‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

ഹോസ്റ്റല്‍ ഫീസ് കുത്തനെ ഉയര്‍ത്തുന്ന, സംവരണം ഒഴിവാക്കുന്ന പുതിയ മാന്വലിനെതിരെ ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരം തുടരുന്നതിനിടെയാണ് ഐ ഐ ടി മദ്രാസിലെ ഫാത്തിമയുടെ മരണം. സ്വത്വം കൊണ്ട് അരികുമാറ്റപ്പെട്ടവരുടെ നിലനില്പാണ് രണ്ടിടത്തെയും വിഷയം. രാഷ്ട്രനിര്‍മിതിയില്‍ മുസ്‌ലിംകളും ദളിതുകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ഭാഗമാകുന്നതില്‍ അമര്‍ഷമുള്ളവരുടെ വാശിയും വിദ്വേഷ ചിന്തകളുമാണ് രണ്ടിടങ്ങളിലെയും പ്രശ്‌നം. രാജ്യത്ത് ഏറ്റവും പഠനച്ചെലവ് കുറഞ്ഞ, ഏറ്റവും നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനമാണ് ജെ എന്‍ യു. പഠിക്കുന്നവരിലേറെയും സാമ്പത്തികമായി പിന്നാക്കമുള്ളവരാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും ദരിദ്ര പശ്ചാതലങ്ങളില്‍ നിന്നും പഠിക്കണമെന്നാഗ്രഹമുള്ള വിദ്യാര്‍ഥികള്‍ കഠിനാധ്വാനം ചെയ്ത് ഒരുപക്ഷേ, രാജ്യത്തെ ഏറ്റവും മത്സരാത്മകമായ പ്രവേശനപ്പരീക്ഷകള്‍ ജയിച്ചാണ് ജെ എന്‍ യുവില്‍ പ്രവേശനം നേടുന്നത്. പഠനം പൂര്‍ത്തിയാക്കുവോളം അവര്‍ക്ക് സബ്സിഡി നിരക്കില്‍ ലഭ്യമാകുന്ന ഭക്ഷണവും താമസവും വലിയ ആശ്വാസമാണ്. പൊതുഖജനാവിലെ പണമെന്ന അടിവരയില്‍ ആ സബ്സിഡി സാധ്യതകള്‍ നിര്‍ത്തലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പാവകളായ സര്‍വകലാശാല അധികൃതര്‍ ശ്രമിച്ചത്.

പണമുള്ളവര്‍ പഠിച്ചാല്‍ മതിയല്ലോ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സ്ഥാപന മേധാവികള്‍. ജെ എന്‍ യുവിനോട് കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും ആര്‍ എസ് എസിനുമുള്ള പക ഇവിടെ ശരിക്കും ഉപയോഗിക്കുന്നുണ്ട്. അധസ്ഥിതര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക എന്ന പ്രാചീന ജാതിവരേണ്യ ബോധത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇത്തരം വിവേചനങ്ങളുടെ അടിസ്ഥാനം. സ്ഥാപനവത്കരിക്കപ്പെടുന്ന, നിയമവിധേയമാക്കപ്പെടുന്ന ജാതീയ, വംശീയ ഉച്ച നീചത്വങ്ങളുടെ നേര്‍ക്കാഴ്ചകളാണിത്. ജെ എന്‍ യു പോലെ ഒരിടത്ത് സംഭവിക്കുന്നതിനാല്‍ ഇത് എതിര്‍ക്കപ്പെടുന്നു, മുസ്‌ലിംകള്‍ അധികമുള്ള ജാമിയ മില്ലിയ അടക്കമുള്ള സര്‍വകാലാശാലകളിലും അടിക്കടിയുള്ള ഫീസ് വര്‍ധനവുണ്ട്. വല്ലപ്പോഴും ധൈര്യം സംഭരിച്ച് വിദ്യാര്‍ഥികള്‍ അത് എതിര്‍ക്കാറുമുണ്ട്. പക്ഷേ, ജെ എന്‍ യുവിന് മാധ്യമങ്ങള്‍ കൊടുക്കുന്ന ശ്രദ്ധ മറ്റുള്ളിടത്ത് കിട്ടില്ല. അത് പ്രിവിലേജുകളുടെ വേറെ രാഷ്ട്രീയം.

