ശിരസ്സാവഹിക്കുന്നു; ക്വിക്‌സോട്ടുകളേ ഹാ കഷ്ടം!

ശിരസ്സാവഹിക്കുന്നു; ക്വിക്‌സോട്ടുകളേ ഹാ കഷ്ടം!

1921 ഡിസംബര്‍ ആറിന്, അബുള്‍ കലാം ആസാദ് കൊല്‍ക്കത്തയിലുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി ദേശീയപ്രസ്ഥാനത്തില്‍ സജീവമായ കാലം. അബുല്‍കലാം കൊല്‍ക്കത്തയില്‍നിന്ന് ഗാന്ധിജിക്ക് ഒരു കത്തെഴുതുന്നുണ്ട്. കത്ത് ഇങ്ങനെ ആയിരുന്നു: ‘ബോംബെയില്‍ വെച്ച് നമ്മള്‍ കേട്ടതിലും ഗുരുതരമാണ് കൊല്‍ക്കത്തയിലെ സ്ഥിതികള്‍. അടിച്ചമര്‍ത്തല്‍ അതിരൂക്ഷമാണ്. പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാന്‍ മാരകമായ ബലം പ്രയോഗിക്കുകയാണ് സര്‍ക്കാര്‍.’ കത്തിന് പിന്നാലെ ആസാദ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരാഴ്ചമുന്‍പേ ആസാദ് അറസ്റ്റിലായി. ദേശീയ പ്രസ്ഥാനത്തിന്റെ സമ്മോഹനമായ ചരിത്രത്തില്‍ ആ അറസ്റ്റുണ്ട്. രണ്ട് വട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു ആസാദ്. ആദ്യവട്ടം 1923-ല്‍. രണ്ടാം വട്ടം 1940-ല്‍. ആദ്യ വട്ടം പിന്‍ഗാമി മഹാത്മാ ഗാന്ധി ആയിരുന്നു. ഗാന്ധിക്കൊപ്പം ദേശീയ പ്രസ്ഥാനത്തെ നയിച്ച ആസാദ് ഹിന്ദു-മുസ്‌ലിം ദ്വന്ദം എന്ന ബ്രിട്ടീഷ് തന്ത്രത്തെ നഖശിഖാന്തം എതിര്‍ത്തു. ഏക രാഷ്ട്രം പ്രചരിപ്പിച്ചു. ജിന്നയെ ഫാഷിസ്റ്റ് എന്ന് വിളിച്ചു. ഇന്ത്യന്‍ മുസല്‍മാന്‍ പില്‍ക്കാല ജീവിതത്തില്‍ അനുഭവിച്ച അപരത്വത്തിന്റെ ആണിക്കല്ല് വിഭജനമായിരുന്നു എന്നോര്‍ക്കണം. ദീര്‍ഘദര്‍ശിയായ ആ സ്വാതന്ത്ര്യസമര നായകന്‍ 1958-ല്‍ അന്തരിച്ചു. ഇന്ത്യ എന്ന ആധുനിക ദേശരാഷ്ട്രം ദേശീയപ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഫലമാണ്. അതിനാല്‍ നാം ആ കാലത്തെ ഇപ്പോഴുമോര്‍ക്കണം. അങ്ങനെ ഓര്‍ക്കുമ്പോള്‍ ഗാന്ധിക്കൊപ്പം അതാ ആസാദുമുണ്ട്. ആധുനിക ഇന്ത്യക്ക് ഭരണാസ്ഥിവാരം ചമച്ചത് ആദ്യ സര്‍ക്കാരാണ്. നെഹ്‌റുവായിരുന്നു പ്രധാനമന്ത്രി. വിദ്യാഭ്യാസ മന്ത്രി ആയിരുന്നു ആസാദ്. ധീരോദാത്തനും അതിപ്രതാപ ഗുണവാനുമായ നായകന്‍ എന്ന് നെഹ്‌റു. അങ്ങനെ ഇന്ത്യയെക്കുറിച്ച് രാഷ്ട്രീയമായി ആലോചിക്കുമ്പോഴെല്ലാം തിളങ്ങി നില്‍ക്കുന്നു അബുള്‍കലാം ആസാദ്. മുസ്‌ലിം ആയിരുന്നു. വിശ്വാസി മുസ്‌ലിം. സ്വാതന്ത്ര്യാനന്തരമുള്ള ഭരണസംവിധാനത്തെക്കുറിച്ചും വലിയ ആലോചനകള്‍ നടന്നിരുന്നല്ലോ? ആസാദുള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ ജനാധിപത്യത്തിലാണ് മുറുകെപ്പിടിച്ചത്. അതിനുള്ള വളരെ പ്രത്യക്ഷമായ കാരണം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സര്‍വഥാ കരുത്തുള്ള മറ്റൊരു രാഷ്ട്രീയ സംവിധാനം വേറെയില്ല എന്നതായിരുന്നു.

