തോറ്റാലും ജയിച്ചാലും രക്ഷയില്ലാത്തവരുടെ വിധി

തോറ്റാലും ജയിച്ചാലും രക്ഷയില്ലാത്തവരുടെ വിധി

ബാബരി മസ്ജിദ് വിശ്വഹിന്ദുപരിഷത്തിന് രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ നവംബര്‍ ഒമ്പതിന്റെ ഏകകണ്ഠമായ തീര്‍പ്പുണ്ടാക്കിയ ഞെട്ടലില്‍നിന്ന് പലരും മുക്തമാകുന്നതിന് മുമ്പാണ്, കൊല്ലം സ്വദേശി അബ്ദുല്‍ ലത്തീഫ്-സജിത ദമ്പതികളുടെ ഏക മകള്‍ മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്വിമ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച വാര്‍ത്തയ റിയുന്നത്. മതത്തിന്റെ പേരിലുള്ള പീഡനങ്ങളാണ് ആ പെണ്‍കുട്ടിയെ വിടപറയാന്‍ പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തല്‍ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഫാത്വിമ എന്ന പേരുച്ചരിക്കാന്‍ പോലും അവളുടെ മരണത്തിന് ഉത്തരവാദിയായ സുദര്‍ശന്‍ പത്മനാഭന്‍ മടിച്ചിരുന്നുവത്രേ. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഇദ്ദേഹവും അതേ വര്‍ഗീയ മനോഘടനയുള്ള സഹാധ്യാപകരും ഫാത്വിമമാരോട് കടുത്ത വിവേചനം കാട്ടാറുണ്ടെന്നും പുറംലോകം അറിഞ്ഞു. മകള്‍ ഏറ്റുവാങ്ങുന്ന പീഡനങ്ങള്‍ സഹിക്കവയ്യാതെവന്നപ്പോള്‍, അവളുടെ പേര് മാറ്റുന്നതിനെ കുറിച്ച് പോലും മാതാപിതാക്കള്‍ക്ക് ആലോചിക്കേണ്ടിവന്നുവെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തി. വാപ്പുമ്മ (പിതാവിന്റെ മാതാവ്) ഇട്ട പേരായതിനാല്‍ അത് മാറ്റേണ്ട എന്നായിരുന്നുവത്രെ ആ പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. സിരകളിലോടുന്ന ചോര ജന്മ ജന്മാന്തര ബന്ധങ്ങളെ തൊട്ടുതലോടുമ്പോള്‍ ബാഹ്യദുശ്ശക്തികളുടെ സമ്മര്‍ദങ്ങള്‍ അതിജീവിക്കാനുള്ള ഒരു കുരുന്നുജീവിതത്തിന്റെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് ജീവിതത്തിന്റെ തിരശ്ശീല ബലമായിത്താഴ്ത്താന്‍ ഫാത്വിമയെ പ്രേരിപ്പിച്ചത്. മാതാപിതാക്കളോടുള്ള അടങ്ങാത്ത സ്‌നേഹത്തിനു പോലും തടഞ്ഞുനിര്‍ത്താനാവാത്ത വേദനയും നിരാശയും വിഷാദവും ഒരു മനുഷ്യജീവന്റെ മാനാപമാനബോധത്തില്‍ തട്ടി എത്ര വലിയ ദുരന്തത്തിലേക്കാണ് ആനയിക്കുന്നത് എന്നതിനപ്പുറം ഫാത്വിമയുടെ ജീവിതാനുഭവം നമുക്ക് വലിയ രാഷ്ട്രീയപാഠങ്ങള്‍ കൈമാറുന്നുണ്ട്. വര്‍ത്തമാനകാല ഇന്ത്യയില്‍ ഒരു ന്യൂനപക്ഷാംഗത്തിന്റെ, ഒരു മുസ്‌ലിമിന്റെ, അതും സ്ത്രീയുടെ അതിഗുരുതരമായ അസ്തിത്വ പ്രസിസന്ധി. പിടിച്ചുനില്‍ക്കാന്‍ വേണ്ടി മകളുടെ പേര് മാറ്റുന്നതിനെക്കുറിച്ചു പോലും മാതാപിതാക്കള്‍ക്ക് ചിന്തിക്കേണ്ടിവരുന്ന ഒരവസ്ഥ, നമ്മുടെ നാടിന്റെ സാമൂഹികകാലാവസ്ഥയുടെ ദുരന്ത ദൃശ്യമാണ് എടുത്തുകാട്ടുന്നത്.