സ്ഥാപനവത്കൃതമായ വംശീയ വെറിയുടെ, മാറ്റി നിര്‍ത്തപ്പെടലുകളുടെ ഇരകളുടെ ഏറ്റവും ഒടുവില്‍ നമ്മളറിഞ്ഞ പേരായിരിക്കാം ഫാത്തിമയുടേത്. രാജ്യത്തെ ഏറ്റവും ഉന്നതമെന്ന ഖ്യാതിയുള്ള സ്ഥാപനങ്ങളിലൊന്നില്‍ തുടരെത്തുടരെയുണ്ടായ ആത്മഹത്യകളെ അതീവലാഘവത്തോടെയാണ് ഐ ഐ ടി മദ്രാസ് കണ്ടിട്ടുള്ളത്. ഫാത്തിമ ലത്തീഫിന്റെ നഷ്ടമാകട്ടെ, കൂടുതല്‍ സങ്കീര്‍ണമാണ്. ഫാത്തിമ മാതാപിതാക്കളോട് പറഞ്ഞ പരാതികളും മരണക്കുറിപ്പെന്ന് പറയപ്പെടുന്നതിലെ ആരോപണങ്ങളും ചേര്‍ത്തുവായിച്ചാല്‍ നേരത്തേ തന്നെ ഐ ഐ ടികളെപ്പറ്റിയുള്ള സവര്‍ണ മേധാവിത്വ പ്രശ്‌നത്തിനു നേരെ തന്നെയാണ് ഇപ്പോഴും വിരല്‍ ചൂണ്ടേണ്ടത്. ‘ഐ ഐ ടികള്‍ മധ്യകാല ബ്രാഹ്മണ അഗ്രഹാരങ്ങളാണ്’ എന്ന് ഇതിനകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. താഴ്ന്ന ജാതിയില്‍ പെട്ട, അന്യ മതത്തില്‍പെട്ട ഒരാള്‍ക്ക് ജീവിച്ചുപോകാന്‍ ഏറെ പ്രയാസമുള്ള ഒരിടമായി ഐ ഐ ടികള്‍ മാറിയിട്ടുണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.