ജനാധിപത്യം ഒരു ഭരണസംവിധാനവും ഒരു രാഷ്ട്രത്തിന്റെ സവിശേഷമായ ജീവിത പദ്ധതിയുമാണ്. രാഷ്ട്രത്തില്‍ പലതരം ജീവിതങ്ങളുണ്ട്. പലതരം വിശ്വാസങ്ങളുണ്ട്. അതില്‍ നിശ്ചയമായും മതവിശ്വാസവുണ്ട്. ഒരു മതവിരുദ്ധ രാഷ്ട്രീയ രൂപമായി ജനാധിപത്യം എങ്ങും രൂപപ്പെട്ടിട്ടില്ല, നിലനില്‍ക്കുന്നില്ല. മതസഹിതമായ മതേതരത്വം എന്ന ആശയത്തിലേക്കാണ് ജനാധിപത്യം എപ്പോഴും വാതില്‍ തുറക്കുക. മതവിശ്വാസികളുടേതുകൂടിയായ ഒരു ഭരണസംവിധാനമാണ് ജനാധിപത്യം. ആ കൂടലിന്റെ അടിസ്ഥാന ഗ്രന്ഥം നമുക്കറിയുന്നതുപോലെ ഭരണഘടനയാണ്. ആസാദുള്‍പ്പെടെയുള്ള പലതരം വിശ്വാസികള്‍ ഒരുമിച്ചിരുന്നാണ് ഇന്ത്യക്ക് ഒരു ഭരണഘടന എഴുതിയുണ്ടാക്കുന്നത്. വിശ്വാസിയല്ലാത്ത നെഹ്‌റുവിന്റെ പ്രമേയത്തെയാണ് നാമിന്ന് അതിന്റെ ആമുഖമായി വായിക്കുന്നത്. വിശ്വാസികളായ മനുഷ്യര്‍ അതിന്റെ പലതരം ചിറകുകള്‍ വരച്ചുണ്ടാക്കി. അങ്ങനെ വിശ്വാസവും അവിശ്വാസവും ഒരു സിംഫണിയിലെന്നപോലെ മാലികയായി മാറിയ അപൂര്‍വ നിമിഷമാണ് ഭരണഘടന. അനേകമായ വൈജാത്യങ്ങളെ അതിസുന്ദരമായി, അതി വിദഗ്ധമായി കോര്‍ത്തുകെട്ടിയ ചരട്. പരസ്പരം എന്ന വാക്കിലാണ് അതിന്റെ വിളങ്ങല്‍.

എങ്കിലും വിഭിന്ന താല്‍പര്യങ്ങള്‍ നിറഞ്ഞാടുമല്ലോ ഒരു രാജ്യത്ത്. മതഗ്രന്ഥങ്ങള്‍ക്ക് വിശ്വാസത്തിന്റെ കെട്ടുബലം ഉണ്ടല്ലോ? ഭരണഘടനക്ക് ആ ബലമില്ല. അപ്പോള്‍ അത് ഇടക്ക് അഴിയുകയും ദുര്‍ബലമാവുകയും ചെയ്യില്ലേ? ചെയ്യും. അതിനുള്ള ഉത്തരവും അതേ ഭരണഘടനയാല്‍ സൃഷ്ടിക്കപ്പെട്ടു. നാമതിനെ ജുഡീഷ്യറി എന്ന് വിളിച്ചു. ഒരിക്കലും തിരുത്താനാവാത്ത വിധം ജുഡീഷ്യല്‍ റിവ്യൂ എന്ന കെട്ടുറപ്പിക്കല്‍ സംവിധാനം രൂപപ്പെടുത്തി. ഭരണഘടനക്ക് അങ്ങനെ ഒരു കാവലാളുണ്ടായി. കടത്തിപ്പറഞ്ഞാല്‍ മതവിശ്വാസികള്‍ക്ക് ൈദവമെന്നപോല്‍ മതവിശ്വാസികളും മതരഹിതരും എല്ലാം നിറഞ്ഞ ജനാധിപത്യ വിശ്വാസികളുടെ ദൈവമായി ഒരു സംരക്ഷകന്‍. സുപ്രീം കോടതി എന്ന് പേര്. ഇന്ത്യ എന്താണ് എന്ന ലളിത പാഠം ഇവിടെ തീരുന്നു. ദേശീയപ്രസ്ഥാനം, ജനാധിപത്യം, മതസഹിത മതേതരത്വം, ഭരണഘടന, സുപ്രീം കോടതി എന്നീ താക്കോല്‍ വാക്കുകള്‍ ഓര്‍മയിരിക്കട്ടെ. ഇനി മറ്റൊരു വിഷയം സംസാരിക്കാം.