അന്ധകാരം പരക്കുന്നു; ഭീതി നിറയുന്നു
വിഭജനത്തിന്റെ ഇരുണ്ടകാലഘട്ടത്തിലേക്കാണ് ഘടികാരം തിരിച്ചുപോകുന്നതെന്ന സത്യത്തിനു മുന്നില്‍ ഞെട്ടിവിറക്കുകയാണ് രാജ്യത്തെ മുസ്‌ലിംകള്‍! മനോവീര്യം തകര്‍ക്കപ്പെട്ട, ഒരു ജനതയായി തങ്ങള്‍ മാറിയിട്ടുണ്ടെന്ന സ്വയം വിലയിരുത്തല്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിലരെങ്കിലും ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഇവിടെ കെട്ടഴിഞ്ഞുവീഴുന്ന ജനാധിപത്യ-മതേതര വിരുദ്ധ സംഭവവികാസങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനോ അത് നമ്മുടേത് പോലുള്ള ഒരു കോണ്‍സ്റ്റിസ്റ്റ്യൂഷനല്‍ റിപ്പബ്‌ളിക്കിന്റെ ആന്തരികസത്തയെ ഏതുവിധം സ്വാധീനിക്കുമെന്ന് അപഗ്രഥിക്കാനോ താല്‍പര്യമില്ല. എല്ലാം ഇവിടെ നല്ല രീതിയില്‍ കെങ്കേമമായി മുന്നോട്ടുപോകുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമങ്ങളത്രയും. കശ്മീരിന്റെ കാര്യത്തില്‍ സംഭവിക്കുന്ന അതേ മാതൃകയില്‍; മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് പറയാതിരിക്കലാണ് ഭേദം. വിധിയെ വിമര്‍ശിച്ചാല്‍, അല്ലെങ്കില്‍ നിഷ്പക്ഷമായി വിശകലനം ചെയ്താല്‍, അത് രാമക്ഷേത്രം കെട്ടിപ്പടുക്കാനുള്ള ഭൂരിപക്ഷസമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക് എതിരാണെന്ന് വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭീതി മൂലം മൗനത്തിന്റെ വാല്‍മീകത്തില്‍ കയറിഒളിക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ തുടക്കം മുതല്‍ ശ്രമിച്ചത്. വിധിയിലെ വൈരുധ്യങ്ങളും ഹിന്ദുത്വപക്ഷപാതിത്വവും തുറന്നുകാട്ടാന്‍ ഏതാനും ഇടതുപാര്‍ട്ടികള്‍ മാത്രമാണ് മുന്നോട്ടുവന്നുകണ്ടത്. തങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല എന്ന തോന്നല്‍, നമ്മുടെ രാഷ്ട്രീയക്രമത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുമ്പോള്‍ സംഭവിക്കാവുന്ന ഭവിഷ്യത്ത് നിസ്സാരമല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ബാബരി മസ്ജിദിന്റെ ധ്വംസനത്തിനു ശേഷം പൊട്ടിമുളച്ച തീവ്രവാദചിന്താഗതിക്ക് ആക്കം കൂട്ടാനും ആത്യന്തികവാദങ്ങള്‍ക്ക് ഉശിര് പകരാനും ഇന്നത്തെ അവസ്ഥ കാരണമാകില്ലെന്ന് ആര്‍ക്ക് ഉറപ്പുനല്‍കാനാവും?

വിധി വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ എതിര്‍ശബ്ദങ്ങളും പ്രതിഷേധസ്വരങ്ങളും അടിച്ചമര്‍ത്താന്‍ ആസൂത്രിത നീക്കങ്ങളുണ്ടായി. സോഷ്യല്‍മീഡിയയുടെ മേലുള്ള കടുത്ത നിയന്ത്രണം കശ്മീരില്‍ പരീക്ഷിച്ച കൈരാതങ്ങളുടെ വകഭേദമായിരുന്നു. ഫാമിലി വാട്‌സ്ആപ് ഗ്രൂപ്പുകള്‍ പോലും അനിതരസാധാരണമായ പരിശോധനക്ക് വിധേയമായി. വിധിയെ വിമര്‍ശിച്ചാല്‍, ക്രമസമാധാനത്തിന്റെ, അല്ലെങ്കില്‍ മതവിദ്വേഷത്തിന്റെ പേര് പറഞ്ഞ്, ഗൗരവമുള്ള വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യുന്ന അനുഭവങ്ങളുണ്ടായി. വിധി കേട്ട് ഞെട്ടിയിട്ടും ആരും ഒന്നും ഉരിയാടാതിരിക്കാന്‍ കാരണം ഭരണകൂടം പൊതുസമൂഹത്തിന്റെ വായമൂടിക്കെട്ടാന്‍ ഒരുമ്പെട്ടതുകൊണ്ട് തന്നെയാണ്.