ഐ ഐ ടി മദ്രാസിലെ സാധാരണ ജീവിതശൈലിയില്‍ വരെ ജാതി വിവേചനങ്ങള്‍ ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് സിറാജ് ദിനപത്രത്തില്‍ ഐ ഐ ടി മദ്രാസിലെ ഗവേഷക സിമി കെ സലീം എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം: ”സൂക്ഷ്മവും സ്ഥൂലവും ആയ തലങ്ങളില്‍പോലും ബ്രഹ്മണ്യമായ ശുദ്ധി-അശുദ്ധി സങ്കല്പങ്ങളുടെയും അപരവത്കരണങ്ങളുടെയും രാഷ്ട്രീയത്തെ പേറുന്ന ആധുനിക ആഗ്രഹാരങ്ങള്‍ ആണ് ഐഐടിയുടെ ഇടങ്ങള്‍. ആദ്യം ഇവിടെ കാലെടുത്തുവച്ച അന്ന് മുതല്‍ ഇവിടെ പ്രകടമായ നിലയില്‍ തന്നെ ദൃശ്യമായ സവര്‍ണ രീതികളും പെരുമാറ്റച്ചട്ടങ്ങളും എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഇവിടുത്തെ സ്വാഭാവികതയായിരുന്നു ഈ ജാതി ഹിന്ദുത്വ അന്തരീക്ഷം. എണ്‍പത് ശതമാനം ഹിന്ദുക്കളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഐ ഐടി യുടെ ആന്തരികഇടങ്ങള്‍ ഹിന്ദു ദേവതകളുടെയും ദേവന്മാരുടെയും പ്രതിമകളും ചിത്രങ്ങളും വഹിക്കുന്ന ക്ഷേത്രങ്ങള്‍ ആണ്. ഡിപാര്‍ട്‌മെന്റ് ഓഫീസുകളിലേക്കും ഹോസ്റ്റലുകളിലേക്കും മെസ്സുകളിലേക്കും നീണ്ടു കിടക്കുന്ന ഈ ക്ഷേത്രസമാന വാസ്തുശില്പം ഹിന്ദു എന്നതിനെ സ്വാഭാവികമായ ഒരു സൂചകവും സൂചിതവും ആക്കി മാറ്റുന്നു.’ ഒരു പ്രത്യേക വാസ്തുശില്പ മാതൃകയല്ല പ്രശ്‌നം. ഐ ഐ ടി പോലെ ഒരു സര്‍ക്കാര്‍ സ്ഥാപനം മതകീയമായ/ സ്വത്വപരമായ മേല്‍ക്കോയ്മയുടെ ചട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്. ജാതിയുടെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് കൈകഴുകാന്‍ പോലും വെവ്വേറെ ഇടങ്ങള്‍ ഉള്ള സ്ഥാപനമാണ് ഐ ഐ ടി മദ്രാസ് എന്നുകൂടി കേള്‍ക്കുന്നു. അതങ്ങനെ ബോര്‍ഡെഴുതിവെച്ചല്ല, അതിനേക്കാള്‍ ഭീകരമായി ഓരോരുത്തരുടെയും മനസ്സില്‍ അത് സ്ഥാപിച്ചാണ് ഇത്തരം പൊതുഇടങ്ങളില്‍ ജാതി പ്രവര്‍ത്തിക്കുന്നത്. ബ്രാഹ്മണന്മാരുടെ എണ്ണം മുസ്‌ലിംകളെക്കാളും ക്രിസ്ത്യാനികളെക്കാളും എത്രയോ കുറവായിരുന്നിട്ടും ബ്രാഹ്മണന്മാര്‍ ഇപ്പോഴും ഭൂരിപക്ഷത്തെയും, മുസ്‌ലിംകളും ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളെയും പ്രതിനിധീകരിക്കേണ്ടി വരുന്നത് എങ്ങനെയെന്ന് ആശങ്കപ്പെടുന്ന അധ്യാപകരാണ് ഐ ഐ ടി മദ്രാസിലേതെന്ന് അവിടെ ഗവേഷകയായ അല്‍ഫിയ ജോസ് സാമൂഹ്യമാധ്യമത്തില്‍ എഴുതിക്കണ്ടു.

അടിസ്ഥാനപരമായി ഐ ഐ ടികളോ മറ്റു ഉന്നത കലാലയങ്ങളോ സവര്‍ണ്ണ മേധാവിത്വമുള്ളവയല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രത്യേകവിഭാഗത്തിന്റെ മേല്‍ക്കോയ്മ ഐ ഐ ടികളിലേക്ക് വ്യാപിക്കുന്നതാണ്. ബ്രാഹ്മണിസം പോലെ രൂഢജാതീയമായ, പ്രിവിലേജുകളെ ആഘോഷിക്കുന്ന, അത് താഴ്ന്നതെന്നോ മേലെയെന്നോ അവര്‍ തന്നെ നിര്‍വചിച്ചൊപ്പിച്ച മറ്റു ജനങ്ങളുടെ മേല്‍ പലവിധേനയുള്ള അധീശത്വങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശമായി കാണുകയും ചെയ്യുന്ന മനോനിലയുടെ സ്വാഭാവിക പ്രവര്‍ത്തനമാണത്. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം ഇത്തരത്തിലുള്ള ബ്രാഹ്മണിക്കല്‍ ചിന്താഗതികള്‍ക്ക് കൂടുതല്‍ ഊറ്റം വന്നതായി കാണാം. നിലവില്‍ ഭരണത്തിലുള്ള ബി ജെ പി- ആര്‍ എസ് എസ് രാഷ്ട്രീയം ബ്രാഹ്മണര്‍ക്ക് സേവനം ചെയ്യാന്‍ ബദ്ധശ്രദ്ധരാണ് എന്ന് കരുതുന്നവരാണ് അധികവും. വര്‍ണാശ്രമ വ്യവസ്ഥയുടെ തിരിച്ചുവരവുണ്ടാകുമെന്ന് സ്വാഭാവികമായും അവര്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.

