൊടും കൃത്യം തമസ്‌കരിക്കപ്പെട്ടതുപോലെ. പതിയെ കാഴ്ചയുടെ ആനുകൂല്യത്തില്‍ ജോളി എന്ന, തിരുത്തപ്പെടേണ്ട വ്യക്തി, സ്വീകാര്യതയിലേക്ക് നടന്നുകയറിയാല്‍ അത്ഭുതം വേണ്ട.
ഒരു ചെറുപ്പക്കാരനെ, നമ്മളാദ്യം പറഞ്ഞ വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഇര മാത്രമായ ഒരു ചെറുപ്പക്കാരനെ, പുതിയ കാലത്തിന്റെ വിധ്വംസകതകള്‍ക്ക് മൂല്യനിരാസങ്ങള്‍ക്ക് ഇരയായിപ്പോയ ഒരു ചെറുപ്പക്കാരനെ തലക്കടിച്ച് കൊന്നിട്ട്, ആ കുറ്റകൃത്യം സംഘടിതമായി മറച്ചുവെച്ച കുടുംബത്തെ കയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട് മലയാളി. ‘ദൃശ്യം’ എന്ന സിനിമ ഓര്‍ക്കുക. പശ്ചാതാപം എന്ന മാനുഷികവികാരത്തിന് ഒരിക്കലും അടിപ്പെടാതെ തന്റെ കുടുംബം എന്ന ഒറ്റ സങ്കല്‍പത്തില്‍ ഉറച്ചുനിന്ന് മുഴുവന്‍ വ്യവസ്ഥയെയും തോല്‍പിച്ച നായകനെ ആ സിനിമയില്‍ ആരാധിച്ചവരാണ് മലയാളികള്‍. കോടികള്‍ വാരിയ സിനിമ. ആ സിനിമ മുന്നോട്ടുവെച്ച വിഷലിപ്തമായ ആശയം ചെറുക്കപ്പെട്ടില്ല. നോക്കൂ, ദൃശ്യത്തിന് കയ്യടിച്ച മലയാളി ജോളിയെ എന്തുചെയ്യാനാണ് സാധ്യത? എന്തുകൊണ്ടാണ് നാം കുറ്റത്തെ വിട്ട് കുറ്റവാളികള്‍ക്ക് പിന്നാലെ പായുന്നത്? എന്തുകൊണ്ടാണ് കൊടും കുറ്റവാളിയായ, പരമ്പരക്കൊലയാളിയായ ചാള്‍സ് ശോഭ്‌രാജ് അയാളുടെ ജീവിത സായാഹ്നത്തില്‍ നമുക്ക് ഹൃദ്യമായ വാരാന്ത്യ വായനയായി മാറുന്നത്? കുറ്റത്തെ വിട്ട് കുറ്റവാളിയിലേക്ക് പോകുന്നതിന്റെ അപകടമാണത്. തുടക്കത്തില്‍ പറഞ്ഞ ആള്‍ക്കൂട്ടമനസ്സിന്റെ നിഗൂഢാനന്ദം. സംഭവങ്ങളെക്കാള്‍ വ്യക്തികള്‍ക്കാണ് ഈ ആനന്ദം സമ്മാനിക്കാനാവുക.
വ്യക്തിയെ വിട്ട് സംഭവത്തിലേക്ക് വന്നാല്‍ കാഴ്ചക്ക് പകരം കാരണങ്ങള്‍ തെളിയും. എങ്ങനെയാവണം ജോളി എന്ന മധ്യ ഉപരിവര്‍ഗ സ്ത്രീ കുറ്റകൃത്യത്തിലേക്ക് എത്തിയിട്ടുണ്ടാവുക? (തികച്ചും കണ്ടീഷണലായാണ് ഈ ചോദ്യം ഉയര്‍ത്തുന്നത്. തെളിയിക്കപ്പെടും വരെ കുറ്റകൃത്യത്തിലേക്ക് എത്തി എന്ന ആരോപണമേ ജീവനോടെയുള്ളൂ). സമ്പത്ത്, ൈലംഗികത എന്നിങ്ങനെ പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ നമുക്ക് മുന്നില്‍ വെച്ച കാരണങ്ങള്‍ പരിഗണിക്കാം. കുടുംബം എന്ന സാമൂഹികസംവിധാനത്തിന്റെ ഉദയവുമായി ബന്ധപ്പെട്ടാണ് നരവംശശാസ്ത്രം സമ്പത്ത് എന്ന പ്രമേയത്തെ നിര്‍വചിക്കുന്നത്. എല്ലാത്തരം സാമൂഹിക സിദ്ധാന്തങ്ങളും