വിധി കേട്ട ഉടന്‍, റിവ്യൂ ഹര്‍ജി നല്‍കില്ല എന്ന് പ്രഖ്യാപിച്ച യു.പി സ്റ്റേറ്റ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് യഥാവിധി ചര്‍ച്ച ചെയ്യപ്പെട്ടില്ല. സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും സി.ബി.ഐ പിറകെ തന്നെയുണ്ട് എന്ന പേടിയാണ് അദ്ദേഹത്തെക്കൊണ്ട് ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് എടുപ്പിച്ചതെന്നുമുള്ള സത്യം നിഷ്പ്രയാസം തുറന്നുകാട്ടപ്പെട്ടു. കേന്ദ്രവഖഫ് ബോര്‍ഡ് ചെയര്‍മാനും ബി.ജെ.പിയുടെ പിണിയാളായതുകൊണ്ട് റിവ്യൂ ഹര്‍ജി നല്കാനില്ലെന്ന് ആദ്യം തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. വിലയ്ക്കുവാങ്ങാന്‍ ആരെയും ലഭിക്കുന്ന കെട്ട കാലഘട്ടമാണിതെന്ന് നവംബര്‍ 17ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗം ലഖ്‌നോവില്‍ ചേര്‍ന്നപ്പോള്‍ എളുപ്പത്തില്‍ മനസ്സിലായി. കോടതിവിധി വന്നപ്പോള്‍ നിരാശയും വേദനയും പങ്കുവെച്ച ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാക്കള്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് മീറ്റിങ് ചേര്‍ന്നപ്പോഴേക്കും കരണം മറിഞ്ഞു. റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന് പറഞ്ഞ് യോഗവേദി വിട്ടുപോയവര്‍, പെട്ടെന്ന് നിലപാട് മാറ്റിപ്പറഞ്ഞു. ലോബോര്‍ഡ് നേതാക്കള്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും കോടതി വാഗ്ദാനം ചെയ്ത അഞ്ചേക്കര്‍ ഭൂമി ആവശ്യമില്ലെന്നും വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയപ്പോള്‍, സമുദായത്തിന്റെ വികാരം അവരോടൊപ്പമാണെന്ന തിരിച്ചറിവാണ് റിവ്യൂ ഹര്‍ജി നല്‍കാന്‍ പോവുകയാണെന്ന് ജംഇയ്യത്ത് നേതാവ് അര്‍ശദ് മദനിയെക്കൊണ്ട് പറയിപ്പിച്ചത്. അപ്പോഴും ലോ ബോര്‍ഡിന്റെ ആധികാരിക വക്താവായി പലപ്പോഴും മീഡിയയില്‍ മുഖം കാട്ടാറുള്ള കമാലുദ്ദീന്‍ ഫാറൂഖി തുറന്നുപറഞ്ഞു; താന്‍ റിവ്യൂഹര്‍ജിക്ക് എതിരാണെന്ന്. അദ്ദേഹം എതിരായേ പറ്റൂ. കാരണം, ഡല്‍ഹിയില്‍ അദ്ദേഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും വഖഫ് ഭൂമിയിലാണ്. മോഡി സര്‍ക്കാരിനെ പിണക്കിയാല്‍ കാര്യമറിയുമെന്ന് ബോധമുള്ളയാളാണ് ഇദ്ദേഹം. ബാബരികേസിലെ യഥാര്‍ഥ മുസ്‌ലിം കക്ഷി, ഇഖ്ബാല്‍ അന്‍സാരി റിവ്യൂഹര്‍ജി നല്‍കുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയത് പാവത്തിന് പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്തതുകൊണ്ടാണ്.

