വ്യര്‍ഥമല്ല, മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര സങ്കല്‍പങ്ങള്‍

വ്യര്‍ഥമല്ല, മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര സങ്കല്‍പങ്ങള്‍

ലോകോത്തരമായ ഒട്ടുമിക്ക കലാ മ്യൂസിയങ്ങളുടെയും ഇപ്പോഴത്തെ പ്രധാനപ്പെട്ട ആകര്‍ഷണം വിവിധതരം വസ്ത്രധാരണങ്ങളുടെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന വിഭാഗങ്ങളാണ്. ഫാഷന്‍ ലോകത്തെ വൈവിധ്യങ്ങള്‍ പോലെ മതപരമായ വസ്ത്രധാരണ രീതികളും ഇതില്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ന്യൂയോര്‍ക്കിലുള്ള മെട്രോപൊളിറ്റന്‍ മ്യൂസിയം ‘ഹെവന്‍ലി ബോഡീസ്: ഫാഷനും കത്തോലിക്കരുടെ ഭാവനയും’ എന്ന പേരില്‍ ഒരു ഫാഷന്‍ പ്രദര്‍ശനം നടത്തുകയുണ്ടായി. ഏകദേശം 1.6 ദശലക്ഷം ആളുകള്‍ പങ്കെടുത്ത ഈ പ്രദര്‍ശനം മ്യൂസിയത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പേരുകേട്ട ഒന്നായി മാറി. അതിനുശേഷം സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡി യൂങ് മ്യൂസിയം ഇസ്‌ലാമിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളുമായി ബന്ധപെട്ടു ഒരു പ്രദര്‍ശനം നടത്തി. മുസ്‌ലിം വിരുദ്ധതയുടെ മൂര്‍ച്ചയില്‍ നില്‍ക്കുന്ന ഈ സമയത്തു ഇസ്‌ലാമിന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നടത്തിയ ഇങ്ങനെയൊരു പ്രദര്‍ശനം ഒരു വലിയ മുന്നേറ്റം തന്നെയാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണവും അതിലുണ്ടായ മാറ്റങ്ങളെയും കുറിച്ച് പഠിക്കുമ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു കാര്യം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാം വിരുദ്ധതയെ നല്ലൊരു പരിധി വരെ മുസ്‌ലിം വനിതകളുടെ വസ്ത്രധാരണത്തിലൂടെ വെല്ലുവിളിക്കാന്‍ കഴിയുമെന്നതാണ്. ഇതിനുള്ള മൂന്ന് ഉദാഹരണങ്ങളാണ് ചുവടെ.

1.
ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിലും അവയുടെ വിശദീകരണങ്ങളിലും എളിമയുള്ള, മിതത്വമാര്‍ന്ന വസ്ത്രധാരണത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും വസ്ത്രധാരണ രീതിയുടെ നൈതിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുറെ സമയമൊന്നും ഇസ്‌ലാം ഉപയോഗപ്പെടുത്തിയിട്ടില്ല. വസ്ത്രം, പൊതു ഇടങ്ങളിലെ സാന്നിധ്യം, സാമൂഹിക സമ്പര്‍ക്കം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായ കാഴ്ചപ്പാട് ഉണ്ട്. എന്നാല്‍ ഇസ്‌ലാമില്‍ സൂചിപ്പിക്കുന്ന എളിമ എന്ന് പറയുന്ന വസ്ത്രധാരണ സങ്കല്‍പ്പം ലോകത്തെല്ലായിടത്തുമുള്ള മുസ്ലിംകള്‍ക്കിടയില്‍ തന്നെ ഒരേ പോലെ കാണപ്പെടുന്ന ഒന്നല്ല എന്നുള്ളതാണ്. അതിനു നാടുകളുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ തനത് മുദ്രകളുണ്ട്.