രോഹിത് വെമുലയുടെയും പായലിന്റെയും ദുര്‍വിധികളെപ്പറ്റി അവര്‍ തന്നെ പറഞ്ഞത് അവരുടെ ‘ശാപജന്മ’ത്തെക്കുറിച്ചാണ്. എന്റെ ജന്മം തന്നെ ഒരു വലിയ അപരാധമായിരുന്നു എന്നാണു രോഹിത് തന്റെ ആത്മഹത്യാ കുറിപ്പിലെഴുതിയത്. ജാതീയമായ വിവേചനവും അവഹേളനവും മൂലം സ്വന്തത്തെക്കുറിച്ചും സ്വന്തം സമുദായത്തെക്കുറിച്ചുമുള്ള എല്ലാ സ്വപ്‌നങ്ങളും ഉപേക്ഷിച്ച് മരണം തിരഞ്ഞെടുക്കേണ്ടിവരുന്ന സ്ഥിതി എന്തുമാത്രം ഭയാനകമാണ്. ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന അധ്യാപകര്‍, അവളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ശ്രുതി. ഫാത്തിമ, സുദര്‍ശന്‍ പത്മനാഭന്‍ എന്ന മുഖ്യ കുറ്റാരോപിതനെ കുറിച്ച് വീട്ടുകാരോട് പറഞ്ഞത് ‘എന്നെ എപ്പോഴും കരയിപ്പിച്ചിരുന്ന ആള്‍’എന്നാണ്. ‘എന്റെ പേരുപോലും ഇവിടെ ഒരു പ്രശ്‌നമാണ് വാപ്പിച്ച’ എന്ന് ഫാത്തിമ ഒരിക്കല്‍ അവളുടെ ഉപ്പയോട് കരഞ്ഞു. മതപരമായ കാരണങ്ങളാല്‍ ഫാത്തിമക്ക് വിവേചനം നേരിടേണ്ടി വന്നതായും അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായും അവളുടെ രക്ഷിതാക്കളും ഐ ഐ ടിയിലെ ഗവേഷകര്‍ അടക്കമുള്ള വലിയ വിഭാഗം വിദ്യാര്‍ഥികളും ആരോപിക്കുന്നത് മേല്‍പറഞ്ഞ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു തലം ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചചര്യത്തില്‍ ഒരു സ്ഥാപനത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന മര്യാദകളോ നടപടികളോ ഒന്നും തന്നെ മദ്രാസ് ഐ ഐ ടിയില്‍നിന്ന് ഉണ്ടായില്ല. കാമ്പസിനു പുറത്തുള്ള മുസ്‌ലിം സംഘടനകളുടെയും മറ്റും ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊരുപക്ഷേ തേഞ്ഞുമാഞ്ഞ് പോകുമായിരുന്നു.

ഇസ്‌ലാമോഫോബിയ ഇസ്‌ലാം മതത്തെക്കുറിച്ചുള്ള ഭയമാണ്. മുസ്‌ലിംകളെപ്പറ്റിയും ഇസ്‌ലാമിനെപ്പറ്റിയുമുള്ള മുന്‍ധാരണകളും ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്. 9/11നു ശേഷം അമേരിക്കയും സഖ്യകക്ഷികളും നടത്തിയ തീവ്രവാദത്തിനെതിരെയുള്ള ആഗോളയുദ്ധത്തിന്റെ ഏറ്റവും വിനാശകരമായ പരിണിതിയാണ് ഇസ്‌ലാമോഫോബിയ. ബെര്‍ണാഡ് ലൂയിസും സാമുവല്‍ പി ഹണ്ടിങ്ടണും സൈദ്ധാന്തികമായി ന്യായീകരിച്ച ഇസ്‌ലാംപേടി പിന്നീട് ലോകം മുഴുവന്‍ വിറ്റഴിക്കപ്പെട്ടു. മുസ്‌ലിംചിഹ്നങ്ങളും മുസ്‌ലിം പേരുകളും സുരക്ഷാഭീഷണിയായി ലോകത്തെ ഒട്ടുമിക്ക സമൂഹങ്ങളും വിശ്വസിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഏതുസമയവും പൊട്ടിത്തെറിച്ചേക്കാവുന്ന, തീരെ പ്രാകൃതനായ, ഭീകരമായ ഭീഷണിയായി, തങ്ങള്‍ അനുഭവിച്ചുകൊണ്ടിയിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂല കാരണമായ ഒരു അപരനെ നിര്‍മ്മിക്കേണ്ടത് ഏറെ രാജ്യങ്ങളുടെയും അവരുടെ രാഷ്ട്രീയങ്ങളുടെയും ആവശ്യമായിരുന്നതിനാല്‍ ഇസ്‌ലാമോഫോബിയ നല്ലവണ്ണം വേരോടി.

