എന്നിട്ടും ലോകം വിവേകത്തിന് കാതോര്‍ക്കുന്നു

എന്നിട്ടും ലോകം വിവേകത്തിന് കാതോര്‍ക്കുന്നു

രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ മുഹമ്മദ് നബി മക്കയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ പ്രായം ചെന്ന ഒരു സ്ത്രീ ഭാരിച്ച വിറകു കെട്ടുമായി നടന്നുവരുന്നത് അദ്ദേഹം കണ്ടു. ‘ഞാന്‍ നിങ്ങളെ സഹായിക്കാം’ – നബി അവരെ സമീപിച്ചു പറഞ്ഞു.
‘സന്തോഷം’

അവര്‍ വിറക് കെട്ട് മുഹമ്മദ് നബിക്ക് കൈമാറി. ചുമട് ചുമലില്‍ വച്ചു നബി വൃദ്ധയുടെ കൂടെ അവരുടെ വീട് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴി ആ സ്ത്രീ മക്കയില്‍ പ്രവാചകനെന്ന് അവകാശപ്പെട്ട് മുഹമ്മദ് എന്ന ഒരു ചെറുപ്പക്കാരന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും അവന്റെ വലയില്‍ പെട്ടു പോകരുതെന്നും ഉപദേശിച്ചു കൊണ്ടിരുന്നു. മുഹമ്മദ് കവിയും മാന്ത്രികനും ഭ്രാന്തനും ഒക്കെയാണ് എന്നാണ് കേള്‍ക്കുന്നത് എന്ന് ആ വൃദ്ധ പറഞ്ഞു. നബി ഒന്നും പ്രതികരിക്കാതെ ചെറുചിരിയോടെ അതെല്ലാം കേട്ടു. ഒടുവില്‍ വൃദ്ധയുടെ വീടിനു സമീപം എത്തി തന്റെ ചുമലില്‍ നിന്ന് വിറക് കെട്ട് നബി താഴെ ഇറക്കി വെച്ചു. അപ്പോള്‍ വൃദ്ധ പറഞ്ഞു: ‘ഞാന്‍ മോന്റെ പേര് ഒന്നും ചോദിച്ചില്ലല്ലോ. നീയാരാണ്? എവിടെ ഉള്ളതാണ്?’
മുഹമ്മദ് നബി പറഞ്ഞു: ‘ഞാന്‍ ആണ് മുഹമ്മദ്’.

വൃദ്ധ അമ്പരപ്പോടെ നബിയുടെ പ്രകാശം തോന്നുന്ന മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. തനിക്ക് പറ്റിയ അബദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് അവര്‍ പ്രവാചകന്റെ അനുയായി ആയിത്തീര്‍ന്നു.

ഈ കഥയ്ക്ക് ചരിത്രത്തില്‍ പല വിധത്തിലുള്ള തുടര്‍ച്ചകള്‍ കാണാം. പുറം നാടുകളില്‍ നിന്ന് മക്കയില്‍ തീര്‍ത്ഥാടനത്തിനും കച്ചവടത്തിനും വന്നവര്‍ മുഹമ്മദ് നബിയെ കുറിച്ച് അറിഞ്ഞത് എതിരാളികളുടെ പ്രചാരവേലകളില്‍ നിന്നാണ്. കേട്ടവര്‍ കേട്ടവര്‍ ആ ‘കഥാനായകനെ’ തേടിച്ചെന്നു. അവിടുന്ന് അവരെ ഖുര്‍ആന്‍ കേള്‍പ്പിച്ചു. അവര്‍ക്ക് മനസ്സിലായി തങ്ങള്‍ കേട്ടത് വെറും കവിതയല്ലെന്ന്.
തിരുവരുളിന്റെ മാസ്മരിക പ്രഭാവത്തില്‍ ആകൃഷ്ടരായി അവര്‍ ഇസ്ലാമിനെ പ്രണയിച്ചു തുടങ്ങി. നിരന്തരം വിമര്‍ശിക്കപ്പെടുമ്പോഴും അതിന്റെ എതിര്‍ഫലമെന്നോണം ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. താണ ബുദ്ധിനിലവാരമുള്ളവര്‍ പ്രവാചകനെ എതിര്‍ക്കുകയും ഉയര്‍ന്ന ബുദ്ധി നിലവാരമുള്ളവര്‍ പ്രവാചകനെ സ്വീകരിക്കുകയും ചെയ്യുന്നതായാണ് അനുഭവം.
ഇന്ന് നവ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നു പ്രവാചക വിമര്‍ശനങ്ങള്‍ പ്രവാചകനെ കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനും വിമര്‍ശനങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനും ഒട്ടേറെ പേര്‍ക്ക് പ്രചോദനമാവുന്നുണ്ടാവണം. അതിനാല്‍ വിമര്‍ശനങ്ങള്‍ പ്രവാചക വ്യക്തിത്വത്തെ ഒരുനിലക്കും കളങ്കപ്പെടുത്തുകയില്ല. ഈ വിമര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ പുതുതായി എന്തെങ്കിലും ഉള്ളതായി ആര്‍ക്കും കാണാനും സാധിക്കുകയില്ല.