ഞാന്‍ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കായി ഇറാന്‍, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയുണ്ടായി. ഇറാന്റെ പീനല്‍ കോഡ് വളരെ ശക്തമായിത്തന്നെ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ഇസ്‌ലാമിക വസ്ത്രങ്ങളെ ധരിക്കാവൂ എന്ന് പറയുന്നുണ്ട്. തന്റെ ശരീരമോ മുടിയോ പൊതുവായി പ്രദര്‍ശിപ്പിക്കാന്‍ ഇവിടെ സ്ത്രീകള്‍ തയാറാവുകയാണെങ്കില്‍ പ്രത്യേക മതപൊലീസ് അവരെ അറസ്റ്റ് ചെയ്യാനും പിഴ ചുമത്താനുമൊക്കെ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും നില നില്‍ക്കുമ്പോള്‍ പോലും ഇവിടുത്തെ സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ട്. ജീന്‍സ് മുതല്‍ ബൊഹീമിയന്‍ വസ്ത്രധാരണ രീതികള്‍ വരെ ഇസ്‌ലാമിക അന്തരീക്ഷത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പരീക്ഷിക്കുകയാണ് പുതു തലമുറ.
ലോകത്ത് ഏറ്റവും പേരുകേട്ട മുസ്‌ലിം രാജ്യമാണ് ഇന്തോനേഷ്യ. 30 വര്‍ഷങ്ങള്‍ മുന്‍പുവരെ ഇവിടുത്തെ സ്ത്രീകള്‍ തല മറക്കുകയോ വസ്ത്രധാരണത്തില്‍ എളിമ നിലനിര്‍ത്തുകയോ ചെയ്തിരുന്നില്ല. ഇന്ന് ഇവിടുത്തെ പ്രാദേശിക ശൈലികള്‍ ക്രിസ്റ്റല്‍, സെക്വിന്‍ തുടങ്ങിയ എംബ്രോയിഡറി ഡിസൈനുകള്‍ ചേര്‍ത്ത് പുതിയ ഫാഷന്‍ സങ്കല്പങ്ങള്‍ വ്യാപകമാവുകയും മലേഷ്യ, സിങ്കപ്പൂര്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കിടയിലും പ്രചാരം നേടുകയും ചെയ്തു. ഇന്തോനേഷ്യയിലെ തനത് തുണിത്തരമായി സര്‍ക്കാര്‍ പരിഗണിക്കുകയും മൂല്യം വര്‍ധിപ്പിക്കുകയും ചെയ്ത ബാഥിക് തുണിത്തരങ്ങള്‍ മുതല്‍ പേസ്റ്റല്‍ ഷിഫോണ്‍ തുണികള്‍ വരെ മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര സങ്കല്‍പ്പങ്ങളുടെ പ്രധാന ആകര്‍ഷണമായി തീര്‍ന്നിട്ടുണ്ട്.

തുര്‍ക്കിയുടെ കാര്യം എടുക്കുകയാണെങ്കില്‍ അത്താതുര്‍ക്ക് മുതലുള്ള അധികാരികള്‍ മുസ്‌ലിം വനിതകളെ ഇസ്‌ലാമിന്റെ വസ്ത്രരീതി സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. അന്നത്തെ ആളുകള്‍ ഇസ്‌ലാമിനെ കുറിച്ചു കൂടുതലായി അറിയാത്തവരോ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരോ ആയിരുന്നു. പരിപൂര്‍ണമായ പാശ്ചാത്യവത്കരണമായിരുന്നല്ലോ അന്നത്തെ തുര്‍ക്കി സര്‍ക്കാരുകളുടെ ലക്ഷ്യം. ഇസ്‌ലാമിലെ മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ചയോടെ ഇതില്‍ വലിയൊരു മാറ്റമാണ് ഉണ്ടായത്. മുസ്‌ലിം വനിതകള്‍ അവരുടെ വിദ്യാഭ്യാസത്തിനായും ജോലി ചെയ്യുന്നതിന് വേണ്ടിയും ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രം ധരിക്കുന്നതിനും വേണ്ടി വാദിക്കാന്‍ തുടങ്ങി. ഇന്ന് പ്രാദേശിക വസ്ത്രശാലകള്‍ വരെ തുര്‍ക്കിയില്‍ കഴുത്തറ്റം വരുന്ന, ശരീരത്തോട് നീതി പുലര്‍ത്തുന്ന, മുടി മുഴുവനായും മറക്കുന്ന ഇസ്‌ലാമിക വേഷങ്ങള്‍ വിപണിയിലിറക്കാന്‍ മത്സരിക്കുന്നു.
അമേരിക്കയിലും മുസ്‌ലിം ഫാഷന്റെ വ്യത്യസ്തങ്ങളായ രൂപങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇത് ഏകദേശം 3.4 ദശലക്ഷം മുസ്‌ലിംകളുള്ള അമേരിക്കയുടെ വൈവിധ്യത്തെ ആണ് പ്രതിഫലിപ്പിക്കുന്നത്. അമേരിക്കയിലുള്ള 58% മുസ്‌ലിംകളും ഏകദേശം 75 രാജ്യങ്ങളില്‍ നിന്നായി അവിടെ എത്തിച്ചേര്‍ന്നിട്ടുള്ള കുടിയേറ്റക്കാരാണ്. അതുകൊണ്ട് തന്നെ അവിടെ ജനിച്ചുവീഴുന്ന ഓരോ മുസ്‌ലിമും വ്യത്യസ്തരാണ്. മുസ്‌ലിംകളില്‍ തന്നെ പകുതിയിലധികം ആളുകളുടെയും കുടുംബങ്ങള്‍ മൂന്നു തലമുറകളായി അമേരിക്കയില്‍ തന്നെ ജീവിക്കുന്നവരാണ് താനും. ഇത്തരത്തില്‍ വംശപരമായി ഉണ്ടായിവന്നിട്ടുള്ള വൈവിധ്യം അവരുടെ വസ്ത്രധാരണരീതിയെ കൂടി സ്വാധീനിച്ചതായി കാണാന്‍ കഴിയും. വസ്ത്രധാരണ രീതികള്‍ സ്റ്റേറ്റിന്റെ നിയമം മൂലം നിര്‍ബന്ധിക്കുന്നിടത്തും സ്വമേധയാ ഉള്ള തിരഞ്ഞെടുപ്പാകുന്നിടത്തും ഇസ്‌ലാമിക വസ്ത്രധാരണ രീതികള്‍ എത്രത്തോളം നിലനില്‍ക്കുന്നു എന്നതിന്റെ വ്യത്യാസം ഇറാനിലെയും മറ്റു നാടുകളിലെയും സ്ഥിതി പറയുന്നു.

