വേണ്ടെന്നു വെച്ചവരുടെ മാറ്റിവെച്ച വാര്‍ത്തകള്‍

വേണ്ടെന്നു വെച്ചവരുടെ മാറ്റിവെച്ച വാര്‍ത്തകള്‍

മാധ്യമങ്ങള്‍ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പുറകെയാണ്. മഹാരാഷ്ട്രയിലെ അധികാര യുദ്ധമാണ് ഇന്ത്യയിലെ ഒട്ടുമിക്ക വാര്‍ത്ത മുറികളിലെയും ചര്‍ച്ചാവിഷയം. വിഷയം ഗൗരവമുള്ളതുതന്നെ. ജനാധിപത്യസംവിധാനത്തില്‍ അസ്വാഭാവികമായി തോന്നുന്ന പ്രവര്‍ത്തനങ്ങളാണ് നാം കാണുന്നത്. ഓരോ പ്രഭാതത്തിലും ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളായിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെ വലിയ വാര്‍ത്തകളില്‍ നിന്ന് വിട്ടുപോയ ഒരു ഭാഗം ‘ദ സ്‌ക്രോള്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടാണ്. മുഖ്യധാരയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ചാവേദിയാകുമ്പോള്‍ മറ്റുപലതും അവഗണിക്കപ്പെടുകയാണ്. ഝാര്‍ഖണ്ഡില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള 10,000 പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് നിലനില്‍ക്കുകയാണ്. ഇതിനു മുമ്പ് കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തിയ തമിഴ്‌നാട്ടിലെ ഇടിന്തകരൈ എന്ന ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കുനേരെയും കൊളോണിയല്‍ അവശേഷിപ്പായ 124 എ (രാജ്യദ്രോഹക്കുറ്റം) ചുമത്തിയിരുന്നു. ഝാര്‍ഖണ്ഡിലെ സ്ഥിതിവിശേഷം ദ സ്‌ക്രോള്‍ ഡോട്ട് ഇന്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടോക്കിംഗ് ഡെമോക്രസി എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പരമ്പരയിലാണ് റിപ്പോര്‍ട്ട് ഉള്‍പ്പെടുന്നത്. നമുക്കു ചുറ്റുവട്ടങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്ന ജനാധിപത്യവും ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ ജീവിത പരിസരവും ഇരു ധ്രുവങ്ങളിലാണ്. നാം അവകാശപ്പെടുന്ന (അടിച്ചേല്‍പ്പിക്കുന്ന) നാഗരികതയുടെ വിപത്തുകളെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ഇന്ത്യയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് സ്വയംഭരണാവകാശമുണ്ട്. അവരുടെ സംസ്‌കാരങ്ങളിലേക്ക് ജനാധിപത്യവും തിരഞ്ഞെടുപ്പ് കോലാഹലങ്ങളും പറഞ്ഞുകൊണ്ട് അതിക്രമിച്ചുകടക്കാന്‍ ഭരണകൂടത്തിന് അധികാരമില്ല. പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ റ്റു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട് (പി ഇ എസ് എ) പ്രകാരം ഭരണം നടത്താനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുകയാണ് ഭരണകൂടം. സ്‌ക്രോള്‍ ഡോട്ട് ഇന്‍ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദയാമണി ബര്‍ലയുമായി നടത്തിയ സംഭാഷണം വളരെ പ്രസക്തമാണ്. അടിസ്ഥാനപരമായി ബര്‍ല ഉയര്‍ത്തുന്ന ചോദ്യം, ഭരണഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു നിയമം കല്ലില്‍ ആലേഖനം ചെയ്യുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത് എന്നാണ്. ആദിവാസികളെ അവരുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അവര്‍ തന്നെ വ്യാപകമായി ചെയ്തുകൊണ്ടിരുന്നതാണിത്. ഭരണഘടനയുടെ അഞ്ചാം അനുബന്ധത്തില്‍ ആദിവാസി മേഖലകളില്‍ പുറംലോകത്തുള്ളവര്‍ക്ക് സൈ്വരവിഹാരം നടത്തുന്നതിനും കച്ചവടം ചെയ്യുന്നതിനും ഭൂമി കൈവശം വെക്കുന്നതിനും അവകാശമില്ല. അതുപോലെത്തന്നെ ആര്‍ട്ടിക്കിള്‍ 244 (1)(ബി) പ്രകാരം ലോക്‌സഭയിലോ നിയമസഭയിലോ പാസാക്കുന്ന ഒരു തരത്തിലുള്ള നിയമങ്ങള്‍ക്കും ആദിവാസി മേഖലകളില്‍ പ്രാബല്യം ഉണ്ടായിരിക്കില്ല. രാജ്യദ്രോഹത്തിന്റെ സമകാലിക നിര്‍വചനം ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിപരീതമാവുക എന്നായി തീര്‍ന്നിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന ഝാര്‍ഖണ്ഡിലെ കുന്തി ജില്ല വളരെ ചരിത്രപ്രാധാന്യമുള്ളത് കൂടിയാണ് 1900ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിമരിച്ച ബിര്‍സമുണ്ടയുടെയും, 1928ല്‍ ഇന്ത്യക്ക് ഹോക്കിയില്‍ ഒളിമ്പിക്‌സ് സ്വര്‍ണ പതക്കം നേടിക്കൊടുക്കുകയും പിന്നീട് ലോക്‌സഭയില്‍ ആദിവാസി സമൂഹത്തിന്റെ കരുത്തുറ്റ ശബ്ദവുമായിരുന്ന ജയ്പാല്‍ സിംഗ് മുണ്ടയുടെതുമാണ് കുന്തി ജില്ല. എക്കാലത്തെയും പോലെ ആദിവാസി ഭൂസമരം തന്നെയാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാവുന്നത്. തങ്ങളില്‍ നിന്ന് ഭൂമി കയ്യേറിയവര്‍ അതിനുശേഷം നല്‍കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ നിരസിക്കുകയാണ് ആദിവാസികളിപ്പോള്‍. പക്ഷേ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന ആദിവാസികളെ 124 എ ചുമത്തി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വന്‍കിട കമ്പനികള്‍ക്ക് ഭൂമി തീറെഴുതാനുള്ള ഭരണകൂട നീക്കത്തെ തോല്‍പ്പിച്ചു കളഞ്ഞവരാണ് കുന്തിയിലുള്ളത്. ഈ പ്രദേശത്തെ ജനങ്ങളെ ആക്രമിക്കുന്നത് പ്രധാനമായും പതല്‍ഗഡി മുന്നേറ്റത്തിന്റെ പേരിലാണ്. രാജ്യത്തെ ഭരണ സംവിധാനങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും വേര്‍പ്പെട്ടുനില്‍ക്കാനാണ് പതല്‍ഗഡി ആഹ്വാനം ചെയ്യുന്നത്. ഝാര്‍ഖണ്ഡിലെ ബന്ദ്ര ഗ്രാമവാസികളില്‍ ഭൂരിഭാഗംപേരും ഭരണഘടനയിലെ 5-ാം അനുബന്ധത്തെക്കുറിച്ച് അജ്ഞരാണ്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് 2012 മുതല്‍ ആദിവാസി മഹാസഭയുടെ പ്രവര്‍ത്തകരിലൂടെ നേടിയ അറിവാണ് അവര്‍ക്കുള്ളത്. വിജയ് കുജുറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പതല്‍ഗഡിയുടെ നിര്‍മാതാക്കളെന്നാണ് പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ആദിവാസി ജനങ്ങള്‍ക്കുമേല്‍ നടത്തുന്ന ആക്രമണങ്ങള്‍ എന്തുകൊണ്ടാണ് വാര്‍ത്താ മുറികളില്‍ എത്തിപ്പെടാത്തത്? ഇന്ത്യയിലെ ഭാഷാ പത്രമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകാറുണ്ടോ? എന്തുകൊണ്ടാണ് ഇത്രയും വലിയ ഒരു റിപ്പോര്‍ട്ട് നമ്മുടെ രാജ്യത്ത് ചര്‍ച്ചാവിഷയമാകാത്തത്. ഇന്ത്യന്‍ ജനാധിപത്യം നോക്കുകുത്തിക്ക് തുല്യമാണെന്ന് തെളിയിക്കുകയാണ് ഈ വാര്‍ത്തകള്‍. ഒരു ജനതയെ മുഴുവനും അപരവല്‍ക്കരണം നടത്തി അവരുടെ പരമ്പരാഗത സ്വത്തില്‍ കൈയേറ്റം നടത്താന്‍ ശ്രമിക്കുന്നതിന് മൗനസമ്മതം നല്‍കുന്ന മാധ്യമങ്ങള്‍ക്ക് ഇനിയെങ്ങനെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയും. സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് വളരെയധികം അലോസരം സൃഷ്ടിക്കുന്ന ഒന്നാണ്. പക്ഷേ അതിനു ദേശീയ തലത്തില്‍ കിട്ടിയ തണുത്ത സ്വീകാര്യത വേവലാതിപ്പെടുത്തുന്നതാണ്. ഭരണഘടനയെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലയെന്ന് നരേന്ദ്രമോഡി പ്രസ്താവിക്കുമ്പോള്‍, ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും ഈ രാജ്യത്ത് നടപ്പില്‍ വരുന്നില്ല. ആദിവാസികളുടെ ഭൂമിയുടെ അവകാശത്തെ സസൂക്ഷ്മം പരിശോധിക്കുന്ന ഭരണകൂടത്തിന് അത് വികസനത്തിന്റെ മറവില്‍ കുത്തകകള്‍ക്ക് നല്‍കാന്‍ യാതൊരു വൈമനസ്യവുമില്ല. ഹിന്ദി ചാനലുകളില്‍ നടത്തപ്പെടുന്ന പാനല്‍ ചര്‍ച്ചകളില്‍ ഝാര്‍ഖണ്ഡ് വിഷയമാകില്ല. പകരം അപ്രസക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയില്‍ മതവിദ്വേഷം പുരട്ടി ഒരു മണിക്കൂര്‍ വീതം സംപ്രേഷണം ചെയ്യും. സ്‌ക്രോള്‍ നടത്തിയ അന്വേഷണം, കണ്ടെടുത്ത രേഖകള്‍ തുടങ്ങിയവയെല്ലാം മാതൃകാപരമാകുന്നത് അതുകൊണ്ട് തന്നെയാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ എത്രപേര്‍ ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കാറുണ്ട്? ഇത്തരം ഒഴിച്ചുനിര്‍ത്തലുകള്‍ നടത്തിക്കൊണ്ടു പോകുന്ന വാര്‍ത്താവിതരണ രീതി അപകടകരമാണ്. അത് മാധ്യമങ്ങളെ ദേശീയതക്കും ഭരണകൂടത്തിനും വേണ്ടി തലയാട്ടുന്ന പാവകളാക്കി മാറ്റും.