അതീവ ജാഗ്രതയോടെ, കാല്‍വെച്ചില്ലെങ്കില്‍ ഏത് നിമിഷവും ദുരന്തങ്ങളുടെ ഗുഹാന്തരങ്ങളിലേക്ക് നിങ്ങള്‍ എടുത്തെറിയപ്പെടും എന്ന അശരീരി അഷ്ടദിക്കുകളില്‍നിന്നും കേള്‍ക്കുന്ന ഒരവസ്ഥ. മാധ്യമപ്രവര്‍ത്തക സവാ നഖ്‌വി വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ മുസ്‌ലിമിന്റെ ദുര്‍ഗതി അര്‍ഥവത്തായ ഒരു വാചകത്തില്‍ ഒതുക്കിപ്പറയുന്നത് കേള്‍ക്കുക: ‘It had aways been a lose-lose situation for the minority community , damned if they win, damned if they dont.’ ഏത് സാഹചര്യത്തിലും മുസ്‌ലിമിന് നഷ്ടക്കച്ചവടമാണിവിടെ. അവര്‍ കേസില്‍ വിജയിച്ചിരുന്നുവെങ്കില്‍ നഷ്ടം അവര്‍ക്കു തന്നെയായിരിക്കും. തോറ്റാലും തഥൈവ. ബാബരി മസ്ജിദ് കേസിന്റെ വിധി മുസ്‌ലിംകള്‍ക്കാണ് അനുകൂലമായിരുന്നുവെങ്കില്‍ എന്തായിരിക്കുമായിരുന്നു ഇവിടുത്തെ ക്രമസമാധാനനിലയും സാമൂഹികാന്തരീക്ഷവും? എത്ര ചോരച്ചാലുകള്‍ ഒഴുകിയിട്ടുണ്ടാവും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ ഹൃദയധമനികളിലൂടെ. മുസ്‌ലിംകള്‍ 470 വര്‍ഷം ആരാധിച്ച ഒരു പള്ളി പാതിരാവില്‍ കൈയേറിയവര്‍ക്ക് കൈമാറാന്‍ കല്‍പിക്കുകയും ആ ദേവാലയം തച്ചുതകര്‍ത്തവരെ ആ വിഗ്രഹത്തിന്റെ കാവലാളുകളായി നിയോഗിക്കുകയും ചെയ്ത പരമോന്നത നീതിപീഠത്തിന്റെ ഞെട്ടിക്കുന്ന വിധി വന്നിട്ടും, ആ വിധി മാനിക്കുന്നുവെന്ന് പറയാന്‍ ആര്‍ജവം കാണിച്ച ഒരു സമൂഹത്തെ നോക്കി ഇവര്‍ തീവ്രവാദികളുടെയും ഭീകരവാദികളുടെയും പ്രതിനിധികളാണെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ? ആത്യന്തികമായി പെരുമാറുന്ന ഒരുത്തനുണ്ടെങ്കില്‍ ഇന്നാട് ഒട്ടാകെ കത്തിച്ചാമ്പലാകുമായിരുന്നില്ലേ? സമാധാനം സ്ഥാപിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കാണത്രേ. വിട്ടുവീഴ്ചക്ക് സന്നദ്ധമാവേണ്ടതും അവരാണത്രേ. ഇവിടെ സമുദായികമൈത്രി നിലനില്‍ക്കേണ്ടതും അവരുടെ ആവശ്യമാണത്രേ. ജനാധിപത്യ-മതേതര മൂല്യങ്ങള്‍ക്ക് വല്ല പ്രസക്തിയും വേണമെങ്കില്‍ അവര്‍ അടങ്ങിയൊതുങ്ങി ജീവിച്ചുകൊള്ളണമത്രേ. പൗരന്മാരിലൊരു വിഭാഗം ആള്‍ബലത്തില്‍ കുറവാണെന്നതു കൊണ്ട് സകല ചുമടും അവര്‍ തന്നെ പേറണമെന്ന് ശഠിക്കുന്നതിലെ ധാര്‍ഷ്ട്യവും ബാലിശതയും എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല? ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആര്‍ജവത്തോടെ പറഞ്ഞു: ഇത് കൈയൂക്കിന്റെ ശൈലിയാണെന്ന്; ഇത്തരമൊരു വിധിയിലൂടെ സാമുദായിക സൗഹാര്‍ദം കൊണ്ടുവരുമെന്ന് ചിന്തിക്കുന്നത് പോലും വിഡ്ഡിത്തമാണെന്നും.