2.
മുസ്‌ലിംകളല്ലാത്ത പലരും ഇന്നത്തെ കാലത്തും, മുസ്‌ലിം സ്ത്രീകളുടെ വസ്ത്രരീതിയും അവര്‍ ഉപയോഗിക്കുന്ന ഹിജാബും അടിച്ചമര്‍ത്തലിന്റെ ചിഹ്നങ്ങളായാണ് കാണുന്നത്. ഒരു നല്ല മുസ്‌ലിം എങ്ങനെയായിരിക്കണം എന്ന ഇസ്‌ലാമിക വിശ്വാസത്തിന്റെ ആശയങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്നത് തന്നെയാണ് മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണരീതിയെന്നു നിസ്സംശയം പറയാന്‍ കഴിയും. അമുസ്‌ലിം സ്ത്രീകള്‍ക്കുപോലും തങ്ങളുടെ ഇഷ്ടങ്ങളും അവരുടേത് മാത്രമായ സ്വഭാവസവിശേഷതകളും അനുസരിച്ചുള്ള പ്രതീക്ഷകളും ആവശ്യങ്ങളും നേടിയെടുക്കാന്‍ വലിയ വിലപേശലുകള്‍ സ്വന്തം സമൂഹത്തിലും കുടുംബത്തിലും വേണ്ടി വരുന്നുണ്ടെങ്കില്‍ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണമാണ് ആകെയുള്ള പ്രശ്‌നം എന്നാണ് ഇത്തരം ചര്‍ച്ചകളുടെ ഭാവം. എന്നാല്‍ മുസ്‌ലിം സ്ത്രീയുടെ അവസരങ്ങളും തിരഞ്ഞെടുപ്പുകളും മറ്റു മതവിശ്വാസികളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. എന്റെ പുസ്തകത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്ന എല്ലാ സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണരീതി സ്വാതന്ത്ര്യത്തിന്റെയും അവരുടെ വ്യത്യസ്തവും മനോഹരവുമായ സ്വത്വത്തിനെ പ്രതിനിധാനം ചെയ്യാന്‍ വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. താരി എന്ന ഇന്‍ഡോനേഷ്യയിലെ ഒരു കോളജ് വിദ്യാര്‍ഥിനി മാതാപിതാക്കളുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും സ്വേഷ്ടപ്രകാരം ഹിജാബ് തിരഞ്ഞെടുത്തത് സമൂഹത്തിന് മുന്നില്‍ തന്റെ മതത്തിന്റെ മനോഹാരിത കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ്. ഹിജാബ് ധരിക്കുന്നത് താരിക്ക് പഠനശേഷം ജോലി ലഭിക്കാതിരിക്കാന്‍ കാരണമാവുമെന്ന് അവളുടെ മാതാപിതാക്കള്‍ വേവലാതിപ്പെടുന്ന അതെ സമയത്താണ് അതിനെയെല്ലാം അവഗണിച്ചുകൊണ്ട് താരി മുന്നോട്ടുപോകുന്നത്.