ബാബരി മസ്ജിദ് എന്ന ‘മുസ്‌ലിം പ്രശ്‌നം’ അവസാനിച്ചിരിക്കുന്നു. ഇന്ത്യന്‍ മുസല്‍മാന്‍ അവരുടേതല്ലാത്ത കാരണത്താല്‍ പേറേണ്ടിവന്ന നിരവധിയായ ‘മുസ്‌ലിം പ്രശ്‌ന’ങ്ങളിലൊന്നായിരുന്നല്ലോ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം? ആ തര്‍ക്കത്തിന് സുപ്രീം കോടതി അസാധാരണങ്ങളില്‍ അസാധാരണമായ ഒരു വിധിന്യായത്തിലൂടെ, ഏകകണ്ഠവും അനുബന്ധക്കുറിപ്പിന് അടിപ്പേരില്ലാതെയും അവധിദിവസത്തില്‍ ചേര്‍ന്നും പ്രഖ്യാപിച്ച അത്രദീര്‍ഘമല്ലാത്ത വിധിന്യായത്തിലൂടെ ആ തര്‍ക്കത്തിന് അന്ത്യം കാണാന്‍ ശ്രമിച്ചിരിക്കുന്നു. കണ്ടിരിക്കുന്നു എന്നാണ് ആദ്യമെഴുതിയത്. എന്‍.എസ്. മാധവന്റെ ചുല്യാറ്റ് എന്ന പത്രാധിപര്‍ അതിനെ ശ്രമിച്ചിരിക്കുന്നു എന്ന് നീലപ്പെന്‍സില്‍ കൊണ്ട് വെട്ടിത്തിരുത്തിയെന്ന് ചമല്‍കരിച്ചോളൂ. ബാബരിപ്പള്ളി നിലനിന്നിരുന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. തര്‍ക്കം തീര്‍ന്നു. തര്‍ക്കഭൂമി ഇനിയില്ല. പകരം രാമജന്‍മഭൂമി.
അസാധാരണമായ ഒരുക്കങ്ങള്‍ വിധിക്ക് മുമ്പേ കണ്ടു. രാജ്യം അക്ഷരാര്‍ഥത്തില്‍ ബന്തവസ്സിലായി. അരുതാത്തത് സംഭവിക്കുമെന്ന മുന്‍വിധികള്‍ മാധ്യങ്ങളില്‍ പടര്‍ന്നു. മുസ്‌ലിം സംഘടനാ നേതാക്കളില്‍ നിന്ന് സമവായത്തിന്റേയും സമാധാനത്തിന്റേയും സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ എഴുതിവാങ്ങി തുടര്‍ച്ചയായി അച്ചടിച്ചു. സംഘര്‍ഷസാധ്യതയെന്ന് സര്‍ക്കാര്‍ കണക്കിട്ട ജനവാസകേന്ദ്രങ്ങളില്‍ കണ്ണിമ ചിമ്മാതെ കാവല്‍. സാമൂഹ്യമാധ്യമങ്ങള്‍ പൂര്‍ണമായും നിരീക്ഷണത്തിലെന്ന് സര്‍ക്കാര്‍. അതെങ്ങനെ നടപ്പാകും എന്ന ചോദ്യം പോലുമില്ലാതെ ആ മുന്നറിയിപ്പ് സ്വീകരിക്കപ്പെട്ടു. എന്നിട്ടോ? വിധി വന്നു. ചാനലുകളായ ചാനലുകള്‍ തൊണ്ടപൊട്ടിച്ചു. എന്നിട്ടോ? പൊട്ടിയോ പൊട്ടിയോ എന്ന സെക്യുലര്‍ അന്വേഷണങ്ങള്‍ തമാശകളുടെ മുഖംമൂടിയണിഞ്ഞ് വംശീയതയുടെ കളസമിട്ടു. എന്നിട്ടോ?

