വാട്‌സാപ്പില്‍ ചാരന്‍

വാട്‌സാപ്പില്‍ ചാരന്‍

നിരീക്ഷണ ക്യാമറകള്‍ ഒരുപുതുമയുള്ള വിഷയമല്ല. എത്രമാത്രമാണതിന്റെ ആഴവും വ്യാപ്തിയും എന്ന കാര്യത്തിലേ സംശയങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ. ഈയിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത അത്തരമൊരു നിരീക്ഷണ വലയത്തിന്റെ തീവ്രതയെ കുറിച്ചുള്ളതായിരുന്നു. ലോകമെമ്പാടും ശതകോടി കണക്കിന് ആളുകള്‍ അനുദിനം ഉപയോഗിക്കുന്ന വാട്‌സാപ്പില്‍ നിന്നും പെഗാസസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വിവിധ രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് സൈബര്‍ ടെക്‌നോളജി കമ്പനിയായ എന്‍ എസ് ഒ നുഴഞ്ഞു കയറ്റം നടത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. കാലിഫോര്‍ണിയയിലെ കോടതിയില്‍ വാട്‌സാപ്പ്, എന്‍ എസ് ഒ ക്ക് എതിരെ കേസ് നല്‍കി. വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നത് വാട്‌സാപ്പ് മെയ് 2019 നാണ് അറിഞ്ഞതെന്നാണ് വാദിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തിയ കാനഡയിലെ സിറ്റിസണ്‍ ലാബ് വെളിപ്പെടുത്തിയത്, ലോകത്തെ 20ഓളം രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയുമാണ് നിരീക്ഷണ വിധേയമാക്കിയിട്ടുള്ളതെന്നാണ്. ഇന്ത്യന്‍ സാഹചര്യത്തെ കുറിച്ച് വാട്‌സാപ്പ് പ്രതിനിധി പറഞ്ഞത്, ‘ഇന്ത്യയില്‍ നിലവില്‍ മാധ്യമ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. അവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ, അവരുടെ എണ്ണം പ്രാധാന്യമുള്ളതാണ്’. ഈ വെളിപ്പെടുത്തല്‍ ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തക ഭേല ഭാട്ടിയ ഉള്‍പ്പെടെയുള്ള ചിലരുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരീക്ഷണത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. ഭരണകൂടത്തിന്റെ ഇടപെടലുകളോ താല്പര്യങ്ങളോ ഇത്തരം നിരീക്ഷണത്തില്‍ ഉണ്ടെന്നത് തള്ളിക്കളയാന്‍ സാധിക്കില്ല. വാട്‌സാപ്പ് നേടിയെടുത്ത സ്വീകാര്യത വളരെ വലുതാണ്, അതിനെ അതിവിദഗ്ധമായി രാഷ്ട്രീയ ലാഭത്തിനു ഉപയോഗിച്ച ഭരണകൂടവുമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. പലപ്പോഴും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നത് ലഘുവായി കാണപ്പെടുന്ന സാമൂഹിക അന്തരീക്ഷം ഇന്ത്യയിലുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുക അല്ലെങ്കില്‍ നിരീക്ഷണ വലയത്തിലാവുക എന്നത് വ്യക്തി സ്വാതന്ത്രത്തിനു മേലുള്ള ഏറ്റവും വലിയ തടസ്സമാണ്.
ജനങ്ങളുടെ ചിന്തകളില്‍ പോലും നുഴഞ്ഞുകയറുന്ന ഇത്തരം ശ്രമങ്ങള്‍ സാങ്കേതിക യുഗത്തില്‍ സുരക്ഷയെന്നത് എത്രമാത്രം ബാലിശമാണെന്ന് തുറന്നു കാട്ടുന്നു. ആളുകളുടെ നേരിയ ചലനങ്ങള്‍ പോലും നിരീക്ഷണ വിധേയമാകുന്നു. ഭരണകൂടത്തിന്റെ ആവശ്യ പ്രകാരമാണ് പെഗാസസ് ഉപയോഗിക്കപ്പെടുന്നത് എന്നാണ് എന്‍ എസ് ഒ വാദിക്കുന്നത്. ഇതിനെ കുറിച്ച് ന്യൂസ് ലോണ്ട്രി നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയില്‍ പെഗാസസ് ആക്രമണത്തിന് ഇരയായവര്‍ ആരൊക്കെയെന്നത് വെളിപ്പെടുത്തുന്നുണ്ട്. ഭീമ കോരേഗാവ് കേസിലെ അഭിഭാഷകന്‍ നിഹാല്‍ സിംഗ് റാത്തോഡ് ആണ്. ഇദ്ദേഹത്തിന് 2018 മുതല്‍ അന്താരാഷ്ട്ര കോളുകള്‍ വാട്‌സാപ്പിലൂടെ ലഭിക്കാറുണ്ട്. ഇത്തരം കോളുകള്‍ ഉപഭോക്താവ് അറിയാതെ വൈറസ് ഉപകരണങ്ങളിലേക്ക് കടത്തി വിടാന്‍ സഹായിക്കുന്നു. Anand Teltumde, Sidhanth Sibal, Shalini Gera, Rupali Jhadav , Saroj Giri, Vivek Sundara ഇങ്ങനെ പോകുന്നു സിറ്റിസണ്‍ ലാബ് ബന്ധപ്പെട്ട ഇന്ത്യന്‍ വാട്‌സാപ്പ് അക്കൗണ്ടുകളുടെ ഉടമസ്ഥര്‍. ഭരണകൂടത്തിന്റെ അപ്രീതി പട്ടികയിലുള്ളവരാണ് ഇവരൊക്കെയും എന്നതില്‍ അതിശയോക്തിയില്ല. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കേസുകളിലെ അഭിഭാഷകരെ നിരീക്ഷണ വിധേയമാക്കുകയെന്നത് ഭരണകൂട താല്പര്യം വിഷയത്തില്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ചുതരുന്നു.

