കടന്നുവന്ന വഴികളില്‍ ഇസ്‌ലാം ബാക്കിവെച്ചത്

കടന്നുവന്ന വഴികളില്‍ ഇസ്‌ലാം ബാക്കിവെച്ചത്

പ്രവാചകന്‍ (സ) സൃഷ്ടിച്ച ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വികാസപരിണാമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വശം അതിന്റെ ധൈഷണികവും സാംസ്‌കാരികവുമായ ഔന്നത്യമായിരുന്നു. അതുകണ്ടാണ് ചരിത്രകാരന്മാര്‍ അദ്ഭുതം കൂറിയതും പുതിയ നാഗരികതയിലേക്ക് മനസ്സ് കൊണ്ടും ശരീരം കൊണ്ടും നടന്നടുത്തതും. പരിശുദ്ധ മദീനയില്‍നിന്ന് തുടങ്ങി ഡമാസ്‌കസിലൂടെ, കൂഫയും ബസറയും കടന്ന് ബഗ്ദാദിലൂടെ, ഒപ്പം കൊര്‍ദോവയിലൂടെ പ്രയാണം തുടര്‍ന്ന നവീനമായൊരു സംസ്‌കാരം, ഭൂപടം മാറ്റിവരച്ചതോടൊപ്പം ജീര്‍ണതയുടെമേല്‍ കെട്ടിപ്പൊക്കിയ നാമാവശേഷമായ നാഗരികാവശിഷ്ടങ്ങളെ തൂത്തുമാറ്റി മികച്ച മറ്റൊന്ന് പ്രതിഷ്ഠിച്ചു. ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍ നാഗരികതകള്‍ മാനവരാശിയുടെ അവസാനത്തെ നന്മയും ഊറ്റിക്കുടിക്കുകയും ചൂഷണത്തിന്റെയും അപഥസഞ്ചാരത്തിന്റെയും മറുപേരായി അധഃപതിക്കുകയും ചെയ്ത ഘനാന്ധകാരത്തിലായിരുന്നു ഇസ്‌ലാമിന്റെ കടന്നുവരവ്. ഒരു കൈയില്‍ വാളും മറുകൈയില്‍ ഖുര്‍ആനും എന്ന പടിഞ്ഞാറന്‍ പ്രയോഗത്തെ പോസിറ്റീവായി വ്യാഖ്യാനിച്ചാല്‍ രാഷ്ട്രീയ ആധിപത്യ സംസ്ഥാപനത്തോടൊപ്പം ആത്മീയമണ്ഡലങ്ങളിലെ പൊളിച്ചെഴുത്ത് ഈ പ്രയാണത്തിന്റെ ആന്തരികസത്തയായിരുന്നു. മതപരമായ പുത്തനുണര്‍വ് ചിന്താചക്രവാളം വികസിപ്പിച്ചപ്പോള്‍ ശാസ്ത്രസാങ്കേതികവിദ്യകളും സാഹിത്യ, ധൈഷണിക പരീക്ഷണങ്ങളും ആ കാലഘട്ടത്തെ ജാജ്വല്യമാനമാക്കി. ബഗ്ദാദും കുര്‍ത്തുബയും ബുഖാറയും സമര്‍ഖന്തും മറ്റു നിരവധി ജനപദങ്ങളും ലോകത്തെ പ്രകാശമാനമാക്കുന്ന അദ്ഭുതങ്ങള്‍ അതോടെ അരങ്ങേറി. ഇന്നത്തെ അമേരിക്കയെക്കുറിച്ച് അന്ന് കേട്ടറിവ് ഉണ്ടായിരുന്നില്ല. യൂറോപ്പ് കൂരിരുട്ടിലായിരുന്നു. പ്രകാശദീപ്തമായ ഒരു നാഗരികതയേ അന്നുണ്ടായിരുന്നുള്ളൂ. അത് ഇസ്‌ലാമിന്റെ പേരിലാണ് അറിയപ്പെട്ടത്. കടലും കരയും വാണരുളിയ രാഷ്ട്രീയവാഴ്ചക്ക് ഖിലാഫത്ത് എന്ന് കാലം നാമം ചാര്‍ത്തി. നാല് പുണ്യഖലീഫമാരുടെ (ഖുലഫാഉറാശിദൂന്‍) മൂന്ന് പതിറ്റാണ്ട് മാത്രം നീണ്ട വിശിഷ്ട ഭരണകാലത്തിനു ശേഷം, ഉമവിയ്യ കാലഘട്ടം ഡമാസ്‌കസ് ആസ്ഥനമാക്കി ഭരിച്ചു. ഇന്നത്തെ ഇറാഖും ഇറാനും കടന്ന് മധ്യേഷ്യയിലും കിഴക്കന്‍ ചൈനയിലും ആദ്യ അരനൂറ്റാണ്ടുകൊണ്ട് ഇസ്‌ലാം എത്തി. ക്രിസ്താബ്ദം 610ലാണ് പ്രവാചകന്‍ ഇസ്‌ലാമിക പ്രബോധനത്തിന് തുടക്കമിടുന്നത്. 