ഇന്ത്യ ശനിയാഴ്ചയില്‍ നിന്ന് അതിസ്വാഭാവികമായി ഞായറാഴ്ചയിലെത്തി. സമാധാനത്തിന്റെ പതാകയേന്തിയ മുസല്‍മാന്‍മാര്‍ക്ക് നന്ദിയാശംസകളുമായി സമൂഹമാധ്യമച്ചന്തകള്‍ സജീവമായി. നാണംകെട്ട ആ ആശംസകളും ഒരു പ്രകോപനവും സൃഷ്ടിച്ചില്ല. രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ, നിയമവാഴ്ചയെ, നിയമസംവിധാനത്തെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വാക്കും ഒരു മുസല്‍മാനില്‍ നിന്നും പുറപ്പെട്ടില്ല. അഹോ ഇവരെന്താവാം ഇങ്ങനെ എന്ന് പുതിയ ചിന്തകള്‍. ഭയപ്പെട്ടിട്ടെന്ന് തീര്‍പ്പുകള്‍. ആ തീര്‍പ്പുകളും നിറഞ്ഞു മാധ്യമങ്ങളില്‍. ഭയപ്പെട്ടു എന്ന വാക്കിനോളം അപമാനകരമായി ഒന്നുമില്ലല്ലോ? എന്നിട്ടും ഏയ് ഇല്ല. ഒരു ചലനവുമില്ല. ഇത്ര എളുപ്പത്തില്‍ തീര്‍ക്കാമായിരുന്ന ഒന്നിലാണോ ഇത്രമേല്‍ ചോരപ്പുഴകള്‍ ഒഴുകിയതെന്ന് പിന്നെ കൗതുകം. ആരൊഴുക്കി എന്ന് ആരും ചോദിച്ചില്ല. പക്ഷേ, നമുക്ക് ഇപ്പോള്‍ ചോദിക്കാം. ജനാധിപത്യം ചോദ്യങ്ങളെ ഭയന്നുകൂടാ. ആരൊഴുക്കി എന്നാണ് നിങ്ങള്‍ പറയുന്നത്? ചരിത്രത്തിലേക്ക് പോകാം.