മുമ്പേ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ടു പോരുന്ന ഈ വിമര്‍ശനങ്ങളുടെ ഉറവിടം അന്വേഷിക്കുന്നത് അവയെ ശരിയായി മനസ്സിലാക്കുന്നതിന് സഹായകമാണ്. ഈ വിമര്‍ശനങ്ങളില്‍ പലതും പ്രവാചകന്റെ പ്രഥമ അഭിസംബോധിതരായ മക്കയിലെ ഖുറൈശികള്‍ തുടങ്ങിവെച്ചതാണ്. പ്രവാചകനെ പ്രലോഭിപ്പിച്ച് വരുതിയിലാക്കാന്‍ ആയിരുന്നു ഖുറൈശി മേലാളരുടെ ആദ്യ ശ്രമം. ഉഹ്ദ് മലയോളം പൊന്നും രാജാധികാരവും ഏറ്റവും വലിയ സുന്ദരിയെയും അവര്‍ വാഗ്ദാനം ചെയ്തു. ‘വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വച്ച് തന്നാലും ദൗത്യം ഉപേക്ഷിക്കുകയില്ല’ എന്ന മറുപടി അവരെ പ്രകോപ്പിച്ചു. അദ്ദേഹത്തിന് ഭ്രാന്താണ് എന്ന് പറഞ്ഞു.

പ്രവാചകന്‍ തന്റെ സന്ദേശവുമായി വന്നപ്പോള്‍ ഭയന്നത് അവിടുത്തെ കാര്യക്കാരും മൂപ്പന്മാരും ആയിരുന്നു. തങ്ങള്‍ ഒന്നുമല്ലാതായിപ്പോവുമെന്ന് കരനാഥന്‍മാര്‍ പേടിച്ചു. ശാരീരിക ദണ്ഡനവും മാനസിക പീഡനവും അപവാദ പ്രചാരണവും ആയിരുന്നു നബിയെ തോല്‍പ്പിക്കാന്‍ അവര്‍ കണ്ട പോംവഴി. ഇന്ദ്രജാലക്കാരന്‍, കവി, പഴംപുരാണക്കാരന്‍ എന്നൊക്കെ അവര്‍ അദ്ദേഹത്തെ വിളിച്ചു. അനാഥ ബാലന്‍ നബിയായതിലായിരുന്നു അവരുടെ കുണ്ഡിതം. ജൂതന്മാരും ഇതേ വ്യസനം പങ്കുവയ്ക്കുന്നുണ്ട്. തങ്ങളുടെ കൂട്ടത്തില്‍ നിന്നല്ലാത്ത ഒരാളെ നബിയായി അംഗീകരിക്കാന്‍ അവരുടെ കൂട്ടത്തില്‍ യോഗ്യരെന്ന് സ്വയം കരുതിയവര്‍ക്ക് കഴിഞ്ഞില്ല.

ഇതേ കാരണങ്ങളും ആരോപണങ്ങളും ആണ് തലമുറകള്‍ കൈമാറി വന്നത്. നീതിക്കു വേണ്ടി നിലയുറപ്പിച്ച ഇസ്ലാം ഏകാധിപതികളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ പുരോഹിത വൃന്ദത്തിന്റെയും ഉറക്കം കെടുത്തി.

