ഭക്തിയും എളിമയും ഇഴ ചേര്‍ത്ത മുസ്‌ലിം സ്ത്രീ വസ്ത്രം

ഭക്തിയും എളിമയും ഇഴ ചേര്‍ത്ത മുസ്‌ലിം സ്ത്രീ വസ്ത്രം

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഒരു മസ്ജിദില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം അവിടുത്തെ പ്രധാന മന്ത്രി ജസീന്ത ആര്‍ഡണ്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പിന്തുണ നല്‍കുകയും അവരുടെ വിഷമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനമധ്യത്തിലും മാധ്യമങ്ങള്‍ക്ക് മുന്നിലും തല മറച്ചുകൊണ്ട് എത്തുകയുമുണ്ടായി. ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ ലോകത്തു പല യാഥാസ്ഥിതിക മുസ്‌ലിം രാജ്യങ്ങളിലും ഇപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തിന് സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും പലയിടങ്ങളിലും ഇസ്‌ലാമിക വേഷം ധരിക്കാത്ത യുവതികളെ അറസ്റ്റ് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുന്ന അവസ്ഥ വരെ നിലനില്‍ക്കുന്നുണ്ടെന്നുമാണ് പല വിമര്‍ശകരും വാദിച്ചത്. മുസ്‌ലിം യുവതികളുടെ മൂടുപടത്തെ കുറിച്ചുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും ഈയടുത്ത കാലത്തു തുടങ്ങിയ ചര്‍ച്ചകളല്ല. ഇത് യുവതികളെ അടിച്ചമര്‍ത്തുന്നതിന് തുല്യമാണെന്നും അവളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണെന്നുമാണ് എല്ലാ കാലത്തും ഉയര്‍ന്നുകേട്ടിട്ടുള്ള വിമര്‍ശനം. ന്യൂസിലാന്‍ഡിലെ യുവതികളില്‍ നടത്തിയ ഗവേഷണത്തില്‍, ഓരോ മുസ്‌ലിം യുവതിയും തന്റെ ദിനചര്യകളും വസ്ത്രധാരണരീതിയുംതന്നെ ആയുധമാക്കികൊണ്ട് എങ്ങനെയാണ് ഇത്തരം മുന്‍ധാരണകളെയും വാര്‍പ്പുമാതൃകകളെയും നേരിടുന്നത് എന്ന് പറയുകയുണ്ടായി.

2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കില്‍ ഉണ്ടായ ഭീകരാക്രമണത്തിനും അതെ തുടര്‍ന്നുണ്ടായ ‘തീവ്രവാദത്തിന് എതിരെയുള്ള യുദ്ധങ്ങള്‍’ അടക്കമുള്ള രാഷ്ട്രീയ ധ്രുവീകരണങ്ങളും കാരണം മുസ്‌ലിംകളും പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളും അവരുടെ വസ്ത്രധാരണവും, പാശ്ചാത്യ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും സ്ഥിരം ചര്‍ച്ചകളില്‍ ഇടംപിടിക്കുകയുണ്ടായി. ഓരോ വാദങ്ങളും അടിവരയിടാന്‍ ശ്രമിച്ചത് ഇസ്ലാം ഇത്തരം നിര്‍ബന്ധിത വസ്ത്രധാരണത്തിലൂടെ എങ്ങനെയാണ് സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് എന്ന് മാത്രമായിരുന്നു. ഇന്നും ഇത്തരം അടിച്ചമര്‍ത്തലുകളുടെ കഥകളാണ് കൂടുതലായും ഇത്തരക്കാര്‍ ആഘോഷമാക്കുന്നത്. ഇത്തരം ഏകപക്ഷീയമായ ചര്‍ച്ചകളില്‍ മുസ്‌ലിം സ്ത്രീകള്‍ അവരുടെ വിശ്വാസത്തെ പുനര്‍വിചിന്തനം ചെയ്യുന്നതും മനസ്സിലാക്കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകുന്നതും എങ്ങിനെയെന്ന് പരിശോധിക്കുന്നില്ല എന്നതാണ് വസ്തുത.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലും മുസ്‌ലിം വനിതകള്‍ക്കിന്ന് അവരുടെ മൂടുപടത്തിനുള്ളില്‍നിന്ന് ലോകത്തോട് സംസാരിക്കാനും ഇസ്ലാമിനെ മനസ്സിലാക്കി പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരാനും കഴിയുന്ന തരത്തിലുള്ളതായി മാറിയിരിക്കുന്നു. ഈ പഠനത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഏതെല്ലാം രീതിയിലാണ്, ‘അടിച്ചമര്‍ത്തലാണ് ഇസ്ലാം’ എന്ന വാദത്തെ നേരിടുന്നത് എന്നതാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഞങ്ങള്‍ ഈ പഠനത്തിനായി അഭിമുഖം നടത്തിയ ഓരോ മുസ്‌ലിം യുവതികളും ലോകമെമ്പാടുമുള്ള മുസ്‌ലിം സഹോദരിമാരോട് ഇസ്‌ലാമിന്റെ വസ്ത്രധാരണത്തെ, ഫാഷന്‍ സങ്കല്‍പ്പങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. മുസ്‌ലിം വനിതകളുടെ ഇത്തരം ചലനങ്ങള്‍ ഇത്രനാള്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിക വസ്ത്രധാരണത്തോടുള്ള വെറുപ്പും അതിനെ അടിച്ചമര്‍ത്തലായി കാണുന്ന ജനങ്ങളുടെ ചിന്താരീതിയും ഇല്ലാതാക്കാനും പകരം ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വസ്ത്രധാരണത്തിലെ എളിമയും മനോഹാരിതയും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാനും സാധിക്കും എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇങ്ങനെ മുസ്‌ലിം യുവതികള്‍ വളരെ ബോധപൂര്‍വം സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനും ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഇസ്‌ലാമിന്റെ എളിമയും ഫാഷനും ഇടകലര്‍ത്തി വസ്ത്രധാരണത്തിന്റെ ഫാഷന്‍ ലോകത്ത് പുതിയൊരു പാത കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.