കേന്ദ്ര സര്‍വകലാശാലകളില്‍ ഇസ്‌ലാമോഫോബിയ പ്രകടമായി കണ്ടുതുടങ്ങിയത് മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം അധികരിച്ചതോടെയാണ്. രാഷ്ട്രീയവും സാമൂഹികവുമായ അവകാശപ്പെടലുകള്‍ക്ക് ത്രാണിയുണ്ടാകുന്ന ഒരു തലമുറ വളരുന്നു എന്നത് വര്‍ഗീയവും കപട മതേതരവും മതനിരാസവും നിറഞ്ഞ മുഖ്യധാരകളെ അലോസരപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. അങ്ങനെയാണ് ഇസ്‌ലാമോഫോബിയയും മുസ്‌ലിം വിദ്വേഷവും വളരുന്നത്. ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കാന്‍ മുഖ്യധാരാരാഷ്ട്രീയ സംഘടനകളോ അതിനെ രാഷ്ട്രീയവത്കരിക്കുന്നതിനപ്പുറത്തേക്ക് പ്രാവര്‍ത്തികയോഗ്യമായ പരിഹാരം കാണാന്‍ മുസ്‌ലിംസംഘടനകള്‍ക്കോ കഴിയുന്നില്ലെന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇത്തരം സംവാദങ്ങള്‍ക്ക് ഏറ്റവും തീവ്രതയുള്ള ഇടം ജെ എന്‍ യുവാണ് എന്ന് തോന്നുന്നു. നജീബ് അഹമ്മദിന്റെ തിരോധാനം മുസ്‌ലിം പ്രശ്‌നം മാത്രമാണെന്ന ചര്‍ച്ചകളെ ഇടതുപക്ഷം പ്രധാനമായും നിരാകരിക്കുന്നുണ്ട്. അവിടെ ഇടതുപക്ഷം മുസ്‌ലിം വിരോധം വെച്ചുപുലര്‍ത്തുകയാണ് എന്നാണ് മുസ്‌ലിം സംഘടനകളുടെ ആരോപണം. എന്നാല്‍ ഇടതുപക്ഷം ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കുന്നില്ല എന്നതല്ല കാതലായ പ്രശ്‌നം. മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ മുസ്‌ലിം പ്രശ്‌നം കാണാതിരിക്കുന്നതല്ല മതേതരത്വം എന്നതാണ് അടയാളപ്പെടുത്തേണ്ട സത്യം. ഈ വസ്തുതകള്‍ മുസ്‌ലിം സംഘടനകളും ഇടതുപക്ഷമടക്കമുള്ള പ്രസ്ഥാനങ്ങളും മനസ്സിലാക്കുകയാണ് വേണ്ടത്. ക്യാമ്പസുകളിലെ തിരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള സംവാദ ബഹളങ്ങള്‍ക്കപ്പുറത്ത് ഇസ്‌ലാമോഫോബിയയെ എങ്ങനെയാണ് മുസ്ലിം സംഘടനകള്‍ കൈകാര്യം ചെയ്യുക എന്നത് ചര്‍ച്ച ചെയ്യേണ്ടേ?