ആശ്വസിപ്പിക്കാന്‍ പഴുത് തേടുമ്പോള്‍
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷമുള്ള ഒരന്തരീക്ഷത്തിന് സമാനമായ, അല്ലെങ്കില്‍ അതിനെക്കാള്‍ ദുഃഖസാന്ദ്രവും ചകിതവുമായ ഒരവസ്ഥാവിശേഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ ആരുണ്ട് എന്ന ചോദ്യത്തിന് പെട്ടെന്ന് ഒരുത്തരമില്ല. വൈകാരികമായി പ്രശ്‌നങ്ങളെ സമീപിച്ചാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. അതേസമയം, ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല എന്ന മട്ടില്‍, അല്ലെങ്കില്‍ കോടതിവിധിയില്‍ പോസിറ്റീവായ കുറേ ഘടകങ്ങളുണ്ട് എന്ന് സ്വയം ആശ്വസിക്കുന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ആത്മവഞ്ചനാപരമായിരിക്കുമെന്നതില്‍ സംശയമില്ല. നെല്‍സാര്‍ യൂനിവേഴ്‌സിറ്റി ഓഫ് ലോയുടെ വൈസ് ചാന്‍സലര്‍ ഫയ്‌സാന്‍ മുസ്തഫയും അയ്മന്‍ മുഹമ്മദ് എന്ന ഗവേഷണ വിദ്യാര്‍ഥിയും ചേര്‍ന്ന് ദി ഹിന്ദുവില്‍ (2019 നവംബര്‍ 12) എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകം തന്നെ അത്തരത്തിലുള്ള ഒന്നാണ്. (Several positives for the Muslim plaintiffs). വിധിന്യായത്തിലെ ചില പരാമര്‍ശങ്ങളും കണ്ടെത്തലുകളും സെക്കുലര്‍ പക്ഷത്തിന് ആശ്വാസദായകമാണ് എന്നാണ് ഇവര്‍ക്ക് എടുത്തുകാട്ടാനുള്ളത്. കോടതികളുടെ പരാമര്‍ശങ്ങളിലല്ല, അന്തിമതീര്‍പ്പിലാണ് കാര്യം എന്ന വസ്തുത നിയമജ്ഞരായ ഇവര്‍ മറക്കുന്നു. വലിയ വായക്ക് തത്ത്വങ്ങള്‍ വിളമ്പി, എല്ലാറ്റിനുമൊടുവില്‍ അക്രമകാരികള്‍ എന്ന് കോടതി തന്നെ കണ്ടെത്തിയ ദുഃശക്തികള്‍ക്ക് അനുകൂലമായ തീരുമാനമെടുത്തതിലെ വൈരുധ്യവും അനീതിയുമാണ് നിഷ്പക്ഷമതികളെ അസ്വസ്ഥരാക്കുന്നതും മതേതരവിശ്വാസികളെ അമ്പരപ്പിക്കുന്നതും. 1991ലെ ആരാധനാലയ നിയമം നിലനില്‍ക്കുന്ന കാലത്തോളം വി.എച്ച്.പി മുമ്പ് പറഞ്ഞുനടന്ന 3000പള്ളികള്‍ പിടിച്ചെടുക്കുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല എന്ന വാദം താത്ത്വികമായി ശരിയാവാമെങ്കിലും ആര്‍.എസ്.എസിന്റെ കുടില അജണ്ടകളെ യഥാവിധി വിലയിരുത്തുന്നവര്‍ക്കും ഭരണകൂട മെഷിനറിയുടെ അങ്ങേയറ്റത്തെ പക്ഷപാതനിലപാട് തിരിച്ചറിയുന്നവര്‍ക്കും അതൊരാശ്വാസവും പകരുന്നില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യ പോലൊരു രാജ്യത്ത് ഭരണഘടനാതത്ത്വങ്ങള്‍ അട്ടിമറിക്കുന്ന വിഷയത്തില്‍ ഒരിക്കല്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ പിന്നീട് അത് തുറന്നുവെക്കുന്ന പണ്ടോരയുടെ പെട്ടി ഒരിക്കലും അടക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കുന്നതാണ് വിവേകം.