നൂറുല്‍ ശാമുല്‍ എന്ന യുവതിയാണ് ഹിജാബ് ധരിച്ചുകൊണ്ട് മിസ് ന്യൂസിലാന്‍ഡ് സൗന്ദര്യ മത്സരത്തില്‍ ആദ്യമായി പങ്കെടുത്തത്. ‘ഒരു മുസ്‌ലിം സ്ത്രീ എന്ന നിലക്ക് എന്റെ വസ്ത്രധാരണത്തില്‍ എളിമയുണ്ടാവുക എന്നത് എനിക്ക് പ്രധാനപ്പെട്ട കാര്യമാണ്, അതുപോലെ പ്രധാനപെട്ടതാണ് മനോഹരമായി വസ്ത്രം ധരിക്കാന്‍ എനിക്ക് വേറൊരു ആളുടെയും സമ്മതം ആവശ്യമില്ലെന്നതും. പക്ഷേ ഈ മത്സരത്തില്‍ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം നിറഞ്ഞതായിരുന്നു. കാരണം എങ്ങനെ ഒരു സ്ത്രീക്ക് എളിമയോടെയും മിതത്വത്തോടെയും വസ്ത്രം ധരിച്ചുകൊണ്ട് മറ്റുള്ളവരെപ്പോലെ തന്നെ മനോഹാരിയാവാന്‍ പറ്റും എന്നെനിക്ക് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടിയിരുന്നു.’ മത്സരശേഷം നൂറുല്‍ ശാമുല്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ഹിജാബിനെ കുറിച്ചും മറ്റും നിലനില്‍ക്കുന്ന മുന്‍ധാരണകളെ ഇല്ലാതാക്കാനും ചില അടിസ്ഥാനമില്ലാത്ത വാദങ്ങളെ പൊളിച്ചെഴുതാനും നൂറുലിന് കഴിഞ്ഞു.

ഹസ്ന അലി എന്ന മറ്റൊരു യുവതിയും ഇതുപോലെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ മൂടുപടമണിഞ്ഞ, അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം യുവതി എന്ന വാദങ്ങളെ മുഴുവന്‍ ഇല്ലാതാക്കുന്ന രീതിയില്‍ അതിമനോഹരമായി ഇസ്‌ലാമിന്റെ വസ്ത്രത്തെ വര്‍ണാഭമായി ആളുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിംഫാഷന്‍, ഹിജാബ് ഫാഷന്‍ തുടങ്ങിയ ഹാഷ്ടാഗുകളിലൂടെയാണ് ഓരോ ഫോട്ടോകളും ഹസ്ന പങ്കുവെക്കുന്നത്. ഈ യുവതികളെല്ലാം ശക്തമായി വാദിക്കുന്നത് ഖുര്‍ആനാണ് മുസ്‌ലിം യുവതിയുടെ ഹിജാബിനെ കുറിച്ച് ഏറ്റവും സുവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നത് എന്നാണ്. അലിയുടെ പോസ്റ്റുകളില്‍ പറയുന്നത് ഖുര്‍ആന്‍ വനിതകളുടെ വസ്ത്രധാരണത്തെ കുറിച്ച് പറയുന്ന രീതികളെ സ്ത്രീക്ക് തന്റെ സൗന്ദര്യത്തെ പ്രദര്‍ശിപ്പിക്കാന്‍ ഖുര്‍ആന്‍ അനുമതി നല്‍കിയ രീതികളെക്കുറിച്ചുമാണ്.