പ്രവാചക വിമര്‍ശനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആര്‍ക്കെല്ലാം ആണോ പ്രവാചകന്‍ കൊണ്ടുവന്ന സന്ദേശങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകും എന്ന് തോന്നിയത് അവരാണ് പ്രവാചക നിന്ദയുടെ ചുക്കാന്‍ പിടിച്ചത് എന്ന് കാണാം. നേര്‍ക്കുനേരെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ആവില്ല എങ്കില്‍ അപവാദങ്ങളിലൂടെ ഇകഴ്ത്തുക എന്നതായിരുന്നു നയം.
8 മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകളിലെ ജൂത ക്രൈസ്തവ പുരോഹിതന്മാരും രാജാക്കന്മാരുമാണ് പ്രവാചകനെതിരെയുള്ള അപവാദ പ്രചാരണങ്ങളെ ഒരു വ്യവസായമായി വളര്‍ത്തിയത്.
ജനങ്ങളില്‍ മുസ്ലിംകളെ കുറിച്ചു ഭീതി വളര്‍ത്തുകയായിരുന്നു എതിരാളികളുടെ മുഖ്യോദ്ദേശ്യം. ഇസ്‌ലാമിന്റെ വളര്‍ച്ചയെ ലോകാവസാനത്തിന്റെ ലക്ഷണമായും മുഹമ്മദ് നബിയെ അന്തിക്രിസ്തു ആയും പുരോഹിതന്മാര്‍ ചിത്രീകരിച്ചു. ഭാവനയില്‍ വിരിഞ്ഞ എല്ലാ നിഷേധ വിശേഷണങ്ങളും അവര്‍ പ്രവാചകന് നല്‍കി. തങ്ങള്‍ മത്സരിച്ച് ഉണ്ടാക്കിയ കള്ളക്കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ അവര്‍ ആനന്ദം കൊണ്ടു.

വിവാഹം കഴിക്കാന്‍ വിലക്ക് ഉള്ള കത്തോലിക്കാപുരോഹിതര്‍ നബിയെ കുറിച്ച് അശ്ലീല കഥകള്‍ ചമച്ച് രതിസുഖം അനുഭവിച്ചിരുന്നു എന്ന് കാരന്‍ ആംസ്‌ട്രോങ് എഴുതിയിട്ടുണ്ട്. തങ്ങളുടെ മനോവൈകൃതങ്ങള്‍ മുഴുവന്‍ അവര്‍ നിര്‍ലജ്ജം നബിയില്‍ ആരോപിക്കുകയായിരുന്നു.
പ്രവാചകനിന്ദയുടെ വലിയ ഒരു സാഹിത്യശേഖരം തന്നെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ടു. പ്രസിദ്ധ ഓറിയന്റലിസ്റ്റ് പ്രവാചക ജീവചരിത്രകാരനായ മോണ്ട്‌ഗോമറി വാട്ട് തന്റെ ‘മുഹമ്മദ് അറ്റ് മദീന’ എന്ന പുസ്തകത്തില്‍ പ്രവാചകനോളം അപമാനിക്കപ്പെട്ട ഒരു വ്യക്തി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അത്രയധികം ആണ് ഇസ്‌ലാംവിരുദ്ധ ക്രൈസ്തവ- യഹൂദ – പാശ്ചാത്യലോകം മുഹമ്മദ് നബിക്കെതിരെ സൃഷ്ടിച്ച നുണക്കഥകള്‍. മുസ്‌ലിംകള്‍ ആരാധിക്കുന്ന വിഗ്രഹമാണ് മുഹമ്മദ് എന്ന് പോലും പറഞ്ഞവര്‍ വിമര്‍ശകരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇതില്‍നിന്ന് ഇസ്ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും അവര്‍ക്കുണ്ടായിരുന്ന വിവരം എത്രത്തോളം ആണെന്ന് ഊഹിക്കാം. പല പേരുകളിലാണ് പ്രവാചകനെ അവര്‍ തങ്ങളുടെ സാഹിത്യങ്ങളില്‍ പുന:സൃഷ്ടിച്ചത്. മഹാമട്ട്, മഹൗണ്ട്, മാഫോമറ്റ്, ബാഫോമറ്റ്, ബാഫം എന്നിങ്ങനെ ദുരര്‍ഥമുള്ള പല പേരുകള്‍ നബിക്ക് അവര്‍ നല്‍കി. നബിയെ കുറിച്ച് വിചിത്രമായ ധാരണകളാണ് അവര്‍ വച്ചുപുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നത്.

യൂഹന്ന അദ്ദിമശ്ഖി അഥവാ ജോണ്‍ ഓഫ് ഡമാസ്‌കസ് (മരണം അറിവാണ് 750) ആണ് പ്രവാചകനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച ക്രൈസ്തവ പുരോഹിതന്‍. അമവി ഖലീഫ യസീദിന്റെ സുഹൃത്ത് ആയിരുന്നു ജോണ്‍. മുസ്‌ലിംകള്‍ക്കിടയില്‍ പലവിധത്തിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ കുത്തിപ്പൊക്കുന്നതില്‍ തന്ത്രപരമായ പങ്കുവഹിച്ച ആളായിരുന്നു ജോണ്‍ എന്നത് സുവിദിതമാണ്. ഖുര്‍ആന്‍ സൃഷ്ടിയാണോ വചനം ആണോ എന്ന വിവാദത്തിന് തുടക്കമിട്ടത് ഈ ക്രൈസ്തവ പുരോഹിതനാണ്.