ബാബരിയുടെ കഥ ഇനി പറയേണ്ടതില്ല. മറ്റൊന്ന് പറയാം. അത് സംഘപരിവാരം എന്ന് ഇന്ന് വ്യാപകമായി വിവക്ഷിക്കപ്പെടുന്ന ഹിന്ദുത്വയുടെ ഇന്ത്യപിടിക്കല്‍ പദ്ധതിയുടെ ചരിത്രമാണ്. ആര്‍.എസ്.എസിന്റെ രണ്ടാം സര്‍സംഘ ചാലക് മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ കാലം. 1952-ല്‍ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് അസാധാരണമായ ഒരു ലേഖനം പുറപ്പെടുന്നു. Cut from its moorings, regeneration of a nation is not possible എന്ന് തലക്കെട്ട്. ഇന്ത്യയെ, ഇന്ത്യന്‍ യുവതയെ ആത്മീയതയുടെ ചരടില്‍ കെട്ടി ഉണര്‍ത്താന്‍ വഴിതിരയുന്ന ഒന്ന്. pristine purity എന്ന വാക്ക് ഉയരത്തില്‍ നിര്‍ത്തുന്നു. ദേശസ്‌നേഹം ജ്വലിപ്പിക്കാനുള്ള മാര്‍ഗമായി ഗോള്‍വാള്‍ക്കര്‍ പറയുന്നു: ” is none else but MOTHER COW, the living symbol of the Mother Earth. ” പശുദേശീയതയുടെ പിറവി നിമിഷം. രാജ്യവ്യാപകമായി പശുക്കളുണ്ട്. രാജ്യവ്യാപകമായി ഹിന്ദുക്കളുണ്ട്. ഹിന്ദുക്കള്‍ പശു ആരാധകര്‍, മുസ്‌ലിംകളും കൃസ്ത്യാനികളും പശുവിനെ ഭക്ഷിക്കാറുണ്ട്. അതിനാല്‍ പൊടുന്നനെ പശു സംരക്ഷകര്‍, പശുഘാതകര്‍ എന്ന ബൈനറി സൃഷ്ടിക്കാന്‍ കഴിയും. ആ ലേഖനത്തിന്റെ ലക്ഷ്യം അതായിരുന്നു. പല ജാതി വിഭാഗങ്ങളായി ഇടഞ്ഞും ഇണങ്ങിയും ചിതറിക്കിടക്കുന്ന ഹിന്ദു സമൂഹത്തെ ഏകീകരിക്കാന്‍ പശുരാഷ്ട്രീയത്തിന് കഴിയുമെന്ന മനസ്സിലാക്കല്‍ ആ ലേഖനത്തിനുണ്ടായിരുന്നു. ശത്രു എന്ന ഒന്നിനെ സൃഷ്ടിക്കുന്നതിനോളം ഏകീകരണശേഷി മറ്റെന്തിനുണ്ട്? 1966-ല്‍ ആ പദ്ധതിയുടെ അക്രാമകമായ പൊട്ടിപ്പുറപ്പെടലിന് ഡല്‍ഹി സാക്ഷ്യം വഹിച്ചു. ഗോവധ നിരോധനം ആവശ്യപ്പെട്ട് ആയിരങ്ങള്‍ പാര്‍ലമെന്റിന് മുന്നിലെത്തി. ഹിന്ദുത്വയുടെ ആദ്യ പരസ്യപ്രകടനം. ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നൂറ് കണക്കായ കാവിധാരികള്‍, നഗ്‌നരും അര്‍ധനഗ്‌നരുമായ സന്യാസികള്‍ അക്ഷരാര്‍ഥത്തില്‍ ഡല്‍ഹി നിറഞ്ഞു. രാജ്യം നടുങ്ങുമായിരുന്ന പ്രതിഷേധം. പക്ഷേ, ഫലം കണ്ടില്ല. ദേശീയ പ്രസ്ഥാനത്തിന്റേയും ഉന്നത ജനാധിപത്യത്തിന്റേയും വെളിച്ചങ്ങള്‍ കെടാതെ കത്തിയ കാലമായിരുന്നതിനാല്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉന്നതശീര്‍ഷരായ മാധ്യമമനുഷ്യരാല്‍ പ്രകാശിച്ച കാലമായതിനാല്‍ ആ പ്രക്ഷോഭം ഏറ്റെടുക്കപ്പെട്ടില്ല. കാലത്തിന്റെ ക്രൂര ഫലിതമായി ഹിന്ദുത്വയുടെ ഒന്നാം പ്രകടനം നനഞ്ഞടങ്ങി.