ഹാമില്‍ട്ടണിലെ മുസ്‌ലിം സ്ത്രീകള്‍ ശരീര സൗന്ദര്യത്തെ മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കാനല്ല ഹിജാബ് ഉപയോഗിക്കുന്നത്, പകരം അതിന്റെ എളിമയും ഭംഗിയും മിതത്വവും മനസ്സിലാക്കി മറ്റുള്ളവരുടെ ശ്രദ്ധ നേടുകയും അതുവഴി ഹിജാബിനോടുള്ള വെറുപ്പ് ഇല്ലാതാക്കുക യുംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. മുസ്‌ലിം സ്ത്രീകളെക്കുറിച്ച് നിലനില്‍ക്കുന്ന അഭിപ്രായങ്ങള്‍ അനുസരിച്ച്, മുസ്‌ലിം സ്ത്രീ എന്ന് പറയുമ്പോള്‍ തന്നിലേക്ക് മാത്രം ഒതുങ്ങുകയും അവരുടെ വിശ്വാസവും ഹിജാബും അവരെ പൊതുജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്യുന്നു എന്നാണ്. എന്നാല്‍ ഈ പഠനത്തിനായി സമീപിച്ച എല്ലാ സ്ത്രീകളും ഇത്തരമൊരു വാദത്തെ എതിര്‍ക്കുകയും അതോടൊപ്പം പുതിയ കാലത്തെ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിച്ച് എങ്ങനെ ഇത്തരം വാദങ്ങളെ ഇല്ലാതാക്കാം എന്ന് ധീരമായി സംസാരിക്കുക യും ചെയ്തു. യാസ്മിന്‍ ബോര്‍ഹന്‍ എന്ന സ്‌കൂള്‍ ടീച്ചര്‍ പറഞ്ഞത് ‘ഇങ്ങനെ ഒരു പ്രത്യേക സമയത്ത്, അതായത് 9/11 നടന്ന ഭീകരാക്രമണത്തിന് ശേഷം ഈ സമൂഹത്തില്‍ മുസ്‌ലിം സ്ത്രീ എന്ന നിലക്ക് എനിക്ക് കുറച്ച് ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഞാന്‍ ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഞാന്‍ ഒരു ന്യൂസിലാന്‍ഡുകാരി ആയിരുന്നിട്ടുകൂടി എന്നെ ഇവിടെ പലരും ഒരു യഥാര്‍ഥ ന്യൂസിലാന്‍ഡുകാരി ആയി കാണാറില്ല. അതുകൊണ്ടാണ് ഞാന്‍ ആരെന്നതും എന്റെ വിശ്വാസം എന്തെന്നതും നല്ല രീതിയില്‍ സമൂഹത്തിലേക്കെത്തിക്കുക എന്നത് എനിക്ക് അത്യാവശ്യമായി വരുന്നത്.

ബുഹ്റാനിന്റെ ഒട്ടുമിക്ക പോസ്റ്റുകളും ഹാമില്‍ട്ടണിലെ ജനതക്ക് വേണ്ടി അവര്‍ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ്. ന്യൂസിലാന്‍ഡ് ബ്രെസ്റ്റ് ക്യാന്‍സര്‍ ഫൗണ്ടേഷന്റെ വോളന്റിയറായി നിറഞ്ഞ പുഞ്ചിരിയോടെ ഹിജാബ് ധരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചിത്രം അതില്‍പ്പെട്ടതാണ്. മറ്റു സ്ത്രീകളോട് സംസാരിച്ചപ്പോഴും അവരും അവരുടെ ചിത്രങ്ങളും എഴുത്തുകളും ഇത്തരം മാധ്യമങ്ങളിലൂടെ ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് മുസ്‌ലിം സ്ത്രീകള്‍ ഒറ്റപ്പെട്ടുകഴിയുന്നവരും സമൂഹത്തില്‍ യാതൊരുവിധത്തിലുള്ള ഇടപെടലുകള്‍ നടത്താത്തവരും ആണെന്ന ചിലരുടെയെങ്കിലും വാദങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും. അതുമാത്രമല്ല, തങ്ങളുടെ ഇത്തരം പ്രവൃത്തികള്‍ മറ്റു മുസ്‌ലിം വനിതകള്‍ക്കും ഒരു പ്രചോദനമാവുമെന്നവര്‍ വിശ്വസിക്കുന്നു.