710 ആയപ്പോഴേക്കു ഇങ്ങ് ഇന്‍ഡസ് നദി കടന്ന് സിന്ധ് വരെ ഇസ്‌ലാം രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചു; ഉമവിയ്യ ഖലീഫ വലീദിന്റെ കാലഘട്ടത്തില്‍ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജ് ബിന്‍ യൂസുഫിന്റെ മേല്‍നോട്ടത്തില്‍. (അക്കഥയുടെ വിപുലമായ മാനങ്ങള്‍ Al Hind : The making of the Indo_Islamic World എന്ന രചനയില്‍ അിറൃല ണശിസ സസൂക്ഷ്മം പ്രതിപാദിക്കുന്നുണ്ട്). ചരിത്രകാരനായ എഡ്വേഡ് ഗിബ്ബണ്‍ വിസ്മയത്തോടെ കുറിച്ചിടുന്നുണ്ട് അമ്പരപ്പിക്കുന്ന ഈ പ്രതിഭാസത്തെ. അങ്ങ് പടിഞ്ഞാറ് അബ്ദുറഹ്മാന്‍ ദാഖിലിന്റെ നേതൃത്വത്തില്‍, ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്ന് പടനായകന്‍ താരീഖ് ബിന്‍ സിയാദിന്റെ നായകത്വത്തില്‍ കുതിച്ചുപാഞ്ഞ മുസ്‌ലിം സൈന്യം ആന്തലൂസിയയില്‍ സ്ഥാപിച്ച രാഷ്ട്രീയ ആധിപത്യം ലോകത്തിന്റെ തന്നെ ശിരോലിഖിതം തിരുത്തിക്കുറിച്ച കഥ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഇസ്‌ലാമിന്റെ ഏറ്റവും ശോഭനവും പുരോഗമനപരവുമായ മുഖം അവതീര്‍ണമായ പഴയ ഗോതിക്ക് ഭൂമികയില്‍ ഇന്നും അവശേഷിക്കുന്നുണ്ട് ഇസ്‌ലാം പരത്തിയ പ്രകാശവീചികള്‍. മുസ്‌ലിം സ്‌പെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍ പടിഞ്ഞാറും കിഴക്കും ശിരസ്സ് നമിക്കുന്നത് ആ ക്ലാസിക് കാലഘട്ടത്തില്‍ സയന്‍സും സാഹിത്യവും സാങ്കേതികവിദ്യയും സംഗീതവും വാസ്തുശില്‍പകലയും വളര്‍ന്നു വികസിച്ച് ലോകത്തിന് പുതിയൊരു മുഖം സമ്മാനിച്ചതാണ്. ചരിത്രകാരനായ റിച്ചാര്‍ഡ് ഫ്‌ലെച്‌സ് ‘മൂറിസ് സ്‌പെയിന്‍’ എന്ന പുസ്തകത്തില്‍ എഴുതുന്നു: The Muslims were the dominant force on the peninsula for nearly four centuries, a potent force for 170 years after that, and a lesser one for a further 250 years. Between wars and rebellions Al Andalusia, the name given to Muslim territory on the peninsula, develped the most highly cultured society of medieval Europe. മധ്യകാല യൂറോപ്പിലെ ഏറ്റവും സാംസ്‌കാരിക സമ്പന്നമായ ഒരിടം മുസ്‌ലിം സ്‌പെയിന്‍ ആയിരുന്നു. നാല് ആഢംബര