കഅ്ബ മുസ്‌ലിംകളുടെ വിഗ്രഹം ആണെന്നാണ് ജോണ്‍ പ്രചരിപ്പിച്ചിരുന്നത്. അതിനാല്‍ ഇസ്ലാം വിഗ്രഹാരാധനാമതമാണെന്ന് അദ്ദേഹം വാദിച്ചു. അതേപോലെ ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഗ്രന്ഥം ആണെന്നും ജോണ്‍ ആരോപിച്ചു. ഇത് യഥാര്‍ഥത്തില്‍ പ്രവാചകനെതിരെ ഖുറൈശികള്‍ തന്നെ ഉന്നയിച്ച ആരോപണം ആയിരുന്നു. ഖുര്‍ആനെക്കുറിച്ച് അവര്‍ ആരോപിച്ചത് പഴമക്കാരുടെ കെട്ടുകഥകള്‍ (അസാത്വീറുല്‍ അവ്വലീന്‍) എന്നായിരുന്നുവല്ലോ. മുന്‍വേദക്കാരില്‍ നിന്ന് കേട്ടു പഠിച്ച കാര്യങ്ങള്‍ ആണ് നബി പുതിയ വേദമായി അവതരിപ്പിക്കുന്നത് എന്നതായിരുന്നു ഖുറൈശികളുടെ വിമര്‍ശനം. ഈ വിമര്‍ശനത്തിന് ഖുര്‍ആന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും അപ്പോസ്തലന്‍മാരുടെ കൈ കടത്തലുകളെ ഖണ്ഡിക്കുന്ന ധാരാളം വാക്യങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്. ബൈബിളിന്റെ തിരുത്താണ് യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ എന്ന് ഒരാവര്‍ത്തി ഖുര്‍ആന്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ വസ്തുത മറച്ചുവെച്ച് ഖുര്‍ആന്‍ മൗലിക ഗ്രന്ഥം അല്ല, തോറയുടെയും ബൈബിളിന്റെയും പകര്‍പ്പാണ് എന്ന പില്‍ക്കാലത്ത് ഓറിയന്റലിസ്റ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആരോപണം ജോണ്‍ ഓഫ് ഡമാസ്‌കസില്‍ നിന്നാണ് ആരംഭിക്കുന്നത്. പ്രവാചക വിവാഹങ്ങളെയും പ്രവാചകന്‍ നയിച്ച യുദ്ധങ്ങളെയും ജോണ്‍ ഓഫ് ഡമാസ്‌കസ് കുറ്റപ്പെടുത്തുകയുണ്ടായി. അവ തന്നെയാണ് ഇക്കാലത്തും ഓറിയന്റലിസ്റ്റുകളും അവരെ അനുകരിക്കുന്നവരും പിന്തുടര്‍ന്നു പോരുന്നത്.
പ്രവാചകനും ഇസ്ലാമിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കല്‍ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും രാഷ്ട്രീയമായ ആവശ്യമായിരുന്നു.

സ്‌പെയിനിലെ ജൂതന്മാര്‍ക്ക് സത്യം മനസ്സിലാക്കാന്‍ അവസരം ഉണ്ടായിരുന്നിട്ടും ബോധപൂര്‍വം അതിനു ശ്രമിക്കാതെയോ സത്യം മനസ്സിലായിട്ടും അത് മറച്ചുവച്ചുകൊണ്ടോ പ്രവാചകനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബൈസാന്തിയന്‍ സാമ്രാജ്യത്തിലെ ക്രൈസ്തവ പുരോഹിതന്മാര്‍ ഇസ്‌ലാമിനെ നേരിടുന്നതിനുള്ള മാര്‍ഗമായാണ് പ്രവാചകന്‍ നിന്ദയെ കൂട്ടുപിടിച്ചത്. റെഫ്യൂറ്റാഷ്യോ മഹമ്മദിസ് (Refutatio Mahammedis) എന്ന പേരില്‍ നിസറ്റാസ് ബൈസാന്റിയം ( Nicetas Byzantium) ഒമ്പതാം നൂറ്റാണ്ടില്‍ രചിച്ച പുസ്തകവും അതേപോലെ ക്രോണോഗ്രാഫിയ (Chronographia) എന്ന പേരില്‍ തിയോഫേന്‍സ് ദ കണ്‍ഫസര്‍ രചിച്ച പുസ്തകവും പ്രവാചക നിന്ദാ സാഹിത്യത്തിന്റെ ആദ്യകാല ഉദാഹരണങ്ങളാണ്.