‘മുസ്‌ലിം സ്ത്രീകളുടെ ആത്മവിശ്വാസത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇനിയും കുറെ സ്ത്രീകള്‍ പുറത്തുവരേണ്ടതുണ്ട് എന്ന് എനിക്ക് പറയാന്‍ സാധിക്കും, അതിനുവേണ്ടി നമ്മള്‍ ഇനിയും പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. കാരണം മറ്റു മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും പ്രാധാന്യം കൊടുക്കുന്നത് നമ്മുടെ പോരായ്മകളിലേക്ക് മാത്രമാണെന്ന് നമുക്ക് അറിയാമല്ലോ. ഇപ്പോഴും ചില സ്ത്രീകള്‍ പേടി കാരണമോ മടി കാരണമോ പൊതുരംഗത്തേക്കിറങ്ങാന്‍ വിസ്സമ്മതിക്കാറുണ്ട്.’ മോനാ നബീല എന്ന സ്ത്രീയുടെ വാക്കുകളാണിത്. ഓണ്‍ലൈനായും ഓഫ്ലൈനായും മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ മേലില്‍ സമൂഹം ചാര്‍ത്തിവെച്ചിട്ടുള്ള അടിച്ചമര്‍ത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും വാര്‍ത്തകള്‍ അവരുടെ സമൂഹത്തിലെ ഇടപെടലുകള്‍ വഴിയും അവരുടെ സംസാരങ്ങള്‍ വഴിയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ആരെന്നും ഞങ്ങളുടെ യഥാര്‍ഥ ജീവിതം എങ്ങനെയാണെന്നും നിങ്ങള്‍ കേട്ടതും അറിഞ്ഞതും ഒന്നുമല്ല യഥാര്‍ഥ ഞങ്ങളെന്നും വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ആളുകളിലെത്തിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ ഒരുപാട് സഹായകമാവുന്നുണ്ട്. ഇവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വര്‍ണാഭവും എളിമയുള്ളതും മനോഹരമായതും അതേസമയം ചിന്തിക്കാന്‍ എന്തൊക്കെയോ ബാക്കിവെക്കുന്നതും പലപ്പോഴായി ആളുകള്‍ മുസ്‌ലിം സ്ത്രീക്കായി മാത്രം മാറ്റിവെച്ച പല മുന്‍ധാരണകളെയും പൊളിച്ചുമാറ്റുന്നവയുമാണ്.

ഇത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഹിജാബ് ഫാഷനും അതോടൊപ്പം സമൂഹത്തില്‍ ശക്തമായി ഇടപെടാനുള്ള മനസ്സുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മുസ്‌ലിം സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. അവരുടെ ശക്തിയും കഴിവും ജനങ്ങളിലെത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സ്ഥിതിയിലേക്ക് സമൂഹത്തെ മാറ്റുന്നു. അടിച്ചമര്‍ത്തപ്പെടുന്നവള്‍ എന്നിടത്തുനിന്നും എല്ലാത്തിനും കഴിവുള്ളവള്‍ എന്നതിലേക്ക് മുസ്‌ലിം സ്ത്രീ മാറ്റപ്പെടുന്നു. അവളുടെ വിശ്വാസവും അവരുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളും ഇനി മുതലെങ്കിലും ഒരുമിച്ചുവായിക്കപെടേണ്ടിയിരിക്കുന്നു.

അനൂഷ് സുല്‍ത്താനി: (വൈക്കറ്റോ സര്‍വകലാശാല, ന്യൂസിലാന്‍ഡ്), ഹന്ന തിന്യയന്‍: (യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി)
കടപ്പാട്: ദി കോണ്‍വെര്‍സേഷന്‍
വിവ: ശാദിയ റഹ്മാന്‍
അനൂഷ് സുല്‍ത്താനി, ഹന്ന തിന്ന്യന്‍

You must be logged in to post a comment Login