കാറുകളുടെ ഇന്നത്തെ പേരുകള്‍ ആ നാഗരികതയില്‍നിന്ന് കടമെടുത്തതാണ്. ഖലീഫ അബ്ദുറഹ്മാന്‍ മൂന്നാമന്റെ കാലഘട്ടത്തോടെ ആരംഭിക്കുന്ന കൊര്‍ദോവയുടെ സുവര്‍ണകാലം (929-1031 ) യൂറോപ്പിന്റെ സംസ്‌കാരിക തലസ്ഥാനമാക്കി ആ നഗരത്തെ ഉയര്‍ത്തി. വാനശാസ്ത്രം, ഗണിതശാസ്ത്രം, മരുന്ന്, സസ്യശാസ്ത്രം വളര്‍ന്നുപന്തലിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറി കുര്‍ത്തുബയിലാണ്. ക്രിസ്ത്യന്‍ പ്രധാനമന്ത്രിയും യഹൂദ വിദേശകാര്യമന്ത്രിയും ആ കാലഘട്ടത്തെ ആധുനിക മതേതരത്വത്തിന്റെ പരീക്ഷണശാലയാക്കി. എല്ലാറ്റിനുമൊടുവില്‍ പരസ്പരകലഹവും ആഭ്യന്തരഛിദ്രതയും മൂലം മുസ്‌ലിം ഭരണകൂടങ്ങള്‍ നശിച്ചു. ഇംഗ്ലീഷ് ചരിത്രകാരനായ ലെയിന്‍പൂള്‍ മുസ്‌ലിം ആന്തലൂസിയയുടെ പ്രതാപവും പ്രഭാവവും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇങ്ങനെ കുറിച്ചിട്ടു: നൂറ്റാണ്ടുകളോളം സ്‌പെയിന്‍ നാഗരികതകളുടെ കേന്ദ്രവും കലാവിദ്യയുടെയും ഭൗതിക ശാസ്ത്രത്തിന്റെയും എന്നല്ല വിശിഷ്ടമായ എല്ലാതരം വിജ്ഞാനീയങ്ങളുടെയും ഇരിപ്പിടവുമായിരുന്നു.
യൂറോപ്പിലെ മറ്റൊരു രാജ്യവും അന്നോളം അറബികളുടെ പരിഷ്‌കൃതരാജ്യങ്ങളുടെ അടുത്തെങ്ങുമെത്തിയിരുന്നില്ല. ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും ചാള്‍സിന്റെയും സാമ്രാജ്യങ്ങള്‍ക്ക് ഇതുപോലെ ശാശ്വതമായ യാതൊരു ഔന്നത്യവും നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. കുറച്ചുകാലത്തേക്കെങ്കിലും ക്രൈസ്തവ സ്‌പെയിന്‍ ചന്ദ്രനെപ്പോലെ കടംവാങ്ങിയ വെളിച്ചം കൊണ്ട് പ്രകാശിച്ചു. ക്ഷണത്തില്‍ ഗ്രഹണമുണ്ടായി. പിന്നീട് ഇന്നോളം സ്‌പെയിന്‍ അന്ധകാരത്തില്‍ തപ്പിത്തടയുകയായിരുന്നു.’ ക്രൈസ്തവ രാജാക്കന്മാരുടെ നിരന്തര ഭത്‌സനം കൊണ്ട് മുസ്‌ലിം സാമ്രാജ്യം ഒടുവില്‍ നിലംപൊത്തിയപ്പോള്‍, ലോകം കണ്ട ഏറ്റവും ക്രൂരമായ മതനിന്ദവിചാരണ ( കിൂൗശശെശേീി) അവിടെ അരങ്ങേറി. മുസ്‌ലിംകള്‍ ജീവനും കൊണ്ട് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്ക് ചാടി മുങ്ങിമരിച്ചപ്പോള്‍ 12,000 പേരെ ക്രൈസ്തവ പുരോഹിതര്‍ കൊന്നെടുക്കി. ഭൂരിഭാഗവും യഹൂദരായിരുന്നു. മുസ്‌ലിം കാലഘട്ടത്തില്‍ സ്വസ്ഥതയോടെ ജീവിച്ചവര്‍. അഭയാര്‍ഥികളായി ഓടിരക്ഷപ്പെട്ടവര്‍ക്ക് താളവമൊരുക്കിയതും ഇറാഖിലെയും ഇറാനിലെയും മുസ്‌ലിം സര്‍ക്കാരുകളായിരുന്നു.