ഒക്ടോബര്‍ 30നു ആന്ധ്രാപ്രദേശ് ഗവണ്മെന്റ് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കാനുള്ള അധികാരം അനുവദിച്ചു നല്‍കി. തെറ്റായ റിപ്പോര്‍ട്ടുകള്‍ തടയുകയെന്നതാണ് തീരുമാനത്തിന് നല്‍കിയ കാരണം. ഒക്ടോബര്‍ 14നു ആന്ധ്രാ ജ്യോതി പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ സത്യനാരായണന്‍ കൊല്ലപ്പെടുകയുണ്ടായി. വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് നിയമസഭയിലെ ദാദിസേഥി രാമലിംഗേശ്വര റാവുവിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുക്കളുടെ പരാതി പ്രാകാരം പൊലീസ് കേസ് എടുക്കുകയുണ്ടായി. കൂടാതെ കുറച്ചു നാളുകള്‍ക്ക് മുമ്പ് ആന്ധ്രയിലെ സി പി ഐ എമ്മിന്റെ മുഖപത്രമായ ‘വിശാലാന്ദ്ര’യിലെ മാധ്യമപ്രവര്‍ത്തകന് നേരെയും ഗുരുതരമായ ആക്രമണം ഉണ്ടാവുകയും വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പേര് ഉയര്‍ന്നുവരുകയും ചെയ്തു. ഇതേ മാതൃകയില്‍ ആന്ധ്രയിലെ പല ജില്ലകളിലായി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം നടന്നിട്ടുണ്ട്. എല്ലാറ്റിലും വൈ എസ് ആര്‍ കോണ്‍ഗ്രസ്സിന്റെ പങ്കും ആരോപിക്കപ്പെടുന്നു. വൈ എസ് ആര്‍ കോണ്‍ഗ്രസ്സും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള അധികാര തര്‍ക്കമാണ് മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെടാന്‍ കാരണമാകുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ ആന്ധ്രയിലെ Enadu/ETV, Andra Jyoti/ABN TV എന്നിവയെ മഞ്ഞ പത്രങ്ങളായി അഭിസംബോധന ചെയ്യുകയുണ്ടായി. കൂടാതെ ഇവയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന പരസ്യ പ്രഖ്യാപനവും നടത്തി. ഇത്തരമൊരു സാഹചര്യത്തില്‍ അധികാരികള്‍ പത്രങ്ങള്‍ക്കു മേല്‍ നടപടി കൈകൊള്ളാനുള്ള സ്വാതന്ത്ര്യം നല്‍കിയത് മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടലാവും. ചന്ദ്രബാബു നായിഡു വിനെ പൊതുമണ്ഡലത്തില്‍ പിന്താങ്ങിയെന്നത് ആന്ധ്രയിലെ മാധ്യമങ്ങളോട് വൈ എസ് ആറിനു ചൊടിപ്പുണ്ടാക്കാന്‍ കാരണമായത്. ആന്ധ്രയിലെ മാധ്യമങ്ങള്‍ ശരിയല്ലായെന്ന നിലപാടിലാണ് വൈ എസ് ആര്‍ സാക്ഷി ടി വി തുടങ്ങുന്നതും. പിന്നീട് 2014 ല്‍ നായിഡു അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ സാക്ഷി ഗ്രൂപ്പിലെ മാധ്യമങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് വിലങ്ങു തടിയായി നായിഡു ഉണ്ടായിരുന്നു.