സ്‌പെയിനിലെ ജൂതന്മാര്‍ക്കു മുസ്‌ലിം ഭരണാധികാരികളോട് ഉണ്ടായിരുന്ന എതിര്‍പ്പ് അവരെ ഇസ്‌ലാം വിരോധികളും പ്രവാചക നിന്ദകരുമാക്കി എന്ന് പറയപ്പെടുന്നു. കൊര്‍ദോവയിലെ എലോജിയസ് ഒമ്പതാം നൂറ്റാണ്ടില്‍ രചിച്ച ലിബര്‍ അപ്പോളജറ്റിക്‌സ് മാട്രിറം എന്ന കൃതി ഇസ്ലാമിനും പ്രവാചകനും എതിരെയുള്ള ആരോപണങ്ങളാല്‍ സമ്പന്നമാണ്.

പാശ്ചാത്യ ക്രൈസ്തവരെ പ്രവാചക വിരോധികളാക്കിയ മറ്റൊരു സാഹചര്യം കുരിശുയുദ്ധങ്ങളാണ്. മുസ്ലിംകളെ തോല്‍പ്പിക്കാന്‍ അവരെ മാനസികമായി തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവാചക നിന്ദയെ അവര്‍ സമീപിച്ചത്. പല ബിഷപ്പുമാരും വലിയ പ്രോത്സാഹനം അതിന് നല്‍കുകയുണ്ടായി. ക്‌ളൂണിയിലെ ബിഷപ് എന്നറിയപ്പെട്ട പീറ്റേഴ്‌സ് വെനറബ്‌ളിസ് (മരണം 1156) ഇസ്‌ലാമിനെതിരെയുള്ള മുന്‍കാല വിമര്‍ശനങ്ങളെല്ലാം സമാഹരിച്ച് ഒരു ഗ്രന്ഥസമുച്ചയം തയാറാക്കുകയുണ്ടായി. ടോളിഡോ ക്‌ളൂണി കലക്ഷന്‍ എന്നാണ് അതിന്റെ പേര്. ലാറ്റിന്‍ ഖുര്‍ആന്‍ പരിഭാഷ ഉള്‍പ്പെടെയുള്ള നിരവധി കൃതികള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പല കാലങ്ങളില്‍ പ്രവാചകനെതിരെ നിര്‍മിച്ചു പ്രചാരത്തില്‍ വരുത്തിയ ധാരാളം കഥകള്‍ ഇങ്ങനെ ശേഖരിക്കപ്പെട്ടു. ഈ കഥകള്‍ക്ക് വന്‍ പ്രചാരവും ലഭിച്ചു. യൂറോപ്യന്‍ സാംസ്‌കാരിക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പ്രകൃതിയാണ് ‘സോങ് ഓഫ് റൊളാണ്ട്’ എന്നറിയപ്പെടുന്ന ചാന്‍സണ്‍ ഡി റൊളാണ്ട് എന്ന കാവ്യം. ആയിരം വരികളുള്ള ഈ കവിത തയാറാക്കിയത് കോണ്‍റാഡ് എന്ന പുരോഹിതനാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ കവിത രചിക്കപ്പെട്ടത്.

മുസ്ലിംകള്‍ക്കും പ്രവാചകനുമെതിരെയുള്ള ധാരാളം കള്ളക്കഥകള്‍ ഈ പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വിഗ്രഹങ്ങളെ ആരാധിക്കുന്നവരാണ് മുസ്ലിംകള്‍ എന്ന് ഈ പാട്ടില്‍ പറയുന്നു. മഹാമറ്റ്, അപ്പോളിന്‍, ടാര്‍വാജന്റ് എന്നിവയാണത്രെ മുസ്‌ലിംകളുടെ പ്രസ്തുത ആരാധനാമൂര്‍ത്തികള്‍! യൂറോപ്യന്‍ നവോത്ഥാനത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ദാന്തെയുടെ ഡിവൈന കൊമേഡിയ (ഡിവൈന്‍ കോമഡി) എന്ന കവിത പ്രവാചകനെയും ഖലീഫ അലിയെയും നരകത്തിന്റെ ഒമ്പതാം തട്ടിലെ അന്തേവാസികളായി ചിത്രീകരിക്കുന്നു. 1306 – 1321 കാലഘട്ടത്തിലാണ് ഡിവൈന്‍ കോമഡിയുടെ രചന.