ഹോ ബഗ്ദാദ്!
ബഗ്ദാദിനെപ്പോലെ ഇസ്‌ലാമിക നാഗരികതയെ ആന്തരികമായി ഉള്‍ക്കൊണ്ട ഒരു മഹാനഗരം ഭൂമുഖത്ത് ഉണ്ടോ എന്ന് സംശയമാണ്. അബ്ബാസിയ ഖിലാഫത്തിന്റെ ആസ്ഥാനം എന്നതിലുപരി, സാംസ്‌കാരികവും വാണിജ്യപരവും ധൈഷണികവുമായ മുന്നേറ്റം മുസ്‌ലിം കാലഘട്ടം കരഗതമാക്കിയത് യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇരുകരകളിലുമാണ്. ലോകത്തിലെ ഏറ്റവും വലിയ നഗരം അന്ന് ബഗ്ദാദായിരുന്നു. ഖലീഫ ഹാറൂണ്‍ റഷീദില്‍നിന്ന് തുടങ്ങി മക്കള്‍ അമീനും മഅ്മൂനും മുഅ്തസിമും വളര്‍ത്തിക്കൊണ്ടുവന്ന ധൈഷണികവ്യവഹാരങ്ങള്‍ ആധുനികലോകത്തെ പോലും അമ്പരിപ്പിക്കുംവിധം ശാസ്ത്ര സാങ്കേതിക രംഗത്തും ചിന്താമണ്ഡലങ്ങളിലും വൈജ്ഞാനിക ചക്രവാളങ്ങളിലും തൂവെളിച്ചം പരത്തി. വാണിജ്യപരമായി ബഗ്ദാദ് ഔന്നത്യങ്ങള്‍ താണ്ടിയപ്പോള്‍ ലോകത്ത് മറ്റൊരു നഗരവും വെല്ലുവിളിക്കാന്‍ ഉണ്ടായിരുന്നില്ല. ബഗ്ദാദ്, ബസറ, കൂഫ.. ഉറക്കമില്ലാത്ത ഈ വ്യാപാരകേന്ദ്രങ്ങളായിരുന്നു അന്ന് ലോകത്തിന്റെ കച്ചവടവും വിനിമയങ്ങളും നിയന്ത്രിച്ചിരുന്നത്.

സാമ്പത്തികമായി ബഗ്ദാദിന്റെ തെരുവുകള്‍ ധന്യത കൊണ്ട് ലോകത്തിന്റെ കണ്ണ് മയക്കിയ ഒരു സുവര്‍ണ കാലഘട്ടം. ഹാറൂണ്‍ റഷീദ് എന്ന സാത്വികനായ ഭരണാധികാരി നീതിയുടെ പ്രഭാവം ലോകത്തിനു കാട്ടിക്കൊടുത്തത്, വിദ്യയുടെയും വിജ്ഞാനീയങ്ങളുടെയും അറ്റമില്ലാത്ത കലവറകള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ടുകൊണ്ടാണ്. നൂറുകണക്കിന് മതപാഠശാലകള്‍ ഗവേഷണ കേന്ദ്രങ്ങളായി പരിലസിച്ചു. ഗവേഷണങ്ങളും പഠനങ്ങളും മനനങ്ങളും മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തെ ലാക്കാക്കിയുള്ള ഒട്ടനവധി ഉദ്യമങ്ങള്‍ക്ക് നിമിത്തമായി. മഹദ്ഗ്രന്ഥങ്ങള്‍ ജന്മം കൊണ്ടതും എണ്ണമറ്റ ലൈബ്രറികള്‍ പടുത്തുയര്‍പ്പെട്ടതും യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരങ്ങളിലാണ്. ‘ദാറുല്‍ ഹിക്മ’ ഒരു കാലഘട്ടത്തിന്റെ ഇരുട്ട് വകഞ്ഞുമാറ്റാന്‍ മാത്രം പ്രാപ്യമായിരുന്നു. പണ്ഡിതന്മാര്‍ ബഗ്ദാദിലേക്ക് ഒഴുകി. തത്ത്വചിന്തകര്‍ ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍ പൈതൃകങ്ങളുടെ തിരുശേഷിപ്പില്‍നിന്ന് നവങ്ങളായ സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും രൂപപ്പെടുത്തി. അരിസ്‌റ്റോട്ടലിന്റെയും പ്ലാറ്റോയുടെയും തത്വചിന്തകളിലെ പരിമിതികള്‍ കണ്ടെത്തി, യുക്തിഭദ്രവും ചിന്തോദ്ദീപകവുമായ പുതിയ വിചാരഗതികള്‍ കരുപ്പിടിപ്പിച്ചു.