ഇസ്‌ലാമോഫോബിയ പടച്ചുവിടുന്ന തീവ്ര വലതുപക്ഷ സൈറ്റുകള്‍, കൂട്ടായ്മകള്‍ തുടങ്ങിയവ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കാള്‍ ആഘാതമുണ്ടാക്കുന്നതാണ് പൊതുബോധത്തിലേക്ക് ഒളിച്ചുകടത്തപ്പെടുന്ന ‘നിഷ്‌കളങ്കമായ’ ഇസ്‌ലാമിനെക്കുറിച്ചുള്ള ആശങ്കകള്‍. ഇസ്‌ലാമിലെ ജീര്‍ണതകള്‍ക്കെതിരെയുള്ള മുന്നേറ്റം എന്നുതുടങ്ങി, ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന തീവ്രവാദികള്‍ എന്ന അയ്യോ വിളിയടക്കം, സൂഫികള്‍ മാത്രം നല്ലവര്‍ എന്ന ഗവേഷണാത്മക ഉപസംഹാരം വരെ സത്യത്തില്‍ ഇസ്‌ലാമിനെതിരെയുള്ള പേടിയുടെ ഭാഗമായി കാണേണ്ടിവരും. ഇസ്‌ലാമിനകത്ത് വളരെ സെലക്ടീവായി, അതും അങ്ങേയറ്റം സങ്കുചിതമായ രീതിശാസ്ത്രം വെച്ച്, വിഭാഗീയതകള്‍ ഉണ്ടാക്കുകയാണ് പലപ്പോഴും ഇത്തരം ലിബറല്‍ സെക്യൂലര്‍ കരുതലുകളുടെ ഫലം. ഇസ്‌ലാമിനെതിരെയുള്ള തീവ്രവും മിതവുമായ പേടികള്‍ക്കെതിരെ മുസ്‌ലിംകളില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളും പിന്നീട് സമുദായത്തിന് വിനയാകുന്നതാണ് കാഴ്ച. ഇസ്‌ലാമോഫോബിയ എന്നതിനെ പറ്റി മുസ്ലിംകള്‍ക്ക് പറയാനുള്ള ‘മുസ്‌ലിംകള്‍ക്കെതിരെ പേടിക്കാന്‍ ഒന്നുമില്ല’ എന്നതുപോലെ മുസ്‌ലിംകളെപ്പറ്റി പേടിക്കാന്‍ കുറെയുണ്ട് എന്ന അജണ്ടയും സമൂഹത്തില്‍ സജീവമായ ചിന്തയും വ്യവഹാരവുമാണ്. ഇസ്‌ലാമോഫോബിയയെ അപലപിച്ചുകൊണ്ടിരിക്കുക എന്നതിനപ്പുറമാണ് ഇതിനുള്ള പരിഹാരം. ഇസ്‌ലാമോഫോബിയയെ അപലപിക്കേണ്ടതും മുസ്‌ലിംകളല്ല എന്നതാണ് എന്റെ പക്ഷം. മുസ്‌ലിംകള്‍ അവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിക്കട്ടെ. അപലപിക്കേണ്ടത് ഇങ്ങനെയൊരു തെറ്റായ ചിന്താഗതി വഹിക്കുന്ന മുസ്‌ലിംകളെ ഒഴിച്ചുള്ള പൊതുബോധമാണ്.
എന്നാല്‍ നമ്മുടെ മതേതര പൊതുബോധം പോലും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ല. മതേതരത്വം എന്നാല്‍ എന്താണ് എന്ന് ഇനിയും തീര്‍ച്ചയില്ലാത്തതുമുതല്‍ ഭൂരിപക്ഷ മതാചാരത്തെ സര്‍ക്കാര്‍ ചെലവില്‍ അനുഷ്ഠിച്ച് അത് മറ്റുള്ള മതക്കാര്‍കൂടി തുടരുന്നതാണ് ബഹുസ്വരത എന്ന ചിന്താഗതിയടക്കം വല്ലാതെ ആഴത്തില്‍ വേരോടിയ പ്രതിസന്ധിയാണത്. അത് മുസ്‌ലിംകളെയും അല്ലാത്തവരെയും നിരന്തരം ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഉദാഹരണത്തിന്, നീറ്റ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കുണ്ട്. അത്, ഇസ്‌ലാമോഫോബിയ കൊണ്ടല്ല. എന്നാല്‍ ശിരോവസ്ത്രം ഒഴിവാക്കാന്‍ നിവൃത്തിയില്ലെന്ന് ഒരു വിശ്വാസി പറഞ്ഞാല്‍ പിന്നീട് പതിയെ സാഹചര്യം മാറും. ഒരു മതവിശ്വാസത്തെ അതിന്റെ സത്തയിലല്ലെങ്കില്‍ കൂടി ബാഹ്യമായ മര്യാദകളോടെ പോലും മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാണ്, ഒരുപക്ഷേ കപടമാണ് നമ്മുടെ പൊതുബോധം. മുസ്‌ലിംസ്ത്രീയുടെ വസ്ത്രസങ്കല്‍പ്പത്തെ പ്രാകൃതവത്കരിക്കുന്നതുമുതല്‍ മുസ്‌ലിം സ്ത്രീയെ പര്‍ദ്ദക്കുള്ളില്‍ നിന്ന് മോചിപ്പിക്കുന്നതടക്കം, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹിജാബ് നിരോധിച്ചല്ലോ പിന്നെ നമുക്കുമാവാലോ എന്നിത്യാദി ചര്‍ച്ചകള ുള്‍പ്പടെ ഇസ്‌ലാമോഫോബിയ തന്നെയാണ്. ഫാഷിസ്റ്റ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഏതുസമയത്തും ഒരു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായേക്കുമെന്നും പരിഹാരമായി കുറച്ച് ഹിന്ദുശ്ലോകങ്ങള്‍ പഠിച്ചുവെക്കുന്നതാണ് നല്ലതെന്നും സങ്കടത്തോടെയും ചിലപ്പോള്‍ സഹതാപത്തോടെയും സദുപദേശം നടത്തുന്ന ‘നിഷ്‌കളങ്കത’യാണ് നമ്മുടെ മതേതര സമൂഹം.