മാധ്യമസ്ഥാപനങ്ങളിലെ ഉടമസ്ഥരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുമ്പില്‍ മാധ്യമപ്രവര്‍ത്തകരാണ് ബലിയാടാകുന്നത്. വൈ എസ് ആറിന്റെ നീക്കം ആന്ധ്രയിലെ സത്യസന്ധരായ റിപ്പോര്‍ട്ടര്‍മാരെയാണ് ബാധിക്കുക. മാധ്യമങ്ങള്‍ അജണ്ടകള്‍ നിര്‍മിക്കുകയും രാഷ്ട്രീയ ചായ്‌വുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്, പക്ഷേ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളിലൂടെ അത് പ്രതിരോധിക്കുന്നത് പ്രായോഗികമല്ല. ഭരണകൂടത്തെ വിമര്‍ശിക്കുന്നതിനു പകരം അവരുടെ കയ്യാളുകളാവുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്. മാതൃകാപരമായ ഭരണ മുന്നേറ്റങ്ങള്‍ കാഴ്ച്ച വച്ചതിനു ജഗന്‍ മോഹന്‍ റെഡ്ഡിയെ മാധ്യമങ്ങള്‍ വാഴ്ത്തിയിട്ടുമുണ്ട്. പക്ഷേ ഈ നീക്കം അപകടകരമാണ്. പത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തല്‍ ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള അതിരുകളെ മായ്ച്ചുകളയുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തീരുമാനത്തെ ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ പ്രതിഷേധിക്കേണ്ടതുണ്ട്.

പ്രസിദ്ധമായ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മാധ്യമ പുരസ്‌കാരം പതിവില്ലാത്ത വിധം വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. വിധികര്‍ത്താക്കള്‍ നിര്‍ദേശിക്കുന്നവരുടെ പേരുകളാണ് പുരസ്‌കാരത്തിനായി വിലയിരുത്തപ്പെടുന്നത്. ഇത്തവണ അംഗങ്ങള്‍ തീരുമാനിച്ചത് രാജസ്ഥാന്‍ പത്രിക ചീഫ് എഡിറ്റര്‍ ഗുലാബ് കോത്താരിക്ക് നല്‍കാനായിരുന്നു. എന്നാല്‍ നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് പ്രസ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ സി കെ പ്രസാദ് ആവശ്യപ്പെടുകയുണ്ടായി. രാജസ്ഥാന്‍ പത്രിക, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യക്കെതിരെ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാധ്യമങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തിയതിനെതിരെ രാജസ്ഥാന്‍ പത്രിക സമരം നടത്തിയിരുന്നു. സര്‍ക്കാറിന്റെ താല്പര്യങ്ങളോട് ചേര്‍ന്ന് പോയില്ലയെന്നത് ഗുലാബ് കോത്താരിക്ക് വിനയാവുകയാണ്. പുനഃപരിശോധനയുടെ കാരണമന്വേഷിച്ചവര്‍ക്ക് അവ്യക്തമായ കാര്യങ്ങളാണ് പി സി ഐ നല്‍കിയത്. മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരത്തിലും ബഹുമതി നല്‍കലിലും ഭരണകൂടം നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലവാരത്തെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കാന്‍ കാരണമാകും.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ദോഡിപാലയ നരസിംഹ മൂര്‍ത്തിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു. 1994 മുതല്‍ പോലീസ് അദ്ദേഹത്തെ വിവിധ കുറ്റങ്ങളുടെ പേരില്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണത്രെ. കര്‍ണ്ണാടകയിലെ സ്വതന്ത്ര പത്രങ്ങളായ Nayapatha, Gouri Media Trust തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനാണ്. യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയുടെ കര്‍ണ്ണാടക ജനറല്‍ സെക്രട്ടറി കൂടിയാണ് നരസിംഹമൂര്‍ത്തി. അറസ്റ്റിനു കാരണമായി പൊലീസ് പറഞ്ഞ കാരണങ്ങളിലൊന്ന് അദ്ദേഹം നക്‌സലൈറ്റും മാവോയിസ്റ്റും ആണെന്നാണ്. എന്നാല്‍ 1994 മുതല്‍ നരസിംഹമൂര്‍ത്തിയെ പൊലീസ് തിരയുകയാണെന്ന വാദം ബാലിശമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന ഒരു വ്യക്തിയെ പൊലീസിന് കണ്ടെത്താന്‍ എങ്ങനെയാണ് പ്രയാസകരമാവുക. നിയമ പ്രതിരോധങ്ങള്‍ ഏര്‍പ്പെടുത്തി സ്വാതന്ത്രമായുള്ള പ്രസിദ്ധീകരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം കൂടിയാണിത്. നരസിംഹമൂര്‍ത്തിയുടെ അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്കൊന്നും ഇടയാക്കിയില്ല എന്നത്, അപകടകരമായ നിശ്ശബ്ദതയെ സൂചിപ്പിക്കുന്നു.