ആ കാലഘട്ടത്തിലെ ബുദ്ധിജീവികളും മനീഷികളും ഏതെങ്കിലും രാജ്യത്തോ കൊട്ടാരത്തിലോ ഒതുങ്ങിനിന്നില്ല. അങ്ങ് കരീബിയന്‍ കടല്‍ തൊട്ട് ഇങ്ങ് അത്‌ലാന്റിക് വരെ പരന്നുകിടക്കുന്ന വിശാലമായ ഇസ്‌ലാമിക ലോകം ഒറ്റ യൂണിറ്റായി നിലകൊണ്ട് വിജ്ഞാനീയങ്ങളെയും നവംനവങ്ങളായ വിദ്യകളെയും അനവദ്യം, സ്വതന്ത്രമായി ഒഴുകാന്‍ അനുവദിച്ചു. ചരിത്രത്തിന്റെ കുഞ്ഞേടുകളില്‍ എത്രയെത്ര മഹാരഥന്മാരുടെ പേരുകളാണ് വെണ്ണക്കല്ലില്‍ കൊത്തിവെച്ചത്! ഇബ്‌നു റുഷ്ദ് എന്ന തത്ത്വചിന്തകനെ ആധുനികലോകം മറന്നിട്ടുണ്ടാവാം. പക്ഷേ, അരിസ്‌റ്റോട്ടിലും പ്ലാറ്റോയും തോറ്റിടത്ത് ബുദ്ധികൂര്‍മതയും നൈപുണിയും കൊണ്ട് വെന്നിക്കൊടി പറപ്പിച്ച ക്രാന്തദര്‍ശിയാണദ്ദേഹം. അദ്ദേഹത്തിന്റെ ‘കിതാബുല്‍ ഫല്‍സഫ’ സമീപകാലം വരെ യൂറോപ്യന്‍ സര്‍വകലാശാലകളെിലെ ടെക്‌സ്റ്റ് ബുക്കുകളിലൊന്നാണ്. ‘തഹാഫതുത്തഹാഫ’ പണ്ഡിതരെ ഹഠാദാകര്‍ഷിച്ചു. ഒരു ഡസനറിലേറെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച് ഇബ്‌നു റുഷ്ദ്, ‘അല്‍ കുല്ലിയത്തു ഫിത്തിബ്ബ്’ എന്ന ക്ലാസിക് രചനയിലൂടെ വൈദ്യശാസ്ത്രമേഖലയില്‍ ശാശ്വതമായ ഒരിടം പിടിച്ചെടുത്തു. അദ്ദേഹത്തോട് ഈ മേഖലയില്‍ മത്സരിക്കാന്‍ ഇബ്‌നു സീന (അവിസന്നെ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിസന്നെയുടെ ‘അല്‍ഖാനൂന്‍ ഫീതിബ്ബ്’ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആമുഖവും അടിസ്ഥാനഗ്രന്ഥവുമാണ്. ഭൂമുഖത്ത് ജീവിച്ച ഏറ്റവും ധിഷണാശാലിയായ ചിന്തകന്‍ എന്ന് എഡ്വേഡ് ഷാസോ വിശേഷിപ്പിച്ച മുഹമ്മദ് അഹ്മദ് ബെയ്‌റൂനി വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളില്‍ അര്‍പ്പിച്ച സംഭാവനകള്‍ അനര്‍ഘങ്ങളാണ്. പ്രതാപൈശ്വര്യങ്ങള്‍ വിളയാടിയ ഇതേ ബഗ്ദാദിന്റെ തിരുമുറ്റത്താണ് ചെങ്കിസ്ഖാന്റെ താര്‍ത്താരിപ്പട വന്ന് കൊടുംനാശം വിതച്ചത്. മാസങ്ങളോളം ചോരപ്പുഴ ഒഴുകി. കബന്ധങ്ങള്‍ കുന്നുകൂടി. മഹാഗ്രന്ഥശാലകള്‍ തീയിട്ട് ചാമ്പലാക്കി. പണ്ഡിതന്മാരെയും കലാകാരന്മാരെയും മാത്രമാണ് ബാക്കിവെച്ചത്. ഇസ്‌ലാം കടന്നുവന്ന വഴികളിലെ രണ്ട് മഹാവിപത്തുകളിലൊന്നാണിത്. കുരിശുയുദ്ധമാണ് മറ്റൊന്ന്. സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന അജയ്യനായ പടനായകന്റെ വീര്യവും സ്‌ഥൈര്യവും ലോകമന്ന് കണ്ടു.