മുസ്‌ലിം നാമവും മുസ്‌ലിം അടയാളങ്ങളും മുസ്‌ലിം സ്വത്വവും പ്രശ്‌നമാകുന്നിടത്ത് വേണ്ടത് ആത്മാഭിമാനമാണ്. ഇസ്‌ലാമോഫോബിയക്ക് പകരം ഇരയാകുന്നല്ലോ എന്ന ഭയം ഉണ്ടാകരുത്. ഇരയാക്കപ്പെടുന്നതിന്റെ രാഷ്ട്രീയം അറിയാതെ പോവുകയുമരുത്. ‘ഇസ്സത്ത്’ മുദ്രാവാക്യങ്ങളിലും ജീവിതത്തിലും വേണം. ഇന്ത്യയില്‍ മുസ്‌ലിമല്ലാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രിവിലേജ് എന്ന് തിരിച്ചറിയുമ്പോഴും ഇന്ത്യയിലത് ബൈ ചാന്‍സ് അല്ല, ബൈ ചോയ്സ് ആണ് എന്ന അവകാശവും അധികാരവും കൂടി ഉണ്ടാകണം.

ഇസ്‌ലാമിനെ പഠിക്കാനുള്ള അവസരങ്ങള്‍ കൂടുതലായി ഉണ്ടാക്കുകയാണ് വേണ്ടത്. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ക്രിയാത്മകമായ വേദികളും അവസരങ്ങളും വേണ്ടി വരും. മുസ്‌ലിം സംഘടനകള്‍ പൊതുഇടങ്ങളില്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തണം. മറ്റുമതങ്ങളെ അടുത്തുനിന്ന് വീക്ഷിക്കുക എന്നതാണ് ഒരു പരിഹാരമെന്ന് പൊതുബോധം തിരിച്ചറിയണം.

എന്‍ എസ് അബ്ദുല്‍ ഹമീദ്

 

You must be logged in to post a comment Login