പില്‍ക്കാലം ഹിന്ദുത്വയുടെ പ്രച്ഛന്ന ജീവിതമാണ് കണ്ടത്. അരങ്ങുകള്‍ക്കായുള്ള കാത്തിരിപ്പ്. ഇക്കുറി പരസ്യ ലേഖനങ്ങള്‍ പുറത്ത് വന്നില്ല. പക്ഷേ, അണിയറ സജീവമായിരുന്നു. എണ്‍പതുകളോടെ പില്‍ക്കാലത്ത് സ്ഥിരീകരിക്കപ്പെട്ട ഗൂഡാലോചനയുടെ പിന്‍ബലത്തോടെ ഹിന്ദുത്വ അതിന്റെ രണ്ടാം പ്രകടനത്തിന് വേദി തുറന്നു. ഇക്കുറി പശുമാറി പള്ളി വന്നു. ബാബരി മസ്ജിദ്. എണ്‍പതുകളില്‍ ആളിയ പ്രശ്‌നത്തിന് കനലുകള്‍ ഏകപക്ഷീയമായി ചൊരിയപ്പെട്ടു. ദേശീയ മുസ്‌ലിം എന്ന് ഖ്യാതിയുള്ള വിശ്വാസി മുസ്‌ലിമിന് ഈ പ്രശ്‌നത്തില്‍ ഒരു പങ്കുമില്ലായിരുന്നു. ആളും പേരുമില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ പക്ഷേ, മുസ്‌ലിമിന്റെ പേരില്‍ നിര്‍മിക്കപ്പെട്ടു. ദേശീയതയുടെ അഭിമാന പ്രതീകമായി അയോധ്യ മാറി. ഗോള്‍വാള്‍ക്കറുടെ 1952-ലെ ലേഖനത്തില്‍ പശുവിന് പകരം പള്ളി എന്ന് മാത്രം ചേര്‍ത്തതുപോലെ പദ്ധതികള്‍ ഒരുങ്ങി. ഏകപക്ഷീയമായ കയ്യേറ്റത്തെ തര്‍ക്കം എന്ന ദ്വികക്ഷി സംഭവമായി സംഘപരിവാര്‍ പരിവര്‍ത്തിപ്പിച്ചു. ചെല്ലും ചെലവും കൊടുത്ത് അവര്‍ എതിര്‍ കക്ഷികളെ സൃഷ്ടിച്ചു. അത് വേണമായിരുന്നല്ലോ? കാരണം ബാബരി മസ്ജിദ് അവരുടെ രണ്ടാം പദ്ധതിയാണല്ലോ? ഇതിലെവിടെയായിരുന്നു മുസ്‌ലിം പ്രശ്‌നം?

1980-കള്‍ തൊട്ട് ബാബരി വിഷയമായി എന്ന് ആരോപിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളുടെ കണക്കെടുക്കൂ. എത്രയാണ് എണ്ണം? വിരലില്‍ എണ്ണിയെടുത്തതിനൊക്കെ അന്വേഷണക്കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ട്. 1987-ലെ മീററ്റ് കലാപം നമുക്ക് മുന്നിലുണ്ട്. വസ്തു തര്‍ക്കം മുതല്‍ ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന കയ്യേറ്റം വരെ കാരണമായി തീര്‍ന്ന ലഹള ബാബരി മസ്ജിദിന്റെ പേരില്‍ ചാര്‍ത്തി എന്നത് പുറത്തുവന്ന വസ്തുതയാണ്. 1990-ല്‍ ഹൈദരാബാദിലുണ്ടായ കലാപം? കാരണം നമുക്ക് മുന്നിലുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1992-ല്‍ ബോംബെയില്‍ അരങ്ങേറിയ കലാപത്തെക്കുറിച്ച് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ബാര്‍ബറ മെറ്റ്കാഫ് പുറത്ത് വിട്ട ചിത്രം എന്തിന് അവിശ്വസിക്കണം? സംഘപരിവാറിനോട് കൂട്ടുചേര്‍ന്ന നവസാമ്പത്തിക ശക്തികള്‍ അധോലോകം വഴി മുസ്‌ലിം നാമധാരികളെ ഉപയോഗിച്ച് നടത്തിയ ചെയ്തികള്‍ എങ്ങനെ വര്‍ഗീയ കലാപത്തിന്റെ ചിലവിലെഴുതും? അതാണ് തുടക്കത്തിലേ പറഞ്ഞത് ബാബരി മസ്ജിദ് പ്രശ്‌നം ഒരു യഥാര്‍ഥ ഹിന്ദു മുസ്‌ലിം പ്രശ്‌നമായി ഇന്ത്യയില്‍ പൂര്‍ണാര്‍ഥത്തില്‍ അരങ്ങേറിയിട്ടില്ല എന്ന്. പൂര്‍ണാര്‍ഥത്തില്‍ എന്ന വാക്ക് ബോധപൂര്‍വമാണ്. അപവാദങ്ങളുണ്ട്. അപവാദങ്ങളല്ല പക്ഷേ, ചരിത്രം.