കിഴക്കിന്റെ സൗന്ദര്യം
ഇസ്‌ലാം കിഴക്കിന്റെ മനോമുകരങ്ങളെ ദീപ്തമാക്കിയ മഹാപ്രസ്ഥാനമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അന്തരാളങ്ങളെ ത്രസിപ്പിച്ച മറ്റൊരു ചിന്താധാര ഇന്‍ഡസ് നദി കടന്നുവന്നിട്ടില്ല. ലോകത്തിലെ മൊത്തം മുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്ന് വസിക്കുന്നത് ഈ ഉപഭൂഖണ്ഡത്തിലാണ്. അറബ് ഇസ്‌ലാമിക ലോകത്ത് പ്രതാപം അസ്തമിച്ചപ്പോള്‍ പുതിയ അരുണോദയം നാം കാണുന്നത് ദില്ലിയിലാണ്. ഏത് സാമൂഹികഭൂമിശാസ്ത്ര പശ്ചാത്തലവും ഇണങ്ങും എന്ന് തെളിയിച്ചതാണ് ഇവിടെ ഇസ്‌ലാമിന്റെ ശക്തി. ആറേഴ് നൂറ്റാണ്ടുകാലം മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചു. ചരിത്രപഥങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയും ചാര്‍മിനാറും പടുത്തുയര്‍ത്തി. ജാതീയ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ച് സാഹോദര്യത്തിന്റെ മഹനീയ മാതൃകകള്‍ കാഴ്ചവെച്ചു. നിയമവും നീതിയും മുറപോലെ നടപ്പാക്കി. ബിരിയാണിയും കബാബും കൊണ്ട് ഇവിടുത്തെ മനുഷ്യരെ വിരുന്നൂട്ടി. കുര്‍ത്തയും പൈജാമയും സല്‍വാറും കമീസും സംഭാവന ചെയ്തു. പേര്‍ഷ്യയില്‍നിന്ന് കൊണ്ടുവന്ന വീണ സംഗീതസമ്രാട്ടുകളെ കൊണ്ട് മനുഷ്യത്വത്തിന്റെ ഉദാത്തഗീതികള്‍ പാടിച്ചു. കാലത്തിന്റെ അപ്രതിപ്രവാഹങ്ങളിലൂടെയുള്ള അനന്തമായ പ്രയാണത്തില്‍ ഇസ്‌ലാം സംവദിച്ച മനസ്സും മണ്ണും വിണ്ണും പ്രകാശിതമാണ്. ആ പ്രകാശമാണ് ഇന്നും കോടിക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മധൈര്യം പകരുന്നതും മതദര്‍ശനങ്ങളെ മുറുകെ പിടിക്കാന്‍ പ്രാപ്തമാക്കുന്നതും. പ്രവാചകര്‍ (സ) 15നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടക്കമിട്ട വിപ്ലവം ഇന്നും പുതിയ അടരുകളായി വിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login