‘What Explains the Silence Among the Muslim Communtities On the Ayodhya Judgement’ എന്ന തലക്കെട്ടില്‍ ‘ദി സ്‌ക്രോള്‍ ന്യൂസ്’ പ്രസിദ്ധീകരിച്ച ഒരു കുറിപ്പില്‍ അയോധ്യ വിധിയോട് മുസ്‌ലിംകള്‍ എന്തുകൊണ്ട് നിശ്ശബ്ദമായി പ്രതികരിക്കുന്നുവെന്ന ചോദ്യം ആഴത്തില്‍ വിലയിരുത്തുന്നുണ്ട്. വിധിഎന്തായിരിക്കുമെന്ന് എത്രയോ മുമ്പ് തന്നെ മുസ്‌ലിംകള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നതാണ് അതിനു പ്രധാനകാരണമായി നിരത്തുന്നത്. യഥാര്‍ഥത്തില്‍ ആ വിലയിരുത്തലില്‍ വര്‍ത്തമാനകാല ഇന്ത്യയുടെ നീതിന്യായ സംവിധാനത്തെക്കുറിച്ചുള്ള ഗൗരവമേറിയ വിശ്വാസത്തകര്‍ച്ച ലീനമായി കിടപ്പുണ്ട്. അതായത്, ഭൂരിപക്ഷസമുദായത്തിന് അനുകൂലമായേ കോടതിവിധിക്കൂ എന്ന് മുസ്‌ലിം ഉപബോധമനസ്സ് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുത്വവത്കരിക്കപ്പെടുന്ന ഒരു കാലസന്ധിയില്‍ ജുഡീഷ്യറി മാത്രം അതില്‍നിന്ന് മുക്തമാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്ന് മൗനമായി പ്രഖ്യാപിക്കുകയാണത്രെ രാജ്യത്തെ പ്രബല ന്യൂനപക്ഷവിഭാഗം.

സഈദ് നഖ്‌വിയെ പോലുള്ള തലമുതിര്‍ന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ബാബരി പള്ളിക്ക് അമിത പ്രാധാന്യം കല്‍പിക്കേണ്ടതില്ലാത്തതുകൊണ്ട് കോടതിവിധിയെ ആ നിലക്ക് കണ്ടാല്‍ മതി എന്ന ലിബറല്‍ മനസ്ഥിതിയോടെ വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മക്കത്തെയും മദീനത്തെയും പള്ളി പോലെ എന്നല്ല, ഡല്‍ഹി ജുമാമസ്ജിദിന്റെ പ്രാമുഖ്യം പോലും അയോധ്യപ്പള്ളിക്ക് ഇല്ലല്ലോ എന്ന അഭിപ്രായപ്രകടനം സമാധാന സംസ്ഥാപനത്തിന്റെ വഴിയില്‍ ഇത്തരം പള്ളികളെ അവഗണിക്കുകയാണ് വേണ്ടതെന്ന ലാഘവബുദ്ധി ഒളിഞ്ഞിരിപ്പുണ്ട്. അയോധ്യയില്‍ തന്നെ 18 എണ്ണപ്പെട്ട പള്ളികള്‍ നിലവിലുണ്ട് എന്ന യാഥാര്‍ഥ്യം മുന്നില്‍വെച്ച് തന്നെയാണ് വിധിയില്‍ പതിയിരിക്കുന്ന അപകടവും വഞ്ചനയും ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ മുസ്‌ലിംകള്‍ വൈകാരികജീവികളായത് കൊണ്ടല്ല. ഒരു മതേതര ജനാധിപത്യ വ്യവസ്ഥയില്‍ അനിവാര്യവും അത്യന്താപേക്ഷിതവുമായ ജാഗ്രത ഊട്ടിയുറപ്പിക്കാനാണ്. ബാബരിമസ്ജിദ് വിഷയം ഇത്രകണ്ട് ആളിക്കത്തിച്ചത് അത് കേവലമൊരു ദേവാലയത്തിന്റെ ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള പോരാട്ടം ആയത് കൊണ്ട് മാത്രമല്ല. ഈ രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യനീതി ഉണ്ടോ എന്ന ഉരക്കല്ലായിരുന്നു ആ കേസ്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം അവകാശമായി മാറാന്‍ പാടില്ല എന്നത് നിര്‍ബന്ധമാണ്. അതോടൊപ്പം, നിയമം എങ്ങനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന വലിയൊരു ചോദ്യം ബാക്കിയാകുന്നുണ്ട്. ഉത്തരം തൃപ്തികരമല്ല എന്ന് വരുമ്പോള്‍, 20 കോടി മുസ്‌ലിംകളുടെ വികാരവിചാരങ്ങള്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് ഗൗരവമേറിയ ചര്‍ച്ചാവിഷയം തന്നെയാണ്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login