അതിനാല്‍ ആ നന്ദികള്‍, അഭിനന്ദനങ്ങള്‍ അറിവില്ലായ്മയാണ്; കാപട്യമാണ്. ഇന്ത്യയെ അവരും ഞങ്ങളും എന്ന അപകടകരമായ ദ്വന്ദ്വത്തിലേക്ക് തളക്കാനുള്ള വഴി ആയിരുന്നു, വഴി മാത്രമായിരുന്നു ബാബരി പ്രശ്‌നം. ഇപ്പോള്‍ വീരസവര്‍ക്കറെന്ന് ജനാധിപത്യ ഇന്ത്യ ഇംപോസിഷനെഴുതുന്ന വി.ഡി സവര്‍ക്കര്‍ എത്രയോ പണിപ്പെട്ട തളക്കല്‍ എന്ന് കൂട്ടി വായിക്കുക. ഗാന്ധി പറഞ്ഞല്ലോ: ”Those Hindus who,like Dr. Moonje and Shri Savarkar, believe in the doctrine of the sword may seek to keep the Mussalmans under Hindu domination. I do not represent that section.” ഗാന്ധി കൊല്ലപ്പെടുകയും ചെയ്തു. അതിനാല്‍, നിങ്ങളുണ്ടാക്കിയ കാറ്റാടിമരങ്ങളോട് മൗലാന അബുള്‍കലാമിനെ സൃഷ്ടിച്ച ജനത, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് നടുനായകത്വം വഹിച്ച ജനത, സെര്‍വാന്റിസിന്റെ ക്വിക്‌സോട്ടിനെപ്പോലെ യുദ്ധം ചെയ്തിട്ടില്ല. പകരം നിങ്ങളായിരുന്നു ക്വിക്‌സോട്ടുകള്‍. ദേശീയപ്രസ്ഥാനം, ജനാധിപത്യം, മതസഹിത മതേതരത്വം, ഭരണഘടന, സുപ്രീം കോടതി എന്നീ ഈ കുറിപ്പിന്റെ താക്കോല്‍ വാക്കുകള്‍ ഒന്നുകൂടി ഓര്‍മിക്കുക.

പക്ഷേ, ഒന്നുണ്ട്. ഭയം കൊണ്ട് ഒരു പട്ടിയും കുരക്കാതിരിക്കുന്നില്ല എന്ന് കവിതയുണ്ടല്ലോ? ഈ കാറ്റാടി യുദ്ധത്തിന് നിങ്ങള്‍ക്ക് കൂട്ട് നിന്നവര്‍, അതിന് അസാധാരണമായി അടിയൊപ്പിട്ടവര്‍ നാളെ എത്രയെത്ര ചോദ്യങ്ങള്‍ക്കാണ് ജനാധിപത്യത്തോട്; നാളെ അത് ബാക്കിയുണ്ടെങ്കില്‍, സമാധാനം ബോധിപ്പിക്കേണ്ടി വരിക (സമാധാനം എന്ന വാക്കിന് ഉത്തരം എന്ന് അര്‍ഥമുള്ള ഭാഷയിലാണ് മേല്‍ചൊന്ന കവിതയും പിറന്നത്!)? വിശ്വാസത്തിന് നിയാമക വ്യക്തിത്വം എന്ന് വ്യാഖ്യാനം ചമച്ചതിന് എത്രയെത്ര സമാധാനങ്ങളാണ് ഇനി വേണ്ടി വരിക? ജനാധിപത്യത്തിന്റെ ആ വേദഗ്രന്ഥത്താല്‍, ഭരണഘടനയാല്‍ അവര്‍ എങ്ങനെയൊക്കെയാവും ചോദ്യം ചെയ്യപ്പെടുക? വിശ്വാസികളും അവിശ്വാസികളും ഒന്നിച്ചണിനിരന്ന ജനാധിപത്യത്തിന്റെ മഹാസിംഫണിയില്‍ നിന്ന് എന്തിനാണ് നിങ്ങള്‍ അവിവേകം കൊണ്ട് പുറത്തുപോയത്? ആ കാറ്റാടികള്‍ യോദ്ധാക്കളല്ല എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ജനാധിപത്യ വിശ്വാസികള്‍ സൃഷ്ടിച്ച ഈ മഹാലോകത്ത് എത്ര ആത്മാന്തസ്സോടെ നിങ്ങള്‍ക്കും പുലരാമായിരുന്നു? കളഞ്ഞില്ലേ എല്ലാം? ക്വിക്‌സോട്ടുകളേ ഹാ, കഷ്ടം!

കെ.കെ. ജോഷി

You must be logged in to post a comment Login