കൊളംബിയ കൊക്കെയ്‌ന്റെ പിടിയില്‍
കൊളമ്പിയയിലെ സാമൂഹിക പ്രവര്‍ത്തകരെ ഭരണകൂടം കൊന്നൊടുക്കുന്നതിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയരുകയാണ്. ഓരോ 4 മണിക്കൂറില്‍ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയാണ്. ദ അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് പ്രകാരം കൊളമ്പിയയില്‍ നടക്കുന്ന കൊലപാതകളിലൊക്കെ തന്നെയും ഭരണകൂടത്തിന്റെ പരോക്ഷമായ പിന്തുണയുണ്ട്. ആക്രമണത്തിന് പുറകില്‍ 2016ല്‍ കൊളംബിയ എഅഞഇ യുമായി (revolutionary armed force of Colombia) ഒപ്പു വച്ച സമാധാന കരാറാണ്. 60 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം നിര്‍ത്തലാക്കപ്പെട്ടു. അതേ സമയം 170,000 ഏക്കറുകളോളം കൊക്കെയ്ന്‍ കൃഷി നിയന്ത്രിക്കുന്നത് എഅഞഇ ആണ്. ലോകത്തെ വലിയൊരു ശതമാനം കൊക്കെയ്ന്‍ ഉല്പാദനവും നടക്കുന്നത് ഇവിടെയാണ്. എഅഞഇ ഇല്ലാതായതിനു ശേഷം 12ഓളം സായുധ സേനകളാണ് കൊക്കെയ്ന്‍ പ്രദേശങ്ങള്‍ കീഴടക്കിയിരിക്കുന്നത്. ഈ സംഘത്തെ ഗവണ്മെന്റ് ഒരു രീതിയിലും നിയന്ത്രിക്കുന്നില്ല. കൊളമ്പിയയിലെ ഒരു ഗോത്ര വംശജന്‍ പറയുന്നത് ”ഞങ്ങള്‍ക്ക് ഗവണ്മെന്റ് ഇല്ല, അത് കൊണ്ട് ഞങ്ങള്‍ തന്നെ സാമൂഹിക തിന്മയ്‌ക്കെതിരെ പോരാടുന്നു എന്നാണ്’. കൊളംബിയന്‍ ഗവണ്മെന്റിന്റെ അനാസ്ഥയുടെ വ്യാപ്തിയാണ് അനുദിനം കൊല്ലപ്പെടുന്ന സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകരുടെ എണ്ണം സൂചിപ്പിക്കുന്നത്. രാജ്യത്തെ ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടാകുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോഴും അമേരിക്കന്‍ മാധ്യമങ്ങള്‍ വിഷയത്തെ കൂടുതല്‍ പ്രാധാന്യത്തോടു കൂടി സമീപിച്ചില്ല എന്ന വാദം കൊളമ്പിയയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. കൊളമ്പിയക്ക് മയക്കുമരുന്ന് മാഫിയകളില്‍ നിന്ന് മോചനം നേടണമെങ്കില്‍ വ്യക്തമായ ഇടപെടല്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. അല്ലാത്ത പക്ഷം ദിവസേന ആളുകള്‍ കൊല്ലപ്പെടുന്നത് സാധാരണ സംഭവമായി കൊളമ്പിയന്‍ ജനത കാണേണ്ടി വരും.

നബീല പാനിയത്ത്‌

You must be logged in to post a comment Login