യൂറോപ്യന്‍ നവോത്ഥാന സാഹിത്യം ഇസ്‌ലാമിനെ തുര്‍ക്കികളുടെ മതമായാണ് അവതരിപ്പിക്കുന്നത്. പ്രൊട്ടസ്‌റ്റെന്റ് പുരോഹിതന്‍ മാര്‍ട്ടിന്‍ ലൂഥര്‍ തുര്‍ക്കികളെ സാത്താന്‍ ആരാധകരായി ചിത്രീകരിച്ചു. പോപ്പിനെ ശിക്ഷിക്കാന്‍ ദൈവം ഇറക്കിയ ശാപമാണ് തുര്‍ക്കികള്‍ എന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കികളുടെ പ്രവാചകനായാണ് മുഹമ്മദ് നബിയെ മാര്‍ട്ടിന്‍ലൂഥര്‍ കണ്ടത്. ചരിത്രത്തെ കുറിച്ചുള്ള അജ്ഞത ഈ നവോത്ഥാന നായകനെ എത്രത്തോളം പിടികൂടിയിരുന്നു എന്ന് ഇതില്‍നിന്ന് സിദ്ധം.
പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ ഉണ്ടായ ഓറിയന്റലിസ്റ്റ് പ്രവാചക പഠനങ്ങളിലും ശുദ്ധ അസംബന്ധങ്ങള്‍ എമ്പാടും കാണാം. ചര്‍ച്ചിന്റെയും യൂറോപ്പിന്റെയും സാംസ്‌കാരിക ചരിത്രം മനസ്സിലാക്കിയാല്‍ മാത്രമേ അവരുടെ പ്രവാചകവിരോധത്തിന്റെ പശ്ചാത്തലം പിടികിട്ടുകയുള്ളൂ. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് യൂറോപ്പ് ക്രൈസ്തവത ഭരിക്കുന്നത്. സ്‌പെയിന്‍ തിരിച്ചുപിടിക്കാനുള്ള (Reconquista) ക്രൈസ്തവ രാജാക്കന്മാരുടെ തീവ്രശ്രമം വന്‍തോതിലുള്ള മുസ്‌ലിം വേട്ടയാടലുകള്‍ക്കു നിമിത്തമായി തീര്‍ന്നു. മുസ്‌ലിംകളെ കൊന്നൊടുക്കുന്ന അതിനും അവരുടെ സ്വത്ത് പിടിച്ചെടുക്കുന്നതിനും മതപരമായ ഒരു ന്യായം രാജാക്കന്മാര്‍ക്ക് ആവശ്യമായിരുന്നു. മുസ്‌ലിംകളോ വിഗ്രഹാരാധകരോ അസുരന്മാരോ ആയി ചിത്രീകരിക്കേണ്ടത് ഈ സാഹചര്യത്തില്‍ അവര്‍ക്ക് അടിയന്തര ആവശ്യമായിത്തീര്‍ന്നു.

കൊല്ലപ്പെട്ട പാഷണ്ഡന്മാരാണ് മുസ്‌ലിംകള്‍ എന്ന ധാരണ ക്രൈസ്തവ വിശ്വാസികളായ പട്ടാളക്കാര്‍ക്ക് ഇടയില്‍ വളര്‍ത്തിയെടുത്താല്‍ മനസാക്ഷിക്കുത്ത് ഇല്ലാതെ കൊല നടത്താന്‍ അവര്‍ തയാറാവും. മുഹമ്മദ് നബി അന്തിക്രിസ്തുവാണെന്ന് യഥാര്‍ത്ഥത്തില്‍ തന്നെ ധരിച്ചുവശായവര്‍ തങ്ങളുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും അദ്ദേഹത്തിനെതിരെ പ്രയോഗിച്ചു. പ്രവാചകനിന്ദയില്‍ അഭിരമിച്ച മറ്റൊരു കൂട്ടര്‍ രക്തസാക്ഷ്യം കൊതിച്ച പാവപ്പെട്ട ക്രിസ്തു ഭക്തരായിരുന്നു. മുസ്ലിം ഭരണകൂടം പ്രവാചകനിന്ദയ്ക്ക് മരണം ശിക്ഷ വിധിച്ചിരുന്നതിനാല്‍ ചില ക്രൈസ്തവ ഭക്തന്മാര്‍ സ്വര്‍ഗസ്ഥരാവുന്നതിനുള്ള എളുപ്പവഴിയായി പ്രവാചകനിന്ദയെ കണ്ടു. ഇങ്ങനെയുള്ള രക്തസാക്ഷി കള്‍ട്ടുകളെക്കുറിച്ച് കാരന്‍ ആംസ്‌ട്രോങ് എഴുതിയിട്ടുണ്ട്.