ജെ എന്‍ യു
ഇന്ത്യയിലെ പ്രതിപക്ഷത്തെക്കാള്‍ വിവേചന ബുദ്ധിയോട് കൂടിയും കാര്യക്ഷമതയോട് കൂടിയും പ്രതികരിക്കുന്നവരാണ് ജെ എന്‍ യു വിദ്യാര്‍ഥികള്‍. ജെ എന്‍ യു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അക്രമിക്കുന്നതിലൂടെയാണ് പ്രശ്‌നം രൂക്ഷമാകുന്നത്. ജെ എന്‍ യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളായി കാണുകയെന്നത് മോഡി ഭരണത്തില്‍ നിന്ന് രൂപപ്പെട്ട പ്രതിഭാസമാണല്ലോ. ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ച ഒരു അഭിപ്രായം രാജ്യത്തെ വരേണ്യ വിഭാഗത്തിന്റെ അഹന്തയെയാണ് സൂചിപ്പിക്കുന്നത്. ഫീസ് വര്‍ധനവ് തന്റെ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ ഒരു തയ്യല്‍ക്കാരന്റെ മകനെ കുറിച്ച് പ്രസ്തുത മാധ്യമപ്രവര്‍ത്തക പറഞ്ഞത്, ഇത്രയും സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരു വിദ്യാര്‍ഥി എന്തിനാണ് യാതൊരു ജോലി സാധ്യതയുമില്ലാത്ത റഷ്യന്‍ ഭാഷ പഠിക്കുന്നത് എന്നായിരുന്നു. ഇനി രാജ്യത്തെ വാര്‍ത്ത ചാനലുകള്‍ എങ്ങനെയാണ് ജെ എന്‍ യു പ്രക്ഷോഭത്തെ റിപ്പോര്‍ട്ട് ചെയ്തത് എന്നത് Newslaundry TV Newsance പരിപാടി പരിശോധിക്കുന്നു. ജെ എന്‍ യുവിലെ വിദ്യാര്‍ഥി സമരം ക്രമസമാധാനം തകര്‍ക്കാനുള്ളതാണെന്നായിരുന്നു ടി വി അവതാരകരില്‍ പൊതുവായി കാണപ്പെട്ട അഭിപ്രായം. അര്‍ണബ് ഗോസ്വാമി പറഞ്ഞത് ‘ഇവര്‍ക്ക് തെരുവിലിറങ്ങാന്‍ പ്രത്യേക കാരണങ്ങളൊന്നും വേണ്ട, അവര്‍ക്ക് തന്നെ വ്യക്തമല്ല എന്തിനാണ് അവര്‍ സമരം ചെയ്യുന്നതെന്ന്’. വ്യക്തമായി കാരണം പറഞ്ഞു പ്രതിഷേധിക്കുന്നവരെ നിസ്സാരവത്കരിച്ച് ഭരണകൂടത്തെ സംരക്ഷിക്കുന്നു. സുധീര്‍ ചൗധരി സീ ന്യൂസിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത് എന്ന വിഡ്ഢിത്തത്തിലേക്ക് വരെ എത്തിച്ചേര്‍ന്നു. 40% വരുന്ന ജെ എന്‍ യു വിദ്യാര്‍ഥികള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. ഫീസ് വര്‍ധനവ് പഠനം ഉപേക്ഷിക്കുന്നതിലാവും എത്തിച്ചേരുക എന്ന വിദ്യാര്‍ഥികളുടെ ആശങ്ക ഗൗരവമുള്ളതാണ്. വിദ്യാര്‍ഥികളുടെ ഇത്തരം ബൈറ്റുകള്‍ സീ ന്യൂസും റിപ്പബ്ലിക്കും സംപ്രേക്ഷണം ചെയ്യാതിരിക്കും. ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ സിനിമ കണ്ടു അലഞ്ഞുതിരിയുന്നവരും ഫീസ് നല്‍കാത്തവരുമായി ദയവായി മുദ്ര കുത്തരുതെന്ന് വിളിച്ചുപറയാന്‍ രവീഷ് കുമാര്‍ ഉണ്ടെന്നുള്ളതാണ് സീ ന്യൂസ് പോലുള്ള പച്ചക്കള്ളങ്ങള്‍ പടച്ചുവിടുന്നവരെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഔട്ട്‌ലുക്ക് കറസ്‌പോണ്ടന്റ് സാലിക് അഹ്മദ് തയാറാക്കിയ ലേഖനത്തില്‍ രവീഷ് കുമാര്‍ വധഭീഷണിയുടെ കുരുക്കിലാണ്. വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന ആരെയും എളുപ്പം സ്വീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല രവീഷ്. പതുങ്ങിയിരിക്കുന്ന വെടിയുണ്ടകള്‍ തനിക്ക് നേരെയും വര്‍ഷിച്ചേക്കാമെന്ന ഭയം അദ്ദേഹത്തിനുണ്ട്. രാജ്യം അത്രമാത്രം മലീമസമായിക്കൊണ്ടിരിക്കുകയാണ്. സുദര്‍ശന്‍ ന്യൂസ് ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരത്തോടും ആവശ്യങ്ങളോടും പ്രതികരിച്ചത് വളരെ വിചിത്രമായ രീതിയിലാണ്. പ്രത്യേക തലപ്പാവും വാളും പിടിച്ചു കൊണ്ട് തങ്ങളോട് ഏറ്റുമുട്ടാന്‍ വരുന്നവരെ തകര്‍ത്തെറിയുമെന്ന് വിളിച്ചുകൂവുകയാണ് സുദര്‍ശന്‍ ടി വി യിലെ എട്ടോളം ആളുകള്‍. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടി വിയിലെ മാധ്യമപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചു. വാര്‍ത്ത സമ്മേളനത്തിനെത്തിയ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ റിപ്പബ്ലിക്ക് ടി വിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

ചൈനയുടെ പക
ചൈന ഉയിഗൂര്‍ മുസ്‌ലിംകളെ തടങ്കലില്‍ വച്ച് പാര്‍പ്പിക്കുന്നതിനായി തയാറാക്കിയ രേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഷിന്‍ജിയാങ് പ്രദേശത്തു നിന്നുള്ള മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ തൊഴിലധിഷ്ഠിത ക്യാമ്പുകള്‍ എന്ന പേരില്‍ തടവില്‍ വച്ചത് വലിയ അന്താരാഷ്ട്ര പ്രശ്‌നമായി നിലനില്‍ക്കുമ്പോഴാണ് ചൈനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചുള്ള രേഖകകള്‍ ചോര്‍ന്നത്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് ആളുകളെ തടങ്കലില്‍ ഇടുകയും പ്രദേശത്തേക്ക് മാധ്യമപ്രവര്‍ത്തകരെ വിലക്കുകയും ചെയ്യുന്നു. ക്യാമ്പുകളുടെ ചുറ്റുവട്ടങ്ങളൊക്കെ തന്നെ ഉപഗ്രഹ ചിത്രങ്ങള്‍ മാത്രം എടുക്കാനായി സജ്ജമാക്കിയിരിക്കുകയാണ് ചൈന. ഉയിഗൂര്‍ വിഭാഗത്തില്‍ നിന്ന് തീവ്രവാദികള്‍ ഉണ്ടായേക്കാമെന്ന സാധ്യതയാണ് ക്യാമ്പുകളുടെ ഉത്ഭവത്തിനു കാരണം. അജ്ഞാതമായി പുറത്തു വിട്ട രേഖയില്‍ ഇപ്രകാരവും കാണാം: ‘പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതിനു മുമ്പേ അവയെ തടയണം’. ക്യാമ്പുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകളുടെ വിശ്വാസത്തെയും മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാനും അവരിലേക്ക് ചൈനീസ് രാഷ്ട്ര സങ്കല്പങ്ങളും ഭാഷയും അടിച്ചേല്പിക്കുകയുമാണ്. രേഖയില്‍ പരാമര്‍ശിക്കുന്ന ‘രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന ഭാഗം’ ഉയിഗൂര്‍ മുസ്‌ലിംകള്‍ ക്യാമ്പുകളില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളെ തുറന്നുകാണിക്കുന്നു. ദിനചര്യകള്‍ പോലും നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. വാര്‍ത്ത ഒട്ടുമിക്ക അന്തര്‍ദേശീയ ചാനലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖകള്‍ പുറത്തുവന്നത് ചൈനയുടെ നയങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ പോലും വ്യാപാര ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പോലും ഉയിഗൂര്‍ ജനതക്ക് വേണ്ടി ശബ്ദമുണ്ടാക്കുന്നില്ല. ലോകം ഇതുവരെ കാണാത്ത രീതിയില്‍ നിശബ്ദമായി ഒരു വിഭാഗത്തെ തുടച്ചുനീക്കാനാണ് ചൈന ശ്രമിക്കുന്നത്. തങ്ങളുടെ സ്വത്വത്തെ ഉപേക്ഷിക്കാനാണ് ക്യാമ്പുകളിലെ ഓരോ ഉയിഗൂറിനും ലഭിക്കുന്ന നിര്‍ദേശം.
നബീല പാനിയത്ത്‌

You must be logged in to post a comment Login