മതമാകട്ടെ, ഏതുമാകട്ടെ സമ്പത്തിനെ കുടുംബം എന്ന സംവിധാനവുമായി ബന്ധപ്പെട്ടാണ് പരിഗണിക്കുന്നത്. കുടുംബത്തിനകത്തെ വിഭവവിതരണമാണ് അതിന്റെ വേര്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയായി വളര്‍ച്ചയെത്തിയതോടെ ലൈംഗികതയും അത്തരത്തില്‍ പരിഗണിക്കപ്പെട്ടുതുടങ്ങി. ഇത് രണ്ടിലേക്കുമുള്ള വ്യക്തിപരമായ വഴിവിടലുകള്‍ കുടുംബം എന്ന സംവിധാനത്തിന്റെ തകര്‍ച്ചയില്‍ നിന്നാണ് ആരംഭിക്കുകയെന്നും നിരീക്ഷണമുണ്ട്. കുടുംബം ഒരു വിധ്വംസക അധികാര കേന്ദ്രമാണെന്നും അത് തകര്‍ത്ത് വ്യക്തികള്‍ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിലേക്ക് പറക്കണമെന്നുമുള്ള ആശയത്തെ കാണാതിരിക്കുന്നില്ല. പക്ഷേ, ആ തകര്‍ച്ച വ്യക്തിയെയും സമൂഹത്തെയും കൊണ്ടെത്തിക്കുന്നത് എവിടേക്കെന്ന് അമേരിക്കയില്‍ നിന്ന് അടിക്കടി ഉയരുന്ന വെടിയൊച്ചകള്‍ സാക്ഷ്യം പറയും. വിശദീകരണം മറ്റൊരു സന്ദര്‍ഭത്തിലേക്ക് നീട്ടിവെക്കുന്നു.
അതിനാല്‍ ഒരു സമൂഹസംവിധാനത്തിന്റെ അകത്തെ പരസ്പരാശ്രിത യൂണിറ്റ് എന്ന നിലയില്‍ മാത്രം അസ്തിത്വമുള്ള മനുഷ്യന്‍ ആ ആശ്രിതത്വത്തെ അവഗണിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കുറ്റകൃത്യത്തിലേക്കുള്ള ആദ്യപടിയായി മാറുന്നത്. ഒരാള്‍ മദ്യപാനിയായി മാറുമ്പോള്‍ അയാള്‍ മേല്‍പറഞ്ഞ സാമൂഹിക ഉടമ്പടിയെ ലംഘിക്കുകയാണ്. അയാള്‍ ഭാഗമായ കുടുംബം എന്ന യൂണിറ്റ് തകരുകയാണ്. ആ തകര്‍ച്ച ഒരു മൂല്യത്തെ തകര്‍ക്കുന്നുണ്ട്. ആ മൂല്യത്തകര്‍ച്ച ലൈംഗികതയെ സംബന്ധിച്ച് മനുഷ്യര്‍ ഉറപ്പിച്ച അച്ചടക്കങ്ങളെ റദ്ദാക്കുന്നുമുണ്ട്. കുറ്റങ്ങളിലേക്ക് നോക്കിയാല്‍ കാണുന്ന ചില കാഴ്ചകളാണ് ഈ പറയുന്നത്.

അതിനാല്‍, ഒരിക്കല്‍ കൂടി മാധ്യമങ്ങളോട് സംയമനത്തിനായി അഭ്യര്‍ഥിക്കുകയാണ്. കാരണം നിങ്ങള്‍ തകര്‍ച്ചകളെ നിര്‍മിക്കുകയാണ്. റേറ്റിംഗിനും കൂലിക്കും വേണ്ടി അതീവഗൗരവത്തോടെ കാണേണ്ട ഒരു സാമൂഹികപ്രശ്‌നത്തെ ഇക്കിളിയും പൈങ്കിളിയുമാക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ആള്‍ക്കൂട്ടത്തിന്റെ നിഗൂഢാഹ്ലാദങ്ങളെ ജ്വലിപ്പിക്കുകയാണ്. മറിച്ച്, എന്തുകൊണ്ട് ഇത്തരം കുറ്റങ്ങള്‍ എന്ന് ബഹളങ്ങളില്ലാതെ പറയുകയാണ് വേണ്ടത്. കുറ്റാഘോഷങ്ങള്‍ കുറ്റകരമാണ്.

കെ കെ ജോഷി

You must be logged in to post a comment Login