മുസ്ലിം ‘മഹാവിപത്തി’നെ ചൂണ്ടിക്കാണിച്ചു ക്രൈസ്തവര്‍ക്കിടയില്‍ ഏകീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടി ക്രൈസ്തവരാജാക്കന്മാര്‍ മുന്നില്‍ കണ്ടു. ഇതിന് അവരെ പ്രത്യേകം പ്രേരിപ്പിച്ച ഘടകം പതിമൂന്നാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്തു മുഴുവന്‍ ആക്രമണം അഴിച്ചു വിട്ട മംഗോളികള്‍ പിന്നീട് ഇസ്ലാം സ്വീകരിച്ചതാണ്. ഇസ്ലാമിന്റെ ശത്രുക്കള്‍ പോലും ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഭയത്തോടെയാണ് ചര്‍ച്ച് ശ്രദ്ധിച്ചത്. കൂടുതല്‍ കള്ളക്കഥകള്‍ മെനഞ്ഞ് എടുക്കുവാനും മുസ്ലിംകളെയും പ്രവാചകനെയും കുറിച്ച് ക്രൈസ്തവലോകത്ത് അവമതിപ്പ് ഉണ്ടാക്കുവാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പിന്നീട് നടന്നത്.

മുസ്ലിം നാടുകളെ കീഴ്‌പ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചും അവരുടെ ഭാഷയും പഠിക്കാന്‍ യൂറോപ്പില്‍ ഭരണാധികാരികള്‍ പ്രത്യേക താല്‍പര്യം എടുക്കുകയുണ്ടായി. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഈജിപ്ത് കീഴടക്കാന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് 1795 ല്‍ ഫ്രാന്‍സില്‍ ആദ്യമായി പൗരസ്ത്യ ഭാഷാ പഠനത്തിനായി ഒരു കേന്ദ്രം സ്ഥാപിക്കുന്നത്. അറബി പഠിച്ചും അറബികളുടെ സംസ്‌കാരം മനസ്സിലാക്കിയും അവരെ കീഴടക്കുക എന്നതായിരുന്നു തന്ത്രം.

ജര്‍മനിയിലാണ് പൗരസ്ത്യ പണത്തിനുവേണ്ടി രണ്ടാമതായി 1845 ല്‍ ഒരു കേന്ദ്രം സ്ഥാപിതമാകുന്നത്. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ ഇങ്ങനെയുള്ള ധാരാളം സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും അറബിഭാഷയില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ കൂട്ടത്തോടെ യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുകയും ചെയ്തു.

അത്യന്തം വികൃതമായ ഖുര്‍ആന്‍ പരിഭാഷകളും പ്രവാചക ജീവചരിത്രങ്ങളും ഈ പദ്ധതിയുടെ ഭാഗമായി തയാറാക്കുകയുണ്ടായി. അതോടൊപ്പം മുസ്ലിം ലോകത്ത് ഉണ്ടായ ശാസ്ത്ര, തത്വശാസ്ത്ര ഗ്രന്ഥങ്ങളും ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. യഥാര്‍ത്ഥ വിജ്ഞാനദാഹത്താല്‍ പ്രേരിതമായും അറബി ഗ്രന്ഥങ്ങളുടെ മൊഴിമാറ്റം നടന്നിരുന്നു. യൂറോപ്പിന് വിജ്ഞാനത്തിന്റെ വെളിച്ചം ലഭിക്കുന്നതിന് ഇത് കാരണമായിത്തീരുകയും ചെയ്തു. ഇതും യൂറോപ്പിലെ ക്രൈസ്തവ രാജാക്കന്മാരെ ആശങ്കയില്‍ അകപ്പെടുത്തി എന്നതാണ് രസകരം.