ഇസ്താംബൂള്‍ കോമേഴ്സ് യൂണിവേഴ്‌സിറ്റിയില്‍നിന്നും കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ നൂര്‍ ഇസ്‌ലാമിക വസ്ത്രരീതി വളരെ ഭംഗിയായി പിന്തുടരുന്ന യുവതിയാണ്. എന്നാല്‍ ഇന്നത്തെ വാണിജ്യ ലോകത്ത് വസ്ത്രവിപണി മുസ്‌ലിം സ്ത്രീകളെവെച്ചുകൊണ്ട് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ അവര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണരീതി മാന്യവും മിതത്വം നിറഞ്ഞതുമാണ് അതിനെയൊരിക്കലും വിപണിയുടെ കനത്ത പണമിടപാടുകളിലേക്ക് കൂട്ടിക്കെട്ടാന്‍ പാടില്ലായെന്നാണ് നൂര്‍ വിശ്വസിക്കുന്നത്. വസ്ത്രവിപണിയിലുള്ള ഡിസൈനര്‍മാരും തങ്ങളുടെ സമുദായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മാര്‍ഗമായി വസ്ത്രങ്ങളെ കാണുന്നു. ഡി യൂങില്‍ നടന്ന പ്രദര്‍ശനത്തില്‍ സെലിന്‍ സീമാന്‍ എന്ന ഡിസൈനറുടെ ഹിജാബ് ഏറെ ശ്രദ്ധ നേടിയിരുന്നു. ട്രംപ് പുറത്തിറക്കിയ യാത്രാനിരോധത്തിനെ വിമര്‍ശിക്കുന്ന ഒന്നായിരുന്നു അത്. അമേരിക്കയിലേക്ക് യാത്രാനുമതി നിഷേധിച്ച രാജ്യങ്ങള്‍ അടങ്ങിയ നാസയുടെ ഒരു സാറ്റലൈറ്റ് ചിത്രവും കൂടെ ‘യമിിലറ’ എന്ന വാക്കും ചേര്‍ത്ത ഒരു ഹിജാബായിരുന്നു അത്.

3.
2017ല്‍ നടത്തിയ ഒരു സര്‍വേയില്‍ അമേരിക്കയിലെ 50% ആളുകളും ഇസ്‌ലാം അവരുടെ മുഖ്യധാരാസമൂഹത്തിന്റെ ഭാഗമല്ല എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മുസ്‌ലിം മോഡലുകളും മുസ്‌ലിം വസ്ത്രങ്ങളുടെ ഡിസൈനര്‍മാരും ഫാഷന്‍ ലോകത്തു അറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ നമ്മുടെ കൂട്ടത്തിലുള്ളവരല്ല, അവര്‍ പുറത്തുനിന്നുള്ളവരാണ് എന്ന വാദത്തിന് മാറ്റംവരുത്താന്‍ ഇവരുടെ ശ്രമങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മുസ്‌ലിം മോഡലുകള്‍ ലോകത്തെ പല പ്രമുഖ ബ്രാന്‍ഡുകളുടെയും വക്താക്കളാവുന്നു വെന്നത് മാറ്റങ്ങളുടെ വലിയ ഉദാഹരമാണ്.
ഇസ്‌ലാമിന്റെ അലങ്കാരങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള വസ്ത്രവിപണി ഇന്ന് മുസ്‌ലിംകളെ മാത്രമുദ്ദേശിച്ചുകൊണ്ടല്ല നിലനില്‍ക്കുന്നത്. ഇത് എല്ലാത്തരം ഉപഭോക്താക്കളെയുമാണ് ലക്ഷ്യം വെക്കുന്നത്. ബ്രിട്ടീഷ് മുസ്‌ലിം ഡിസൈനര്‍ ആയിട്ടുള്ള ഹന താജിമയുടെ ഏറ്റവും പുതിയ വസ്ത്ര സമാഹാരങ്ങളെ കുറിച്ച് പറഞ്ഞുകേട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇത് സാംസ്‌കാരികമായി വളരെ ഗൗരവമുള്ളതും അങ്ങേയറ്റം വൈവിധ്യമായതുമായ സമാഹാരം എന്നാണ്.

സാംസ്‌കാരികവൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വസ്ത്രവിധാനമാണ് കൂടുതല്‍ മനോഹരമാവുക. മുസ്‌ലിം ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്യുകയും മുസ്‌ലിംകളും അല്ലാത്തവരും പ്രചാരം കൊടുക്കുകയും ചെയ്ത ലളിതവും ആത്മസ്വത്വപരമായി താഴ്മയുള്ളതുമായ വസ്ത്രധാരണം അതിലേറ്റവും പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. മുഖ്യധാരാസമൂഹത്തിന്റെ ഒരു ഭാഗമാണ് മുസ്‌ലിംകളും എന്നതിനപ്പുറം അതിന്റെ പലവിധേനയുള്ള സാംസ്‌കാരികതകളെ പരുവപ്പെടുത്തുന്നവര്‍ കൂടിയാണ് മുസ്‌ലിംകള്‍ എന്ന് പുതിയ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ തെളിയിക്കുന്നു.

(ലിസ് ബുകാര്‍: അസിസ്റ്റന്റ് പ്രൊഫസര്‍. മതം, തത്വ ശാസ്ത്രം- നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാല, ബോസ്റ്റണ്‍, മസാച്യുസെറ്റ്‌സ്)
കടപ്പാട്: ദ ഇന്‍ഡിപെന്‍ഡന്റ്
വിവ. ശാദിയ റഹ്മാന്‍
(ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ഡല്‍ഹി)
ലിസ് ബുകാര്‍

You must be logged in to post a comment Login