ഈ ഗ്രന്ഥങ്ങളുടെ പരിഭാഷ വഴി യൂറോപ്യര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുമോ എന്നതായിരുന്നു അവരുടെ ഒരു ഭയം. ശാസ്ത്രം മതവിരുദ്ധമാണെന്ന് ധരിച്ച് പുരോഹിതര്‍ ശാസ്ത്രം യൂറോപ്പില്‍ പ്രചരിക്കുന്നതില്‍ അപകടം മണത്തു. അതിനാല്‍ അറബിയില്‍ നിന്ന് മൊഴിമാറ്റം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ പോലും ചില രാജാക്കന്മാര്‍ തിടുക്കപ്പെടുകയുണ്ടായി. കൊളോണിയലിസം മുസ്ലിംകളെ എതിര്‍സ്ഥാനത്ത് നിര്‍ത്തി. കൊളോണിയലിസത്തിനു ദാസ്യവേല ചെയ്തു ഓറിയന്റലിസ്റ്റുകള്‍ക്ക് ഇസ്ലാം കണ്ണിലെ കരടായത് സ്വാഭാവികമായിരുന്നു.
യൂറോപ്പിലുണ്ടായ വികല ജീവചരിത്രത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രമുഖ ഓറിയന്റലിസ്റ്റ് സര്‍വില്യം മൂറിന്റെ നാലു വാള്യങ്ങളുള്ള ‘ലൈഫ് ഓഫ് മഹാമറ്റ്’. (1858 1861) മുന്‍ലിസ്റ്റുകളുടെ നുണകള്‍ മുഴുവന്‍ ഈ പുസ്തകം ആവര്‍ത്തിക്കുന്നു.

പ്രവാചകന്‍ ശരിയായ പ്രവാചകനല്ല എന്ന് സ്ഥാപിക്കുകയായിരുന്നു ഗ്രന്ഥ കര്‍ത്താവിന്റെ ഉദ്ദേശ്യം. മുസ്ലിംകളെ ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച സുവിശേഷകന്‍ കൂടിയായിരുന്നു വില്യം മൂര്‍. ഖുര്‍ആനില്‍ കൈ കടത്തലുകളൊന്നും നടന്നിട്ടില്ല എന്നും ആധികാരികമായി അത് സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ട് എന്നും സര്‍ വില്യം മൂര്‍ നിരീക്ഷിക്കുന്നു. അലോയ്‌സ് സ്‌പ്രെഞ്ചര്‍ എന്ന ഓസ്ട്രിയന്‍ ഓറിയന്റലിസ്റ്റിന്റേതാണ് അക്കാലത്തെ (1813- 1893) മറ്റൊരു പ്രവാചക ജീവചരിത്ര രചന. മുസ്ലിംകള്‍ ലോകത്തിനു നല്‍കിയ സംഭാവനകളെ അംഗീക്കുന്ന സ്പ്‌റെഞ്ചര്‍ മതങ്ങളുടെ ചരിത്രം പഠിക്കുന്നവര്‍ ഇസ്ലാമിന്റെ ചരിത്രം പഠിക്കണം എന്ന് പറയുന്നുണ്ട്. അതിന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ന്യായം ഇസ്ലാമിന്റെ ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. മറ്റൊരു മതത്തിന്റെ ചരിത്രവും അത്ര വിശദമായി എഴുതപ്പെട്ടിട്ടില്ല. ഓറിയന്റലിസ്റ്റ് മുന്‍വിധികള്‍ക്കിടയിലും വേറിട്ടുനില്‍ക്കുന്ന ശ്രദ്ധേയമായ നിരീക്ഷണമാണിത്.

ഈ പഠനങ്ങളുടെ ചുവടുപിടിച്ചു ധാരാളം രചനകള്‍ യൂറോപ്പില്‍ പിന്നെയും ഉണ്ടായി. പ്രവാചകനിന്ദയുടെ വേലിയേറ്റത്തിന് ഇടയിലും സത്യാന്വേഷികള്‍ രംഗത്ത് വരികയും ഓറിയന്റലിസ്റ്റ് പക്ഷപാതിത്വത്തില്‍ നിന്ന് മുക്തമായ ധാരാളം പഠനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പോസ്റ്റ് കൊളോണിയല്‍ ഇസ്ലാം പഠനങ്ങള്‍ ഓറിയന്റലിസ്റ്റ് മുന്‍വിധികളെ പൊളിച്ചെഴുതിയിട്ടുണ്ട്. ഹെന്റി സ്റ്റബ്‌സ് (1671) മുമ്പേ തുടക്കം കുറിച്ച ഈ ധാര ഇരുപതാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ചു. ഹണ്ടിംഗ്ടണിന്റെയും ബെര്‍ണാഡ് ലൂയിസിന്റെയുമെല്ലാം കാര്‍മികത്വത്തില്‍ പുതുജീവന്‍ നേടിയ നിയോ കോണുകള്‍ ഇസ്ലാം ഭീതി പരത്താന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട് എങ്കിലും വിവേകത്തിന്റെ സ്വരത്തിനു തന്നെയാണ് കാലം കാതോര്‍ക്കുക.

എ കെ അബ്ദുല്‍മജീദ്‌

You must be logged in to post a comment Login